ഗോത്രഭാഷകളെ സംരക്ഷിക്കാന്‍ 3 പതിറ്റാണ്ടുനീണ്ട പരിശ്രമം; പുസ്തകമാകാതെ പൊടിപിടിക്കുന്നത് ആയുഷ്‌കാല ദൗത്യം

പുതിയ തലമുറ മലയാളത്തിലേക്ക് മാറുന്നതോടെ ഓരോ ദിവസവും ഈ ഭാഷകളില്‍ നിന്ന് വാക്കുകള്‍ അപ്രത്യക്ഷമാകുകയാണ്
ramachandran adivasi language
രാമചന്ദ്രന്‍ തയ്യാറാക്കിയ രേഖകള്‍
Updated on
3 min read

സുല്‍ത്താന്‍ ബത്തേരി: ഒരു ഭാഷ മരിക്കുമ്പോള്‍ നഷ്ടമാകുന്നത് ഏതാനും വാക്കുകള്‍ മാത്രമല്ല. ഒരു ജനതയുടെ ഓര്‍മകളും സംസ്‌കാരവും ജീവിതരീതിയും ലോകത്തെ കാണുന്ന അവരുടെ കാഴ്ചപ്പാടും കൂടിയാണ്. അതുകൊണ്ടാണ് വയനാട് പുല്‍പ്പള്ളി സ്വദേശിയായ പ്രമുഖ ആദിവാസി കവി കണ്ടാമല രാമചന്ദ്രന്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കേരളത്തിലെ അഞ്ച് ആദിവാസി ഭാഷകളെ രേഖപ്പെടുത്താന്‍ ജീവിതം തന്നെ സമര്‍പ്പിച്ചത്. എന്നാല്‍ 30 വര്‍ഷത്തെ അധ്വാന ഫലമായ അദ്ദേഹത്തിന്റെ അഞ്ച് ആദിവാസി ഭാഷാ നിഘണ്ടു ഇന്നും പ്രസിദ്ധീകരണം കാത്ത് അലമാരയില്‍ പൊടിപിടിക്കുകയാണ്.

ആദിയ, പണിയ, കുറുമ, ഊരാളി, കാട്ടുനായ്ക്ക എന്നീ അഞ്ച് ആദിവാസി വിഭാഗങ്ങളുടെ ഭാഷകളാണ് രാമചന്ദ്രന്‍ ഒരുമിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. ലിപിയില്ലാതെ തലമുറകളിലൂടെ വായ്‌മൊഴിയായി മാത്രം കൈമാറിവരുന്ന ഈ ഭാഷകള്‍ ഇന്ന് അതിജീവനത്തിന്റെ അവസാന ഘട്ടത്തിലാണ്. പുതിയ തലമുറ മലയാളത്തിലേക്ക് മാറുന്നതോടെ ഓരോ ദിവസവും ഈ ഭാഷകളില്‍ നിന്ന് വാക്കുകള്‍ അപ്രത്യക്ഷമാകുകയാണ്.

അത്തരമൊരു സാഹചര്യത്തില്‍, ആയിരക്കണക്കിന് വാക്കുകള്‍ ശേഖരിച്ച് മലയാളത്തില്‍ അര്‍ഥസഹിതം രേഖപ്പെടുത്തിയ ഈ നിഘണ്ടു ഒരു പുസ്തകമെന്നതിലുപരി കേരളത്തിന്റെ ആദിവാസി ഭാഷാചരിത്രത്തെ സംരക്ഷിക്കുന്ന അപൂര്‍വ രേഖയാണ്.

paniya
പണിയ

സിനിമാമോഹത്തില്‍ നിന്ന് ഭാഷാസംരക്ഷണത്തിലേക്ക്

1995-ലാണ് രാമചന്ദ്രന്‍ ഈ ദൗത്യം ആരംഭിക്കുന്നത്. അതിനു പിന്നില്‍ പറയാനുള്ള ഒരു ജീവിതകഥയുണ്ട്. 'ചെറുപ്പം മുതല്‍ വായനയും സിനിമയും എനിക്ക് വളരെ ഇഷ്ടമായിരുന്നു. പ്രീഡിഗ്രി പഠിക്കുന്ന സമയത്ത് അഭിനയമോഹവുമായി 1993-ല്‍ ചെന്നൈയിലേക്ക് പോയി. ചെറിയ ചില വേഷങ്ങള്‍ കിട്ടി. മൂന്ന് വര്‍ഷത്തോളം അവിടെ നിന്നു. മഞ്ഞപ്പിത്തം ബാധിച്ചതോടെ നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. സിനിമയില്‍ ഒന്നുമാകാന്‍ കഴിഞ്ഞില്ലെന്ന നിരാശ എന്നെ വല്ലാതെ തളര്‍ത്തി' -രാമചന്ദ്രന്‍ പറയുന്നു.

അപ്പോഴാണ് വയനാട്ടുകാരനായ എഴുത്തുകാരന്‍ ഒകെ ജോണി ഒരു നിര്‍ദേശം മുന്നോട്ടുവച്ചത്. 'നമ്മുടെ ആദിവാസി ഭാഷകളിലെ വാക്കുകള്‍ ശേഖരിച്ച് ഒരു നിഘണ്ടു തയ്യാറാക്കിക്കൂടെ' എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അതാണ് ജീവിതത്തിന് പുതിയൊരു ലക്ഷ്യം നല്‍കിയത്. അന്ന് ഈ യാത്ര ആരംഭിച്ചു.'

ramachandran adivasi language
യൂട്യൂബർമാരുടെ ഒഴുക്ക് വില്ലനായി; 'ബാലൻ' ബസ് സ്‌റ്റോപ്പിന്റെ ഭാവി അനിശ്ചിതത്വത്തില്‍

പതിറ്റാണ്ടുകളുടെ ഗവേഷണം

കുറുമ വിഭാഗത്തില്‍പ്പെട്ട ആളായതിനാല്‍ വിവിധ ആദിവാസി സമൂഹങ്ങളുമായി രാമചന്ദ്രന് അടുത്ത ബന്ധമുണ്ടായിരുന്നു. എന്നിരുന്നാലും അതുകൊണ്ട് മാത്രം തൃപ്തിപ്പെട്ടില്ല. വയനാട്ടിലെയും സമീപപ്രദേശങ്ങളിലെയും ആദിവാസി കോളനികള്‍ ഓരോന്നായി സന്ദര്‍ശിച്ചു. പ്രായമായവരുമായി മണിക്കൂറുകളോളം സംസാരിച്ചു. ഒരേ മലയാളം വാക്കിന് വിവിധ ഗോത്രവിഭാഗങ്ങള്‍ ഉപയോഗിക്കുന്ന വ്യത്യസ്ത പദങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തി.

'ഭാര്യ' എന്ന ഒറ്റ വാക്കിന് പോലും അഞ്ച് ഭാഷകളില്‍ അഞ്ച് രൂപമാണ്. കുറുമ വിഭാഗത്തില്‍ 'കുറുമറ്റി', ഊരാളി വിഭാഗത്തില്‍ 'ഔണാര്‍ക്കന്‍', കാട്ടുനായ്ക്ക വിഭാഗത്തില്‍ 'ഇന്ദ്ര്', പണിയ വിഭാഗത്തില്‍ 'ഉറാട്ടി', ആദിയ വിഭാഗത്തില്‍ 'റാട്ടി' എന്നിങ്ങനെയാണ് ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ ഓരോ വാക്കിനും അഞ്ച് ഭാഷകളിലെ വ്യത്യസ്ത രൂപങ്ങള്‍ കണ്ടെത്താന്‍ വര്‍ഷങ്ങളെടുത്തു, ഒരേ പ്രദേശത്ത് താമസിക്കുന്നവരാണെങ്കിലും ഓരോ വിഭാഗത്തിന്റെയും ഭാഷ പൂര്‍ണമായും വ്യത്യസ്തമാണ്. ഓരോ വാക്കും ഉറപ്പുവരുത്താന്‍ പല കോളനികളിലും പലതവണ പോകേണ്ടി വന്നിട്ടുണ്ട്', അദ്ദേഹം പറയുന്നു.

ലിപിയില്ലാത്ത ഭാഷകളായതിനാല്‍ എല്ലാ വാക്കുകളും മലയാളലിപിയിലാണ് രേഖപ്പെടുത്തിയത്. ഏകദേശം 6,000 വാക്കുകളാണ് അദ്ദേഹം അഞ്ച് ഭാഷകളിലായി ശേഖരിച്ചത്.

urali
ഊരാളി

പൂര്‍ത്തിയായ നിഘണ്ടു, പക്ഷേ പ്രസിദ്ധീകരണം സ്വപ്നം

2017ഓടെ നിഘണ്ടുവിന്റെ പണി പൂര്‍ത്തിയായി. തുടര്‍ന്ന് അത് പ്രസിദ്ധീകരിക്കാന്‍ നിരവധി സ്ഥാപനങ്ങളുടെ വാതിലുകള്‍ അദ്ദേഹം മുട്ടി. ആദ്യം മലയാളം സര്‍വകലാശാലയെ സമീപിച്ചു. എന്നാല്‍ അവിടെ നിന്ന് നിരാശയായിരുന്നു ഫലം. പിന്നീട് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനെ സമീപിച്ചു. കോവിഡ് കാലമായതിനാല്‍ ഇത്രയും വലിയ പുസ്തകം പ്രസിദ്ധീകരിക്കാന്‍ ആവശ്യമായ സംവിധാനങ്ങളില്ലെന്നായിരുന്നു മറുപടി. 2022-ല്‍ കേരള സാഹിത്യ അക്കാദമി നിഘണ്ടു പ്രസിദ്ധീകരിക്കാമെന്ന് സമ്മതിക്കുകയും കരാറില്‍ ഒപ്പുവയ്ക്കുകയും ചെയ്തു.

'അതിന് ശേഷം കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. കഴിഞ്ഞ മാര്‍ച്ചിന് മുമ്പ് പുസ്തകം പുറത്തിറങ്ങുമെന്ന് അക്കാദമി കത്തിലൂടെ അറിയിച്ചിരുന്നു. പക്ഷേ പിന്നീട് ഒരു വിവരവും ഇല്ല. ഏറ്റവും വലിയ വിഷമം, എന്റെ കൈവശമുണ്ടായിരുന്ന ഏക ഒറിജിനല്‍ കോപ്പിയും ഇപ്പോള്‍ അക്കാദമിയുടെ കൈവശമാണ്,' രാമചന്ദ്രന്‍ പറയുന്നു.

'ആദിവാസികള്‍ കുറച്ചുപേരല്ലേ; ഈ ഭാഷകള്‍ സംരക്ഷിച്ചിട്ട് എന്ത് കാര്യം?'

ഈ നിഘണ്ടു തയ്യാറാക്കുന്ന കാലത്ത് നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളി സാമ്പത്തിക ബുദ്ധിമുട്ടോ അധ്വാനമോ ആയിരുന്നില്ല. ഭാഷകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത തന്നെ ചോദ്യം ചെയ്ത സമീപനമായിരുന്നു. 'പ്രമുഖ ഭാഷാശാസ്ത്രജ്ഞരില്‍ ചിലര്‍ വരെ ചോദിച്ചു, 'ആദിവാസികള്‍ കുറച്ചുപേരല്ലേ... ഈ ഭാഷകള്‍ സംരക്ഷിച്ചിട്ട് എന്താണ് പ്രയോജനം?' സ്വന്തം സമൂഹത്തില്‍ നിന്നുപോലും ഇത്തരമൊരു ചോദ്യം കേട്ടിട്ടുണ്ട്,' അദ്ദേഹം പറയുന്നു.

എന്നാല്‍ രാമചന്ദ്രന് അതിന് വ്യക്തമായ മറുപടിയുണ്ട്. 'ഈ നാടിന്റെ ഏറ്റവും പഴയ മനുഷ്യരുടെ പിന്‍തലമുറയാണ് ആദിവാസികള്‍. നൂറ്റാണ്ടുകളായി അവര്‍ വിവേചനവും അവഗണനയും നേരിട്ടു. ഇപ്പോള്‍ പുതിയ തലമുറ സ്വന്തം ഭാഷ ഉപേക്ഷിച്ച് മലയാളം സംസാരിക്കാന്‍ തുടങ്ങി. ഈ ഭാഷകള്‍ക്ക് ലിപിയില്ല. അതുകൊണ്ട് രേഖപ്പെടുത്താതെ പോയാല്‍ മൂത്ത തലമുറ വിടവാങ്ങുന്നതോടെ ആ ഭാഷകളും ഇല്ലാതാകും.'

അദ്ദേഹം ഒന്നു നിര്‍ത്തി ചോദിക്കുന്നു. 'ഒരു ഭാഷ മരിച്ചുപോയാല്‍ അത് വീണ്ടും തിരിച്ചുകൊണ്ടുവരാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?'

ramachandran adivasi language
യൂണിഫോം ഉപേക്ഷിച്ചു, ഫോണ്‍ വിറ്റു; 'സര്‍വൈവല്‍ ത്രില്ലര്‍' മോഡല്‍ ഒളിച്ചോട്ടം; വഴിത്തിരിവായത് ആ ഫോട്ടോ

ഗവേഷകരുടെ ആശ്രയം

പുസ്തകമായി പുറത്തിറങ്ങിയിട്ടില്ലെങ്കിലും രാമചന്ദ്രന്റെ അധ്വാനത്തിന്റെ വില ഇന്ന് ഗവേഷണലോകം തിരിച്ചറിയുന്നുണ്ട്. കേരളത്തിനകത്തും പുറത്തുമുള്ള ഗവേഷകരും പിഎച്ച്ഡി വിദ്യാര്‍ഥികളും ആദിവാസി ഭാഷകളെക്കുറിച്ചുള്ള സംശയങ്ങള്‍ തീര്‍ക്കാന്‍ ഇന്നും അദ്ദേഹത്തെ സമീപിക്കുന്നു. പല ഗവേഷണങ്ങള്‍ക്കും അദ്ദേഹം തന്നെയാണ് പ്രധാന റഫറന്‍സ്. എന്നിട്ടും അദ്ദേഹത്തിന്റെ ജീവിതസമര്‍പ്പണമായ നിഘണ്ടു ഇന്നും വായനക്കാരിലേക്ക് എത്താതെ കാത്തിരിക്കുകയാണ്.

സമയം വൈകുംതോറും നഷ്ടമാകുന്നത് വാക്കുകളല്ല, സംസ്‌കാരമാണ്

രാമചന്ദ്രന്റെ നിഘണ്ടു പ്രസിദ്ധീകരിക്കുന്നത് ഒരു പുസ്തകം പുറത്തിറക്കുന്നതില്‍ ഒതുങ്ങുന്ന കാര്യമല്ല. കേരളത്തിന്റെ ആദിവാസി സമൂഹങ്ങളുടെ ഭാഷാപൈതൃകം വരുംതലമുറയ്ക്കായി സംരക്ഷിക്കുന്ന ചരിത്രപരമായ ഇടപെടലായിരിക്കും അത്. ഒരു ഭാഷ അപ്രത്യക്ഷമാകുമ്പോള്‍ മരിക്കുന്നത് വാക്കുകളല്ല. ആ ഭാഷയില്‍ ജീവിച്ച ഒരു ജനതയുടെ ഓര്‍മകളും അറിവും ചരിത്രവും സംസ്‌കാരവുമാണ്. ആ നഷ്ടം നികത്താന്‍ പിന്നീട് ഒരു നിഘണ്ടുവിനും കഴിയില്ല.

ramachandran adivasi language
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന് മുകളിലൂടെ പറന്നത് ഡ്രോണ്‍ അല്ല; വിമാനമാണെന്ന് പൊലീസ്
ramachandran adivasi language
സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ തനിനിറം പുറത്തായി, പ്രധാനമന്ത്രി പ്രതികരിക്കണം; അയോധ്യ തട്ടിപ്പില്‍ പിണറായി വിജയന്‍
ramachandran adivasi language
50 പവന്‍ സ്വര്‍ണത്തിന്റെ ഭൂരിഭാഗവും വിറ്റു, വീണ്ടും പണയം വെക്കാന്‍ മുതിര്‍ന്നപ്പോള്‍ എതിര്‍ത്തതിന് മര്‍ദിച്ചു; ആരോപണവുമായി ആരതിയുടെ കുടുംബം
Summary

Adivasi man strives to protect indigenous language

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com