സി റഹീം എഴുതുന്ന ദേശമെഴുത്ത്: പശു

പള്ളിക്കൂടം വിട്ടുവന്നാല്‍ അക്കാലത്തൊക്കെ കുട്ടികളുടെ പ്രധാനപണി അയ്യത്തോട്ടിറങ്ങി പോച്ച (പുല്ല്) പറിക്കലാണ്.
വര: മണി കാക്കര
വര: മണി കാക്കര

ള്ളിക്കൂടം വിട്ടുവന്നാല്‍ അക്കാലത്തൊക്കെ കുട്ടികളുടെ പ്രധാനപണി അയ്യത്തോട്ടിറങ്ങി പോച്ച (പുല്ല്) പറിക്കലാണ്. മിക്ക വീടുകളിലും പശുക്കള്‍ ഉണ്ടാകും. അവയെ കുളിപ്പിക്കലും കാടി തിളപ്പിക്കലുമൊക്കെയായി മുതിര്‍ന്നവര്‍ക്ക് ഇഷ്ടംപോലെ പണി വേറെയുണ്ട്. പശുക്കള്‍ക്കുള്ള പോച്ചപറിക്കല്‍ കുട്ടികളുടെ ചുമതലയിലാവും. പറമ്പിലിറങ്ങി പോച്ചപറിക്കുന്നത് കുട്ടികള്‍ക്ക് ഇഷ്ടമുള്ള പണിയാണ്. മഞ്ഞുകാലത്തും മഴക്കാലത്തുമൊക്കെ പടപ്പന്‍പോച്ചകളുടെ പവിഴവേരുകളില്‍ വെള്ളം ഖനീഭവിച്ചുകിടക്കും. ഏതാണ്ട് ഐസുമാതിരി. നല്ല വഴുവഴുപ്പും തണുപ്പുമാണതിന്. കുട്ടികളതിറുത്ത് കണ്ണെഴുതും. കണ്ണിനു നല്ല തണുപ്പുകിട്ടും.

എല്ലാവരുമായി മത്സരിച്ചാണ് പോച്ചപറിക്കല്‍. പടപ്പന്‍പോച്ചകളും താറാവ് പോച്ചയും തുമ്പയും തുടങ്ങി പുരയിടം നിറയെ പോച്ചകിടക്കുകയാണ്. കൂട്ടത്തില്‍ വള്ളിച്ചൊറിയണവും കാണും. അതിലൊന്ന് തൊട്ടാല്‍ ചൊറിച്ചിലോട് ചൊറിച്ചിലായിരിക്കും. ഞങ്ങള്‍ പിള്ളേരെല്ലാവരും കൂടി പോച്ചപറിച്ച് കിഴക്കേ മുറ്റത്തുകൊണ്ടുവന്ന് കൂട്ടിവയ്ക്കും. ഓരോരുത്തരുടെയും പങ്ക് പ്രത്യേകം പ്രത്യേകമായാണ് വയ്ക്കുന്നത്. പോച്ചയുടെ അളവ് നോക്കി അത്തിത്ത (അപ്പൂപ്പന്‍) കാശുതരും. അഞ്ചുപൈസ മുതല്‍ ഇരുപത്തിയഞ്ച് പൈസവരെയാണ് കൂലി. കുട്ടികളെ സ്വാശ്രയം പഠിക്കാനാവണം ഇങ്ങനെ ചെയ്തിരുന്നത്. സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന ഈ നാണയത്തുട്ടുകള്‍ കുട്ടികള്‍ക്കിഷ്ടംപോലെ ചെലവഴിക്കാം. നാരങ്ങാമുട്ടായി, ഗ്യാസ് മുട്ടായി, പത്തുപൈസ വലിപ്പത്തിലുള്ള ഭരണിബിസ്‌കറ്റ്, ഐസ് ഇതിലേതെങ്കിലും വാങ്ങിക്കഴിക്കാനാവും ഈ തുക ചെലവഴിക്കുക.
അപ്പച്ചിമാരുടെ മക്കളൊക്കെ പന്തളം എന്‍.എസ്.എസ്. കോളേജില്‍ പഠിക്കുന്ന മുതിര്‍ന്നവരാണ്. അവര്‍ക്ക് പോച്ച പറിക്കേണ്ടിവരില്ല. അല്ലാതെ തന്നെ ദിവസവും ഒരു ചെറിയ സംഖ്യ വഴിച്ചിലവിനായി കിട്ടും. മൂക്കന്‍ കെ.സി.ടി എന്നൊരു ബസും രാജാറാം എന്നൊരു ബസുമാണ് പന്തളത്തേക്കു പോകുന്നത്. മൂക്കന്‍ കെ.സി.ടി എന്നാല്‍ മുന്‍വശം ജീപ്പുപോലെ കൂര്‍ത്ത ബസാണ്. കൂടെക്കൂടെ ബസ് നിര്‍ത്തി ബോണറ്റ് പൊക്കി വെള്ളം ഒഴിച്ചും ഇരച്ചും കിതച്ചുമൊക്കെയാണ് യാത്ര. വണ്ടിയുടെ ഇരപ്പ് പാറയില്‍ കേള്‍ക്കുമ്പോള്‍ കോളേജ് കുമാരിമാരും കുമാരന്മാരും പുസ്തകവും എടുത്തോണ്ട് ഓടും. ചിലപ്പോള്‍ പൊതിച്ചോറു ശരിയായിട്ടുണ്ടാവില്ല. അവര്‍ക്ക് പിന്നാലെ പൊതിച്ചോറുമായി മറ്റുള്ളവര്‍ ഓടും.
വീട്ടില്‍ പശുക്കള്‍ ഉള്ളതുകൊണ്ട് കച്ചിയുണക്കലും തുറുവിടീലും തുറുവില്‍നിന്നു കച്ചിവലിക്കലും കാടിതിളപ്പിക്കലും തുടങ്ങി ഒരുപാട് പണി എപ്പോഴും കാണും. വീട്ടില്‍ രോഹിണി, വിലാസിനി തുടങ്ങി പലപേരുകളിലുള്ള പശുക്കള്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ പശുക്കുട്ടികളിലൊന്നിനെ കുടുംബപണിയാളരായ കൊച്ചുകുഞ്ഞിനും ഭാരതിക്കും കൊടുത്തു. അവരതിനെ വടക്ക് പുഞ്ചപ്പാടത്തു കൊണ്ടുചെന്നു വളര്‍ത്തി. ചേര്‍പ്പിക്കാന്‍ (ഇണചേര്‍ക്കാന്‍) പരുവമായപ്പോള്‍ അതിനെ റോഡിലുള്ള മൃഗാശുപത്രിയിലേക്കു കൊണ്ടുവന്നു. പണ്ടൊക്കെ മൂരിക്കാളകളെ വളര്‍ത്തിയാണ് പശുക്കളെ ചേര്‍പ്പിച്ചിരുന്നത്. പല വീടുകളിലും ഒത്തപൊക്കവും ശൗര്യവുമുള്ള നാടന്‍ മൂരികളെ ഇതിനായി വളര്‍ത്തിയിരുന്നു. അതവരുടെ ജീവിതമാര്‍ഗ്ഗവുമായിരുന്നു. നോവലില്‍ കുഞ്ഞിത്തേയിയുടെ കുടുംബം ഇങ്ങനെ മൂരിക്കാളയെ വളര്‍ത്തി ജീവിക്കുന്നവരാണ്. ഇത്തരം കുടുംബങ്ങളെ കൂടാതെ പണ്ഡാരങ്ങള്‍ ഓച്ചിറക്കാളകളുമായി വീടുനിരങ്ങും. ലക്ഷണമൊത്ത ഓച്ചിറക്കാളകളും പശുക്കള്‍ക്കു നിറവയര്‍ സമ്മാനിച്ചിരുന്നു. എന്നാല്‍, ഇങ്ങനെ നാടന്‍മൂരികളുമായി പശുക്കള്‍ സ്വഭാവികമായി ഇണചേരുന്നതു സര്‍ക്കാര്‍ വിലക്കി. നാടന്‍ പശുക്കള്‍ക്കു പാലുകുറവാണ് പോലും.
മൃഗാശുപത്രിയില്‍ പശുക്കളെക്കൊണ്ടുചെന്നു കുത്തിവച്ച് സങ്കരയിനം പശുക്കളെ ഉണ്ടാക്കണം. നാടന്‍ മൂരികളെ വളര്‍ത്തുന്നത് ഒരു കുറ്റമായി മാറി. മൃഗാശുപത്രിയിലെ ഓഫീസര്‍മാര്‍ നാട്ടിലിറങ്ങി നാടന്‍ മൂരികളുടെ വരിയുടച്ചു (വന്ധീകരിച്ചു). ഈ കൊടുംക്രൂരത ചെയ്യാനായി മൃഗാശുപത്രിയിലെ ഓഫീസര്‍മാര്‍ നാട്ടിലിറങ്ങി നടക്കുന്നതു കണ്ടിട്ടുണ്ട്. ആളുകള്‍ക്കവരെ ഭയമായിരുന്നു. അതുകൊണ്ടാവാം മൂരികള്‍ വളരെവേഗം നാട്ടില്‍നിന്ന് അപ്രത്യക്ഷമായി. പശുക്കളെയും ഉന്തിത്തള്ളി ആളുകള്‍ ഞങ്ങളുടെ വീട്ടുവഴിയിലൂടെ മൃഗാശുപത്രിയിലേക്കു പോകുന്നതു പതിവായി. ഇങ്ങനെ കൊച്ചുകുഞ്ഞ് മൃഗാശുപത്രിയിലേക്കു കൊണ്ടുപോയ പശു ഞങ്ങളുടെ വീട്ടുവഴിയില്‍ എത്തിയപ്പോള്‍ ഒറ്റനില്‍പ്പ്. എന്നിട്ട് എരുത്തിലേക്കു നോക്കി അമറാന്‍ തുടങ്ങി. പശുവിന്റെ നിലക്കാത്ത അമറല്‍കേട്ട് ചെന്നുനോക്കുമ്പോള്‍ പണ്ട് വീട്ടില്‍നിന്നു കൊണ്ടുപോയ കിടാവ് വളര്‍ന്നു പശുവായതാണ്. അതിന്റെ അമ്മപ്പശു ഞങ്ങളുടെ എരുത്തിലിലുണ്ടായിരുന്നു. അതും തന്റെ കുഞ്ഞിന്റെ കരച്ചില്‍കേട്ട് കിടന്നു കയറുപൊട്ടിക്കാന്‍ തുടങ്ങി. പശുത്തള്ളയും പശുക്കുഞ്ഞും തമ്മിലുള്ള ആത്മബന്ധത്തിന്റെ തീവ്രതകണ്ട് എന്റെ കണ്ണ് നിറഞ്ഞുപോയി. മനുഷ്യരെപ്പോലെതന്നെയാണല്ലോ ഇവരുമെന്നു ഞാനോര്‍ത്തു. പശുകിടാവിനെ തള്ളയുടെ അരികില്‍ കൊണ്ടുവന്നു നിര്‍ത്തി തീറ്റയൊക്കെ നല്‍കി സമാധാനിപ്പിച്ചു. തള്ളപ്പശു തന്റെ കുഞ്ഞിനെ നാക്കുകൊണ്ട് നക്കി വാത്സല്യം പ്രകടിപ്പിച്ചു. അമ്മയെ കാണാതിരുന്നതിലുള്ള പരിഭവം കൊണ്ടാവാം മോളുപശു കാല് ഇളക്കി ഇളക്കി നിന്നു. കുറച്ചുകഴിഞ്ഞ് മോളുപശുവിനെ കുത്തിവയ്പ്പിക്കാനായി ഒരുവിധം പിടിച്ചുവലിച്ചാണവിടെനിന്നു കൊണ്ടുപോയത്. തള്ള കണ്ണീര്‍വാര്‍ത്തു കരയുന്നുണ്ടായിരുന്നു. ഇതെന്റെ മനസ്സിനെ വല്ലാതെ ഉലച്ചു. ഇക്കാര്യങ്ങളൊക്കെ ഞാന്‍ തൈക്കാവിലെ പുരാണത്തില്‍ എഴുതിയിട്ടുണ്ട്.
പശു ചെനനിറഞ്ഞുനിന്നാല്‍ പിന്നെ വീട്ടിലാര്‍ക്കും ഉറക്കമുണ്ടാവില്ല. അതിനെ ശുശ്രൂഷിക്കലാണ് മുഖ്യപണി. പശു ഇന്നു പെറും നാളെ പെറുമെന്നു നോക്കിയിരിക്കും. ചിലപ്പോ രാത്രി എരുത്തിലില്‍ അനക്കം കേള്‍ക്കുമ്പോള്‍ അമ്മയും അത്തായും പാനീസ് വിളക്കും കത്തിച്ച് അവിടെപ്പോയിരിക്കുന്നതു കാണാം. ചെന നിറഞ്ഞുനില്‍ക്കുന്ന പശുവിനോട് അമ്മ ഓരോന്നു പറയും. തലയില്‍ തൊട്ടുതടവും. ആശ്വസിപ്പിക്കും. അന്ന് പശു രാത്രിയില്‍ പ്രസവിക്കുമെന്നു തോന്നിയാല്‍ അവരവിടെ കുത്തിയിരിക്കും. കൂട്ടിനു പണിക്കാരാരെങ്കിലും ഉണ്ടാകും. പശുപ്രസവിച്ചാല്‍ പിന്നെ വീട്ടിലൊരുമേളമാണ്. കാളിയോ തേവിയോ പറമ്പില്‍പോയി കുമ്പളങ്ങ പറിച്ചോണ്ടുവന്നു തിരുങ്ങും. മുറ്റത്ത് അടുപ്പ് കൂട്ടി കഞ്ഞിവയ്ക്കും. പ്രസവശുശ്രൂഷയ്ക്കുള്ള പുറപ്പാട്. ഇഷ്ടംപോലെ കഞ്ഞികുടിക്കാന്‍ കൊടുക്കും. പശുവിന്റെ മാച്ച് പിറക്കാനുള്ള കാത്തിരിപ്പാണ് കാത്തിരിപ്പ്. മാച്ച് വീണില്ലെങ്കില്‍ എല്ലാവര്‍ക്കും ആധിയാണ്. പശുവിനതു ദോഷമാണത്രെ. മാച്ച് പിറന്നില്ലെങ്കില്‍ മാട്ടുവൈദ്യനെ വിളിക്കും. മാട്ടുവൈദ്യന്‍ വന്നു ചില ഒറ്റമൂലിയൊക്കെ പ്രയോഗിക്കും. അപ്പോള്‍ മാച്ച് വീഴും.
പശുക്കുട്ടിയുടെ കാലാണ് പിറക്കുന്നതെങ്കിലും മാട്ടുവൈദ്യന്റെ തുണതേടും. മാട്ടുവൈദ്യന്‍ വന്നു കുട്ടിയെ പിടിച്ചു വലിച്ചു പുറത്തിടും. മാട്ട് വൈദ്യന്‍ ഇതൊക്കെ ചെയ്തിരുന്നത് ഒരു ധര്‍മ്മമായിട്ടായിരുന്നു. വളരെ നിര്‍ബന്ധിച്ചാല്‍ സ്നേഹംകൊണ്ട് ചില ഉപഹാരങ്ങള്‍ സ്വീകരിച്ചാലായി. മൃഗാശുപത്രിയിലങ്ങനെയല്ല. എന്തിനും ഏതിനും കാശുകൊടുക്കണം. ഓരോ കുത്തി വയ്പിനും കാശ് കൊടുക്കണം. പലതവണ കുത്തിവച്ചാലെ ചെനപിടിക്കുകയുള്ളുതാനും. പശു മാച്ച് ഇട്ടാല്‍ എല്ലാവര്‍ക്കും ഒരാശ്വാസമാണ്. കൊച്ചുകുഞ്ഞോ പടിഞ്ഞാറ്റയിലെ സുകുമാരനോ ആരെങ്കിലും അയ്യത്തുപോയി ഒരു അടയ്ക്കാമരത്തിന്റെ ചുവട്ടില്‍നിന്ന് തണുങ്ങുകൊണ്ടുവരും. അതിലെ പാള അറുത്ത് തൊട്ടിപോലെ തെങ്ങിലെ വഴുതകൊണ്ട് തയിച്ചെടുക്കും. അതിനൊരു തൂക്കുകയര്‍ കെട്ടും. മാച്ച് അതില്‍ നിറച്ച് പാലമരത്തില്‍ കൊണ്ടുകെട്ടും. മാച്ചിന്റെ പാളകള്‍ തൂങ്ങിയാടുന്ന പാലമരം ആളുകളെ പേടിപ്പിച്ചുകൊണ്ട് ചില്ലകള്‍ വിരിച്ചുനിന്നിരുന്നു. ഏഴിലംപാലയാണ്. യക്ഷികള്‍ ചേക്കയിരിക്കുന്ന പാലമരമെന്നാണ് വിശ്വാസം. ഏഴിലംപാലപ്പൂമണം നാടാകെ പരക്കും. അപ്പോഴാണത്രെ യക്ഷികള്‍ പാലച്ചുവട്ടില്‍ വരുന്നത്. പാമ്പുകളും വിഷജന്തുക്കളും പാലച്ചുവട്ടിലുണ്ടാകും. അതുകൊണ്ട് മാച്ച് പാളകള്‍ തൂങ്ങിയാടുന്ന പാലച്ചുവട്ടിലേക്കു കുട്ടികള്‍ക്കു പോകാനനുവാദം ഉണ്ടായിരുന്നില്ല. അമ്മ പശുവിന്റെ വയറ്റില്‍നിന്നു പിറന്നുവീഴുന്ന കിടാവ് തത്തിപ്പിടഞ്ഞെണീറ്റ് അതിന്റെ അകിടിനരുകിലേക്കു പോകുന്നത് കാണാം. പാലുറിഞ്ചി കുടിക്കാനാണ്. അമ്മപ്പശുവിന്റെ മുലഞെട്ടിനുള്ളില്‍ പാലുണ്ടെന്ന് ആരാണ് ഈ കിടാവുകള്‍ക്കു പറഞ്ഞുകൊടുത്തത്. അദ്ഭുതമാണ് പ്രകൃതിയിലെ കാര്യങ്ങള്‍.
ഒരാഴ്ചക്കാലമെങ്കിലും കിടാവുകളെ കെട്ടിയിടാറില്ല. അതിങ്ങനെ പറമ്പില്‍ തുള്ളിച്ചാടി നടക്കും. കുട്ടികള്‍ക്കപ്പോഴാണ് രസം. എല്ലാവരും കിടാവിന്റെ പിന്നാലെയായിരിക്കും. ഒരു പുതിയ കളിക്കൂട്ടു കിട്ടിയ സന്തോഷമാവും എല്ലാവര്‍ക്കും. എന്നാല്‍ വളരെവേഗം തുണിചുറ്റിയ കൊച്ചംകയര്‍ കിടാവിന്റെ കഴുത്തില്‍ വീഴും. അതോടെയാണ് കറവ തുടങ്ങുന്നത്. ആദ്യമായി കറന്നെടുക്കുന്ന പാല്‍ പറമ്പിലെ പാലുള്ള മരങ്ങള്‍ക്കാണ്. പാലുമൊന്തയില്‍ പാലുംതൂക്കി പറമ്പിലെ ഓമയുടെയും മാവിന്റെയും കൊച്ചുപാലയുടെയും ഒക്കെ ചുവട്ടില്‍ കൊണ്ടുപോയി പാലിറ്റിച്ചുകൊടുക്കും. പാലുചുരത്താത്ത കൊന്നത്തെങ്ങ് പാലുകൊതിയോടെ തുറിച്ചുനോക്കുന്നതായി എനിക്കു തോന്നും. ഞാനിത്തിരി പാല്‍ അതിന്റെ ചുവട്ടിലും ഒഴിച്ചുകൊടുക്കും. പിന്നെ കറന്നെടുക്കുന്ന പാല്‍ തൈക്കാവിലേക്കാണ്. ഹിന്ദു സമുദായത്തിലുള്ളവരും പശുവിന്റെ പാലുമായി തൈക്കാവിലെത്തും. കാവുംപാട്ട് പള്ളിയെ എല്ലാവര്‍ക്കും വിശ്വാസമാണ്. ഇതിനു ജാതിഭേദമില്ല. നാട്ടിലെവിടെ പശുപെറ്റാലും ഒരുകുടംപാല്‍ തൈക്കാവിലെത്തും. പശുവിനു സമൃദ്ധമായി പാല്‍കിട്ടാനും അതിന്റെ സുരക്ഷയ്ക്കുമായാണിങ്ങനെ ചെയ്യുന്നത്. അക്കാലത്തൊക്കെ കര്‍ഷക കുടുംബങ്ങള്‍ക്കായിരുന്നു നാട്ടില്‍ മാന്യത. നെല്‍ക്കൃഷി ഒരാഢ്യത്വത്തിന്റെ ചിഹ്നംകൂടിയായിരുന്നു. എത്രപറക്കണ്ടത്തില്‍ കൃഷിയുണ്ട്. വീട്ടില്‍ എത്ര പശുവുണ്ട്. തുറുവുണ്ട് എന്നൊക്കെ നോക്കിയായിരുന്നു ഒരു കുടുംബത്തിന്റെ ആസ്തി നിശ്ചയിച്ചിരുന്നത്. കല്യാണ ദല്ലാളന്മാര്‍ ഇതാണ് നോക്കിയിരുന്നതും.  ഇന്നതൊക്കെ തലകീഴ് മറിഞ്ഞുപോയി. പശുവും നെല്‍ക്കൃഷിയുമൊക്കെയുള്ള വീട്ടിലേക്ക് തന്റെ മകളെ കെട്ടിച്ചയയ്ക്കാന്‍ അച്ഛനമ്മമാര്‍ ഒന്നറയ്ക്കുന്ന സ്ഥിതിവരെ എത്തിയിട്ടുണ്ട്.


ഓണക്കാലം വരാനായി കുട്ടികള്‍ കാത്തിരിക്കും. മുറ്റത്തു സുവര്‍ണനിറവും കറുപ്പുനിറവുമുള്ള ഓണപ്പക്കികള്‍ തിരുവാതിര കളിക്കാനെത്തിയാലറിയാം ഓണം അടുത്തെന്ന്. ഓണത്തിന് പത്തുദിവസം പള്ളിക്കൂടമില്ല. ആരും ഓണക്കാലത്തു പഠിക്കണമെന്നു വാശിപിടിക്കില്ല. അത്തം ഉദിച്ചാലന്നുമുതല്‍ കുട്ടികള്‍ക്ക് ഇഷ്ടംപോലെ കളിക്കാം. ഒന്നാം ഓണത്തിനുതന്നെ കപ്പമാവില്‍ വലിയ ഊഞ്ഞാലു വീഴും. വീട്ടുമുറ്റത്ത് ഓണക്കളി തുടങ്ങും. അയല്‍വീട്ടുകാരെല്ലാം എന്റെ വീട്ടിലാണ് ഒത്തുകൂടുക. ജാതിമത വ്യത്യാസമൊന്നുമില്ല. കുക്കുടുകളി, അശുകുശിയെ പെണ്ണുണ്ടോ കളി, തുമ്പിതുള്ളല്‍, പശുവും പുലിയും കളി, പന്തുകളി തുടങ്ങിയവയായിരുന്നു ഓണക്കാലകളികള്‍. മുതിര്‍ന്നവരും കളിയില്‍ ഏര്‍പ്പെടും. ഓണനിലാവില്‍ പറമ്പില്‍ പന്തുകളിയുണ്ടാവും. ഓണദിവസങ്ങളില്‍ പറക്കോട്ടുകാരും തട്ടേക്കാരുമൊക്കെയായി വാശിയേറിയ കാല്‍പ്പന്തുമത്സരക്കളി സത്രത്തിന്റെ അയ്യത്തു നടക്കും.
പുരാതനകാലത്തു തന്നെ സത്രമുണ്ടായിരുന്ന ഗ്രാമമായിരുന്നു ഞങ്ങളുടേത്. സബ് രജിസ്റ്റര്‍ ഓഫീസും പൊലീസ് ഔട്ട്പോസ്റ്റും ഉണ്ടായിരുന്നു. പിന്നീടെപ്പോഴോ സത്രം ഇല്ലാതായി. ഒരു പൊളിഞ്ഞ കിണറും സത്രത്തിന്റെ ഓര്‍മ്മയ്ക്കായുള്ള വഴിവിളക്കും മാത്രം അവശേഷിച്ചു. വഴിവിളക്ക് ഓടയില്‍ ചെളിപൂണ്ട് കിടന്നു. സ്വാതന്ത്ര്യത്തിന്റെ അന്‍പതാം വാര്‍ഷികത്തിന് എനിക്കതെടുത്ത് പുനഃസ്ഥാപിക്കണമെന്നു തോന്നി. പൊലീസ് സ്റ്റേഷന്റെ മുമ്പിലത് പുനഃസ്ഥാപിച്ചു കത്തിച്ചുവച്ചു. ഇപ്പോഴത് പഞ്ചായത്ത് ഓഫീസിന്റെ മുന്‍പിലുണ്ട്. സത്രപ്പറമ്പില്‍ നൂറുകണക്കിനാളുകള്‍ പന്തുകളി കാണാന്‍ ഒത്തുകൂടും. തുകല്‍ ഉറയില്‍ ചകിരികയറ്റി നിറച്ചു തുന്നിയുണ്ടാക്കുന്ന പന്താണ് ഉപയോഗിക്കുന്നത്. ഒറ്റ, ഇരട്ട, ചൊരു, കാലാംകീഴ്, ഉരുട്ടി, ഗയിം എന്നിങ്ങനെയാണ് നാടന്‍പന്തുകളിയുടെ രീതി. എന്തൊരാവേശവും ആരവുമാണെന്നോ പന്തുകളി നടക്കുമ്പോള്‍. ഓണാട്ടുകരയിലെ അമ്പലപറമ്പുകളിലും തറപ്പുരയിടങ്ങളിലും ചന്തകളിലുമൊക്കെ പന്തുകളിയുടെ മേളമായിരിക്കും. നാലോണത്തിനും വീട്ടില്‍ ഇലയിട്ട് ഊണുണ്ടാകും. ഓണത്തിനു വിരുന്നുകാരു വരും. മലബാറിലൊക്കെ ഓണക്കാലത്തു മത്സ്യവും മാംസവുമൊക്കെ നിര്‍ബന്ധമാണെന്നു കേട്ടിട്ടുണ്ട്. എന്നാല്‍ മത്സ്യം ദിവസവും നിര്‍ബന്ധമുള്ള എന്റെ വീട്ടില്‍ ഓണക്കാലത്ത് നാലുദിവസവും സസ്യഭക്ഷണം മാത്രമാവും ഉണ്ടാവുക. കൊച്ചുകുഞ്ഞും ഭാരതിയും മുറതെറ്റാതെ അവിലും കുലയുമൊക്കെ വീട്ടില്‍ കൊണ്ടുതരാറുമുണ്ട്. പകരം കാശും വീട്ടുസാധനങ്ങളുമൊക്കെ കൊടുക്കും.
ഓണക്കാലത്തു വീട്ടില്‍ നെറ്റ് കെട്ടി മുതിര്‍ന്നവര്‍ ബാള്‍ ബാറ്റ്മിന്റന്‍ കളിച്ചിരുന്നു. എന്നാല്‍ ഇത്തരം കളികള്‍ അപൂര്‍വ്വം വീടുകളിലെ അന്ന് ഉണ്ടായിരുന്നുള്ളു. ഒന്നാദ്യകേറുന്ന രീതി അക്കാലത്തൊരു പതിവായിരുന്നു. എല്ലാ മലയാളമാസവും ഒന്നാംതീയതിയാണ് വീടുകളില്‍ ഒന്നാദ്യകേറുക. അയലത്തെ വീടുകളില്‍ ഒന്നാദ്യകേറുന്നതു ഞാനായിരിക്കും. ഭാസ്‌കരപിള്ള ചേട്ടന്റെ വീട്ടില്‍, കുഞ്ഞിയമ്മസാറിന്റെ വീട്ടില്‍, ബാലന്‍പിള്ള ചേട്ടന്റെ വീട്ടിലുമൊക്കെ ഒന്നാദ്യകേറണം. ചന്ദ്രമതിച്ചേച്ചിയും കുഞ്ഞിയമ്മ സാറുമൊക്കെ ഒന്നാദ്യകേറാന്‍ ചെല്ലുമ്പോള്‍ മധുരം തരും. ഓണാട്ടുകരയില്‍ എള്ളുകൃഷി വ്യാപകമായിരുന്നു. അതുകൊണ്ട് എള്ളുണ്ട ഒരു പ്രധാന പലഹാരമായിരുന്നു. ചായ തരും. വീട്ടിനുള്ളിലെ മുറിയില്‍ കണ്ണടച്ചിരിക്കുന്ന കുഞ്ഞിയമ്മസാറിന്റെ മുന്‍പിലേക്കു ചെന്നുനിക്കണം. കണികാണുന്നത് എന്നെയാവണമെന്ന് ആ അമ്മയ്ക്കു നിര്‍ബന്ധമുണ്ടായിരുന്നു. എത്ര സ്നേഹാര്‍ദ്രമായിരുന്നു അന്നത്തെ കുടുംബബന്ധങ്ങളെന്ന് ഓര്‍ത്തുപോകുന്നു. ജാതിയും മതവുമൊന്നും ലവലേശംപോലും ആരെയും തൊട്ടുതീണ്ടിയിരുന്നില്ല. തൈക്കാവിലെ പുരാണത്തിന്റെ ആത്മാവ് ജനങ്ങള്‍ തമ്മിലുള്ള ഈ സാഹോദര്യബന്ധമാണെന്ന് എനിക്ക് തോന്നുന്നു. വര്‍ഗ്ഗീയതയുടെ വിഷബീജം പുരളാത്ത ഒരു ഗ്രാമാന്തരീക്ഷമാണന്നൊക്കെയുണ്ടായിരുന്നത്. ഓണാട്ടുകര കാര്‍ഷികസമൃദ്ധമായൊരിടമായിരുന്നു. കൃഷിയൊഴിഞ്ഞ ഒരുനേരവും ഉണ്ടാവില്ല. ഇരുപ്പു കൃഷി കഴിഞ്ഞാല്‍ മുതിരയും എള്ളും വിതയ്ക്കും. കരവിത്തിടും. ചേനയും കാച്ചിലും ഇഞ്ചിയും മഞ്ഞളും വെറ്റിലക്കൊടികളും പറമ്പിലുണ്ടാകും. മരങ്ങളായ മരങ്ങളിലൊക്കെ കുരുമുളകുകള്‍ വളര്‍ത്തിയിരുന്നു. കുരുമുളക് പറിച്ച് ചവുട്ടിക്കിട്ടുന്ന കൊന്ത് വഴിനീളെ കൊണ്ടുവിതറാറുണ്ടായിരുന്നു. കുരുമുളക് മനുഷ്യരുടെ സമ്പദ്സ്ഥിതിയെ നിര്‍ണായകമായി സ്വാധീനിച്ച കാലത്തെ ഒരാചാരമായിരിക്കണം ഇത്. നാട്ടുരാജ്യങ്ങളിലെ വാണിജ്യമന്ത്രിയെ മുളക് മടിശീലക്കാരന്‍ എന്നായിരുന്നല്ലോ വിളിച്ചിരുന്നത്. വട്ടിയിലും കൊട്ടയിലുമൊക്കെ മുളക് കൊന്ത് നിറച്ചു കുട്ടികളാണ് ചെമ്മണ്‍പാതകളില്‍ കൊണ്ടുവിതറുന്നത്. എരിഞ്ഞ മണമായിരിക്കും അപ്പോള്‍ നാടുമുഴുവന്‍. കുരുമുളക് പറിച്ചുവെന്നു കച്ചവടക്കാരും നാട്ടുകാരും അറിയാന്‍ വേണ്ടിയാവണം ഈ കൊന്ത പാതകളില്‍ വിതറുന്നതെന്നാണ് എനിക്കു തോന്നുന്നത്. കുരുമുളക് അറബികള്‍ക്കും മറ്റും വില്‍ക്കുന്ന വീട്ടുകാരെ പോര്‍ച്ചുഗീസുകാര്‍ ക്രൂരമായി കൊലപ്പെടുത്തുകപോലും ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. അതൊക്കെ പിന്നെ വായിച്ചു മനസ്സിലാക്കിയതാണ്.
യൂറോപ്യര്‍ ജീവന്‍ പണയംവച്ച് കടല്‍കടന്നു കുരുമുളകിനായി ഇവിടെ വന്നത് അവരുടെ ഭക്ഷണവിഭവങ്ങള്‍ക്ക് എരിവുപകരാന്‍ വേണ്ടിമാത്രമായിരുന്നോ. അതിനത്രകണ്ട് കഷ്ടത സഹിക്കേണ്ട ഒരുകാര്യവുമില്ല. മഞ്ഞുപൊഴിയുന്ന യൂറോപ്പില്‍ മാംസം കേടുകൂടാതെ സൂക്ഷിക്കാന്‍ ഇഷ്ടംപോലെ കുരുമുളക് പൊടിയവര്‍ക്ക് ആവശ്യമായിരുന്നു. അവര്‍ക്കു ജീവിക്കണമെങ്കില്‍ കുരുമുളക് ആവശ്യമായിരുന്നു. അതുകൊണ്ടാണ് രാജ്യം വെട്ടിപ്പിടിച്ചും മനുഷ്യരെ കൊന്നും അവര്‍ കുരുമുളക് കൈക്കലാക്കിയിരുന്നത്. എന്നാല്‍ തൈക്കാവിലെ പുരാണത്തില്‍ കൂടുതല്‍ വിളവ് ലഭിക്കുന്നതിനാകാം ഈ കൊന്ത് വിതറലെന്നാണ് ഞാനെഴുതിയിട്ടുള്ളത്. 'കുരുമുളകിന്റെ വീട്' എന്ന പേരില്‍ ഒരു നോവല്‍ എഴുതുന്നതിനായി ഈ വിഷയത്തില്‍ കൂടുതല്‍ പഠിച്ചപ്പോഴാണ് കുരുമുളക് കൊന്തിന്റെ വിതറലിന്റെ പിന്നിലെ രഹസ്യമെനിക്കു മനസ്സിലായത്. പശ്ചിമഘട്ടം കടന്ന് തേങ്ങാപട്ടണത്തും മറ്റും കുരുമുളക് കൊണ്ടുപോയി അറബികള്‍ക്കു വിറ്റതിന്റെ പേരില്‍ മുസ്ലിങ്ങളെയും തമിഴ് ബ്രാഹ്മണരെയും പോര്‍ച്ചുഗീസുകാര്‍ ക്രൂരമായി കൊലപ്പെടുത്തുകയുണ്ടായിട്ടുണ്ട്. ഇങ്ങനെ കച്ചവടം നടത്തുന്ന ഒരു ബ്രാഹ്മണന്റെ തലവെട്ടിക്കൊടുത്താല്‍ അന്‍പത് രൂപവരെ അവര്‍ ഇനാം പ്രഖ്യാപിച്ചിരുന്നു.


തൈക്കാവിലെ പുരാണത്തില്‍ രാവുത്തരന്മാരുടെ ജീവിതംകൂടിയാണ് പറയുന്നത്. സേട്ട്, പഠാണികള്‍, രാവുത്തരന്മാര്‍ തുടങ്ങിയവര്‍ 'ഹനഫി' (പേര്‍ഷ്യന്‍ പാരമ്പര്യമുള്ള അബുഹനീഫയുടെ ഇസ്ലാമിക വ്യാഖ്യാനത്തിനനുസരിച്ച്) ജീവിക്കുന്നവരാണ്. ഇവരൊക്കെ ഉത്തരേന്ത്യയില്‍ നിന്നുവന്നവരുമാണ്. പകുതി മുസ്ലിങ്ങളും പകുതി ഹിന്ദുക്കളുമെന്ന് രാവുത്തരന്മാരെ അമീര്‍ഖുസ്രു വിശേഷിപ്പിച്ചിട്ടുണ്ട്.
 ഹിന്ദിയുടെയും ഉറുദുവിന്റെയും പിതാവായി കരുതുന്ന കവി അമീര്‍ഖുസ്രു സ്വയം വിശേഷിപ്പിച്ചിരുന്നതു താനൊരു ഹിന്ദുല്‍മാന്‍ ആണെന്നാണ്. ഹിന്ദുസ്ഥാനിലെ മുസല്‍മാന്‍. ഇതുപോലെ തദ്ദേശ സംസ്‌കൃതിയുടെയും ഇസ്ലാമിക ദര്‍ശനത്തിന്റെയും സമന്വയമാണ് തൈക്കാവിലെ പുരാണത്തിലുള്ളത്. അയ്യപ്പന്റെയും വാവരുടെയും പാരമ്പര്യമാണിത്. പാണ്ഡ്യരാജ്യത്തുനിന്ന് പന്തളം, പൂഞ്ഞാര്‍ രാജകുടുംബങ്ങള്‍ക്കൊപ്പം എത്തിയ കുതിരപ്പടയാളികളുടെ പിന്‍മുറക്കാരാണ് കേരളത്തിലെ തെക്കന്‍ജില്ലകളിലെ രാവുത്തരന്മാര്‍. മാര്‍ത്താണ്ഡവര്‍മ്മയുടെ സൈന്യത്തിലും ഇക്കൂട്ടര്‍ ധാരാളമായുണ്ടായിരുന്നു. ഇത്തരത്തില്‍ ചരിത്രപ്രാധാന്യമുള്ള ഒരു പ്രദേശത്തിന്റെ ഭൂമികയിലാണ് തൈക്കാവിലെ പുരാണത്തിലെ കഥകളൊക്കെ നടക്കുന്നത്. ഓച്ചിറ പടനിലവും നൂറനാട് പടനിലവുമൊക്കെ ആവര്‍ത്തിച്ചുവരുന്നതും ഇതുകൊണ്ടുകൂടിയാണ്. പിതൃസ്ഥാനത്ത് തുര്‍ക്കികളും മാതൃസ്ഥാനത്ത് തദ്ദേശീയരും ഉള്‍പ്പെട്ട ജനവിഭാഗമെന്നും രാവുത്തരന്മാരെ വിശേഷിപ്പിക്കാമെന്നു തോന്നുന്നു. അത്ത എന്ന തുര്‍ക്കിവാക്കിന്റെ അര്‍ത്ഥം അച്ഛനെന്നാണ്. രാവുത്തര്‍മാര്‍ അച്ഛനെ അത്തയെന്നും മാതാവിനെ അമ്മയെന്നുമാണ് വിളിക്കുന്നത്. ജ്യേഷ്ഠന്‍ അണ്ണനാണ്. ചേച്ചിയെ അക്ക, അമ്മാവനെ മാമ, അമ്മാവിയെ മാമി, പിതാവിന്റെ ജ്യേഷ്ഠനെ പെരിയത്ത, പിതാവിന്റെ അനുജനെ കൊച്ചത്ത, അത്തായുടെ അത്ത (അപ്പൂപ്പന്‍)യെ അത്തിത്ത, അത്തായുടെ അമ്മ അത്തമ്മ, അത്തിത്തായുടെ അത്ത നന്നാ, അമ്മായുടെ അമ്മ അമ്മച്ചിയമ്മ. അമ്മായുടെ അത്ത അമ്മച്ചിയത്ത, അത്തിത്തായുടെ അമ്മ നന്നി. ഇങ്ങനെപോകുന്നു വിളിപ്പേരുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com