

മലയാള നാടകവേദിയുടെ ചരിത്രം തിരുത്തിക്കുറിച്ച കെ. ദാമോദരന്റെ വിപ്ലവകരമായ 'പാട്ടബാക്കി' എന്ന നാടകം ഗുരുവായൂർ ടൗൺഹാളിൽ നിറഞ്ഞ സദസിന് മുന്നിൽ അരങ്ങേറി. വർത്തമാനകാല സാമൂഹിക സാഹചര്യങ്ങളുമായി ഇണക്കിച്ചേർത്ത് തികച്ചും നവീനമായ ദൃശ്യാവിഷ്കാരമാണ് വേദിയിൽ കാഴ്ചവെച്ചത്. പട്ടിണിയിൽ നിന്ന് കരകയറാൻ സ്വന്തം ശരീരം വിൽക്കേണ്ടിവന്ന പഴയകാല 'കുഞ്ഞുമാളു'വിന് പകരം, ആർക്കും മുന്നിൽ തലകുനിക്കാതെ സ്വന്തമായി തൊഴിലെടുത്ത് തലയുയർത്തിനിൽക്കുന്ന ഇന്നത്തെ പെണ്ണിന്റെ പ്രതിരോധമാണ് പുതിയ ആവിഷ്കാരത്തിലൂടെ അവതരിപ്പിച്ചത്.
കഥാസന്ദർഭങ്ങളുടെ തീവ്രത ഒട്ടും ചോരാതെയാണ് സംവിധായകൻ പ്രദീപ് നാരായണനും തിരക്കഥാകൃത്ത് പ്രദീപ് ശിവശങ്കറും ചേർന്ന് നാടകത്തിന്റെ പുനരാഖ്യാനം ഒരുക്കിയത്. 1936-ൽ വൈലത്തൂർ കടലായി മനയിൽ രൂപംകൊണ്ട 'പാട്ടബാക്കി' ഞമനേങ്ങാട് തിയേറ്റർ വില്ലേജിന്റെ കീഴിൽ നാല്പതോളം കലാകാരന്മാരുമായി വേദിയിൽ വിസ്മയം തീർത്തു. പ്രധാന കഥാപാത്രമായ കുഞ്ഞുമാളുവായി രാഗിണി കൊടുങ്ങല്ലൂരും അമ്മ ചെറുട്ടിയായി സീരിയൽ നടി രജനി മുരളിയും മികച്ച വേഷപ്പകർച്ച കാഴ്ചവെച്ചു. ഇവരോടൊപ്പം എട്ടു വയസ്സുകാരനായ നൈനാനും 75-കാരിയായ കോട്ടപ്പടി സ്വദേശിനി മേരി ജേക്കബും തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമാക്കി പ്രത്യേക ശ്രദ്ധ നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates