'എന്റെ ഹൃദയത്തിന്റെ അടയാളം'; കാന്‍സറിനോട് പടവെട്ടി ഒടുവില്‍ വീണുപോയ ശ്രീലത രാകേഷിന്റെ ആത്മകഥ (ആര്‍സിസി ജീവിതം)

കാന്‍സറിനോട് പടവെട്ടി അതിജീവനത്തിന്റെ മഹത്തായ സന്ദേശം പകര്‍ന്നുതന്ന് നമുക്ക് മുന്നിലൂടെ കടന്നുപോയ ശ്രീലത രാകേഷിന്റെ ആത്മകഥയുടെ രണ്ടാംഭാഗം 
'എന്റെ ഹൃദയത്തിന്റെ അടയാളം'; കാന്‍സറിനോട് പടവെട്ടി ഒടുവില്‍ വീണുപോയ ശ്രീലത രാകേഷിന്റെ ആത്മകഥ (ആര്‍സിസി ജീവിതം)


കാന്‍സറിനോട് പടവെട്ടി അതിജീവനത്തിന്റെ മഹത്തായ സന്ദേശം പകര്‍ന്നുതന്ന് നമുക്ക് മുന്നിലൂടെ കടന്നുപോയ ശ്രീലത രാകേഷിന്റെ ആത്മകഥയുടെ രണ്ടാംഭാഗം

 ഇന്നും ഓര്‍ക്കുമ്പോഴൊക്കെ അന്നത്തെ അതേ ശൂന്യത എന്നെ പൊതിയും. അതേ ഇരുട്ട് എന്നെ ഭയവിഹ്വലയാക്കും. ചിലപ്പോള്‍ എനിക്കത് മറക്കണമെന്നു തോന്നും. പക്ഷേ, അതെന്റെ ആത്മാവില്‍ രേഖപ്പെട്ടിരിക്കുന്നു. എനിക്കതില്‍നിന്നും മോചനം ഉണ്ടാവുകയില്ല. ഏട്ടാ, ആ നിമിഷത്തിനുവേണ്ടി ഞാന്‍ നിന്നോട് ക്ഷമ ചോദിക്കുന്നു. നിന്റെ ഇതുവരെയുള്ള ജീവിതത്തിലെ ഏറ്റവും വലിയ വേദനയ്ക്ക് നിമിത്തമായതില്‍ ഞാന്‍ നിന്നോട് ക്ഷമ ചോദിക്കുന്നു. നിന്റെ ആ കണ്ണുനീരെന്നെ തകര്‍ത്തുകളഞ്ഞിരുന്നു. പക്ഷേ, ഞാന്‍ തിരിച്ചുവന്നതും നിന്റെ ആ കണ്ണുനീര് കാരണമാണ്. നിന്റെ കണ്ണുകള്‍ നിറയാതിരിക്കാനാണ് എന്റെ ഇനിയുള്ള പ്രാര്‍ത്ഥനകളൊക്കെയും..!
കണ്ണുകള്‍ തോരാതെ പെയ്തു.

''ഇത്രയധികം ശിക്ഷിക്കപ്പെടാന്‍ ഞാനെന്തു ചെയ്തു'' എന്നു മനസ്സ് കലഹിച്ചു. ശിക്ഷയാണെങ്കില്‍ ഞാന്‍ മാത്രം മതിയല്ലോ? എന്തിനാണെന്റെ പാതി ജീവനെ ഇങ്ങനെ..? പ്രണയം, സമരം, വിവാഹം...ഞാനതെല്ലാം ഓര്‍ത്തു.എന്റെ കൈപിടിച്ചപ്പോള്‍ ഏട്ടന് 30 വയസ്സ് തികഞ്ഞിട്ടുണ്ടായിരുന്നില്ല എന്ന് എന്നെത്തന്നെ ശപിച്ചു. ഇങ്ങനെ ശിക്ഷിക്കപ്പെടാന്‍ ഇവനെന്ത് ചെയ്തു എന്ന് ഓര്‍ത്തോര്‍ത്ത് കരഞ്ഞു. വന്നത് പോലെയല്ല മടക്കയാത്ര.

തോരാതെ പെയ്യുന്ന കണ്ണും ചിതറിയ ഹൃദയവും അനുനിമിഷം കനക്കുന്ന മനസ്സുമായാണ് മടക്കയാത്ര. ആദ്യത്തെ ആശുപത്രിയില്‍ പരിശോധനയ്ക്ക് അയച്ച ഡോക്ടര്‍ പോയിക്കഴിഞ്ഞു. ഡ്യൂട്ടി ഡോക്ടറുടെ മുഖത്തെ അങ്കലാപ്പിന്റെ അര്‍ത്ഥം അറിയാന്‍ എനിക്കിനി എവിടെയും നോക്കേണ്ടതില്ല.എന്നെ മാറ്റിനിര്‍ത്തിയാണ് ഏട്ടന്‍ ഡോക്ടറോട് സംസാരിച്ചത്.എന്തിനാണ് ഇങ്ങനെ ഒരു മറ?എനിക്കറിയാത്തതല്ലല്ലോ...
അല്ലെങ്കില്‍ കണ്ണീരു പെയ്യുന്ന മുഖം കണ്ടപ്പോള്‍ തുറന്നു സംസാരിക്കാന്‍ ഡോക്ടര്‍ക്കും മടി തോന്നിയിരിക്കാം.. വീട്...ഞാന്‍ വലതുകാല്‍ വച്ചു കയറിയ വീട്...അത്രയും ദിവസത്തെ ആഹ്ലാദങ്ങള്‍ പൊടുന്നനെ നിലച്ചുപോയി. വീട്ടിലെ ഏറ്റവും ആദ്യത്തെ കണ്ണീര്‍മഴ പെയ്തു.ഏട്ടന്‍ ഉറക്കെ കരഞ്ഞു. ഞാനും...താലി ഊരിവച്ച് മടങ്ങിയാലോ എന്നുകൂടി എനിക്ക് തോന്നി. (ചില സിനിമകളിലൊക്കെ കാണുന്നതുപോലെ അല്ലേ?)

പക്ഷേ, എല്ലാവരും എന്നെ സ്‌നേഹം കൊണ്ട് തോല്‍പ്പിച്ചുകളഞ്ഞു.''ഈ ഒരു കാരണംകൊണ്ട് നീയൊരിക്കലും മടങ്ങിപ്പോവില്ല മോളേ'' എന്ന് അച്ഛനും അമ്മയും പറഞ്ഞു.''നീ ഞങ്ങളുടെ മകള്‍ തന്നെയാണ്. ഞങ്ങളുടെ മകള്‍ക്കാണിങ്ങനെ വന്നതെങ്കില്‍ ഞങ്ങളവളെ ഉപേക്ഷിക്കുമോ? അതുപോലെ തന്നെയാണ് നീയും...''ഞാനെങ്ങനെയാണ് ആ വാക്കുകളുടെ കടം വീട്ടുക?
കണ്ണീരിന്റെ ഏതോ നിമിഷത്തില്‍ അതുവരെയുള്ള ഞാന്‍ മരിച്ചുവീണു. വേറെയൊരു ഞാന്‍ ജനിച്ചു. ആ എനിക്ക് മനസ്സിനു നല്ല കട്ടിയുണ്ടായിരുന്നു. ''ഞാന്‍ നേരിടും'' എന്നു ഞാന്‍ എന്നോടുതന്നെ പറഞ്ഞു.അന്നു പക്ഷേ, ഉറങ്ങിയത് എങ്ങനെയായിരുന്നു...?അല്ലെങ്കില്‍ ഉറങ്ങിയിരുന്നോ..?എങ്ങനെയാണ് ആ ദിവസം കടന്നുപോയതെന്ന് ഇന്നും എനിക്കറിയില്ല.ചില ദിവസങ്ങള്‍ ഉണ്ടാകും അങ്ങനെ... ''ഈ രാത്രി ഞാനെങ്ങനെ കടക്കും'' എന്ന് അലറിക്കരയുന്ന ദിവസങ്ങള്‍. പക്ഷേ, സാരമില്ല. ചിലപ്പോള്‍ ഉറങ്ങാന്‍ ഇത്തിരി വൈകിയാലും ഉറങ്ങാതെ ഉരുകിയാലും അതു കടന്നുപോകും. പുതിയ പ്രഭാതം വരും. നമ്മള്‍ ജീവിക്കാന്‍ നിര്‍ബന്ധിതരാകും. അതും കടന്നുപോകും. ജീവിതം പിന്നെയും നമ്മളെ ആശ്ലേഷിക്കും. അതിനുവേണ്ടി വേദനയോടെയാണെങ്കിലും കാത്തിരിക്കുക തന്നെ വേണം. ജീവിതം അങ്ങനെയൊക്കെയാണ്.
പിറ്റേന്ന്, വീണ്ടും ആശുപത്രി...

ഡോക്ടറെ കാണണമെന്നു ഞാന്‍ വാശിപിടിച്ചു. ഡോക്ടര്‍ സമ്മതിച്ചില്ല. ഇന്നും എനിക്കത് അംഗീകരിക്കാന്‍ പറ്റിയിട്ടില്ല.
''എനിക്കിത് ഡോക്ടറുടെ വായില്‍നിന്നുതന്നെ കേള്‍ക്കണം. എന്തായാലും ഞാനത് നേരിടും'' എന്നു മനക്കരുത്തുള്ള ഒരാളോട് ഡോക്ടര്‍ തന്നെ സംസാരിക്കുന്നതാണ് ഉചിതം എന്നാണ് എന്റെ അഭിപ്രായം. രോഗിക്ക് സംശയങ്ങള്‍ ചോദിക്കാം. മറ്റു പലരും പറയുന്ന ഊഹാപോഹങ്ങള്‍ക്കും അതിശയോക്തി കലര്‍ന്ന സംഭവകഥകള്‍ക്കും ചെവി കൊടുക്കാതിരിക്കാന്‍ ഡോക്ടറും രോഗിയും തമ്മിലുള്ള ആശയവിനിമയം സഹായിക്കും എന്ന് എനിക്ക് തോന്നുന്നു.

അല്ലെങ്കിലും ഒരു ഡോക്ടര്‍ക്ക് പകര്‍ന്നുതരാന്‍ കഴിയുന്ന ആത്മവിശ്വാസവും ആശ്വാസവും മറ്റാര്‍ക്കാണ് പകര്‍ന്നുതരാന്‍ കഴിയുക?ഡോക്ടറുടെ മുറിയില്‍നിന്നും ആര്‍സിസിയിലേക്കുള്ള കത്തുമായാണ് ഏട്ടനും അമ്മമാരും അച്ചായിയും പുറത്തുവന്നത്.എന്റെ ജീവിതം വഴിമാറി ഒഴുകാന്‍ തുടങ്ങിയത് ഞാന്‍ നോക്കിനിന്നു. ഞാന്‍ നിസ്സഹായ ആയിരുന്നു.ചിലപ്പോഴൊക്കെ അങ്ങനെയാണ് അല്ലേ? നമ്മള്‍ തീര്‍ത്തും നിസ്സഹായരായിപ്പോവും. നമ്മുടെ ജീവിതമായിരിക്കും. പക്ഷേ, ഒന്നും ചെയ്യാന്‍ പറ്റില്ല. ഇടയിലെവിടെയും സ്റ്റോപ്പ് ഇല്ലാത്ത വണ്ടിയില്‍ കയറിയതുപോലെയാകും അങ്ങ് പോവുക. ഒരുപക്ഷേ, യാത്രയുടെ അവസാനം മനോഹരമായിരിക്കും. പ്രതീക്ഷയാണ്. അല്ലെങ്കിലും ജീവിതം എന്നാല്‍, പ്രതീക്ഷകളാണല്ലോ. നാളേയ്ക്കും നല്ല കാലത്തിനും വേണ്ടിയുള്ള പ്രതീക്ഷകള്‍. നല്ലതെന്തോ വരാനുണ്ടെന്ന പ്രതീക്ഷ പറഞ്ഞല്ലോ, ജീവിതം അങ്ങനെയൊക്കെയാണ്.

നാളുകള്‍ക്കു ശേഷം അച്ഛനും അമ്മയും ഒരുമിച്ചു നടന്നുപോകുന്നത് കണ്ടപ്പോള്‍ എന്റെ മനസ്സിലൊരു തണുപ്പ് വീണു, ആ കടുത്ത ചൂടിലും.
ഏട്ടന്റെ ചുമലില്‍ ചാരി, തളര്‍ന്ന ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു:''ഏട്ടാ, നോക്ക്... ഒരുപാട് കാലത്തിനു ശേഷമാണ് അവരിങ്ങനെ ഒരുമിച്ചു നടക്കുന്നത് ഞാന്‍ കാണുന്നത്... ചിലപ്പോള്‍ എല്ലാം ശരിയാവാനായിരിക്കും എനിക്കിങ്ങനെ...'' എന്ന്.(വിഡ്ഢി! നിലച്ചുപോയ ഒരു പുഴയൊഴുകാന്‍ ഒരു വര്‍ഷക്കാലം മതിയാവില്ലെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു. എന്റെ വീട്ടില്‍ അങ്ങനെ ഒരു പുഴ അപ്രത്യക്ഷമായിട്ട് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടുണ്ടായിരുന്നു.)

ആദ്യത്തെ വിഷുവായിരുന്നു...

ഇങ്ങനെയൊരു വിഷുക്കാലം ആര്‍ക്കെങ്കിലും അറിയുമോ...?അത്രയധികം കണ്ണീരു വീണു നനഞ്ഞ ഒരു വിഷുക്കാലം എന്റെ ഓര്‍മ്മയിലെങ്ങുമില്ല. കൈനീട്ടവും കാണിക്കയുമെല്ലാം വെറും കണ്ണീരു മാത്രമായ ഒരു വിഷുക്കാലം.. ആര്‍സിസിയിലേയ്ക്കുള്ള ആദ്യത്തെ യാത്രയുടെ ദിവസം.രാത്രിവണ്ടിയില്‍, കണ്‍ഫേം ആകാത്ത ടിക്കറ്റും ആയി...റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുമ്പോഴാണ് കണ്ണീരു പെയ്ത പകലില്‍ 'വിഷു ആശംസകള്‍' പറയാന്‍ മിഥു വിളിച്ചത്. അവന്റെ പേര് മിഥുന്‍ എന്നാണ്. മിഥു എന്നു വിളിച്ചാണ് ശീലം. മിഥുന്‍ എന്റെ ആത്മാര്‍ത്ഥ സുഹൃത്ത്. എന്റെ ഹൃദയത്തില്‍ ഒരു കടല്‍ തിരയടിച്ചുയര്‍ന്നു. ഞാന്‍ പക്ഷേ, കരഞ്ഞില്ല. ഹൃദയം കരയുമ്പോഴും 'ഒന്നുമില്ലെന്ന്' ഭാവിക്കുന്ന നിമിഷങ്ങളിലൊക്കെ എനിക്ക് എന്നെക്കുറിച്ച് അഭിമാനം തോന്നും. ഞാന്‍ വിജയിക്കുന്ന നിമിഷങ്ങളാണ് അതൊക്കെ എന്നാണ് എന്റെ വിശ്വാസം.
വിജയം പലര്‍ക്കും പലതാണ്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് അതിന്റെ അര്‍ത്ഥം മാറിക്കൊണ്ടിരിക്കും. പക്ഷേ, നമ്മളെ അടക്കാന്‍ നമ്മള്‍ പഠിച്ചുവെങ്കില്‍ തീര്‍ച്ചയായും ജീവിതത്തില്‍ ഒരളവോളം വിജയിച്ചു എന്നു പറയാം. എനിക്ക് അങ്ങനെയാണ്. കണ്ണീരിനെ കടിച്ചിറക്കുമ്പോള്‍ ഞാന്‍ വിജയിച്ചു എന്നു തോന്നും. ശബ്ദം മാറുമ്പോള്‍ ഒരു നിമിഷം നിശ്ശബ്ദയായി. എന്നെ വീണ്ടെടുത്ത് വീണ്ടും സംസാരിക്കുമ്പോള്‍ ഞാന്‍ വിജയിച്ചുവെന്നു തോന്നും. അങ്ങനെയുള്ള വിജയങ്ങള്‍ തീര്‍ച്ചയായും നമ്മുടെ കയ്യില്‍ തന്നെയാണ്.
കണ്ണീരടക്കി ഞാനും 'വിഷു ആശംസകള്‍' നേര്‍ന്നു.എന്തൊരു യാത്രയായിരുന്നു അത്.ഏട്ടനോടൊപ്പമുള്ള നീണ്ട യാത്രകള്‍ എനിക്കെന്നും സ്വപ്നവും ആഗ്രഹവും ആയിരുന്നു. അതു പക്ഷേ...(എത്രയധികം 'പക്ഷേ'കള്‍ ചേര്‍ന്നാണ് ഒരു നല്ല ജീവിതം പൂര്‍ത്തിയാക്കുക..?)


തിരുവനന്തപുരത്ത് ചരത്തേട്ടന്റെ വീടുണ്ട്. വൈശാഖന്റെ സുഹൃത്ത്. വൈശാഖന്‍ ഏട്ടന്റെ 'ഫസ്റ്റ്' അനിയന്‍ ആണ്. ഏട്ടന്‍ അങ്ങനാണ് ആദ്യം എനിക്കവനെ പരിചയപ്പെടുത്തിയത്... എത്ര വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു അത് ?

നന്മ മാത്രം നിറഞ്ഞ ഒരു കുടുംബം. ആര്‍സിസി ജീവിതകാലത്ത് ഇത്രയധികം സ്‌നേഹവും സഹായവും നല്‍കിയ മറ്റൊരു വീടോ ആള്‍ക്കാരോ ഇല്ല. ചരത്തേട്ടന്റെ അച്ഛനാണ് ആശുപത്രിയില്‍ കൂടെ വന്നത്. അച്ഛന്റെ പരിചയമാണ് അവിടുത്തെ നടപടിക്രമങ്ങള്‍ എളുപ്പമാക്കിയത്. അച്ഛനാണ് പരിഭ്രമിച്ചുനിന്ന എനിക്കും ഏട്ടനും തുണയായതും. 'വല്യച്ഛന്‍' എന്നു പറഞ്ഞ് എനിക്കുവേണ്ടി രക്ഷാധികാരിയായി ഒപ്പിട്ടതും.

ആ കുടുംബമാണ് അതിഥികളെന്ന തോന്നലില്ലാതെ, രോഗിയെന്ന സഹതാപമില്ലാതെ ഞങ്ങളെ സ്വീകരിച്ചത്. അപരിചിതമായൊരു നഗരത്തില്‍ കാര്യങ്ങളെല്ലാം തടസ്സമില്ലാതെ ഒഴുകാന്‍ സഹായിച്ചത്. ചരത്തേട്ടന്റെ ചേച്ചിയുടെ വീടാണ് ആദ്യം തലസ്ഥാനത്ത് അന്തിയുറങ്ങാന്‍ ഇടം തന്നത്. ചരത്തേട്ടന്റെ ചേച്ചിയുടെ ഭര്‍ത്താവിന്റെ അച്ഛനാണ് എന്റെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചത്. കണ്ണ് നിറഞ്ഞാണ് ആ നിമിഷം ഞാന്‍ ഏറ്റുവാങ്ങിയതെന്നുകൂടി പറയട്ടെ. ആ നിമിഷം ഞാന്‍ മറന്നിട്ടില്ല. അത് രണ്ടാമത്തെ ആര്‍സിസി യാത്രയിലായിരുന്നു. മറ്റെന്തിനെക്കാളും ഞാന്‍ ആ അച്ഛനെ വിശ്വസിച്ചു. ആ പ്രാര്‍ത്ഥനയെ വിശ്വസിച്ചു. ഒരുവേള പരിശോധനകളുടെ ഫലങ്ങള്‍ 'നെഗറ്റീവ്' ആയിരിക്കും എന്നു തോന്നുന്നത്ര വിശ്വാസം. അങ്ങനെയുള്ള ചില പ്രാര്‍ത്ഥനകള്‍ ഇന്നും ഹൃദയത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. അതൊക്കെയാണ് ആര്‍സിസി ജീവിതത്തിന്റെ നിറമുള്ള നിമിഷങ്ങള്‍.തീര്‍ച്ചയായും...!

പക്ഷേ, ഞാന്‍ പറയട്ടെ, ഒരു കൈ നീണ്ടുവരികതന്നെ ചെയ്യും. എനിക്കെപ്പോഴും അങ്ങനെ തോന്നും. പ്രതീക്ഷിച്ച ഇടത്ത് നിന്നാവണം എന്നില്ല. പക്ഷേ, ഏറ്റവും ആവശ്യമുള്ള സമയത്ത്, അങ്ങനെ ഒരു കൈ, ഒരാള്‍, ഒരു സ്‌നേഹം, ഒരു കരുതല്‍... തീര്‍ച്ചയായും തേടിവരിക തന്നെ ചെയ്യും.
ജീവിതം എന്നെ അങ്ങനെയാണ് പഠിപ്പിച്ചത്. രക്തം കൊണ്ടും സ്‌നേഹം കൊണ്ടും നിയമം കൊണ്ടും ബന്ധിക്കപ്പെട്ടവര്‍ ഒന്നും ചെയ്യാതെ, ഒന്നും ചെയ്യാനാവാതെ മാറി നിന്നപ്പോള്‍ തണലായത് പലപ്പോഴും ജീവിതത്തില്‍ അന്നുവരെ കണ്ടിട്ടില്ലാത്ത മുഖങ്ങളായിരുന്നു. നമുക്ക് ജീവിതത്തെ എങ്ങനെ പ്രണയിക്കാതിരിക്കാനാവും.

ആര്‍സിസി  റീജിയണല്‍ കാന്‍സര്‍ സെന്റര്‍

മതില്‍ക്കെട്ട് തന്നെ വല്ലാത്തൊരു ഭയം പടര്‍ത്തി. കരയാന്‍ വയ്യായിരുന്നു.ആര്‍സിസിയുടെ ഏറ്റവും വലിയ വേദന എന്താണെന്ന് അറിയുമോ?

അവിടെ വരുന്ന ചെറിയ മക്കളാണ്. കരഞ്ഞു നിലവിളിക്കുന്ന മക്കള്‍, വാടിത്തളര്‍ന്ന മക്കള്‍, അവരെ നെഞ്ചിലും കയ്യിലും ഏന്തി നടക്കുന്ന അച്ഛനമ്മമാര്‍. നമ്മുടെ വേദന ഒന്നും അപ്പോള്‍ വേദന അല്ലാതെയായി തീരും.

അരവിന്ദന്‍ വന്നു. അരവിന്ദനെ പരിചയപ്പെടുത്തിയത് ചരത്തേട്ടന്റെ അച്ഛനാണ്. രജിസ്ട്രേഷന്‍ എളുപ്പമായത് അരവിന്ദന്‍ ഉണ്ടായതുകൊണ്ടാണ്.
ഞാന്‍ പറഞ്ഞല്ലോ. ചിലപ്പോഴൊക്കെ ഒരു കൈ നീണ്ടുവരുമെന്ന്. അങ്ങനെ ഒരു കൈ ആയിരുന്നു അരവിന്ദന്‍. അതുവരേയ്ക്കും അറിയാത്തൊരാള്‍. അന്നുമാത്രം പരിചിതമായ മുഖം. അരവിന്ദന്‍ സാദ്ധ്യമായ എല്ലാ സഹായങ്ങളും ചെയ്തുതന്നു. ചിലപ്പോഴൊക്കെ അദ്ഭുതം തന്നെ. കേരളത്തിന്റെ ഇങ്ങേ മൂലയ്ക്ക് നിന്നും ഞാനും ഏട്ടനും അങ്ങേ മൂലയ്ക്ക് എത്തിയപ്പോള്‍ എത്ര പേരായിരുന്നു സ്‌നേഹമായും സഹായമായും കൂടെ വന്നത്. തീര്‍ച്ചയായും നമ്മള്‍ കൊടുക്കുന്നതൊക്കെ നമ്മിലേക്ക് മടങ്ങിവരിക തന്നെ ചെയ്യും. പ്രതീക്ഷിച്ച ഇടങ്ങളില്‍ നിന്നാവണമെന്നില്ല... അത്രേയുള്ളൂ..!

ആര്‍സിസിയുടെ പ്രധാന വാതില്‍ കടന്ന്, വലിയ ഹാളില്‍, ഒരു മൂലയ്ക്കായിരുന്നു അന്ന് രജിസ്ട്രേഷന്‍ മുറി.''കല്യാണം കഴിഞ്ഞോ? മക്കളുണ്ടോ? എത്ര വര്‍ഷമായി കല്യാണം കഴിഞ്ഞിട്ട്?''മൂന്നു ചോദ്യങ്ങള്‍. വിവാഹിതയാണെന്നും മക്കളില്ലെന്നും പറഞ്ഞു. ''കല്യാണം കഴിഞ്ഞിട്ട് 25 ദിവസം'' എന്നു പറഞ്ഞപ്പോള്‍ മാത്രം ശബ്ദം ഒന്നിടറി. എനിക്ക് കരയണമെന്നു തോന്നി. ഇരമ്പി വന്ന ഒരു മഴയെ ഞാന്‍ കടിച്ചിറക്കി.ആ വാക്കുകള്‍ സാധാരണ വാക്കുകളാണ്. ശരി തന്നെ. പക്ഷേ, അത് എന്റെ തൊണ്ടയില്‍നിന്നു പുറത്തേയ്ക്ക് വന്നതേയില്ല.
ചെറിയൊരു നിശ്ശബ്ദതയ്ക്കു ശേഷം അദ്ദേഹം 'married just before 25 days' എന്നു പ്രത്യേകം അടയാളപ്പെടുത്തി എന്നെ ആര്‍സിസിയില്‍ ചേര്‍ത്തു.
അതായിരുന്നു, എന്റെ ദുരന്തം.

ആശിച്ചു, മോഹിച്ച്, നീണ്ടകാലത്തെ പ്രണയത്തിനും സമരങ്ങള്‍ക്കും ശേഷം ഏട്ടന്‍ എന്റെ കൈ പിടിച്ചിട്ട് ഒരു മാസംപോലും തികഞ്ഞിരുന്നില്ല. മധുവിധുവിന്റെ മണമോ നിറമോ മാഞ്ഞിട്ടുണ്ടായിരുന്നില്ല. പ്രണയത്തിന്റെ തിരതള്ളലോ മോഹങ്ങളോ അടങ്ങിയിട്ടുണ്ടായിരുന്നില്ല. പരസ്പരം കൊതി തീര്‍ന്നിട്ടുണ്ടായിരുന്നില്ല. സ്വന്തമാക്കിയതിന്റേയും സ്വന്തമാക്കപ്പെട്ടതിന്റേയും ആവേശം കെട്ടടങ്ങിയിട്ടുണ്ടായിരുന്നില്ല.

രാത്രികളില്‍ ഞാന്‍ നിലയ്ക്കാതെ കരഞ്ഞിട്ടുണ്ട്.ചില്ലു ജനാലയ്ക്കപ്പുറമുള്ള വിളറിയ വെളിച്ചത്തില്‍ കണ്ണു നട്ട് ഉറങ്ങാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട്.
മാറിടം ശൂന്യമായിപ്പോകുമോ എന്ന പേടിയില്‍ ഉരുകിയിട്ടുണ്ട്.

ശൂന്യമായിപ്പോയാല്‍ എങ്ങനെയാവും ഞാനെന്ന് ഓര്‍ത്ത് പിടച്ചിട്ടുണ്ട്. എങ്ങനെയാണ് ശരീരങ്ങള്‍ തമ്മില്‍ പ്രണയിക്കുക എന്നോര്‍ത്ത് അലറിക്കരഞ്ഞിട്ടുണ്ട്.''ചിലപ്പോള്‍ മുറിച്ചുമാറ്റിയേക്കാം ഏട്ടാ'' എന്നു പറഞ്ഞപ്പോള്‍ ''അതൊന്നും സാരമില്ലെന്ന്'' ഏട്ടനെന്നെ എന്നും അടക്കിപ്പിടിച്ചു.ഏട്ടാ,നിന്റെ ഹൃദയം എനിക്ക് വേണ്ടി കരഞ്ഞിട്ടുണ്ടെന്ന് എനിക്കറിയാം.നിന്റെ എല്ലാ പ്രാര്‍ത്ഥനകളിലും ഞാനുണ്ടെന്നും എനിക്കറിയാം.നീ അടക്കിപ്പിടിച്ചു സ്‌നേഹിച്ചതുപോലെ, സ്‌നേഹിക്കുന്നതുപോലെ മറ്റൊരാളും എന്നെ സ്‌നേഹിക്കുകയില്ലെന്ന് ഉറച്ചു വിശ്വസിക്കുകയാണ് ഞാന്‍.നിന്റെ സ്‌നേഹത്തിനു പകരം വയ്ക്കാന്‍ എനിക്ക് ഒന്നുമില്ല. ഒഴിഞ്ഞ കയ്യും നിറഞ്ഞ ഹൃദയവും അല്ലാതെ. നിന്റെ കൈക്കുള്ളില്‍ എത്തിപ്പെട്ടു എന്നതു തന്നെയാണ് എന്റെ പുണ്യം. ഇന്നും നിന്റെ കൈക്കുള്ളില്‍ തന്നെയാണ് ഞാന്‍ എന്നതാണ് എന്റെ സ്വാസ്ഥ്യം.
''ഞാന്‍ ഞാനായും എന്റെ ആത്മാവ് കൊണ്ടും ഹൃദയംകൊണ്ടും ശരീരംകൊണ്ടും മനസ്സ് കൊണ്ടും എന്നെ ഞാനാക്കുന്ന എല്ലാംകൊണ്ടും നിന്നെ അഗാധമായി പ്രണയിക്കുന്നു.''

പരിശോധനകള്‍...ഒരു മുറിയില്‍നിന്നു മറ്റൊന്നിലേക്ക്...ഇടനാഴികളിലേയും കോണിപ്പടികളിലേയും പരസ്പരമുള്ള ആശ്വസിപ്പിക്കലുകള്‍...
വീണ്ടും FANAC ബാക്കിയായത് MRI സ്‌കാനിംഗ് ആണ്. അതു പക്ഷേ, ആര്‍ത്തവത്തോട് അടുത്ത ദിവസങ്ങളില്‍ മാത്രമേ ചെയ്യൂ എന്നാണ്. സ്തനാര്‍ബ്ബുദം ആയതുകൊണ്ടാവാം. സര്‍ജറിക്ക് രണ്ടു ദിവസം മുന്‍പ്. മേയ് ആറാം തീയതിയിലേയ്ക്ക് സര്‍ജറി തീരുമാനിച്ച് ഞാനും ഏട്ടനും നാട്ടിലേക്ക് മടങ്ങി.നോവിന്റെ രാപ്പകലുകള്‍.ഹൃദയം പൊട്ടിക്കരഞ്ഞ കറുത്ത യാമങ്ങള്‍.മൗനമായി അലറിക്കരഞ്ഞ രാവുകള്‍...
ഈ കൊടും വേനലെന്നാണ് തീരുക?വേനലിലും പക്ഷേ, മഴ പെയ്യുന്നുണ്ടായിരുന്നു. ഏട്ടന്റെ നിലയ്ക്കാത്ത പ്രണയം, അച്ഛന്റേയും അമ്മയുടേയും വാത്സല്യം. അമ്മമ്മയുടെ കരുതല്‍, അനിയന്മാരുടെ സ്‌നേഹം..! വേനലിലാണ് മഴയുടെ സുഖം അറിയുക..! അല്ലെങ്കില്‍ മഴയുടെ സുഖമറിയണമെങ്കില്‍ ഒരു വേനല്‍ കൂടിയേ തീരൂ...!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com