''വൈകിട്ടെന്താ പരിപാടി'' എന്ന മോഹന്‍ലാല്‍ ചോദ്യത്തിന്റെ പ്രലോഭനത്തിനു വഴങ്ങുന്നത് അപകടം

സ്വാതന്ത്ര്യത്തിലും സ്വകാര്യതയിലും അവനവന്‍ ആത്മസുഖത്തിനായി ആചരിക്കുന്നത് പലതും മറ്റുള്ളവര്‍ക്ക് ഹാനികരമായി ഭവിക്കുന്നുണ്ട്. സ്വാഭാവികമായും പൊലീസ് നടപടി ആവശ്യമായി വരുന്നത് ആ സമയത്താണ്
ലേഖകൻ
ലേഖകൻ

സാധാരണയായി മനുഷ്യന്, പ്രത്യേകിച്ച് സര്‍ക്കാര്‍ ജീവനക്കാരന് സായാഹ്നങ്ങള്‍ അവരുടെ സ്വകാര്യതയും സ്വാതന്ത്ര്യവുമാണ്. അതുപോലെതന്നെ അവധി ദിവസങ്ങളും. എന്നാല്‍, പൊലീസുദ്യോഗസ്ഥര്‍ക്ക് അങ്ങനെയല്ല, പ്രത്യേകിച്ചും ക്രമസമാധാനംപോലുള്ള ചുമതല വഹിക്കുമ്പോള്‍. കുറ്റകൃത്യങ്ങളും അക്രമങ്ങളും കൂടുതലും അരങ്ങേറുന്നത് വൈകുന്നേരങ്ങളിലോ രാത്രിയിലോ ആണ്. ഒരുപക്ഷേ, സ്വാതന്ത്ര്യത്തിലും സ്വകാര്യതയിലും അവനവന്‍ ആത്മസുഖത്തിനായി ആചരിക്കുന്നത് പലതും മറ്റുള്ളവര്‍ക്ക് ഹാനികരമായി ഭവിക്കുന്നുണ്ട്.  സ്വാഭാവികമായും പൊലീസ് നടപടി ആവശ്യമായി വരുന്നത് ആ സമയത്താണ്. അതുകൊണ്ട് പൊലീസുദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത് സായാഹ്നങ്ങളിലാണെന്നു സര്‍വ്വീസിന്റെ ആരംഭം മുതല്‍ അറിഞ്ഞു, അനുഭവത്തിലൂടെ. ''വൈകിട്ടെന്താ പരിപാടി'' എന്ന പരസ്യചിത്രത്തിലെ മോഹന്‍ലാല്‍  ചോദ്യത്തിന്റെ പ്രലോഭനത്തിനു വഴങ്ങുക അപകടകരമാണ്, പൊലീസുദ്യോഗസ്ഥര്‍ക്ക്. 

കുന്നംകുളം എ.എസ്.പി ആയിരിക്കയാണ് 1989-ലെ ലോക്സഭാ ഇലക്ഷന്‍ നടന്നത്. ഒറ്റപ്പാലം ലോക്സഭാ മണ്ഡലത്തിലായിരുന്നു കുന്നംകുളം സബ്ബ് ഡിവിഷന്റെ നല്ലൊരു ഭാഗവും. പിന്നീട് ഇന്ത്യയുടെ രാഷ്ട്രപതിയായ കെ.ആര്‍. നാരായണനും, പ്രശസ്ത ചലച്ചിത്ര സംവിധായകനായിരുന്ന ലെനിന്‍ രാജേന്ദ്രനുമായിരുന്നു മുഖ്യ സ്ഥാനാര്‍ത്ഥികള്‍. പത്രഭാഷയില്‍ പറഞ്ഞാല്‍ തീ പാറുന്ന പോരാട്ടമായിരുന്നു അത്. ടി.എന്‍. ശേഷന്‍ എന്ന അപൂര്‍വ്വ പ്രതിഭാസം മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ആകുന്നതിനു മുന്‍പുള്ള അവസാന ലോക്സഭാ തെരഞ്ഞെടുപ്പായിരുന്നു അത്.  തെരഞ്ഞെടുപ്പ് കമ്മിഷന്‍ എന്ന സ്വതന്ത്ര ഭരണഘടനാ സ്ഥാപനത്തിന്റെ കരുത്ത് എന്താണെന്നും നിയമങ്ങള്‍ സാധാരണ ജനങ്ങള്‍ക്കു മാത്രമല്ല, രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും എല്ലാം ബാധകമാണെന്നും അതുവരെ ആര്‍ക്കും അറിയില്ലായിരുന്നു! അങ്ങനെയാകുമ്പോള്‍ മുഖ്യ തലവേദന പൊലീസിനാണല്ലോ. 

ഒരു ദിവസം രാത്രി 8 മണിയോടെ എനിക്കൊരു ഫോണ്‍ വന്നു. വടക്കാഞ്ചേരി ഭാഗത്തുനിന്ന് ഒരു പൊതുപ്രവര്‍ത്തകനായിരുന്നു വിളിച്ചത്. എരുമപ്പെട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് വലിയ സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും നടക്കുകയാണെന്നായിരുന്നു പറഞ്ഞത്. ഒരുതരം വെപ്രാളത്തോടെയാണ് അദ്ദേഹം സംസാരിച്ചത്. പൊലീസ് അവിടെ തീരെ നിഷ്‌ക്രിയമാണെന്നും അടിയന്തരമായി എ.എസ്.പി തന്നെ എത്തണമെന്നും എന്നോട് അഭ്യര്‍ത്ഥിച്ചു; അല്ല, അപേക്ഷിച്ചു. വല്ലാതെ വൈകാരികമായിട്ടായിരുന്നു ആ അഭ്യര്‍ത്ഥന. ഗുരുതരമായ സാഹചര്യം എരുമപ്പെട്ടിക്കടുത്ത് നിലനില്‍ക്കുന്നുവെന്ന് എനിക്കു തോന്നി. സാധാരണ വലിയ സംഘര്‍ഷം അവിടെയുണ്ടാകാറില്ല. ഇടയ്‌ക്കൊരു ക്ഷേത്രപരിസരത്ത് ആര്‍.എസ്.എസ് ശാഖ നടത്തുന്നതിനെ ചിലര്‍ എതിര്‍ത്തതില്‍ നിന്നുണ്ടായ ചെറിയൊരു വിഷയം  മാത്രമാണ് എന്റെ അറിവിലുണ്ടായിരുന്നത്.  ഇപ്പോഴത്തേത് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തോട് അനുബന്ധിച്ചുണ്ടായ പ്രശ്‌നമായിരുന്നു.

ഞാന്‍ ഉടനെ  ജീപ്പിലെ വയര്‍ലെസ്സില്‍ എരുമപ്പെട്ടി പൊലീസ് സ്റ്റേഷനില്‍ വിളിച്ചു. ''സാര്‍, അവിടെ രണ്ടു കൂട്ടരുടേയും ജാഥയുണ്ടായിരുന്നു. അവര്‍ തമ്മില്‍ ആദ്യം കല്ലേറും പിന്നെ അടിയുമൊക്കെയുണ്ടായി സാര്‍, ഇപ്പോള്‍ വലിയ പ്രശ്‌നം നടക്കുകയാണ് സാര്‍''- ഇങ്ങനെ പോയി മറുപടി. അയാളും അല്പം വികാരാവേശത്തിലാണ് സംസാരിച്ചത്. 'വലിയ പ്രശ്‌നം' എന്നതില്‍ നിന്നും പ്രശ്‌നത്തിന്റെ വലിപ്പം മനസ്സിലാക്കുക എളുപ്പമല്ല. ഒരാളിന് 'വലുതെ'ന്ന് തോന്നുന്ന പ്രശ്‌നം മറ്റൊരുവന് 'ചെറുതാ'യി തോന്നാം. 'ആപേക്ഷികതാ സിദ്ധാന്തം' പൊലീസിലും പ്രസക്തമാണ്. ഇത് സര്‍വ്വീസിലുടനീളം അഭിമുഖീകരിച്ചിട്ടുള്ള വിഷയമാണ്. 

തിരുവനന്തപുരത്ത് ഐ.ജി ആയിരിക്കെ മുന്നില്‍ വന്ന ഒരു കേസ്  എനിക്ക് 'വലുതെ'ന്നു തോന്നി. വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് വാര്‍ദ്ധക്യാവസ്ഥയിലുള്ള സ്ത്രീയെ ഒരക്രമി മുഖത്തടിച്ച് അവരുടെ രണ്ടു പല്ലുകള്‍ നഷ്ടമാക്കിയതായിരുന്നു സംഭവം. പ്രതിയെ അറസ്റ്റു ചെയ്യാന്‍ ഞാന്‍ നിര്‍ബ്ബന്ധം പിടിച്ചുവെന്നത് സത്യമാണ്. പ്രായംകൊണ്ട് പ്രജ്ഞ വളരുമെങ്കില്‍ 'പരിണത പ്രജ്ഞ'നെന്ന് കരുതേണ്ടുന്ന ഒരു നേതാവ് വിഷയത്തില്‍ ഇടപെട്ടു. അദ്ദേഹത്തിന്റെ ആവലാതി 'ഉന്നത'സ്ഥാനീയനായ ഐ.ജി എന്തിനാണ് ഇത്തരം 'ചെറിയ' കേസില്‍ ഇടപെടുന്നത് എന്നതാണ്. അദ്ദേഹത്തിന്റെ ദീര്‍ഘമായ സംഭവവിവരണത്തിലും പരാതിക്കാരിയുടെ നഷ്ടമായ രണ്ടു പല്ലിന്റെ കാര്യം ഉള്‍പ്പെട്ടില്ല. അവസാനം മഹാഭാരതത്തില്‍ കൗരവരുമായി സന്ധിസംഭാഷണത്തിന് പുറപ്പെടുന്ന ശ്രീകൃഷ്ണനോട്, അഴിഞ്ഞുകിടക്കുന്ന തന്റെ മുടിയുടെ കാര്യം ദ്രൗപദി  ഓര്‍മ്മിപ്പിക്കുന്നതുപോലെ ഞാന്‍ ചോദിച്ചു: ''പക്ഷേ, അടിയേറ്റ് അവരുടെ രണ്ട് പല്ല് നിലത്തുവീണില്ലേ?'' അദ്ദേഹത്തിന്റെ മറുപടി ''സംഭവത്തെത്തുടര്‍ന്ന് ആ വയസ്സിത്തള്ളയുടെ പല്ല് ഒന്നോ രണ്ടോ കൊഴിഞ്ഞുവെന്നത് സത്യമാണ്.'' അദ്ദേഹത്തിന്റെ വാക്ചാതുര്യവും അവതരണരീതിയും കേട്ടാല്‍ തോന്നുക പഴുത്തു ഉണങ്ങി ഞെട്ടറ്റ്  വീഴാറായ ഒരില, ഇളംകാറ്റില്‍ താഴെ പോകുന്നതുപോലെ എത്ര നിസ്സാരമാണത്. 

ഇത്തരം 'വലിപ്പച്ചെറുപ്പ' ചിന്തകളൊന്നുമില്ലാതെ ഞാന്‍ പെട്ടെന്നു റെഡിയായി എരുമപ്പെട്ടിയിലേയ്ക്ക് പുറപ്പെട്ടു. ഏതാണ്ട് അരമണിക്കൂറുകൊണ്ട്  പ്രശ്‌നമുണ്ടായ സ്ഥലത്തെത്തി. അവിടുത്തെ സബ്ബ് ഇന്‍സ്പെക്ടര്‍ ജോര്‍ജും സ്റ്റേഷനിലെ പൊലീസുകാരും സ്ഥലത്തുണ്ടായിരുന്നു. ജോര്‍ജ് പൊലീസ് കോണ്‍സ്റ്റബിളായി ചേര്‍ന്ന്, പ്രൊമോഷനിലൂടെ റിട്ടയര്‍മെന്റിനു തൊട്ടുമുന്‍പ് എസ്.ഐ റാങ്കിലെത്തിയ ഉദ്യോഗസ്ഥനായിരുന്നു. ഞാനെത്തുമ്പോള്‍ സ്ഥലത്ത് സജീവ അക്രമങ്ങളൊന്നും നടക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍, സാമാന്യം നല്ല ആക്രമണമുണ്ടായതിന്റെ ലക്ഷണങ്ങള്‍ അവിടെ പ്രകടമായിരുന്നു. റോഡരുകില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഇരു കൂട്ടരും ഉയര്‍ത്തിയിരുന്ന കൊടിതോരണങ്ങളും ബോര്‍ഡുകളും മറ്റും നശിപ്പിക്കപ്പെട്ടതായി കാണപ്പെട്ടു. റോഡില്‍ ധാരാളം കല്ലുകളും കട്ടകളും മറ്റും  ചിന്നിച്ചിതറി കിടപ്പുണ്ട്. അവിടെ അപ്പോള്‍ വലിയൊരാള്‍ക്കൂട്ടമൊന്നും കണ്ടില്ല. എന്നാല്‍, അവിടവിടെ ദൂരെ മാറി മൂന്ന്, നാല് ആളുകള്‍ വീതം നില്‍ക്കുന്നുണ്ടായിരുന്നു.

അക്രമസംഭവങ്ങളില്‍ അടിപതറാതെ

എന്താണവിടെ സംഭവിച്ചതെന്നു മനസ്സിലാക്കാന്‍ ശ്രമിച്ചു. എസ്.ഐ വളരെ ആവേശപൂര്‍വ്വം അങ്ങോട്ടും ഇങ്ങോട്ടും  ഒക്കെ നടന്ന് എന്തൊക്കെയോ വിശദീകരിക്കാന്‍ ശ്രമിച്ചു. അദ്ദേഹം കൂടുതലും തന്റെ നടപടികളെക്കുറിച്ച് എന്നെ ബോധ്യപ്പെടുത്താനാണുദ്യമിച്ചതെന്ന് എനിക്ക് തോന്നി. രണ്ട് മുഖ്യ ലോക്സഭാ സ്ഥാനാര്‍ത്ഥികളുടേയും പ്രചരണസംഘക്കാര്‍ തമ്മില്‍ അവിടെ കുറേനേരം നല്ല ഏറ്റുമുട്ടല്‍ നടന്നുവെന്നും കുറെ കഴിഞ്ഞവര്‍ പിന്‍വാങ്ങി എന്നുമാണ് എനിക്ക് മനസ്സിലായത്. അതിനിടയില്‍ സമീപത്തെ കടകള്‍ക്കും മറ്റും നേരെയും കുറെ കല്ലേറും ഒക്കെ നടത്തിയിട്ടുണ്ട്. അടുത്ത പൊലീസ് നടപടി എന്താണെന്ന് ഇതിനെക്കുറിച്ചൊരു വ്യക്തതയുമില്ലായിരുന്നു. ലക്ഷ്യബോധമില്ലാത്ത ആവേശപ്രകടനം എസ്.ഐ ഇടയ്ക്കിടെ തുടര്‍ന്നു. അതിനിടയില്‍ ഒരു പൊലീസുകാരന്‍, സുബ്രഹ്മണ്യന്‍, എന്റെ അരികില്‍ വന്നു പതുക്കെ പറഞ്ഞു: ''സാര്‍, അക്രമം നടത്തിയവരെല്ലാം ഈ കാണുന്ന  പാര്‍ട്ടി ഓഫീസിലുണ്ട്.'' അയാള്‍ ഒരു പരമരഹസ്യം പറയുന്നതുപോലെയാണത് പറഞ്ഞത്, മറ്റാരും അറിയാനിടവരാത്ത വിധത്തില്‍. അയാള്‍ സൂചിപ്പിച്ച ദിശയിലേയ്ക്ക് നോക്കിയപ്പോള്‍ ആ കെട്ടിടം ഞാനും കണ്ടു. ചെറിയൊരു ഇരുനില കെട്ടിടത്തിന്റെ മുകളില്‍ അല്പം വെളിച്ചമുണ്ട്. അവിടെ പാര്‍ട്ടി ഓഫീസിന്റെ ബോര്‍ഡ് കാണാമായിരുന്നു.
 
കൂടുതലൊന്നും ആലോചിക്കാതെ  അങ്ങോട്ട് നടന്നു. എന്റെ പിറകേ എസ്.ഐയും പൊലീസുകാരും. ഇടുങ്ങിയ പടിക്കെട്ട് കയറി ഞാന്‍ മുകളിലെത്തി. ചാരിയിരുന്ന ഒരു കതക് ചെറുതായൊന്നു തള്ളി അകത്തു കടന്നു. ചെറിയൊരു മുറിയില്‍ അവിടെ പത്തിരുപതാളുകളുണ്ടായിരുന്നു. ഏതാണ്ട് അവരെല്ലാം വിയര്‍പ്പില്‍ കുളിച്ചിരിക്കുകയാണ്. അതിസാഹസികമായ അദ്ധ്വാനത്തിന്‍ തൊട്ടുമുന്‍പത്തെ നിമിഷം വരെ ഏര്‍പ്പെട്ടിരുന്ന പോലൊരു പ്രതീതി അവരെ കണ്ടാല്‍ തോന്നും. അവരില്‍ ചിലര്‍ക്ക് പരിക്കുണ്ടായിരുന്നു. റോഡില്‍ നടന്ന സംഘട്ടനത്തില്‍ കൊടുക്കുകയും കൊള്ളുകയുമൊക്കെ ചെയ്തവരാണ് അവരെന്ന് പ്രകടമായിരുന്നു. ''നിങ്ങളെല്ലാം എന്റെ കൂടെ വരിക, സ്റ്റേഷനിലേയ്ക്ക്'' എന്ന് ഞാന്‍ പറഞ്ഞു. ഒരു നിമിഷത്തെ ശാന്തത, പിന്നെ അതിലൊരാള്‍ പറഞ്ഞു: ''സാര്‍ പറഞ്ഞാല്‍, ഞങ്ങള്‍ വരും.'' ഒരെതിര്‍പ്പുമില്ലാതെ അവര്‍ കൂടെ വന്നു. കൂട്ടത്തില്‍ അല്പം പ്രായമുള്ള ഒരു മനുഷ്യനുണ്ടായിരുന്നു. അദ്ദേഹം സംഭവമറിഞ്ഞ് മറ്റെവിടെനിന്നോ എത്തിയ നേതാവായിരുന്നു. സംഘര്‍ഷത്തിലൊന്നും ആ മനുഷ്യന്‍ പങ്കാളിയല്ലെന്ന ബോദ്ധ്യത്തില്‍  അദ്ദേഹത്തെ ഒഴിവാക്കി. ബാക്കിയുള്ളവരുമായി ഞങ്ങള്‍ അധികം ദൂരെയല്ലാത്ത പൊലീസ് സ്റ്റേഷനിലെത്തി. യാതൊരു സൗകര്യവുമില്ലാത്ത ഒരു പഴയ കെട്ടിടമായിരുന്നു അന്നത്തെ എരുമപ്പെട്ടി പൊലീസ് സ്റ്റേഷന്‍. അതിനിടെ വടക്കാഞ്ചേരിയില്‍നിന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടറും പാര്‍ട്ടിയും കൂടി സ്റ്റേഷനിലെത്തി. സ്റ്റേഷനില്‍ കൊണ്ടുവന്നതില്‍ ഒരാളിന് കൈയ്ക്ക് പൊട്ടലുണ്ടായിരുന്നു. അയാളേയും കാര്യമായ പരിക്കുള്ള രണ്ടു മൂന്നു പേരേയും അറസ്റ്റു രേഖപ്പെടുത്തിയ ശേഷം ഗവണ്‍മെന്റ് ആശുപത്രിയിലാക്കാനും മറ്റുള്ളവരെ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിക്കുവാനും തീരുമാനിച്ചു.

അക്രമസംഭവത്തിലുള്‍പ്പെട്ട ഒരു കക്ഷിയിലെ പ്രധാന പ്രതികളെല്ലാം അതിലുള്‍പ്പെട്ടിരുന്നു. മറുഭാഗക്കാരേയും കൂടി അറസ്റ്റ് ചെയ്യണമെന്ന് സി.ഐ പറഞ്ഞു. അതിനോട് ഞാനും യോജിച്ചു. അതിനായി ഞങ്ങള്‍ രണ്ടു ജീപ്പുകളിലായി തിരിച്ചു. പൊലീസുകാര്‍ക്ക് അവരെക്കുറിച്ച് ധാരണയുണ്ടായിരുന്നു. അങ്ങനെ അധികം അകലെയല്ലാത്ത ഒരിടവഴിയിലേയ്ക്ക് ജീപ്പുകള്‍ നിര്‍ത്തി. മുന്നില്‍ എന്റെ ജീപ്പായിരുന്നു. അവിടെ നല്ല ഇരുട്ടായിരുന്നു. ജീപ്പില്‍ നിന്നിറങ്ങുമ്പോള്‍ പെട്ടെന്ന് എന്റെ തലയില്‍ എന്തോ  ശക്തിയായി തട്ടിയതുപോലൊരു തോന്നല്‍. ഒരു നിമിഷം ബോധം നഷ്ടപ്പെട്ടിരിക്കണം. അടുത്ത നിമിഷം ഞാന്‍ നിയന്ത്രണമില്ലാതെ നിലത്തുവീഴാന്‍ പോകുകയാണെന്ന് എനിക്കു തോന്നി. എങ്കിലും ഒരുവിധം വീഴാതെ നിയന്ത്രിച്ച് നില്‍ക്കാന്‍ സാധിച്ചു. ഇരുട്ടില്‍ ഒന്നും വ്യക്തമായില്ല. ''ആരോ എന്റെ തലയ്ക്കടിച്ചു.'' ഞാന്‍ പറഞ്ഞു. തലയ്‌ക്കൊരു പെരുപ്പ്് അനുഭവപ്പെട്ടു. ഞാന്‍ കൈ തലയില്‍ വെച്ചു. സര്‍ക്കിള്‍ ഇന്‍സ്പെക്ടറും പൊലീസുകാരും എന്താണെന്നു ചോദിക്കുന്നതിനിടയില്‍ ഒരാള്‍ ടോര്‍ച്ച് തെളിച്ചു. അവരെല്ലാം എന്തോ  ശബ്ദം കേട്ടിരുന്നു. നിലത്തൊരു 'കൈക്കോട്ട്' കിടക്കുന്നതു കണ്ടു. നീളം കുറഞ്ഞ ഉരുണ്ട തടിയുടെ അറ്റത്ത് മണ്‍വെട്ടിയുടേതുപോലെ  ലോഹം കൊണ്ടുള്ള ബ്ലേഡ് പിടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാരോ എറിഞ്ഞതാണെന്നു വ്യക്തമായി.

ആ സമയത്തുതന്നെ ആരോ ചിലര്‍ റോഡില്‍നിന്നും മാറി ഉള്ളിലേയ്ക്ക് ഓടുന്നതിന്റെ ബഹളം കേള്‍ക്കാം. അപ്രതീക്ഷിതമായി, പൊലീസ് ജീപ്പ് വന്ന് നിര്‍ത്തിയപ്പോള്‍ അക്രമികള്‍ കൈയിലിരുന്ന ആയുധം ഞങ്ങളുടെ നേരെ എറിഞ്ഞ് ഇരുളിലൂടെ ഓടി രക്ഷപ്പെടാനുള്ള ശ്രമമായിരുന്നു. കൂടെയുണ്ടായിരുന്ന പൊലീസുകാര്‍ ഉടന്‍  പിറകെ പാഞ്ഞു. അവരുടെ ആവേശം കണ്ടാലറിയാം, മുന്നേ ഓടിയവര്‍ ബഹുദൂരം പോകില്ലെന്ന്. അതുതന്നെ സംഭവിച്ചു. അധികം കഴിയും മുന്‍പ് പൊലീസുകാര്‍ അക്രമികളെയെല്ലാം പിടികൂടി തിരികെയെത്തി. എനിക്ക് ചെറിയൊരു ഏറ് കിട്ടിയെങ്കിലും അതൊരു നല്ല അനുഭവമായേ ഞാനോര്‍ക്കുന്നുളളു. കാരണം, കൂടെയുണ്ടായിരുന്ന പൊലീസുകാരുടെ ആത്മാര്‍ത്ഥതയിലും കാര്യക്ഷമതയിലും വലിയ മതിപ്പുതോന്നി. ഉദ്യോഗസ്ഥന്‍, നേരെചൊവ്വേ കൂടെയുണ്ടെങ്കില്‍ നമ്മുടെ പൊലീസുകാര്‍ ഏതു സാഹസത്തിനും അര്‍പ്പണബോധത്തോടെ മുന്നിലുണ്ടാകും എന്നുതന്നെയാണ് പില്‍ക്കാലത്തും ഞാന്‍ കണ്ടിട്ടുള്ളത്. നേരെചൊവ്വേ കൂടെയുണ്ടെന്ന ബോദ്ധ്യം പ്രധാനമാണ്. കസ്റ്റഡിയിലെടുത്തവരുമായി പൊലീസ് സ്റ്റേഷനിലെത്തി, തുടര്‍നടപടികള്‍ സംബന്ധിച്ച് സര്‍ക്കിളുമായും എസ്.ഐയുമായും സംസാരിച്ച ശേഷം ഞാന്‍ കുന്നംകുളത്ത് വീട്ടിലേയ്ക്ക് മടങ്ങി.

മടക്കയാത്രയില്‍, അല്പം ചില സാഹസിക രംഗങ്ങളൊക്കെയുള്ള ശുഭപര്യവസായിയായ ഒരു സിനിമ കണ്ട് മടങ്ങുന്നതുപോലുള്ള മാനസികാവസ്ഥയായിരുന്നു എന്റേത്. ഇത്തരത്തിലുള്ള അനുഭവങ്ങള്‍ നേരത്തെ അധികം എനിക്കുണ്ടായിരുന്നില്ല. കോഴിക്കോട്ടെ പരിശീലനകാലത്തെ ഒരനുഭവത്തിന്റെ ഫ്‌ലാഷ്ബാക്ക് മനസ്സില്‍ തെളിഞ്ഞു. 

പരിശീലനകാലത്ത് ശരിക്കും പുലിവാല്‍ പിടിച്ച ആ സംഭവം ഉണ്ടായത്, ഏറ്റവും അവസാന ഘട്ടത്തിലാണ്. അതാകട്ടെ, ഞാന്‍ തന്നെ പിറകേ പോയി വാലില്‍ തൂങ്ങിയതാണെന്നു വേണമെങ്കില്‍  പറയാം. ആ ഘട്ടത്തില്‍ ശ്രീ. ശേഖരന്‍ മിനിയോടന്‍ ആയിരുന്നു എസ്.പി. അദ്ദേഹം പുതുതായി ചാര്‍ജ് എടുത്തതായിരുന്നു. അവസാന ഘട്ടത്തില്‍ എനിക്ക് ജില്ലാ പൊലീസ് ഓഫീസുമായി ബന്ധപ്പെട്ട ചില പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാനുള്ള പരിശീലനമായിരുന്നു. ഒരു ദിവസം വൈകുന്നേരം നാല് മണിക്കടുത്ത് ഞാന്‍ ജില്ലാ എസ്.പിയുടെ മുറിയിലിരിക്കുമ്പോള്‍ വലിയൊരു ക്രമസമാധാന പ്രശ്‌നം സംബന്ധിച്ച്  വിവരം കിട്ടി. കൊയിലാണ്ടി കടപ്പുറത്ത് ഒരാള്‍ മരണപ്പെട്ടതിനെത്തുടര്‍ന്ന് ശവസംസ്‌കാരവുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്‌നം. കടപ്പുറത്ത് സംസ്‌കരിക്കുന്നതിന് നാട്ടുകാരുടെ വമ്പിച്ച പ്രതിഷേധം. അവര്‍ സംഘടിതരായി എതിര്‍പ്പുമായി നില്‍ക്കുകയാണ്. വലിയ സംഘര്‍ഷമാണ്. 

സ്ഥലത്തേയ്ക്ക് താമരശ്ശേരി ഡി.വൈ.എസ്.പിയെ അയയ്ക്കാന്‍ എസ്.പി ശ്രമിച്ചു. അപ്പോള്‍ ഡി.വൈ.എസ്.പി സ്ഥലത്തില്ലെന്ന് അറിഞ്ഞു. അദ്ദേഹം ഏതോ കോടതിയില്‍ പോയിരുന്നത് എസ്.പി അറിഞ്ഞിരുന്നില്ല. ഡി.വൈ.എസ്.പി നിരുത്തരവാദപരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് എസ്.പി വിമര്‍ശിച്ചു സംസാരിച്ചു. ഇതിനിടയില്‍ കൊയിലാണ്ടിയില്‍ പ്രശ്‌നം കൂടുതല്‍ രൂക്ഷമാകുകയാണെന്നു വിവരം വന്നുകൊണ്ടിരുന്നു. കുറച്ചങ്ങനെ മുന്നോട്ടു പോയപ്പോള്‍ എസ്.പിയോടായി ഞാന്‍ കൊയിലാണ്ടിയില്‍  പോകാമെന്നു പറഞ്ഞു. ആദ്യം ഒന്നറച്ചശേഷം ''ഹേമചന്ദ്രന് പോകാമോ''  എന്നദ്ദേഹം ചോദിച്ചു. ''പോകാം സാര്‍'' എന്നെന്റെ മറുപടി. അങ്ങനെ ഞാന്‍ ജീപ്പില്‍ കൊയിലാണ്ടിക്ക് തിരിച്ചു. യാത്ര തിരിക്കുമ്പോള്‍ കടപ്പുറത്ത്  അഭിമുഖീകരിക്കാന്‍  പോകുന്ന പ്രശ്‌നത്തെക്കുറിച്ച് വലിയ  ധാരണയൊന്നും  എനിക്കില്ലായിരുന്നു. മുന്‍പ് കേരളത്തിലും പുറത്തും പല ബീച്ചുകളിലും പോയിട്ടുള്ളതെല്ലാം ടൂറിസ്റ്റെന്ന നിലയില്‍ മാത്രമായിരുന്നല്ലോ. അങ്ങനെ ഞാന്‍ കൊയിലാണ്ടി ബീച്ചിലെത്തി. 

അപ്പോഴാണ് കടപ്പുറത്തിന്റെ ഒരു പുതിയ മുഖം  കണ്ടത്. കടപ്പുറത്തുതന്നെ താമസക്കാരനായ ഒരു മനുഷ്യനാണ് മരണപ്പെട്ടത്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമായതിനാല്‍ അവരെല്ലാം ചേര്‍ന്ന് അവിടെ സംസ്‌കരിക്കുന്നതിനെ എതിര്‍ക്കുകയാണ്. എതിര്‍പ്പുമായി മുന്‍പന്തിയില്‍ നില്‍ക്കുന്നത് സ്ത്രീകളാണ്. എന്റെ രംഗപ്രവേശം എല്ലാപേരും കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്. മൃതദേഹം മണിക്കൂറുകളായി പരിഹാരം കാത്തുകിടക്കുകയാണ്, 'ക്ഷമയോടെ.' മരിച്ചയാളിന്റെ ബന്ധുക്കള്‍ വിരലിലെണ്ണാവുന്നവരേയുള്ളു. അവര്‍ തീര്‍ത്തും നിസ്സഹായരാണ്. പൊലീസ് ഇടപെടലിലൂടെ മാത്രമേ പ്രശ്‌നം തീരൂ  എന്ന അവസ്ഥയാണ്. ഞാനങ്ങോട്ട് അടുത്തപ്പോള്‍ എന്നെ സ്വാഗതം ചെയ്യാനെന്നപോലെ സ്ത്രീകളുടെ പ്രതിഷേധം കൂടുതല്‍ ഉച്ചത്തിലായി. എങ്കിലും ഞാന്‍ പതുക്കെ അവരുടെ അടുത്തേയ്ക്കുതന്നെ ചെന്നു. അവര്‍ പറയുന്ന കാര്യങ്ങള്‍ കേട്ടു നിന്നു. കേട്ടാല്‍ ആ പറയുന്നതില്‍ അല്പം ന്യായമുണ്ട്. അവരുടെയൊക്കെ കുടിലിനോട് ചേര്‍ന്ന സ്ഥലത്ത് എങ്ങനെ മൃതദേഹം  അടക്കം ചെയ്യും  എന്നതാണ് വിഷയം. സത്യത്തില്‍, പറയുന്നത് കേട്ടാല്‍ അവരുടെ ഭാഗം ചേരാന്‍ തോന്നും. ഞാനങ്ങനെ ക്ഷമയോടെ എല്ലാം കേട്ടുനിന്നു, ക്രമേണ എതിര്‍പ്പ് കുറഞ്ഞേക്കും എന്ന പ്രതീക്ഷയോടെ. എന്തിനാണ് എസ്.പിയോട് അങ്ങോട്ട് ആവശ്യപ്പെട്ട് ഈ പുലിവാല്‍ ഏറ്റുവാങ്ങിയത് എന്ന് മനസ്സില്‍ തോന്നിത്തുടങ്ങി. 

അതിനിടെ സംസ്ഥാന ഇന്റലിജന്‍സില്‍നിന്ന് ഒരു ഉദ്യോഗസ്ഥന്‍ വന്ന്, ''സാര്‍ ഇത് വലിയ കുഴപ്പമാകും'' എന്നു പറഞ്ഞു. അത്  മനസ്സിലാക്കാന്‍ ആര്‍ക്കാണ് കഴിയാത്തത്? ''അപ്പോഴെന്താ ഒരു വഴി?'' ഞാന്‍ ചോദിച്ചു. അദ്ദേഹം ചുറ്റും നോക്കിയിട്ട്, 'Force കുറവാണ് സാര്‍, കുറേക്കൂടി Force ചോദിക്കണം''    എന്നു പറഞ്ഞു. ഞാനൊന്നും പറഞ്ഞില്ല. എന്തായാലും എീൃരല കൊണ്ടിതു തീര്‍ക്കേണ്ടതല്ല എന്നെനിക്കു തോന്നി. അതിനു മുതിര്‍ന്നാല്‍ എന്താകും?  ഇപ്പോള്‍ ഒരു മൃതദേഹത്തിന്റെ പ്രശ്‌നമേയുള്ളു. അതേതായാലും അപ്പോള്‍ പരിഗണിച്ചില്ല. 

അങ്ങനെ സമയം കുറെ നീണ്ടുപോയപ്പോള്‍ അതാ പ്രത്യക്ഷപ്പെടുന്നു, താമരശ്ശേരി ഡി.വൈ.എസ്.പി മോഹനന്‍. നല്ല വണ്ണവും അല്പം വയറുമെല്ലാം ഒരലങ്കാരമാക്കി മാറ്റുന്ന, കാക്കി ഷര്‍ട്ടിന്റെ അറ്റം അരയ്ക്ക് ചുറ്റും വിടര്‍ന്നു നില്‍ക്കുന്നപോലൊരു സ്റ്റയിലന്‍ യൂണിഫോമില്‍ മന്ദം മന്ദം അദ്ദേഹം രംഗപ്രവേശം നടത്തി. ഇപ്പോള്‍ ആ  വേഷം പൊലീസില്‍  കാണാറില്ല. എനിക്ക് അദ്ദേഹവുമായി നല്ല ബന്ധമായിരുന്നു. വലിയ അനുഭവസമ്പത്തുള്ള ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. താന്‍  നേരിട്ടിട്ടുള്ള പല തിക്താനുഭവങ്ങള്‍പോലും എന്നോട് അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്തിലും അല്പം നര്‍മ്മം കലര്‍ത്തുന്ന ആ ശൈലി എനിക്കിഷ്ടമായിരുന്നു. ആ വരവ് എനിക്കാശ്വാസമായി. 

അദ്ദേഹവും എന്നോടൊപ്പം കൂടി. എതിര്‍പ്പുമായി നിന്ന സ്ത്രീകള്‍ പഴയ പല്ലവി ആവര്‍ത്തിച്ചു. 'കടലിന്റെ മക്കള്‍' എന്ന പ്രയോഗം അവരുടെ സംസാരത്തില്‍ ആവര്‍ത്തിച്ചു കേട്ടു. ''ഈ മരിച്ചു കിടക്കുന്നതും കടലിന്റെ മകന്‍ തന്നെ'', എന്നായി ഡി.വൈ.എസ്.പി. അനുനയത്തിലേയ്ക്ക് നീങ്ങുന്നില്ല എന്നു കണ്ടപ്പോള്‍, ഡി.വൈ.എസ്.പി എന്നോട് പറഞ്ഞു: ''എ.എസ്.പി, ഇത് ഇവിടെ വച്ച് സംസാരിച്ചാല്‍ ശരിയാകില്ല. നമുക്ക് സ്റ്റേഷനില്‍ വച്ച് സംസാരിക്കാം.'' അദ്ദേഹം വലിയ എതിര്‍പ്പുമായി മുന്നില്‍ നിന്ന സ്ത്രീകളോട് സ്റ്റേഷനില്‍വെച്ച് സംസാരിക്കാമെന്ന് നിര്‍ദ്ദേശിച്ചു. അവരതിനു വഴങ്ങുമോ എന്ന് ഞാന്‍ സംശയിച്ചു, പക്ഷേ, വഴങ്ങി. 

സംഭാഷണവേദി അടുത്തുതന്നെയുള്ള സ്റ്റേഷന്റെ മുറ്റത്തായി. ഡി.വൈ.എസ്.പിയുടെ വാദഗതി ഏതാണ്ട് ഇങ്ങനെ പോയി: ''നിങ്ങളും മരിച്ച ആളും എല്ലാം കടലിന്റെ മക്കളാണ്, കടല്‍പ്പുറം നിങ്ങള്‍ക്കും അവകാശപ്പെട്ടതാണ്, മരിച്ച മനുഷ്യനും അവകാശപ്പെട്ടതാണ്. അതുകൊണ്ട് സംസ്‌കരിക്കാന്‍  പറ്റിയ ഒരു സ്ഥലം കടപ്പുറത്ത് ഞാന്‍ തന്നെ കാണിച്ചുതരാം. എല്ലാ പേരും  സഹകരിക്കണം.'' 'കടലിന്റെ മക്കള്‍' ആദ്യം എതിര്‍ത്തെങ്കിലും ക്രമേണ  അവര്‍ വഴങ്ങി. അരമണിക്കൂര്‍  മുന്‍പുവരെ ഒരു വെടിവെയ്പിലേ  അവസാനിക്കൂ  എന്നു പലരും കരുതിയിരുന്ന ആ പ്രശ്‌നം, ഡി.വൈ.എസ്.പി മോഹനന്‍ ഏതാണ്ടൊരു പൂവിറുക്കുന്ന ലാഘവത്തില്‍ പരിഹരിച്ചു. ദീര്‍ഘമായ അനുഭവസമ്പത്തിന്റെ വിജയം. എനിക്ക് അതൊരു വലിയ പാഠമായിരുന്നു; പില്‍ക്കാലത്ത് പല സ്ഥലങ്ങളിലും പ്രയോജനം ചെയ്ത പാഠം. 

എരുമപ്പെട്ടിയില്‍നിന്നു മടങ്ങുമ്പോള്‍ കൊയിലാണ്ടി കടപ്പുറവും ഡി.വൈ.എസ്.പി മോഹനനും മനസ്സില്‍ വന്നു. എരുമപ്പെട്ടിയില്‍ കുറെയേറെ പ്രതികളെ അറസ്റ്റു ചെയ്തത് പാര്‍ട്ടി ഓഫീസില്‍നിന്നാണ്. സംഭവസ്ഥലത്ത് എന്റെ മുന്നില്‍ വലിയ ഊര്‍ജ്ജസ്വലത കാണിച്ച എസ്.ഐ എന്തുകൊണ്ടാണ് പ്രതികള്‍ അവിടെയുണ്ടെന്നു പറയാഞ്ഞത്?  എന്തുകൊണ്ടാണ് പൊലീസുകാരന്‍ വലിയ രഹസ്യമെന്നമട്ടില്‍ എന്നോട് മാത്രമായി ഭയത്തോടെ അക്കാര്യം പറഞ്ഞത്? പൊലീസ് സംവിധാനത്തെ നിയന്ത്രിക്കുന്ന അധികാര ശക്തികളുടെ ബലതന്ത്രം അതിനു പിന്നിലുണ്ട്. അദൃശ്യനെങ്കിലും ദൈവം സര്‍വ്വശക്തനും സര്‍വ്വവ്യാപിയുമാണല്ലോ. അധികാരത്തിലിരിക്കുന്ന രാഷ്ട്രീയകക്ഷിയും സമാനമാണോ? പൊലീസിനെ സംബന്ധിച്ചിടത്തോളം അങ്ങനെ കരുതേണ്ടിയിരിക്കുന്നു. 

വീട്ടിലെത്തിയപ്പോള്‍ യൂണിഫോം ഉടുപ്പിന്റെ ഇടത്തെ കയ്യില്‍ താഴെനിന്നും നന്നായി കനത്തിലും വീതിയിലും മുട്ടിനു മുകള്‍വരെ മടക്കിവച്ചിരിക്കുന്ന ഭാഗത്തു കാക്കിത്തുണിയില്‍ നേര്‍രേഖയില്‍ ഒരു പാട്. അതിനടിയില്‍ കയ്യില്‍ നേരിയ വേദന. ദേഹത്ത് കൊണ്ട ചെറിയ മണ്‍വെട്ടിയുടെ മൂര്‍ച്ചയുള്ള ഭാഗം തട്ടിയത് ഏറ്റവും സംരക്ഷണമുണ്ടായിരുന്ന ആ ഭാഗത്ത് ആയിരുന്നുവന്ന് എനിക്കു മനസ്സിലായി. വല്ലാത്ത യാദൃച്ഛികത, അഥവാ എന്റെ ഭാഗ്യം. അതിലും വലിയ ഭാഗ്യങ്ങള്‍ പിന്നീടുമുണ്ടായിട്ടുണ്ട്. അതുകൊണ്ടാണല്ലോ ഇപ്പോള്‍ ഇതെഴുതുന്നത്.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com