''അങ്ങനെ ഞാനും ധര്‍മ്മപുത്രരായി!''

രാജ്ഭവനില്‍ എ.ഡി.സി ആയിരിക്കേ പിന്നീട് വിവാദമായി തീരാനിടയുണ്ടായിരുന്ന ഒരു പ്രശ്‌നം അനായാസേന കൈകാര്യം ചെയ്യാന്‍ കഴിഞ്ഞതുള്‍പ്പെടെയുള്ള അനുഭവങ്ങളിലേക്ക്
''അങ്ങനെ ഞാനും ധര്‍മ്മപുത്രരായി!''

1990 അവസാനം നെയ്യാറ്റിന്‍കര ജോയിന്റ് എസ്.പി. ആയിരുന്ന എന്നെ രാജ്ഭവനില്‍ ഗവര്‍ണ്ണറുടെ എ.ഡി.സി. ആയി നിയമിച്ചു. ഈ വിവരമറിഞ്ഞപ്പോള്‍ അതിനു മുന്‍പോ പിന്‍പോ അനുഭവപ്പെട്ടിട്ടില്ലാത്ത ഒരു മാനസികാവസ്ഥയിലായി ഞാന്‍. സത്യം  പറഞ്ഞാല്‍ ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥ. പൂര്‍ണ്ണ നിസ്സംഗതയോടെ കാണാനും കഴിഞ്ഞില്ല. അതെളുപ്പമല്ലല്ലോ. അതിനിടയില്‍ പലരും എന്നെ അഭിനന്ദിക്കുന്നുമുണ്ട്. അതൊക്കെ ഞാന്‍ സ്വീകരിക്കുകയും ചെയ്തു, ഇഷ്ടമില്ലാത്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ വിധിച്ച നവവരനെപ്പോലെ. ജോയിന്റ് എസ്.പിയില്‍നിന്നും മാറുന്നതില്‍ സന്തോഷിക്കാന്‍ അല്പം വകയുണ്ടായിരുന്നു. ഒരുതരം ത്രിശങ്കു സ്വര്‍ഗ്ഗമാണ് ഈ ജോയിന്റ് എസ്.പി, കേരളത്തില്‍ അപൂര്‍വ്വമായി സംഭവിച്ചിരുന്ന ഒരു പ്രതിഭാസം. എ.എസ്.പി ആയി തുടങ്ങുന്ന ഐ.പി.എസ്‌കാരുടെ മോഹം പെട്ടെന്നുള്ള എസ്.പി. പ്രമോഷനാണ്. അതൊരു സ്വപ്നമാണെന്നു പറഞ്ഞാലും തെറ്റില്ല. കാരണം, അതിന്റെ ആകര്‍ഷണങ്ങള്‍ വലുതാണ്. പൊലീസ് ജീപ്പില്‍നിന്നും ഇറങ്ങാം. മുന്നിലും പിന്നിലും മുകളിലുമൊക്കെ അധികാര ചിഹ്നങ്ങള്‍ തിളങ്ങുന്ന കാറിലേയ്ക്ക് കയറാം. അധികാരം, പ്രൗഢി, ഗാംഭീര്യം ഒക്കെ വല്ലാതെ വര്‍ദ്ധിക്കും എന്നൊരു തോന്നല്‍. ഈ 'തോന്നലി'ലും കാര്യമുണ്ടല്ലോ. അങ്ങനെ ആ സ്വര്‍ഗ്ഗരാജ്യം സ്വപ്നം കണ്ടിരിക്കുമ്പോള്‍, ഇതാ വരുന്നു ജോയിന്റ് എസ്.പി ആക്കിക്കൊണ്ടുള്ള പ്രമോഷന്‍ ഉത്തരവ്. എന്നു പറഞ്ഞാല്‍ ശമ്പളം മാത്രം മാറും. ജോലി പഴയതുതന്നെ. മുകളില്‍ പറഞ്ഞ മറ്റുള്ളതൊന്നുമില്ല. ഈ 'മറ്റുള്ള'താണല്ലോ കണ്ണുംനട്ട് കാത്തിരുന്നത്. അതൊന്നുമില്ലാതെ ശരിക്കും ഒരു ത്രിശങ്കു സ്വര്‍ഗ്ഗം. ഗവര്‍ണ്ണറുടെ എ.ഡി.സി ആകുമ്പോള്‍ ഈ ത്രിശങ്കുവില്‍നിന്നും മോചനം കിട്ടും എന്ന ആകര്‍ഷണമുണ്ട്. അങ്ങനെ സന്തോഷിക്കാന്‍ വകയുണ്ട്.

പക്ഷേ, ഐ.പി.എസ് പരിശീലനകാലത്തുതന്നെ ഏതെങ്കിലും പോസ്റ്റ് ഒരുകാലത്തും ലഭിക്കരുതെന്ന് ഞാനാഗ്രഹിച്ചിരുന്നുവെങ്കില്‍ അതിതായിരുന്നു, ഗവര്‍ണ്ണറുടെ എ.ഡി.സി. നാഷണല്‍ പൊലീസ് അക്കാദമിയില്‍ പല സംസ്ഥാന ഗവര്‍ണ്ണര്‍മാരും ഐ.പി.എസ് ട്രെയിനികളെ അഭിസംബോധന ചെയ്യാന്‍ വന്നിരുന്നു. അപ്പോഴാണ് ഗവര്‍ണ്ണറെ ചുറ്റിപ്പറ്റി സാധാരണ യുണിഫോമിനപ്പുറം ആകര്‍ഷകമായ അലങ്കാര മുദ്രകള്‍ ധരിച്ചിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ എന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഈ അലങ്കാരങ്ങളൊന്നും എന്നെ ആകര്‍ഷിച്ചില്ല. അതാണ് എ.ഡി.സി എന്നും ഞാന്‍ മനസ്സിലാക്കി. എന്തോ, എനിക്കതൊരു അഭികാമ്യമായ ജോലിയായി തോന്നിയില്ല; എന്നു മാത്രമല്ല, അത് അന്തസ്സിനു ചേരാത്ത ഒരു ജോലിയല്ലേ എന്നു ശക്തമായ വിചാരവുമുണ്ടായി എന്നതാണ് സത്യം. അക്കാദമിയില്‍നിന്ന് കേരളത്തിലെത്തിയപ്പോള്‍ അക്കാലത്ത് എ.ഡി.സി ആയിരുന്ന ഡോ. അലക്സാണ്ടര്‍ ജേക്കബ്ബ് എ.ഡി.സിയുടെ ചരിത്രപ്രാധാന്യവും മഹത്വവും ആ പദവിയുടെ സമാനതകളില്ലാത്ത സൗഭാഗ്യങ്ങളും ഒക്കെ ഗംഭീരമായി വിവരിച്ചുവെങ്കിലും  എ.ഡി.സി പോസ്റ്റിനോട് അക്കാദമിയില്‍ വച്ചു ഉടലെടുത്ത 'അലര്‍ജി' ഒട്ടും കുറഞ്ഞില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി വന്ന എന്റെ എ.ഡി.സി നിയമനം. സ്വാഭാവികമായും ഞാന്‍  അസ്വസ്ഥനായി, അതിലേറെ ആശയക്കുഴപ്പത്തിലായി. 

​ഗവണർണറായിരുന്ന ബി രാച്ചയ്യയും ഭാര്യയും ലേഖകന്റെ മകനുമായി
​ഗവണർണറായിരുന്ന ബി രാച്ചയ്യയും ഭാര്യയും ലേഖകന്റെ മകനുമായി

അക്കാലത്ത് കേരള ഗവര്‍ണ്ണര്‍ ആയിരുന്ന സ്വരൂപ് സിംഗിനു പകരം ബി. രാച്ചയ്യ നിയമിതനായി. അദ്ദേഹം ചുമതലയേല്‍ക്കുന്നതിനു മുന്‍പാണ് ഞാന്‍ എ.ഡി.സി ആയത്. ഗവര്‍ണ്ണര്‍ രാച്ചയ്യയെ ഔദ്യോഗികമായി സന്ദര്‍ശിക്കുന്നതിനു മുന്‍പ് ഞാന്‍ ഗവര്‍ണ്ണറുടെ സെക്രട്ടറി ആയിരുന്ന മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ തോമസ് സി. ജോര്‍ജിനെ കണ്ടു. അല്പം കുശലത്തിനു ശേഷം അദ്ദേഹം എന്നോട് മനസ്സില്ലാമനസ്സോടെ, 'Governor is very unhappy about your appointment' എന്നു പറഞ്ഞു.  ഉടന്‍ തന്നെ ഞാന്‍ മറുപടി പറഞ്ഞു. 'Sir, I am also extremely unhappy about it.' ഗവര്‍ണ്ണര്‍ ചിലപ്പോള്‍ എന്റെ നിയമനത്തെപ്പറ്റി ചോദിച്ചേയ്ക്കും എന്നും സെക്രട്ടറി സൂചിപ്പിച്ചു. ''ചോദിച്ചാല്‍ ഞാന്‍ ഉള്ള കാര്യം പറയും.'' ഏതാണ്ട്  ഉരുളയ്ക്ക് ഉപ്പേരി സ്‌റ്റൈലില്‍ മറുപടിയും നല്‍കി. ''അങ്ങനെ എല്ലാം പറയാന്‍ പറ്റില്ലല്ലോ'' എന്ന് സ്‌നേഹ രൂപേണയുള്ള ഗുണദോഷത്തിന്റെ ശൈലിയില്‍ ആ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്നെ ഉപദേശിച്ചു.

എ.ഡി.സി നിയമനത്തില്‍ ഗവര്‍ണ്ണര്‍ക്ക് അപ്രീതി തോന്നാന്‍ കാരണമുണ്ടായിരുന്നു. സാധാരണയായി ഗവര്‍ണ്ണറുമായി ആലോചിച്ച് അദ്ദേഹത്തിന്റെ അംഗീകാരത്തോടെ മാത്രമേ പുതിയ എ.ഡി.സിയെ നിയമിക്കാറുള്ളു; അതാണ് കീഴ്വഴക്കം. ഇതൊക്കെ മുന്‍ ഗവര്‍ണ്ണറും ദീര്‍ഘകാലം കര്‍ണ്ണാടകയില്‍  മന്ത്രിയുമായിരുന്ന രാച്ചയ്യയ്ക്കു കൃത്യമായറിയാം. എനിക്കു മുന്‍പ്  എ.ഡി.സി ആയിരുന്ന അരുണ്‍കുമാര്‍ സിന്‍ഹ വളരെ നേരത്തെ തന്നെ സ്ഥാനമാറ്റത്തിനു ശക്തമായ ആഗ്രഹം അന്നത്തെ ഗവര്‍ണ്ണര്‍ സ്വരൂപ് സിംഗിനോട് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, താന്‍ ഗവര്‍ണ്ണറായി തുടരുന്നതുവരെ എ.ഡി.സിയോടും സ്ഥാനത്തു തുടരാന്‍ അദ്ദേഹം താല്പര്യപ്പെട്ടു. ഗവര്‍ണ്ണര്‍ മാറുമ്പോള്‍ എ.ഡി.സിക്ക് നിശ്ചയമായും മാറ്റം വാങ്ങി കൊടുക്കാമെന്ന് അദ്ദേഹം അരുണ്‍ കുമാര്‍ സിന്‍ഹയ്ക്ക് വാക്ക് നല്‍കിയിരുന്നു. അതിനാലാണ് പുതിയ ഗവര്‍ണ്ണറായി രാച്ചയ്യ ചുമതല ഏല്‍ക്കും മുന്‍പ് എ.ഡി.സി സ്ഥാനം ഒഴിവായതും എന്റെ നിയമനം നടത്തിയതും. ഈ പിന്നാമ്പുറം  പുതിയ ചുമതല ഏറ്റെടുക്കാന്‍ ചെല്ലുമ്പോള്‍ ഞാനറിഞ്ഞിരുന്നില്ല.
സെക്രട്ടറിയെ സന്ദര്‍ശിച്ചതിന്റെ അടുത്ത ദിവസം ഞാന്‍ ഗവര്‍ണ്ണര്‍ രാച്ചയ്യയുടെ മുന്നില്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്ഭവനിലെ പ്രൗഢഗംഭീരമായ ഗവര്‍ണ്ണറുടെ ഓഫീസില്‍ എ.ഡി.സിയുടെ യൂണിഫോമില്‍, ഏതാണ്ട് മാര്‍ച്ച് ചെയ്യുന്ന രീതിയില്‍ അദ്ദേഹത്തിന്റെ മുന്നിലെത്തി, അറ്റന്‍ഷനായി നിന്നുകൊണ്ട് 'Good morning Sir' എന്ന വാക്കുകളോടെ സല്യൂട്ട് ചെയ്തു. ഗവര്‍ണ്ണര്‍ കസേരയില്‍ നിന്നെഴുന്നേറ്റ്  കൈനീട്ടി ഹസ്തദാനം ചെയ്തു. അദ്ദേഹം ഗൗരവത്തിലായിരുന്നെന്ന് എനിക്കു തോന്നി. നിന്നുകൊണ്ട് എന്റെ കൈവിടാതെ തന്നെ അദ്ദേഹം ചോദിച്ചു: 'How you are posted?' ഗവര്‍ണ്ണറുടെ എന്നോടുള്ള ആദ്യ ചോദ്യം. മറുപടി എളുപ്പമായിരുന്നു. 'I don't know sir,' ഞാന്‍ ഉടന്‍ പറഞ്ഞു. തികച്ചും സത്യന്ധമായിത്തന്നെ.  അദ്ദേഹത്തിന്റെ അടുത്ത ചോദ്യം എന്നെ കുഴക്കി. 'Are you willing for this job?' ഇത്തരമൊരു ചോദ്യം ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സത്യസന്ധമായി പറയുകയാണെങ്കില്‍ 'not willing' എന്നാണ്  പറയേണ്ടത്. ഉരുളയ്ക്ക് ഉപ്പേരി സ്‌റ്റൈല്‍ ഉപേക്ഷിച്ച്, ഞാന്‍ പറഞ്ഞത് ഇങ്ങനെയാണ്: 'Sir, I am a government servant, wherever I am posted, I go.' (സര്‍, ഞാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. എവിടെ പോസ്റ്റ് ചെയ്താലും ഞാന്‍ പോകും) പരിണിതപ്രജ്ഞനായ ഗവര്‍ണ്ണര്‍ക്ക് എന്റെ മാനസിക അവസ്ഥ കൃത്യമായി മനസ്സിലായെന്നു തോന്നുന്നു. പെട്ടെന്ന് അദ്ദേഹത്തിന്റെ ഗൗരവഭാവം മാറി. വളരെയേറെ സ്‌നേഹപൂര്‍വ്വം അദ്ദേഹം എന്നോട് ഈ ജോലിയില്‍ സൂക്ഷിക്കേണ്ടുന്ന നല്ല വ്യക്തിബന്ധത്തെക്കുറിച്ചൊക്കെ  പറഞ്ഞു. ആ വലിയ മനുഷ്യന്റെ-സ്ഥാനംകൊണ്ടും പ്രായം കൊണ്ടും പെരുമാറ്റം കൊണ്ടും- പ്രതികരണം എന്നില്‍ അല്പം കുറ്റബോധം ജനിപ്പിച്ചുവെന്നു തോന്നുന്നു. ഞാന്‍ വളരെ ഭവ്യതയോടെ അദ്ദേഹത്തിനു പരിപൂര്‍ണ്ണ സഹകരണം ഉറപ്പു നല്‍കി.

ഇതനുസ്മരിക്കുമ്പോള്‍, ഇക്കാര്യത്തില്‍ അദ്ദേഹം പ്രകടിപ്പിച്ച മഹാമനസ്‌ക്കതയും എന്റെ മാനസികാവസ്ഥ കൃത്യമായി വായിച്ചെടുക്കുന്നതില്‍ കാണിച്ച പാടവവും മനുഷ്യത്വത്തോടെയുള്ള സമീപനവും എത്ര വലുതായിരുന്നുവെന്ന് പറയാതെ വയ്യ. നേരിട്ടുള്ള ചോദ്യത്തിന് നേരിട്ടുള്ള മറുപടി ഒഴിവാക്കി 'ചട്ടപ്പടി' എന്നു പറയാവുന്ന മറുപടിയാണല്ലോ ഞാന്‍ നല്‍കിയത്. അതില്‍ ചെറിയ ധിക്കാരം ഒളിഞ്ഞുകിടപ്പുണ്ടെന്നു വേണമെങ്കില്‍ വ്യാഖ്യാനിച്ച് 'Get Out'  എന്ന രണ്ടു വാക്കുകളില്‍ എന്നെ പറഞ്ഞുവിടാമായിരുന്നു. അതുണ്ടായില്ല.  അദ്ദേഹത്തിന്റെ മുന്നിലെത്തിയ ആളായല്ല ഞാന്‍ പുറത്തുകടന്നത്. അസംതൃപ്തി ആദരവിനു വഴിമാറി. അത് രാച്ചയ്യ എന്ന വലിയ മനുഷ്യന്റെ മഹത്വം. രാജ്ഭവനിലും അതിനപ്പുറവും നീണ്ട സ്‌നേഹാദരവു നിറഞ്ഞ ഒരു ബന്ധത്തിന്റെ തുടക്കം അതായിരുന്നു. 

ഗവര്‍ണ്ണറുമായുള്ള ആദ്യ സന്ദര്‍ശനം തന്നെ എ.ഡി.സി പദവിയോട് എനിക്കുണ്ടായിരുന്ന വിമുഖത മാറ്റി. ഏതാനും ദിവസംകൊണ്ട് ഗവര്‍ണ്ണര്‍ക്കെന്നെ പൂര്‍ണ്ണ വിശ്വാസമായിരുന്നെന്ന ബോദ്ധ്യം എനിക്കുണ്ടായി. വിവിധ ചടങ്ങുകളില്‍  അദ്ദേഹത്തെ അനുഗമിക്കുക രസകരവും വിജ്ഞാനപ്രദവുമായ ഒരനുഭവമായി മാറി. രാജ്ഭവനില്‍നിന്ന് യാത്രതിരിച്ച് വെള്ളയമ്പലം സ്‌ക്വയറിലെത്തുമ്പോള്‍ അദ്ദേഹം ആദ്യം കാണുന്ന അയ്യന്‍കാളി പ്രതിമയെപ്പറ്റി ചോദിക്കും. ഞാന്‍ അയ്യന്‍കാളിയെക്കുറിച്ചും അദ്ദേഹത്തിന്റെ സാമൂഹ്യ നവോത്ഥാന പ്രവര്‍ത്തനങ്ങളേക്കുറിച്ചുമെല്ലാം വാചാലനാകും. അക്കാമ്മ ചെറിയാന്‍, സി. കേശവന്‍ തുടങ്ങി പല പ്രതിമകളും അന്നില്ലായിരുന്നു. തുടക്കം മഹാനായ അയ്യന്‍കാളിയിലാണെങ്കിലും അത് പിന്നീട് ശ്രീനാരായണഗുരു, കുമാരനാശാന്‍, മന്നത്ത് പദ്മനാഭന്‍  തുടങ്ങി പലവ്യക്തികളിലേക്കും മറ്റു വിഷയങ്ങളിലേയ്ക്കും നീങ്ങും. അതൊക്കെ പറയാന്‍ എനിക്ക് വലിയ സന്തോഷമായിരുന്നു. കേരളത്തിലെ ഉന്നതരായ സാമൂഹ്യ-രാഷ്ട്രീയ നേതാക്കളെക്കുറിച്ചെല്ലാം അദ്ദേഹവും സംസാരിക്കും. എന്റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ മാറ്റിവെച്ച് കഴിയുന്നത്ര സത്യസന്ധമായും വസ്തുനിഷ്ഠമായും കാര്യങ്ങള്‍ പറയാന്‍ ഞാന്‍ ശ്രദ്ധപതിപ്പിച്ചു. ചില സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തോട് അഭിപ്രായം ആരായാനുള്ള സ്വാതന്ത്ര്യവും ഞാന്‍ വിനിയോഗിച്ചിട്ടുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്റിലും പ്രവര്‍ത്തിച്ചു പാരമ്പര്യമുള്ള ഗവര്‍ണ്ണര്‍ക്ക് എ.കെ. ഗോപാലനെക്കുറിച്ച് അങ്ങേയറ്റത്തെ ബഹുമാനമായിരുന്നു. 'I will describe him as a great humanist' (ഞാനദ്ദേഹത്തെ മഹാനായ മനുഷ്യസ്‌നേഹിയെന്നു പറയും) എന്നദ്ദേഹം പറഞ്ഞത് ഞാനോര്‍ക്കുന്നു. 

ഗവര്‍ണ്ണറുടെ ഒരു കന്യാകുമാരി സന്ദര്‍ശനം പ്രത്യേകം ഓര്‍ക്കാന്‍ കാരണമുണ്ട്. അന്നവിടെ സ്വാമി വിവേകാനന്ദനുമായി ബന്ധപ്പെട്ട വലിയൊരു പ്രദര്‍ശനവുമുണ്ടായിരുന്നു. അതു സന്ദര്‍ശിക്കുന്ന അവസരത്തില്‍ അതിന്റെ ചുമതലയുള്ള ഒരു സ്ത്രീ ഗവര്‍ണ്ണറെ അനുഗമിച്ചു. അദ്ദേഹം പല കാര്യങ്ങളും ചോദിക്കുകയും അതിനെല്ലാം അവര്‍ ഉടന്‍ മറുപടി നല്‍കുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍, അവര്‍ പറഞ്ഞ ചില കാര്യങ്ങള്‍ തെറ്റായിരുന്നുവെന്ന് എനിക്ക് മനസ്സിലായി. കന്യാകുമാരിയില്‍നിന്ന് മടങ്ങുമ്പോള്‍ ഗവര്‍ണ്ണര്‍ ആ സ്ത്രീയുടെ വിജ്ഞാനത്തെപ്പറ്റി വലിയ മതിപ്പു പ്രകടിപ്പിച്ചു. ഞാനാ അവസരത്തില്‍ അവര്‍ പറഞ്ഞ ചില കാര്യങ്ങള്‍ തെറ്റായിരുന്നുവെന്നും അറിവില്ലായ്മയെ ഭാഷാവൈദഗ്ദ്ധ്യംകൊണ്ട് മറയ്ക്കുകയായിരുന്നുവെന്നും പറഞ്ഞു. അദ്ദേഹം അതേക്കുറിച്ച് കൂടുതലൊന്നും അപ്പോള്‍ പറഞ്ഞില്ല. എന്നാല്‍, രാജ്ഭവനില്‍ തിരിച്ചെത്തി, രണ്ടുമൂന്ന് ദിവസം കഴിഞ്ഞ് അദ്ദേഹം എന്നോട് പല കാര്യങ്ങളിലും അവര്‍ പറഞ്ഞത് തെറ്റായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. ഒരുപക്ഷേ, ഇത്തരം 'ചെറിയ' കാര്യങ്ങള്‍ കൊണ്ടാകാം, അദ്ദേഹത്തിന്റെ പൂര്‍ണ്ണ വിശ്വാസം ആര്‍ജ്ജിക്കാന്‍ കഴിഞ്ഞത്. 

ഗവര്‍ണ്ണര്‍ക്ക് സ്ഥിരമായി ധാരാളം സന്ദര്‍ശകരുണ്ടായിരുന്നു. രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളിലുള്ള ഉന്നതരെല്ലാം അവിടെ വരും. കൂട്ടത്തില്‍ ചില 'സോദ്ദേശ്യ' സന്ദര്‍ശകരുമുണ്ടായിരുന്നുവെന്നത് എനിക്ക് വലിയ കൗതുകം പകര്‍ന്ന സംഗതിയാണ്. കല, സാഹിത്യം, സേവനം എന്നിങ്ങനെ ചില മേഖലകളില്‍ പ്രധാനികളെന്നു 'സ്വയം' ബോദ്ധ്യമുണ്ടായിരുന്ന ചില വ്യക്തികളായിരുന്നു അക്കൂട്ടര്‍. ഗവര്‍ണ്ണറോടുള്ള ബഹുമാന സൂചകമായി നടത്തുന്ന സൗഹൃദ സന്ദര്‍ശനം (Courtesy call) എന്ന നിലയിലാണ് വരുന്നത്. സംഭാഷണത്തിന്റെ അവസാനഘട്ടമാകുമ്പോള്‍ ആഗമനോദ്ദേശ്യം പ്രകടമാകും. അതുവരെ സ്വന്തം സംഭാവനകളെക്കുറിച്ചൊക്കെ പറഞ്ഞ് സാമാന്യ മര്യാദയുടെ പേരില്‍ ഗവര്‍ണ്ണറില്‍നിന്ന് ചില പ്രോത്സാഹനങ്ങളോ അഭിനന്ദനങ്ങളോ ഒക്കെ നേടും. ഏറ്റവും അവസാനം ഇത്രയും 'മഹത്തായ സംഭാവന'കളൊക്കെ സമൂഹത്തിനു നല്‍കിയിട്ടും തനിക്കിതുവരെ 'പത്മശ്രീ' ലഭിച്ചിട്ടില്ലെന്നു സൂചിപ്പിക്കും. തനിക്ക് ലഭിച്ചിട്ടില്ലെന്നു മാത്രമല്ല, തന്നെക്കാള്‍ വളരെ പിന്നിലുള്ള ചില വ്യക്തികള്‍ക്ക് വര്‍ഷങ്ങള്‍ക്കു മുന്‍പേ കിട്ടിയെന്നു സോദാഹരണം ചൂണ്ടിക്കാണിക്കും. ഈ കടുത്ത അനീതി പരിഹരിക്കാന്‍ ബഹു. ഗവര്‍ണ്ണറുടെ സഹായം അഭ്യര്‍ത്ഥിച്ച് ഒരു ബയോഡാറ്റയും കൂടി നല്‍കിയാകും സന്ദര്‍നം അവസാനിപ്പിക്കുന്നത്. പാവം ഗവര്‍ണ്ണര്‍ക്ക് ഈ 'പ്രാഞ്ചിയേട്ടന്മാരെ' എല്ലാം സഹിക്കേണ്ടിവന്നു. എഴുത്തുകാരനും ചലച്ചിത്രകാരനുമായ രഞ്ജിത്ത് 'പ്രാഞ്ചിയേട്ട'നെ കണ്ടെത്തി സിനിമയിലൂടെ അവതരിപ്പിക്കും മുന്‍പേ യഥാര്‍ത്ഥ പ്രാഞ്ചിയേട്ടന്മാരെ ഞാന്‍ കണ്ടു, രാജ്ഭവനില്‍. രഞ്ജിത്തിന്റെ സിനിമയില്‍ പത്മശ്രീക്കുവേണ്ടി പ്രാഞ്ചിയേട്ടന്റെ ജീവചരിത്രം നിര്‍മ്മിക്കുന്ന രംഗം ഏറെ മനോഹരമാണ്. എന്നാല്‍, അതിനെ വെല്ലുന്ന ചില ജീവചരിത്ര രചനകള്‍ ഞാന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ കണ്ടു. അവയെല്ലാംകൂടി ആ 'മഹാത്മാക്കളു'ടെ  ചിത്രങ്ങള്‍ സഹിതം പ്രസിദ്ധീകരിച്ചിരുന്നുവെങ്കില്‍ അത് നമ്മുടെ ഹാസ്യ സാഹിത്യത്തിനു വലിയ മുതല്‍ക്കൂട്ടാകുമായിരുന്നു.

ശ്രീചിത്തിര തിരുനാൾ
ശ്രീചിത്തിര തിരുനാൾ

എന്റെ ഓര്‍മ്മയില്‍ എന്നും തങ്ങിനില്‍ക്കുന്ന ഒരു സന്ദര്‍ശനമാണ് സ്വാതന്ത്ര്യത്തിനു മുന്‍പ് തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുന്നാളിന്റേത്. എ.ഡി.സി എന്ന നിലയില്‍ അദ്ദേഹത്തെ സ്വീകരിക്കാനും ഗവര്‍ണ്ണറുടെ സ്വീകരണമുറിയിലേയ്ക്ക് ആനയിക്കാനുമുള്ള ചുമതല എന്റേതായിരുന്നു. സ്വീകരിക്കാനായി ഞാന്‍ രാജ്ഭവന്റെ പോര്‍ട്ടിക്കോവില്‍ നില്‍ക്കുമ്പോള്‍ പലവിധ ചിന്തകള്‍ എന്റെ മനസ്സിലൂടെ കടന്നുപോയി. ഞാന്‍ സ്വീകരിക്കേണ്ടുന്ന വ്യക്തി ഒരുകാലത്ത് തിരുവിതാംകൂറിന്റെ സര്‍വ്വാധികാരങ്ങളുടേയും കേന്ദ്രബിന്ദുവായിരുന്നു. എന്നാല്‍, ഒരു സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക്കില്‍ പഴയ നാട്ടുരാജ്യത്തെ രാജാവിന് എന്ത് സ്ഥാനമാണുള്ളത്? എന്താണ് പ്രോട്ടോക്കോള്‍? ഇത്തരം പല ചിന്തകളും മനസ്സില്‍ കാടുകയറിയപ്പോള്‍ ഒരു സ്വതന്ത്ര ജനാധിപത്യ രാഷ്ട്രത്തിലെ ഭരണവ്യവസ്ഥയുടേയും നിയമവ്യവസ്ഥയുടേയും ഒരു കണ്ണിയായ എ.ഡി.സി, മഹാരാജാവിനെ സല്യൂട്ട് ചെയ്തു സ്വീകരിക്കുന്നതിന്റെ ശരിതെറ്റുകളെക്കുറിച്ച് ചില സംശയങ്ങളും മനസ്സില്‍ അങ്കുരിച്ചു. ഇത്തരം ചിന്തകളുമായി നില്‍ക്കുമ്പോള്‍ കൃത്യസമയത്തുതന്നെ തിരുവിതാംകൂര്‍ രാജകൊട്ടാരത്തിന്റെ മുദ്രയുള്ള വാഹനം രാജ്ഭവന്‍ പോര്‍ട്ടിക്കോയിലെത്തി. രാജ്ഭവനിലെ ജീവനക്കാരന്‍ കാറിന്റെ പിന്നിലെ ഡോര്‍ തുറന്നു. കാറിനുള്ളില്‍നിന്നും ഇരു കൈകളും കൂപ്പി, ഒരു കൃശഗാത്രന്‍ പുറത്തേക്കിറങ്ങി. ശരിക്കും ലാളിത്യത്തിന്റേയും വിനയത്തിന്റേയും ഊഷ്മളമായ സൗഹാര്‍ദ്ദത്തിന്റേയും പ്രതീകം. കണ്ടമാത്രയില്‍ നേരത്തെ മനസ്സിലുണ്ടായിരുന്ന സന്ദേഹങ്ങളെല്ലാം പമ്പകടന്നു. ഞാന്‍ അറിയാതെ അദ്ദേഹത്തെ സല്യൂട്ട് ചെയ്തു-ശരീരം കൊണ്ടു മാത്രമല്ല, മനസ്സുകൊണ്ടും. ഔദ്യോഗിക സ്ഥാനംമൂലമുള്ള വലിപ്പവും വ്യക്തിത്വത്തിന്റെ മഹത്വവും വ്യതിരിക്തമാണ് എന്നെന്നെ ബോദ്ധ്യപ്പെടുത്തിയ സന്ദര്‍ശനമായിരുന്നു അത്. ശ്രേണിബദ്ധമായ സര്‍ക്കാര്‍ സംവിധാനത്തില്‍ പലപ്പോഴും നമ്മളിതു മറന്നുപോകുന്നില്ലേ?

സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ, രാജ്ഭവനില്‍ ഏതാണ്ടിതേ സ്ഥലത്തുവെച്ച് മറ്റൊരു മഹത് വ്യക്തിത്വത്തെ ഞാന്‍ സല്യൂട്ട് ചെയ്തു, ആറു വര്‍ഷത്തിനുശേഷം. അപ്പോള്‍ ഞാന്‍ തിരുവനന്തപുരത്ത് ഡെപ്യൂട്ടി പൊലീസ് കമ്മിഷണറായിരുന്നു. കനകക്കുന്ന്  കൊട്ടാരത്തില്‍ വച്ച് 'ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിന്റെ തിരുവനന്തപുരം എഡിഷന്‍ അന്ന് വൈസ് പ്രസിഡന്റായിരുന്ന കെ.ആര്‍. നാരായണന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഇ.എം.എസും പ്രസംഗിച്ചു. ഉദ്ഘാടനത്തിനുശേഷം വൈസ് പ്രസിഡന്റ് ഉള്‍പ്പെട്ട വാഹനവ്യൂഹം രാജ്ഭവനില്‍ വന്നു. കുറേയേറെ വി.ഐ.പി.കളും മറ്റും ഒരുമിച്ചെത്തിയ ബഹളത്തിനിടയില്‍, പോര്‍ച്ചിനോട് ചേര്‍ന്ന വരാന്തയില്‍ ഇ.എം.എസ് ഒറ്റയ്ക്ക് നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ആ പ്രായത്തില്‍ പൊതുചടങ്ങും പ്രസംഗവും യാത്രയും എല്ലാം കൊണ്ട് അദ്ദേഹം ക്ഷീണിതനാണെന്ന് എനിക്കു തോന്നി. ഞാനടുത്തു ചെന്ന് ആദ്യം സല്യൂട്ട് ചെയ്തു. അദ്ദേഹം പുഞ്ചിരിയോടെ, കൈ അല്പം ഉയര്‍ത്തി അത് സ്വീകരിച്ചു. അകത്ത് ഇരിക്കാമെന്നും ആവശ്യമെങ്കില്‍ കസേര ഇങ്ങോട്ടെടുക്കാമെന്നും ഞാന്‍ പറഞ്ഞു. തിരികെ മടങ്ങാന്‍ കാറെടുത്താല്‍ മതിയെന്ന് അദ്ദേഹം സൂചിപ്പിച്ചു. അവിടുത്തെ തിരക്കിനും ബഹളത്തിനുമിടയില്‍ വളരെപ്പെട്ടെന്ന് കാറെടുപ്പിച്ച് അദ്ദേഹത്തെ ആദരപൂര്‍വ്വം യാത്രയാക്കി, ഞാന്‍ ജനിക്കും മുന്‍പേ കേരള മുഖ്യമന്ത്രി ആയ ആ വലിയ മനുഷ്യനെ. എല്ലാ കാലത്തും അധികാരസ്ഥാനങ്ങള്‍, അത് രാഷ്ട്രീയമായാലും ഉദ്യോഗ പദവി ആയാലും, ആശ്രിതരേയും അവതാരങ്ങളേയും വൈതാളികരേയും ധാരാളമായി  ആകര്‍ഷിക്കും. അത്തരക്കാരുടെ ദാസ്യപ്രകടനങ്ങള്‍ വ്യക്തിയോടുള്ള ബഹുമാനമല്ല, മറിച്ച് കാര്യസാധ്യത്തിനുള്ള ഉപായം മാത്രമാണ്. അധികാരസ്ഥാനം ഇല്ലാതാകുമ്പോള്‍ ഒരു വ്യക്തിയോട് ബഹുമാനം തോന്നുന്നുവെങ്കില്‍ അതാണ് വ്യക്തിത്വത്തിന്റെ മഹത്വം. അധികാരം ആര്‍ജ്ജിക്കുന്നതിനേക്കാള്‍ ദുഷ്‌കരമാണത്. 

ഇ.എം.എസ്
ഇ.എം.എസ്

1991 മേയ് 21 നമ്മുടെ രാജ്യത്തിന് ഒരു ദുര്‍ദിനമായിരുന്നല്ലോ. അന്ന് രാത്രി പത്തരയോടെ തമിഴ്നാട്ടില്‍ ശ്രീപെരുംപത്തൂര്‍ വെച്ച് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ബോംബ് സ്ഫോടനത്തില്‍ മരണപ്പെട്ടു. വിവരം ഗവര്‍ണ്ണറെ അറിയിക്കാന്‍ രാത്രിയില്‍ത്തന്നെ രാജ്ഭവനിലെത്തി. കംപ്ട്രോളര്‍ രാമചന്ദ്രന്‍ നായരും മറ്റുചില ഉദ്യോഗസ്ഥരും അവിടെ എത്തിയിരുന്നു. ഗവര്‍ണ്ണര്‍ അദ്ദേഹത്തിന്റെ ബെഡ്‌റൂമില്‍ ഉറക്കത്തിലായിരുന്നു. അര്‍ദ്ധരാത്രിയോടടുത്ത സമയത്ത് അദ്ദേഹത്തെ മുറിയില്‍ തട്ടി ഉണര്‍ത്താന്‍ ജീവനക്കാര്‍ അല്പം ബുദ്ധിമുട്ടി. അന്നേ ദിവസം പകല്‍ അദ്ദേഹത്തിന്റെ ഭാര്യയും മൂത്ത മകളും പേരക്കുട്ടിയും രാജ്ഭവനില്‍നിന്ന് കന്യാകുമാരിയില്‍ പോയി അവിടെ താമസിക്കുകയായിരുന്നു. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്ന ഗവര്‍ണ്ണറെ അസമയത്ത് വിളിച്ചുണര്‍ത്തുമ്പോള്‍ എന്തെങ്കിലും അത്യാവശ്യമുണ്ടായിരിക്കും എന്ന മാനുഷികമായ ഉല്‍ക്കണ്ഠ അദ്ദേഹത്തിനുണ്ടാകാം എന്ന് എനിക്കു തോന്നി. ഒരുപക്ഷേ, കന്യാകുമാരിയിലായിരുന്ന തന്റെ കുടുംബാംഗങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായോ എന്നദ്ദേഹം ചിന്തിച്ചേക്കാം. എങ്ങനെ അദ്ദേഹത്തോട് വാര്‍ത്ത പറയും എന്ന് ഞാന്‍ ചിന്തിച്ചു. ഉറക്കത്തില്‍നിന്നും ഉണര്‍ന്ന ഗവര്‍ണ്ണര്‍ മുറിയില്‍നിന്നു പുറത്തുവന്ന് അടുത്ത മുറിയില്‍ ഒരു കസേരയിലിരുന്നു. വലിയ ഉല്‍ക്കണ്ഠയൊന്നും മുഖത്തു പ്രകടമായില്ലെന്നു തോന്നി. എങ്കിലും അല്പം ആകാംക്ഷയോടെ അദ്ദേഹം എന്നെ നോക്കി.  ഞാന്‍ സാവകാശം, 'Sir, there is some political developmemt' എന്നാദ്യം പറഞ്ഞു. ഏതാനും നിമിഷം കഴിഞ്ഞ് തമിഴ്നാട്ടിലുണ്ടായ സ്ഫോടനത്തെക്കുറിച്ച് പറഞ്ഞു. തുടര്‍ന്ന് രാജീവ് ഗാന്ധിക്ക് പരിക്കേറ്റ കാര്യവും, പിന്നീട് അദ്ദേഹത്തിന്റെ ജീവന്‍ നഷ്ടപ്പെട്ടുവെന്നതും അറിയിച്ചു. അദ്ദേഹം എല്ലാം ശ്രദ്ധിച്ചു കേട്ടു. പിന്നെ നിശ്ശബ്ദനായി ഏറെ നേരം ഇരുന്നു. അവസാനം 'What is happening to our country?' എന്ന് അദ്ദേഹം പറഞ്ഞു; പിന്നെ നിശ്ശബ്ദത തുടര്‍ന്നു. ഏതാനും ദിവസം മുന്‍പു മാത്രം രാജീവ് ഗാന്ധി അദ്ദേഹത്തിനെഴുതിയ ഒരു കത്ത് എന്നെ കാണിച്ചത് ഞാനോര്‍ത്തു. ''രാഷ്ട്രം തെരഞ്ഞെടുപ്പ് രംഗത്താണെന്നും അങ്ങയുടെ അനുഗ്രഹം (blessings) ഉണ്ടാകണം''  എന്നുമായിരുന്നു ഉള്ളടക്കം. 'I am Governor now. What can I do?' എന്ന് അദ്ദേഹം പറയുകയും ചെയ്തു. പിന്നീട് ഗവര്‍ണ്ണറോടൊപ്പം രാജീവ് ഗാന്ധിയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ അനുഗമിച്ചതും ഞാനായിരുന്നു.

തിരികെ വരുമ്പോള്‍ വിമാനത്തില്‍ വെച്ചുണ്ടായ ഒരു ചെറിയ കാര്യം ഓര്‍ക്കുന്നു. ഫ്‌ലൈറ്റില്‍ അതേ ചടങ്ങില്‍ പങ്കെടുത്തു മടങ്ങുന്ന ധാരാളം കോണ്‍ഗ്രസ് നേതാക്കളുമുണ്ടായിരുന്നു. ഇടയ്ക്ക് അവസരമുണ്ടായപ്പോള്‍, ഗവര്‍ണ്ണര്‍ പരിചയമുള്ള നേതാക്കളോട് സൗഹൃദം പങ്കിട്ടു. മുതിര്‍ന്ന നേതാക്കള്‍ പോലും വളരെ ബഹുമാനത്തോടെയാണ്, പലരും സീറ്റില്‍ നിന്നെഴുന്നേറ്റ്  നിന്നാണ് അദ്ദേഹത്തോട് സംസാരിച്ചത്. മുതിര്‍ന്ന നേതാക്കള്‍ നില്‍ക്കുമ്പോള്‍ത്തന്നെ അക്കാലത്ത് ഡല്‍ഹി രാഷ്ട്രീയത്തില്‍  ശോഭിച്ചിരുന്ന ഒരു വ്യക്തിമാത്രം ഗവര്‍ണ്ണര്‍ തൊട്ടടുത്ത് നില്‍ക്കുമ്പോഴും സീറ്റില്‍നിന്ന് അനങ്ങിയില്ല. തീരെ ബഹുമാനമില്ലാത്ത സമീപനം പ്രകടമായിരുന്നു. ഗവര്‍ണ്ണര്‍ അദ്ദേഹത്തോടുപോലും നല്ലനിലയിലാണ് ഇടപഴകിയത്. അന്ന് രാഷ്ട്രീയത്തില്‍  സ്വാധീനമുണ്ടായിരുന്ന ആ മനുഷ്യന്‍ അധികം താമസിയാതെ നിലംപതിച്ചപ്പോള്‍ ഞാന്‍ ഈ സംഭവം ഓര്‍ത്തു. അങ്ങനെ സമൂഹം, രാഷ്ട്രീയം എന്നിവയെക്കുറിച്ച് രാജ്ഭവന്റെ ഔന്നത്യത്തില്‍ നിന്നുമാത്രം മനസ്സിലാക്കാന്‍ കഴിയുന്ന പല കാഴ്ചകളും ഞാന്‍ കണ്ടു.

രാജ്ഭവനു മുന്നില്‍ ചില സന്ദര്‍ഭങ്ങളില്‍ സമരങ്ങളുണ്ടാകാറുണ്ട്. സാധാരണയായി അത്തരം സമരങ്ങളെല്ലാം തിരുവനന്തപുരം സിറ്റി പൊലീസിന്റെ തലവേദനയാണ്. അവയൊന്നും രാജ്ഭവനെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്‌നമാകാറില്ല. എന്നാല്‍ വ്യത്യസ്തമായ ഒരനുഭവം എ.ഡി.സി ആയിരിക്കെ എനിക്കുണ്ടായി. കുവൈറ്റും ഇറാഖും ഉള്‍പ്പെട്ട യുദ്ധത്തെത്തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ മലയാളികള്‍ നേരിട്ട പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഒരു വലിയ ധര്‍ണ്ണ രാജ്ഭവന്‍ ഗേറ്റിലുണ്ടായി. ധര്‍ണ്ണ കഴിഞ്ഞിട്ടും സംഘാടകര്‍ മടങ്ങിപ്പോകാതെ ഗവര്‍ണ്ണറെ കാണണം എന്ന് നിര്‍ബ്ബന്ധം പിടിക്കുന്നതായി രാജ്ഭവന്‍ സെക്യൂരിറ്റി ഓഫീസര്‍ ഫോണില്‍ എന്നെ അറിയിച്ചു. അതിനുള്ള അനുവാദം മുന്‍കൂട്ടി വാങ്ങിയിരുന്നില്ലെങ്കിലും പിരിഞ്ഞുപോകാതെ അവര്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും അറിയിച്ചു. ഗേറ്റില്‍ ഒരു അനാവശ്യ സീന്‍ ഒഴിവാക്കാന്‍ നേതാക്കളെ  മാത്രം സെക്യൂരിറ്റി ഓഫീസറുടെ മുറിയില്‍ വരുത്തി കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചു. കുറേക്കഴിഞ്ഞ് സെക്യൂരിറ്റി ഓഫീസര്‍ വീണ്ടും എന്നെ വിളിച്ചു. അവര്‍ കടുത്ത വാശിയിലാണെന്നും ഗവര്‍ണ്ണറെ കണ്ടേ അടങ്ങൂ എന്നു പറഞ്ഞു നില്‍ക്കുകയാണെന്നും അറിയിച്ചു. ഞാന്‍ തന്നെ അവരോട് സംസാരിച്ചിരുന്നെങ്കില്‍ നന്നായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. ബുദ്ധിമുട്ട് മനസ്സിലാക്കി അവരുടെ നാലഞ്ചു പ്രതിനിധികളെ എന്റെ മുറിയിലേയ്ക്കയക്കാന്‍ പറഞ്ഞു. പ്രതിനിധികളെത്തി അവരുടെ ആവശ്യങ്ങള്‍ ശക്തിയുക്തം എന്നോട് അവതരിപ്പിച്ചു. അവര്‍ക്ക് ഗവര്‍ണ്ണറെ കണ്ട് ഒരു നിവേദനം നേരിട്ട് നല്‍കിയേ മതിയാകൂ.  ഗവര്‍ണ്ണറെപ്പോലെ സമുന്നതമായ ഭരണഘടനാ പദവി വഹിക്കുന്ന ഒരു വ്യക്തിയെ സന്ദര്‍ശിക്കുന്നതിനു ചില ഔപചാരികമായ മര്യാദകളുണ്ടെന്നും അതിന്‍പ്രകാരം മുന്‍കൂട്ടി അനുമതി വാങ്ങേണ്ടുന്നതിന്റെ ആവശ്യകതയെല്ലാം ഞാന്‍ ക്ഷമയോടെ വിശദീകരിച്ചു. പക്ഷേ, അവര്‍ തൃപ്തരായില്ല. ഗള്‍ഫ് മലയാളികളുടെ പ്രശ്‌നത്തിന്റെ രൂക്ഷതയെക്കുറിച്ചും അത്തരമൊരു വിഷയത്തില്‍ ഗവര്‍ണ്ണര്‍ തങ്ങളുടെ നിവേദനം നേരിട്ടു സ്വീകരിച്ചില്ലെങ്കില്‍ അത് ഈ പ്രശ്‌നത്തോടുള്ള ഗവര്‍ണ്ണറുടെ തണുപ്പന്‍ സമീപനമാണെന്നും മറ്റും തീവ്രമായി അവര്‍ വാദിച്ചു. ഗവര്‍ണ്ണറുടെ താല്പര്യക്കുറവല്ല, കൃത്യമായ നടപടിക്രമമനുസരിച്ച് മുന്‍കൂട്ടി അനുമതി വാങ്ങുന്നതില്‍ നിങ്ങളുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായതാണ് യഥാര്‍ത്ഥ പ്രശ്‌നം എന്ന് ഞാനും വിശദീകരിച്ചു. എന്നിട്ടും അവര്‍ വഴങ്ങിയില്ല. സംഭാഷണം ഇങ്ങനെ തുടരുന്നതിനിടയില്‍ മോടിയില്‍ വേഷം ധരിച്ച രാജ്ഭവന്‍ ജീവനക്കാരന്‍ എല്ലാവര്‍ക്കും ചായ കൊണ്ടുവന്നു. സംഭാഷണം അങ്ങനെ തുടര്‍ന്നു- ഇരുവശവും കൂട്ടിമുട്ടാതെ. അവസാനം അവര്‍ ഒരു ബ്രഹ്മാസ്ത്രം പ്രയോഗിച്ചു. അതായത് രാജ്ഭവനില്‍നിന്നും അവര്‍ നേരെ പോകുന്നത് പ്രസ്സ് ക്ലബ്ബിലേയ്ക്കാണെന്നും അവിടെ ഗവര്‍ണ്ണര്‍ തങ്ങള്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചുവെന്നും അതില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുമെന്നുമായി. ഒരു ചെറിയ ഭിഷണി. പത്രപ്രവര്‍ത്തകര്‍ക്ക് ഇത്തരം പ്രോട്ടോക്കോള്‍ ഒക്കെ അറിയാമെന്നും ഗവര്‍ണ്ണറെ കാണാനുള്ള അനുമതി മുന്‍കൂട്ടി വാങ്ങിയിരുന്നോ എന്നവര്‍ ചോദിക്കും എന്ന് ഞാനും പറഞ്ഞു. വിവാദം ഒഴിവാക്കണമെന്ന് എനിക്കും നിര്‍ബ്ബന്ധമുണ്ടായിരുന്നു. അങ്ങനെ സംഭാഷണം നീണ്ടു. 

അവസാനം ഒരു  രക്ഷയുമില്ലെന്നു വന്നപ്പോള്‍ അവര്‍ ഒരുപാധി മുന്നോട്ടുവെച്ചു. അവരുടെ കൂടെ വന്ന നാലഞ്ചുപേര്‍കൂടി  സെക്യൂരിറ്റി ഓഫീസറുടെ  മുറിയിലുണ്ടായിരുന്നു. അവരെക്കൂടി ഇങ്ങോട്ട് വിളിക്കണം. അവരോട് തങ്ങള്‍ മാത്രം ഗവര്‍ണ്ണറെ കണ്ടുവെന്നും നിവേദനം നല്‍കിയെന്നും പറയും. ഞാന്‍ നിശ്ശബ്ദത പാലിക്കണം. കാര്യം എത്രയോ നിസ്സാരം. വലിയൊരു പ്രശ്‌നം തീരുകയും ചെയ്യും. കുരുക്ഷേത്ര യുദ്ധഭൂമിയില്‍ ദ്രോണാചാര്യരെ കബളിപ്പിച്ച് യുദ്ധത്തിനിറക്കിയ കഥ ഞാനോര്‍ത്തു. ആനയെന്ന ഭാഗം വിഴുങ്ങി, അശ്വത്ഥാമാവ് വധിക്കപ്പെട്ടുവെന്ന് സാക്ഷാല്‍ ധര്‍മ്മപുത്രര്‍ ദ്രോണാചാര്യരോട് പറഞ്ഞകാര്യം.
അങ്ങനെ ഞാനും ധര്‍മ്മപുത്രരായി!

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com