

കോഴിക്കോട്: ദോഹയിലെ അൽ തുമാമയിലുള്ള ഖത്തർ കെഎംസിസി കേന്ദ്ര ഓഫീസിൽ നടന്ന വൻ കവർച്ചാ കേസിൽ കൊയിലാണ്ടി പൊലീസ് നടത്തുന്ന അന്വേഷണം വൻ പ്രതിസന്ധിയിൽ. സംഭവം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും കൃത്യമായ ദിശാബോധമില്ലാതെ നീങ്ങുന്ന അന്വേഷണം വൻ തോതിലുള്ള വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. പ്രവാസികളിൽനിന്ന് സമാഹരിച്ച ക്ഷേമനിധി തുക സൂക്ഷിച്ചിരുന്ന ഓഫീസിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്തായിരുന്നു കോടികളുടെ കവർച്ച നടത്തിയത്.
3.1 ദശലക്ഷം ഖത്തർ റിയാൽ (ഏകദേശം 8.5 കോടി രൂപ) നഷ്ടപ്പെട്ടുവെന്നാണ് ഔദ്യോഗിക പരാതിയിൽ പറഞ്ഞിരുന്നതെങ്കിലും, 25 കോടിയോളം രൂപ കവർച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്ന തരത്തിലുള്ള ശബ്ദരേഖകൾ പിന്നീട് പുറത്തുവന്നത് സംഭവത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. കുറ്റകൃത്യം നടന്നത് ഖത്തറിലായിരുന്നിട്ടും സംഭവം നടന്ന് മാസങ്ങൾക്ക് ശേഷം നാട്ടിൽ പ്രാദേശികമായി കേസെടുത്തത് യഥാർത്ഥ സൂത്രധാരന്മാരെ രക്ഷിക്കാനുള്ള ഒത്തുകളിയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
കേസിലെ പ്രതികളിലൊരാളായ കൊയിലാണ്ടിയിലെ പ്രാദേശിക ബിജെപി നേതാവ് ബാലകൃഷ്ണൻ പൊലീസിൽ കീഴടങ്ങിയതോടെയാണ് കൊയിലാണ്ടി പൊലീസ് വിഷയത്തിൽ നേരിട്ട് ഇടപെടുന്നത്. ഇയാളുടെ കീഴടങ്ങലിൽ മാത്രം ഒതുങ്ങിനിൽക്കുന്ന പൊലീസ്, ബാലകൃഷ്ണനെ മാപ്പുസാക്ഷിയാക്കാനുള്ള നീക്കങ്ങൾ നടത്തുന്നതായാണ് വിവരം. ഫോറൻസിക് തെളിവുകൾ ശാസ്ത്രീയമായി പിന്തുടരുന്നതിന് പകരം, 'ബോംബെ ഷാജി' ഉൾപ്പെടെയുള്ള പ്രധാന വ്യക്തികളുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖകളും കറൻസി കൈമാറ്റങ്ങളും പോലുള്ള സാഹചര്യത്തെളിവുകളെ മാത്രമാണ് പൊലീസ് നിലവിൽ ആശ്രയിക്കുന്നത്.
കേസിന്റെ തുടക്കത്തിൽ തന്നെ ഉണ്ടായ ഗുരുതരമായ അനാസ്ഥ അന്വേഷണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രതികളിലൊരാളായ ഹസ്സൻ, ചില പ്രാഥമിക അറസ്റ്റുകൾ നടന്നയുടൻ തന്നെ ഇന്ത്യയിൽനിന്ന് ഖത്തറിലേക്ക് തിരികെ കടന്നുകളഞ്ഞു. സംഭവം നടന്നത് വിദേശരാജ്യത്തായതിനാൽ ഇന്ത്യയിലെ നിയമപരിധിക്ക് പുറത്തുള്ള അന്വേഷണം പൊലീസിനെ വട്ടംകറക്കുകയാണ്. അതിർത്തി കടന്നുള്ള അന്വേഷണത്തിനും അന്താരാഷ്ട്ര തലത്തിലുള്ള തെളിവുകൾ ശേഖരിക്കുന്നതിനുമായി ഇന്റർപോൾ ഉൾപ്പെടെയുള്ള സങ്കീർണ്ണമായ മാർഗ്ഗങ്ങളെ ആശ്രയിക്കേണ്ട നിസ്സഹായാവസ്ഥയിലാണ് ഇപ്പോൾ കേരള പൊലീസ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates