

കാസർകോട്: അച്ഛനെയും പ്ലസ് ടു വിദ്യാർഥിനിയായ മകളെയും വാടകവീട്ടിൽ ഒരേ ഫാനിന്റെ ഹുക്കിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കർണാടക സ്വദേശിയും കാസർകോട് മീപ്പുഗിരിയിൽ താമസക്കാരനുമായ ഗണേശൻ (55), മകൾ വൈഷ്ണവി (17) എന്നിവരാണ് മരിച്ചത്. ചെമ്മനാട് കോളിയടുക്കം ശിവപുരം ക്ഷേത്രത്തിന് സമീപത്തെ ഇരുനില വാടകവീട്ടിലാണ് ഞായറാഴ്ചയോടെ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
പരവനടുക്കം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർഥിനിയാണ് മരിച്ച വൈഷ്ണവി. ഹോം നഴ്സായ ഭാര്യ ഓമന (കോഴിക്കോട് സ്വദേശിനി) ജോലിസ്ഥലത്തും മകൻ വിഷ്ണു കാറ്ററിംഗ് ജോലിക്കും പോയിരുന്ന സമയത്തായിരുന്നു സംഭവം നടന്നത്. വിഷ്ണുപ്രിയയാണ് ഗണേശന്റെ മറ്റൊരു മകൾ. നിയാഴ്ച രാത്രി 11.10-ഓടെ ഗണേശൻ സമീപത്തെ അയൽവീട്ടിലെത്തി മകളെ കാണാനില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇതിനുശേഷം സ്വന്തം വീട്ടിലേക്ക് തിരികെപ്പോയ ഗണേശന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ ഉടൻതന്നെ മേൽപ്പറമ്പ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി അകത്തുനിന്ന് പൂട്ടിയ വീടിന്റെ വാതിൽ ബലംപ്രയോഗിച്ച് തുറന്ന് പരിശോധിച്ചപ്പോഴാണ് അച്ഛനെയും മകളെയും കിടപ്പുമുറിയിലെ ഫാനിന്റെ ഹുക്കിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഏതാനും മാസങ്ങൾക്ക് മുൻപാണ് ഗണേശനും കുടുംബവും ശിവപുരത്തെ വാടകവീട്ടിലേക്ക് താമസം മാറിയത്. ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും സംഭവത്തിൽ കേസെടുത്ത് സമഗ്രമായ അന്വേഷണം ആരംഭിച്ചതായും മേൽപ്പറമ്പ് പൊലീസ് അറിയിച്ചു. തേസമയം, ഇതേ വാടകവീട്ടിൽ മുൻപും രണ്ടുപേർ ജീവനൊടുക്കിയിരുന്നതായി പൊലീസ് വ്യക്തമാക്കി. 2025 ഓഗസ്റ്റ് 13-ന് ഒരു യുവാവും, മൂന്ന് മാസങ്ങൾക്ക് ശേഷം ഇയാളുടെ പിതാവും ഇതേ വീട്ടിൽ ആത്മഹത്യ ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates