മുലയല്ല, മുലപ്പാലാണ് പ്രശ്‌നം, പല സ്ഥലങ്ങളിലും അമ്മമാര്‍ക്കുള്ളത് മുലപ്പാലില്ലാത്ത സ്തനങ്ങളാണ്

വിമാനത്തിലും വിമാനത്താവളങ്ങളിലും മാത്രമല്ല, ഘാനയിലെ തെരുവുകളിലും കണ്ടത് ഇതേ കാഴ്ചയാണ്. അമ്മമാര്‍ താരതമ്യേന പാവപ്പെട്ടവരാണെന്നതാണ് ഏക വ്യത്യാസം.
ഘാനയിലെ അഞ്ചിലൊരു കുട്ടിക്ക് പോഷകക്കുറവുണ്ട്. ഇത് മറികടക്കാന്‍ ഐക്യരാഷ്ട്രസഭ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നു
ഘാനയിലെ അഞ്ചിലൊരു കുട്ടിക്ക് പോഷകക്കുറവുണ്ട്. ഇത് മറികടക്കാന്‍ ഐക്യരാഷ്ട്രസഭ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നു

തിരുവനന്തപുരത്തുനിന്ന് ദില്ലിയിലേയ്ക്കും ഡല്‍ഹിയില്‍നിന്ന് എത്യോപ്യന്‍ തലസ്ഥാനമായ ആഡഷ് അബെയിലേയ്ക്കും അവിടെനിന്ന് ഘാനയുടെ തലസ്ഥാനമായ അക്രയിലേയ്ക്കുമായി മൂന്നു വിമാന സര്‍വ്വീസുകളിലായാണ് ഇവിടെയെത്തിയത്. ആസിഡ് അബെയില്‍നിന്നുള്ള വിമാനത്തില്‍ പകുതിയിലേറെ കറുത്തവര്‍ഗ്ഗക്കാരായിരുന്നു. കൈക്കുഞ്ഞുമായുള്ള ഒരു യുവതിയായിരുന്നു തൊട്ടടുത്ത സീറ്റില്‍. യുവതി ഇടക്കിടെ കുഞ്ഞിനു മുലപ്പാല്‍ കൊടുക്കുന്നുണ്ട്. അവര്‍ വസ്ത്രം കൊണ്ടോ മറ്റു തുണികള്‍ കൊണ്ടോ മുലകള്‍ മറച്ചിരുന്നില്ല. വാഷ് റൂമിലേയ്ക്കു പോകവേ വിമാനത്തിലെ പിറകിലെ സീറ്റിലും ഒരു നീഗ്രോ യുവതി കുഞ്ഞിനു മുലപ്പാല്‍ കൊടുക്കുന്നതു കണ്ടു. ആ യുവതിയും സ്തനങ്ങള്‍ മറച്ചിരുന്നില്ല. യാത്രക്കാരില്‍ ആരും ഒളിഞ്ഞുനോക്കുന്നില്ല. എനിക്കൊഴികെ ആര്‍ക്കും ഇതൊരു കൗതുകക്കാഴ്ചയല്ല.
വിമാനത്തിലും വിമാനത്താവളങ്ങളിലും മാത്രമല്ല, ഘാനയിലെ തെരുവുകളിലും കണ്ടത് ഇതേ കാഴ്ചയാണ്. അമ്മമാര്‍ താരതമ്യേന പാവപ്പെട്ടവരാണെന്നതാണ് ഏക വ്യത്യാസം.

ഞങ്ങളുടെ സംഘത്തില്‍ ആഫ്രിക്കക്കാരായ നാല് യുവതികല്‍ ഉണ്ട്. കെനിയയിലെ കെ.ടി.എന്‍ പത്രത്തില്‍ ജോലി ചെയ്യുന്ന ഡോ. മേഴ്സി കൊറിര്‍, അഫ്രോമം വെബ്സൈറ്റില്‍ ജോലി ചെയ്യുന്ന സൂസന്‍ മൂനേസി, നൈജീരിയയിലെ ഡൈലി ത്രസ്റ്റ് പത്രത്തിലെ ആഡി വനേസ്സ, നാഷണല്‍ പത്രത്തിലെ ഹെന്ന ഓജ എന്നിവര്‍. ശിശുക്ഷേമത്തിലും പൊതുജനാരോഗ്യത്തിലും പ്രത്യേകം ഊന്നല്‍ നല്‍കുന്ന നാല് പേരും അതതു രാജ്യങ്ങളിലെ പേരെടുത്ത മാധ്യമപ്രവര്‍ത്തകരാണ്. താന്‍സാനിയയിലെ ദി സിറ്റിസണ്‍ ജേര്‍ണലിന്റെ ഫീച്ചര്‍ എഡിറ്റര്‍ ജാനറ്റ് ഒട്ടൈന്യോ ഒപ്പമുണ്ടാവേണ്ടതായിരുന്നു. ഗര്‍ഭിണിയാതിനാല്‍ ജാനറ്റ് ഘാന സന്ദര്‍ശനം ഒഴിവാക്കി.
ഒരു ഒഴിവുവേളയില്‍ മുലയൂട്ടലിലെ സദാചാരം ചര്‍ച്ചാവിഷയമായി. ധനികയായാലും ദരിദ്രയായാലും കുഞ്ഞു വിശന്നും ദാഹിച്ചും കരഞ്ഞാല്‍ കെനിയയിലേയും നൈജീരിയയിലേയും അമ്മമാര്‍ മുലയൂട്ടലില്‍ സദാചാരം നോക്കാറില്ലത്രേ. പുരുഷന്മാരുടെ ഒളിഞ്ഞുനോട്ടവും ഇല്ല.

ഡോക്ടര്‍ പണി ഉപേക്ഷിച്ചു മാധ്യമപ്രവര്‍ത്തകയായ മേഴ്സിക്കു പറയാനുള്ളതു മുലയൂട്ടലിലൂടെ കെനിയ നേടിയ വന്‍നേട്ടത്തെക്കുറിച്ചാണ്; ''ആഫ്രിക്കന്‍ വന്‍കരയിലെ 36 ശതമാനം കുട്ടികള്‍ അപകടകരമാംവിധം പോഷകാഹാരക്കുറവിന്റെ പിടിയിലാണ്. എന്നാല്‍, കെനിയയില്‍ ഇത്തരം കുട്ടികള്‍ വെറും നാല് ശതമാനം. ലോകാരോഗ്യ സംഘടന കൈവരിക്കാനായി കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്ന ലക്ഷ്യം ഞങ്ങള്‍ എന്നേ കൈവരിച്ചിരിക്കുന്നു. ആരോഗ്യകരമായ മുലയൂട്ടലുകളിലൂടെയാണ്  ഞങ്ങള്‍ ലക്ഷ്യം കൈവരിച്ചത്.''

നൈജീരിയക്കാരി ആഡി വനേസ്സയ്ക്കു പറയാനുള്ളതു പക്ഷേ, അവരുടെ നാട്ടിലെ അമ്മമാരുടെ കഥന കഥകളാണ്.
''പൊതുസ്ഥലത്തു വെച്ചു മുലയൂട്ടുമ്പോഴും ഞങ്ങളുടെ അമ്മമാര്‍ സ്തനങ്ങള്‍ മറയ്ക്കാറില്ല. പക്ഷേ, പല പ്രദേശങ്ങളിലേയും അമ്മമാര്‍ക്കുള്ളതു മുലപ്പാലില്ലാത്ത സ്തനങ്ങളാണ്. അവര്‍ അത്രകണ്ടു ദരിദ്രരാണ്.''

നൈജീരിയക്കാരി ഹെന്ന മൊബൈലില്‍ എന്തോ പരതുകയായിരുന്നു. അവളുടെ മുഖത്ത് ഒരു വൈരുധ്യച്ചിരി: ''പോഷകാഹാരക്കുറവുള്ള കുട്ടികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനം താങ്കളുടെ രാജ്യത്തിനാണ്. കഴിഞ്ഞ വര്‍ഷത്തെ ലോക പോഷകാഹാര റിപ്പോര്‍ട്ട് അനുസരിച്ചു ലോകത്തു പോഷകാഹാരക്കുറവുള്ള കുട്ടികളിലെ മൂന്നിലൊന്ന് ഇന്ത്യയില്‍; രണ്ടാം സ്ഥാനം എന്റെ മാതൃരാജ്യം നൈജീരിയയ്ക്കും മൂന്നാം സ്ഥാനം നിങ്ങളുടെ ശത്രു രാജ്യം പാകിസ്താനും. യുദ്ധ സന്നാഹം നിര്‍ത്തി ആ തുക ശിശുക്കള്‍ക്കുവേണ്ടി വിനിയോഗിച്ചാല്‍ ഇന്ത്യയിലേയും പാകിസ്താനിലേയും കുഞ്ഞുങ്ങളെ രക്ഷിക്കാം.''
ദാരിദ്ര്യത്തിന്റെ ലക്ഷണമായ പോഷകാഹാരക്കുറവില്‍ ഇന്ത്യ ഒന്നാമതെങ്കില്‍ സമ്പന്നത സൃഷ്ടിക്കുന്ന ജീവിതശൈലീരോഗമായ കുട്ടികളുടെ അമിതവണ്ണത്തില്‍ ഇന്ത്യ ലോകത്തു രണ്ടാം സ്ഥാനത്താണ്. ചൈനയാണ് ഒന്നാമത്- 15.3 ദശലക്ഷം. ഇന്ത്യ എപ്പോള്‍ വേണമെങ്കിലും ചൈനയെ മറികടക്കാം. ഇന്ത്യയില്‍ 14.4 ദശലക്ഷം കുട്ടികള്‍ അമിതവണ്ണത്തിന്റെ പിടിയിലാണ്.
ഹെന്ന പരിഹാസം തുടര്‍ന്നു: ''പോഷാകാഹാരക്കുറവിന്റെ കാര്യത്തില്‍ നിങ്ങളുടെ മത്സരം ശത്രുരാജ്യമായ പാകിസ്താനുമായാണെങ്കില്‍ അമിതവണ്ണത്തിന്റെ കാര്യത്തിലും നിങ്ങളുടെ മത്സരം മറ്റൊരു ശത്രുരാജ്യമായ ചൈനയുമായാണ്.''

അഗ്ബോഗ്ലോഷി-ലോകത്തെ ഏറ്റവും വലിയ ഇ മാലിന്യ കേന്ദ്രം
അഗ്ബോഗ്ലോഷി-ലോകത്തെ ഏറ്റവും വലിയ ഇ മാലിന്യ കേന്ദ്രം

അന്നു വൈകിട്ട് അക്ര സിറ്റി ഹോട്ടലിലെ കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്തതു പരിസ്ഥിതി ശാസ്ത്രജ്ഞയായ അനിഡ അസാമോഹ് ആയിരുന്നു. സുനിതാ നാരായണന്റെ നേതൃത്വത്തില്‍ സി.എസ്. ഇയിലെ ശാസ്ത്രജ്ഞര്‍ 2003-ല്‍ ലഘുപാനീയങ്ങളിലെ വിഷാംശത്തെക്കുറിച്ചു നടത്തിയതുപോലുള്ള പഠനമാണ് അടുത്തിടെ അനിഡ ഘാനയിലെ അഗ്ബോഗ്ലോഷ് എന്ന പ്രദേശത്തു നടത്തിയത്. ലഘുപാനീയങ്ങളിലെ വിഷാംശമായിരുന്നില്ല, അഗ്ബോഗ്ലോഷിലെ അമ്മമാരുടെ മുലപ്പാലിലെ വിഷാംശത്തെക്കുറിച്ചായിരുന്നു  പഠനം.
പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനായി ഘാനയ്ക്ക് അകത്തും പുറത്തും ഓടിനടന്ന് അനിഡ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. പക്ഷേ, കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുന്നില്ല. വിദേശ മാധ്യമങ്ങള്‍ നല്‍കുന്ന പിന്തുണപോലും ഘാനയിലെ മാധ്യമങ്ങളില്‍നിന്ന് ഇപ്പോള്‍ അനിഡയ്ക്കു ലഭിക്കുന്നില്ല. അഗ്ബോഗ്ലോഷിനെ വിഷലിപ്തമാക്കിയവര്‍ അത്ര ശക്തരാണ് എന്നതുതന്നെയാണ് കാരണം.

സ്വന്തം കുഞ്ഞിനു മുലപ്പാല്‍ നല്‍കുന്ന ഫോട്ടോ കാണിച്ചുകൊണ്ടാണ് അനിഡയുടെ ബോധവല്‍ക്കരണം. ഫോട്ടോയ്ക്കു പിറകിലെ സദാചാരം ആഫ്രിക്കന്‍ വന്‍കരയ്ക്കു പുറത്തുള്ള ചില രാജ്യങ്ങളില്‍ പ്രശ്‌നമാകാറുണ്ട്.
ക്ലാസ്സ് കഴിഞ്ഞു ചായ കുടിക്കുന്നതിനിടയില്‍ ഈ സദാചാരപ്രശ്‌നം ഉയര്‍ന്നുവന്നു. ഒറ്റ വാചകത്തില്‍ അനിഡ മറുപടി പറഞ്ഞു: ''എന്റെ മുലയല്ല, ഞങ്ങളുടെ അമ്മമാരുടെ മുലപ്പാലാണ് പ്രശ്‌നം.''

ആഫ്രിക്കയിലെ വിഷനഗരം 

അഗ്ബോഗ്ലോഷിയിലേയ്ക്ക് അധികമാരും അടുക്കാറില്ല. അവിടെ എപ്പോഴും വിഷപ്പുകയാണ്. ആഫ്രിക്കന്‍ രാജ്യമായ ഘാനയുടെ തലസ്ഥാനമായ അക്രയോടു ചേര്‍ന്നുള്ള ആ ചെറുപട്ടണം മാഫിയകള്‍ക്കും മാലിന്യ കച്ചവടക്കാര്‍ക്കും ഇടനിലക്കാര്‍ക്കും ജീവന്‍ പണയം വെച്ച് ഇ മാലിന്യങ്ങള്‍ വേര്‍തിരിക്കുകയും കത്തിക്കുകയും ചെയ്യുന്ന തൊഴിലാളികള്‍ക്കും മാത്രമുള്ളതാണ്. ഇടയ്ക്കിവിടെ ശാസ്ത്രജ്ഞരും ആരോഗ്യപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമെത്തും. പൊതുസമൂഹത്തിന് അഗ്ബോഗ്ലോഷിനോട്  അയിത്തമാണ്.

15 അംഗ സംഘത്തിലെ എല്ലാ മാധ്യമപ്രവര്‍ത്തകരും അനിഡയുടെ ചുറ്റും കൂടി. എല്ലാവര്‍ക്കും അഗ്ബോഗ്ലോഷിയിലേയ്ക്കു പോയേ തീരൂ. എളുപ്പത്തില്‍ അവിടെത്താനാകില്ല. ആ പ്രദേശം മുഴുവന്‍ 'ആഗോള ഇ-വേസ്റ്റ് മാഫിയ'യുടെ പിടിയിലാണ്. അനിഡയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള മുന്നൊരുക്കങ്ങള്‍ നടത്തി. ഞങ്ങള്‍ മൂന്നു സംഘങ്ങളായി തിരിഞ്ഞു. ചൊവ്വാഴ്ച രാവിലെ ആദ്യസംഘം, ബുധനാഴ്ച വൈകിട്ട് രണ്ടാം സംഘം, വ്യാഴാഴ്ച രാവിലെ മൂന്നാം സംഘം. ഒരു സംഘത്തിനും അരമണിക്കൂറില്‍ കൂടുതല്‍ അവിടെ നില്‍ക്കാനാകില്ല. മുഖത്തു ധരിക്കാനുള്ള മെഡിക്കല്‍ മുഖപടങ്ങളും ഉരുകിക്കൊണ്ടിരിക്കുന്ന ഇ-വേസ്റ്റുകള്‍ക്കു മുകളിലൂടെ സുരക്ഷിതമായി നടക്കാവുന്ന അലൂമിനിയം പാദരക്ഷകളും വാങ്ങി. ശ്വാസസംബന്ധമായ അസുഖം ഉള്ളവര്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ടും. സര്‍വ്വോപരി കുഴപ്പംവരുത്തി വെയ്ക്കാവുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയാല്‍  ഗുണ്ടകളുടെ അടിവീഴും. 

നേരത്തെ പ്രദേശത്തു കൊലപാതക പരമ്പരകള്‍ നടന്നിട്ടുണ്ട്. കാര്യങ്ങള്‍ പന്തിയല്ലെന്നു കണ്ടതോടെ രണ്ടു പേര്‍ പിന്മാറി. മൂന്നാം സംഘത്തില്‍ അവശേഷിച്ചതു ഞാനും ഉറേഗ്വക്കാരി മേര്‍സിഡസ്സും നൈജീരിയക്കാരി വനേസയും. സഞ്ചാരികള്‍ക്ക് ഏറ്റവും അനുയോജ്യമായ കാലമാണിത്. പക്ഷേ, വ്യാഴാഴ്ചയിലെ ആ നട്ടുച്ചയ്ക്ക് അസഹ്യമായ ചൂടായിരുന്നു. പൊരിവെയില്‍ ഞങ്ങള്‍ ഓള്‍ഡ് ഫഡാമ ചേരിപ്രദേശത്തെത്തി. തൊട്ടപ്പുറത്തു വിഷപ്പുകയില്‍ എരിഞ്ഞെരിഞ്ഞ് ഇല്ലാതായിക്കൊണ്ടിരിക്കുന്ന അഗ്ബോഗ്ലോഷിയെന്ന  ഇ-വേസ്റ്റ് നഗരത്തെ അദ്ഭുതത്തോടെ നോക്കി. വിഷപ്പുകയുടെ പ്രഭവകേന്ദ്രങ്ങള്‍ കാണാനായി രാസവസ്തുക്കളുടെ അസഹ്യമായ ഗന്ധമുള്ള ഗലികള്‍ക്കിടയിലൂടെ നടന്നു. സ്വന്തം രാജ്യം ശുചീകരിക്കുന്നതിനായി വിദേശീയര്‍ തള്ളിയ ഉപയോഗശൂന്യമായ കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, മിക്‌സി, വാഹനഭാഗങ്ങള്‍ എന്നിങ്ങനെ പരിഷ്‌കൃത ലോകം 'ഇ-വേസ്റ്റ്' എന്ന സംജ്ഞയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അവശിഷ്ടങ്ങളുടെ കൂമ്പാരങ്ങളാണ് നാലുപാടും.

മറിച്ചു വില്‍ക്കാനോ പുനര്‍നിര്‍മ്മിക്കാനോ ആകാത്ത ഈ വേസ്റ്റുകള്‍ അകലെ കൂട്ടിയിട്ടു കത്തിക്കുകയാണ്. അവയില്‍നിന്നു ചെമ്പ്, അലുമിനിയം കമ്പികള്‍ വേര്‍തിരിച്ചെടുക്കും. അവ മറിച്ചു വിറ്റു പണമുണ്ടാക്കുകയാണ് ദൗത്യം. അങ്ങോട്ട് വെറുതെ ആരെയും കടത്തിവിടില്ല. 100 സേഡി മുതല്‍ 200 സേഡി വരെയാണ് മാഫിയാക്കൂലി. സംഘത്തിലെ സന്ദര്‍ശകരുടെ എണ്ണം കൂടുന്നതനുസരിച്ചു കൂലി ഉയര്‍ന്നുകൊണ്ടിരിക്കും.

സന്ദര്‍ശകരെ കണ്ട ഉടനെ ഒരു ചെറുപ്പക്കാരന്‍ ഓടിയെത്തി. പേര് ആഫി. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നു. വിഷപ്പുകയുടെ ഉത്ഭവം തേടിയെത്തുന്നവരെ ചൂഷണം ചെയ്തു പണമുണ്ടാക്കുന്നതില്‍ അടുത്ത ഊഴം ആഫിയുടേതാണ്. ഡ്രൈവര്‍ ഫിഫി തദ്ദേശീയനാണ്. ഫിഫി നന്നായി വിലപേശി 200 സേഡിയില്‍ തുടങ്ങിയ വിലപേശല്‍ 125-ല്‍ അവസാനിപ്പിച്ചു. പണം കൈമാറിയ ശേഷം ഞങ്ങള്‍ മുഖപടം ധരിച്ചു. അലൂമിനിയം പാദരക്ഷകളിട്ടു. ഒരു നഗരത്തിലെ ദരിദ്രരായ ജനസഞ്ചയത്തെ മുഴുവന്‍ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുന്ന 'ഇ' മാലിന്യ വിഷപ്പുകയുടെ ഗര്‍ഭഗൃഹത്തിലെത്തി. 
സ്ത്രീകളും കുട്ടികളും ചെറുപ്പക്കാരും അടങ്ങുന്ന പത്തമ്പതുപേരുള്ള ഒരു സംഘം ഇ-വേസ്റ്റുകള്‍ കൂട്ടിയിട്ടു കത്തിക്കുകയാണ്. ടയറും പുകഞ്ഞുകൊണ്ടിരിക്കുന്നു.

ഒരു സംഘം വിപണിയില്‍ മറിച്ചു വില്‍ക്കാനാകാത്ത മാലിന്യങ്ങള്‍ കൂട്ടിയിട്ടു കത്തിക്കുകയാണ്. പെട്ടെന്നു കത്തിത്തീരാനായി ടയറുകളും കൂട്ടിയിട്ടു കത്തിക്കുന്നുണ്ട്. അവശിഷ്ടങ്ങളില്‍നിന്ന് ഒരു സംഘം ചെമ്പ്, അലൂമിനിയം കമ്പികള്‍ ചൂടോടെ മടക്കിയെടുക്കുന്നു. ഒരു കെട്ട് ചെമ്പു കമ്പി മറിച്ചു വില്‍ക്കുമ്പോള്‍ എട്ട് മുതല്‍ പത്ത് സേഡിവരേയും അലൂമിനിയത്തിനു 10 മുതല്‍ 12 സേഡി വരേയും പ്രതിഫലം ലഭിക്കും. ഇവരില്‍നിന്ന് ഇടനിലക്കാര്‍ വാങ്ങുന്ന ചെമ്പും അലൂമിനിയവും 20 കിലോമീറ്റര്‍ അകലെയുള്ള ടെന തുറമുഖത്തിലൂടെ വിദേശരാജ്യങ്ങളിലേയ്ക്കു കയറ്റി അയയ്ക്കുന്നു. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ചീത്തയായതിനെയെല്ലാം ഇവിടെ തള്ളി നല്ലതിനെയെല്ലാം പുറത്തേയ്ക്കു കൊണ്ടുപോകുന്നു. തലേന്നാള്‍ മറ്റൊരു സംഘത്തോടൊപ്പം അഗ്ബോഗ്ലോഷി സന്ദര്‍ശിച്ച നൈജീരിയയിലെ റോയല്‍ എഫ് എം റേഡിയോ ഐലോറിന്റെ പ്രോഗ്രാം മാനേജര്‍ ബാബാതുണ്ടെയുടെ ഈ പ്രക്രിയയെ വിശേഷിപ്പിച്ചത്  'അടിമത്തത്തിന്റെ രണ്ടാം വരവ്' എന്നായിരുന്നു.

അഗ്ബോഗ്ലോഷിയിലെ വിഷപ്പുക ശ്വസിച്ചു തൊഴിലെടുക്കുന്നതു പതിനായിരത്തോളം പേരാണ്. അവര്‍ മാത്രമല്ല ഇരകള്‍. സമീപപ്രദേശങ്ങളിലെല്ലാം ജനനിബിഡമായ ചേരികളാണ്. അക്ര നഗരത്തിലെ ആകെ ജനസംഖ്യ 17,00,000. ഇവരിലെ എണ്‍പതിനായിരത്തോളം പേര്‍ താമസിക്കുന്നത് ഈ പ്രദേശത്താണ്. ഘാനക്കാര്‍ മാത്രമല്ല, തൊഴിലിനായി ഇവിടെ തമ്പടിച്ചിരിക്കുന്നവരില്‍ നൈജീരിയക്കാരും മാലിക്കാരും ഐവറിക്കോസ്റ്റുകാരുമെല്ലാമുണ്ട്. ആഫ്രിക്കയില്‍ പല കുടുംബങ്ങളുടേയും ദാരിദ്ര്യത്തിന് ഈ മാലിന്യങ്ങള്‍ താല്‍ക്കാലിക ആശ്വാസമാകുന്നു. 
വിഷപ്പുക ശ്വസിക്കുന്നവര്‍ക്കെല്ലാം തങ്ങള്‍ എരിഞ്ഞടങ്ങുകയാണെന്ന സത്യം നന്നായി അറിയാം. എന്നിട്ടും എന്തിന് ഈ തൊഴിലെടുക്കുന്നു? എല്ലാവരുടേയും മറുപടി ഒന്നാണ്- ''പട്ടിണി, ദാരിദ്ര്യം, തൊഴിലില്ലായ്മ...''
കുറഞ്ഞ സമയത്തിനുള്ളില്‍ത്തന്നെ ഇ-മാലിന്യങ്ങളുടെ വേര്‍തിരിക്കല്‍, കത്തിക്കല്‍, വിപണന സാധ്യതയുള്ള ഭാഗങ്ങള്‍ പുന:സംസ്‌കരിക്കല്‍ തുടങ്ങിയ തൊഴിലുകളില്‍ വ്യാപൃതരായ പലരുമായും സംസാരിച്ചു. അവരില്‍ ആകോസ് എന്ന കാന്‍സര്‍ രോഗിയും ഉണ്ട്. 23-കാരിയായ ആകോസ് 10 വര്‍ഷമായി ഇവിടെയുണ്ട്. പോയ വര്‍ഷത്തില്‍ ശ്വാസകോശാര്‍ബ്ബുദം ബാധിച്ചു. അവശയെങ്കിലും വിശ്രമിക്കാനാകില്ല. ആകോസ് പ്രായപൂര്‍ത്തിയാവാത്ത  മൂന്നു പെണ്‍കുട്ടികളുടെ അമ്മയാണ്.

നിര്‍ബ്ബന്ധിച്ചപ്പോള്‍ ആകോസ് മനസ്സു തുറന്നു: ''ഭര്‍ത്താവിന് ഇവിടുത്തെ ഇ-മാലിന്യം കത്തിക്കുന്ന തൊഴിലായിരുന്നു. കഴിഞ്ഞ വര്‍ഷം അദ്ദേഹം മരിച്ചു. എപ്പോള്‍ വേണമെങ്കിലും ഈ വിഷപ്പുകയില്‍ ഞാനും മരിച്ചുവീഴാം.''

ആകോസിനെപ്പോലുള്ള നിരവധി അമ്മമാര്‍ അഗ്ബോഗ്ലോഷില്‍ ഉണ്ട്. പണിയെടുക്കുന്നവര്‍ക്കും സമീപത്തു താമസിക്കുന്നവര്‍ക്കുമിടയില്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ വ്യാപകമാണ്. പ്രശ്‌നത്തിന്റെ തീവ്രത മനസ്സിലാക്കാനായാണ് ഘാന അറ്റോമിക് എനര്‍ജി കമ്മിഷനുവേണ്ടി അനിഡ അസാമോഹയുടെ നേതൃത്വത്തില്‍ വിശദമായ പഠനം നടത്തിയത്. അഗ്ബോഗ്ലോഷിലെ ചേരി പ്രദേശത്തു താമസിക്കുന്ന 128 അമ്മമാരുടേയും ഇ മാലിന്യങ്ങളുടെ സാന്നിധ്യം തെല്ലും ഇല്ലാത്ത മറ്റൊരു പ്രദേശമായ കവാബെന്‍യയിലെ 128 അമ്മമാരുടേയും മുലപ്പാല്‍ ശേഖരിച്ചുകൊണ്ടായിരുന്നു അനിഡയുടെ പഠനം. അഗ്ബോഗ്ലോഷിലെ അമ്മമാരുടെ മുലപ്പാലില്‍ മാരകമാംവിധം പോളി ക്ലോറിനേറ്റഡ് ബൈഫൈനുകളും പോളി സൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാര്‍ബണുകളും കണ്ടെത്തി. എന്നാല്‍, കവാബെന്‍യയിലെ അമ്മമാരില്‍ ഇവയുടെ സാന്നിധ്യം പരിധിക്ക് അകത്തായിരുന്നു.
 
22-കാരനായ കാനു 15-ാം വയസ്സില്‍ നൈജീരിയയിലെ മോനിയ നഗരത്തില്‍നിന്ന് അഗ്ബോഗ്ലോഷിലെത്തിയതാണ്. മൈകെല്‍ ഒബിയെപ്പോലെ ഒരു വലിയ ഫുട്ബോള്‍ താരം ആവണമെന്നതായിരുന്നു ജീവിതാഭിലാഷം. ഇപ്പോള്‍ പന്തുതട്ടി 10 മീറ്റര്‍പോലും ഓടാനാവുന്നില്ല. വിഷപ്പുക കാനുവിന്റെ ശ്വാസകോശത്തെ കീഴടക്കിയിരിക്കുന്നു.
ബാലവേല ചെയ്യുന്ന കുട്ടികളാണ് അഗ്ബോഗ്ലോഷിയിലെ മറ്റൊരു ദയനീയ കാഴ്ച. ആണ്‍കുട്ടികള്‍ എല്ലാവിധ ജോലികളും ചെയ്യും. കുടിവെള്ള വിതരണമാണ് പെണ്‍കുട്ടികളുടെ പ്രധാന തൊഴില്‍. ഏറെക്കുറെ എല്ലാ കുട്ടികളുടെ ശരീരത്തിലും പൊള്ളലേറ്റതിന്റെ അടയാളങ്ങള്‍ ഉണ്ട്.

ആഫി കുറഞ്ഞ സമയത്തിനുള്ളില്‍ ഏറെക്കുറെ എല്ലാ മേഖലകളിലേയ്ക്കും കൊണ്ടുപോയി. നേരത്തെ കൊടുത്ത 125 സേഡിയില്‍ ഒട്ടും തൃപ്തനല്ല. അവിടുത്തുകാര്‍ ത്വി ഭാഷയില്‍ പറഞ്ഞ കാര്യങ്ങള്‍ ഇംഗ്ലീഷിലേയ്ക്കു പരിഭാഷപ്പെടുത്തിയതിന് 50 സേഡി കൂടിവേണം. വിലപേശലിനൊടുവില്‍ 30 സേഡിയില്‍ ഇംഗ്ലീഷ് പരിഭാഷാക്കൂലി ഒതുക്കി.
പണം കൈമാറുമ്പോള്‍ കുറച്ചു നേരമായി മനസ്സിനെ മഥിച്ചുകൊണ്ടിരിക്കുന്ന ആ സംശയം ആഫിയോട് ചോദിച്ചു:
''എന്നേക്കാള്‍ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന താങ്കള്‍ എന്തിന് ഈ നിയമവിരുദ്ധ തൊഴിലെടുക്കുന്നു?''
ഘാനയില്‍ കണ്ടുമുട്ടിയ പലരേയുംപോലെ ആഫിയുടെ മറുപടിയും ഒരു മറുചോദ്യം ആയിരുന്നു:
''പറയൂ, ഞാന്‍ മറ്റെന്ത് തൊഴിലെടുക്കും?''
ഇ-മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചും ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും അഗ്ബോഗ്ലോഷിയിലെ എല്ലാ അമ്മമാരും ബോധവതികളാണ്. നിയമവിരുദ്ധമായ ഈ തൊഴില്‍ ചെയ്യാന്‍ അധികമാരും തയ്യാറാവില്ല. അതുകൊണ്ടുതന്നെ ഇവര്‍ക്കു താരതമ്യേന മെച്ചപ്പെട്ട കൂലി ലഭിക്കും. തൊഴിലില്ലായ്മ രൂക്ഷമായ നാട്ടില്‍ ഇവരുടെ മുന്‍ഗണന താല്‍ക്കാലിക ആശ്വാസത്തിനാണ്. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കുള്ളില്‍ രോഗം ബാധിച്ചു മിക്ക സ്ത്രീകളും കിടപ്പിലാകും. അപൂര്‍വ്വം ചിലര്‍ ആരോഗ്യപ്രശ്‌നങ്ങള്‍ മുന്‍കൂട്ടിക്കണ്ടു തൊഴിലും താമസവും മാറ്റും. പക്ഷേ, അതിനകം തന്നെ അവരുടെ ശരീരത്തില്‍ അപകടകരമാംവിധം വിഷമാലിന്യങ്ങള്‍ കലര്‍ന്നിട്ടുണ്ടാകും. മുലപ്പാലിലൂടെ വിഷാംശം അവര്‍ അടുത്ത തലമുറയിലേയ്ക്കു കൈമാറുന്നു.

ആഫ്രിക്കയുടെ മരണപ്പറമ്പ്‌
മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന വിഷാംശത്തെക്കുറിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ അമ്മമാര്‍ക്കിടയില്‍ അവബോധം ഉണ്ടാക്കുന്നുണ്ട്. പകരം കുഞ്ഞുങ്ങള്‍ക്ക് എന്തു നല്‍കും? അഗ്ബോഗ്ലോഷിയിലൂടെ നിരവധി കന്നുകാലികള്‍ അലഞ്ഞുതിരിയുന്നുണ്ട്. പശുവിന്‍ പാലോ ആട്ടിന്‍ പാലോ നല്‍കിക്കൂടേ? വിഷം കലര്‍ന്ന ഇതേ മണ്ണില്‍ത്തന്നെയാണ് കന്നുകാലികളും ജീവിക്കുന്നത്. അവ വിഷം കലര്‍ന്ന വായു ശ്വസിക്കുന്നു. വിഷം കലര്‍ന്ന വെള്ളം കുടിക്കുന്നു. അവ ഉല്പാദിപ്പിക്കുന്ന പാലിലും വിഷാംശമാണ്. ഇവിടുത്തെ കന്നുകാലികളുടെ ഇറച്ചിയിലും വിഷാംശമാണ്. മുലപ്പാലും പശുവിന്‍ പാലും ആട്ടിന്‍ പാലും എല്ലാം അപകടകരമാവുമ്പോള്‍ ഘാനയിലെ അമ്മമാരുടെ അവസാനത്തെ ആശ്രയം ബഹുരാഷ്ട്ര കമ്പനികള്‍ വിപണിയില്‍ തള്ളുന്ന കൃത്രിമ പാല്‍തന്നെയാണ്. ഒരു വശത്ത് ഇ-മാലിന്യങ്ങള്‍ കയറ്റി അയച്ച് അഗ്ബോഗ്ലോഷിനെ മലിനമാക്കുന്ന വികസിത രാജ്യങ്ങളിലെ ബഹുരാഷ്ട്ര കമ്പനികള്‍ തന്നെ ഈ പാരിസ്ഥിതിക, ആരോഗ്യ പ്രശ്‌നത്തിന്റെ ഗുണഭോക്താക്കളായി മാറുന്നു.

അടുത്ത കാലത്ത് ബാസല്‍ ആക്ഷന്‍നെറ്റ് വര്‍ക്ക് എന്ന പരിസ്ഥിതി സംഘടന സമീപത്തെ ചേരിയില്‍ വളരുന്ന കോഴികളെ പരീക്ഷണവിധേയമാക്കി. കോഴിമുട്ടകള്‍ ശേഖരിച്ചു ക്ലോറിനേറ്റഡ് ഡയോക്സൈഡിന്റെ സാന്നിധ്യം പരിശോധിച്ചു. യൂറോപ്യന്‍ ഭക്ഷ്യസുരക്ഷാ അതോറിറ്റി നിഷ്‌കര്‍ഷിച്ച പരിധിയുടെ 220 മടങ്ങ് അധികമായിരുന്നു ഈ മുട്ടകളില്‍ ക്ലോറിനേറ്റഡ് ഡയോക്സൈഡിന്റെ സാന്നിധ്യം. ഇവിടുത്തെ കോഴിമുട്ടകള്‍ സ്ഥിരമായി കഴിക്കുന്നവര്‍ക്ക് കാന്‍സര്‍ ഉറപ്പ്.

അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളുമെല്ലാമായിരുന്നു ആദ്യകാലത്ത് അഗ്ബോഗ്ലോഷിയില്‍ ഇ മാലിന്യങ്ങള്‍ എത്തിച്ചിരുന്നത്. ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് ചൈനയാണ്. രണ്ടാം സ്ഥാനത്ത് ഇന്ത്യയും. സെക്കന്റ് ഹാന്റ് ഇ-മാലിന്യങ്ങള്‍ ഇറക്കുമതി ചെയ്യാനാണ് ഘാന സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍, ഇറക്കുമതി ചെയ്യുന്ന മാലിന്യങ്ങളില്‍ മിക്കതും സെക്കന്റ് ഹാന്റല്ല, മാരക വിഷാംശമടങ്ങിയ വസ്തുക്കളാണ്. തികച്ചും അനധികൃതവും നിയമവിരുദ്ധവുമായതിനാല്‍ ഓരോ രാജ്യങ്ങളും തള്ളുന്ന മാലിന്യങ്ങളുടെ കണക്ക് എവിടെയും ലഭ്യമല്ല.

ഐക്യരാഷ്ട്ര സംഘടനയുടെ കണക്കു പ്രകാരം ലോകത്ത് വര്‍ഷന്തോറും 50 ദശലക്ഷം ടണ്‍ ഇ-മാലിന്യങ്ങള്‍ ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇവയിലെ 20 ശതമാനം മാത്രമാണ് ശാസ്ത്രീയമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നത്. വികസിത രാജ്യങ്ങള്‍ അവികസിത രാജ്യങ്ങളില്‍ മാരക മാലിന്യങ്ങള്‍ തള്ളുന്നത് 1989-ലെ ബാസല്‍ കണ്‍വെന്‍ഷന്‍ പ്രകാരം തടഞ്ഞിട്ടുള്ളതാണ്. പക്ഷേ, അഗ്ബോഗ്ലോഷി മാത്രമല്ല, പല ആഫ്രിക്കന്‍ പ്രദേശങ്ങളും വികസിത വികസ്വര രാജ്യങ്ങളുടെ വിഷമാലിന്യങ്ങള്‍ തള്ളാനുള്ള കുപ്പത്തൊട്ടികളാണ്. നേരത്തെ ഇ-മാലിന്യങ്ങള്‍ തള്ളുന്നതില്‍ മുന്‍പന്തിയില്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളുമായിരുന്നു. ഇപ്പോള്‍ ചൈനയും ഇന്ത്യയും ആസ്ഥാനങ്ങള്‍ കയ്യടക്കിയിരിക്കുന്നു.

2011-ലെ കണക്കനുസരിച്ച് അഗ്ബോഗ്ലോഷിയിലെ 20 ഏക്കര്‍ വിസ്തൃതിയുള്ള ഇ മാലിന്യനഗരിയില്‍ ഒന്നരലക്ഷം ടണ്‍ മാലിന്യങ്ങളാണ് തള്ളിയിരുന്നത്. 2019-ല്‍ എത്തുമ്പോഴേയ്ക്കും മാലിന്യക്കൂമ്പാരങ്ങളുടെ വലുപ്പവും വ്യാപ്തിയും വന്‍തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. നിയമവിരുദ്ധമായതിനാല്‍ ഒന്നിനും കൃത്യമായ കണക്കില്ല. ഐക്യരാഷ്ട്ര സംഘടനയുടെ അനുമാനമനുസരിച്ച് 2050-തോടെ ലോകത്ത് ഉല്പാദിപ്പിക്കപ്പെടുന്ന ഇ-മാലിന്യങ്ങളുടെ അളവ് 100 ദശലക്ഷം ടണ്ണായി ഉയരും. ആഗോള ലോകക്രമം ഇതുപോലെ തുടര്‍ന്നാല്‍ അഗ്ബോഗ്ലോഷിന്റെ വ്യാപ്തിയും വിസ്തൃതിയും വര്‍ദ്ധിക്കും. കാന്‍സര്‍ രോഗികളുടെ എണ്ണം പെരുകും. ഈ പ്രദേശം ആഫ്രിക്കയുടെ മരണപ്പറമ്പാകും.
കപ്പല്‍വഴിയുള്ള ഇ-മാലിന്യങ്ങളുടെ നിര്‍ബാധമുള്ള വരവ് ബാബാതുണ്ടെ വിശേഷിപ്പിച്ചതുപോലെ 'അടിമത്തത്തിന്റെ രണ്ടാം വരവ്' തന്നെയാണ്. എന്നാല്‍, ഇതൊന്നും ഈ രാജ്യത്ത് വലിയ വിഷയങ്ങളല്ല, നിയമനിര്‍മ്മാണസഭകള്‍ സ്തംഭിക്കാറില്ല, കോര്‍പ്പറേറ്റുകളെ പിണക്കുന്നതൊന്നും രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഏറ്റെടുക്കാറില്ല. ഗാന്ധി വിരുദ്ധത ആളിക്കത്തിച്ചു യുവാക്കളില്‍ വീരപരിവേഷം നേടിയ ഒബാഡിലേ കാംബോണിനെപ്പോലുള്ളവര്‍ ഇത്തരം മൗലിക പ്രശ്‌നങ്ങളില്‍ നിശ്ശബ്ദരാണ്.
അനിഡ അസാമോഹിനെപ്പോലുള്ള കുറച്ചുപേര്‍ ഘാനയിലുണ്ട്. ആഫ്രിക്കന്‍ സ്ത്രീത്വത്തിന്റെ അതിവൈകാരികതയിലാണ് ഇവരുടെ പ്രതീക്ഷ. മുലപ്പാലിലെ വിഷാംശമാണ് പ്രധാന പ്രചാരണവിഷയം. തന്റെ കുഞ്ഞിനു മുലപ്പാല്‍ കൊടുക്കുന്ന ഫോട്ടോ തന്നെയാണ് അനിഡയുടെ ആയുധം.
(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com