

വയനാട് പാതിരി വനത്തിന്റെ ചേലുള്ള വളവുകൾ പിന്നിട്ട്, കബനി നദി നെൽപ്പാടങ്ങൾക്കിടയിലൂടെ ശാന്തമായി ഒഴുക്കുന്ന ഒരു കൊച്ചു ഗ്രമപ്രദേശമാണ് ചേകാടി. സ്വയംപര്യാപ്തതയും പാരമ്പര്യവും ഇന്നും കൈവിടാതെ കാത്തുസൂക്ഷിക്കുന്ന ഈ ഗ്രാമം, വയനാടിന്റെ ഗോത്രജീവിതത്തിന്റെ ജീവനുള്ള സ്മാരകമായാണ് അറിയപ്പെടുന്നത്. പ്രശസ്തമായ സുഗന്ധമുള്ള നാടൻ നെല്ലിനമായ ഗന്ധകശാലയുടെ ജന്മവും ഇവിടുന്നു തന്നെ.
എന്നാൽ ഇപ്പോൾ ചേകാടി ശ്രദ്ധ നേടുന്നത് അതിന്റെ നെൽവയലുകളാലോ പ്രകൃതി സൗന്ദര്യത്തിലോ മാത്രം അല്ല. ജീവിതത്തെ തന്നെ ഒരു അനുഭവമാക്കി സന്ദർശകരിലേക്ക് തുറന്നുകൊടുക്കുന്ന പുതിയൊരു മാതൃകയിലൂടെയാണ്. റിസോർട്ടുകളുടെയും കൃത്രിമ വിനോദങ്ങളുടെയും പാത പിന്തുടരാതെ, മണ്ണിന്റെ മണമുള്ള ജീവിതരീതിയെയും സംസ്കാരത്തെയും തന്നെയാണ് ചേകാടി സന്ദർശകർക്കായി തുറന്നുവെക്കുന്നത്.
2021-ൽ പ്രധാനമായും കർഷകരെ കൂട്ടിയിണക്കി രൂപീകരിച്ച ‘ചേകാടി നവ’ എന്ന കൂട്ടായ്മയുടെ തുടക്കം കാർഷിക ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാനായിരുന്നു. എന്നാൽ കാലക്രമേണ അത് ഒരു സാമ്പത്തിക സംരംഭത്തിൽ നിന്ന് സമൂഹത്തിന്റെ ആത്മാവിനെ പങ്കുവെക്കുന്ന ഒരു വലിയ ചലനമായി വളർന്നു. ഇന്ന് ‘ചേകാടി നവ ടൂറിസ്റ്റ് സ്റ്റേ’ എന്ന പേരിൽ, ഗ്രാമം വിനോദസഞ്ചാരികളെ സ്വന്തം ലോകത്തേക്ക് ക്ഷണിക്കുകയാണ് — പഴയ വയനാടിനെ, അതിന്റെ യഥാർത്ഥ രൂപത്തിൽ അനുഭവിക്കാനായി.
“ആദ്യകാലത്ത് ഞങ്ങൾ ഞങ്ങളുടെ കാർഷിക ഉൽപ്പന്നങ്ങൾ പുറത്തുള്ള ജനങൾക്ക് വിൽക്കാൻ ആയിരുന്നു ചേകാടി നവക്കു രൂപം നൽകിയത്. ഇന്ന് ഞങ്ങളുടെ ജീവിത ശൈലിയാണ് തുറന്നുകൊടുക്കുന്നത്,” എന്ന് സംരംഭത്തിന്റെ കോർഡിനേറ്റർ അജയൻ ചേകാടി പറയുന്നു. “അതിഥികൾക്ക് ഞങ്ങളുടെ മൺവീടുകളിൽ താമസിക്കാം, നാട്ടുഭക്ഷണം കഴിക്കാം, ഉത്സവങ്ങളിൽ പങ്കെടുക്കാം. ഞങ്ങൾ ഒരുക്കുന്നത് അവക്ക് വേണ്ടി ഒരു ‘ഷോ’ അല്ല. ഞങ്ങളുടെ ജീവിതം തന്നെയാണ്.”
ഗന്ധകശാല അരിയുടെ ഏറ്റവും വലിയ ഉൽപ്പാദന കേന്ദ്രങ്ങളിലൊന്നായ ചേകാടി, അതുപോലെ തന്നെ അതിന്റെ സംസ്കാരവും മറ്റൊരിടത്തും പകർത്താനാകാത്തതാണെന്ന് അജയൻ വിശ്വസിക്കുന്നു. “ടൂറിസം വന്നതോടെ പല ഗ്രാമങ്ങളുടെയും യഥാർത്ഥ സ്വഭാവം മാറിപ്പോയി. ഇന്ന് വയനാടിന്റെ പേരിൽ അവതരിപ്പിക്കുന്നത് പലപ്പോഴും യഥാർത്ഥ വയനാട് അല്ല. കുഴിമന്തിയോ അൽഫഹാമോ നമ്മുടെ പാരമ്പര്യ ഭക്ഷണമല്ല. റിസോർട്ടുകൾ വികസനം കൊണ്ടുവന്നിട്ടുണ്ടെങ്കിലും, അതോടൊപ്പം നമ്മുടെ സംസ്കാരത്തെയും മാറ്റി. വിനോദസഞ്ചാരികൾ ഇവിടെ അണക്കെട്ടുകളും കുന്നുകളും മാത്രം കാണുന്നു. ആളുകൾ എങ്ങനെ ജീവിക്കുന്നു എന്ന് അവർ അപൂർവമായാണ് മനസ്സിലാക്കുന്നത്. അത് മാറ്റണമെന്നാണ് ഞങ്ങളുടെ ആഗ്രഹം,” അദ്ദേഹം പറയുന്നു.
അതിഥികൾക്കായി രണ്ട് മൺവീടുകൾ ചേകാടിയിൽ ഇതിനകം സജ്ജമാണ്. പച്ചപ്പു നിറഞ്ഞ നെൽപ്പാടങ്ങൾക്കിടയിൽ, തുറന്ന ആകാശത്തിൻ കീഴിൽ ലളിതമായ ഒരു ഭക്ഷണശാലയും ഒരുക്കിയിട്ടുണ്ട്. അവിടെ സന്ദർശകരും ഗ്രാമവും തമ്മിൽ അതിർത്തികൾ ഇല്ല. ഗ്രാമജീവിതവുമായി സന്ദർശകരെ നേരിട്ട് ബന്ധിപ്പിക്കുകയാണ് ലക്ഷ്യം.ഇവിടുത്തെ ഭക്ഷണത്തിലും മണ്ണിന്റെ രുചിയുണ്ട്. ഗന്ധകശാല അരിയാണ് ആഹാരത്തിലെ പ്രധാന ആകർഷണം. പ്രാദേശിക മസാലകൾ ചേർത്ത് തീയിൽ ചുട്ട കോഴി, സമീപത്തെ കൃഷിയിടങ്ങളിൽ നിന്നുള്ള പച്ചക്കറികൾ, കബനിയിൽ നിന്ന് ലഭിക്കുന്ന മത്സ്യം — എല്ലാം നാട്ടിൽ നിന്നുതന്നെ എത്തുന്നത്. ഭക്ഷണം പോലും ഇവിടെ ഒരു സംസ്കാരാനുഭവമാണ്.
സന്ദർശകർക്ക് ഗ്രാമത്തിലൂടെ നടക്കാനും നാട്ടുകാരുമായി ഇടപഴകാനും അവരുടെ ജീവിതരീതി മനസ്സിലാക്കാനും അവസരമുണ്ട്. ആവശ്യപ്പെടുന്നവർക്ക് ഗോത്രകലാപരിപാടികളും പരമ്പരാഗത നൃത്തങ്ങളും സംഘടിപ്പിക്കാറുണ്ട്. എന്നാൽ അതിനെ വേദിയിലെ കാഴ്ചയാക്കി മാറ്റാനല്ല ശ്രമം; ജീവിതത്തിന്റെ സ്വാഭാവിക സാഹചര്യത്തിൽ അത് അനുഭവിപ്പിക്കാനാണ്. പരിസ്ഥിതിയെയും പ്രാദേശിക ആചാരങ്ങളെയും ബഹുമാനിക്കാൻ തയ്യാറുള്ളവരെ മാത്രമാണ് ചേകാടി സ്വാഗതം ചെയ്യുന്നത്.
ഈ സംരംഭം ഇതിനകം സോഷ്യൽ മീഡിയയിലും ശ്രദ്ധ നേടിയിട്ടുണ്ട്. ‘വയനാടൻ’ എന്ന ഇൻസ്റ്റഗ്രാം പേജ് നടത്തുന്ന സിറാജ് പങ്കുവെച്ച വീഡിയോ 44 ലക്ഷം കാഴ്ചകൾ പിന്നിട്ടു. “ചേകാടിയിലെത്താൻ പാതിരി വനത്തിലൂടെയാണ് യാത്ര. വഴിയിലുടനീളം വന്യമൃഗങ്ങളെ കാണാം. പിന്നെ പെട്ടെന്ന് ഭൂദൃശ്യം വിശാലമായ നെൽവയലുകളിലേക്കും പച്ചക്കറി കൃഷിയിടങ്ങളിലേക്കും തുറക്കും. അവിടുത്തെ വായുവിന് പോലും വേറിട്ടൊരു ഗന്ധമുണ്ട്. വെള്ളത്തിനും വ്യത്യസ്ത രുചിയാണ്. നഗരവൽക്കരണം ഇനിയും ആ ഗ്രാമത്തെ സ്പർശിച്ചിട്ടില്ല,” സിറാജ് പറയുന്നു.
എന്നാൽ തങ്ങളുടെ ജീവിതരീതിക്ക് കോട്ടം തട്ടാതെ മാത്രമാണ് അവർ ഈ പ്രസ്ഥാനം മുന്നോട്ട് കൊടുപോകാൻ ശ്രമിക്കുന്നത്. ഓൺലൈൻ ബുക്കിങ് പ്ലാറ്റ്‌ഫോമുകളിൽ ഇവരുടെ താമസസൗകര്യങ്ങൾ ലഭ്യമല്ല. കൂടുതലായും വ്യക്തിപരമായ പരിചയങ്ങളിലൂടെയാണ് ആളുകൾ എത്തുന്നത്. നിയന്ത്രണമില്ലാത്ത ടൂറിസം ഒരു നാടിനെ എങ്ങനെ തകർക്കുമെന്നത് സമീപ പ്രദേശങ്ങളിലൂടെ അവർ കണ്ടറിഞ്ഞവരാണ്. അതേ പാത ആവർത്തിക്കാതിരിക്കാനാണ് ഗ്രാമത്തിന്റെ ശ്രമം.
കുറുവ ദ്വീപിനോട് ചേർന്നുള്ള സ്ഥാനം കൊണ്ടുതന്നെ പൈതൃക ടൂറിസത്തിനുള്ള വലിയ സാധ്യത ചേകാടിക്കുണ്ട്. എന്നാൽ ഈ ഗ്രാമത്തിന്റെ ലക്ഷ്യം തിരക്ക് കൂട്ടലോ കണക്കുകൾ ഉയർത്തലോ അല്ല. സംസ്കാരത്തെ അതിന്റെ അന്തസ്സോടെയും ആത്മാവോടെയും സംരക്ഷിക്കുകയാണ്. ടൂറിസം പലപ്പോഴും ഉപരിതല കാഴ്ചകളിലേക്ക് ചുരുങ്ങുന്ന വയനാട്ടിൽ, ചേകാടി അതിനേക്കാൾ ആഴമുള്ള ഒരു അനുഭവമാണ് മുന്നോട്ടുവയ്ക്കുന്നത്. ഒരു വിനോദകേന്ദ്രമല്ല അത്. മനുഷ്യരും മണ്ണും തമ്മിലുള്ള ഒരു കണ്ടുമുട്ടൽ. ഒരു ടൂർ പാക്കേജ് അല്ല, മറിച്ച് വയനാടിന്റെ ജീവാത്മാവിലേക്കുള്ള തുറന്ന വഴിയാണ് ചേകാടി.
Discover Chekadi, a serene tribal village in Wayanad nestled by the Kabani River, famous for cultivating the aromatic native rice variety 'Gandhakasala'
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates