കോവിഡ് 19 മനുഷ്യരാശിയുടെ ചരിത്രത്തെ മാറ്റിയെഴുതുക തന്നെ ചെയ്യും

ആറാം നൂറ്റാണ്ടില്‍ പടര്‍ന്നുപിടിച്ച പ്ലേഗ് പിന്നീട് പുതിയ ലോകക്രമത്തിന്റെ പിറവിയിലാണ് കലാശിച്ചത്. ഇപ്പോള്‍, കൊവിഡ് 19-ന്റെ അലയൊലികള്‍ അടങ്ങുമ്പോള്‍ ലോകക്രമം എന്തായാലും പഴയമട്ടിലാകില്ല
ഏവിയൻ ഫ്ലൂ പടർന്നു പിടിച്ച 1918ൽ ഓക്ക്ലൻഡ് മൻസിപ്പിൽ ഓഡിറ്റോറിയം താത്കാലിക ആശുപത്രിയാക്കി മാറ്റിയപ്പോൾ
ഏവിയൻ ഫ്ലൂ പടർന്നു പിടിച്ച 1918ൽ ഓക്ക്ലൻഡ് മൻസിപ്പിൽ ഓഡിറ്റോറിയം താത്കാലിക ആശുപത്രിയാക്കി മാറ്റിയപ്പോൾ

''തരിശിട്ട കൃഷിയിടങ്ങള്‍, വിളവെടുക്കപ്പെടാത്ത ഗോതമ്പുപാടങ്ങള്‍, ശിശിരകാലത്ത് ഇലകള്‍ വീണുപോയിട്ടും. ഇനിയും വിളവെടുക്കപ്പെടാത്തതിനാല്‍ കുലകള്‍ മാത്രം ബാക്കിയായ മുന്തിരിത്തോട്ടങ്ങള്‍, മനുഷ്യരുമായുള്ള ഇടപഴകല്‍ ഇല്ലാതായിപ്പോയതിനാല്‍ കാട്ടുമൃഗങ്ങളെപ്പോലെയായിപ്പോയ വളര്‍ത്തുമൃഗങ്ങള്‍, ദിവസം മുഴുവന്‍ സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും ചങ്ങാതിമാര്‍ക്കും ശവക്കുഴിയൊരുക്കുകയും തങ്ങളുടെ ദിവസങ്ങള്‍ എണ്ണിയിരിക്കുകയും ചെയ്യുന്ന മനുഷ്യര്‍.'' (1) 

ആറാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ സിറിയക് ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ജോണ്‍ ഒഫ് ഏഫേസൂസ് അഥവാ ജോണ്‍ ഒഫ് ഏഷ്യ തന്റെ എക്ലീസിയാസ്റ്റിക്കല്‍ ഹിസ്റ്ററി എന്ന കൃതിയില്‍ ജസ്റ്റീനിയന്‍ പ്ലേഗുകാലത്തെ ഒരു ഗ്രാമക്കാഴ്ച കുറിച്ചിട്ടതിങ്ങനെയാണ്. പാഗന്‍ മതങ്ങളില്‍പ്പെട്ട നിരവധി ജനവിഭാഗങ്ങളെ ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യുന്നതിനു രാജശാസന പ്രകാരം ചുമതലയേറ്റയാളായിരുന്നു അദ്ദേഹം. ഇതിന്റെ ഭാഗമായി നിരന്തരം സഞ്ചരിക്കുകയും ചെയ്തു. കോണ്‍സ്റ്റാന്റിനോപ്പിളില്‍ നിന്നു അലക്‌സാന്‍ഡ്രിയയിലേക്കും പാലസ്തീന്‍, സിറിയ, ഏഷ്യാമൈനര്‍ വഴി തിരികെ കോണ്‍സ്റ്റാന്റിനോപ്പിളിലേക്കും  ജസ്റ്റീനിയന്‍ പ്ലേഗ് പടര്‍ന്നു പിടിച്ച കാലത്ത് ചെയ്ത യാത്രയിലെ കാഴ്ചകളാണ് അദ്ദേഹം എഴുതിയത്. എ.ഡി 542-ാം വര്‍ഷത്തില്‍ ഒരൊറ്റ ദിവസം തന്നെ കോണ്‍സ്റ്റാന്റിനോപ്പിളില്‍ 10,000 പേര്‍ പ്ലേഗിനു കീഴടങ്ങി മരിച്ചെന്നു ഗ്രീക്ക് ചരിത്രകാരനായ പ്രോകോപിയസ് എഴുതിയിട്ടുണ്ട്. ഈ രോഗം മനുഷ്യവംശത്തെ ഏതാണ്ടു പൂര്‍ണ്ണമായും തുടച്ചുനീക്കിയെന്നു അക്കാലത്തെ മറ്റൊരു ചരിത്രകാരനായ എവാഗ്രിയേസും എഴുതിയിട്ടുണ്ട്. ബൈസാന്റൈന്‍ തലസ്ഥാനത്ത് 30 ലക്ഷം പേര്‍ ബ്യൂബോണിക് പ്ലേഗ് നീമിത്തം മരിച്ചെന്നും അദ്ദേഹം കണക്കാക്കുന്നു. ഒരുപക്ഷേ, അന്നത്തെ ജനസംഖ്യയെ സംബന്ധിച്ച ഇന്നത്തെ നമ്മുടെ ധാരണ വെച്ചുനോക്കുമ്പോള്‍ ഈ മരണസംഖ്യ അതിശയോക്തിപരമായിരിക്കാം. എന്നിരുന്നാലും ആറ്, ഏഴ് നൂറ്റാണ്ടുകളില്‍ മധ്യധരണ്യാഴി പ്രദേശത്ത് പ്ലേഗ് വിതച്ച വിനാശം അതിഭയാനകമായിരുന്നുവെന്നാണ് സിറിയക്, അറബിക്, ഗ്രീക്ക്, ലാറ്റിന്‍ ഭാഷകളില്‍ ലഭ്യമായിട്ടുള്ള അന്നത്തെ ചരിത്രകാരന്മാരുടെ വാക്കുകളില്‍നിന്നു നമുക്ക് മനസ്സിലാക്കാനാകുന്നത്. 

ജസ്റ്റീനിയന്‍ വര്‍ഷം 16-ലാണ് ഈ രോഗം ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന് ജോണ്‍ ഒഫ് ഏഫേസൂസ് പറയുന്നു. രോഗം ആദ്യം ഉദ്ഭവിച്ചത് ഇന്ത്യക്ക് തെക്കുകിഴക്ക് കിടക്കുന്ന രാജ്യങ്ങളുടെ ഉള്‍പ്രദേശങ്ങളിലാണ്. അവിടെ നിന്നു അത് കുഷിലേക്കും (നുബിയ) ഈജിപ്തിലേക്കും പടര്‍ന്നു. 
ജസ്റ്റീനിയന്റെ കാലത്തെ പ്ലേഗ് ബാധയെക്കുറിച്ചും മനുഷ്യരെ അപ്പാടെ അതു തുടച്ചുനീക്കിയതിനെക്കുറിച്ചുമുള്ള വിവരണങ്ങള്‍ ജോണ്‍ ഒഫ് ഏഫേസൂസ് തന്റെ കൃതിയുടെ രണ്ടാം ഭാഗത്തിലാണ് ചേര്‍ത്തിരുന്നതത്രെ. എന്നാല്‍, അത് ഇന്ന് അതേ രൂപത്തില്‍ ലഭ്യമല്ലാത്തതുകൊണ്ട് ക്രോണിക്ക്ള്‍ ഒഫ് സുഖ്നിനേയും മൈക്ക്ള്‍ ദ സിറിയന്‍ എഴുതിയ ചരിത്രലേഖനങ്ങളെയും ജോണ്‍ ഒഫ് ഏഫേസൂസിന്റെ വിവരണങ്ങള്‍ക്കായി ആശ്രയിക്കുന്നത്. 

''ദൈവം എല്ലായിടത്തും ആദ്യം കരുണ കാട്ടിയത് ദരിദ്രരോടായിരുന്നു, എന്തെന്നാല്‍ ആദ്യം മരിക്കാന്‍ അവസരം കിട്ടിയത് അവര്‍ക്കായിരുന്നു. ഒരു നിലയ്ക്ക്, നഗരവാസികളില്‍ വിശ്വാസപരമായ തീക്ഷ്ണത പ്രത്യക്ഷപ്പെടുന്നതിനും ദരിദ്രരെ സംസ്‌കരിക്കുന്നതിലൂടെ ആത്മീയ നേട്ടങ്ങള്‍ക്കും അത് അവര്‍ക്ക് അവസരമായി.  മറ്റൊരു നിലയ്ക്കും ദരിദ്രര്‍ ആദ്യം മരിച്ചത് ഗുണകരമായി. ഈ ആപത്ത് മറ്റുള്ളവരെ ആശയക്കുഴപ്പത്തിലാക്കിയിരുന്നെങ്കില്‍, അവരെ അടക്കം ചെയ്യുന്നതിനു ആരും ശേഷിക്കുമായിരുന്നില്ല. അതിനാല്‍ അവരുടെ മൃതദേഹങ്ങളും ചീഞ്ഞളിഞ്ഞുപോയതിനാല്‍ മാംസം നീങ്ങിപ്പോയ അസ്ഥികളും പൊതുസ്ഥലങ്ങളില്‍നിന്നു നീക്കംചെയ്യുന്നത് എങ്ങനെ സാധ്യമാകുമായിരുന്നു? ദൈവഗത്യാ, അവര്‍ ആദ്യം മരിച്ചു, ബാക്കിയുള്ളവര്‍ ആരോഗ്യവാന്മാരായിരിക്കേ മാത്രമേ മൃതദേഹങ്ങള്‍ എടുത്തുകൊണ്ടുപോകാനും കുഴിച്ചിടാനും കഴിയുകയുള്ളൂ. ഒരു വീട്ടിലെ ഏറ്റവും പ്രായം കുറഞ്ഞവനെ ഈ രോഗം ആദ്യം കീഴടക്കിയാല്‍, ഈയൊരു ദുര്‍നിമിത്തം മൂലം വീട് നിരാശരായിലാണ്ടുപോകും. കാരണം ഇനി ഓരോരുത്തരായിട്ട് എല്ലാവരും മരിക്കാന്‍ പോകുകയാണ്. രോഗം വന്നു മരിച്ചവരെ അടക്കം ചെയ്യുന്നതിനു കൊണ്ടുപോകാനും ചത്ത നായ്ക്കളുടെ ശരീരങ്ങള്‍പോലെ എവിടെയെങ്കിലും വലിച്ചെറിയാന്‍പോലും ആരെയും കണ്ടെത്തുന്നത് പ്രയാസകരമായിരുന്നു. അതുകൊണ്ടു മരിച്ചവരെ അടക്കം ചെയ്യാന്‍ 12 ഡാരിക്കുകള്‍ വരെ നല്‍കേണ്ടിവന്നിരുന്നു... ''ഞാന്‍ എന്റെ വീട്ടില്‍ കിടന്നു മരിച്ചോളാം'' എന്നു പറഞ്ഞ് മനുഷ്യര്‍ പുറത്തിറങ്ങാന്‍ ഭയപ്പെട്ടു. പുറത്തുപോകാന്‍ അവര്‍ നിര്‍ബ്ബന്ധിതരായപ്പോള്‍, പുറത്തുപോകുന്നയാള്‍, അനുഗമിക്കുന്നതിനോ (മരിച്ചുപോകന്ന പക്ഷം) സംസ്‌കരിക്കുന്നതിനോ, ഇങ്ങനെയെഴുതിയ ഒരു ബോര്‍ഡ് കയ്യില്‍ തൂക്കിയിട്ടു: ''ഞാന്‍ ഇന്നയാളാണ്. ഇന്നയാളുടെ മകന്‍, അടുത്തുള്ള ഒരിടത്ത്; ഞാന്‍ മരിച്ചാല്‍, ദൈവത്തിനു വേണ്ടി, അവന്റെ കരുണയും നന്മയും കാണിക്കാന്‍, എന്റെ വീട്ടില്‍ വിവരം അറിയിക്കുക, എന്നെ അടക്കം ചെയ്യാന്‍ എന്റെ ആളുകള്‍ വരട്ടെ. ''ഈ മഹാനഗരം (കോണ്‍സ്റ്റാന്റിനോപ്പിള്‍) ആകെ ക്ഷീണിതമായിത്തീര്‍ന്നു; ശവങ്ങളുടെ നാറ്റവും നായ്ക്കള്‍ ശറീരം തിന്നുന്ന കാഴ്ചകളും നിമിത്തം ആളുകള്‍ തെരുവിലേക്ക് പോകാന്‍ ഭയപ്പെട്ടു.''

മൈക്ക്ള്‍ ദ സിറിയന്‍ തന്റെ ചരിത്രലേഖനങ്ങളില്‍ ഇങ്ങനെയാണ് ജോണ്‍ ഒഫ് ഏഫേസൂസിനെ എടുത്തെഴുതുന്നത്. അക്കാലത്തും ദരിദ്രരായിരുന്നു എല്ലാ മഹാരോഗങ്ങളുടേയും പകര്‍ച്ചവ്യാധികളുടേയും ഇരകള്‍ എന്നു വ്യക്തമായി അക്കാലത്തെ ചരിത്രകാരന്മാരും കുറിച്ചിട്ടുണ്ട്. രോഗം, ദാരിദ്ര്യം, പകര്‍ച്ചവ്യാധിയുടെ ഭൂമിശാസ്ത്രം എന്നിവ തമ്മിലുള്ള ബന്ധം പഴയകാലത്തേ നമ്മള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്നു നമ്മെ ബാധിക്കുന്ന ഒട്ടു മിക്ക രോഗങ്ങളും ആധുനിക വൈദ്യശാസ്ത്രത്തിനു ഇല്ലാതാക്കാന്‍ കഴിയുന്നവയാണ്. എന്നാല്‍, ഈ രോഗങ്ങള്‍ക്കു കാരണമാകുന്ന ചില പ്രത്യേക സാമൂഹ്യസാഹചര്യങ്ങളുണ്ട്. അവയില്‍ ഇടപെടാന്‍ കഴിഞ്ഞാല്‍ രോഗങ്ങളെ പിടിച്ചുകെട്ടാന്‍ കഴിയും. യു.എസ് പോലുള്ള രാജ്യങ്ങളില്‍നിന്നു കോളറ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും വികസ്വരരാജ്യങ്ങളില്‍ ആ രോഗം ഇപ്പോഴും ഒരു ഭീഷണിയാകുന്നതും സാമ്പത്തികവും സാമൂഹികവുമായ സാഹചര്യങ്ങള്‍ നിമിത്തം തന്നെ. 

ഫലപ്രദമായ തെറാപ്പിയോ അല്ലെങ്കില്‍ പ്രിവന്റീവ് ഏജന്റോ നിലവില്‍ വരുന്നതിനു വളരെ മുന്‍പേ തന്നെ പടിഞ്ഞാറ് ടിബി കുറഞ്ഞിട്ടുണ്ട്. രോഗിയെ ഐസോലേഷനില്‍ പാര്‍പ്പിക്കുന്നതുപോലുള്ള പൊതുജനാരോഗ്യ ഇടപെടലുകളും പൊതുവെ മെച്ചപ്പെട്ട ജീവിത നിലവാരവും കാരണമായിരുന്നു അത്. വികസ്വര രാജ്യങ്ങളിലാകട്ടേ, ബാക്ടീരിയയെ കൊല്ലുകയും രോഗിയെ സുഖപ്പെടുത്തുകയും ചെയ്യുന്ന, ആധുനിക ബയോമെഡിസിന്റെ വിജയങ്ങളിലൊന്നായ, ആന്റിബയോട്ടിക്കുകള്‍ കണ്ടെത്തിയതിനുശേഷവും ടിബി ഗണ്യമായി വര്‍ദ്ധിക്കുകയാണ് ഉണ്ടായത്. എന്നാല്‍, ഇന്നു നവലിബറല്‍ വാഴ്ചയുടെ ഈ യുഗത്തില്‍ ആരോഗ്യരംഗത്തെ ഗവണ്‍മെന്റ് ഉത്തരവാദിത്വം കയ്യൊഴിഞ്ഞ വികസിതനാടുകളിലൊക്കെ കോവിഡ് 19 വന്‍തോതില്‍ ജീവനഷ്ടത്തിനു കാരണമായതും ഇതോടു ചേര്‍ത്തുവായിക്കാവുന്നതാണ്. 
സത്യം പറഞ്ഞാല്‍ ക്ഷയം എന്ന രോഗം ആത്യന്തികമായി ഭൂമുഖത്തു നിന്നു മറയുകയുണ്ടായിട്ടില്ല. ഒരു കാലത്ത് യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ പേരുടെ ജീവനെടുത്ത ആ മഹാവ്യാധി ഇന്ന് അതിന്റെ ഇടമൊന്നുമാറ്റി; പുതിയ ഇരകളെ കണ്ടെത്താന്‍ വികസ്വര രാജ്യങ്ങളിലേക്കു രോഗം ചുവടുമാറ്റി. ക്ഷയമടക്കമുള്ള പകര്‍ച്ചവ്യാധികള്‍ അടുത്ത കാലംവരേയും അതിന്റെ ഇരകളെ കണ്ടെത്തിയിരുന്നത് ദക്ഷിണലോകത്തായിരുന്നു അഥവാ ഗ്ലോബല്‍ സൗത്തിലായിരുന്നു. (2)
 
എന്തുകൊണ്ടാണ് ഇത്രയും കാലം പകര്‍ച്ചവ്യാധികള്‍ ദക്ഷിണ ലോകത്തെ, ഗ്ലോബല്‍ സൗത്തിനെ പിടികൂടിയത്? എന്തുകൊണ്ടാണ് കോവിഡ് 19 ഓടുകൂടി നേരത്തെയുള്ള സ്ഥിതിവിശേഷത്തിനു വിരുദ്ധമായി യു.എസും ബ്രിട്ടനും ഫ്രാന്‍സും ഇതര യൂറോപ്യന്‍ രാഷ്ട്രങ്ങളെയും അത് പിടികൂടിയത്? 

പകര്‍ച്ചവ്യാധികള്‍ പടരുന്നത് പ്രധാനമായും മൂന്നു ഘടകങ്ങളെ ആശ്രയിച്ചാണ്. ഒരു പ്രദേശത്തെ ജനസാന്ദ്രത, വര്‍ധിച്ച വാണിജ്യവിനിമയങ്ങള്‍, രോഗബാധിതരായ ആളുകള്‍ക്ക് ഒരുപോലെ മരുന്നും ചികിത്സാസൗകര്യങ്ങളും ലഭ്യമാകുന്നുണ്ടോ എന്ന വസ്തുത. നേരത്തേത്തന്നെയോ, അതേസമയത്തോ മറ്റനവധി രോഗങ്ങള്‍ (Comorbidities) ഉണ്ടായിരിക്കുകയും ദാരിദ്ര്യം നിമിത്തം പോഷകങ്ങളടങ്ങിയ ഭക്ഷണത്തിനു വഴിയില്ലാതെയിരിക്കുകയും ചെയ്യുന്നവര്‍ക്കിടയില്‍ പകര്‍ച്ചവ്യാധികള്‍ വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നതായാണ് പതിവ്. അതുകൊണ്ടാണ് ബയോമെഡിക്കല്‍ ഇടപെടലുകള്‍ ഇല്ലാതിരുന്നിട്ടുകൂടി ലോകത്തിന്റെ ഒരു ഭാഗത്ത് ക്ഷയരോഗം ഇല്ലാതാകുകയും കുത്തിവയ്പും മറ്റും ഉണ്ടായിട്ടും മറ്റൊരു ഭാഗത്ത് രോഗം പിടിവിട്ടു പോകാതിരിക്കുന്നതും.

എന്നാല്‍, കോവിഡ് 19 എന്ന പകര്‍ച്ചവ്യാധി മറിച്ചൊരു ചിത്രമാണ് നല്‍കുന്നത്. അത് സമ്പന്നരാജ്യങ്ങളെ വലിയ തോതില്‍ ബാധിച്ചു. 55,000 പേര്‍ യു.എസില്‍ മരണമടഞ്ഞു. യു.കെയില്‍ 20,000 പേരും ഫ്രാന്‍സില്‍ 2,200 പേരും മരിച്ചു. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നു ചോദിച്ചാല്‍ മുതലാളിത്ത ചൂഷണം ആഗോളതലത്തില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കരാറുകള്‍ മുഖേനയും മറ്റും വികസ്വരരാജ്യങ്ങളെ വരിഞ്ഞുകെട്ടിയതിന്റെ കൂട്ടത്തില്‍ വികസിത രാജ്യങ്ങളിലെ ആരോഗ്യവും വിദ്യാഭ്യാസവുമടക്കമുള്ള സേവനമേഖലകളില്‍നിന്നും ഗവണ്‍മെന്റ് ഉത്തരവാദിത്വം കയ്യൊഴിയേണ്ടിവരികയും പണമില്ലാത്തവന് അത്തരം രാജ്യങ്ങളിലും ചികിത്സയും മരുന്നും കുറേയൊക്കെ അപ്രാപ്യമായി തീരുകയും ചെയ്തുവെന്നതാണ് മുഖ്യകാരണമായി പറയാനാകുക. (3)

യു.എസില്‍ വര്‍ഷങ്ങളായി ഫെഡറല്‍, സ്റ്റേറ്റ്, ലോക്കല്‍ പൊതുജനാരോഗ്യ സംവിധാനങ്ങള്‍ക്കു വേണ്ടത്ര ഫണ്ട് നല്‍കാതെ പോയതാണ് യു.എസിനു കോവിഡ് 19-നെ തടയുന്നതില്‍ ഏറ്റവും വലിയ തിരിച്ചടിയെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 

എല്ലാവര്‍ക്കും പരിരക്ഷ നല്‍കുന്ന ഒരു പൊതുജനാരോഗ്യ സംവിധാനം ബ്രിട്ടനില്‍ നേരത്തെ നിലവിലുണ്ടായിരുന്നു. രണ്ടാംലോക മഹായുദ്ധത്തിന്റെ സംഭാവനയായിരുന്നു അത്. ജര്‍മനി ഉള്‍പ്പെടെയുള്ള അച്ചുതണ്ടുശക്തികളുടെ വ്യോമസേനയില്‍നിന്നും മറ്റുമുള്ള സിവിലിയന്മാര്‍ക്കെതിരെയും ആക്രമണമുണ്ടാകാമെന്ന തിരിച്ചറിവില്‍ അന്നത്തെ ബ്രിട്ടീഷ് ഗവണ്‍മെന്റ് നിലവില്‍ സ്വകാര്യമേഖലയിലുണ്ടായിരുന്ന ആശുപത്രികളെക്കൂടി ഉള്‍പ്പെടുത്തി പൊതുജനാരോഗ്യ സംവിധാനം വികസിപ്പിക്കുകയായിരുന്നുവെന്നു ചരിത്രം പറയുന്നു. 20-ാം നൂറ്റാണ്ടില്‍ തൊഴിലാളി വര്‍ഗ്ഗത്തിന് അനുകൂലമായി ഉണ്ടായ മികച്ച വിജയങ്ങളിലൊന്നായാണ് അതു ചിത്രീകരിക്കപ്പെടുന്നത്. നമ്മുടെ നാട്ടിലേതുപോലെ സ്വയംഭരണ സ്വഭാവമുള്ള സ്വകാര്യ സ്ഥാപനങ്ങളോ മുനിസിപ്പല്‍ സംവിധാനങ്ങളോ ആയിരുന്നു ആശുപത്രികള്‍. തൊഴിലുള്ളവര്‍ക്കു മാത്രമായിരുന്നു ഇന്‍ഷുറന്‍സ്. പലപ്പോഴും ഇവരുടെ ആശ്രിതര്‍ക്കുപോലും ഇന്‍ഷുറന്‍സ് സൗകര്യം ലഭ്യമായിരുന്നില്ല. 

എന്നാല്‍, യുദ്ധം വന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. മൂന്നുലക്ഷം സിവിലിയന്മാരെങ്കിലും അച്ചുതണ്ടു ശക്തികളുടെ, മുഖ്യമായും ജര്‍മ്മന്‍ വ്യോമസേനയുടെ ആക്രമണത്തിനു വിധേയരായി പരുക്കേല്‍ക്കുകയോ മരിക്കുകയോ ചെയ്യും എന്നായിരുന്നു ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ കണക്കുകൂട്ടല്‍. യുദ്ധസമയത്ത് ആളുകള്‍ക്ക് പരുക്കേല്‍ക്കുകയോ ആളുകള്‍ മരിക്കുകയോ ചെയ്യുമെന്നു പ്രവചിക്കുക വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന കാര്യമാണ്. എന്നാല്‍, കിടക്കകളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും എണ്ണത്തിലുള്ള കുറവ് എന്ന പ്രശ്‌നം കൈകാര്യം ചെയ്യുന്നതായിരുന്നു വെല്ലുവിളി. ഇതിനായി എമര്‍ജന്‍സി ഹോസ്പിറ്റല്‍ സര്‍വ്വീസ് എന്നൊരു സംവിധാനം 1938-ല്‍ ഉണ്ടാക്കി. എല്ലാതരത്തിലുമുള്ള ആശുപത്രികളും അതിനു കീഴിലാക്കി 12 മേഖലകളാക്കി തിരിച്ചു. വേണ്ട ഫണ്ടും ആരോഗ്യ മന്ത്രാലയം നല്‍കിപ്പോന്നു. ''കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി നമ്മുടെ രാഷ്ട്രീയക്കാരും ആസൂത്രകരും നേടിയെടുക്കാന്‍ ശ്രമിച്ചിട്ട് പരാജയപ്പെട്ടത് ലുഫ്ത്വാഫെ (ജര്‍മന്‍ വ്യോമസേന) മാസങ്ങള്‍ക്കുള്ളില്‍ നേടിയെടുത്തു.'' എന്നാണ് ചരിത്രകാരനായ ചാള്‍സ് വെബ്‌സ്റ്റെര്‍ അഭിപ്രായപ്പെട്ടത്. 

യുദ്ധാനന്തരം ബ്രിട്ടനില്‍ അധികാരത്തിലെത്തിയ ലേബര്‍ പാര്‍ട്ടി ഗവണ്‍മെന്റ് ഈ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ആരോഗ്യമേഖല ദേശസാല്‍ക്കരിക്കുകയും ചെയ്തു. ഇല്ലായ്മകളെ ഇല്ലായ്മ ചെയ്യാനാവശ്യപ്പെട്ട ബെവറിഡ്ജ് റിപ്പോര്‍ട്ട് നടപ്പാക്കി. തുടര്‍ന്നുള്ള ദശകങ്ങളില്‍ ബ്രിട്ടന്റെ ആരോഗ്യമേഖല താരതമ്യേന മെച്ചപ്പെട്ട പ്രകടനമാണ് നടത്തിയത്. എന്നാല്‍, താച്ചറിസത്തിന്റേയും നവലിബറല്‍ നയങ്ങളുടെയും കടന്നാക്രമണത്തോടെ  ഈ നേട്ടങ്ങള്‍ക്കെല്ലാം തിരിച്ചടി കിട്ടിത്തുടങ്ങി. 

1918ലെ ഏവിയൻ ഫ്ലൂ കാലത്ത് വാഷ്ങ്ടനിലെ വാൾട്ടർ റീഡ് ആശുപത്രി
1918ലെ ഏവിയൻ ഫ്ലൂ കാലത്ത് വാഷ്ങ്ടനിലെ വാൾട്ടർ റീഡ് ആശുപത്രി

കൃഷിയും വാണിജ്യവും പകര്‍ച്ചവ്യാധിയും 

ജനസാന്ദ്രതയും ജനങ്ങളുടെ പോക്കുവരവും വര്‍ധിക്കുന്ന ഇടങ്ങളിലും കാലങ്ങളിലുമാണ് സാധാരണയായി പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നത്. മനുഷ്യര്‍ സ്ഥിരതാമസം ആരംഭിക്കുകയും കൃഷി ചെയ്തു തുടങ്ങുകയും വാണിജ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു തുടങ്ങുകയും ചെയ്ത കാലം തൊട്ടാണ് പകര്‍ച്ചവ്യാധികള്‍ ഗണ്യമായ തോതില്‍ പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയതെന്നു ചരിത്രം പറയുന്നു. ഒരു ആതിഥേയ ശരീരത്തില്‍നിന്നു മറ്റൊരു ശരീരത്തെ കുടിപാര്‍പ്പിനു തിരഞ്ഞെടുക്കാനൊത്തില്ലെങ്കില്‍ രോഗാണുവിനു നിലനില്‍പ്പില്ല. രോഗത്തെ ചെറുത്തുനില്‍ക്കാനുള്ള ശേഷി കുറഞ്ഞ റെഡ് ഇന്ത്യക്കാര്‍ ചത്തൊടുങ്ങുംവരെ വസൂരി രോഗം അതിന്റെ ഭീഷണമായ രൂപം പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്നു. വസൂരി പടര്‍ത്തുന്ന രോഗാണുക്കളെ ഫലദായകത്വമുള്ള മരുന്നുകളുടെ സഹായം കൂടാതെ ചെറുത്തുനില്‍ക്കുന്നത് ജനിതക സവിശേഷതകള്‍ മൂലം സാധ്യമല്ലാത്ത അമരിന്ത്യക്കാരുടെ എണ്ണം കുറയും വരെ ലോകത്തു വസൂരിരോഗം ശക്തമായി നിലനിന്നിരുന്നു. പതിനാലാം നൂറ്റാണ്ടില്‍ മര്‍ക്കന്റൈല്‍ ക്യാപിറ്റലിസത്തിന്റെ ഉച്ചസ്ഥായിയില്‍ കച്ചവടവും കച്ചവടാര്‍ത്ഥമുള്ള പര്യവേക്ഷണങ്ങളും യാത്രകളും വര്‍ദ്ധിച്ചതോടെയാണ് പ്ലേഗ് പടരുന്നതിനുള്ള സാഹചര്യം ഉണ്ടാകുന്നത്. യൂറോപ്പില്‍ വ്യവസായവല്‍ക്കരണവും നഗരങ്ങളിലെ ജനപ്പെരുപ്പവും കൂടിവന്നതോടെയാണ് 18-ാം നൂറ്റാണ്ടില്‍ ക്ഷയം പടരുന്നത്. ജോണ്‍സ്‌നോവിന്റെ രോഗാണു സിദ്ധാന്തത്തിനു സ്വീകാര്യത കൈവരികയും ലബോറട്ടറി റവലൂഷന്‍ നടക്കുകയും ചെയ്ത കാലം കഴിഞ്ഞും യൂറോപ്പിനു കുറേ കാത്തിരിക്കേണ്ടി വന്നു ക്ഷയരോഗം പിന്‍വാങ്ങുന്നതിനു സാക്ഷ്യം വഹിക്കാന്‍. വ്യാവസായിക വിപ്ലവത്തോടെ പൊട്ടിപ്പുറപ്പെട്ട ക്ഷയരോഗം എന്ന പകര്‍ച്ചവ്യാധിയോടൊപ്പം നഗരവല്‍ക്കരണത്തോടുള്ള പ്രതികരണമായി ആംഗലേയ സാഹിത്യത്തിലും ചില അനുരണനങ്ങളുണ്ടായി. ജി.യുടെ അന്തര്‍ദാഹം എന്ന കവിതയിലെന്നപോലെ ദാരിദ്ര്യവും ദു:ഖവും രോഗവും മര്‍ത്ത്യവംശത്തിന്റെ പൂവിലും തടിയിലും കായിലും കയ്പിന്റെ ഗന്ധവും നിറഞ്ഞത് ചിന്തകരേയും കവികളേയും പ്രകോപിപ്പിച്ചു. (4) എഴുത്തുവിദ്യ കണ്ടുപിടിച്ചതിനുശേഷം രാജാക്കന്മാര്‍, മതപുരോഹിതര്‍, കവികളടക്കമുള്ള സാഹിത്യകാരന്മാര്‍, തുടങ്ങിയവര്‍ അന്നത്തെ രോഗങ്ങളെ സംബന്ധിച്ചു തങ്ങളുടെ കൃതികളില്‍ സൂചന നല്‍കുന്നുണ്ട്. 

1918-ല്‍ സ്പാനിഷ് ഫ്‌ലൂ പടര്‍ന്നതും ലോകമെമ്പാടും വാണിജ്യവും വിനിമയങ്ങളും യാത്രകളുമൊക്കെ വീണ്ടും ശക്തിപ്പെട്ട കാലത്താണ്. പുതിയതായി നിര്‍മ്മിക്കപ്പെട്ട റോഡു ശൃംഖലകളും ഗതാഗതവും വര്‍ധിച്ചത് സ്പാനിഷ് ഫ്‌ലൂ പടരുന്നതിനു കൂടുതല്‍ സൗകര്യമുണ്ടാക്കി. ലോകജനസംഖ്യയുടെ മൂന്നിലൊന്നു വിഭാഗത്തെ ബാധിച്ച ഈ രോഗത്തെ തുടര്‍ന്നു വലിയൊരു വിഭാഗം ചത്തൊടുങ്ങി. (5)
 
മനുഷ്യനുണ്ടായ കാലം തൊട്ട് അവന്റെ ജീവവൃക്ഷത്തില്‍ ഈ കയ്പിന്റെ ഗന്ധമുണ്ട്. പണ്ഡിതനെന്നോ പാമരനെന്നോ, രാജാവെന്നോ പ്രജയെന്നോ, ധനികനെന്നോ ദരിദ്രനെന്നോ രോഗങ്ങള്‍ക്ക് ഒരു കാലത്തും വ്യത്യാസമുണ്ടായിരുന്നില്ല. എന്നാല്‍, ദരിദ്രരും സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളും അവയ്ക്ക് എളുപ്പം കീഴടങ്ങിയെന്നു മാത്രം പ്രാചീന കാലത്തുണ്ടായിരുന്ന രോഗങ്ങളെക്കുറിച്ചും രോഗാണുക്കളെക്കുറിച്ചും സൂചന നല്‍കുന്നത് ഫോസിലുകളാണ്. എന്നാല്‍, എല്ലുകളെ ബാധിക്കുന്നവയൊഴികെ സാധാരണഗതിയില്‍ മറ്റൊരു രോഗാണുവും അതിന്റെ സാന്നിധ്യത്തിന്റെ തെളിവുകള്‍ ഫോസിലുകളില്‍ അവശേഷിപ്പിക്കാറില്ല. ട്യൂബര്‍ക്കുലോസിസ്, കുഷ്ഠം, സിഫിലിസ് തുടങ്ങിയ രോഗങ്ങളുടേതൊഴികെ മറ്റു പകര്‍ച്ചവ്യാധികളുടേതായ യാതൊരടയാളവും ഫോസിലുകളില്‍നിന്നു സാധാരണ ഗതിയില്‍ ലഭ്യമാകാറില്ല. എന്നാല്‍, മലേറിയ എന്ന രോഗബാധ 3000 ബിസി തൊട്ട് ഉണ്ടെന്നുള്ളതിനു തെളിവുകള്‍ ഈജിപ്ഷ്യന്‍ മമ്മികളില്‍നിന്നു ലഭ്യമാണ്. 2700 ബിസിയില്‍ രചിക്കപ്പെട്ട ചൈനീസ് ഗ്രന്ഥമായ നെയ് ചിംഗ് അഥവാ ദ കാനന്‍ ഒഫ് മെഡിസിന്‍ എന്ന പുസ്തകത്തില്‍ ഈ രോഗത്തെക്കുറിച്ച് വ്യക്തമായ വിവരണങ്ങളുണ്ടെന്ന് ഡൊറോത്തി എച്ച് ക്രോഫോര്‍ഡ് തന്റെ പുസ്തകമായ ഡെഡ്‌ലി കംപാനിയന്‍സ്: ഹൗ മൈക്രോബ്സ് ഷേപ്ഡ് അവ്ര് ഹിസ്റ്ററി എന്ന പുസ്തകത്തിലെഴുതുന്നു. (6)

രോ​ഗികളെ കാത്ത്: ഏവിയൻ ഫ്ലൂ പടർന്നു പിടിച്ച കാലത്തെ ചിത്രം
രോ​ഗികളെ കാത്ത്: ഏവിയൻ ഫ്ലൂ പടർന്നു പിടിച്ച കാലത്തെ ചിത്രം

 എഡി 541-ല്‍ വടക്കുകിഴക്കന്‍ ഈജിപ്തിലെ ഇന്നത്തെ പോര്‍ട്ട് സെയ്ഡിനടുത്തുള്ള പെലൂസിയം നഗരത്തിലാണ് ആദ്യത്തെ പാന്‍ഡെമിക് എന്നു വിളിക്കപ്പെടുന്ന ജസ്റ്റീനിയന്‍ പ്ലേഗ് പ്രത്യക്ഷപ്പെടുന്നത്. അക്കാലത്ത് ജീവിച്ചിരുന്ന ചരിത്രകാരനായ പ്രോകോപിയസ് പറയുന്നത് ഈ 'മഹാമാരി' പടിഞ്ഞാറ്, അലക്സാന്‍ഡ്രിയയിലേക്കും കിഴക്ക് പലസ്തീനിലേക്കും വ്യാപിച്ചു. തുടര്‍ന്നു ഇരു ദിശകളിലേക്കും പടര്‍ന്നു പിടിച്ചു. തുടര്‍ന്നും ഇത് അനുക്രമമായി പടര്‍ന്നുപിടിക്കുന്നുവെന്നാണ് അദ്ദേഹത്തിനു തോന്നിയത്. ''ഭൂമിയുടെ ഏതെങ്കിലും കോണ്‍ ഇതില്‍നിന്നും രക്ഷപ്പെടുമോ എന്ന ആശങ്കയും'' തനിക്കുണ്ടെന്ന് അദ്ദേഹം എഴുതി. എഡി 542-ന്റെ ആരംഭത്തോടെയാണ് രോഗം കോണ്‍സ്റ്റാന്റിനോപ്പിളിനെ ബാധിച്ചു തുടങ്ങുന്നത്. അക്കാലത്ത് ജസ്റ്റിനിയന്‍ ചക്രവര്‍ത്തിയുടെ നേതൃത്വത്തിലുള്ള കിഴക്കന്‍ റോമന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഈ നഗരം. ജസ്റ്റീനിയനെ ''ജീവിച്ചിരുന്നിട്ടുള്ള ഏറ്റവും മികച്ച ഭരണാധികാരികളില്‍ ഒരാളായി''ട്ടാണ് ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത്. പ്ലേഗ് തലസ്ഥാനത്തെ ആക്രമിക്കുന്നതിനു മുന്‍പേ 15 വര്‍ഷത്തിനുള്ളില്‍ ജസ്റ്റീനിയന്‍ റോമന്‍ നിയമം ക്രോഡീകരിക്കുകയും പേര്‍ഷ്യക്കാരുമായി സമാധാനം സ്ഥാപിക്കുകയും കിഴക്കന്‍ സാമ്രാജ്യത്തിന്റെ ധനകാര്യമേഖലയെ മാറ്റിപ്പണിയുകയും ചെയ്തു. 

പ്ലേഗ് ആദ്യം ബാധിച്ചത് ദരിദ്രരെയായിരുന്നെങ്കിലും ധനികരെയും അതു കൊന്നൊടുക്കി. കിഴക്കന്‍ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായ ജസ്റ്റീനിയനെപോലും അതൊഴിവാക്കിയില്ല.  എന്നാല്‍, ഭാഗ്യം കൊണ്ടു രക്ഷപ്പെട്ടു. 542-ന്റെ ആരംഭത്തോടെയാണ് രോഗം കോണ്‍സ്റ്റാന്റിനോപ്പിളിനെ ബാധിച്ചു തുടങ്ങുന്നത്. അക്കാലത്ത് ജസ്റ്റിനിയന്‍ ചക്രവര്‍ത്തിയുടെ നേതൃത്വത്തിലുള്ള കിഴക്കന്‍ റോമന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഈ നഗരം. ജസ്റ്റീനിയനെ ''ജീവിച്ചിരുന്നിട്ടുള്ള ഏറ്റവും മികച്ച ഭരണാധികാരികളില്‍ ഒരാളായി''ട്ടാണ് ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത്. പ്ലേഗ് തലസ്ഥാനത്തെ ആക്രമിക്കുന്നതിനു മുന്‍പേ 15 വര്‍ഷത്തിനുള്ളില്‍ ജസ്റ്റീനിയന്‍ റോമന്‍ നിയമം ക്രോഡീകരിക്കുകയും പേര്‍ഷ്യക്കാരുമായി സമാധാനം സ്ഥാപിക്കുകയും കിഴക്കന്‍ സാമ്രാജ്യത്തിന്റെ ധനകാര്യമേഖലയെ മാറ്റിപ്പണിയുകയും ചെയ്തു. എ.ഡി 542 വരെ ജസ്റ്റീനിയന്‍ ജനറലുകളുടെ നേതൃത്വത്തില്‍ നടത്തിയ പടയോട്ടങ്ങളില്‍ റോമന്‍ സാമ്രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തെ ഗോഥുകളില്‍നിന്നും വാന്‍ഡലുകളില്‍നിന്നും മറ്റു വിവിധ ബാര്‍ബേറിയന്മാര്‍ വിഭാഗക്കാരില്‍നിന്നും തിരിച്ചുപിടിച്ചിരുന്നു. അദ്ദേഹത്തിന്റെ ജനറലുകള്‍ കീഴടക്കിയ പ്രദേശങ്ങള്‍ കലാപം തുടങ്ങി. 543-ല്‍ റോം നഗരത്തിലെത്തിയ ബ്യൂബോണിക് പ്ലേഗ് 544 ഓടെ ബ്രിട്ടനിലേക്ക് എത്തി. 558 ല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ പ്ലേഗ് വീണ്ടും പൊട്ടിപ്പുറപ്പെട്ടു, 573-ല്‍ മൂന്നാം തവണയും 586-ല്‍ വീണ്ടും. പിന്നെയും രണ്ടു നൂറ്റാണ്ടോളം പ്ലേഗ് അവിരാമം അതിന്റെ താണ്ഡവം തുടര്‍ന്നു. ഏഡി 750 ആകുമ്പോഴേക്കും പുതിയ ഒരു ലോകക്രമത്തിന്റെ പിറവിയ്ക്ക് അതു കാരണമായി. അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ ഉദ്ഭവിച്ച് ജസ്റ്റീനിയാനിക് പ്ലേഗിനാലും ആഭ്യന്തരക്കുഴപ്പങ്ങളാലും ഉലഞ്ഞ കിഴക്കന്‍ റോമാസാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ ഇസ്ലാമിക ഭരണത്തിന്റെ കീഴിലായി. പശ്ചിമ യൂറോപ്പിന്റെ വിവിധ ഭാഗങ്ങള്‍ ഫ്രാങ്കുകളുടെ അധീനതയിലായി. 30,000 ജനസംഖ്യയുള്ള ഒരു ചെറിയ രാജ്യമായി റോം മാറി. യുദ്ധങ്ങളാണ് ചരിത്രത്തിന്റെ ലോക്കോമോട്ടീവ് എന്നു ട്രോട്സ്‌കി. പ്ലേഗും വസൂരിയും പോലെ ഒടുവില്‍ വന്ന കോവിഡ് 19 പോലുള്ള മഹാമാരികളും മനുഷ്യരാശിയും തമ്മില്‍ നടക്കുന്ന യുദ്ധങ്ങളും ചരിത്രത്തെ മാറ്റിയെഴുതുക തന്നെ ചെയ്യും. 

(തുടരും)

അടിക്കുറിപ്പും വിശദീകരണങ്ങളും

1. (Lester K. Little, 'Life and Afterlife of the First Plague Pandemic', in Plague and the End of Antiqutiy: The Pandemic of 541-570, ed. Lester K. Little (Cambridge, UK: Cambridge Universtiy Press, 2007), 9.)

 2. ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, കരീബിയന്‍ ദ്വീപസമൂഹങ്ങള്‍ എന്നിവിടങ്ങളില്‍ സ്ഥിതിചെയ്യുന്ന താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളെ സൂചിപ്പിക്കാന്‍ ലോക ബാങ്ക് ഉപയോഗിക്കുന്ന, ഇന്നു പ്രചാരം നേടിവരുന്ന പദമാണ് ഗ്ലോബല്‍ സൗത്ത് എന്നത്. ഉയര്‍ന്ന വരുമാനമുള്ള പൊതുവേ ഭൂഗോളത്തിന്റെ വടക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന രാഷ്ട്രങ്ങളെ ഗ്ലോബല്‍ നോര്‍ത്ത് എന്നും വിളിക്കുന്നു. 

3. ആധുനിക ഭരണകൂടത്തിന്റെ വളര്‍ച്ചയും എപ്പിഡെമിക്കുകളും പാന്‍ഡെമിക്കുകളും തമ്മിലുള്ള ബന്ധം ചരിത്രത്തില്‍ വളരെ വ്യക്തമാണ്. പ്ലേഗ് പടര്‍ന്നുപിടിക്കുന്നതിനെ കൈകാര്യം ചെയ്യുന്നതിനു ഇറ്റാലിയന്‍ നഗരരാഷ്ട്രങ്ങള്‍ 15-ാം നൂറ്റാണ്ടില്‍ത്തന്നെ ഭരണകൂടത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ആരോഗ്യസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. 19-ാം നൂറ്റാണ്ടിലെ കോളറ പകര്‍ച്ചവ്യാധി കേന്ദ്ര ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ക്വാറന്റീന്‍ ശ്രമങ്ങളിലേക്കു നയിച്ചു. നിര്‍ബന്ധിത വാക്‌സിനേഷന്‍ പോലുള്ള നടപടികളും ഭരണകൂടത്തിനു പൊതുജനാരോഗ്യസംരക്ഷണവുമായുള്ള ബന്ധം വ്യക്തമാക്കുന്നുണ്ട്. 

4. കാല്പനികതാപ്രസ്ഥാനം അതിന്റെ ഫലമായിരുന്നു. കലാകാരന്മാര്‍ ഗ്രാമീണവിശുദ്ധിയെ വാഴ്ത്തിപ്പാടാനും ഗ്രാമ്യജീവിതത്തില്‍നിന്നുള്ള പ്രമേയങ്ങള്‍ സ്വീകരിക്കുന്നതിനും കൂടുതല്‍ താല്പര്യം കാണിക്കാനും മിഥിക്കല്‍ ക്ലാസിക്കലിസത്തെ ആശ്രയിക്കാനും തുടങ്ങി. അങ്ങനെ നഗരജീവിതത്തിന്റെ ഭീകരതയ്ക്ക് അവ പകരംവെയ്ക്കപ്പെട്ടു. 19-ാം നൂറ്റാണ്ടില്‍, നഗര ആസൂത്രണം ശക്തിപ്പെട്ടതോടെ ക്ഷയരോഗത്തോടൊപ്പം റൊമാന്റിസിസവും പിന്‍വാങ്ങാനാരംഭിച്ചു. അക്കാലത്ത് ക്ഷയരോഗബാധിതനായി നന്നേ ചെറുപ്പത്തിലേ മരണമടഞ്ഞ കവിയായിരുന്നു ജോണ്‍ കീറ്റ്സ് (17951821) അദ്ദേഹത്തിന്റെ അമ്മയും സഹോദരനും ഈ രോഗത്തിനു കീഴടങ്ങി മരണമടഞ്ഞു. 

വൈദ്യശാസ്ത്രമറിയാമായിരുന്ന കീറ്റ്സിന്റെ കവിതകള്‍ ആ രോഗത്തെക്കുറിച്ചുള്ള ഒരു ഉള്‍ക്കാഴ്ചയും നല്‍കുന്നുണ്ട്. രോഗത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണകള്‍ റൊമാന്റിക് തത്ത്വചിന്തയുമായി അവയില്‍ കൂടിച്ചേന്നു. രോഗബാധിതനെന്നു സംശയം തോന്നിയ സന്ദര്‍ഭത്തിലാണത്രേ അദ്ദേഹം 'ഓഡ് ടു എ നൈറ്റിംഗേല്‍' (1819) എഴുതിയത്. രോഗത്തിന്റെ ലക്ഷണങ്ങളെക്കുറിച്ച് ആ കവിതയില്‍ പരോക്ഷമെങ്കിലും വിശദമായ വിവരണങ്ങള്‍ അദ്ദേഹം നല്‍കുന്നുണ്ട്. ക്ഷീണം, ജ്വരം, തളര്‍ച്ച എന്നിവയെ പ്രധാന ലക്ഷണങ്ങളെക്കുറിച്ച് അദ്ദേഹം യുവത്വം വിളറുകയും മെലിഞ്ഞുണങ്ങുകയും മരിക്കുകയും ചെയ്യുന്ന അവസ്ഥയുമായി ബന്ധപ്പെടുത്തിയാണ് അദ്ദേഹം വിവരിക്കുന്നത്. 

Fade far away, dissolve, and quite forget
What thou among the leaves hast never known,
The weariness, the fever, and the fret
Here, where men sit and hear each other groan;
Where pasly shakes a few, sad, last gray hairs,
Where youth grows pale, and spetcre-thin, and dies;
Where but to think is to be full of sorrow
And leaden-eyed despairs,
(Ode to Nightingale)

5. മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്പെയിനിനെ ഈ രോഗം പ്രത്യേകിച്ച് ബാധിച്ചുവെന്നൊന്നും പറയാന്‍ പറ്റില്ല. എന്നാല്‍ മറ്റുരാജ്യങ്ങളിലെ യുദ്ധകാല സെന്‍സര്‍ഷിപ്പ് ശീലങ്ങള്‍ നിമിത്തം സ്പെയിനിലുണ്ടായ വൈറസ് ബാധ മാത്രം പെരുപ്പിച്ചു കാണിക്കപ്പെട്ടു. ആ രാജ്യത്തെ സ്ഥിതിയാണ് രോഗബാധ മൂലം അത്യന്തം വഷളായതെന്ന ധാരണയാണ് ലോകത്തിനുണ്ടായത്. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, അമേരിക്ക എന്നിവ ആദ്യകാല റിപ്പോര്‍ട്ടുകള്‍ സെന്‍സര്‍ ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്തപ്പോള്‍, ഒരു നിഷ്പക്ഷ രാജ്യമെന്ന നിലയില്‍ സ്പെയിനിലെ മാധ്യമങ്ങള്‍ക്ക് ഈ പകര്‍ച്ചവ്യാധിയുടെ ഭയാനകമായ എല്ലാ വിവരങ്ങളും അറിയിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. അത് ലോകത്തിനു നല്‍കിയ തോന്നല്‍ ആ രാജ്യത്താണ് രോഗം വ്യാപകമായി ബാധിക്കപ്പെട്ടത് എന്നതായിരുന്നു. അങ്ങനെ ആ രോഗത്തിനു സ്പാനിഷ് ഫ്‌ലൂ എന്ന പേരു വന്നുചേര്‍ന്നു. (അവലംബം: ബിബിസി ഹിസ്റ്ററി റിവീല്‍ഡ്) ഇന്നു രോഗങ്ങള്‍ക്ക് പേരു നല്‍കുന്നതില്‍ ലോക ആരോഗ്യ സംഘടന (WHO) കൃത്യമായ മാര്‍ഗ്ഗരേഖ നല്‍കിയിട്ടുണ്ട്. രാഷ്ട്രീയമായോ വംശീയമായോ ആയ അനീതികള്‍ക്ക് രോഗപ്പേരുകള്‍ വഴിവെയ്ക്കരുതെന്ന കാഴ്ചപ്പാടുകൊണ്ടു കൂടിയാണ് ഡബ്ലിയു.എച്ച്.ഒ ഇതു പുറപ്പെടുവിച്ചത്. അതുകൊണ്ടാണ് ചൈനീസ് ഫ്‌ലൂ എന്ന് കോവിഡ് 19-നെ യു.എസ് പ്രസിഡന്റ് വിശേഷിപ്പിച്ചപ്പോള്‍ ലോകമെമ്പാടും പ്രതിഷേധമുയര്‍ന്നതും. 

6. കാണുക ഡെഡ്ലി കംപാനിയന്‍സ് രണ്ടാം അദ്ധ്യായം അവ്ര്‍ മൈക്രോബിയല്‍ ഇന്‍ഹെറിറ്റന്‍സ്, പേജ് 29. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com