

കോഴിക്കോട്: കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിലെ മലിനജല സംസ്‌കരണ പ്ലാന്റിന്റെ നിർമ്മാണത്തിലും അറ്റകുറ്റപ്പണിയിലും നടന്ന വൻ സാമ്പത്തിക-സാങ്കേതിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കോഴിക്കോട് കോർപ്പറേഷനെതിരെ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ വിശദമായ അന്വേഷണം ആരംഭിച്ചു.
അഴിമതിയിൽ കോർപ്പറേഷൻ കൗൺസിലിന്റെ പങ്ക് നിരീക്ഷണത്തിലായതോടെ, കൗൺസിലർമാരുടെയും ജീവനക്കാരുടെയും മൊഴിയെടുക്കാനും സാമ്പത്തിക രേഖകൾ പരിശോധിക്കാനും വിജിലൻസ് തീരുമാനിച്ചു. കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി മെഡിക്കൽ കോളേജിലെയും പരിസരപ്രദേശങ്ങളിലെയും മലിനജലം സംസ്‌കരിക്കുന്നതിനായാണ് ഈ പ്ലാന്റ് നിർമ്മിച്ചത്. എന്നാൽ ലക്ഷ്യമിട്ട രീതിയിൽ പ്ലാന്റ് പ്രവർത്തിക്കാത്തത് വലിയ ജനരോഷത്തിന് കാരണമായിരുന്നു.
വിജിലൻസ് കണ്ടെത്തിയ പ്രധാന ക്രമക്കേടുകൾ
കോർപ്പറേഷൻ ഓഫീസിലും പ്ലാന്റിലും വിജിലൻസ് നടത്തിയ പ്രാഥമിക പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. വെള്ളം ശുദ്ധീകരിക്കുന്നതിനായി സ്ഥാപിക്കേണ്ടിയിരുന്ന 900 ഇലക്ട്രോഡുകൾക്ക് പകരം വെറും 300 എണ്ണം മാത്രമാണ് പ്ലാന്റിൽ ഘടിപ്പിച്ചിരുന്നത്.മലിനജല ശുദ്ധീകരണത്തിന് ഉപയോഗിക്കേണ്ട നിശ്ചിത രാസവസ്തുക്കൾ ഇവിടെ ഉപയോഗിച്ചിരുന്നില്ല. ഇതിനാൽ പ്ലാന്റിൽ നിന്നുള്ള വെള്ളത്തിന്റെ ഗുണനിലവാരം സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു. പ്ലാന്റ് പ്രവർത്തനരഹിതമാണെന്ന് കാണിച്ച് കോർപ്പറേഷനിലെ മുൻസിപ്പൽ എൻജിനീയർമാർ രേഖാമൂലം ശക്തമായ എതിർപ്പ് അറിയിച്ചിരുന്നു. എന്നാൽ ഇത് പൂർണ്ണമായി അവഗണിച്ച് രണ്ടു വർഷത്തെ കാലയളവിനുള്ളിൽ കരാറുകാരനായ സ്വകാര്യ വ്യക്തിക്ക് സുരക്ഷാ നിക്ഷേപമായിരുന്ന 71 ലക്ഷം രൂപ കോർപ്പറേഷൻ അധികൃതർ തിരിച്ചു നൽകി.
എൻജിനീയർമാരുടെ മുന്നറിയിപ്പ് മറികടന്ന് കരാറുകാരന് ലക്ഷങ്ങൾ അനുവദിച്ച തീരുമാനം കോർപ്പറേഷൻ കൗൺസിലിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. വിഷയത്തിൽ ഭരണ-പ്രതിപക്ഷ ഭേദമന്യേ എല്ലാ കൗൺസിലർമാരും വിശദീകരണം നൽകേണ്ടി വരും. മുൻ കൗൺസിലിന്റെ കാലത്തുതന്നെ പ്ലാന്റിനെതിരെ പരാതികൾ ഉയർന്നിരുന്നുവെന്ന് കോൺഗ്രസ് കൗൺസിലർ കെസി ശോഭിത വ്യക്തമാക്കി.
മോശം പ്രവർത്തനത്തിന്റെ പേരിൽ കരാറുകാരനെ ഒഴിവാക്കാൻ മുൻപ് ധാരണയുണ്ടായിരുന്നു. എന്നാൽ നിലവിലെ കൗൺസിൽ രൂപീകരിച്ച ആഭ്യന്തര സമിതി ഇതേ കമ്പനിക്ക് തന്നെ വീണ്ടും കരാർ നൽകാൻ ശുപാർശ ചെയ്യുകയായിരുന്നു. ജനുവരിയിൽ കൗൺസിലിന് മുന്നിലെത്തിയ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ നിക്ഷേപം തിരികെ നൽകാനും ഇതേ കരാറുകാരനെ ചുമതലയേൽപ്പിക്കാനും തീരുമാനിച്ചത്. സമിതിയുടെ കണ്ടെത്തലുകളിൽ അവിശ്വാസം രേഖപ്പെടുത്തി ഈ തീരുമാനത്തെ എതിർത്ത ഏക യു.ഡി.എഫ് കൗൺസിലർ താനാണെന്നും, ഈ അഴിമതി മുഴുവൻ കൗൺസിലിനും നാണക്കേടുണ്ടാക്കിയെന്നും ശോഭിത കൂട്ടിച്ചേർത്തു. കേസിൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് വിജിലൻസ് തീരുമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates