മാനവികതയിലാണ് രാഷ്ട്രീയമൂല്യം

കോളേജ് അധ്യാപകന്‍, പരിഭാഷകന്‍, കേരളത്തിലും പിന്നീട് ദേശീയ തലത്തിലും ജമാഅത്തെ ഇസ്ലാമിയുടെ ഉന്നത നേതാവ്, ജീവകാരുണ്യ പ്രവര്‍ത്തകന്‍ തുടങ്ങി പ്രൊഫ. കെ.എ. സിദ്ദീഖ് ഹസ്സന്‍ നടന്ന സാര്‍ത്ഥകമായ വഴികള്‍
മാനവികതയിലാണ് രാഷ്ട്രീയമൂല്യം

പ്രൊഫ. കെ.എ. സിദ്ദീഖ് ഹസ്സന്‍ എന്ന സാമൂഹിക പ്രവര്‍ത്തകന്‍ കേരളത്തിനു വഴികാട്ടിയത് എത്രത്തോളമെന്ന് അറിയണമെങ്കില്‍ അദ്ദേഹം രോഗാതുരനും നിശ്ശബ്ദനുമായിരിക്കുന്ന കഴിഞ്ഞ ചില വര്‍ഷങ്ങളിലേക്കു നോക്കണം. സമുദായങ്ങള്‍ക്കിടയിലെ മതേതര സൗഹാര്‍ദ്ദം കാക്കാന്‍ മറ്റെല്ലാം മാറ്റിവച്ച് മുന്നിട്ടിറങ്ങുന്ന നേതാക്കളെത്ര പേരുണ്ട് കേരളത്തിലെ മുസ്ലിം സമുദായ മുന്‍നിരയില്‍ ഇപ്പോള്‍ എന്ന ചോദ്യം കൂടിയുണ്ട് അതിനൊപ്പം. എന്നാലോ, അങ്ങനെ നിന്ന നെടുംതൂണുകളിലൊന്ന്; സംഘടനാ താല്‍പ്പര്യങ്ങള്‍ക്കപ്പുറത്തെ ഐക്യത്തിനു താങ്ങായിരുന്ന നേതാവ്; തീവ്രവാദത്തിന്റെ നാമ്പുകള്‍ തലനീട്ടുമ്പോള്‍ അതിനെതിരെ ജാഗ്രതയുടെ കോട്ടയ്ക്കു കാവല്‍ നിന്നവരില്‍ പ്രധാനി. ഇതൊക്കെയായിരുന്നു സിദ്ദീഖ് ഹസ്സന്‍. ഇന്നിപ്പോള്‍, കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ മകന്റെ കുടുംബത്തിനൊപ്പം വിശ്രമം പോലൊരു ജീവിതത്തിലായിരിക്കുമ്പോഴും സിദ്ദീഖ് ഹസ്സന്‍ പ്രതീക്ഷ കൈവിടാത്തത്. നാട്ടില്‍ നന്മയും സ്‌നേഹവും ഇല്ലാതാകില്ല എന്ന വലിയ പ്രതീക്ഷ. 

കോളേജ് അധ്യാപകന്‍, പരിഭാഷകന്‍, കേരളത്തിലും പിന്നീട് ദേശീയ തലത്തിലും ജമാഅത്തെ ഇസ്ലാമിയുടെ ഉന്നത നേതാവ്, ജീവകാരുണ്യ പ്രവര്‍ത്തകന്‍ തുടങ്ങി പ്രൊഫ. കെ.എ. സിദ്ദീഖ് ഹസ്സന്‍ നടന്ന സാര്‍ത്ഥകമായ വഴികള്‍ പലതാണ്. വര്‍ഗ്ഗീയ ചേരിതിരിവുകള്‍ക്കെതിരെ മതസൗഹാര്‍ദ്ദത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ അനുഭവങ്ങളിലാണ് അദ്ദേഹത്തിനു കൂടുതല്‍ അഭിമാനവും തൃപ്തിയും. വര്‍ഗ്ഗീയതയിലേക്കോ തീവ്രവാദത്തിലേക്കോ കുറഞ്ഞപക്ഷം സ്വജനപക്ഷപാതത്തിലേക്കെങ്കിലുമോ വഴിതിരിഞ്ഞു പോകാവുന്ന സമുദായ സംഘടനാ പ്രവര്‍ത്തനം അങ്ങനെയൊന്നുമാകാതെയാണ് അദ്ദേഹം നയിച്ചത്. കാമ്പുള്ള നിലപാടുകള്‍കൊണ്ട് എല്ലാവര്‍ക്കും സ്വീകാര്യനാവുകയും ചെയ്തു. ''മാറാട് കലാപമുണ്ടായ സമയത്ത് അവിടെ പോയപ്പോള്‍ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം പൊലീസ് കൂടെ വന്നു. പക്ഷേ, പ്രദേശത്തു ശക്തമായ എതിര്‍പ്പുണ്ടായി. ഞങ്ങള്‍ വളരെ സൗമ്യമായി അവരെ സമീപിച്ചു, സംസാരിച്ചു. അതോടെ ആദ്യത്തെ ഭാവം മാറി. അരയസമാജത്തിന്റെ ഓഫീസില്‍ കൊണ്ടുപോയി, ചായയൊക്കെ തന്നു. പിന്നീട് ആ സൗഹൃദം പുതുക്കാന്‍ അവര്‍ ഞങ്ങളുടെ ഓഫീസില്‍ വന്നു. അതൊരു അനുഭവമാണ്'' -സിദ്ദീഖ് ഹസ്സന്‍ പറയുന്നു. രാഷ്ട്രീയ സംഘടനകള്‍ക്കില്ലാത്ത ഒരു തീവ്രത സമുദായസംഘടനകള്‍ക്കുണ്ട് എന്നു തുറന്നു പറയാന്‍ കഴിയുന്നതും ഈ ആര്‍ജ്ജവത്തിന്റെ തുടര്‍ച്ച. ''രാഷ്ട്രീയ സംഘടനകള്‍ എത്ര കടുത്ത ശത്രുതയിലാണെങ്കിലും മാനുഷികമായ കാര്യങ്ങളിലൊക്കെ കൊടുക്കുകയും വാങ്ങുകയും സഹിക്കുകയുമൊക്കെ ചെയ്യുന്ന ഒരു അവസ്ഥയുണ്ട്. അത്രതന്നെ എത്തിയിട്ടില്ല നമ്മള്‍. ഇനിയും കുറേക്കൂടി മെച്ചപ്പെടേണ്ടതുണ്ട്.'' എന്ന് ഇതുപോലെ കേരളത്തിലെ ഒരൊറ്റ സമുദായ നേതാവും ഇതേവരെ സമ്മതിച്ചു തന്നിട്ടില്ല. 

തുടക്കം
ജമാഅത്ത് പ്രവര്‍ത്തകന്റെ മകനായി കൊടുങ്ങല്ലൂരില്‍ ജനനം. ചെറുപ്പകാലം മുതല്‍ തന്നെ ബാപ്പയുടെ മാതൃക സ്വീകരിച്ചു പ്രവര്‍ത്തിച്ചു. എസ്.എസ്.എല്‍.സി കഴിഞ്ഞ് കോഴിക്കോട് ഫറോക്ക് റൗളത്തുല്‍ ഉലമ അറബി കോളേജിലാണ് ചേര്‍ന്നത്. അതൊരു പ്രത്യേക തരം സ്ഥാപനമായിരുന്നു. ഏതെങ്കിലുമൊരു സമുദായ സംഘടനയുടെ കീഴിലായിരുന്നില്ല. മിസ്ബാഹ് അഹമ്മദ് മൗലവി എന്ന ഈജിപ്റ്റിലെ അസ്ഹറില്‍ പഠിച്ചുവന്ന പ്രഗല്‍ഭ പണ്ഡിതനായിരുന്നു സ്ഥാപകനും പ്രിന്‍സിപ്പലുമെല്ലാം. പിന്നീട് അതിപ്രശസ്തമായി മാറിയ ഫാറൂഖ് കോളേജ് കാമ്പസിലെ മുഴുവന്‍ സ്ഥാപനങ്ങളുടേയും തുടക്കം അവിടെനിന്നാണ്. അദ്ദേഹത്തിന്റെ ശിക്ഷണത്തിനു കീഴിലെ പഠനം കഴിഞ്ഞ് ശാന്തപുരത്തേക്ക് പോയി. അല്‍ ജാമിഅ ഇസ്ലാമിയ കോളേജില്‍ ആറ് വര്‍ഷം പഠിച്ചു. പിന്നെ നാട്ടില്‍ത്തന്നെ സ്‌കൂള്‍ അധ്യാപകനായി. അഫ്ദലുല്‍ ഉലമ പരീക്ഷ പ്രൈവറ്റായി എഴുതിയെടുത്തു. അതുകഴിഞ്ഞ് കോഴിക്കോട്ട് എല്‍.ടി.ടിക്ക് ചേര്‍ന്നു പഠിക്കുമ്പോഴാണ് സി.എന്‍. അഹമ്മദ് മൗലവി സഹീഹുല്‍ ബുഖാരി (നബി വചനങ്ങളുടെ സമാഹാരം) പരിഭാഷയ്ക്ക് സഹായിക്കാന്‍ ഒരാളെ അന്വേഷിക്കുന്നത്. കെ.സി. അബ്ദുല്ല മൗലവിയായിരുന്നു അന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍. അദ്ദേഹത്തെയാണ് അഹമ്മദ് മൗലവി സമീപിച്ചത്. കെ.സി. ചൂണ്ടിക്കാണിച്ചു കൊടുത്തത് സിദ്ദീഖ് ഹസ്സനെ. അതോടെ താമസവും സി.എന്നിന്റെ വീട്ടിലേക്ക് മാറ്റി പരിഭാഷയില്‍ സഹായിച്ചു. ആ ജോലി ഏതാണ്ട് പൂര്‍ത്തിയായി കോഴിക്കോട്ടെ ട്രെയിനിംഗും കഴിഞ്ഞപ്പോള്‍ ചരിത്രകാരനും കുറച്ചുകാലം ഫാറൂഖ് കോളേജ് പ്രിന്‍സിപ്പലുമായിരുന്ന തൃശൂരിലെ പ്രൊഫ. മൊയ്തീന്‍ ഷായുടെ നേതൃത്വത്തില്‍ ഇസ്ലാമിക വിജ്ഞാന കോശത്തില്‍ സഹായിയായി. പിന്നീട് ചില പുസ്തകങ്ങള്‍ അറബിയില്‍നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.

കോടഞ്ചേരി കോളേജില്‍ അറബി അധ്യാപകനായിരിക്കെയാണ് ജമാഅത്തിന്റെ സംസ്ഥാന നേതൃസ്ഥാനത്തെത്തുന്നത്, 1990-ല്‍. കോളേജ് അധ്യാപന ജീവിതം തുടങ്ങുന്നത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നാണ്. പിന്നെ എറണാകുളം മഹാരാജാസ് കോളേജില്‍. അതുകഴിഞ്ഞ് കൊയിലാണ്ടി ഗവണ്‍മെന്റ് കോളേജിലേക്ക് മാറ്റം വാങ്ങിയത് ജമാഅത്ത് മുഖമാസിക പ്രബോധനത്തിന്റെ ആവശ്യാര്‍ത്ഥമായിരുന്നു. അവിടെ ജോലിയില്‍ സഹായിക്കുകയും കോളേജില്‍ പോവുകയും ചെയ്തു. സംഘടനാ പ്രവര്‍ത്തനവും ജോലിയും തമ്മില്‍ ഏറ്റുമുട്ടലൊന്നുമുണ്ടായിട്ടില്ലെന്ന് അദ്ദേഹം ഓര്‍ക്കുന്നു. അതിന്റെ പേരില്‍ പഴിയും വിമര്‍ശനവുമൊന്നും കേള്‍ക്കേണ്ടി വന്നില്ല: ''എവിടെച്ചെന്നാലും സെക്കുലര്‍ സമൂഹവുമായി നല്ല ബന്ധമുണ്ടാക്കും. അതുപോലെ മറ്റു മതവിഭാഗങ്ങളുമായും. അതുകൊണ്ടുതന്നെ ആ അര്‍ത്ഥത്തില്‍ ഒരു പ്രശ്‌നവുമുണ്ടായിട്ടില്ല.'' 

മാറാട് രണ്ടാം കലാപകാലത്ത് അരയസമാജം ഭാരവാഹികളുമായി സംസാരിക്കാനെത്തിയപ്പോള്‍
മാറാട് രണ്ടാം കലാപകാലത്ത് അരയസമാജം ഭാരവാഹികളുമായി സംസാരിക്കാനെത്തിയപ്പോള്‍

വഴികള്‍
''വെല്ലുവിളികള്‍ പലതും നേരിട്ടു. സാധ്യതകള്‍ ധാരാളമുണ്ടായിരുന്നു. വളരെ കരുതലോടെയാണ് മുന്നോട്ടുപോയത്. വൈകാരികമായി ഒന്നിലും എടുത്തുചാടിയില്ല. സ്വതന്ത്രമായ പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മുടെ ജനാധിപത്യ വ്യവസ്ഥ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞു എന്നത് ഒരു പ്രധാന ഘടകമാണ്. അതേസമയം വര്‍ഗ്ഗീയ സംഘടന എന്ന ആരോപണവുമുണ്ടായി. പക്ഷേ, ജമാഅത്തെ ഇസ്ലാമിയുടെ നാളിതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ എല്ലാ പ്രശ്‌നങ്ങളേയും സംയമനത്തോടെയാണ് നേരിട്ടിട്ടുള്ളത് എന്നു കാണാം. സമാധാനപരമായ നിരന്തര പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ അഭിപ്രായം മാറ്റിയെടുക്കാനുള്ള ശ്രമമാണ് നടത്തിയത്. അതില്‍ ഏറെക്കുറെയൊക്കെ വിജയിക്കുകയും ചെയ്തു. പണ്ടൊക്കെ ജമാഅത്തിനെ അകറ്റിനിര്‍ത്തിയിരുന്ന പലരും അതിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിച്ചുകൊണ്ട് അംഗീകരിക്കാന്‍ നിര്‍ബന്ധിതരായി'' സിദ്ദീഖ് ഹസ്സന്‍ ഓര്‍ക്കുന്നു. ''ഞങ്ങളൊരു സാമുദായിക സംഘടന മാത്രമല്ല. പക്ഷേ, വളരെ ശക്തമായ പ്രചാരണങ്ങളിലൂടെ ജനങ്ങളുടെ മനസ്സില്‍ നേരെ വിപരീതമായ പ്രതിച്ഛായ സൃഷ്ടിച്ചെടുത്തു. ഈ സ്ഥിതിവിശേഷത്തെ മറികടക്കാന്‍ ഒരു വഴിയേ കണ്ടുള്ളു. സംയമനത്തോടുകൂടി അവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുക. പ്രവര്‍ത്തനങ്ങള്‍ കാണിച്ചുകൊടുത്തുകൊണ്ട്, സമുദായത്തിന്റെ ഭാഗമാണെങ്കിലും വ്യത്യസ്തമാണെന്ന് തെളിയിച്ചുകൊടുക്കാന്‍ സാധിക്കും. ആ ശ്രമം നിരന്തരം തുടരുകയാണ് വേണ്ടത്.''

വര്‍ഗ്ഗീയ കലാപങ്ങള്‍ ഉണ്ടാകുമ്പോള്‍ ജാതിയോ മതമോ സമുദായമോ നോക്കാതെതന്നെ എല്ലാവര്‍ക്കും സഹായങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ മുന്നില്‍ നിന്നിരുന്നു അദ്ദേഹമെന്നു സഹപ്രവര്‍ത്തകരും ഓര്‍ക്കുന്നു. ഈ ശ്രമത്തിന്റെ തന്നെ ഭാഗമായിരുന്നു കേരളത്തെ കളങ്കപ്പെടുത്തിയ മാറാട്, എറണാകുളം, തിരുവനന്തപുരം, നാദാപുരം സംഭവങ്ങളിലൊക്കെ ഓടിയെത്തിയത്. മറ്റു വിഭാഗങ്ങളുമായും സംഘടനകളുമായും സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ സാധ്യമാകുന്നത്ര പങ്കെടുത്തു. 

ഫാറൂഖ് കോളജ്
ഫാറൂഖ് കോളജ്

എന്നാല്‍, മുസ്ലിം ലീഗിന്റെ സാമുദായിക സൗഹാര്‍ദ്ദശ്രമങ്ങളെപ്പോലെ ജമാഅത്തിന്റെ ശ്രമങ്ങള്‍ ആദ്യകാലത്ത് ചര്‍ച്ച ചെയ്യപ്പെട്ടില്ല. ബഹുജനങ്ങള്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ മനസ്സിലാക്കാത്തതായിരുന്നു കാരണം. ''മാറാട് കലാപമുണ്ടായപ്പോള്‍ അവിടെ ആദ്യം കടന്നുചെന്നയാള്‍ ഞാനാണ്. അന്നു മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണി പോലും അടുക്കാന്‍ മടിച്ചുനിന്ന സമയത്ത്. സുനാമി വന്നപ്പോള്‍ അവിടെയും പ്രവര്‍ത്തകരുമൊത്ത് ആദ്യം കടന്നുചെന്നു. ജനങ്ങളിലേക്ക് അത്തരം പ്രവര്‍ത്തനങ്ങള്‍ എത്തിക്കാന്‍ ഞങ്ങളാലാകുന്ന വിധം ശ്രമിച്ചിട്ടുണ്ട്. പക്ഷേ, എതിര്‍ പ്രചാരവേലകള്‍ ശക്തമായിരുന്നു.'' മഹാരാജാസ് കോളേജിലെ അഭിമന്യു വധത്തിന് ഉത്തരവാദികളായി ആരോപിക്കപ്പെടുന്ന സംഘടന നീതിയില്‍ അധിഷ്ഠിതമായ സമീപനമാണ് സ്വീകരിക്കേണ്ടത് എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ''പോപ്പുലര്‍ ഫ്രണ്ടിനെ സംബന്ധിച്ചിടത്തോളം ഒരു മുദ്ര വീണു കഴിഞ്ഞിരിക്കുന്നു. അവര്‍ക്ക് അതില്‍നിന്നു രക്ഷപ്പെടുക എളുപ്പമല്ല. അവര്‍ ചെയ്യുന്നതിന്റെ പാപഭാരം സമുദായത്തിനു മൊത്തത്തില്‍ പേറേണ്ടിവരുന്നു. അതുകൊണ്ടാണ് എല്ലാവരും അതിനെ തള്ളിപ്പറയുന്നത്. സമുദായത്തില്‍ ആരും യഥാര്‍ത്ഥത്തില്‍ അതിനോടു സഹകരിക്കുന്നില്ല.'' വ്യക്തമാണ് നിലപാടും തുറന്നു പറച്ചിലും.

തിരിച്ചറിവുകള്‍
അഖിലേന്ത്യാ തലത്തില്‍ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി) രൂപീകരിച്ചത് ജമാഅത്താണ്. പക്ഷേ, കുറച്ചുകഴിഞ്ഞപ്പോള്‍ കൈവിട്ടുപോയി. അവരുടെ സമീപനത്തില്‍ തീവ്രവാദപരമായ കാഴ്ചപ്പാടുകള്‍ കണ്ടപ്പോള്‍ ജമാഅത്ത് അതിനെ കൈയൊഴിച്ചു എന്ന് അതേക്കുറിച്ച് സിദ്ദീഖ് ഹസ്സന്‍. ജമാഅത്തിന്റെ സമീപനം തണുപ്പനാണ്, ശക്തി പോരാ എന്നൊക്കെ അഭിപ്രായം വന്നപ്പോള്‍ ജമാഅത്ത് അവരെ തള്ളിപ്പറഞ്ഞു. പിന്നീട് ആ രാഷ്ട്രീയം അവര്‍ സ്വതന്ത്രമായി തുടര്‍ന്നു. പിന്നീട് രൂപീകരിച്ച സംഘടനയാണ് സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (എസ്.ഐ.ഒ). എസ്.ഐ.ഒയേയും അതിനുശേഷം വന്ന സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിനേയുമൊക്കെ രൂപീകരിക്കുമ്പോള്‍ വളരെ കരുതലോടുകൂടിയാണ് സമീപിച്ചത്. അവര്‍ക്ക് തെറ്റിപ്പോകാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും എടുത്തിരുന്നു. നേതാക്കന്മാരെ തെരഞ്ഞെടുക്കുന്നതില്‍, വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതില്‍- അങ്ങനെ പല കാര്യങ്ങളിലും ശ്രദ്ധിച്ചുകൊണ്ടിരുന്നു. 

അബ്ദുല്‍ നാസര്‍ മഅ്ദനി ഐ.എസ്.എസ് (ഇസ്ലാമിക സേവാ സംഘം) രൂപീകരിച്ചു രംഗത്തുവന്നത് ബാബരി മസ്ജിദ് പ്രശ്‌നം കത്തിനില്‍ക്കുമ്പോഴാണ്. ''ഞങ്ങള്‍ ആദ്യം ഒരുതരം നിഷ്പക്ഷതയാണ് പാലിച്ചത്. അത് അവരെ അംഗീകരിക്കുന്നു എന്ന അര്‍ത്ഥത്തിലായിരുന്നില്ല. അവരെ പ്രോല്‍സാഹിപ്പിച്ചിട്ടൊന്നുമില്ല.'' എന്ന് അക്കാലത്ത് ജമാഅത്ത് അമീറായിരുന്ന സിദ്ദീഖ് ഹസ്സന്‍ ഇതാദ്യമായി പറയുന്നു. പക്ഷേ, ജമാഅത്ത് തുടങ്ങിയ മാധ്യമം ദിനപത്രം അവരെ പ്രോല്‍സാഹിപ്പിച്ചില്ലേ എന്ന ചോദ്യത്തിന് ഇതാണ് അദ്ദേഹത്തിന്റെ മറുപടി: ''അവരുടെ മാത്രമല്ല, എല്ലാവരുടേയും വാര്‍ത്തകള്‍ കൊടുത്തുകൊണ്ടാണിരുന്നത്. യുക്തിവാദികളുടേയും അന്ന് കേരളത്തില്‍ വേരില്ലാതിരുന്ന ബി.ജെ.പിയുടേയും ഉള്‍പ്പെടെ. അതില്‍ വിവേചനം കാണിച്ചിട്ടില്ല. പക്ഷേ, എല്ലാ നിയന്ത്രണങ്ങളും വിട്ട് വളരെ പരുഷമായ നിലയില്‍ മുന്നോട്ടു പോയപ്പോള്‍ ഞങ്ങള്‍ക്ക് അവരെ വിമര്‍ശിക്കേണ്ടിവന്നു. വിമര്‍ശനങ്ങള്‍ അവര്‍ സഹിച്ചില്ല. അതില്‍നിന്നാണ് ഇങ്ങോട്ടുള്ള എതിര്‍പ്പു വന്നത്. ജമാഅത്തെ ഇസ്ലാമി ഔദ്യോഗികമായി മഅ്ദനിയുമായി സഹകരിക്കുകയോ അവരുടെ ഏതെങ്കിലും സമിതികളുടെ ഭാഗമാവുകയോ ചെയ്തിട്ടില്ല.'' ആ സമയത്ത് മുസ്ലിം നേതൃകൂട്ടായ്മ ഇടപെട്ടു. മഅ്ദനിയുമായി ചര്‍ച്ച നടത്താനും അദ്ദേഹത്തിന്റെ രാഷ്ട്രീയം പഠിക്കാനും ശ്രമിച്ചു. ഗൗരവതരമായ ചര്‍ച്ചകള്‍ പല സ്ഥലത്തുവച്ചും നടന്നു. പക്ഷേ, അതു പരാജയപ്പെടുകയാണ് ചെയ്തത്. നിലപാടുകളില്‍നിന്ന് ഒരടിപോലും മാറാന്‍ മഅ്ദനി തയ്യാറായിരുന്നില്ല. സമുദായത്തിന് ദോഷമാണ്, ദുഷ്പേര് വരുത്തും, മൊത്തത്തില്‍ അവരെ മാത്രമല്ല ബാധിക്കുക എന്നീ കാര്യങ്ങളൊക്കെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. പക്ഷേ, അവരില്‍ മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ല. പിന്നീട് കോയമ്പത്തൂര്‍ സ്ഫോടനക്കേസിന്റെ പേരിലുള്ള ജയില്‍വാസത്തിനുശേഷം കുറ്റവിമുക്തനായി പുറത്തുവന്നപ്പോള്‍ മഅ്ദനി പഴയ തീവ്രവാദ നിലപാടുകളെ മുഴുവന്‍ തള്ളിപ്പറഞ്ഞു.
ജമാഅത്ത് അടിസ്ഥാന ആദര്‍ശത്തില്‍ വെള്ളം ചേര്‍ക്കാതെ ശക്തമായി മുറുകെപ്പിടിച്ചുകൊണ്ട് രാജ്യത്തിന്റെ സാഹചര്യങ്ങള്‍ മുന്നില്‍വച്ചുകൊണ്ട് പ്രായോഗിക സമീപനം എടുക്കാന്‍ ശ്രമിക്കുകയാണ് ചെയ്തതെന്ന് സിദ്ദീഖ് ഹസ്സന്‍. ''ശരിക്കു പറഞ്ഞാല്‍, ജമാഅത്തിനെക്കുറിച്ച് ആണിയടിച്ച് ഉറപ്പിച്ച ചില സങ്കല്‍പ്പങ്ങള്‍ പൊതുസമൂഹത്തിനുണ്ട്. നമ്മള്‍ അഭിസംബോധന ചെയ്യുന്ന ആളുകള്‍ക്ക് മനസ്സിലാകണമല്ലോ നമ്മുടെ ഭാഷ. ആ ഭാഷയിലാണ് നമ്മള്‍ സംസാരിച്ചിട്ടുള്ളത്. ആ ധാരണകള്‍ തിരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് അത്തരമൊരു സമീപനം സ്വീകരിച്ചത്.'' പഴി പറയുന്നവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല എന്ന തികഞ്ഞ തിരിച്ചറിവ് അദ്ദേഹം മറച്ചുവയ്ക്കുന്നില്ല. ''അവര്‍ അതില്‍നിന്നു മാറില്ല. അതേ സമയത്ത് ജമാഅത്ത് ആദ്യം മുതല്‍ത്തന്നെ വ്യക്തമായ ഒരു രാഷ്ട്രീയ കാഴ്ചപ്പാട് മുന്നോട്ടു വച്ചിട്ടുണ്ട്. ആ അടിസ്ഥാനത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഇന്നു പ്രായോഗികമല്ല. ഇന്ത്യ അഭിമുഖീകരിക്കുന്ന മൗലികമായ ചില പ്രശ്‌നങ്ങളുണ്ട്. സെക്കുലറിസം, മാനവികത, എല്ലാ മതങ്ങളോടുമുള്ള സൗഹൃദപരമായ സമീപനം. ഇതു മുന്നില്‍വച്ചുകൊണ്ടാണ് വെല്‍ഫെയര്‍ പാര്‍ട്ടി രൂപീകരിച്ചത്. അതായത് ജമാഅത്തിന്റെ പുറത്തുള്ളവരുടേയും സഹകരണം ആവശ്യമുണ്ട്. അവരുമായി യോജിക്കാവുന്ന പൊതുവിഷയങ്ങളില്‍ യോജിച്ചു പോകാനാണ് ഉദ്ദേശ്യം.''
അടിയന്തരാവസ്ഥക്കാലത്ത് ജമാഅത്തെ ഇസ്ലാമിക്ക് പല ദുരനുഭവങ്ങളും ഉണ്ടായി. ധാരാളം പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഓഫീസ് സീല്‍ ചെയ്തു. ഒരുപാട് പീഡനങ്ങള്‍. എന്നാല്‍, അടിയന്തരാവസ്ഥയുടെ അനുഭവങ്ങള്‍ മാത്രമല്ല മറ്റു പല ഘടകങ്ങളും ജമാഅത്തിന്റെ നയസമീപനങ്ങളിലെ മാറ്റത്തെ സ്വാധീനിച്ചിട്ടുണ്ട്. നിലവിലുള്ള രാഷ്ട്രീയപ്പാര്‍ട്ടികളില്‍നിന്നു നീതി ലഭിക്കില്ലെന്ന തോന്നലുണ്ടായി. സ്വന്തം കാലില്‍ത്തന്നെ ഒരു രാഷ്ട്രീയ ഘടന ഉണ്ടാകണം എന്ന ആലോചനയും അന്നേ തുടങ്ങി. ''നമ്മള്‍ എന്താണ് പറയുന്നതെന്ന് അവര്‍ക്ക് തെളിയിച്ചുകൊടുക്കണം എന്നതായിരുന്നു പാര്‍ട്ടി രൂപീകരണത്തിന്റെ ഒരുദ്ദേശ്യം.

ഒരു സുപ്രഭാതത്തില്‍ പാര്‍ട്ടി രൂപീകരിക്കുകയായിരുന്നില്ല. നിലവില്‍ നമുക്ക് ചേരാനോ കൂട്ടുകൂടാനോ പറ്റുന്ന ഒരു രാഷ്ട്രീയപ്പാര്‍ട്ടി അന്നില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ പല സമീപനങ്ങളും എടുത്തിട്ടുണ്ട്. വ്യക്തികളെ നോക്കി വോട്ടു ചെയ്യുക, ഒരേ തെരഞ്ഞെടുപ്പില്‍ത്തന്നെ പല മണ്ഡലങ്ങളില്‍ പല നിലപാടെടുക്കുക എന്നതൊക്കെ അതിന്റെ ഭാഗമായിരുന്നു. വ്യക്തികളെ നോക്കി, അവരുടെ മൂല്യം നോക്കി വോട്ടു ചെയ്യുക എന്ന സമീപനത്തിന്റെ അടിസ്ഥാനത്തില്‍ താരതമ്യേന മൂല്യമുള്ളവര്‍ക്കാണ് വോട്ട് നല്‍കിയത്. അങ്ങനെയൊരു മൂല്യം നോക്കിയുള്ള രാഷ്ട്രീയം എന്നത് താല്‍ക്കാലിക സമീപനമായിരുന്നു. കുറച്ചുകൂടി പ്രായോഗികമായി രംഗത്തുവരണമെന്നു തോന്നിയപ്പോഴാണ് രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുന്നത്.''

പാര്‍ട്ടി രൂപീകരണത്തിനു മുന്‍പ് ഒരു സമിതിയുണ്ടാക്കുകയും പല പഠനങ്ങളും നടത്തുകയും ചെയ്തു. ഇന്ത്യയിലെ മൊത്തം രാഷ്ട്രീയ സ്ഥിതിഗതികള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു. ജമാഅത്തിന്റെ ആദര്‍ശത്തില്‍നിന്നു വിട്ടുവീഴ്ച ചെയ്യാതെ ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്തയോട് യോജിച്ചുകൊണ്ട് ആയിരിക്കണം എന്ന തീരുമാനത്തിലേക്കാണ് എത്തിയത്. 

ബഷീറിന്റെ നല്ല വാക്കുകള്‍
1968-ല്‍ ജമാഅത്തെ ഇസ്ലാമിയുടെ കേരള സമ്മേളനം ഒരു പ്രമേയം പാസ്സാക്കി. ''നമുക്കും ഒരു പത്രം വേണം.'' അന്ന് അതൊരു ആശയം മാത്രമായിരുന്നു. അവിടുന്നങ്ങോട്ടു മുന്നോട്ടുപോയില്ല. പിന്നീട് പത്രം ലക്ഷ്യമാക്കി കുവൈറ്റില്‍ ഉണ്ടായിരുന്ന ചില പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കെ.എം. രിയാലു സാഹിബിന്റെ നേതൃത്വത്തില്‍ രോഷ്നി പബ്ലിക്കേഷന്‍സ് എന്നൊരു സ്ഥാപനമുണ്ടാക്കി. അവര്‍ സ്ഥലം വാങ്ങി, കെട്ടിടമുണ്ടാക്കി, പ്രസ്സ് സ്ഥാപിച്ചു. ആ പ്രസ്സ് പത്രം അടിക്കാന്‍ പറ്റിയതായിരുന്നില്ല. അതില്‍നിന്നു മുന്നോട്ടു പോകാന്‍ അവര്‍ക്ക് കഴിഞ്ഞുമില്ല. പിന്നെപ്പിന്നെ ഒരു പത്രം ഉണ്ടായേ തീരൂ എന്നത് ശക്തമായി. ''അങ്ങനിരിക്കുമ്പോള്‍ ജമാഅത്ത് ശൂറാ (കൂടിയാലോചനാ സമിതി) നടക്കുമ്പോള്‍ ഞാന്‍ ഈ ആശയം മുന്നോട്ടുവച്ചു. ആര് നടത്തും എന്ന് നേതാക്കള്‍ ചോദിച്ചു. എന്നെ ഏല്‍പ്പിച്ചാല്‍ ശ്രമിക്കാം എന്ന് ഞാന്‍ പറഞ്ഞു. പക്ഷേ, ജമാഅത്തിന്റെ പൂര്‍ണ്ണ സഹകരണം ആവശ്യമാണ്. അങ്ങനെ വി.കെ. ഹംസ സാഹിബ് ചെയര്‍മാനും ഞാന്‍ സെക്രട്ടറിയുമായി ഒരു ട്രസ്റ്റ് രൂപീകരിച്ചു, ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റ്. പുറമേ അല്‍ മദീന എന്ന മറ്റൊരു ട്രസ്റ്റും രൂപീകരിച്ചു. പത്രത്തിന്റേയും അതിന്റെ സ്വത്തുക്കളുടേയും ഉടമസ്ഥാവകാശം രണ്ടു സ്ഥാപനങ്ങളുടെ കീഴിലായാണ് രജിസ്റ്റര്‍ ചെയ്തത്. ഇപ്പോള്‍ രണ്ടും ഒന്നാക്കിയിട്ടുണ്ട്. എല്ലാം ഐഡിയലിന്റെ കീഴില്‍ത്തന്നെയാക്കി. 
പത്രം തുടങ്ങുന്ന കാര്യത്തില്‍ അന്നത്തെ അമീര്‍ കെ.സി. അബ്ദുല്ല മൗലവി വളരെ ശക്തമായ സമീപനമാണ് സ്വീകരിച്ചത്. അദ്ദേഹം വി.കെ. ഹംസയുമായി ചേര്‍ന്ന് ഗള്‍ഫ് നാടുകളില്‍ സഞ്ചരിച്ച് ഫണ്ട് ശേഖരണത്തിനു ശ്രമിച്ചു. അതു വിജയമായിരുന്നു. പക്ഷേ, പത്രം സ്ഥാപിക്കാന്‍ കഴിഞ്ഞപ്പോള്‍ സന്തോഷിച്ചെങ്കിലും പിന്നീടുണ്ടായ അനുഭവങ്ങള്‍ വളരെ പ്രയാസപ്പെടുത്തി. ഭയങ്കര നഷ്ടമായിരുന്നു. ഇതു തുടരാന്‍ കഴിയില്ലെന്ന് ഒരു ഘട്ടത്തില്‍ ശക്തമായ അഭിപ്രായം ഉയര്‍ന്നുവന്നു. പക്ഷേ, കുറച്ചു സമയം കൂടി തരണം എന്ന് സിദ്ദീഖ് ഹസ്സനും സഹപ്രവര്‍ത്തകരും പറഞ്ഞു; ഈ പ്രശ്‌നങ്ങളൊക്കെ പരിഹരിക്കാം. ''പിന്നെ അതിനുവേണ്ടിയുള്ള നെട്ടോട്ടമായിരുന്നു. ഭാഗ്യവശാല്‍ പടച്ചവന്റെ അനുഗ്രഹംകൊണ്ട് അതു നിര്‍ത്തേണ്ടിവന്നില്ല, ഒരു ദിവസം പോലും. പല അനുഗ്രഹങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ പണം ഇല്ലാത്തതുകൊണ്ട് ന്യൂസ് പ്രിന്റ് വാങ്ങാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ ന്യൂസ് പ്രിന്റിന് ഓര്‍ഡര്‍ കൊടുത്തിരുന്നു. അത് എത്തിയിരുന്നില്ല. യാദൃച്ഛികമായി അന്നു രാത്രി അവിടെ ഒരു ലോഡ് ന്യൂസ് പ്രിന്റ് വന്നു. ഞങ്ങള്‍ക്കുള്ളതാണെന്നു വിചാരിച്ചു. യഥാര്‍ത്ഥത്തില്‍ അത് ദേശാഭിമാനിയുടേതായിരുന്നു. മാറി വന്നതാണ്. അവരെ വിളിച്ച് സമ്മതം വാങ്ങി അതുകൊണ്ട് പത്രം അച്ചടിച്ചു. പൈസയ്ക്ക് വേണ്ടിയുള്ള നെട്ടോട്ടത്തിലൊക്കെ വ്യക്തിപരമായി അഞ്ചു രൂപ പോലും എനിക്ക് കടം തരാത്ത ആളുകള്‍ എത്ര ലക്ഷം വേണമെങ്കിലും തരാന്‍ സന്നദ്ധരായിരുന്നു. അതിനൊന്നും ഒരിക്കലും മുട്ട് വന്നിട്ടില്ല. പിന്നെ അങ്ങോട്ടുള്ള വളര്‍ച്ച അദ്ഭുതാവഹമായിരുന്നു.''

അതോടെ കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ ചിത്രമാകെ മാറി എന്നത് ചരിത്രം. അത് സിദ്ദീഖ് ഹസ്സന്‍ സാഹിബും സമ്മതിക്കുന്നു: ''തള്ളിപ്പറഞ്ഞിരുന്നവര്‍ വരെ ആശ്രയിക്കാന്‍ തുടങ്ങി. ജമാഅത്തിന്റെ ഭാഷ, നയസമീപനങ്ങള്‍ ഇതൊക്കെ അംഗീകരിക്കാന്‍ പൊതുസമൂഹം തയ്യാറായി. ചില അനുഭവങ്ങളുണ്ട്: സി.പി.എം സംസ്ഥാന സമിതിയില്‍ പി ഗോവിന്ദപ്പിള്ള പറയുകയുണ്ടായത്രേ, പത്രം നടത്താന്‍ അവരെക്കണ്ട് പഠിക്കണം എന്ന്. എല്ലാ പത്രങ്ങളുടേയും മുഖം മാറി. ദളിതുകള്‍, ട്രാന്‍സ്ജെന്‍ഡേഴ്സ് തുടങ്ങി എല്ലാവരുടേയും വാര്‍ത്തകള്‍ വന്നു. മറ്റുള്ളവര്‍ അകറ്റി നിര്‍ത്തിയിരുന്ന ആളുകള്‍ക്ക് ഞങ്ങള്‍ ഇടംകൊടുത്തു. ഇന്ന് എല്ലാവരും അതിന് നിര്‍ബന്ധിതരായി. ഇങ്ങനെയും പത്രം നടത്താന്‍ കഴിയുമെന്ന് ആളുകള്‍ക്ക് ബോധ്യമായി.''

നടത്തുന്നതു സംഘടനയുടെ പത്രമാകണം എന്ന് നേതാക്കളില്‍ ഒരു വിഭാഗത്തിനു ശക്തമായ അഭിപ്രായമുണ്ടായിരുന്നു. പക്ഷേ, കേരളത്തില്‍ പത്രം നടത്തുമ്പോള്‍ അതൊരു സെക്കുലര്‍ സ്വഭാവത്തില്‍ത്തന്നെ വേണം എന്നതില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. രണ്ട് മൂന്ന് ചര്‍ച്ചകളൊക്കെ ഉണ്ടായി. എല്ലാവരും സ്വീകരിക്കുന്ന, എല്ലാവര്‍ക്കും അംഗീകാരം കിട്ടുന്ന ഒരു പത്രമാകണം എന്നതായിരുന്നു സ്വീകരിച്ച എഡിറ്റോറിയല്‍ സമീപനത്തിന്റെ പ്രധാന ഘടകം. അതിന്റെ തന്നെ ഭാഗമായി സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍പ്പെട്ട ആളുകളുമായി സംസാരിച്ചു. ആദ്യം മുതല്‍ത്തന്നെ വൈക്കം മുഹമ്മദ് ബഷീറുമായി കൂടിയാലോചിച്ചാണ് പോയത്. ചീഫ് എഡിറ്ററായി അദ്ദേഹം ആദ്യം സുകുമാര്‍ അഴീക്കോടിനെ നിര്‍ദ്ദേശിച്ചു. ''ഞങ്ങള്‍ അഴീക്കോട് മാഷിനെ സമീപിച്ചു. അദ്ദേഹം പറഞ്ഞ രസകരമായ ഒരു കാര്യമുണ്ട്. എനിക്ക് എന്നെ നിയന്ത്രിക്കാന്‍ കഴിയില്ല. അതുകൊണ്ട് നമ്മള്‍ തമ്മില്‍ വേണ്ട. നിങ്ങള്‍ പി.കെ. ബാലകൃഷ്ണനെ സമീപിക്കൂ എന്നു പറഞ്ഞു. വൈക്കം മുഹമ്മദ് ബഷീറിന്റെ കത്തുമായാണ് പി.കെ. ബാലകൃഷ്ണനെ കാണാന്‍ പോയത്. പ്രയാസങ്ങളൊക്കെ പറഞ്ഞെങ്കിലും അദ്ദേഹം അവസാനം അംഗീകരിച്ചു. ''എടാ ബാലാ, ഇവര്‍ അംഗീകരിക്കാവുന്ന നല്ല കൂട്ടരാണ്. നീ ഇവരുമായി സഹകരിക്കണം'' എന്നൊക്കെ പറയുന്നതായിരുന്നു കത്ത്. പി.കെ. ബാലകൃഷ്ണന്‍ ചീഫ് എഡിറ്റര്‍ സ്ഥാനം ഏറ്റെടുത്തതോടെ മുസ്ലിം പത്രം എന്ന ചിത്രം തന്നെ മാറി. ബാലകൃഷ്ണന്റെ പത്രം എന്നാണ് മിക്കവരും പറയുക. അതിനുശേഷം വന്നത് സി. രാധാകൃഷ്ണനാണ്. അത് അതിനെക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ട ഒരു ഇമേജ് നല്‍കി. പിന്നെ പത്രം സ്വയംതന്നെ അതിന്റെ സമീപനം പ്രഖ്യാപിച്ചതോടെ ജനങ്ങള്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു. ഞങ്ങള്‍ ചെയ്ത ഒരു നല്ല കാര്യം ഒരിക്കലും പഴയ ആളുകളെ ആശ്രയിച്ചില്ല എന്നതാണ്. എല്ലാം പുതിയ ആളുകള്‍. സ്വയമൊരു ടീമിനെ വളര്‍ത്തിയെടുക്കുകയായിരുന്നു, നമ്മുടെ ശിക്ഷണത്തില്‍. ഇന്നിപ്പോള്‍ അവര്‍ ശക്തരാണ്.''

പേരക്കുട്ടികള്‍ക്കൊപ്പം
പേരക്കുട്ടികള്‍ക്കൊപ്പം

ഡല്‍ഹിയിലേക്കുള്ള മാറ്റം
ഡോ. അബ്ദുല്‍ ഹക്ക് അന്‍സാരി എന്ന അറിയപ്പെടുന്ന തത്വചിന്തകന്‍ ജമാഅത്ത് അഖിലേന്ത്യാ അമീറായിരുന്നു. അലിഗഡില്‍നിന്ന് എം.എ. കഴിഞ്ഞ് അധ്യാപകനായിരിക്കെ അദ്ദേഹം ഹാര്‍വാര്‍ഡിലേക്ക് പോയി. അവിടെനിന്ന് ഫിലോസഫിയില്‍ മത താരതമ്യപഠനത്തില്‍ ഡോക്ടറേറ്റ് എടുത്ത് ദീര്‍ഘകാലം അവിടെയും ഇംഗ്ലണ്ടിലും സൗദിയിലും ജോലി ചെയ്തു. 1985-നുശേഷം തിരിച്ചെത്തി. പിന്നീട് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തു വരെ പോയി. വളരെ ഊഷ്മള സ്വീകരണമാണ് അവിടെ ലഭിച്ചത്. ''കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ കണ്ടിട്ട് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടതാണ് അങ്ങോട്ട് ചെല്ലാന്‍. ജമാഅത്തിന്റെ പ്രതിനിധി സഭാ യോഗം നടക്കുമ്പോള്‍ അഖിലേന്ത്യാ തലത്തില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ അറിയിക്കണം എന്നു പറഞ്ഞു. അന്നു ഞാന്‍ അതിന് അനുകൂലമായി പ്രതികരിച്ചു. എന്നെ സംബന്ധിച്ചിടത്തോളം കേരളത്തില്‍ എനിക്ക് പ്രവര്‍ത്തിക്കാനുള്ള റോള്‍ കഴിഞ്ഞിരുന്നു. ആദ്യം അസിസ്റ്റന്റ് സെക്രട്ടറിയായിട്ടാണ് നിയമിച്ചത്. എന്നോട് ഡോ. അന്‍സാരി പറഞ്ഞു, കേരളത്തില്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ മാതൃക വച്ചുകൊണ്ട് വിദ്യാഭ്യാസ, സാംസ്‌കാരിക, ജനസേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഫലപ്രദമായ ഒരു പ്രോജക്റ്റ് ഉണ്ടാക്കി സമര്‍പ്പിക്കണം.''

അങ്ങനെയാണ് പ്രൊഫ. സിദ്ദീഖ് ഹസ്സന്‍ രാജ്യമെമ്പാടും സഞ്ചരിക്കുന്നത്. ''ഏതാണ്ടെല്ലാ സംസ്ഥാനങ്ങളു സന്ദര്‍ശിച്ചു. ജനസേവന പ്രവര്‍ത്തനങ്ങളുമായും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട് ഇന്ത്യയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടുകളും രേഖകളും പരിശോധിച്ചു. ഞങ്ങള്‍ ഒരു സമിതിയുണ്ടാക്കി. അതില്‍ ചര്‍ച്ച ചെയ്ത ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതിനുശേഷം അത് ജമാഅത്തിന്റെ കേന്ദ്ര കൂടിയാലോചനാ സമിതിയില്‍ വച്ചു. സമിതിയും പാസ്സാക്കി. അതിന് വിഷന്‍ 2016 എന്നു പേരിട്ടു. അതിപ്പോള്‍, സര്‍വ്വശക്തനു സ്തുതി, ഇന്ത്യയിലെത്തന്നെ അപൂര്‍വ്വമായ ഒരു സംരംഭമായി മാറിയിരിക്കുന്നു. അതില്‍ നാലഞ്ചു ഘടകങ്ങളുണ്ടായിരുന്നു. ഒന്ന്, പൗരാവകാശ സംരക്ഷണം. അതിനു ദേശീയതലത്തില്‍ ഒരു സമിതി രൂപീകരിച്ചു. രണ്ടാമത്തേത് മൈക്രോ ഫിനാന്‍സിനു വേണ്ടിയായിരുന്നു. സഹൂലത്ത് എന്ന പേരില്‍ രൂപീകരിച്ച മൈക്രോ ഫിനാന്‍സ് സംരംഭത്തിന് കേരളത്തില്‍ അമ്പതോളം ശാഖകളുണ്ട്. പാവപ്പെട്ടവര്‍ക്ക് പലിശരഹിത സ്വയംതൊഴില്‍ വായ്പ കൊടുക്കുന്ന സംവിധാനം. ഓരോ യൂണിറ്റിന്റേയും ശേഷി അനുസരിച്ച് എത്ര രൂപ വേണമെങ്കിലും കൊടുക്കും. ഒരു പരീക്ഷണം എന്ന നിലയില്‍ അതു വിജയമാണ്. പിന്നെ സന്നദ്ധ സേവനത്തിന് വളണ്ടിയര്‍മാരെ തയ്യാറാക്കി. കേരളത്തില്‍ ഞങ്ങള്‍തന്നെ മുന്‍കൈയെടുത്ത് ഐഡിയല്‍ റിലീഫ് വിംഗ് (ഇ.ആര്‍.ഡബ്ല്യു) ഉണ്ടാക്കി. പത്തു മുപ്പത് വര്‍ഷത്തോളമായി ശ്രീലങ്കയില്‍, പാകിസ്താനില്‍, മലേഷ്യയില്‍, ഇന്തോനേഷ്യയില്‍, ഉത്തരേന്ത്യന്‍ പ്രദേശങ്ങളില്‍ അതു പ്രവര്‍ത്തിക്കുന്നു. കലാപം ഉണ്ടായിടത്തൊക്കെ ഓടിയെത്തി ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. പാകിസ്താനില്‍ ഞാന്‍ പോയിരുന്നു. മറ്റുള്ളിടത്തൊന്നും പോയില്ല. പാകിസ്താന്‍ വലിയ ഒരു ഭൂകമ്പത്തിന്റെ ദുരിതത്തില്‍നിന്നു കരകയറാന്‍ ശ്രമിക്കുകയായിരുന്നു. നിരവധി അന്താരാഷ്ട്ര സന്നദ്ധപ്രവര്‍ത്തകര്‍ അവിടെയുണ്ടായിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങളൊക്കെ മനസ്സിലാക്കി. അതില്‍ ചിലത് ഐ.ആര്‍.ഡബ്ല്യുവിന് ഉപകാരപ്പെട്ടു. ഒരാഴ്ചക്കാലമാണ് അവിടെയുണ്ടായിരുന്നത്. നല്ല അനുഭവമായിരുന്നു. ഇന്ത്യയിലെ ജമാഅത്തെ ഇസ്ലാമി നേതാവ് പാക്കിസ്താനില്‍ പോയത് ആരും പ്രശ്‌നമൊന്നുമാക്കിയില്ല. മുന്‍പും നേതാക്കള്‍ പല അത്യാവശ്യ ഘട്ടങ്ങളിലും അങ്ങനെ പോയിട്ടുണ്ട്.''

മറ്റു സംഘടനകളും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ പിന്തുടരാന്‍ വിഷന്‍ 2016 കാരണമായി. സംഘടനകള്‍ മാത്രമല്ല, വ്യക്തികളും അതു മാതൃകയാക്കി. ഇപ്പോഴും അതൊരു വലിയ സംഭവമായി തുടരുന്നു. കേരളത്തില്‍ പല പ്രദേശങ്ങളിലും ആ മാതൃക ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ ആളുകള്‍ മുന്നോട്ടു വന്നു.

പല നേതാക്കളില്‍നിന്നും മനസ്സില്‍ തട്ടിയ ഒട്ടേറെ അനുഭവങ്ങളുണ്ടാകുമല്ലോ?
ധാരാളം അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഒന്നുമാത്രം എടുത്തു പറയാന്‍ പറ്റാത്തത്ര അനുഭവങ്ങള്‍. വി.എസ്. അച്യുതാനന്ദന്‍ ഒരിക്കല്‍ ആശുപത്രിയിലായിരിക്കുമ്പോള്‍ കാണാന്‍ പോയി. ദൈവത്തോട് പ്രാര്‍ത്ഥിക്കണം എന്ന് അദ്ദേഹത്തോട് പറഞ്ഞു. വി.എസ്. പുഞ്ചിരിച്ചുകൊണ്ടാണ് കേട്ടത്. എന്നിട്ട് പറഞ്ഞു: ''ഓരോരുത്തര്‍ക്കും അവരവരുടെ വിശ്വാസമൊക്കെ ഇല്ലേ.''

ജമാഅത്തിന്റെ ഒരു സമ്മേളനത്തിലേക്ക് ക്ഷണിക്കാന്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെ സമീപിച്ചിരുന്നു, 1998-ല്‍. പക്ഷേ, അദ്ദേഹം വന്നൊന്നുമില്ല. പിന്നെ, കൂട്ടായ്മകളിലൊക്കെ പങ്കെടുക്കാനും അഭ്യര്‍ത്ഥിച്ചിരുന്നു. അവര്‍ തികച്ചും സ്വതന്ത്രമായ സമീപനമാണ് സ്വീകരിച്ചത്. അതില്‍ കുറച്ചുകൂടി പോസിറ്റീവായ സമീപനം കണ്ടിട്ടുള്ളത് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഭാഗത്തു നിന്നാണ്. ദക്ഷിണ കേരളത്തില്‍ മാത്രം ഞങ്ങള്‍ ഈയിടെ പണ്ഡിത സമ്മേളനം വിളിച്ചുകൂട്ടി. അതില്‍ നൂറോളം പണ്ഡിതന്മാര്‍ പങ്കെടുത്തു. ദക്ഷിണയുടെ ആളുകള്‍ തന്നെയായിരുന്നു. ഇടക്കൊക്കെ നമ്മുടെ രാഷ്ട്രീയ സമീപനങ്ങള്‍ക്ക് അനുസരിച്ച് ചില മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പൊതുവേ മുസ്ലിം ലീഗും പണ്ടത്തേതിനെക്കാള്‍ അയഞ്ഞ സമീപനമാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. എത്രത്തോളമെന്നു പറഞ്ഞാല്‍ ഞാനറിഞ്ഞത് മീഡിയ വണ്‍ ഇപ്പോഴത്തെ നയം തുടരുകയാണെങ്കില്‍ സ്വന്തം ടിവി ചാനല്‍ വേറെ വേണ്ട എന്ന് ലീഗ് തീരുമാനിച്ചതായാണ്. 

സഹിഷ്ണുതയുടെ കുറവ് സമുദായത്തില്‍ പൊതുവേയുണ്ടോ, ആശയങ്ങള്‍ പരസ്പരം മനസ്സിലാക്കുന്ന കാര്യത്തില്‍? 
പ്രത്യേകിച്ചൊന്ന്, മറ്റുള്ളവര്‍ക്കില്ലാത്ത ഒരു സഹിഷ്ണുതക്കുറവ് നമുക്കുണ്ടോ എന്നറിയില്ല. എല്ലാവര്‍ക്കും അവരുടെ ആശയങ്ങളോട് ഒരു പിടുത്തമുണ്ടാവുമല്ലോ. പക്ഷേ, രാഷ്ട്രീയ സംഘടനകള്‍ക്കില്ലാത്ത ഒരു തീവ്രതയുണ്ട്, രാഷ്ട്രീയ സംഘടനകള്‍ എത്ര കടുത്ത ശത്രുതയിലാണെങ്കിലും മാനുഷികമായ കാര്യങ്ങളിലൊക്കെ കൊടുക്കുകയും വാങ്ങുകയും സഹിക്കുകയുമൊക്കെ ചെയ്യുന്ന ഒരു അവസ്ഥയുണ്ട്. അത്രതന്നെ എത്തിയിട്ടില്ല നമ്മള്‍. ഇനിയും കുറേക്കൂടി മെച്ചപ്പെടേണ്ടതുണ്ട്.
സമുദായത്തിലെ പണ്ഡിതന്മാരില്‍ എല്ലാവരുമായും നല്ല ബന്ധമായിരുന്നു. ആരെയെങ്കിലും അകറ്റിനിര്‍ത്തുകയോ ഭ്രഷ്ട് കല്‍പ്പിക്കുകയോ ചെയ്തില്ല. പണ്ടൊക്കെ പണ്ഡിതന്മാരേ ഉണ്ടായിരുന്നുള്ളു, പണ്ഡിത സംഘടനകള്‍ വളരെ കുറവായിരുന്നു. നാല്‍പ്പതുകള്‍ക്ക് മുന്‍പ് അങ്ങനെയൊരു സംഭവമില്ല. സംഘടനകള്‍ വന്നതോടുകൂടി സഹിഷ്ണുത കുറഞ്ഞു. സംഘടനകളുടെ ആധിപത്യത്തിലേക്ക് സമുദായം നീങ്ങി. അത് പോസിറ്റീവും നെഗറ്റീവുമായ ഫലങ്ങളുണ്ടാക്കിയിട്ടുണ്ട്. തീര്‍ത്തും ദോഷമാണെന്നു പറയാന്‍ കഴിയില്ല. ഒരുപാട് വളര്‍ച്ചയുണ്ടായത് സംഘടനകളിലൂടെയാണ്. 

സംഘ്പരിവാര്‍ നേതാക്കളുള്‍പ്പെടെ കടകവിരുദ്ധ രാഷ്ട്രീയമുള്ളവരുമായി പുലര്‍ത്തുന്ന മികച്ച സൗഹൃദം അങ്ങോട്ടും ഇങ്ങോട്ടും എങ്ങനെയാണ് സ്വാധീനിച്ചിട്ടുള്ളത്?
മാറാട് കലാപമുണ്ടായ സമത്ത് അവിടെ പോയപ്പോള്‍ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം പൊലീസ് കൂടെ വന്നു. പക്ഷേ, അവിടെ ശക്തമായ എതിര്‍പ്പുണ്ടായി. ഞങ്ങള്‍ വളരെ കാര്യമായി അവരെ സമീപിച്ചു, സംസാരിച്ചു. അതോടെ അവരുടെ ആദ്യത്തെ ഭാവം മാറി. അരയസമാജത്തിന്റെ ഓഫീസില്‍ കൊണ്ടുപോയി, ചായയൊക്കെ തന്നു. പിന്നീട് ആ സൗഹൃദം പുതുക്കാന്‍ അവര്‍ ഞങ്ങളുടെ ഓഫീസില്‍ വന്നു. അതൊരു അനുഭവമാണ്. പി.എസ്. ശ്രീധരന്‍ പിള്ളയൊക്കെയായിട്ട് നല്ല ബന്ധമാണുള്ളത്. അഖിലേന്ത്യാ തലത്തില്‍ ഇതിനെക്കാള്‍ ശക്തമാണ് ബന്ധം. വ്യത്യസ്ത പ്രദേശങ്ങളില്‍ കേരളത്തെക്കാള്‍ കൂടുതല്‍ സാമാന്യം നല്ല ബന്ധമാണ് പരസ്പരമുള്ളത്.

കേരളത്തില്‍ ഓരോരുത്തരും അവരവരുടേതായ പുറന്തോടിനുള്ളിലാണല്ലോ. അവിടെ അങ്ങനെയല്ല. വ്യക്തിപരമായി അവരൊക്കെ, ചിലപ്പോള്‍ കൂട്ടായും നല്ല സഹകരണം കാണിക്കും. ആര്‍.എസ്.എസ്സുമായി അടിയന്തരാവസ്ഥക്കാലത്ത് ജമാഅത്ത് നേതാക്കള്‍ കുറച്ച് അടുക്കാന്‍ ഇടയായി. ജയിലുകളില്‍ വച്ചുണ്ടായ അടുപ്പമാണത്. പക്ഷേ, ഇപ്പോള്‍ സ്ഥിതി പൊതുവേ മാറി. അത് എവിടെയെങ്കിലും ഒതുങ്ങി നില്‍ക്കുന്നതല്ല. മൊത്തത്തില്‍ ഒരു മോദി ട്രെന്‍ഡ് ഉണ്ടായിട്ടുണ്ട്. അത് എല്ലാവരെ സംബന്ധിച്ചും ബാധകമല്ല. വ്യക്തികള്‍ അതില്‍നിന്ന് സ്വതന്ത്രരായിട്ടുണ്ട്; അവരിലെ വ്യക്തികള്‍. 

മാറണം, മാറ്റണം
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പൊതുവേ മുസ്ലിങ്ങളും ദളിതുകളും വലിയ വിവേചനം അനുഭവിക്കുന്നുവെന്ന് നേരിട്ടറിഞ്ഞ അനുഭവങ്ങളില്‍നിന്ന് പ്രൊഫ. സിദ്ദീഖ് ഹസ്സന്‍ പറയുന്നു: ''സാമ്പത്തികമായ അധ:സ്ഥിതി, സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ എന്നിവയെക്കാളൊക്കെ ഭീകരമാണ് ശത്രുതാ മനോഭാവം. അത് ഒരാള്‍ക്കും സഹിക്കാന്‍ കഴിയില്ല. ഒരു മനോഭാവം അടിച്ചുകയറ്റിയിരിക്കുകയാണ്. ജാതി വ്യവസ്ഥയാണ് ഇതിന്റെ മൂലകാരണം. ബ്രാഹ്മണിസ്റ്റ് വ്യവസ്ഥയുടെ സ്വാധീനം. സൂക്ഷ്മമായും ശാന്തമായും കാര്യങ്ങള്‍ പഠിക്കുന്നവര്‍ മാത്രമാണ് കുറേക്കൂടി സഹിഷ്ണുത കാണിക്കുന്നത്.''


കേരളം ആ സ്ഥിതി മറികടന്നതില്‍ ഇടതുപക്ഷത്തിനു കാര്യമായ പങ്കുണ്ട് എന്നു ചൂണ്ടിക്കാണിക്കുന്ന അദ്ദേഹം അതുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ മറ്റൊരു തുറന്നു പറച്ചില്‍ കൂടി നടത്തുന്നു: ''പക്ഷേ, മുസ്ലിം സംഘടനകളില്‍ പഴയകാലത്ത് രണ്ട് തരത്തിലുള്ളവരുണ്ടായിരുന്നു. ഒരുതരം മേലാള മനസ്ഥിതി അവര്‍ക്കുമുണ്ടായിരുന്നു.''പ്രൊഫ. സിദ്ദീഖ് ഹസ്സന്റെ ജീവിതം ഒരു കാലഘട്ടമാണ്; കേരളം അടയാളപ്പെടുത്തിവയ്ക്കാന്‍ മറന്നുപോയിക്കൂടാത്ത ഒരു കാലഘട്ടം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com