പാലക്കാട്: അജൈവമാലിന്യ ശേഖരണത്തിൽ റെക്കോർഡ് നേട്ടവുമായി പാലക്കാട് ജില്ല. ചരിത്രത്തിലാദ്യമായി ജില്ലയിൽ ഒരു മാസം ശേഖരിച്ച അജൈവമാലിന്യത്തിന്റെ അളവ് 1,000 ടൺ കടന്നു. ക്ലീൻ കേരള കമ്പനി ജില്ലയ്ക്ക് നിശ്ചയിച്ചുനൽകിയ പ്രതിമാസ ലക്ഷ്യത്തെക്കാൾ വലിയ അളവിലുള്ള മാലിന്യമാണ് ജൂൺ മാസത്തിൽ ജില്ലയിലുടനീളം ശേഖരിക്കാനായത്.
ഔദ്യോഗിക കണക്കുകൾ പ്രകാരം, ജൂൺ മാസത്തിൽ ജില്ലയിലെ 63 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നായി 1007.5 ടൺ അജൈവമാലിന്യമാണ് ഹരിതകർമ്മസേന ശൃംഖല വഴി ശേഖരിച്ചത്. ഇതിൽ 922.8 ടൺ റീസൈക്കിൾ ചെയ്യാൻ കഴിയാത്ത റിജക്ട് മാലിന്യങ്ങളും, 95.9 ടൺ തരംതിരിച്ച പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളും, 1.4 ടൺ ഇ-വേസ്റ്റുംഉൾപ്പെടുന്നു
സാധാരണയായി ക്ലീൻ കേരള കമ്പനി പാലക്കാട് ജില്ലയ്ക്ക് നൽകാറുള്ള പ്രതിമാസ മാലിന്യശേഖരണ ലക്ഷ്യം 500 ടൺ ആണ്. സമീപമാസങ്ങളിൽ ജില്ല ഈ ലക്ഷ്യം കൃത്യമായി കൈവരിക്കുന്നുണ്ടായിരുന്നു. മഴക്കാലം എത്തിയതോടെ മാലിന്യത്തിന്റെ അളവ് കൂടുമെന്ന് പ്രതീക്ഷിച്ച് ജൂൺ മാസത്തെ ലക്ഷ്യം കമ്പനി 800 ടണ്ണായി പുതുക്കി നിശ്ചയിച്ചു. എന്നാൽ ഈ പുതുക്കിയ ലക്ഷ്യത്തേക്കാൾ 25 ശതമാനത്തിലധികം മാലിന്യം ശേഖരിച്ചാണ് ജില്ല 1,000 ടൺ എന്ന നാഴികക്കല്ല് പിന്നിട്ടത്. സാധാരണ ലക്ഷ്യത്തിന്റെ ഇരട്ടിയിലധികമാണിത്. ശേഖരിക്കുന്ന ഇത്തരം റിജക്ട് മാലിന്യങ്ങൾ നീക്കം ചെയ്യാൻ കിലോഗ്രാമിന് 7.5 രൂപ നിരക്കിലാണ് ക്ലീൻ കേരള കമ്പനി തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ഈടാക്കുന്നത്.
ഹരിതകർമ്മസേനാംഗങ്ങളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ക്ലീൻ കേരള കമ്പനിയുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് ഈ മികച്ച നേട്ടമെന്ന് ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ ആദർശ് ആർ. നായർ പറഞ്ഞു. വർദ്ധിച്ചുവരുന്ന അജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി കൊണ്ടുപോകാനും സംസ്കരിക്കാനുമുള്ള കമ്പനിയുടെ ശേഷിയെയും ശക്തമായ ശേഖരണ ശൃംഖലയുടെ കാര്യക്ഷമതയെയുമാണ് ഈ വിജയം കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹരിതകർമ്മസേനയുടെ വീട്ടുപടിക്കലെത്തിയുള്ള കൃത്യമായ ശേഖരണ രീതിയും, മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ തള്ളാതെ തരംതിരിച്ച് കൈമാറണമെന്ന പൊതുജനങ്ങളുടെ വർദ്ധിച്ചുവരുന്ന ബോധവൽക്കരണവുമാണ് ഈ റെക്കോർഡ് നേട്ടത്തിന് പിന്നിലെന്ന് സെക്ടർ കോർഡിനേറ്റർമാർ വിലയിരുത്തുന്നു. കൂടുതൽ മാലിന്യങ്ങൾ ഔദ്യോഗിക സംസ്കരണ ശൃംഖലയിലേക്ക് എത്തുന്നത് പുനരുപയോഗത്തിനും ശാസ്ത്രീയമായ സംസ്കരണത്തിനും വഴിതുറക്കും.
എങ്കിലും, ഇത്രയധികം മാലിന്യങ്ങൾ ഉണ്ടാകുന്നത് പ്ലാസ്റ്റിക് ഉപയോഗം ഉറവിടത്തിൽ തന്നെ കുറയ്ക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയെയാണ് കാണിക്കുന്നത്. പ്ലാസ്റ്റിക്കിന് പകരമുള്ള പുനരുപയോഗ സാധനങ്ങളെ പ്രോത്സാഹിപ്പിക്കാനും മാലിന്യത്തിന്റെ അളവ് കുറയ്ക്കാനും തദ്ദേശ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്ന് കൂടുതൽ ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates