ചെമ്പേരി: അഞ്ച് വർഷങ്ങൾക്ക് മുൻപ് ഉപജീവനമാർഗ്ഗം തേടി അതിഥി തൊഴിലാളിയായി കേരളത്തിലെത്തിയ ഒഡീഷ സ്വദേശിയായ യുവാവ് ഇനി എൻജിനീയർ. ഒഡീഷയിലെ കാണ്ഡമാൽ ജില്ലയിലെ മാട്ടിപ്പോദ ഗ്രാമത്തിൽ നിന്നുള്ള റിങ്കു ഉത്തൻ സിംഗാണ് പ്രതിസന്ധികളെയും കഷ്ടപ്പാടുകളെയും കഠിനാധ്വാനം കൊണ്ട് മറികടന്ന് എൻജിനീയറിംഗ് ബിരുദം സ്വന്തമാക്കിയത്. പരേതനായ അലെജ് ഉത്തൻ സിംഗ് - പ്രാഞ്ചിസ്ക ദമ്പതികളുടെ മകനാണ് റിങ്കു.
കൃഷിപ്പണിയും മറ്റ് കൂലിപ്പണികളും ചെയ്താണ് മാതാപിതാക്കൾ കുടുംബം പുലർത്തിയിരുന്നത്. 2011-ൽ പിതാവ് മരണപ്പെട്ടതോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി. തുടർന്ന് അമ്മയുടെ അധ്വാനത്തിലാണ് കുടുംബം മുന്നോട്ടുപോയത്. ഉയർന്ന മാർക്കോടെ പ്ലസ് ടു പരീക്ഷ പാസായെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ഉപരിപഠനം തുടരാൻ റിങ്കുവിന് സാധിച്ചില്ല. തുടർന്ന് നേരത്തെ തന്നെ കേരളത്തിലെത്തി ചെങ്കൽപ്പണകളിൽ ജോലി ചെയ്തിരുന്ന രണ്ട് ജ്യേഷ്ഠസഹോദരന്മാർക്കൊപ്പം റിങ്കുവും ഉപജീവനത്തിനായി കേരളത്തിലേക്ക് വണ്ടികയറുകയായിരുന്നു.
ഈ വിജയം എന്റേത് മാത്രമല്ല. പണിയെടുത്തു എന്നെ പഠിപ്പിച്ച എന്റെ രണ്ട് സഹോദരന്മാരുടെയും കുടുംബത്തിന്റെയും ത്യാഗവും സ്നേഹവുമാണ് എന്നെ ഇവിടെ എത്തിച്ചത്
റിങ്കു ഉത്തൻ സിംഗ്
ചെങ്കൽപ്പണയിലെ കഠിനമായ അധ്വാനത്തിനിടയിലും പഠിക്കണമെന്ന അടങ്ങാത്ത ആഗ്രഹം റിങ്കു മനസ്സിൽ സൂക്ഷിച്ചിരുന്നു. റിങ്കുവിന്റെ പ്ലസ് ടു മാർക്കും പഠനത്തിലുള്ള അസാധാരണ കഴിവും ശ്രദ്ധയിൽപ്പെട്ട ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിംഗ് കോളജ് അധികൃതർ അദ്ദേഹത്തിന് പ്രത്യേക സ്കോളർഷിപ്പോടെ പഠനസൗകര്യം ഒരുക്കി നൽകി. ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിംഗ് വിഭാഗത്തിൽ പ്രവേശനം നേടിയ റിങ്കു, തനിക്ക് ലഭിച്ച സുവർണ്ണാവസരം പൂർണ്ണമായും വിനിയോഗിച്ച് മികച്ച നിലയിൽ ബിരുദം പൂർത്തിയാക്കി.
കോളജിൽ നടന്ന ബിരുദദാന ചടങ്ങിൽ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയിൽ നിന്ന് റിങ്കു ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ഈ ധന്യനിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ഒഡീഷയിൽ നിന്ന് അദ്ദേഹത്തിന്റെ അമ്മയും സഹോദരങ്ങളും മറ്റ് കുടുംബാംഗങ്ങളും നേരിട്ടെത്തിയിരുന്നു. ബിരുദ പഠനത്തിന് പിന്നാലെ കോളജിലെ കാമ്പസ് പ്ലേസ്‌മെന്റ് വഴി ചെന്നൈയിലെ പ്രമുഖ കമ്പനിയിൽ റിങ്കുവിന് എൻജിനീയറായി ജോലിയും ലഭിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates