മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളെ തേടി ദിവസവും നിരവധി പേർ പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ എത്താറുണ്ട്. പരാതികളും പരിഭവങ്ങളും ആവശ്യങ്ങളുമൊക്കെയായാണ് വരവ്. എന്നാൽ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് തങ്ങളുടെ മുന്നിലെത്തിയ ഒരു പരാതി അൽപം വ്യത്യസ്തമായിരുന്നു. പരാതിക്കാരി ഒരു നാലാം ക്ലാസ് വിദ്യാർഥിനി.
മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശേരിയുടെ മകൾ ഫിൽസയാണ് പരാതിക്കാരി. പരാതിയോ സ്വന്തം ഉപ്പാക്ക് എതിരെയും. പാണക്കാട് എൽ.പി സ്കൂളിലെ പഠനം പൂർത്തിയാക്കിയ ഫിൽസയുടെ ഏറ്റവും വലിയ ആഗ്രഹം ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കണമെന്നതായിരുന്നു. പക്ഷേ ഉപ്പ നൗഷാദിന് അതിനോട് യോജിപ്പില്ലായിരുന്നു.
മങ്കടയിലെ കരുവ എ.യു.പി സ്കൂളിലെ അധ്യാപകനാണ് നൗഷാദ്. എയ്ഡഡ് സ്കൂളിൽ അധ്യാപകനായിരിക്കെ സ്വന്തം മകളെ സ്വകാര്യ സ്കൂളിൽ ചേർക്കുന്നത് ശരിയല്ലെന്നാണ് നൗഷാദിന്റെ വാദം. അതിനൊപ്പം കുടുംബത്തിലെ മറ്റ് കുട്ടികളുടെ പഠനച്ചെലവുകളും ഒരു പ്രശ്നം ആയിരുന്നു. അങ്ങനെ ഫിൽസയെ സർക്കാർ സ്കൂളിൽ ചേർക്കാനായിരുന്നു തീരുമാനം
എന്നാൽ ഫിൽസ തന്റെ സ്വപ്നം അത്ര എളുപ്പത്തിൽ കൈവിടാൻ തയ്യാറായിരുന്നില്ല. അടുത്തിടെ കൊടപ്പനക്കൽ വീടിന്റെ സമീപത്തെ അവരുടെ വീട്ടിലേക്ക് തങ്ങൾ സന്ദർശനത്തിനെത്തിയപ്പോൾ, ഫിൽസ തന്റെ അവസരം നഷ്ടപ്പെടുത്തിയില്ല. ധൈര്യം സംഭരിച്ച് നേരെ തങ്ങളുടെ അടുത്തെത്തി.
“‘ഇൻക് ഇംഗ്ലീഷ് മീഡിയത്തിൽ പോണം. അയിന് ഇപ്പച്ചി സമ്മയ്ക്കിണില്ല' ഫിൽസ അവളുടെ നിശ്കളങ്കമായ പരാതി തങ്ങൾക്കു മുൻപിൽ ബോധിപ്പിച്ചു.
ചോദ്യം കേട്ട് കൗതുകത്തിൽ തങ്ങൾ തിരിച്ചു ചോദിച്ചു “ഇങ്ങൾക്ക് ഏത് ഇംഗ്ലീഷ് മീഡിയത്തിലാ പോവണ്ടേ..?”
‘ഇസ്ലാഹിയ്യ’ ഫിൽസ ഉറക്കെ പറഞ്ഞു.
“അപ്പോ ന്നാ ഞാനന്റെ ഇപ്പാനെ വിളിക്കാട്ടോ ?” എന്നായി തങ്ങൾ.
‘ആ..ഇങ്ങള് പറഞ്ഞാലെ ഇപ്പച്ചി കേൾക്കൊള്ളൂ’ ഉടനെ തന്നെ ഫിൽസയുടെ മറുപടി വന്നു.
കുട്ടിയുടെ വാക്കുകൾ ശ്രദ്ധയോടെ കേട്ട തങ്ങൾ അധികം വൈകാതെ നൗഷാദിന് ഒരു ഫോൺകോൾ ചെയ്തു. ആ വിളിയാണ് ഫിൽസയുടെ സ്വപ്നത്തിന് പുതിയ വഴി തുറന്നത്.
“തങ്ങളുടെ ഫോൺ വന്നപ്പോൾ ഞാൻ ഒന്ന് അമ്പരന്നു,” നൗഷാദ് പറയുന്നു. ““നൗഷാദെ.. ഇവിടൊരു പരാതി കിട്ടീട്ടുണ്ട്.”' എന്നായിരുന്നു ആദ്യം അദ്ദേഹം പറഞ്ഞത്. ജില്ലാ സെക്രട്ടറിയായതുകൊണ്ട് എന്തെങ്കിലും രാഷ്ട്രീയ വിഷയമാണെന്നാണ് ഞാൻ കരുതിയത്. പിന്നീടാണ് അത് ഫിൽസയുടെ പരാതിയാണെന്ന് പറഞ്ഞത്. അവൾക്ക് ഇസ്ലാഹിയ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കണമെന്നാണ് ആഗ്രഹമെന്നും ഉടൻ അഡ്മിഷൻ എടുത്തുകൊടുക്കണമെന്നും തങ്ങൾ പറഞ്ഞു.”
തങ്ങളുടെ നിർദേശം കിട്ടിയതോടെ നൗഷാദ് മറ്റൊന്നും ആലോചിച്ചില്ല. മകളെ നേരെ സ്കൂളിലെത്തിച്ച് പ്രവേശനം നേടി.
ഇന്ന് ഫിൽസ ഇസ്ലാഹിയ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്. സ്കൂൾ വിട്ട് വീട്ടിലെത്തിയ ശേഷം ഫിൽസ ഇപ്പോൾ തിരക്കിലാണ്. തന്റെ ആഗ്രഹം സാക്ഷാത്കരിക്കാൻ സഹായിച്ച തങ്ങൾക്കുള്ള നന്ദിസൂചകമായി, തങ്ങളുടെ തനത് തൊപ്പിയുടെ മാതൃകയിൽ ഒരു തൊപ്പി അവൾ സ്വന്തം കൈകളാൽ നെയ്തെടുക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates