''സാര്‍, ലോക്കപ്പിലായിരുന്ന ആ സ്ത്രീ ബോധമില്ലാതെ കിടക്കുന്നു''

നിയമവ്യവസ്ഥ പുറത്തുപോകുമ്പോള്‍ ആ ഇടം കയ്യേറുന്നത്, അല്ല സ്വാഭാവികമായി കൈവശപ്പെടുത്തുന്നത് പൊലീസ് സംവിധാനത്തിന്റെ ഉപസംസ്‌കാരം ആണ്. അതാകട്ടെ, മനുഷ്യാവകാശങ്ങളെ എത്രത്തോളം മാനിക്കുന്നതാണ്?
എ. ഹേമചന്ദ്രന്‍
എ. ഹേമചന്ദ്രന്‍

സാധാരണമെന്നോ വിചിത്രമെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന ചില അനുഭവങ്ങള്‍, ചില മനുഷ്യാവസ്ഥകള്‍ എന്നെ പഠിപ്പിച്ച സ്ഥലമാണ് താമരശ്ശേരി പൊലീസ് സ്റ്റേഷന്‍. ഐ.പി.എസ് പരിശീലനത്തിന് കോഴിക്കോട്ടെത്തിയ ശേഷം പഠനത്തിനായി എന്നെ നിയോഗിച്ചത് അവിടെയാണ്. വെറും പഠനം മാത്രം, മറ്റു ചുമതലകളില്ല. സ്റ്റേഷനു നേരെ എതിര്‍വശത്തുള്ള വെള്ളിമണ്‍ ടൂറിസ്റ്റ് ഹോമിലായിരുന്നു താമസം. താമരശ്ശേരിയിലെത്തിയ ശേഷമുള്ള ആദ്യ വെള്ളിയാഴ്ച ഞാനോര്‍ക്കുന്നു. പൊലീസ് സ്റ്റേഷനുകളില്‍ വെള്ളിയാഴ്ചയ്ക്ക് സവിശേഷ പ്രാധാന്യമുണ്ട്. മുഴുവന്‍ ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന പരേഡോടെയാണ് ദിവസം തുടങ്ങുന്നത്. ഐ.പി.എസ്സില്‍ ചേര്‍ന്ന ശേഷം ആദ്യമായി ഒരു സ്റ്റേഷനില്‍ ഞാന്‍ സല്യൂട്ട് സ്വീകരിക്കാന്‍ പോവുകയാണല്ലോ. അല്പം നേരത്തെ ഞാന്‍ സ്റ്റേഷനിലെത്തി. എസ്.ഐയ്ക്ക് സുഖമില്ലെന്നും അതുകൊണ്ട് വന്നിട്ടില്ലെന്നും പൊലീസുകാര്‍ പറഞ്ഞു. സ്റ്റേഷന്  തൊട്ടു പിറകിലുള്ള ക്വാര്‍ട്ടേഴ്സില്‍ ഒറ്റയ്ക്ക് താമസമായിരുന്നു ചെറുപ്പക്കാരനായ എസ്.ഐ. വിവരം തിരക്കാമെന്നു കരുതി ഞാന്‍ ഒന്നുരണ്ടു പൊലീസുകാരുമായി ക്വാര്‍ട്ടേഴ്സില്‍ പോയി. ഡോര്‍ ബെല്ലടിച്ചെങ്കിലും വാതില്‍ തുറന്നില്ല. അദ്ദേഹം കുളിക്കുകയോ മറ്റോ ആയിരിക്കുമെന്ന് കരുതി തിരികെ സ്റ്റേഷനിലെത്തി. പരേഡിനു സമയം ആയതിനാല്‍ പരേഡ് തുടങ്ങി. എ.എസ്.ഐ ബാലന്‍ നായരായിരുന്നു അത് നയിച്ചത്. പരേഡില്‍ അരമണിക്കൂറിനുശേഷം ബ്രേക്ക് ഉള്ള സമയത്ത് വീണ്ടും ഞാന്‍ എസ്.ഐയുടെ ക്വാര്‍ട്ടേഴ്സില്‍ പോയി. എസ്.ഐ. അവിടെ ഇല്ലായിരുന്നു. ഡോക്ടറെ കാണാന്‍ പോയിരിക്കുകയാണെന്ന് ആരോ പറഞ്ഞു. ഡോക്ടറുടെ വീട് ഏതാണ്ട് 300 മീറ്റര്‍ ദൂരെ ആയിരുന്നു. ഞാന്‍ ഒരു പൊലീസുകാരനോട് പറഞ്ഞു: ''നമുക്കവിടെ പോയി നോക്കാം.'' എന്തിനങ്ങനെ പറഞ്ഞുവെന്നതിന്റെ യുക്തി എനിക്കന്നുമറിയില്ല, ഇന്നുമറിയില്ല. ഞാനും പൊലീസുകാരന്‍ ഗോപാലനും കൂടി നടന്ന് ഡോക്ടറുടെ വീട്ടിലെത്തി. അവിടെത്തുമ്പോള്‍ വീട്ടുമുറ്റത്തോട് ചേര്‍ന്ന് നിലത്തുവീണ് കിടക്കുകയാണ് എസ്.ഐ. ഞങ്ങളയാളെ കുലുക്കിവിളിച്ചെങ്കിലും ഉണരുന്നില്ല. അയാള്‍ അബോധാവസ്ഥയിലായിരുന്നു. ഞങ്ങള്‍ ഒച്ചയെടുത്ത് ഡോക്ടറെ വിളിച്ചെങ്കിലും അദ്ദേഹം പുറത്തുവരാന്‍ അല്പം സമയമെടുത്തു. അതിനിടയില്‍ ഗോപാലന്‍ ഓടിപ്പോയി കൂടുതല്‍ പൊലീസുകാരേയും കൂട്ടി ജീപ്പുമായെത്തി. ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ പള്‍സ് വളരെ weak ആണെന്നും പെട്ടെന്ന് മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോകാനും നിര്‍ദ്ദേശിച്ചു. മെഡിക്കല്‍ കോളേജിലേക്കുള്ള വഴിയില്‍ അദ്ദേഹത്തിനു ബോധം വന്ന് കണ്ണു തുറന്നു. അവിടെ കുറേ ദിവസം അഡ്മിറ്റ് ചെയ്ത് ചികിത്സയില്‍ അദ്ദേഹം രോഗവിമുക്തനായി. അസുഖത്തിന്  ഡോക്ടറെ കാണാന്‍ പോയ ആ മനുഷ്യന്റെ പിന്നാലെ പൊലീസുകാരേയും കൂട്ടി ഞാനെന്തിനു പോയി എന്നതിന് യുക്തിസഹമായ ഒരു വിശദീകരണവും എനിക്കില്ല. എന്റെ ആദ്യത്തെ പരേഡ് അങ്ങനെ അപൂര്‍ണ്ണമായെങ്കിലും അതൊരു സഹപ്രവര്‍ത്തകന് സഹായമായി എന്ന സംതൃപ്തി എനിക്കുണ്ട്. കൊവിഡ് കാലത്ത് ഞാന്‍ വിരമിക്കുന്ന അവസരത്തിലും പരേഡ് ഉണ്ടായില്ല എന്നതില്‍ ചില സഹപ്രവര്‍ത്തകര്‍ വിഷമം രേഖപ്പെടുത്തിയപ്പോഴും ഞാന്‍ ആദ്യ പരേഡിനെക്കുറിച്ചോര്‍ത്തു. പരേഡും ആഘോഷവുമെല്ലാം ജീവിതത്തിന്റെ ഭാഗം മാത്രമാണ്. പക്ഷേ, അതല്ലല്ലോ ജീവിതം.

കൗതുകം തോന്നിയ അക്കാലത്തെ മറ്റൊരു അനുഭവം കൂടി കുറിക്കട്ടെ. കെ.പി.എ.സി അക്കാലത്ത് അവതരിപ്പിച്ചിരുന്ന 'ശാകുന്തളം' നാടകം കോഴിക്കോട് ടാഗോര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതായി പത്രത്തില്‍ കണ്ടു. നാടകം കാണണമെന്ന് എനിക്ക് കലശലായ ആഗ്രഹം തോന്നി. ഐ.പി.എസ് കിട്ടി കേരളത്തില്‍ വരുന്നതിനു മുന്‍പുള്ള നാലു വര്‍ഷം ഞാന്‍ പുറത്തായിരുന്നതുകൊണ്ട് മലയാള കലാപരിപാടികള്‍ കാണാന്‍ അവസരം വളരെ കുറവായിരുന്നു. അതുകൊണ്ട് നാടകം കാണാന്‍ തന്നെ തീരുമാനിച്ചു. ആ ദിവസം വൈകിട്ട് താമരശ്ശേരി ബസ്സ്റ്റാന്റില്‍നിന്ന് കോഴിക്കോട് സിറ്റിയിലേക്കുള്ള പ്രൈവറ്റ് ബസില്‍ പോയി മടങ്ങാം എന്നായിരുന്നു പരിപാടി. ആദ്യമൊരു ബസില്‍ കയറിയപ്പോള്‍ അതല്പം വളഞ്ഞ റൂട്ടിലൂടെ കൂടുതല്‍ സമയമെടുക്കുമെന്നതിനാല്‍ തിരിച്ചിറങ്ങി. അങ്ങനെ ഒന്നുരണ്ടു ബസില്‍ നിന്നിറങ്ങിയ ശേഷമായിരുന്നു ശരിക്കുമുള്ള ബസ് കിട്ടിയത്. ടാഗോര്‍ തിയേറ്ററില്‍ കൃത്യസമയത്തിനു മുന്‍പെത്തി. ടിക്കറ്റെടുക്കാന്‍ കൗണ്ടറില്‍ പോയി. തുറന്ന സ്ഥലത്ത് മേശയും കസേരയും ഇട്ടിരുന്നാണ് ടിക്കറ്റ് നല്‍കിയിരുന്നത്. ഞാന്‍ കൗണ്ടറിലെത്തിയപ്പോള്‍ അവിടിരുന്നയാള്‍ എഴുന്നേറ്റ്, ''സാറിവിടെ?'' എന്നിങ്ങനെ പറഞ്ഞു. ''നാടകം'' എന്നു ഞാനും. അദ്ദേഹം ഡി.ഐ.ജി ഓഫീസിലെ സ്റ്റാഫായിരുന്നു. അവിടെ വച്ച് എന്നെ കണ്ടിട്ടുണ്ടായിരുന്നു. ടിക്കറ്റെടുത്ത് അകത്തുകയറി നാടകം കണ്ടു. വലിയ ഇഷ്ടമായി. തിരികെ താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ പോയി പൊലീസുകാരോട് കോഴിക്കോട് പോയി നാടകം കണ്ട കാര്യം പറഞ്ഞു. അപ്പോഴവര്‍ എന്നോട് പറഞ്ഞത് ഇതാണ്: ''സാര്‍ മഫ്ടിയില്‍ ഒന്നുരണ്ടു ബസില്‍ കയറുന്നതും ഇറങ്ങുന്നതുമൊക്കെ ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ വിചാരിച്ചു സാര്‍ രഹസ്യമായി പൂവാലന്‍മാരെ പിടിക്കാന്‍ പരിശോധിക്കുകയാണെന്ന്.'' ഞാനപ്പോള്‍ ആലോചിച്ചത് കോഴിക്കോട് ടിക്കറ്റ് കൗണ്ടറില്‍ കണ്ട മനുഷ്യന്‍ ഞാനെന്ത് രഹസ്യാന്വേഷണമാണ് നാടകസ്ഥലത്ത് നടത്തിയതെന്ന് കരുതും എന്നായിരുന്നു. എന്റെ സ്വകാര്യത നഷ്ടമാകുകയാണെന്ന് പതുക്കെ ഞാനറിഞ്ഞു.

ഒരു ദിവസം ജില്ലാ പൊലീസ് സൂപ്രണ്ടില്‍നിന്നൊരു പരാതി അയച്ചുകിട്ടി. താമരശ്ശേരിയില്‍നിന്ന് കല്‍പ്പറ്റയിലേക്കു പോകുന്ന വഴി ഒരു സ്ഥലത്ത് സ്ഥിരമായി വ്യഭിചാരം നടത്തുന്ന ഒരു വീടുണ്ടെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അവിടെ റെയ്ഡ് നടത്തി കുറേപ്പേരെ പിടിച്ചെങ്കിലും കേസെടുക്കാതെ പണം വാങ്ങി വിട്ടയച്ചുവെന്നുമായിരുന്നു പരാതി. അന്വേഷിക്കാന്‍ വേണ്ടി ഞാന്‍ യൂണിഫോം ഒഴിവാക്കി പ്രൈവറ്റ് ബസില്‍ ആ സ്ഥലത്തിനു മുന്‍പുള്ള ഒരു ചെറിയ ജംഗ്ഷനിലെത്തി. അവിടെ ഒറ്റപ്പെട്ട ഒരു കടയില്‍ച്ചെന്ന് ചില സാധനങ്ങള്‍ വാങ്ങിയശേഷം, അയാളോട് അല്പം പരിചയം സ്ഥാപിച്ചു. അവിടെ അടുത്തെങ്ങാനും പൊലീസ് വന്നിരുന്നോ എന്ന് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ചോദിച്ചു. അന്വേഷണത്തില്‍ പരാതിയില്‍ പറഞ്ഞ സ്ഥലം പണ്ട് കുപ്രസിദ്ധമായിരുന്നെന്നും ഇപ്പോള്‍ അങ്ങനെ അധികം കേള്‍ക്കാറില്ലെന്നും മനസ്സിലായി. പൊലീസ് റെയ്‌ഡോ പൊലീസിനെതിരായ ആരോപണങ്ങളോ ഒന്നും ശരിയാകാന്‍ ഇടയില്ലെന്ന ധാരണയാണ് എനിക്കു ലഭിച്ചത്. അതിനുശേഷം ഒരു ദിവസം ഞാന്‍ പരാതിയില്‍ ആരോപണം ഉന്നയിക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥനും മറ്റുള്ളവരുമായി പട്രോളിങ്ങിനു പോകവേ, ഞാന്‍ ആ ഓഫീസറോട് പരാതിയില്‍ പറഞ്ഞ സ്ഥലത്തെപ്പറ്റി ചോദിച്ചു. ഇപ്പോള്‍ അത്തരം പരാതി കാര്യമായി വരാറില്ലെന്ന് അയാള്‍ പറഞ്ഞു. കൂട്ടത്തില്‍ വേണമെങ്കില്‍ അവിടെ പോയി നോക്കാമെന്നും പറഞ്ഞു. ഞാനതു സമ്മതിച്ചു. അതൊരു ചെറിയ കെട്ടിടമായിരുന്നു. റെയ്ഡില്‍ ഒരു സ്ത്രീയെ കസ്റ്റഡിയിലെടുത്തു. നേരത്തേയും അസാന്മാര്‍ഗിക നടപടികളില്‍ അവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് മനസ്സിലാക്കിയത്. കൂടുതലായി നിയമത്തെപ്പറ്റിയോ നടപടിക്രമങ്ങളെപ്പറ്റിയോ ഒന്നും ഞാന്‍ ആലോചിച്ചിരുന്നില്ല എന്നതാണ് വസ്തുത. പൊലീസ് സ്റ്റേഷനിലെത്തിയ ശേഷം മറ്റു ചില കാര്യങ്ങളില്‍ മുഴുകി.

തൊട്ടടുത്ത ദിവസം വെളുപ്പിന് ടൂറിസ്റ്റ് ഹോമിലെ  എന്റെ മുറിയില്‍ ചില പൊലീസുകാര്‍ വന്ന് എന്നെ വിളിച്ചുണര്‍ത്തി. ''സാര്‍, ലോക്കപ്പിലായിരുന്ന ആ സ്ത്രീ ബോധമില്ലാതെ കിടക്കുന്നു.'' ഏത് സ്ത്രീയെന്നോ അതിന്റെ ഗൗരവമെന്തേന്നോ  ഒന്നും എനിക്ക് മനസ്സിലായില്ല. ഏതായാലും ഞാനുടനെ അവരുടെ കൂടെ തൊട്ടപ്പുറത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി. തലേ ദിവസം കൊണ്ടുവന്ന സ്ത്രീ അപ്പോഴും അവിടെയുണ്ട്. അവര്‍ നിലത്ത് ഒരു മൂലയിലിരിക്കുകയായിരുന്നു. അവരുടെ അടുത്തായി ചില്ലറ തട്ടിപ്പുമായി നടന്നിരുന്ന ഒരു മന്ത്രവാദിയും ഇരിപ്പുണ്ട്. അയാളെ ഒരു തട്ടിപ്പിന് പൊലീസ് കൊണ്ടുവന്നതാണ്. ഞാന്‍ ആ സ്ത്രീയുടെ സമീപത്തുചെന്ന് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു. മന്ത്രവാദിയാണ് മറുപടി പറഞ്ഞത്. ''സാര്‍, അവര്‍ക്ക് ബോധക്കേടുണ്ടായി, ഞാന്‍ ഉടന്‍ ജപിച്ച് മന്ത്രം ചൊല്ലി കുറച്ചു വെള്ളം കൊടുത്തു. ഉടന്‍ ബോധം വീണു സാര്‍.'' ഇത്തരം വിദ്യകളില്‍ അശേഷം വിശ്വാസമില്ലാതിരുന്ന ഞാന്‍ ആ സ്ത്രീയോട് കാര്യങ്ങള്‍ ആരാഞ്ഞു. പ്രത്യക്ഷത്തില്‍ തന്നെ എന്തോ രോഗം ബാധിച്ചപോലൊരു അവസ്ഥയിലാണ് അവര്‍ എന്നാണ് എനിക്ക്  തോന്നിയത്. പൊലീസ് സ്റ്റേഷനില്‍ എത്തിയിട്ട് ഏതാണ്ട് 30 മണിക്കൂര്‍ കഴിഞ്ഞിരുന്നെങ്കിലും അവര്‍ക്ക് ഒരു ആഹാരവും കിട്ടിയിട്ടില്ലെന്ന് എനിക്ക് മനസ്സിലായി. രോഗാവസ്ഥയും പട്ടിണിയും കൂടിയാകുമ്പോള്‍ ബോധം പോയില്ലെങ്കിലേ അത്ഭുതമുള്ളു. ''എന്തൊക്കെയാണ് സ്റ്റേഷനില്‍ നടക്കുന്നത്?'' ഞാന്‍ സ്വയം ചോദിച്ചു. എന്തോ വിശദീകരണവുമായി ജി.ഡി. ചാര്‍ജ് (സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍) മുന്നോട്ടുവരാന്‍ ശ്രമിച്ചെങ്കിലും ഞാനതിനെ പ്രോത്സാഹിപ്പിച്ചില്ല. അതിനിടയില്‍ എവിടെനിന്നോ ഒരു പൊലീസുകാരന്‍ ഒരു ഗ്ലാസ്സ് ചായ കൊണ്ടുവന്നു ആ സ്ത്രീക്ക് നല്‍കി. അവരത് വാങ്ങിക്കുടിച്ചു. ''നേരം വെളുത്താലുടനെ ഒരു പെറ്റി എഴുതി കോടതിയില്‍ ഹാജരാക്കാം സാര്‍'' ജി.ഡി. ചാര്‍ജ് പറഞ്ഞു. ''നേരം വെളുത്താലുടന്‍ അവര്‍ക്ക് ഇഡ്ഡലി വാങ്ങിക്കൊടുക്കുക. അതിനുശേഷം ജീപ്പില്‍ വീട്ടില്‍ കൊണ്ടുവിടും.'' ഞാന്‍ പറഞ്ഞു. നിയമവും ചട്ടവും വരുംവരായ്കകളും ഒന്നും ചിന്തിക്കാതെയാണ് അതു പറഞ്ഞത്. അതുതന്നെ നടപ്പാകുകയും ചെയ്തു.

നമ്മുടെ പൊലീസ് സ്റ്റേഷനുകളില്‍ എന്തെല്ലാമാണ് സംഭവിക്കുക എന്നതില്‍ ഇതൊരു നല്ല പാഠമായിരുന്നു. കസ്റ്റഡിയില്‍ സൂക്ഷിക്കുന്നവര്‍ക്ക് ആഹാരം ലഭ്യമാക്കുക എന്നത് ഗുരുതരമായ പ്രശ്‌നമാണ്. അക്കാലത്ത് കോഴിക്കോട് നഗരത്തില്‍ ഒരു പൊലീസ് സ്റ്റേഷനില്‍ അസാന്മാര്‍ഗിക നടപടികളുടെ പേരില്‍ കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന ഒരു സ്ത്രീ ആത്മഹത്യ ചെയ്ത ഒരു സംഭവമുണ്ടായിരുന്നു. ആത്മഹത്യയിലേക്ക് നയിച്ച കാരണം മനസ്സിലാക്കാന്‍ ഞാന്‍ ചില ഉദ്യോഗസ്ഥരോട് സംസാരിച്ചു. ബന്ധപ്പെട്ട ഒരു ഡി.വൈ.എസ്.പി എന്നോട് പറഞ്ഞത് പോസ്റ്റുമോര്‍ട്ടത്തില്‍ സമീപകാലത്തൊന്നും അവര്‍ ആഹാരം കഴിച്ചതിന്റെ ലക്ഷണങ്ങളൊന്നുമില്ലായിരുന്നുവെന്നാണ്. എന്നാല്‍ ചുമതലയുണ്ടായിരുന്ന വനിതാ പൊലീസുകാര്‍ പറഞ്ഞതാകട്ടെ, ''ബിരിയാണി വാങ്ങി നല്‍കിയെന്നാണത്രേ!'' പരിശീലന കാലത്ത് ഇത്തരം പൊലീസ് സ്റ്റേഷന്‍ പ്രശ്‌നങ്ങളെക്കുറിച്ച് പൊലീസുകാരോട് അനൗപചാരികമായി ഞാന്‍ ധാരാളം സംസാരിക്കുകയും അവര്‍ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കുകയും ചെയ്യുമായിരുന്നു. അനവധി ദിവസങ്ങള്‍ അനധികൃതമായി സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന ഒരു മുന്‍ മോഷണ കേസ് പ്രതി പട്ടിണി സഹിക്കാതെ പറഞ്ഞുവത്രേ; ''എന്നെ ഒരു 48(C) ബുക്ക് ചെയ്ത് ജയിലിലാക്കി സഹായിക്കണം സര്‍.'' 48(C) എന്നത് പഴയ പൊലീസ് നിയമത്തിലെ ഒരൊറ്റമൂലിയായിരുന്നു. സംശയകരമായ സാഹചര്യത്തില്‍ കണ്ടുവെന്നതിന് അറസ്റ്റ്.

വിരമിച്ച ഡി.ജി.പി. പി.ആര്‍. ചന്ദ്രന്‍ പറഞ്ഞ ഒരനുഭവം ഓര്‍ക്കുന്നു. 1970-കളില്‍  തിരുവനന്തപുരം സിറ്റിയില്‍ അദ്ദേഹം പൊലീസ് കമ്മിഷണറായിരിക്കെ ഉണ്ടായൊരു സംഭവമാണ്. പൊലീസിനെ ജനകീയവല്‍ക്കരിക്കാന്‍ ശ്രമിച്ച ഐ.ജി. ശിങ്കാരവേലു, ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ എസ്.ഐ വിരമിച്ചപ്പോള്‍ ആ ചടങ്ങില്‍ സംബന്ധിച്ചു. സഹപ്രവര്‍ത്തകരെല്ലാം ഒത്തുചേര്‍ന്ന് ഒരു ബിരിയാണി കഴിച്ചു പിരിയുക എന്നതായിരുന്നു ചടങ്ങ്. സ്റ്റേഷനിലെത്തിയ ഐ.ജി ശിങ്കാരവേലു, തനിക്ക് രണ്ടു ബിരിയാണി വേണം എന്നാവശ്യപ്പെട്ടു. എല്ലാപേരും അത്ഭുതപ്പെട്ടു. അദ്ദേഹത്തിന് രണ്ടു പ്ലേറ്റ് ബിരിയാണിതന്നെ നല്‍കി. ഉടന്‍ അദ്ദേഹം അതിലൊരു പ്ലേറ്റ് ബിരിയാണിയുമായി സ്റ്റേഷന്‍ ലോക്കപ്പില്‍ പോയി. അവിടെ ഒരു തടവുകാരന്‍ ഉണ്ടായിരുന്നു. അയാള്‍ക്ക് അത് നല്‍കി. നിശ്ചയമായും അദ്ദേഹത്തിന് ലോക്കപ്പുകളിലെ മനുഷ്യാവസ്ഥയെക്കുറിച്ച് നല്ല ധാരണയുണ്ടായിരുന്നു.

ശിങ്കാരവേലു
ശിങ്കാരവേലു

മനുഷ്യന്റെ ഏറ്റവും മൗലികമായ പ്രശ്‌നമാണല്ലോ വിശപ്പ്. അതുകൊണ്ടുതന്നെ വിശപ്പിന്റെ കഥകള്‍ ലോകഭാഷകളിലെല്ലാമുണ്ട്. മലയാളത്തില്‍ത്തന്നെ കാരൂരും തകഴിയും വൈക്കം മുഹമ്മദ് ബഷീറും മുതല്‍ സന്തോഷ് ഏച്ചിക്കാനം വരെ എത്ര എത്ര പ്രതിഭാശാലികള്‍ വിശപ്പിന്റെ കഥകള്‍ പറഞ്ഞിട്ടുണ്ട്. പൊലീസ് ലോക്കപ്പുകള്‍ക്ക് കഥ പറയാനാകുമെങ്കില്‍ എന്ന് ആലോചിച്ചുപോകുന്നു. അത്തരം ഒരു അപൂര്‍വ്വ  കഥ പറയുന്നു വൈക്കം മുഹമ്മദ് ബഷീറിന്റെ 'ടൈഗര്‍.' അതിലെ ഒരു ഭാഗം ഉദ്ധരിച്ചു കൊള്ളട്ടെ. ''ലോക്കപ്പുകളില്‍നിന്ന് പുറപ്പെടുന്ന കെട്ട 'വാട' മനുഷ്യഹൃദയങ്ങളെ ഉണക്കിക്കരിച്ചുകളയുന്നതാണ്. എങ്കിലും തടവുകാരുടെ ചിന്ത അതൊന്നുമല്ല. ആഹാരത്തെപ്പറ്റിയുള്ള കഠിനമായ ഒരു ആര്‍ത്തി മാത്രമേ അവര്‍ക്ക് ചിന്തയായി ഉള്ളു. രാത്രി ഉറങ്ങാന്‍ കിടക്കുന്നത് കാലത്തെ കഞ്ഞി കുടിക്കാനാണ്. കഞ്ഞികുടി കഴിഞ്ഞാല്‍ ഉച്ചയ്ക്കുള്ള ഊണിനെപ്പറ്റിയാണ് വിചാരം. അതുകഴിഞ്ഞ് സന്ധ്യയ്ക്കുള്ള ആഹാരത്തിന്. ആകെ ഒരു പരിഭ്രമമാണ്. ആര്‍ക്കും ഒരിക്കലും പശി അടങ്ങുകയില്ല. എല്ലാപേരുടേയും ആഗ്രഹം ശിക്ഷ കഴിഞ്ഞു വേഗം ജയിലില്‍ എത്താനാണ്. പൊലീസുകാര്‍ ചാര്‍ജുചെയ്ത കേസുകളില്‍നിന്നു വിടുതല്‍ ഉണ്ടാവുക സാധ്യമല്ല. ശിക്ഷിച്ചു കഴിഞ്ഞാല്‍ അധികം താമസിയാതെ ജയിലിലേക്ക് കൊണ്ടുപോകും. തടവുകാരന്റെ സ്വര്‍ഗ്ഗമാണ് ജയില്‍. അവന്റെ നരകം പൊലീസ് ലോക്കപ്പാണ്.''

ലോക്കപ്പുകള്‍ വാര്‍ത്തയില്‍ ഇടം പിടിക്കുന്നത് മര്‍ദ്ദനങ്ങളുടേയും കസ്റ്റഡി മരണത്തിന്റേയും പേരിലാണ്. ഞാന്‍ ഇതെഴുതുമ്പോള്‍ അച്ഛനും മകനും പൊലീസ് മര്‍ദ്ദനത്തില്‍ മരണപ്പെട്ടുവെന്ന് ആരോപണമുയര്‍ന്ന ഗുരുതരമായ തൂത്തുക്കുടി സംഭവം മുന്നിലുണ്ട്. എന്നാല്‍, താരതമ്യേന സമൂഹത്തിന്റെ മതിയായ ശ്രദ്ധ ആകര്‍ഷിച്ചിട്ടില്ലാത്ത മാനുഷികപ്രശ്‌നമാണ് ലോക്കപ്പുകളിലെ പട്ടിണി. അത്യന്തം ഗുരുതരമായ വിഷയമാണത്. ഇതിന്റെ മുഖ്യകാരണം പൊലീസ് സ്റ്റേഷനിലെ ഫണ്ടിന്റെ ലഭ്യതയുടേതല്ല. അനധികൃത കസ്റ്റഡി ഒരു പ്രധാന കാരണമാണ്. പ്രശ്‌നം അതിരൂക്ഷമാകുന്നത് കസ്റ്റഡിയിലായ വ്യക്തി 'ചോദിക്കാനും പറയാനും' ആളില്ലാത്തവനാകുമ്പോഴാണ്. അയാള്‍ പൂര്‍ണ്ണമായും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ ഔദാര്യത്തിലാകുമ്പോള്‍ ഫലത്തില്‍ അയാള്‍ ആരുടേയും ഉത്തരവാദിത്വമല്ലാതാകും. ഇവിടെ മൗലികമായ ഒരു പ്രശ്‌നമുണ്ട്. അനധികൃതവും നിയമത്തിന്റെ അനുമതി ഇല്ലാതേയും വ്യക്തികളെ പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിക്കുന്നതിന് ഇന്നും വലിയ സാമൂഹ്യ അംഗീകാരം ഉണ്ട് എന്നാണ് എന്റെ നിരീക്ഷണം. ഒരു ഉദാഹരണംകൊണ്ട് ഇതു വ്യക്തമാക്കാം. കേരളത്തില്‍ സമീപകാലത്ത് ഒരു ജില്ലയിലുണ്ടായ കസ്റ്റഡിമരണം വലിയ മാധ്യമ ചര്‍ച്ചകള്‍ക്കിടയാക്കി. അതേ സമയത്തുതന്നെ വാര്‍ത്താ പ്രാധാന്യമുണ്ടായിരുന്ന ഒരു കൊലപാതക കേസിനോട് അനുബന്ധിച്ച് മറ്റൊരു  ജില്ലയില്‍ പ്രതികളെന്ന് സംശയിക്കുന്നവരെ അനവധി ദിവസങ്ങള്‍ അനധികൃത കസ്റ്റഡിയില്‍ സൂക്ഷിച്ച് ചോദ്യം ചെയ്തിരുന്നതിന്റെ വാര്‍ത്തകളും മാധ്യമങ്ങളില്‍ സജീവമായിരുന്നു. പക്ഷേ, അനധികൃത കസ്റ്റഡി ഒരു പ്രശ്‌നമായി ആരും കണ്ടില്ല. ഈ സാമൂഹ്യാന്തരീക്ഷം നിലനില്‍ക്കുന്നിടത്തോളം കാലം അനധികൃത കസ്റ്റഡി എന്ന അമിതാധികാര പ്രവണതയും നിലനില്‍ക്കും. കസ്റ്റഡി തന്നെ നിയമത്തിന്റെ അംഗീകാരമില്ലാത്തതാകുമ്പോള്‍ അവരുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും നിയമപരമായ വ്യവസ്ഥ അസാദ്ധ്യമാണല്ലോ. നിയമവ്യവസ്ഥ പുറത്തുപോകുമ്പോള്‍ ആ ഇടം കയ്യേറുന്നത്, അല്ല സ്വാഭാവികമായി കൈവശപ്പെടുത്തുന്നത് പൊലീസ് സംവിധാനത്തിന്റെ ഉപസംസ്‌കാരം (Police Subculture) ആണ്. അതാകട്ടെ, മനുഷ്യാവകാശങ്ങളെ എത്രത്തോളം മാനിക്കുന്നതാണ്? വിശപ്പിന്റെ വിങ്ങല്‍ നമ്മുടെ ലോക്കപ്പ് മുറികളില്‍നിന്ന് ഇല്ലാതാകാന്‍ കാലമിനിയും പിടിക്കും.  

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com