

പാലക്കാട്: ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ. നെന്മാറ മർച്ചന്റ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ചിറ്റൂർ താലൂക്ക് ക്ഷീരകർഷക തൊഴിലാളി കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയുടെ പ്രസിഡന്റായ നെന്മാറ മാട്ടുപ്പാറ സ്വദേശി എം.കെ. ഗിരീഷ്കുമാറിനെയാണ് (47) കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തത്.
സ്ഥിരനിക്ഷേപമായി സ്വീകരിച്ച തുകയുടെ കാലാവധി കഴിഞ്ഞിട്ടും മുതലും പലിശയും തിരികെ നൽകാതെ വിശ്വാസവഞ്ചന നടത്തിയെന്നാണ് പരാതി.
കെ.എസ്.ഇ.ബി.യിൽനിന്ന് വിരമിച്ച കരിപോട് സ്വദേശി പൊന്നുക്കുട്ടനാണ് പരാതിക്കാരൻ. 2024ലാണ് ഇദ്ദേഹം പണം നിക്ഷേപിച്ചത്. കേസുമായി ബന്ധപ്പെട്ട് സഹകരണസ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരനെക്കൂടി പിടികൂടാനുണ്ടെന്നും ഇയാൾ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.
സമാനമായ സംഭവങ്ങളിൽ പത്തിലധികം പരാതികൾ കൂടി പൊലീസിന് ലഭിച്ചിട്ടുണ്ട്. 2025 നവംബർ ഒന്നിനും നിക്ഷേപത്തുക തിരികെ നൽകാത്തതുമായി ബന്ധപ്പെട്ട് ഗിരീഷ്കുമാറിനെതിരെ കേസെടുത്തിരുന്നു.
പകുതിവിലയ്ക്ക് സ്കൂട്ടറും ഇലക്ട്രോണിക് ഉപകരണങ്ങളും നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഈ കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരികയാണ്. കൊല്ലങ്കോട് ഇൻസ്പെക്ടർ എസ്. അനീഷ്, എസ്.ഐ. സി. അരുൺ, എ.എസ്.ഐ. വി. ശശികുമാർ എന്നിവരടങ്ങിയ സംഘമാണ് ഗിരീഷ്കുമാറിനെ അറസ്റ്റ് ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates