പ്രണയവും ഭീകരപ്രവര്‍ത്തനമാകാം!

ഭീകരതയും ഭീകരവിരുദ്ധപോരാട്ടവും ഒരു സമൂഹത്തിന്റെ മുഖ്യ അജന്‍ഡയായി മാറുമ്പോള്‍ അത് എന്തെല്ലാം തരത്തിലുള്ള അധികാര ദുര്‍വിനിയോഗങ്ങള്‍ക്ക് അവസരമൊരുക്കാം 
പ്രണയവും ഭീകരപ്രവര്‍ത്തനമാകാം!

ഞ്ചാബിലെ ധാരിവാള്‍ പൊലീസ് സ്റ്റേഷന്‍ ഇന്നും ഓര്‍മ്മിക്കുന്നു. പഞ്ചാബില്‍ ഭീകരത അതിന്റെ മൂര്‍ദ്ധന്യത്തിലേക്ക് വളര്‍ന്നു തുടങ്ങിയത് 1980-കളുടെ മധ്യത്തോടെയാണല്ലോ.  അമൃതസറിലെ സുവര്‍ണ്ണ ക്ഷേത്രത്തിനുള്ളില്‍ സര്‍വ്വവിധ സന്നാഹവുമായി ക്യാമ്പ് ചെയ്തിരുന്ന ഭിന്ദ്രന്‍വാലെയുടെ നേതൃത്വത്തിലുണ്ടായിരുന്ന  ഭീകരസംഘത്തെ പുറത്താക്കാന്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ 1984 ജൂണ്‍ ആദ്യവാരത്തിലായിരുന്നു. തുടര്‍ന്ന് അതേ വര്‍ഷം ഒക്ടോബര്‍ 31-ന് രാവിലെ, ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി സ്വന്തം സുരക്ഷാഭടന്മാരാല്‍ വധിക്കപ്പെട്ടു. രാജ്യത്തെ പിടിച്ചുകുലുക്കിയ ഈ സംഭവ ദിവസം അതൊന്നുമറിയാതെ ഞാന്‍ ഒറീസ്സയിലെ കട്ടക്കിലുള്ള ഹോട്ടല്‍ വിജയില്‍ 20-ാം നമ്പര്‍ മുറിയില്‍ തൊട്ടടുത്ത ദിവസം എഴുതേണ്ട സിവില്‍ സര്‍വ്വീസ് മെയിന്‍ പരീക്ഷയുടെ അവസാനവട്ട തയ്യാറെടുപ്പിലായിരുന്നു. ജോലിക്കിടയിലുള്ള പരീക്ഷ തയ്യാറെടുപ്പായിരുന്നതിനാല്‍ അവസാന ദിവസവും ധാരാളം പഠിക്കുകയായിരുന്നു. പില്‍ക്കാലത്ത് സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരോട് അവസാനമുള്ള ഈ തിരക്ക് ഒഴിവാക്കേണ്ടുന്നതിന്റെ ആവശ്യകതയെ കുറിച്ച് ധാരാളം ഉപദേശം നല്‍കിയിട്ടുെണ്ടങ്കിലും ഞാനത് പാലിച്ചിട്ടില്ലെന്ന് കുമ്പസരിച്ചുകൊള്ളട്ടെ. തൊട്ടടുത്ത മുറിയില്‍ എന്റെ സുഹൃത്തും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനില്‍  സഹപ്രവര്‍ത്തകനുമായിരുന്ന മനോജിത്ത് മുഖര്‍ജിയും എന്നെപ്പോലെ അതിവേഗം പുസ്തകം കരണ്ടുതിന്നുകയായിരുന്നു. മുന്‍ധാരണ പ്രകാരം ഉച്ചയ്ക്ക് രണ്ടു മണിയോടെ ഞങ്ങള്‍ രണ്ടാളും പുറത്തിറങ്ങുമ്പോള്‍ അവിടവിടെ പതിവില്ലാത്ത ചെറിയ ആള്‍ക്കൂട്ടം കണ്ടു. അധികം ശ്രദ്ധിക്കാതെ ആദ്യം കണ്ട ചെറിയ തട്ടുകടപോലുള്ള ഹോട്ടലില്‍നിന്ന്, അവിടെ സുലഭമായ ചോറും മീന്‍കറിയും വേഗം കഴിച്ച് തിരികെ നടക്കുമ്പോള്‍ ആള്‍ക്കൂട്ടത്തിലാരോ ഉച്ചത്തില്‍ പറയുന്നത് കേട്ടു: ''ഇന്ദിര ഗാന്ധി കോ ഗോലിമാരാ'' (ഇന്ദിര ഗാന്ധിയെ വെടിവെച്ചു) മുഖര്‍ജിയും ഞാനും ആ യാഥാര്‍ത്ഥ്യത്തിലേക്ക് ഞെട്ടിയുണര്‍ന്നു. പിന്നീട് ഞങ്ങളുടെ പരീക്ഷാ ഷെഡ്യൂള്‍ ഒക്കെ മാറി.

വര്‍ഷങ്ങള്‍ക്കുശേഷം ഐ.പി.എസ് പ്രൊബേഷണറായി പഞ്ചാബ് പൊലീസ് അറ്റാച്ചുമെന്റിന്റെ ഭാഗമായി അവിടെ എത്തുമ്പോള്‍ ഇതെല്ലാം വേഗം മനസ്സിലൂടെ കടന്നുപോയി. വന്‍മരങ്ങള്‍ വീഴുമ്പോഴായാലും സംഭവിക്കാന്‍ പാടില്ലാത്ത പലതും സംഭവിച്ചതെല്ലാം കൂടി ഭീകരകലുഷിതമായിരുന്നു ഞങ്ങളെത്തിയ പഞ്ചാബ്.

പഞ്ചാബില്‍ ആദ്യമെത്തിയത് ചരിത്രസ്ഥാപനമായ ഫില്ലൗര്‍ പൊലീസ് ട്രെയിനിങ്ങ് കോളേജിലായിരുന്നു. 1891-ല്‍ സ്ഥാപിച്ച ഈ കേന്ദ്രം പൊലീസ് പരിശീലനത്തിന് ഇന്ത്യയിലെ ആദ്യത്തെ സംരംഭമായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു മുന്‍പ് ഐ.പി എന്നറിയപ്പെട്ടിരുന്ന ഇംപീരിയല്‍ പൊലീസിലെ ഉദ്യോഗസ്ഥര്‍ക്കും പല നാട്ടുരാജ്യങ്ങളിലേയും രാജകുമാരന്‍മാര്‍ക്കും ഇവിടെ പൊലീസ് പരിശീലനം നല്‍കിയിരുന്നു. ഞങ്ങള്‍ക്കു രാജകീയ സ്വീകരണമാണ് അവിടെ ലഭിച്ചത്. ഞങ്ങളുടെ പരിശീലന പരിപാടി വിദഗ്ദ്ധവും സമഗ്രവും സൂക്ഷ്മവുമായിരുന്നു. ഭീകരതയ്‌ക്കെതിരായ പൊലീസ് നടപടിയായിരുന്നു അതിന്റെ കേന്ദ്രബിന്ദു. ദിനംപ്രതി അവിടെ ഉണ്ടായിക്കൊണ്ടിരുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സ്വന്തം സുരക്ഷയ്ക്കാവശ്യമായ കരുതല്‍ നടപടികളെക്കുറിച്ചും ബോധവാന്മാരാക്കി. ഫില്ലൗറിലെ സുരക്ഷിത സുഖജീവിതം രണ്ടു ദിവസംകൊണ്ടു കഴിഞ്ഞു. ഞങ്ങളെ ചെറുസംഘങ്ങളായി വിവിധ ജില്ലകളിലേക്കയച്ചു.
 
ഞാനും മഹാരാഷ്ട്ര കേഡറിലെ സഞ്ജയ് പാണ്ഡെയും ഗുര്‍ദാസ്പൂര്‍ ജില്ലയിലായിരുന്നു. അക്കാലത്ത് ഭീകരാക്രമണങ്ങളുടെ ഒരു പ്രധാന കേന്ദ്രമായിരുന്നു പാകിസ്താനുമായി അതിര്‍ത്തി പങ്കിട്ടിരുന്ന ഗുര്‍ദാസ്പൂര്‍. അവിടെ ബി.എസ്.എഫിന്റെ ക്യാമ്പിലായിരുന്നു ഞങ്ങളുടെ താമസം. ബി.എസ്.എഫിന്റെ ഒരു അസിസ്റ്റന്റ് കമാന്ററും കുറേ പൊലീസുകാരുമടങ്ങുന്ന സംഘമായാണ് ഞങ്ങള്‍ സഞ്ചരിച്ചത്. നിത്യേന നടന്നുകൊണ്ടിരുന്ന ഭീകരാക്രമണങ്ങളുടെ ധാരാളം അനുഭവം അവര്‍ക്കുണ്ടായിരുന്നു. അതൊക്കെ കേട്ടുകൊണ്ടായിരുന്നു ഞങ്ങളുടെ യാത്രകള്‍. സഞ്ജയ്  പാണ്ഡെ വലിയ ആവേശത്തിലായിരുന്നു. ഭീകരരുമായി ഏറ്റുമുട്ടാന്‍ അപ്പോള്‍ത്തന്നെ തയ്യാറായിരുന്നു. ഏതാണ്ട് ഒരന്യഗ്രഹത്തില്‍ ചെന്നുപെട്ട ജീവിയുടേതുപോലെയായിരുന്നു എന്റെ മാനസികാവസ്ഥ. ഈ ഗ്രഹത്തിലെ അതിജീവനതന്ത്രങ്ങള്‍ എന്താണെന്നതിനെക്കുറിച്ചുള്ള അടിസ്ഥാന വസ്തുതകള്‍പോലും ദുര്‍ഗ്രഹമായിരുന്നു. 

അങ്ങനെ ഒരു ദിവസം ഞങ്ങള്‍ ധാരിവാള്‍ പൊലീസ് സ്റ്റേഷനിലെത്തി. കുന്ദന്‍സിംഗ് എന്നു പേരുള്ളൊരു സിക്കുകാരനായ ഇന്‍സ്പെക്ടറായിരുന്നു സ്റ്റേഷന്റെ ചുമതലക്കാരന്‍. തികഞ്ഞ ആത്മവിശ്വാസവും പ്രസരിപ്പും ആ മനുഷ്യനില്‍ പ്രകടമായിരുന്നു. ഭീകരതയുടെ അന്തരീക്ഷത്തിലും സ്വന്തം സുരക്ഷയെക്കുറിച്ചുള്ള വലിയ ഉല്‍ക്കണ്ഠയൊന്നും അദ്ദേഹത്തില്‍ കണ്ടില്ല. ഞങ്ങളുമായി സംസാരിക്കുന്നതില്‍ അദ്ദേഹം വലിയ താല്പര്യമെടുത്തു. പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെവരെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്ന സംഭവങ്ങള്‍ പഞ്ചാബില്‍ നടന്നിരുന്നു. അതേപ്പറ്റി ചോദിച്ചപ്പോള്‍ ഇന്‍സ്പെക്ടറുടെ നിലപാട് വ്യക്തമായിരുന്നു: ''അവര്‍ നമ്മുടെ ആളുകളെ കൊലപ്പെടുത്തിയാല്‍ നമ്മള്‍ അവരുടെ ആളുകളേയും വെറുതെ വിടില്ല.'' ഭീകരതയെ ഭീകരതകൊണ്ടു ചെറുക്കും എന്ന ചിന്താഗതിയായിരുന്നു അദ്ദേഹത്തിന്റേതെന്നു കരുതാം. അന്നവിടെ ഭരണഘടന, നിയമം മുതലായവയ്‌ക്കൊക്കെ അവധിയായിരുന്നു എന്നു തോന്നും. 'നമ്മളും' 'അവരും' ഒരേ വള്ളത്തില്‍ തന്നെയായിരുന്നെന്ന് തോന്നുന്നു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ സ്വന്തം ജീവന്‍ അപകടത്തിലാകുന്ന അവസ്ഥയില്‍ മറ്റ് ചിന്തകള്‍ക്കൊന്നും വലിയ സ്ഥാനമില്ലാതായി കഴിഞ്ഞിരുന്നുവെന്നു തോന്നുന്നു. 

ഭീകരരുമായി ബന്ധമുെണ്ടന്നു കരുതുന്ന കുറേ ആളുകളെ അവിടെ  പൊലീസ് സ്റ്റേഷനില്‍ കണ്ടു. ആ കൂട്ടത്തില്‍ ഏതാണ്ട് കൗമാര പ്രായക്കാരനെന്നു തോന്നുന്ന ഒരു സിക്ക് യുവാവുമുണ്ടായിരുന്നു. തികച്ചും നിഷ്‌കളങ്കമായ മുഖം. അയാള്‍ ഞങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചു. ഞങ്ങള്‍ അയാളോട് സംസാരിച്ചു, ബന്ധപ്പെട്ടവരുടെ അനുമതിയോടെ. അയാള്‍ക്കന്ന് 17 വയസ്സേ ഉണ്ടായിരുന്നുള്ളു. മഞ്ജിത്ത് സിംഗ് എന്നാണ് പേരു പറഞ്ഞത്. അയാള്‍ ഞങ്ങളോട് പറഞ്ഞ കഥ വ്യത്യസ്തമായിരുന്നു. അയല്‍പക്കത്തുള്ള പെണ്‍കുട്ടിയുമായി അയാള്‍ ലോഹ്യത്തിലായിരുന്നു. അതു വളര്‍ന്നപ്പോള്‍ ചില കത്തുകള്‍ അങ്ങോട്ടും ഇങ്ങോട്ടും കൈമാറി. അത്തരമൊരു കത്ത് എങ്ങനെയോ പെണ്‍കുട്ടിയുടെ അച്ഛന്റെ കയ്യില്‍ കിട്ടി. കുറെ ട്രക്കുകളുടെയൊക്കെ ഉടമയായിരുന്ന ഒരു ബിസിനസ്സുകാരനായിരുന്നു അയാള്‍. അവരെന്തോ പരാതി നല്‍കിയതിനെത്തുടര്‍ന്നാണത്രെ മഞ്ജിത്ത് സിംഗ് കസ്റ്റഡിയിലായത്. ഞങ്ങള്‍ ഇക്കാര്യം ഇന്‍സ്പെക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അദ്ദേഹം അഭിപ്രായമൊന്നും പറഞ്ഞില്ല. അതൊരു വലിയ അനുഭവമായിരുന്നു എനിക്ക്. ഭീകരതയും ഭീകരവിരുദ്ധപോരാട്ടവും ഒരു സമൂഹത്തിന്റെ മുഖ്യ അജന്‍ഡയായി മാറുമ്പോള്‍ അത് എന്തെല്ലാം തരത്തിലുള്ള അധികാര ദുര്‍വിനിയോഗങ്ങള്‍ക്ക് അവസരമൊരുക്കാം എന്നതിന്റെ ഒരു ചെറിയ ഉദാഹരണം മാത്രമായിരുന്നു, മഞ്ജിത്ത് സിംഗിന്റെ പ്രണയം. പ്രണയവും ഭീകരപ്രവര്‍ത്തനമാകാം! 

ഞാനും സഞ്ജയ് പാണ്ഡേയും ബി.എസ്.എഫ് ഉദ്യോഗസ്ഥരോടൊപ്പം ഗുര്‍ദാസ്പൂര്‍ ജില്ലയില്‍ പല സ്ഥലങ്ങളിലും സന്ദര്‍ശിച്ച് ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ വിവിധ വശങ്ങള്‍ മനസ്സിലാക്കി. അതിനിടയില്‍ സാധാരണക്കാരായ ജനങ്ങളുമായി പ്രത്യേകിച്ച് ഗ്രാമീണരുമായി ആശയവിനിമയം നടത്താന്‍ അവസരം ലഭിച്ചു. പൊതുവെ ജനങ്ങള്‍ ഭയചകിതരായിരുന്നു. പൊലീസില്‍നിന്ന് എത്രത്തോളം സംരക്ഷണമുണ്ടാകും എന്നതില്‍ വലിയ വിശ്വാസമൊന്നുമില്ലായിരുന്നു എന്നാണ് ഞങ്ങള്‍ക്കു മനസ്സിലായത്. ഓരോ ദിവസവും രാത്രി കുറെ വൈകുന്നതുവരെ ഞങ്ങള്‍ പട്രോളിങ്ങും മറ്റു ജോലികളും തുടര്‍ന്നു. സഞ്ജയ് മിക്ക ദിവസവും രാത്രി ക്യാമ്പിലേക്ക് മടങ്ങുമ്പോള്‍ ഏറ്റുമുട്ടലൊന്നുമുണ്ടായില്ലല്ലോ എന്നതില്‍ നിരാശ പ്രകടിപ്പിച്ചു. എന്നാല്‍ എനിക്കതില്‍ ആശ്വാസമായിരുന്നു. അങ്ങനെ നാലഞ്ചു ദിവസം മുന്നോട്ടുപോയപ്പോള്‍ അത് സംഭവിച്ചു.

ഞങ്ങള്‍ ധാരിവാള്‍ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ പട്രോളിങ്ങ് നടത്തുമ്പോള്‍ വയര്‍ലസ്സില്‍ വിവരം കിട്ടി, തൊട്ടടുത്ത സ്റ്റേഷന്‍പരിധിയില്‍ ഒരിടത്ത് ഭീകരരുമായി ഏറ്റുമുട്ടല്‍ നടക്കുന്നുവെന്ന്. സമയം രാത്രി 8 മണി കഴിഞ്ഞിരുന്നു. ഉടന്‍ ഞങ്ങള്‍ അങ്ങോട്ട് തിരിച്ചു. ബി.എസ്.എഫുകാര്‍ക്ക് സ്ഥലമെല്ലാം നല്ല പരിചയമായിരുന്നു. വെടിവെയ്പ് തുടരുകയാണെന്നും സ്ഥലത്ത് കൂടുതല്‍ സുരക്ഷാസേന എത്തിയെന്നും വയര്‍ലെസ്സിലൂടെ വിവരം കിട്ടി. ഞങ്ങള്‍ ആ സ്ഥലത്തെത്തുമ്പോള്‍ ഏതാണ്ട് അരമണിക്കൂര്‍ കഴിഞ്ഞിരിക്കണം. ആ പരിസരമെല്ലാം ഇരുട്ടിലായിരുന്നു. പക്ഷേ, ആ സമയം വെടിയൊച്ച കേള്‍ക്കുന്നുണ്ടായിരുന്നില്ല. വെടിയൊച്ച മാത്രമല്ല, ഒരു ശബ്ദവും കേള്‍ക്കുവാനില്ല. അസഹ്യമായി തോന്നുന്ന നിശ്ശബ്ദത. ബി. എസ്.എഫുകാര്‍ എന്തിനും തയ്യാറായ നിലയില്‍ ആയുധങ്ങളുമായി പൊസിഷന്‍ എടുത്തു. ഇത്തരം മേഖലകള്‍ അപകടകരമാണ്. ചുറ്റും കനത്ത ഇരുട്ട്, ആര്‍ക്കും വലിയ പരിചയമൊന്നുമില്ലാത്ത സ്ഥലം, AK47 ഉള്‍പ്പെടെയുളള ആയുധങ്ങളുമായി കൊല്ലാനും മരിക്കാനും തയ്യാറായ രണ്ടു കൂട്ടം ആളുകള്‍, സഞ്ജയ് പാണ്ഡേയുടേയും എന്റെയും ആയുധം ഐ.പി.എസ് എന്ന ലേബല്‍ മാത്രം. തിരിഞ്ഞു നോക്കുമ്പോള്‍ സാമാന്യബുദ്ധിയുള്ള ഏതു മനുഷ്യനും മനസ്സിലാക്കേണ്ടതാണ് ജീവന് വലിയ ഭീഷണിയുെണ്ടന്ന്. പക്ഷേ, എനിക്ക്  അങ്ങനെയൊന്നും തോന്നിയില്ലായെന്നതാണ് വാസ്തവം. കാരണം സാമാന്യബുദ്ധി അപ്രത്യക്ഷമായിരുന്നിരിക്കണം-അന്നത്തെ പഞ്ചാബിലെ ഭീകരാന്തരീക്ഷത്തില്‍ കാലുകുത്തിയപ്പോള്‍ത്തന്നെ. കുറെ കഴിഞ്ഞപ്പോള്‍ സന്ദേശം ലഭിച്ചു; നമുക്ക് മുന്നോട്ട് നീങ്ങാം, ഓപ്പറേഷന്‍ പൂര്‍ത്തിയായി. 

ബി.എസ്.എഫുകാര്‍ അല്പം കൂടി സ്വതന്ത്രമായി ശ്വാസം വിടാന്‍ തുടങ്ങിയെന്നു തോന്നുന്നു. മുന്നോട്ട് പോയപ്പോള്‍ മാത്രമാണ് മനസ്സിലായത്, ഞങ്ങള്‍ സംഭവസ്ഥലത്തിന് എത്ര അടുത്തായിരുന്നുവെന്നത്. വിജയകരമായ ഒരു ഏറ്റുമുട്ടല്‍ പൂര്‍ത്തിയാക്കിയതിന്റെ ആശ്വാസത്തിലായിരുന്നു ഉദ്യോഗസ്ഥരെല്ലാം. സ്ഥലത്തെത്തിയ ഞങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കുന്നതില്‍ അവര്‍ക്ക് വലിയ സന്തോഷവും അഭിമാനവുമുണ്ടായിരുന്നു. സായുധരായ 3 ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. പൊലീസുകാര്‍ക്ക് ജീവഹാനി ഉണ്ടായിരുന്നില്ല. ഞങ്ങള്‍ സംസാരിച്ചിരുന്നത് ഒരു കെട്ടിടത്തിന്റെ മുന്നില്‍ നിന്നായിരുന്നു. ആ കെട്ടിടത്തിനുള്ളിലായിരുന്നു കൊല്ലപ്പെട്ടവര്‍. ഒരു ഏറ്റുമുട്ടല്‍ കൊതിച്ചിരുന്ന സഞ്ജയ് പാണ്ഡേ നല്ല ആവേശത്തിലായിരുന്നു. ഭീകരരെ കാണാന്‍ തിരക്കുകൂട്ടിയപ്പോള്‍ ബി.എസ്.എഫുകാര്‍ അദ്ദേഹത്തെ കെട്ടിടത്തിനുള്ളിലേക്ക് നയിച്ചു. പിന്നെ ഞാന്‍ കണ്ടത് സഞ്ജയ് അതിവേഗം ഒരു മുറിയിലേക്ക് കയറുന്നതും ഏതാണ്ട് അതേ വേഗത്തില്‍ തിരികെ ഇറങ്ങുന്നതുമാണ്. ആ മുറിയില്‍ എന്തായിരിക്കും ദൃശ്യമെന്ന് മനസ്സില്‍ സങ്കല്പിച്ചുകൊണ്ട് പതുക്കെ ഞാനും അകത്ത് കടന്നു. രക്തത്തില്‍ കുതിര്‍ന്ന രണ്ടു ചെറുപ്പക്കാര്‍ ആ മുറിയില്‍ നിശ്ചലരായി കിടപ്പുണ്ട്. ഒരു അഗ 47ഉം, ഒരു റൈഫിളും അവര്‍ക്കടുത്തുണ്ട്. മുറിയില്‍ ചില പെട്ടികളും മറ്റുമുണ്ടായിരുന്നു. എല്ലാം ഒന്നു ശ്രദ്ധിച്ച ശേഷം പതുക്കെ പുറത്തുകടന്നു. അടുത്തമുറിയിലെ മൂന്നാമനെ ഞങ്ങള്‍ കണ്ടില്ല. ഒരു മനുഷ്യന്‍, പ്രത്യേകിച്ചും യുവാവ് ഏത് ലേബലില്‍ അറിയപ്പെട്ടാലും അയാള്‍ വെടിയേറ്റ് ചോരയില്‍ മുങ്ങി ചേതനയറ്റു കിടക്കുന്ന കാഴ്ച ഒട്ടും സുഖകരമല്ല, ആര്‍ക്കും. ഗുര്‍ദാസ് പൂരിലെ സീനിയര്‍ പൊലീസ് സൂപ്രണ്ടായിരുന്ന ജെ.പി. ബിര്‍ഡി ഐ.പി.എസ് അവിടെ എത്തി. ഭീകരപ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ അദ്ദേഹത്തിന് വലിയ പ്രതിച്ഛായയാണ് ഉണ്ടായിരുന്നത്. ഞങ്ങളോട് അദ്ദേഹം ഇത്തരം ഓപ്പറേഷനുകളുടെ പ്രായോഗിക പ്രശ്‌നങ്ങളും മറ്റും വിവരിച്ചു.
 
തിരികെ ക്യാമ്പിലേക്ക് മടങ്ങുമ്പോള്‍ സഞ്ജയ് അസാധാരണമാംവിധം നിശ്ശബ്ദനായിരുന്നു. ഭീകരരെ നശിപ്പിക്കണം, തകര്‍ക്കണം എന്നെല്ലാം അദ്ദേഹം നേരത്തെ ധാരാളമായി സംസാരിച്ചിരുന്നുവെങ്കിലും യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിച്ചപ്പോള്‍ അദ്ദേഹം അസ്വസ്ഥനായെന്നു തോന്നുന്നു. അടിസ്ഥാനപരമായി സഞ്ജയ്ണ്ടമനുഷ്യസ്‌നേഹിയായിരുന്നു. ആ ദിനങ്ങളില്‍ ഞങ്ങളോടൊപ്പം സുരക്ഷയ്ക്കായുണ്ടായിരുന്ന ബി.എസ്.എഫ് ജവാന്‍മാര്‍ മനസ്സിലുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമപ്രദേശങ്ങളില്‍നിന്നു വന്നവരാണ് അവരെല്ലാം. ഡ്യൂട്ടിയെന്നാല്‍ മരണമെങ്കില്‍ മരണം എന്നതായിരുന്നു അവരുടെ വീക്ഷണം. ഭീകരാക്രമണമുണ്ടായാല്‍ അവര്‍ക്കെന്തെങ്കിലും സംഭവിക്കാതെ ഞങ്ങളെ ആര്‍ക്കും തൊടാനാവില്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. സര്‍വ്വീസിന്റെ പല ഘട്ടങ്ങളിലും ആ വിഭാഗത്തിലെ താഴെത്തട്ടിലെ ഉദ്യോസ്ഥരുമായി പ്രവര്‍ത്തിക്കാനും അവരെ മനസ്സിലാക്കാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. എന്റെ അനുഭവത്തിന്റേയും അറിവിന്റേയും വെളിച്ചത്തില്‍ പറയട്ടെ, ഈ മനോഭാവമുള്ള ധാരാളം ആളുകള്‍ നമ്മുടെ രാജ്യത്ത് ബി.എസ്.എഫ്, സി.ആര്‍.പി.എഫ്, ഐ.ടി.ബി.പി പോലുള്ള സേനകളിലും സൈന്യത്തിലുമുണ്ട്. യഥാര്‍ത്ഥത്തില്‍ അവരുടെ ത്യാഗത്തിന്റേയും സേവനത്തിന്റേയും വലിപ്പം നമ്മുടെ 'മുെശൃമശേീിമഹ ീെരശല്യേ' മതിയാംവണ്ണം അറിയുന്നുേണ്ടാ എന്ന് സംശയമാണ്. രാജ്യസുരക്ഷയില്‍ നിര്‍ണ്ണായകമായ പല മേഖലകളിലും അവര്‍ നടത്തുന്ന പ്രവര്‍ത്തനം  അത്രയ്ക്ക് ത്യാഗോജ്ജ്വലമാണ്. 

ഇവിടെ ഒരു കാര്യം കൂടി പറയാതെ പോകാന്‍ മനസ്സ് അനുവദിക്കുന്നില്ല. ഞങ്ങള്‍ ബി.എസ്.എഫ് ക്യാമ്പിലായിരുന്നല്ലോ താമസിച്ചിരുന്നത്. സുരക്ഷയ്ക്കപ്പുറം ഞങ്ങളുടെ എല്ലാവിധ താമസസൗകര്യങ്ങളും ഭംഗിയായി ചെയ്തു തന്നത് ബി.എസ്.എഫ് ജവാന്മാര്‍ തന്നെയാണ്. അവിടുത്തെ താമസത്തിനിടയില്‍ ബി.എസ്.എഫ് ജവാന്മാരോട് അതിലെ ചില ഓഫീസര്‍മാരുടെ പെരുമാറ്റം അങ്ങേയറ്റം സംസ്‌കാരശൂന്യവും മനുഷ്യത്വമില്ലാത്തതുമായിരുന്നുവെന്ന് കണ്ടു. അതെന്നെ വേദനിപ്പിച്ചു. തീരെ നിസ്സാര വീഴ്ചകള്‍ ആരോപിച്ച് സഭ്യേതരമായ പദപ്രയോഗം നടത്തുക, ഉച്ചത്തില്‍ ഹീനമായ വാക്കുകള്‍ ഉപയോഗിച്ച് അപമാനിക്കുക തുടങ്ങിയ ചില പ്രവണതകളും അവിടെ കണ്ടു. ഭാഗ്യത്തിന് അത്തരം സംസ്‌കാരശൂന്യന്മാരുടെ എണ്ണം കുറവായിരുന്നു.

ഗുര്‍ദാസ് പൂരില്‍നിന്നും മടങ്ങും മുന്‍പ് സീനിയര്‍ പൊലീസ് സൂപ്രണ്ട് (SSP) ബിര്‍ഡി ഞങ്ങളെ അദ്ദേഹത്തിന്റെ വീട്ടില്‍ ഉച്ചയൂണിനു ക്ഷണിച്ചു. ഭീകരവിരുദ്ധ പോരാട്ടത്തില്‍ ഏറ്റവും അറിയപ്പെടുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അത്തരം 'ഹീറോ'കളെക്കുറിച്ചുള്ള സിനിമാ മാതൃകയുടെ നേരെ വിപരീതമായിരുന്നു ആ മനുഷ്യന്‍. തനിക്കു ലഭിച്ച 'പത്മശ്രീ' പുരസ്‌കാരത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം വളരെ നിസ്സാരമായിട്ടാണ് അതിനെക്കുറിച്ച് പറഞ്ഞത്. ഉച്ചയൂണ് കഴിഞ്ഞിറങ്ങുമ്പോള്‍ എന്റെ മനസ്സില്‍ തെളിഞ്ഞ ജെ.പി. ബിര്‍ഡിയുടെ ചിത്രം ഇതായിരുന്നു. ധീരനായ പടനായകനും നിസ്സംഗനായ സന്ന്യാസിയും ചേര്‍ന്നൊരു മനുഷ്യന്‍.

ജെ.എഫ്. റെബയിറോ
ജെ.എഫ്. റെബയിറോ

പഞ്ചാബ് പൊലീസിലെ ഞങ്ങളുടെ പരിശീലനത്തിനു വലിയ പ്രധാന്യം നല്‍കി അന്നത്തെ പഞ്ചാബ് ഡി.ജി.പി ആയിരുന്ന ജെ.എഫ്. റെബയിറോ. ഭീകരപ്രവര്‍ത്തനങ്ങള്‍ അനുദിനം വര്‍ദ്ധിച്ച് ജനജീവിതം മാത്രമല്ല, രാജ്യസുരക്ഷ തന്നെ അപകടത്തിലാകുമായിരുന്ന അവസ്ഥയിലാണ് ജെ.എഫ്. റെബയിറോ പഞ്ചാബ് പൊലീസിന്റെ നേതൃസ്ഥാനത്ത് എത്തിയത്. ആ വലിയ ചുമതല വഹിക്കുമ്പോഴും അദ്ദേഹം ഞങ്ങള്‍ക്കുവേണ്ടി ഒരു ദിവസം കെണ്ടത്തി. വിവിധ ജില്ലകളില്‍ പരിശീലനത്തിനു പോയി തിരികെ എത്തിയ മുഴുവന്‍ ഐ.പി.എസ് ട്രെയിനികളേയും കാണുന്നതിനും ആശയവിനിമയം നടത്തുന്നതിനും അദ്ദേഹം ഫില്ലൗറിലെ പൊലീസ് ട്രെയിനിങ്ങ് കോളേജിലെത്തി. വെറും ഔപചാരികതയ്ക്കപ്പുറം തുറന്ന ആശയവിനിമയമാണ് അദ്ദേഹം നടത്തിയത്. വിവാദമായിരുന്ന ചില സ്വന്തം തീരുമാനങ്ങള്‍ പോലും നവാഗതരായ ഞങ്ങളുമായി ചര്‍ച്ചചെയ്യാന്‍ അദ്ദേഹത്തിന് ഒരു മടിയുമുണ്ടായില്ല. അദ്ദേഹത്തിന്റെ 'bullet for bullet' എന്നൊരു സ്റ്റേറ്റ്‌മെന്റ് അക്കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അതിനര്‍ത്ഥം ആക്രമണമുണ്ടായാല്‍ നിയമപരമായി ധീരമായി ചെറുക്കാനുള്ള ഉത്തരവാദിത്വം പൊലീസ് ഉദ്യോഗസ്ഥര്‍ക്കുണ്ട് എന്ന നിലയില്‍ അദ്ദേഹം വിശദീകരിച്ചു. 

വലിയ നേതൃഗുണവും ഉന്നതമായ മൂല്യബോധവും അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രകടമായിരുന്നു. ഞങ്ങളിലൊരാള്‍ അദ്ദേഹത്തോട് പൊലീസ് സ്റ്റേഷനുകളില്‍ വലിയ അഴിമതി നടക്കുന്നുെണ്ടന്നും അതൊരു ഗുരുതരമായ പ്രശ്‌നമാണെന്നും അല്പം വൈകാരികതയോടെ അവതരിപ്പിച്ചു. അല്പം പോലും  നീരസമോ അസ്വസ്ഥതയോ പ്രകടിപ്പിക്കാതെയാണ് അദ്ദേഹം പ്രതികരിച്ചത്. അതിന്റെ ചുരുക്കം ഇതാണ്: അഴിമതി ഒരു പ്രശ്‌നം തന്നെയാണ്. ഇപ്പോള്‍ തന്റെ മുന്നിലുള്ള മുഖ്യപ്രശ്‌നം ഭീകരതയ്‌ക്കെതിരായ പോരാട്ടമാണ്. ഭീകരതയ്‌ക്കെതിരായ പ്രവര്‍ത്തനത്തില്‍ എവിടെയെങ്കിലും അഴിമതി ഒരു തടസ്സമായി വരുന്നിടത്ത് ശക്തിയായി അതിനെ നേരിടും. അതിനപ്പുറം ഇപ്പോള്‍ മറ്റൊരു യുദ്ധമുഖം കൂടി തുറന്നാല്‍ ഭീകരതയ്‌ക്കെതിരെ പോരാടാന്‍ പല യോദ്ധാക്കളേയും നഷ്ടമാകും. പഞ്ചാബ് ഡി.ജി.പിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ ജോലിത്തിരക്കിനെക്കുറിച്ചും കഠിനാദ്ധ്വാനത്തെക്കുറിച്ചും എന്റെ സുഹൃത്ത് ഗുജറാത്ത് കേഡറില്‍ പോയ ജ.ഗ. ഖവമ (അദ്ദേഹം സര്‍വ്വീസിലിരിക്കെ മരണമടഞ്ഞു) ചോദിച്ചു. ശ്രദ്ധേയമായിരുന്നു റെബയിറോയുടെ മറുപടി. 

''No, No, I don't work that hard. I am not that bsuy. My SHOs and SPs do the hard work. But I take responsibiltiy.'  (''ഇല്ല, ഇല്ല ഞാനത്ര കഠിനമായി ജോലി ചെയ്യുന്നില്ല. എനിക്കത്ര തിരക്കുമില്ല. എന്റെ പൊലീസ് സ്റ്റേഷന്‍ ചുമതലയുള്ളവരും എസ്.പിമാരുമാണ് കഠിനപ്രയത്‌നം നടത്തുന്നത്. പക്ഷേ, ഞാന്‍ ഉത്തരവാദിത്വം എടുക്കുന്നു''). 

അതൊരു വലിയ പാഠമായിരുന്നു. നാം  കണ്ടുവരുന്നത് തിരക്കഭിനയിക്കുകയും ഉത്തരവാദിത്വം ഒഴിയുകയും ചെയ്യുന്ന നേതൃത്വങ്ങളെയാണല്ലോ - പല രംഗങ്ങളിലും. തിരിഞ്ഞു നോക്കുമ്പോള്‍ പഞ്ചാബ് ദിനങ്ങളെ, കാലംകുറഞ്ഞ ദിനമെങ്കിലുമര്‍ത്ഥദീര്‍ഘം എന്നു തന്നെ വിശേഷിപ്പിക്കാം.

തൊട്ടടുത്ത ദിവസം ഞങ്ങള്‍ അവിടുത്തെ പരിശീലനം പൂര്‍ത്തിയാക്കി, പഞ്ചാബില്‍നിന്നും യാത്രയായി. വല്ലാത്തൊരനുഭവം തന്നെയായിരുന്നു അത്. അതിനു മുന്‍പും അതിനുശേഷവും സമാനമായ ഒന്നുണ്ടായിട്ടില്ല. ഞങ്ങളുടെ ട്രെയിന്‍ ന്യൂഡല്‍ഹിയെ സമീപിക്കുമ്പോഴും മനസ്സില്‍ ധാരിവാള്‍ പൊലീസിന്റെ കസ്റ്റഡിയിലായിരുന്ന മഞ്ജിത്ത് സിംഗ് ആയിരുന്നു. ഞാന്‍ ജോര്‍ജ് ഓര്‍വല്ലിനെ ഓര്‍ത്തു, 1984 എന്ന അദ്ദേഹത്തിന്റെ വിഖ്യാത കൃതിയേയും. അതില്‍ വരച്ചുകാട്ടുന്ന ഭീതിയും വിദ്വേഷവും നിറഞ്ഞതും മനുഷ്യന്റെ എല്ലാ പ്രവര്‍ത്തനങ്ങളേയും ഭരണകൂടം നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന ലോകത്ത് പ്രണയവും രാഷ്ട്രീയമാണ്. അവിടെ പ്രണയികളുടെ ആലിംഗനം പോലും അപകടകരമാകുന്നു. 'It was a political act' എന്നാണല്ലോ ഓര്‍വല്‍ രേഖപ്പെടുത്തുന്നത്. 
പക്ഷേ, അത് ഭാവന, ഇത് യാഥാര്‍ത്ഥ്യം.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com