

തൃശൂർ: ഭ്രാന്തെടുത്ത് അലറിവിളിച്ച് ഓടുന്ന മകന് പിന്നാലെ, ശുഷ്കിച്ചുണങ്ങിയ ശരീരവുമായി നിഴൽ പോലെ ഓടുന്ന വയസ്സിയായ ഒരമ്മ... പ്രായവും തളർച്ചകളും മറന്ന്, മഴയിലും വെയിലിലും മകന്റെ കാവലാളായി ആ അമ്മ ഓടിനടന്നു. ഒരുകാലത്ത് തൃശൂർ നഗരത്തിന്റെ നീറുന്ന വേദനയായിരുന്നു ഈ കാഴ്ച - അനാഥരായ ലക്ഷ്മി അമ്മാളിൻറെയും മനോരോഗിയായ മകന് രാജുവിൻറെയും.
തൃശൂരിലെ പ്രമാണിത്തമുള്ള ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലായിരുന്നു ലക്ഷ്മി അമ്മാളിന്റെ ജനനം. കൊൽക്കത്തയിൽ ഭർത്താവിനൊപ്പം സുഖകരമായ ജീവിതം നയിച്ചിരുന്ന അവരെ ദുരന്തം നിഴൽ പോലെ പിന്തുടർന്നത് പതിനേഴാം വയസ്സിൽ മകൻ രാജുവിന് മാനസികാസ്വാസ്ഥ്യം തുടങ്ങിയതോടെയാണ്. ടൈപ്പ് റൈറ്റിംഗ് പഠിച്ചുകൊണ്ടിരുന്ന രാജു ഒരു ദിവസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് തിരിച്ചെത്തിയത് രോഗ ലക്ഷണങ്ങളോടെയായിരുന്നു. നാളുകൾ കഴിയുംതോറും രോഗം രൂക്ഷമായി, അവൻ തെരുവുകളിൽ അലഞ്ഞുതിരിഞ്ഞു. മകളുടെ വിവാഹം കഴിയുകയും ഭർത്താവ് മരണപ്പെടുകയും ചെയ്തതോടെ ലക്ഷ്മി അമ്മാൾ പൂർണ്ണമായും ഒറ്റപ്പെട്ടു.
ഒടുവിൽ രോഗിയായ മകനെയും കൂട്ടി അവർ തൃശൂരിലെത്തി. പിന്നെ തൃശൂരിന്റെ തെരുവുകളിലും വിശാലമായ തേക്കിൻകാട് മൈതാനത്തിലും ആ അമ്മയുടെയും മകന്റെയും അലച്ചിലായിരുന്നു. ഇടയ്ക്കിടെ അസ്പഷ്ടമായ വാക്കുകൾ അലറിവിളിച്ച് രാജു മുന്നോട്ടോടുമ്പോൾ, കൈയിലെ കെട്ടുഭാണ്ഡവുമായി ആ വൃദ്ധ അമ്മയും പിന്നാലെ ഓടും. ആ മാതൃവാത്സല്യം കണ്ട് കണ്ണുനിറയാത്ത ഒരു തൃശൂർക്കാരനും അന്നുണ്ടായിരുന്നില്ല.
ഒടുവിൽ തന്റെ 67-ാം വയസ്സിൽ, തെരുവിൽ ആ അമ്മയുടെ മടിയിൽ തലവെച്ച് രാജു വിടവാങ്ങി. മകന്റെ വേർപാടിന് ശേഷം കേരള ബ്രാഹ്മണ സഭ ലക്ഷ്മി അമ്മാളെ അനാഥമന്ദിരത്തിലേക്ക് മാറ്റിയെങ്കിലും, മകന്റെ ഓർമ്മകൾ നിറഞ്ഞ തെരുവുകളിലേക്ക് തന്നെ ആ അമ്മ വീണ്ടും തിരിച്ചെത്തി. ഒടുവിൽ 2005 നവംബറിൽ, ഒരു കടത്തിണ്ണയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അമ്മാളിനെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും അവർ യാത്രയായിട്ടുണ്ടായിരുന്നു.
ജീവിതത്തിന്റെ അർത്ഥശൂന്യത വിളിച്ചോതിയ ആ പച്ചയായ ജീവിതം തൃശൂരിന്റെ മനസ്സിൽ ആഴത്തിലുള്ള മുറിവാണ് അവശേഷിപ്പിച്ചത്. ഇന്ന് ഓരോ മാതൃദിനം കടന്നുപോകുമ്പോഴും ഒരു തെറ്റുതിരുത്തൽ എന്നപോലെ, തൃശൂർക്കാർ അറിഞ്ഞോ അറിയാതെയോ ഈ അമ്മയുടെയും മകന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്—മാതൃസ്നേഹത്തിന്റെ നിഷ്കളങ്കമായ ആ രൂപത്തെ ആദരവോടെ സ്മരിച്ചുകൊണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates