അന്വേഷിക്കും തോറും ദുരൂഹത ഏറുന്ന 'പുലച്ചിക്കല്ല്': വളരുന്ന പാറയും നൂറ്റാണ്ടുകൾ പഴക്കമുള്ള ആയിരം വാമൊഴിക്കഥകളും

തൃശൂർ വില്ലടത്തെ അഗതിമന്ദിരത്തിന് മുന്നിലെ കരിങ്കൽ സ്തംഭത്തിന് പിന്നിലെ രഹസ്യമെന്ത്? സംഘകാല ചരിത്രവും നാട്ടുമൊഴികളും ഇഴചേരുന്ന ഒരു നാട്ടുവെളിച്ചം
Pulachikallu
Pulachikallu at Villadam in Thrissur
Edited By:
Updated on
2 min read

തൃശൂർ: ഓരോ ഗ്രാമത്തിനും പറയാൻ ചില കഥകളുണ്ടാകും; ചിലപ്പോൾ ചരിത്രരേഖകളിൽ ഇടംപിടിക്കാത്ത, എന്നാൽ തലമുറകളായി പകർന്നുപോന്ന ചില അത്ഭുതങ്ങൾ. തൃശൂർ നഗരത്തിൽ നിന്ന് അധികം ദൂരെയല്ലാത്ത വില്ലടം എന്ന ഗ്രാമത്തിലേക്ക് ചെന്നാൽ, നെല്ലിക്കാട് അഗതിമന്ദിരത്തിന് മുന്നിൽ ആരുടെയും ശ്രദ്ധയാകർഷിക്കുന്ന ഒരു കൂറ്റൻ കരിങ്കൽ സ്തംഭം കാണാം. നാട്ടുകാർ ഇതിനെ വിളിക്കുന്നത് 'പുലച്ചിക്കല്ല്' എന്നാണ്. ഏകദേശം നാല് മീറ്ററോളം ഉയരവും മൂന്ന് മീറ്ററോളം വീതിയുമുള്ള ഈ കൂറ്റൻ പാറക്കല്ലിന് മുന്നിൽ നൽക്കുമ്പോൾ, ആരുടെയും മനസ്സിൽ ഒരു ചോദ്യം ഉയരും— "ഇത്രയും വലിയൊരു കല്ല് ഇവിടെ എങ്ങനെ വന്നു?" പാറ പൊട്ടിച്ചതിന്റെ അവശിഷ്ടമോ, ആരോ കൊണ്ടുവന്നിട്ടതോ ആകാൻ വഴിയില്ലെന്ന് വിദഗ്ദ്ധർ ഉറപ്പിച്ചു പറയുന്നു. പക്ഷേ, ഇതിന്റെ യഥാർത്ഥ ഉത്ഭവം അന്വേഷിച്ചിറങ്ങിയവർക്കൊന്നും വ്യക്തമായ ഒരുത്തരം ഇതുവരെ കിട്ടിയിട്ടുമില്ല.

Pulachikallu
ചൊക്രമുടിയിൽ പർപ്പിൾ വസന്തമൊരുക്കി നീലക്കുറിഞ്ഞികൾ; ആഹ്ളാദത്തോടെ മുതുവാൻ സമുദായം

'ഈ കല്ല് വളരുന്നുണ്ട് എന്ന് കാരണവന്മാർ പറയും...'

ഓർമ്മവെച്ച നാൾ മുതൽ ഈ കല്ല് ഇവിടെത്തന്നെയുണ്ടെന്നാണ് നാട്ടിലെ പ്രായമായവർ പറയുന്നത്. "ഞങ്ങളുടെ ചെറുപ്പത്തിലും ഈ കല്ല് ഈ വലിപ്പത്തിൽത്തന്നെ ഇവിടെയുണ്ട്. പക്ഷേ ഇവിടുത്തെ പഴയ കാരണവന്മാർ പറയും, ഈ കല്ല് ദിനംപ്രതി വളർന്നുകൊണ്ടിരിക്കുകയാണെന്ന്!"— നാട്ടുകാരനായ കുന്നത്തുള്ളി ഗംഗാധരൻ പുഞ്ചിരിയോടെ പറയുന്നു. ഒരു കല്ല് വളരുകയോ? ശാസ്ത്രീയമായി ചിന്തിച്ചാൽ നെറ്റി ചുളിയാമെങ്കിലും, കല്ലിന് ചുറ്റും മെനഞ്ഞെടുക്കപ്പെട്ട വാമൊഴിക്കഥകൾ കേട്ടാൽ ആരും അതിൽ ലയിച്ചുപോകും.

Pulachikallu
ചെങ്കുത്തായ മലഞ്ചെരുവുകൾ താണ്ടി തേയിലക്കൊളുന്തുമായി ഇനി ഡ്രോണുകൾ പറക്കും; മൂന്നാറിലെ തോട്ടങ്ങളിൽ മാറ്റത്തിന്റെ പുതിയ 'ചിറകടി'

പഴമക്കാർക്കിടയിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള കഥ ഒരു പുലയിപ്പെണ്ണിന്റേതാണ്. ഒരിക്കൽ പ്രാർത്ഥനയോടെ ഉറച്ചുനിന്ന 'നീലി' എന്ന പുലയിപ്പെണ്ണ് കല്ലായി മാറിയതാണ് ഇതെന്നാണ് ഒരു കഥ. മറ്റൊരു കഥ കേട്ടാൽ അന്നത്തെ ഗ്രാമീണ ജീവിതത്തിന്റെ നൊമ്പരം അറിയാം. ഒരിക്കൽ പാടത്ത് കൊയ്ത്തിനിറങ്ങിയ കർഷകത്തൊഴിലാളിയായ സ്ത്രീക്ക് സൂര്യനസ്തമിക്കും മുൻപ് പണി തീർക്കാനായില്ല. "അയ്യോ... സൂര്യൻ അസ്തമിക്കരുതേ" എന്ന് ആഗ്രഹിച്ച് അവർ വയലിനടുത്ത് ഒരു വടി കുത്തിനിർത്തി കൊയ്ത്ത് തുടർന്നു. കൊയ്ത്ത് കഴിയുവോളം സൂര്യൻ അസ്തമിച്ചില്ലത്രേ! എന്നാൽ പണി കഴിഞ്ഞ് മടങ്ങാൻ നേരം വയലിൽ കുത്തിനിർത്തിയ വടി വലിച്ചൂരിയപ്പോൾ അത് കല്ലായി മാറിയത്രേ. പാടത്ത് പണി കഴിഞ്ഞ് ക്ഷീണിച്ച് കാലുനീട്ടിയിരുന്ന് വെറ്റില മുറുക്കിയപ്പോൾ ഒരു സ്ത്രീ കല്ലായി പോയതാണെന്ന് വിശ്വസിക്കുന്നവരും കുറവല്ല.

ടിപ്പുവിന്റെ പടയോട്ടമോ അതോ 'മഹാസതിക്കല്ലോ'?

ഐതിഹ്യങ്ങൾക്കപ്പുറം ചില ചരിത്ര സൂചനകളും ഈ കല്ലിന് ചുറ്റുമുണ്ട്. ടിപ്പു സുൽത്താന്റെ പടയോട്ടക്കാലത്ത് സൈന്യത്തിന് വഴി തിരിച്ചറിയാനായി സ്ഥാപിച്ച അടയാളക്കല്ലാണിതെന്നാണ് ഒരു നാട്ടുമൊഴി. എന്നാൽ ഇതിന് ചരിത്രപരമായ തെളിവുകളില്ല. മറ്റൊരു പ്രമുഖ ചരിത്ര നിഗമനം ഇത് സംഘകാലത്തെ 'മഹാസതിക്കല്ല്' ആകാം എന്നതാണ്. പഴയകാലത്ത് സതി അനുഷ്ഠിച്ചിരുന്ന സ്ത്രീകളുടെ സ്മരണയ്ക്കായി പട്ടടയ്ക്ക് സമീപം ഇത്തരം സ്തംഭങ്ങൾ സ്ഥാപിച്ചിരുന്നതായി സംഘകാല ചരിത്രരേഖകളിലുണ്ട്. കല്ലിന് മുകളിൽ കാണുന്ന അവ്യക്തമായ തമിഴ് ലിപികളും ഇതിലേക്ക് വിരൽ ചൂണ്ടുന്നു.

മഹാശിലായുഗത്തിന്റെ ബാക്കിപത്രമായ ഈ കരിങ്കൽ സ്തംഭത്തിന് 1500 വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് ചരിത്ര ഗവേഷകരുടെ കണക്കുകൂട്ടൽ.നിലവിൽ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണ് ഈ അപൂർവ്വ സ്മാരകം. സത്യവും മിഥ്യയും ചരിത്രവും ഐതിഹ്യവും വേർതിരിച്ചെടുക്കാൻ കഴിയാത്തവിധം ഇഴചേർന്നു കിടക്കുകയാണ് വില്ലടത്തെ ഈ പുലച്ചിക്കല്ലിൽ. അന്വേഷിച്ചെത്തുന്ന ഓരോ യാത്രികനോടും പുതിയൊരു കഥ പറയുന്നതുപോലെ, യുഗങ്ങൾ താണ്ടി ആ കരിങ്കൽ സ്തംഭം ഇപ്പോഴും അവിടെത്തന്നെയുണ്ട്— നിശബ്ദനായി, എന്നാൽ ആയിരം കഥകളുടെ ഓർമ്മപ്പെടുത്തലായി.

Pulachikallu
ലഹരിക്കെതിരെ സൂംബ നൃത്തം, പിന്നിൽ വൻ കച്ചവടം; ഞെട്ടിപ്പിക്കുന്നതാണ് കീർത്തനയുടെ റൂട്ട് മാപ്പ്
Pulachikallu
ഡിഎൻഎ പരിശോധനാ ഫീസായി 25,000 രൂപയില്ല; 'അമ്മത്തൊട്ടിലിൽ' ഉപേക്ഷിച്ച കുഞ്ഞിനെ തിരിച്ചുകിട്ടാൻ പ്രയാസപ്പെട്ട അമ്മയ്ക്ക് തുണയായി മന്ത്രി
Pulachikallu
'ഇന്ന് വരുമോ' എന്ന് ചോദിച്ചാൽ അന്ന് രാത്രി മുന്നിലെത്തുന്ന യക്ഷി; വടക്കുന്നാഥന്റെ മണ്ണിലെ അവിശ്വസനീയ ഐതിഹ്യങ്ങളും ചുവർചിത്ര രഹസ്യങ്ങളും
Summary

Standing tall for over 1500 years with Tamil scripts, the mystery-shrouded 'Pulachikallu' at Villadam in Thrissur continues to intrigue locals with folklore ranging from petrified women to growing stones.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com