തൃശൂർ: പാർട്ടി വിപ്പ് ലംഘിച്ച് രണ്ട് സിപിഐ അംഗങ്ങൾ കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്തതോടെ നാടകീയ രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ പാറളം ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തി. യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥിയായ റോസ് മേരിയാണ് പുതിയ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഇടതുമുന്നണിയിലെ രണ്ട് സിപിഐ അംഗങ്ങൾ കൂറുമാറി വോട്ട് ചെയ്തതാണ് കോൺഗ്രസിന് ഭരണത്തിലേക്കുള്ള വഴി തുറന്നത്.
പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ റോസ് മേരിക്കെതിരെ സിപിഐ സ്വന്തം സ്ഥാനാർഥിയെ രംഗത്തിറക്കിയിരുന്നു. എന്നാൽ വോട്ടെടുപ്പ് നടന്നപ്പോൾ അഞ്ച് അംഗങ്ങളുള്ള ഇടതുപക്ഷ മുന്നണിയിലെ രണ്ട് സിപിഐ അംഗങ്ങൾ കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണയ്ക്കുകയായിരുന്നു. സിപിഐ അംഗങ്ങളായ വനജ രാജൻ, ഷക്കീർ എന്നിവരാണ് പാർട്ടി വിപ്പ് കാറ്റിൽപ്പറത്തി സ്വന്തം മുന്നണി സ്ഥാനാർഥിക്കെതിരെ റോസ് മേരിക്ക് അനുകൂലമായി വോട്ട് ചെയ്തത്.
ബിജെപി ഭരണസമിതി നേടിയെടുത്തിരുന്ന സ്റ്റേ ഓഗസ്റ്റ് 31-ന്കോടതി റദ്ദാക്കിയതോടെയാണ് പഞ്ചായത്തിൽ രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തതും യുഡിഎഫ് അവിശ്വാസപ്രമേയ നീക്കങ്ങളിലേക്ക് കടന്നതും. ആകെയുള്ള 17 അംഗങ്ങളിൽ യുഡിഎഫ് - 6, ബിജെപി - 6, എൽഡിഎഫ് - 5 എന്നിങ്ങനെയാണ് കാറളം പഞ്ചായത്തിലെ കക്ഷിനില. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എൽഡിഎഫ് ഒറ്റക്കെട്ടായി പിന്തുണച്ചതോടെ ബിജെപിക്ക് ഭരണം നഷ്ടമാവുകയായിരുന്നു. തുടർന്ന് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ വ്യാഴാഴ്ച നടത്തിയ വോട്ടെടുപ്പിലാണ് സിപിഐയിലെ രണ്ട് അംഗങ്ങളുടെ അപ്രതീക്ഷിത കൂറുമാറ്റത്തിലൂടെ കോൺഗ്രസ് അനായാസം ഭരണം പിടിച്ചെടുത്തത്. അതേസമയം, വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത സിപിഐ അംഗങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates