ഗ്രേസി എഴുതിയ കഥ: ഒന്ന് മുതല്‍ പതിമൂന്ന് വരെ

By ഗ്രേസി, ചിത്രീകരണം - ലീനാരാജ് ആര്‍  |   Published: 08th March 2018 09:03 AM  |  

Last Updated: 08th March 2018 09:03 AM  |   A+A-   |  

gracy_copy

 

കുര്‍ബ്ബാന കഴിഞ്ഞ് അള്‍ത്താരയില്‍നിന്നിറങ്ങി വരുമ്പോള്‍ ഒരു പാവാടക്കാരി കൊച്ചച്ചന്റെയടുത്തേയ്ക്ക് ഓടിവന്നു.
''അച്ചോ! എനിക്കൊന്ന് കുമ്പസാരിക്കണം!''
ചെറിയൊരു ഇടര്‍ച്ചയുള്ള ശബ്ദത്തിന് അസാധാരണമായൊരു മാദകത്വമുണ്ടെന്ന് കൊച്ചച്ചന് മനസ്സിലായി.
''ഇന്ന് കൊറച്ച് തെരക്കൊണ്ടല്ലോ കൊച്ചേ! പിന്നെയെങ്ങാനും പോരേ?''
കൊച്ചച്ചന്റെ ചോദ്യം അവളുടെ പുഞ്ചിരിയില്‍ തട്ടി മുറിഞ്ഞു. മുഴുത്ത ഒരു ഓറഞ്ചല്ലിപോലെ തോന്നിക്കുന്ന അടിച്ചുണ്ടിന്റെ കോണില്‍നിന്ന് ഒഴുകിപ്പരക്കുന്ന പുഞ്ചിരിക്ക് പുളിയും മധുരവും ഉണ്ടായിരിക്കുമെന്ന് കൊച്ചച്ചന് തോന്നി. വലം കൈയിലെ ചൂണ്ട്വിരല്‍ താടിച്ചുഴിയില്‍ കുത്തിനിര്‍ത്തി അവള്‍ ചോദിച്ചു:
''എന്നാപ്പിന്നെ ഞാനെപ്പോ വരണം?''
പുഞ്ചിരി മുഖമാകെ നിറഞ്ഞ് അവളുടെ വിരല്‍ത്തുമ്പിലും പുളിമധുരം പുരണ്ടിട്ടുണ്ടാവുമെന്ന് നിനച്ച് കൊച്ചച്ചന്‍ പറഞ്ഞു:
''നാളെ നാല് മണിക്കായ്‌ക്കോട്ടെ!''
അവളുടെ കണ്ണുകളിലേയ്ക്ക് കുറുമ്പ് പറന്നുവന്ന് ചിറകൊതുക്കി.
''വെളുപ്പിനാ?''
കൊച്ചച്ചന്റെ കനത്ത മീശ വകഞ്ഞ് മാറ്റി ഒരു ചിരി പ്രത്യക്ഷപ്പെട്ടു.
''ആ സമയം ഞാന്‍ പൂണ്ട ഒറക്കത്തിലാരിക്കും കൊച്ചേ!''
ഔ! എന്ന് അവള്‍ ചുണ്ടുകള്‍ വളച്ചു. വയലിന്‍ കമ്പിയില്‍നിന്ന് അപ്രതീക്ഷിതമായി തെറിച്ച ഒരു സ്വരം പോലെ അത് കൊച്ചച്ചന്റെ നേര്‍ക്ക് പാഞ്ഞു വന്നു. സ്വര്‍ഗ്ഗസ്ഥനായ പിതാവേ! എന്ന് നിശ്ശബ്ദമായൊരു പ്രാര്‍ത്ഥനയോടെ കൊച്ചച്ചന്റെ വലംകൈയ് നെഞ്ചില്‍ പുതഞ്ഞ് പോവുകയും കണ്ണുകള്‍ കാരുണ്യം തേടി മുകളിലേയ്ക്കുയരുകയും ചെയ്തു. എന്നാപ്പിന്നെ അങ്ങനെ! എന്ന് കൊച്ചച്ചനെ അതേ നിലയില്‍ ഉപേക്ഷിച്ച് പാവാടക്കാരി തുള്ളിക്കുതിച്ച് മറഞ്ഞു. കൊച്ചച്ചന്‍ ദീര്‍ഘമായി ഒന്ന് നിശ്വസിച്ചു. അപകടം ഒഴിഞ്ഞെന്ന് കണ്ട് കണ്ണുകള്‍ ഭൂമിയിലേയ്ക്ക് ഊര്‍ന്നിറങ്ങിയെങ്കിലും കൊച്ചച്ചന്റെ നെഞ്ചിന് സാരമായ കേട്പാട് വല്ലതും സംഭവിച്ചിട്ടുണ്ടാകുമോ എന്ന അന്വേഷണത്തില്‍  മുഴുകി കൈയ് അവിടെത്തന്നെയിരുന്നു.
തീരെ ഉത്സാഹമില്ലാതെയാണ് കൊച്ചച്ചന്‍ പള്ളിമേടയിലേയ്ക്ക് നടന്നത്. വല്യച്ചന്റെ മുറിയുടെ വാതില്‍ കടന്നുപോവുമ്പോള്‍ കഫനൂലുകള്‍ വലിഞ്ഞ് മുറുക്കിയ ശബ്ദം കേട്ടു: ലോകം, പിശാച്! ശരീരം!
രണ്ട് തലയണ അടുക്കിവച്ച് നീണ്ട് നിവര്‍ന്ന് കിടന്നെങ്കിലും പുനരാലോചനയില്‍ കൊച്ചച്ചന്‍ എഴുന്നേറ്റ് വല്യച്ചന്റെ മുറിയിലേയ്ക്ക് നടന്നു.  ജീര്‍ണ്ണിക്കുന്ന ശരീരത്തിന്റെ വാട കൊച്ചച്ചനെ ചുഴന്നു. വല്യച്ചന്റെ കുഴിയിലാണ്ട കണ്ണുകള്‍ വട്ടച്ച് എഴുന്നേല്‍ക്കാന്‍ പാട് പെടുന്നത് കണ്ട് കൊച്ചച്ചന്‍ ആലോചനയിലമര്‍ന്നു. കിടപ്പിലായതിനുശേഷം വല്യച്ചന്‍ വേറൊന്നും പറയുന്നത് ആരും കേട്ടിട്ടുണ്ടായിരുന്നില്ല. ലോകവും പിശാചും ശരീരവും ചേര്‍ന്ന് വല്യച്ചനെ ഇത്രമേല്‍ അലട്ടുന്നതെന്തുകൊണ്ടായിരിക്കും എന്ന് ആലോചിച്ച് മുഷിഞ്ഞ് കൊച്ചച്ചന്‍ സ്വന്തം മുറിയിലേയ്ക്ക് തന്നെ പിന്‍വലിഞ്ഞു.
കൈകള്‍ തലയ്ക്കു പിന്നില്‍ പിണച്ച് അര്‍ദ്ധശയനാസനത്തില്‍ പ്രവേശിച്ച് കൊച്ചച്ചന്‍ ഓര്‍മ്മകളുടെ ആട്ടിന്‍പറ്റത്തെ മേയാന്‍ വിട്ടു. ലാവണ്യവാദിയായതുകൊണ്ടാവും മത്തായിയുടെ സുവിശേഷം മറികടന്ന് ലൂക്കോസിലെത്തിയ വല്യച്ചന്റെ വെളുത്ത് നേര്‍ത്ത വിരലുകള്‍ നാലാമദ്ധ്യായത്തിലെ ഒന്ന് മുതല്‍ പതിമൂന്ന് വരെയുള്ള വാക്യങ്ങളിലൂടെ കിതച്ച് നീങ്ങുന്നത് എത്രയോ വട്ടം കൊച്ചച്ചന്‍ കണ്ടിട്ടുണ്ട്! അത് ഒറ്റയ്ക്ക് ചെയ്യേണ്ട ഒരു യുദ്ധമാണെന്നറിയാവുന്നത് കൊണ്ട് കൊച്ചച്ചന്‍ എപ്പോഴും ഒഴിഞ്ഞ് നിന്നു. കൊച്ചച്ചന്റെ നീണ്ടിടതൂര്‍ന്ന മുടി തോളില്‍ കറുത്ത സര്‍പ്പക്കുഞ്ഞുങ്ങളെപ്പോലെ ഇഴയുന്നത് കണ്ട് പിറുപിറുത്തവരെ പുതുവീഞ്ഞ് പഴയ തുരുത്തിയില്‍ പകരുമാറില്ല; പകര്‍ന്നാല്‍ തുരുത്തി പൊളിഞ്ഞ് വീഞ്ഞ് ഒഴുകിപ്പോകും എന്ന് തടുത്തു. പുതിയ തുരുത്തിയിലെ പുതിയ വീഞ്ഞ് മുഖം ചുളിച്ചുകൊണ്ടാണെങ്കിലും ഇടവകയിലെ വിശ്വാസികള്‍ കുടിക്കാന്‍ തുടങ്ങി. കൊച്ചച്ചന്‍ കുറിക്കുന്ന കവിതകളിലൊക്കെയും പ്രണയപാപം നിറഞ്ഞിരിക്കുന്നു എന്ന് പരാതിപ്പെട്ടവരെ പ്രണയത്തിലല്ലയോ ക്രിസ്തു വസിച്ചത്? എന്ന ചോദ്യം കൊണ്ട് വല്യച്ചന്‍ നിശ്ശബ്ദരാക്കി.

കവിസമ്മേളനങ്ങളില്‍ കൊച്ചച്ചന്‍ കവിത ചൊല്ലുന്നു എന്ന് മൂക്കത്ത് വിരല്‍വച്ചവരോട് കവിത പുതിയ കാലത്തിന്റെ സുവിശേഷമാണ് എന്ന് വിളംബരം ചെയ്തു. ആ വല്യച്ചന്‍ മരണാസന്നനായപ്പോള്‍ ലോകം, പിശാച്, ശരീരം എന്ന് ഘോഷിക്കുന്നതിന്റെ പൊരുളെന്തായിരിക്കും? ഏതെങ്കിലും പാപകര്‍മ്മം കുഴിമാടത്തില്‍ നിന്നെഴുന്നേറ്റ് വന്ന് വല്യച്ചനെ ഭയപ്പെടുത്തുന്നുണ്ടാകുമോ? അതോ, ഈ മൂന്ന് ശത്രുക്കളേയും കരുതിയിരിക്കുക എന്ന് ഓര്‍മ്മപ്പെടുത്തുകയാവുമോ?
ഉച്ചയൂണ് കഴിഞ്ഞ് പതിവുള്ള മയക്കത്തിന് തുനിയാതെ കൊച്ചച്ചന്‍ പുറപ്പെട്ടു. ബുള്ളറ്റില്‍ പാഞ്ഞ് പോകുന്ന കൊച്ചച്ചനെ കാണുമ്പോള്‍ കുഞ്ചിരോമം പാറിച്ച് പായുന്ന ഒരു കുതിരയെയാണ് ആര്‍ക്കും ഓര്‍മ്മവരിക. ഇന്ന് പക്ഷേ, കൊച്ചച്ചന്‍ തീരെ ഉദാസീനനായിരുന്നു. പ്രധാന വീഥിയുടെ എകരം പോലെയുള്ള ഒരു ഇടവഴിയിലേയ്ക്ക് ബുള്ളറ്റ് പതുക്കെ തിരിഞ്ഞു. ഇടതുവശത്ത് അഞ്ചാമതായി പതുങ്ങിനിന്ന വീട്ടിലെത്തി കൊച്ചച്ചന്‍ വാതില്‍മണി മുഴക്കി. ഗൃഹനാഥനാണ് വന്ന് വാതില്‍ തുറന്നത്. കുപ്പായമിടാത്ത അയാളുടെ നെഞ്ചിലെ നരച്ചു തുടങ്ങിയ രോമക്കാട്ടില്‍ കൊച്ചച്ചന്റെ നോട്ടം കുരുങ്ങിപ്പിടഞ്ഞു. കണ്ണുകളെ ബദ്ധപ്പെട്ട് വീണ്ടെടുത്ത് കൊച്ചച്ചന്‍ കുശലം ചോദിച്ചു:
''ഈയിടെയായി ചേട്ടന്‍ പള്ളിയില്‍ വരാറില്ല?''
ഗൃഹനാഥന്റെ മുഖം കനക്കുകയും കണ്ണുകള്‍ ഇടുങ്ങുകയും ആവശ്യമില്ലാത്ത കാര്യങ്ങളില്‍ തലയിടരുത് എന്നൊരു ഭീഷണി മൂക്കിന്‍ തുമ്പത്ത് ഉരുണ്ടുകൂടുകയും ചെയ്തു. എങ്കിലും സ്വീകരണമുറിയിലേയ്ക്ക് കടക്കുകയല്ലാതെ കൊച്ചച്ചന് വേറെ വഴിയുണ്ടായിരുന്നില്ല. കണ്ണീര്‍ത്തുള്ളി പോലെയൊരു ചെറുപ്പക്കാരി ഇന്നലെ കുമ്പസാരക്കൂട്ടിലടച്ച് നീട്ടിയ രഹസ്യങ്ങള്‍ പറത്തിവിടാന്‍ എത്ര ശ്രമിച്ചിട്ടും കൊച്ചച്ചന്റെ നെഞ്ചകത്ത് തലകീഴായി തൂങ്ങിക്കിടന്നു.
ചേട്ടന്റെ മകന്‍ മരിച്ചിട്ടിപ്പോ രണ്ടു വര്‍ഷം കഴിഞ്ഞുവല്ലോ? അവനാകട്ടെ, ഭാര്യയില്‍ സന്തതിയെ ജനിപ്പിച്ചതുമില്ല! എന്നിരിക്കെ അവളെ മറ്റൊരുവന്... എന്ന് കൊച്ചച്ചന്‍ ഒന്ന് നിര്‍ത്തി ശ്വാസം ഉള്ളിലേയ്ക്ക് ആഞ്ഞ് വലിച്ചപ്പോഴേയ്ക്കും ഗൃഹനാഥന്റെ കനത്ത കൈപ്പത്തി അന്തരീക്ഷത്തില്‍ വിലങ്ങനെ പ്രത്യക്ഷപ്പെട്ടു.
''അവള് കുമ്പസാരിക്കാന്‍ പോയപ്പോഴേ ഈ വരവ് ഞാന്‍ പ്രതീക്ഷിച്ചതാ. എന്നാ ഒള്ള കാര്യം നേരേയങ്ങ് പറഞ്ഞേക്കാം. അവളെ കല്യാണം കഴിപ്പിച്ച് ഇവിടെത്തന്നെ നിര്‍ത്തും. അവന്‍ എന്റെ ഒറ്റ മകനായതുകൊണ്ട് അവനവകാശപ്പെട്ട സ്വത്ത് വകകളും അവള്‍ക്ക് കൊടുക്കും! പക്ഷേ, അവള്‍ പ്രസവിക്കുന്നത് എന്റെ സന്തതിയെയായിരിക്കും!''
ഇരുട്ടടി കിട്ടിയതുപോലെ കൊച്ചച്ചന്‍ തലയുടെ പിന്‍ഭാഗം തടവി. കൊച്ചച്ചന്റെ വാക്കുകള്‍ മുടന്തി.
''പക്ഷേ, ചേട്ടാ, ഇക്കാലത്ത്...''
ഗൃഹനാഥന്‍ എഴുന്നേറ്റ് കൊച്ചച്ചന് പുറത്തേയ്ക്ക് വഴി കാണിച്ചു.
''കര്‍ത്താവ് പഴയ നിയമം തിരുത്തിയല്ലോ എന്നൊക്കെ അച്ചന്‍ പറയുവായിരിക്കും. അതെന്തായാലും എന്നെ തിരുത്താന്‍ വരണ്ട!''
കൂന്ന്‌പോയ ചുമലുകളോടെ കൊച്ചച്ചന്‍ പുറത്തേയ്ക്ക് നടന്നു. എന്തോ ഓര്‍ത്ത് വിരക്തനായി നില്‍ക്കുന്ന ബുള്ളറ്റിനെ തൊട്ട് വിളിച്ചു. അപ്പോള്‍ വീടിന്റെ പിന്‍ഭാഗത്ത് നിന്ന് ഭയന്ന് വിളറിയ ചെറുപ്പക്കാരി ഒരു തുകല്‍പ്പെട്ടിയുമായി കൊച്ചച്ചന്റെ അരികിലേയ്ക്ക് ഓടിവന്നു.
''ഇനിയൊരു നിമിഷം ഞാനിവിടെ നില്‍ക്കൂല്ല! എന്നെ ഏതെങ്കിലും മഠത്തിലാക്കണേ അച്ചോ!'' എന്ന് അവളുടെ ഇടനെഞ്ച് പൊട്ടി.
''കേറിപ്പോടീ അകത്ത്!'' എന്ന് ഗൃഹനാഥന്‍ ചാടിയിറങ്ങി വന്നപ്പോഴേയ്ക്കും ബുള്ളറ്റ് അവരേയും കൂട്ടി ഓര്‍ക്കാപ്പുറത്തേയ്ക്ക് കുതിച്ചു. ചെറുപ്പക്കാരിയുടെ അപ്പനമ്മമാര്‍ മരിച്ചുപോയെന്നും ആകെയുള്ള ഒരു ചേട്ടന്‍ അവളെ കൈകൊള്ളുകയില്ലെന്നും അറിഞ്ഞതുകൊണ്ട് കൊച്ചച്ചന്‍ വഴിനീളെ നിശ്ശബ്ദനായി. മഠത്തിന്റെ കൂറ്റന്‍ ഇരുമ്പ് കവാടത്തിന്റെ മുന്നില്‍ ബുള്ളറ്റ് നിര്‍ത്തി കൊച്ചച്ചന്‍ പറഞ്ഞു:
''മദറിനോട് കൊച്ച് തന്നെ വിവരങ്ങളൊക്കെ പറഞ്ഞ് നോക്ക്!''
നിറഞ്ഞ് വരുന്ന കണ്ണുകള്‍ തുടയ്ക്കാന്‍ മെനക്കെടാതെ അവള്‍ വിതുമ്പി.
''ഈ ലോകം എനിക്കൊരുപാടിഷ്ടാരുന്നച്ചോ! പക്ഷേ, ഇനി ആരെനിക്കൊരു ജീവിതം തരും?''
അവളുടെ പൂര്‍ണ്ണമായും വിടര്‍ന്ന കണ്ണുകളിലും ഒരു കുഞ്ഞിന്റേതുപോലെ നിഷ്‌ക്കളങ്കമായ ചുണ്ടുകളിലും നോക്കിനില്‍ക്കുമ്പോള്‍ കൊച്ചച്ചന് ഇടത്തെ നെഞ്ചില്‍ ആരോ ചൊറിയുന്നതുപോലെ തോന്നി. പരിഭ്രമിച്ചു പോയ കൊച്ചച്ചന്റെ കണ്ണുകള്‍ അത്യുന്നതങ്ങളില്‍ ഉഴറിപ്പാഞ്ഞു. സ്വര്‍ഗ്ഗസ്ഥനായ പിതാവേ! എന്ന് ഹൃദയം നിശ്ശബ്ദം  നിലവിളിച്ചു. കൊച്ചച്ചന്റെ വാക്കിന് ചെവിയോര്‍ത്ത് നിന്ന് നിരാശയായ ചെറുപ്പക്കാരി ഇരുമ്പ് കവാടം തള്ളിത്തുറന്ന് അപ്രത്യക്ഷയായി. കൊച്ചച്ചന്‍ പരവശനായി പിന്നേയും കുറച്ചു നേരം അവിടെത്തന്നെ നിന്നു.
പബ്ലിക് ലൈബ്രറിയുടെ മുറ്റത്തെ മരച്ചുവട്ടില്‍ കസേരകളും കവികളും ശ്രോതാക്കളും നിരന്ന് കഴിഞ്ഞിരുന്നു. കഫറ്റേരിയയില്‍ ചെന്ന് ഒരു കപ്പ് ചായ  നില്‍പ്പനടിച്ച് കൊച്ചച്ചന്‍ മടങ്ങിവന്നു. ജീന്‍സിന്റെ പോക്കറ്റില്‍ പരതിയപ്പോള്‍ കവിയരങ്ങില്‍ ചൊല്ലാനുള്ള കവിത എടുക്കാന്‍ മറന്നുവല്ലോ എന്ന മൗഢ്യം വിരല്‍ത്തുമ്പുകളില്‍ തടഞ്ഞു. പഴയതേതെങ്കിലും ചൊല്ലിയാല്‍ മതി എന്ന് ആരോ പറഞ്ഞെങ്കിലും കൊച്ചച്ചന്‍ കേള്‍വിക്കാരനാകാന്‍ തീര്‍ച്ചപ്പെടുത്തി.
ഓരോരുത്തരായി കൊഴിഞ്ഞ് സദസ്സ് ശുഷ്‌കമായിത്തുടങ്ങിയപ്പോള്‍ കൊച്ചച്ചന്‍ എഴുന്നേറ്റ് റോഡിലേയ്ക്കിറങ്ങി. അന്നേരം ഒരു പിന്‍വിളി കൊച്ചച്ചനെ പിടിച്ചു നിര്‍ത്തി. എരിവുള്ള കവിത എഴുതുന്നതുകൊണ്ട് കാന്താരി എന്ന വട്ടപ്പേരില്‍ അറിയപ്പെടുന്ന പെണ്‍കുട്ടി ഒപ്പമെത്തി. ഇയാള് എന്നെ ഒന്ന് ഫ്‌ലാറ്റിലാക്കിത്തരണം എന്ന് ഒരു കണ്ണ് മുറുകെ അടച്ച് മറുകണ്ണില്‍ ചിരി നിറച്ചു.
ബുള്ളറ്റ് ഫ്‌ലാറ്റിന്റെ ഗേറ്റിലെത്തിയപ്പോള്‍ പെണ്‍കവി ക്ഷണിച്ചു:
''ഇയാള്‍ക്കിന്നെന്തോ പറ്റി? എന്നാപ്പിന്നെ എന്റെ കൂടെ വാ! കൊറച്ച് നേരം രസായിട്ട് കൂടാം!''
കൊച്ചച്ചന്റെ ചുണ്ടുകളില്‍ ഒരു പ്രാര്‍ത്ഥന പൊള്ളിപ്പിടഞ്ഞു:
''കര്‍ത്താവേ! ഞാനൊരു പാവം മനുഷ്യനാ! പ്രലോഭനങ്ങളില്‍ ഞാന്‍ വീണുപോവും!''
കൊച്ചച്ചന്റെ നില്‍പ്പ് കണ്ട് അമര്‍ത്തിയ ചിരിയോടെ കാന്താരിക്കവി ഗേറ്റ് കടന്നു. കനത്ത ഒരു നെടുവീര്‍പ്പിട്ട് ബുള്ളറ്റ് പിന്നേയും  മുന്നോട്ടുരുണ്ടു.
മുറിയില്‍ ചെന്നപാടെ കൊച്ചച്ചന്‍ കിടക്കയില്‍ വീണു. അത്താഴമുപേക്ഷിച്ച് തിരിഞ്ഞും മറിഞ്ഞും കിടന്നു. എപ്പോഴോ ഉറക്കം പ്രസാദിച്ച് ഒരു മാടപ്രാവിന്റെ രൂപത്തില്‍ ചിറക്വിരിച്ച് കൊച്ചച്ചന്റെ കണ്ണുകളിലേയ്ക്കിറങ്ങി വന്നു.
കൃത്യം നാല് മണിക്ക് കുമ്പസാരക്കൂടിനരികില്‍ കൊച്ചച്ചനെ കാത്ത് പാവാടക്കാരി ചുവപ്പില്‍ ജ്വലിച്ചു നിന്നു. ഒരു സ്വപ്നാടനക്കാരനെപ്പോലെ കൊച്ചച്ചന്‍ നടന്നടുക്കുന്നത് കണ്ട് അവളുടെ കണ്ണുകള്‍ തീക്ഷ്ണമാവുകയും ഓറഞ്ചല്ലിപോലെയുള്ള അടിച്ചുണ്ട് പുളിമധുരം ചുരത്തുകയും ചെയ്തു.
''അച്ചോ! നേരെനിന്ന് കാര്യം പറഞ്ഞാലെന്താ കൊഴപ്പം? നമുക്കിടയിലെന്തിനാ കുമ്പസാരക്കൂടിന്റെ  മറ?''
കൊച്ചച്ചന്‍ അവളുടെ നേരെ നോക്കാതെ പറഞ്ഞു:
''എന്നാ നീ പറഞ്ഞോ കൊച്ചേ!''
''ഈയിടെയായി എന്നെ ചില ചോദ്യങ്ങള്‍ വല്ലാതെ അലട്ടുന്നച്ചോ! ദൈവം മനുഷ്യരുടെ ശരീരത്തില്‍ കാമനകള്‍ നിറച്ചതുകൊണ്ടല്ലേ അവര്‍ പ്രലോഭനത്തിന് വഴിപ്പെടുന്നത്? അതെങ്ങനെ കുറ്റമാകും? പുരോഹിതന്മാര്‍ എന്നൊരു വര്‍ഗ്ഗം വേണമെന്ന് വിശുദ്ധ വേദപുസ്തകത്തില്‍ പറഞ്ഞിട്ടുണ്ടോ? അവര് കല്യാണം കഴിച്ച് കുടുംബമായി ജീവിക്കരുതെന്ന് ആരാണ് വിലക്കിയത്? എങ്കീപ്പിന്നെ ദൈവം ആണിനെ സൃഷ്ടിച്ച് അവനൊരു പെണ്‍കൂട്ടുണ്ടാക്കിക്കൊടുത്തതെന്തിനാ?''
ആഞ്ഞ് കൊത്തുന്ന ചോദ്യങ്ങളുടെ നടുവില്‍നിന്ന് കൊച്ചച്ചന്‍ നിസ്സഹായതയോടെ ചോദിച്ചു:
''തീര്‍ന്നോ?''
''ചോദ്യങ്ങളിനിയും എത്രവേണമെങ്കിലുമുണ്ട്. തല്‍ക്കാലം ഇതിനൊള്ള ഉത്തരം തന്നാ മതി!''
''കൊച്ചേ! ഞാനൊരു പാവം മനുഷ്യനാ! അതുകൊണ്ട് കാമനകളെ കര്‍മ്മം കൊണ്ട് മറികടക്കാന്‍ ശ്രമിക്കുകാ. നീ ഇതുപോലത്തെ ചോദ്യങ്ങള്‍ ചോദിച്ച് എന്നെ വലയ്ക്കരുത്!''
പെണ്‍കുട്ടി പൊട്ടിച്ചിരിച്ചു.
''ഞാനാണ് ചോദ്യം! ഞാന്‍ തന്നെ ഉത്തരവും! എന്ന് കര്‍ത്താവ് പറഞ്ഞിട്ടില്ലേ?''
കൊച്ചച്ചന്‍ അമ്പരന്നു.
''എപ്പോപ്പറഞ്ഞു?''
പെണ്‍ചിരിയുടെ കിലുക്കം കൊച്ചച്ചന്റെ ഹൃദയത്തിന്റെ ഭിത്തിയില്‍ തട്ടി ശരീരമാകെ പ്രതിദ്ധ്വനിച്ചു.
''കര്‍ത്താവ് അങ്ങനെ പറഞ്ഞിട്ടില്ലെങ്കില്‍ ഇനി പറയാവുന്നതേയുള്ളൂ! പക്ഷേ, ഞാനിന്ന് രാത്രി വണ്ടിക്ക് ബാംഗ്ലൂര്‍ക്ക് പോകും?''
പെണ്‍കുട്ടി എത്തിക്കുത്തി നിന്ന് കൊച്ചച്ചന്റെ കവിളില്‍ അമര്‍ത്തി ചുംബിച്ചു. പിന്നെ പൂത്തുലഞ്ഞ് പുറത്തേയ്ക്ക് ഓടിപ്പോയി!
ചുംബനച്ചൂടില്‍ ഉടലാകെ പെരുത്തുപോയ കൊച്ചച്ചന്‍ ഇക്കുറി കര്‍ത്താവിനെയല്ല വിളിച്ചത്.
''സാത്താനേ! ദുര്‍ബ്ബലനായ എന്നെയിങ്ങനെ പരീക്ഷിക്കുന്നതില്‍ അര്‍ത്ഥം എന്തുള്ളൂ? ബലവാനായ ഒരുവനോടല്ലയോ നീ എതിരിടേണ്ടത്?''