ബഹുസ്വരാത്മക മഹാഭാരതം

മഹാഭാരതം - സാംസ്‌കാരിക ചരിത്രം എന്ന പുസ്തകം സാംസ്‌കാരികമായി എഴുതപ്പെട്ട ചരിത്രമാണ്
ബഹുസ്വരാത്മക മഹാഭാരതം

സുനില്‍ പി. ഇളയിടം എഴുതിയ ലേഖനങ്ങള്‍ വായിച്ചിട്ടുള്ളവരോ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ കേട്ടിട്ടുള്ളവരോ ശ്രദ്ധിച്ചിട്ടുണ്ടാകണം, ചരിത്രത്തെക്കുറിച്ചു പറയാതെ മിക്കവാറും അവ അവസാനിക്കാറില്ല. 'ചരിത്രവല്‍ക്കരിക്കുക, വീണ്ടും ചരിത്രവല്‍ക്കരിക്കുക' എന്ന ഫ്രെഡറിക് ജെയിംസിന്റെ വാക്കുകളെ ഇത്രമേല്‍ പ്രതിജ്ഞാബദ്ധതയോടെ ഏറ്റെടുത്ത മലയാളികള്‍ ചുരുക്കമായിരിക്കും. കേരളത്തിലെ ചില സ്ഥലങ്ങളില്‍ മഹാഭാരതത്തെക്കുറിച്ചുള്ള പ്രഭാഷണങ്ങള്‍ നടത്തിയപ്പോഴും ഇപ്പോള്‍ അവ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുമ്പോഴും ചരിത്രത്തോടുള്ള ഈ മനോഭാവവും ചരിത്രവല്‍ക്കരിക്കാനുള്ള ത്വരയും അതിന്റെ പൂര്‍ണ്ണതയില്‍ പ്രകടമാകുന്നതു നാം കാണുന്നു. മഹാഭാരതം - സാംസ്‌കാരിക ചരിത്രം എന്ന പുസ്തകം സാംസ്‌കാരികമായി എഴുതപ്പെട്ട ചരിത്രമാണ്. പാഠചരിത്രം, ഭൗതികചരിത്രം, പാരായണചരിത്രം, വ്യാപനചരിത്രം, ബഹുസ്വരാത്മകചരിത്രം, ഭഗവത്ഗീതയുടെ ചരിത്രം, വിഭാവനചരിത്രം എന്നിങ്ങനെ മഹാഭാരതത്തെ സാംസ്‌കാരികമായി എഴുതുകയാണ്, ഈ പുസ്തകത്തില്‍. 

ചരിത്രം സുതാര്യതയോടെ നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നില്ല. മാധ്യസ്ഥങ്ങളിലൂടെയാണ് ചരിത്രം നമുക്കു ലഭ്യമാകുന്നത്. ഒരു ചരിത്രപാഠവും കേവലമായ പാഠവുമല്ല. മഹാഭാരതത്തിന്റെ വ്യത്യസ്ത പാഠങ്ങളും മഹാഭാരത സംബന്ധിയായ നിരവധി പഠനങ്ങളും വ്യാഖ്യാനങ്ങളുമൊക്കെയാണ് ഈ സാംസ്‌കാരിക ചരിത്രരചനയ്ക്ക് ഗ്രന്ഥകാരന്‍ ആധാരമാക്കിയത്. വ്യത്യസ്ത രീതിശാസ്ത്രങ്ങളുടേയും ദര്‍ശനങ്ങളുടേയും അടിസ്ഥാനത്തില്‍ വ്യത്യസ്ത ലക്ഷ്യങ്ങളോടു കൂടി മഹാഭാരതത്തെ സമീപിച്ച നിരവധി ഗ്രന്ഥകാരന്മാരുടെ രചനകളില്‍നിന്നുള്ള പാഠങ്ങളേയും വ്യാഖ്യാനങ്ങളേയും നിരവധി നിഗമനങ്ങളേയും അവലോകനം ചെയ്യുകയും സംഗ്രഹിക്കുകയും ചെയ്യുന്ന ഒരു ബൃഹത്പ്രവര്‍ത്തനം ഈ രചനയ്ക്കു പിന്നിലുണ്ട്. തീര്‍ച്ചയായും ഗ്രന്ഥകര്‍ത്താവിന്റെ ആശയലോകവും ദര്‍ശനവും വീക്ഷണവും നിരവധിയായ നിഗമനങ്ങളോടും പാഠങ്ങളോടും പ്രതിപ്രവര്‍ത്തിക്കുകയും ഈ അവലോകനത്തിനു ദിശാസൂചിയായി മാറിത്തീരുകയും ചെയ്തിരിക്കുന്നു. എന്നാല്‍, ഒരു അവലോകനത്തിനപ്പുറത്ത് ഗ്രന്ഥകര്‍ത്താവ് സ്വയമേവ എത്തിച്ചേരുന്നതും മുന്നോട്ടു വയ്ക്കുന്നതുമായ ശ്രദ്ധേയമായ നിരീക്ഷണങ്ങളെക്കൂടി പരിഗണിക്കണം. അനല്പമായ പുതുനിരീക്ഷണങ്ങളിലേക്കു നീങ്ങാന്‍ ഗ്രന്ഥകര്‍ത്താവിനു കഴിഞ്ഞിട്ടില്ലെങ്കിലും ഇത്തരമൊരു ബൃഹത്പ്രവര്‍ത്തനം എല്ലാ അര്‍ത്ഥത്തിലും അത്യധികം ശ്ലാഘിക്കപ്പെടേണ്ടതാണ്. ഈ ഗ്രന്ഥരചനയ്ക്ക് സുനില്‍ പി. ഇളയിടത്തെ നയിക്കുന്ന ദര്‍ശനവും അദ്ദേഹം സ്വീകരിക്കുന്ന ആശയലോകവും വളരെ പ്രാധാന്യമുള്ളതാണ്. അതുപോലെതന്നെ അദ്ദേഹം ഫോക്കസ് ചെയ്യുന്ന പാഠങ്ങളും നിരീക്ഷണങ്ങളും സമകാലസമൂഹത്തില്‍ അതീവ പ്രസക്തങ്ങളാണ്. ഇവ എത്രമാത്രം പ്രധാനവും പ്രസക്തവുമാണെന്ന് ഇതിനകംതന്നെ തെളിഞ്ഞുകഴിഞ്ഞിട്ടുമുണ്ട്. മഹാഭാരതത്തെക്കുറിച്ചുള്ള പ്രഭാഷണങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കുമ്പോള്‍ത്തന്നെ ഉയര്‍ന്നുവന്ന ധാരാളം വിമര്‍ശനങ്ങള്‍ സുനിലിന്റെ ആശയലോകം ചിലരുടെ മനസ്സുകളെ പിടികൂടിയിരിക്കുന്നുവെന്നും അത് ഒരു ഭൗതികശക്തിയായി പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചിരിക്കുന്നുവെന്നും തെളിയിക്കുന്നുണ്ട്. ഈ ഗ്രന്ഥത്തിന്റെ പ്രസാധനത്തിനു ശേഷവും ഈ പ്രവണത വര്‍ദ്ധമാനമാകുന്നതും ഇതേ കാര്യത്തെത്തന്നെയാണ് ചൂണ്ടിക്കാണിക്കുന്നത്.

മഹാഭാരതത്തിന്റെ ബഹുസ്വരാത്മകത 

മഹാഭാരതം അതിന്റെ ചരിത്രത്തിലുടനീളം ഏകഗ്രന്ഥമായി, ഏകപാഠമായി നിലനിന്നിട്ടില്ലെന്നും വലിയ കൂട്ടിച്ചേര്‍ക്കലുകള്‍ക്കും മാറ്റങ്ങള്‍ക്കും വിധേയമായിക്കൊണ്ട് നിരന്തരം പരിവര്‍ത്തിക്കപ്പെട്ടിട്ടുള്ള ഒരു പാഠമാണ് ഈ ഇതിഹാസത്തിന്റേതെന്നും സ്ഥാപിക്കുന്നിടത്താണ് സുനിലിന്റെ ഗ്രന്ഥം സവിശേഷ പ്രസക്തി കൈവരിക്കുന്നത്. മഹാഭാരതത്തിന്റെ ബഹുസ്വരാത്മകതയില്‍ ഗ്രന്ഥകാരന്‍ ഊന്നുന്നു. മഹാഭാരതം ഒരു മതഗ്രന്ഥമായി വീക്ഷിക്കപ്പെടുകയും അതിന്റെ ഹിന്ദുമതപാഠത്തെ ഏകപാഠമായി കാണുകയും ചെയ്യുന്ന സമകാലപ്രകരണത്തില്‍ ഈ ബഹുസ്വരാത്മക വീക്ഷണം അതീവ പ്രസക്തമാണ്. 

മഹാഭാരതം ബഹുസ്വരാത്മകമാണെന്ന സമീപനം സ്വീകരിക്കുമ്പോഴും ഈ ഗ്രന്ഥത്തിന്റെ ആദ്യ ഭാഗങ്ങളേറെയും ഇന്നത്തെ ഏകാത്മകരൂപം എങ്ങനെ കൈവരിച്ചുവെന്നതിന്റെ അന്വേഷണമാണ്. മഹാഭാരതത്തിന്റെ ശുദ്ധപാഠം നിര്‍മ്മിക്കാനുള്ള ശ്രമം ഏകാത്മക പാഠത്തിനുള്ള ഒരു ശ്രമമായി മാറിത്തീരുന്നുണ്ടല്ലോ. സൂക്താങ്കറുടെ നേതൃത്വത്തിന്‍ കീഴില്‍ നടന്ന വിമര്‍ശാത്മക പാഠനിര്‍മ്മാണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച താല്പര്യങ്ങളെ കുറിച്ചുള്ള സൂചനകള്‍ വളരെ പ്രധാനമാണ്. അതിന്റെ പിന്നിലെ രാഷ്ട്രീയവിവക്ഷകളെക്കൂടി കാണണം. 16-ാം നൂറ്റാണ്ടിനു ശേഷമുള്ള പാഠങ്ങളെ മാത്രം ആധാരമാക്കിയാണ് വിമര്‍ശാത്മകപാഠം നിര്‍മ്മിക്കുന്നത്. ആധുനിക രീതിശാസ്ത്ര സങ്കല്പനങ്ങള്‍ സ്വീകരിക്കാന്‍ സൂക്താങ്കര്‍ തയ്യാറാകുന്നതോടെ മഹാഭാരതത്തിന് ഒരു ആധുനിക മുഖം ലഭ്യമാകുന്നു. ശുദ്ധപാഠം എന്ന സങ്കല്പത്തിനുള്ളില്‍ത്തന്നെ ആധുനികതയുടെ വിജ്ഞാനശാഖകളെക്കുറിച്ചുള്ള സമീപനം തെളിഞ്ഞുകാണാവുന്നതാണ്. ആധുനികത യാഥാര്‍ത്ഥ്യത്തിന്റെ സത്താകേന്ദ്രത്തെക്കുറിച്ചുള്ള സങ്കല്പനങ്ങളിലാണ് നില്‍ക്കുന്നതെന്നും ശരിയായ ഏകപാഠമെന്ന ഫലത്തിലേക്കാണ് അതു തുറന്നിരിക്കുന്നതെന്നും ഇത് കൊളോണിയല്‍ താല്പര്യങ്ങളെയെന്നപോലെ ദേശീയവാദത്തിന്റേയും പൗരസ്ത്യവാദത്തിന്റേയും താല്പര്യങ്ങളോട് യോജിപ്പിലായിരുന്നെന്നും ഭാവിയില്‍ പ്രതിലോമകരമായ ഇടങ്ങളെ നിര്‍മ്മിക്കുന്നതിലേക്കാണ് ഇത് എത്തിപ്പെടുന്നതെന്നും നമുക്കു കാണാവുന്നതേയുള്ളൂ. പൗരസ്ത്യവാദം ഇന്ത്യന്‍ പാരമ്പര്യത്തിനു കല്പിച്ചു നല്‍കിയ ഭൂതകാല കല്പനകളെ ഏറ്റെടുക്കുന്ന ഒരു പ്രവര്‍ത്തനമായിരുന്നു സൂക്താങ്കറുടെ നേതൃത്വത്തില്‍ നടന്നത്. ഇന്ത്യന്‍ ദേശീയതയുടെ ആവശ്യങ്ങള്‍ക്കുതകുന്ന ഒന്നായിട്ടാണ് മഹാഭാരതത്തിന്റെ ഏകാത്മകരൂപത്തിന്റെ നിര്‍മ്മാണം സ്വീകരിക്കപ്പെട്ടത്. പിന്നീട് മഹാഭാരതം ടെലിവിഷന്‍ സീരിയല്‍ വരെ എത്തിനില്‍ക്കുന്ന മതാത്മകമായ ഒരു പാഠസങ്കല്പത്തിലേക്ക് എത്തിച്ചേരുന്നതിനും അതിനെ ഉറപ്പിച്ചെടുക്കുന്നതിനും ഇതു ഉപയോഗിക്കപ്പെടുന്നു. ഇന്ത്യയിലെ അന്നത്തെ ടെലിവിഷന്‍ പ്രേക്ഷകരില്‍ 92 ശതമാനം പേരും കണ്ടതായി കരുതപ്പെടുന്ന ബി.ആര്‍. ചോപ്രയുടെ മഹാഭാരതം സീരിയല്‍ ജനജീവിതത്തെ നിശ്ചലമാക്കിക്കൊണ്ടാണ് പ്രക്ഷേപണം ചെയ്യപ്പെട്ടത്. ഇവ രാഷ്ട്രീയ ഇടപെടലുകളായിരുന്നു. ആധുനിക രീതിശാസ്ത്രത്തോടുള്ള സൂക്താങ്കറുടെ പ്രതിജ്ഞാബദ്ധതയ്ക്ക് ഈ രാഷ്ട്രീയത്തിന്റെ മാപ്പുസാക്ഷിയാകാനേ കഴിയുന്നുള്ളൂ. 

പില്‍ക്കാലത്ത് പ്രതിലോമകരമായ രാഷ്ട്രീയത്തെ മഹാഭാരതത്തിന്റെ ഈ ഏകാത്മകപാഠം ത്വരിപ്പിക്കുന്നതു മുന്‍കൂട്ടി കാണാന്‍ ആര്‍ക്കും തന്നെ കഴിയുന്നില്ല. 16-ാം നൂറ്റാണ്ടിനു മുന്‍പുള്ള ഒരു പാഠം കണ്ടെത്തിയാല്‍ വിമര്‍ശാത്മക പാഠത്തിനു സംഭവിച്ചേക്കാവുന്ന ബലക്ഷയത്തെക്കുറിച്ചു ഡി.ഡി. കോസാംബിയെപ്പോലൊരു വിശ്രുത ചരിത്രകാരന്‍ പറയുന്നുണ്ടെങ്കിലും ഭാവിയില്‍ ഈ ഏകാത്മകപാഠം പ്രതിലോമ രാഷ്ട്രീയത്തിനു നല്‍കിയേക്കാവുന്ന പ്രത്യയശാസ്ത്രപരമായ പിന്തുണയെ അദ്ദേഹവും പരാമര്‍ശിക്കുന്നില്ലല്ലോ. വിമര്‍ശാത്മക പാഠത്തിന്റെ നിര്‍മ്മാണത്തെ വിശദമായി അവലോകനം ചെയ്യുന്ന സുനിലിന്റെ ഈ കൃതി ഏകാത്മക രൂപത്തിനു പുറത്ത് നിലനിന്നിരുന്ന ബഹുസ്വരമായ മഹാഭാരതരൂപങ്ങളെക്കുറിച്ച് ഒരു ഭാഗം തന്നെ എഴുതുന്നുണ്ട്. ഏറ്റവും മറന്നുപോയത് തദ്ദേശീയവും ജനകീയവും മതനിരപേക്ഷവുമായ ഈ മഹാഭാരതാഖ്യാനങ്ങളാണെന്നു സൂചിപ്പിക്കപ്പെടുന്നു. സവര്‍ണ്ണവും ഏകാത്മകവുമായ ഒരു രൂപത്തിന്റെ ആധികാരികതയോടെയുള്ള (അധികാരത്തോടെയുള്ള) നില്‍പ്പ് ഈ തിരസ്‌കാരത്തിനു കാരണമായിരുന്നു.
 
മഹാഭാരതത്തിന്റെ ബഹുസ്വരാത്മകതയെ വെളിപ്പെടുത്തുന്നതിനൊപ്പം ഈ ബൃഹത് അവലോകനങ്ങളിലൂടെ മുന്നോട്ടുവയ്ക്കുന്ന അനേകം മുഖ്യപ്രമേയങ്ങളുണ്ട്. പൊതുവര്‍ഷം ആദ്യ നൂറ്റാണ്ടുകളിലാണ് മഹാഭാരതത്തിന് ലിഖിതരൂപം കൈവന്നതെന്നും അത് ഏക കര്‍ത്തൃത്വമുള്ള കൃതിയല്ലെന്നും വ്യാസന്‍ പ്രബലസാന്നിദ്ധ്യമാകുന്നത് ബി.സി.ഇ ഒന്നാം സഹസ്രാബ്ദത്തിന്റെ രണ്ടാം പകുതിയിലാകാമെന്നും കാലത്തിലൂടെ പരിണമിക്കുന്ന കവികര്‍ത്തൃത്വമാണ് വ്യാസനെന്നും മറ്റും ഈ ഗ്രന്ഥം നിരീക്ഷിക്കുന്നു. കൃഷ്ണന്‍ തുടക്കത്തില്‍ മഹാഭാരതത്തിന്റെ ഭാഗമായിരുന്നില്ലെന്നും പിന്നീടു കടന്നുവന്നതാണെന്നും വിസ്തരിക്കപ്പെടുന്നു. ഭഗവത്ഗീതയ്ക്കും സമാനമായ ഒരു ചരിത്രമുണ്ട്. 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ഗീതയ്ക്കു ലഭിച്ച വ്യാപകമായ പ്രചാരത്തെ ചരിത്രപരമായി അടയാളപ്പെടുത്തുന്നു. ഇനിയും എത്രയോ കാര്യങ്ങള്‍...! (ഇവയില്‍ പല പ്രമേയങ്ങളിലും ഡി.ഡി. കൊസാംബി എത്രയോ നേരത്തെ കൈവച്ചിരുന്നു!)

ജ്ഞാനപ്രചാരണം എന്ന ദൗത്യം

മഹാഭാരതത്തിന്റെ ഏകാത്മകരൂപത്തിന്റെ നിര്‍മ്മാണത്തില്‍ പ്രവര്‍ത്തിച്ച താല്പര്യങ്ങളെ അനാവരണം ചെയ്യുന്നതുകൊണ്ടാണ് സുനിലിന്റെ പ്രഭാഷണങ്ങളും ഈ പുസ്തകവും വലിയ എതിര്‍പ്പുകള്‍ക്കു വിധേയമാകുന്നതെന്നു കരുതാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. തങ്ങളുടെ വര്‍ഗ്ഗീയരാഷ്ട്രീയത്തെ പൊലിപ്പിക്കുന്നതിന് ഇതിഹാസങ്ങളുടെ മതാത്മക കഥനങ്ങളേയും വ്യാഖ്യാനങ്ങളേയും ഉപയോഗിക്കുന്ന പതിവുരീതിയെ ചെറുക്കുകയും ഇതിഹാസത്തെക്കുറിച്ചുള്ള ചരിത്രപരവും മാനവികവും ശാസ്ത്രീയവുമായ അന്വേഷണങ്ങള്‍ക്കു പ്രേരകമാകുന്ന വഴികള്‍ തുറക്കുകയും ചെയ്യുന്നതു പ്രതിലോമ രാഷ്ട്രീയത്തിന്റെ വക്താക്കളെ ശുണ്ഠിപിടിപ്പിക്കുന്നു. ചരിത്രപരമായ ഒരു സമീപനവും അവലോകനവും വെളിച്ചത്തുകൊണ്ടുവരുന്ന വസ്തുതകള്‍ ഇവര്‍ക്കു അസന്തുഷ്ടിദായകമായിരുന്നു! മഹാഭാരതത്തെ കേവലം മതഗ്രന്ഥമായി കണ്ട് സുനില്‍ പി. ഇളയിടത്തിന്റെ സമീപനത്തെ വിമര്‍ശിക്കുന്ന യുക്തിവാദികളുടെ നിലപാടും യാഥാര്‍ത്ഥ്യത്തില്‍നിന്നും ബഹുദൂരം അകലെ നില്‍ക്കുന്നതാണ്. കൊസാംബിയെപ്പോലുള്ള പണ്ഡിതന്മാര്‍ മഹാഭാരതത്തോടും ഭഗവത്ഗീതയോടും മറ്റും സ്വീകരിച്ച സമീപനങ്ങള്‍ ഇവര്‍ക്ക് ഇപ്പോഴും അന്യമാണ്. 

മഹാഭാരത പാരമ്പര്യത്തോട് സുനില്‍ പി. ഇളയിടം സ്വീകരിക്കുന്ന സമീപനത്തെ നിശിതമായി വിമര്‍ശിക്കുന്ന ദളിത് നിലപാടിനെ ഗൗരവപൂര്‍വ്വം കാണാനും അതിനു മറുപടി പറയാനും ഈ ഗ്രന്ഥത്തിന്റെ തുടക്കത്തില്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്. ഇതിഹാസപാഠങ്ങളെ കുറിച്ചുള്ള ഏതൊരു ആലോചനയും ബ്രാഹ്മണ്യ പ്രത്യയശാസ്ത്രത്തിന്റെ ദൃഢീകരണത്തിലേ എത്തിച്ചേരൂ എന്ന ദളിത് വിമര്‍ശകരുടെ നിലപാട് സത്താവാദപരമാണെന്ന് സുനില്‍ പറയുന്നുണ്ട്. മഹാഭാരതത്തെ ഏകപാഠത്തിന്റെ, ഏകമൂല്യവ്യവസ്ഥയുടെ ആകരമായി കാണുന്നത് അതിഭൗതികമായ ഒരു നിലപാടാണ്. അംബേദ്ക്കറെപ്പോലൊരു ചിന്തകന്‍ ഇതിഹാസങ്ങളോടു സ്വീകരിച്ചിരുന്നത് ഇങ്ങനെയൊരു നിരാസത്തിന്റെ പാതയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ശ്രദ്ധേയമായ വാദമാണ് സുനില്‍ മുന്നോട്ടു വയ്ക്കുന്നത്. ഏകാത്മകമായ മഹാഭാരതപാഠത്തിനു വേണ്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങുന്ന ഹിന്ദുത്വവാദികളും മഹാഭാരതത്തെക്കുറിച്ചുള്ള ഏതു സംവാദവും ഏകാത്മകപാഠത്തിനു സംഭാവന ചെയ്യുന്നതിലേ എത്തിച്ചേരൂ എന്നു നിഗമിക്കുന്ന ദളിത് ചിന്തകരും സത്താവാദപരമായ സമീപനത്തിന്റെ ബന്ധനത്തിലാണ്. സമ്പൂര്‍ണ്ണ സ്വീകാരത്തിന്റേയും സമ്പൂര്‍ണ്ണ നിരാസത്തിന്റേയും ഈ സമീപനങ്ങള്‍ തമ്മില്‍ പരസ്പരം യോജിപ്പിലെത്തുന്ന ബിന്ദുക്കള്‍ നമുക്കു കാണാന്‍ കഴിയുന്നു. സത്താപരമായ ചിന്തകളില്‍നിന്നും വിമോചിതമാകാനുള്ള മാര്‍ഗ്ഗത്തെക്കുറിച്ചുള്ള ദെല്യൂസിന്റെ നിര്‍ദ്ദേശത്തെ ഓര്‍ക്കാവുന്ന പ്രകരണവുമാണിത്. ഇവിടെ, സത്താവാദത്തില്‍നിന്നും കരകയറാനുള്ള മാര്‍ഗ്ഗം ഇതിഹാസത്തിന്റെ പരിണാമചരിത്രത്തെ യഥാതഥമായ ഭവശാസ്ത്രത്തിലേക്കു കൊണ്ടുവരികയെന്നതാണ്. സുനില്‍ പി. ഇളയിടം തന്റെ ഗ്രന്ഥത്തില്‍ ചെയ്യാന്‍ ശ്രമിക്കുന്നത് അതല്ലേ? 

സുനില്‍ പി. ഇളയിടത്തിന്റെ ഗ്രന്ഥരചനയുടെ രീതിശാസ്ത്രത്തെ വിമര്‍ശിക്കുന്ന അക്കാദമിക് സമീപനവും ഇതിനകം സജീവമായിട്ടുണ്ട്. രൂക്ഷമായ വിമര്‍ശനങ്ങളും ആരോപണങ്ങളും അവര്‍ ഉന്നയിച്ചിരിക്കുന്നു! ഈ കൃതി ഒട്ടും തന്നെ മൗലികമല്ലെന്ന് അവര്‍ പറയുന്നു. ഇതിനു മറുപടിയെന്നോണം ഗ്രന്ഥരചനയുടെ രീതിശാസ്ത്രത്തെക്കുറിച്ച് ഗ്രന്ഥകാരന്‍ തന്നെ ചില കാര്യങ്ങള്‍ പറയുന്നുണ്ട്. സാഹിതീയമോ ദാര്‍ശനികമോ ആയ പുതിയ വീക്ഷണങ്ങളൊന്നും ഈ ഗ്രന്ഥം മുന്നോട്ടുവയ്ക്കുന്നില്ലെന്ന് അദ്ദേഹം പ്രസ്താവിക്കുന്നുണ്ട്. മഹാഭാരതത്തിന്റെ ബഹുസ്വരാത്മകതയെക്കുറിച്ചു പറയാനാണ് ഇത് ഉത്സുകമാകുന്നത്. സുനില്‍ പി. ഇളയിടം ഒരു ജ്ഞാനപ്രചാരകനെന്നപോലെയാണ് മഹാഭാരത പ്രഭാഷണത്തിന്റെ വേളകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ഈ ഗ്രന്ഥത്തിന്റെ ലക്ഷ്യവും ജ്ഞാനപ്രചാരണമാണ്. ഗവേഷകനായ ഒരു അദ്ധ്യാപകനു പുതിയ ജ്ഞാനത്തെ ഉല്പാദിപ്പിക്കാന്‍ കഴിവുണ്ടാകണം. എന്നാല്‍, അയാള്‍ ജ്ഞാനത്തെ വ്യാഖ്യാനിക്കുകയും തന്റെ ദര്‍ശനകോണില്‍നിന്നുകൊണ്ട് അതിനെ മറ്റുള്ളവര്‍ക്കു പകര്‍ന്നു നല്‍കുകയും ചെയ്യുന്നവന്‍ കൂടിയാണ്. ഇന്ത്യന്‍ സമൂഹത്തില്‍ ജ്ഞാനപ്രചാരണം ഒരു പ്രധാന ദൗത്യമാണ്. തീര്‍ച്ചയായും, തന്റെ ദര്‍ശനകോണിലൂടെയാണ് സുനില്‍ പി. ഇളയിടം ഇതിഹാസത്തെ നോക്കിക്കാണുന്നതെന്ന കാര്യം അദ്ദേഹത്തിന്റെ ജ്ഞാനപ്രചാരണ ദൗത്യത്തിനു സവിശേഷമായ മാനങ്ങള്‍ നല്‍കുന്നുണ്ട്. സമകാല ഇന്ത്യന്‍ സാമൂഹിക ജീവിതത്തില്‍ പ്രസക്തമായ ഒരു ദര്‍ശനകോണിനെയാണ് അദ്ദേഹം ഉപയോഗിക്കുന്നതെന്ന കാര്യമാണ് ഈ ഗ്രന്ഥത്തെ പ്രസക്തമാക്കുന്നത്. സവിശേഷമായ ചില കാര്യങ്ങള്‍ ഈ ഗ്രന്ഥം ചെയ്യുന്നുവെന്നതിന്റെ ഏറ്റവും ശ്രദ്ധേയമായ തെളിവ് വ്യത്യസ്ത ദര്‍ശനകോണുകളില്‍നിന്നും അത് ഏറ്റുവാങ്ങിയ വിമര്‍ശനങ്ങളാണ്.  
  
പ്രശ്‌നരഹിതമോ പരിമിതിരഹിതമോ ആയ ഒരു ഗ്രന്ഥമല്ല ഇത്. പരിമിതികളെക്കുറിച്ച് ഗ്രന്ഥകാരന്‍ തന്നെ എഴുതുന്നുണ്ട്. മഹാഭാരതത്തിന്റെ ചരിത്രത്തെ ഒരു വ്യക്തിയുടെ ജീവചരിത്രമെന്നപോലെ ഒരു ഗ്രന്ഥത്തിന്റെ ചരിത്രമായി കാണുന്നതില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നു സൂചിപ്പിക്കണം. സാമൂഹിക ചരിത്രത്തിന്റെ ഭാഗമായി മഹാഭാരതത്തിന്റെ ചരിത്രത്തെ കാണുകയാണ് കൂടുതല്‍ ഉചിതം. അതിന് മഹാഭാരതവുമായി ബന്ധപ്പെട്ട സാഹിതീയ സാമഗ്രികളുടെ പരിശോധനയെ മാത്രം സ്വീകരിക്കുന്ന രീതിശാസ്ത്രം മതിയാകുന്നതല്ല. സാമൂഹിക ചരിത്രത്തില്‍നിന്നും മഹാഭാരത ചരിത്രം ഉയര്‍ന്നുവരണം. എന്നാല്‍, ഇത് ഈ ഗ്രന്ഥം നല്‍കുന്ന ഉള്‍ക്കാഴ്ചകളെ അപ്രസക്തമാക്കുന്നില്ല. പ്രഭാഷണത്തിന്റെ സ്വഭാവം ഗ്രന്ഥത്തിന്റെ സ്വഭാവത്തില്‍ കടന്നുകൂടിയിരിക്കുന്നുവെന്നത് പലയിടത്തും അനുഭവപ്പെടുന്നുണ്ട്. പ്രഭാഷണത്തിന്റെ ഭാഷ മുഴച്ചു വരുന്നു! ഒരേ കാര്യം തന്നെ ആവര്‍ത്തിച്ചു പറയുന്നത് പ്രഭാഷണത്തില്‍ സാധാരണമാണെങ്കിലും പുസ്തകത്തില്‍ അത് ദോഷമാണ്. ഈ ദോഷം പല ഭാഗങ്ങളിലും അനുഭവപ്പെട്ടു. പ്രഭാഷണത്തിനിടയില്‍ മുഖ്യപ്രമേയത്തില്‍നിന്നും മാറിപ്പോകുന്ന അന്യപരാമര്‍ശങ്ങള്‍ ധാരാളമായുണ്ടാകും. അവ ബ്രാക്കറ്റിനുള്ളില്‍ നല്‍കുന്നതിനേക്കാല്‍ ഉചിതം കുറിപ്പുകളായി അദ്ധ്യായങ്ങളുടെ അവസാനഭാഗത്തു നല്‍കുന്നതായിരുന്നു. ബ്രാക്കറ്റിനുള്ളിലല്ലാതേയും അന്യപരാമര്‍ശങ്ങള്‍ കടന്നുവരുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com