

കോഴിക്കോട്: കുഞ്ഞിനെ തിരികെ ലഭിക്കാനുള്ള ഡിഎൻഎ പരിശോധനാ ഫലം ലഭ്യമാകുന്നതിന് പണത്തിന്റെ അഭാവം വിലങ്ങുതടിയായ യുവതിക്ക് കൈത്താങ്ങായി വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. കോഴിക്കോട് 'അമ്മത്തൊട്ടിലിൽ' ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ ലഭിക്കുന്നതിനായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നടത്തിയ ഡിഎൻഎ പരിശോധനയുടെ ഫീസായ 25,000 രൂപ അടയ്ക്കാൻ നിർദ്ധനയായ യുവതിക്ക് സാധിച്ചിരുന്നില്ല. യുവതിയുടെ സാമ്പത്തിക പ്രയാസത്തെക്കുറിച്ച് അറിഞ്ഞ ഉടൻ തന്നെ ആവശ്യമായ തുക വകുപ്പിൽ നിന്നും നേരിട്ട് ലബോറട്ടറിക്ക് കൈമാറാൻ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകുകയായിരുന്നു.
മാർച്ച് 4-നാണ് യുവതി കോഴിക്കോട്ടെ ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മം നൽകുന്നത്. പങ്കാളിയുമായുള്ള പ്രശ്നങ്ങളും കുടുംബ സമ്മർദ്ദവും കാരണം മാർച്ച് 12-ന് ആശുപത്രിയിൽ നിന്നും ഇറങ്ങിയ യുവതി, കുഞ്ഞിനെയും മൂത്ത മകളെയും കൂട്ടി കോഴിക്കോട് ബീച്ചിലെത്തി. തുടർന്ന് കടുത്ത മനോവിഷമത്തിലായ യുവതി അന്ന് രാത്രി ഗവ. ജനറൽ (ബീച്ച്) ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ 48 ദിവസങ്ങൾക്ക് ശേഷം മാനസിക വിഷമവും പശ്ചാത്താപവും താങ്ങാനാവാതെ കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ട് യുവതി കോഴിക്കോട് ജില്ലാ കലക്ടർക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും പരാതി നൽകി.
യുവതി പരാതി നൽകിയതോടെയാണ് അപൂർവ്വമായ മറ്റൊരു സംഭവം വെളിപ്പെട്ടത്. മാർച്ച് 12 രാത്രിയിലെ അമ്മത്തൊട്ടിലിന്റെ ഇലക്ട്രോണിക് ലോഗുകൾ പരിശോധിച്ച സിഡബ്ല്യുസി ഉദ്യോഗസ്ഥർ ഞെട്ടിക്കുന്ന ഒരു കാര്യം കണ്ടെത്തി.
യുവതി കുഞ്ഞിനെ ഉപേക്ഷിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ മറ്റൊരു ആൺകുട്ടിയെക്കൂടി ആ അമ്മത്തൊട്ടിലിൽ ആരോ ഉപേക്ഷിച്ചിരുന്നു. ആഴ്ചകൾ പിന്നിട്ടപ്പോൾ രണ്ട് കുഞ്ഞുങ്ങളും ഒരേ രൂപസാദൃശ്യമുള്ളവരായി മാറി. സിസിടിവി ദൃശ്യങ്ങൾ സിസ്റ്റത്തിൽ നിന്നും മാഞ്ഞുപോയതിനാൽ മാതാവിനെ ശാസ്ത്രീയമായി തിരിച്ചറിയാൻ ഡിഎൻഎ പരിശോധന മാത്രമായിരുന്നു ഏക വഴി. 'അമ്മത്തൊട്ടിലിന്റെ പ്രധാന ലക്ഷ്യം പൂർണ്ണമായ രഹസ്യസ്വഭാവം ഉറപ്പുവരുത്തുക എന്നതാണ്. അന്ന് രാത്രി മൂന്ന് മണിക്കൂറിന്റെ വ്യത്യാസത്തിൽ മറ്റൊരു കുഞ്ഞിനെക്കൂടി അവിടെ ലഭിച്ചു. രണ്ട് കുട്ടികൾക്കും ഒരേ സാദൃശ്യമുള്ളതിനാൽ 100 ശതമാനം ഉറപ്പുവരുത്താൻ ഡി.എൻ.എ ടെസ്റ്റ് വേണമെന്ന് പൊലീസ് ആവശ്യപ്പെടുകയായിരുന്നു,' - കോഴിക്കോട് സിഡബ്ല്യുസി ചെയർപേഴ്സൺ ഷിജി എ. റഹ്മാൻ പറഞ്ഞു.
ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചെങ്കിലും ഫലം ലഭിക്കാൻ 25,000 രൂപ ഫീസ് അടയ്ക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടത് യുവതിക്ക് തിരിച്ചടിയായി. എന്നാൽ മന്ത്രി ബിന്ദു കൃഷ്ണ അടിയന്തരമായി ഇടപെട്ട് തുക അനുവദിച്ചതോടെ ശാസ്ത്രീയ പരിശോധനാ ഫലം ഉടൻ പുറത്തുവരും.ഡിഎൻഎ പരിശോധനയിലൂടെ മാതൃത്വം തെളിയിക്കപ്പെട്ടാൽ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി കുഞ്ഞിനെ അമ്മയ്ക്ക് കൈമാറുമെന്ന് മന്ത്രി അറിയിച്ചു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates