വലിയ കാര്യങ്ങള്‍ക്കിടയിലെ 'ചെറിയ' കൊലപാതകം

ഊരും പേരുമറിയാത്ത ഏതോ ഒരു തമിഴന്‍ പയ്യന്‍' കുന്നംകുളത്ത് ഞാന്‍ എ.എസ്.പി ആയി ചാര്‍ജെടുക്കും മുന്‍പേ മനസ്സില്‍ കുടിയേറി
വലിയ കാര്യങ്ങള്‍ക്കിടയിലെ 'ചെറിയ' കൊലപാതകം

രും പേരുമറിയാത്ത ഏതോ ഒരു തമിഴന്‍ പയ്യന്‍' കുന്നംകുളത്ത് ഞാന്‍ എ.എസ്.പി ആയി ചാര്‍ജെടുക്കും മുന്‍പേ മനസ്സില്‍ കുടിയേറി. അവനെ എന്റെ മനസ്സിലേയ്ക്ക് ആദ്യം  കടത്തിവിട്ടത് ഹോര്‍മിസ് തരകന്‍ സാറാണ്. അന്നദ്ദേഹം എറണാകുളത്ത് ഡി.ഐ.ജി ആയിരുന്നു. എ.എസ്.പി ആയി ചാര്‍ജെടുക്കും മുന്‍പേ ഔദ്യോഗികമായി ഡി.ഐ.ജിയെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഞാന്‍, യൂണിഫോമില്‍. 'യൂണിഫോമില്‍' എന്നത് എടുത്തുപറയേണ്ടതു തന്നെയാണ്. കാരണം, അതിനു മുന്‍പ് അദ്ദേഹത്തെ കണ്ടത് യൂണിഫോമിലായിരുന്നില്ല. ആ സന്ദര്‍ശനം  സാമാന്യം വലിയൊരു 'പുകിലാ'യിക്കഴിഞ്ഞിരുന്നു, ഐ.പി.എസ് വൃത്തങ്ങളില്‍. അന്നത്തെ സന്ദര്‍ശനം ഒറ്റയ്ക്കായിരുന്നില്ല. 1986 ബാച്ചില്‍ കേരളത്തില്‍ വന്ന 6 പേരുമുണ്ടായിരുന്നു - നിര്‍മ്മല്‍ ചന്ദ്ര അസ്താന, രാജേഷ് ദിവാന്‍, ശങ്കര്‍റെഡ്ഡി, മുഹമ്മദ് യാസിന്‍, ഗജാനന്ദ് മീന, പിന്നെ ഞാനും. നാഷണല്‍ പൊലീസ് അക്കാദമിയിലെ അതികഠിനമായ പരിശീലനം കഴിഞ്ഞ് തിരുവനന്തപുരത്തെത്തിയപ്പോള്‍ ഞങ്ങള്‍ സ്വയം 'സ്വാതന്ത്ര്യം' പ്രഖ്യാപിച്ചു, ചെറിയ തോതിലെങ്കിലും. അതിന്റെ ഭാഗമായി കേരള ദര്‍ശനത്തിനുള്ള അവസരമായപ്പോള്‍ അല്പം താത്ത്വിക ചര്‍ച്ചകള്‍ക്കു ശേഷം ഞങ്ങള്‍ 'ധീരമായ' ഒരു തീരുമാനമെടുത്തു. കേരള ദര്‍ശനത്തിന്റെ വിജയത്തിന് 'യൂണിഫോം' ഒരു തടസ്സമാണ്. അതുകൊണ്ടതു വേണ്ട.

ഞങ്ങളുടെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി അന്ന് അദ്ദേഹത്തെ കാണുമ്പോള്‍ അങ്ങേയറ്റത്തെ സൗഹൃദത്തിലായിരുന്നു ഞങ്ങളോട് സംസാരിച്ചത്. എങ്കിലും ഇടയ്ക്ക് അദ്ദേഹം ചോദിച്ചു: 'Nobody in Trivandrum advised you to be in uniform while calling on Senior officers?' (ഉയര്‍ന്ന ഉദ്യോഗസ്ഥരെ കാണുമ്പോള്‍ യൂണിഫോം ധരിക്കണമെന്ന് തിരുവനന്തപുരത്ത് നിങ്ങളോടാരും പറഞ്ഞില്ലേ?) നിഷ്‌കളങ്കഭാവത്തില്‍, അത്ര നിഷ്‌കളങ്കമല്ലാത്ത മറുപടി ഞാന്‍ പറഞ്ഞു: 'No, Sir' മറുപടി, സാങ്കേതികമായി ശരിയായിരുന്നു. യൂണിഫോം ധരിക്കണമെന്നാരും പറഞ്ഞിരുന്നില്ല. പക്ഷേ, അങ്ങനെ ഒരു ചോദ്യം ഞങ്ങളാരോടും ചോദിച്ചിരുന്നുമില്ല. ഭാഗ്യത്തിന് അന്നങ്ങനെ ഞങ്ങള്‍ രക്ഷപ്പെട്ടു. ഞങ്ങളുടെ പ്രവൃത്തിയുടെ അനൗചിത്യം അദ്ദേഹം കൃത്യമായി മനസ്സിലാക്കിത്തന്നു, മാന്യമായ രീതിയില്‍. എറണാകുളത്തുനിന്നും കേരള ദര്‍ശനം വടക്കോട്ട് നീങ്ങിയപ്പോള്‍ 'യൂണിഫോം' പ്രശ്‌നം കൂടുതല്‍ രൂക്ഷമായി. തല്‍ക്കാലം അതവിടെ നില്‍ക്കട്ടെ. ഞാനിപ്പോള്‍ യൂണിഫോമില്‍ ഡി.ഐ.ജിയെ കാണാന്‍ നില്‍ക്കുകയാണല്ലോ.

ഒട്ടും വൈകാതെ തന്നെ അദ്ദേഹം എന്നെ വിളിപ്പിച്ചു. ആദ്യം കണ്ടപോലെ തന്നെ, തികഞ്ഞ  സൗഹൃദത്തോടെയുള്ള സമീപനം. അത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമായിരുന്നു. ഇരിക്കുന്ന കസേരയുടെ വലിപ്പച്ചെറുപ്പം സഹപ്രവര്‍ത്തകരോടുള്ള സമീപനത്തെ സ്വാധീനിച്ചില്ല, ഒരിക്കലും. അക്കാര്യത്തില്‍ ഉത്തമ മാതൃക ആയിരുന്നു ഹോര്‍മിസ് തരകന്‍. നേരെ വിപരീതമായ 'മാതൃക'കളും കണ്ടിട്ടുണ്ട്. ഒരു ഉദാഹരണം പറയാതെ വയ്യ. ഒരിക്കല്‍ ഞാന്‍ സാക്ഷിയായ ദൃശ്യം-പുതുതായി പ്രമോഷന്‍ ലഭിച്ച ഒരു ഉയര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ, തന്നെക്കാള്‍ ഒരു വര്‍ഷം മാത്രം ജൂനിയര്‍ ആയ സഹപ്രവര്‍ത്തകനോടുള്ള പെരുമാറ്റം. വളരെ നിസ്സാരമായ കാരണം പറഞ്ഞ് ആ ഉദ്യോഗസ്ഥനെ ഇരിക്കാന്‍ പോലും പറയാതെ, പരുഷമായ ഭാഷയില്‍, എത്ര നേരമാണ് ഉച്ചത്തില്‍ ശാസിച്ചത്, അതും  അനവധി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍. എത്ര ആഭാസകരമായിരുന്നു ആ പ്രകടനം. പ്രമോഷന്‍, പുതിയ സ്ഥാനലബ്ധി, രാഷ്ട്രീയ സ്വാധീനം എല്ലാം ചേര്‍ന്ന് അധികാരത്തിന്റെ മത്ത് പിടിച്ചപ്പോള്‍ ആ പ്രകടനം സാമാന്യ മര്യാദയുടെ  എല്ലാ പരിധികളും ലംഘിച്ചു. അതിനെ അശ്ലീലം എന്നുതന്നെ പറയണം. അധികം വൈകാതെ, അദ്ദേഹം തികച്ചും അവഹേളിതനായി ആ സ്ഥാനത്ത് നിന്നിറങ്ങുമ്പോഴും ഈ പ്രകടനം ഞാനോര്‍ത്തു. ഇത്തരം 'മാതൃക'കളും ഉണ്ട്. തന്നേക്കാള്‍ ദുര്‍ബ്ബലന്‍ എന്നു കരുതുന്നവരെ ചവിട്ടിത്തേക്കുകയും അല്പമെങ്കിലും ശക്തന്‍ എന്നു് കരുതുന്നവരുടെ പാദസേവ നടത്തുകയും  ചെയ്യുന്നതാണ് അവരുടെ രീതി.  ഭാഗ്യവശാല്‍ കേരളാ പൊലീസില്‍, പ്രത്യേകിച്ച് ഐ.പി.എസില്‍ ഇത്തരം മാതൃകകള്‍ അന്ന്  കുറവായിരുന്നുവെന്ന് തോന്നുന്നു. പക്ഷേ, കേരളത്തിനു പുറത്ത് അതായിരുന്നില്ല  അവസ്ഥ.

ഡി.ഐ.ജി ഹോര്‍മിസ് തരകന്‍, സബ്ബ് ഡിവിഷന്റെ ചുമതല വഹിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കടമകളെക്കുറിച്ചാണ് പറഞ്ഞുതുടങ്ങിയത്. കൂട്ടത്തില്‍ അദ്ദേഹം സൂചിപ്പിച്ചു: ''ഹേമചന്ദ്രന്‍ ചാര്‍ജെടുക്കുന്നത് ഒരു മികച്ച ഉദ്യോഗസ്ഥനില്‍നിന്നാണ്.'' പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍വെച്ച് മിതഭാഷിയായ ഐ.ജി. രാജഗോപാലന്‍ നായര്‍ സാര്‍ പറഞ്ഞ വാക്കുകള്‍ മനസ്സില്‍വന്നു. 'You are replacing the best DySP in Kerala.' (കേരളത്തിലെ ഏറ്റവും മികച്ച ഡി.വൈ.എസ്.പി-യുടെ സ്ഥാനത്താണ് നിങ്ങള്‍ പോകുന്നത്) കെ.ആര്‍. വാരിജാക്ഷന്‍ എന്ന ആ ഉദ്യോഗസ്ഥനെ പിന്നീട് അടുത്തറിഞ്ഞപ്പോള്‍ എനിക്കുമത് ബോദ്ധ്യമായി.

''അവിടെ തെളിയിക്കപ്പെടാത്ത രണ്ട് murder cases ഉണ്ട്''- ഡി.ഐ.ജി പറഞ്ഞു. ''അതൊന്ന് പ്രത്യേകം നോക്കണം.'' അദ്ദേഹം അതിന്റെ വിശദാംശങ്ങളിലേയ്ക്ക് കടന്നു. ''ഒന്ന് ഏതാണ്ട് അന്‍പതു വയസ്സ് പ്രായമുള്ള ഒരു മനുഷ്യന്‍. മരിച്ചുകിടന്നത് സ്വന്തം വീടിന്റെ മുന്നിലായിരുന്നു. ആളല്പം ലൂസ് ലൈഫായിരുന്നു. ആദ്യം അയാളുടെ മകനെ സംശയിച്ചിരുന്നു. പക്ഷേ, തെളിഞ്ഞിട്ടില്ല. അടുത്തത്, it is at ragic thing. (അതൊരു ദുരന്തമാണ്). അത് കുന്നംകുളത്താണ്. മരിച്ചത് ഒരു പയ്യനാണ്. അവനെ തിരിച്ചറിഞ്ഞിട്ടുപോലുമില്ല. ഒരു തമിഴന്‍ പയ്യന്‍. ഊരും പേരും ഒന്നുമറിയില്ല.'' രണ്ടു സംഭവങ്ങളുമുണ്ടായിട്ട് ആറേഴ് മാസം കഴിഞ്ഞിരുന്നു. കുന്നംകുളത്തെ കേസ് തീരെ പ്രതീക്ഷയ്ക്ക് വകയില്ലാത്ത അവസ്ഥയിലായിരുന്നുവെന്ന് തോന്നുന്നു. മരിച്ചയാളെപ്പോലും തിരിച്ചറിഞ്ഞിട്ടില്ല. ഊരും പേരും അറിയാത്ത ഏതോ ഒരു തമിഴന്‍ പയ്യന്‍ എന്നുമാത്രം എല്ലാ പേര്‍ക്കും അറിയാം. അദ്ദേഹം കൂടുതല്‍ സമയം ചെലവഴിച്ചത് ആ തമിഴന്‍ പയ്യന്റെ കേസിലായിരുന്നു. കേസ് തെളിയണമെന്നതില്‍ വലിയ താല്പര്യമാണ്  അദ്ദേഹമെടുത്തത്.

ഹോര്‍മിസ് തരകന്‍
ഹോര്‍മിസ് തരകന്‍

അങ്ങനെ കുന്നംകുളത്ത് ഞാന്‍ എ.എസ്.പി ആയി ചാര്‍ജെടുക്കാനെത്തുമ്പോള്‍ ആ 'തമിഴന്‍ പയ്യന്‍' കൊല ചെയ്യപ്പെട്ട കേസിന്റെ കാര്യം ഓര്‍ത്തു. ചാര്‍ജെടുക്കുമ്പോള്‍ കൗതുകവും സങ്കടവും തോന്നിയ ഒരു സംഭവമുണ്ടായി. ചാര്‍ജ് റിപ്പോര്‍ട്ട് ഒപ്പിട്ട ശേഷം അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ പരിചയപ്പെട്ട് അവരുടെ പ്രവര്‍ത്തനമേഖലയെക്കുറിച്ച് പറയുന്നത് കേട്ടിരിക്കുകയായിരുന്നു. അതിനിടയില്‍ എ.എസ്.പിയുടെ ഔദ്യോഗിക ഫോണില്‍ ഒരു കാള്‍ വന്നു. ഗുരുവായൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നായിരുന്നു ഫോണ്‍. തലേന്ന് രാത്രി ഗുരുവായൂരിലുണ്ടായ ഒരു വാഹനാപകടത്തെക്കുറിച്ച് അറിയിക്കാനായിരുന്നു വിളിച്ചത്. പാലക്കാട് നിന്ന് ഗുരുവായൂരമ്പലത്തില്‍വെച്ച് കുഞ്ഞിന് ചോറൂട്ടുന്ന ചടങ്ങിനായി വന്ന ഒരു കുടുംബമായിരുന്നു അപകടത്തില്‍പ്പെട്ടത്. ഏറ്റവും ദുഃഖകരമായ കാര്യം ആ കുഞ്ഞ് തന്നെ അപകടത്തില്‍ മരണപ്പെട്ടുവെന്നതായിരുന്നു. വാഹനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെടുന്ന സംഭവം ഗൗരവമുള്ള കേസ്  ആകയാല്‍ അക്കാര്യം പൊലീസ് സ്റ്റേഷനില്‍നിന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥരെ പെട്ടെന്ന് അറിയിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് അവരെന്നെ ഫോണിലൂടെ വിവരം അറിയിച്ചത്.

ഫോണ്‍ വെച്ചശേഷം ഞാന്‍ ആ വിവരം മുന്നിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് പറഞ്ഞു. ആ ദുഃഖവാര്‍ത്ത കേട്ടപ്പോള്‍ അവരില്‍ ചിലര്‍ പറഞ്ഞത് അതൊരു നല്ല ശകുനമാണെന്നായിരുന്നു. അതെനിക്ക് മനസ്സിലായില്ല. പൊലീസുദ്യോഗസ്ഥന്‍ ചാര്‍ജെടുക്കുമ്പോള്‍ അസാധാരണ മരണം, മോഷണം തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ അതാ ഉദ്യോഗസ്ഥന് ശുഭകരമാണത്രെ! എനിക്ക് കൗതുകവും വേദനയും തോന്നി. ഏതായാലും ഇത്തരം ശുഭ, അശുഭ വിചാരങ്ങള്‍ ഒരുകാലത്തും എന്നെ സ്പര്‍ശിച്ചിട്ടില്ല. പക്ഷേ, ഇതുപോലുള്ള  അന്ധവിശ്വാസങ്ങള്‍ പൊലീസില്‍ പലരും വെച്ചുപുലര്‍ത്തുന്നുണ്ടെന്നു തോന്നുന്നു.

ജീവിതത്തില്‍ അനിശ്ചിതത്വം വര്‍ദ്ധിക്കുമ്പോഴാണോ അന്ധവിശ്വാസം വളരുന്നത്? അങ്ങനെ തോന്നുന്നു.
ഒത്തുകൂടിയ ഉദ്യോഗസ്ഥരെല്ലാം തങ്ങളുടെ അധികാരപരിധിയിലുള്ള പ്രധാന പ്രശ്‌നങ്ങളെപ്പറ്റി ലഘുവിവരണം തന്നു. ഞാനതെല്ലാം ശ്രദ്ധിച്ചു കേട്ടു. ഡി.ഐ.ജി സൂചിപ്പിച്ചിരുന്ന കേസുകളെക്കുറിച്ചറിയാന്‍ പ്രത്യേക താല്പര്യമുണ്ടായിരുന്നു. ''ടൗണില്‍ തെളിയാത്ത ഒരു ാൗൃറലൃ രമലെ ഉണ്ടോ?'' - ഞാന്‍ ചോദിച്ചു. പെട്ടെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബനഡിക്ട് പറഞ്ഞു ''അതൊരു തമിഴ് പയ്യന്റെ കേസാണ് സാര്‍. അതിപ്പോള്‍ ആറുമാസം കഴിഞ്ഞു. ഞങ്ങളാദ്യം കാര്യമായി അന്വേഷിച്ചതാണ്. അവന്റെ ഊരും പേരും ഒന്നുമറിയില്ല.''  

''എന്തു പ്രായം കാണും?''  ഞാന്‍ ചോദിച്ചു. ''ഒരു 16, 17 വയസ്സ് കാണും സാര്‍,'' അദ്ദേഹം തുടര്‍ന്നു: ''ഇവര്‍ക്കങ്ങനെ സ്ഥിരം സ്ഥലമൊന്നുമില്ല. അലഞ്ഞുതിരിഞ്ഞു നടക്കുന്ന ടീമാണ്. ഒരു സ്ഥലത്ത് വരും. ആക്രിയൊക്കെ പെറുക്കി നടക്കും. ഇടയ്ക്ക് മാര്‍ക്കറ്റിലോ കടയിലോ ഒക്കെ ചെറിയ ജോലിയൊക്കെ ചെയ്യും. കൂടുതല്‍ കാലം ഒരിടത്തും തങ്ങത്തില്ല.''

''ഇവര്‍ക്കു രാത്രികാലസങ്കേതങ്ങള്‍ വല്ലതുമുണ്ടോ?'' ഞാന്‍ ചോദിച്ചു.
''രാത്രികാലത്ത് മിക്കവാറും വല്ല ബസ്സ്റ്റാന്റിലോ, കടത്തിണ്ണയിലോ ഒക്കെ ആയിരിക്കും. ഇവരുടെ കൂട്ടത്തില്‍ ചിലര്‍ക്ക് പെറ്റി ക്രൈം ഒക്കെ ഉണ്ടാകും. ചില്ലറ മോഷണം, പോക്കറ്റടി, കഞ്ചാവ് അങ്ങനെ.''

ഇങ്ങനെ പൊതുവായി കുറെ വിവരങ്ങള്‍ അവിടെ ലഭിച്ചു. കേസിന്റെ സൂക്ഷ്മാംശങ്ങളിലേയ്ക്ക് പോകുവാനുള്ള അവസരമതായിരുന്നില്ല. എങ്കിലും എനിക്ക് മനസ്സിലുണ്ടായ തോന്നല്‍ ''ഊരും പേരുമറിയാത്ത തമിഴന്‍ പയ്യന്‍'' അവിടെ വലിയ ഒരു വിഷയമായിരുന്നില്ല എന്നാണ്. അന്ന് ആ വിഷയം അങ്ങനെ അവസാനിച്ചു.

അടുത്ത ഏതാനും ദിവസങ്ങള്‍ കുറെയേറെ യാത്രയും സന്ദര്‍ശനങ്ങളും ഒക്കെ ആയി നല്ല തിരക്കായിരുന്നു. യാത്രയ്ക്കിടയില്‍, ചിലപ്പോള്‍ ഉത്തരം കണ്ടെത്താന്‍ നിര്‍ബ്ബന്ധം പിടിക്കുന്ന ചോദ്യം പോലെ ആ പയ്യന്‍ മനസ്സിന്റെ അടിത്തട്ടില്‍നിന്ന് മുകളിലേയ്ക്ക് വരും. അത്തരം അവസരങ്ങളില്‍ ചിലപ്പോള്‍ ചില ആശയങ്ങള്‍ ഉരുത്തിരിഞ്ഞു വരും. അങ്ങനെ ഒരു യാത്ര കഴിഞ്ഞ് ഓഫീസില്‍ കയറിയ ഉടനെ ഓഫീസില്‍ ജോലി ചെയ്തിരുന്ന കോണ്‍സ്റ്റബിള്‍ കുട്ടപ്പനോട് ''ആ കുന്നംകുളം കേസിന്റെ, തമിഴ് പയ്യന്‍ കൊല്ലപ്പെട്ട കേസിന്റെ ജി.സി.ആര്‍ എടുക്കൂ'' എന്ന് നിര്‍ദ്ദേശിച്ചു. ജി.സി.ആര്‍ എന്നാല്‍ Grave Crime Report, ലളിതമായി പറഞ്ഞാല്‍ കൊലപാതകം പോലുള്ള വലിയ കേസുകളുണ്ടാകുമ്പോള്‍ സംഭവസ്ഥലം സന്ദര്‍ശിച്ച്, സാക്ഷികളെയൊക്കെ ചോദ്യം ചെയ്ത് വിവരങ്ങള്‍ ശേഖരിച്ച് തയ്യാറാക്കുന്ന റിപ്പോര്‍ട്ട്. ഡി.വൈ.എസ്.പിയാണത് തയ്യാറാക്കേണ്ടത്. എസ്.പിക്കും ഡി.ഐ.ജിക്കും അയയ്‌ക്കേണ്ടതാണ്.  രണ്ടു മിനിട്ടിനുള്ളില്‍ കുട്ടപ്പന്‍ റിപ്പോര്‍ട്ട് അടങ്ങുന്ന ഫയല്‍ ഹാജരാക്കി. പ്രതീക്ഷയോടെ ഞാനെടുത്തു വായിച്ചു.

സംഭവത്തെക്കുറിച്ച് അല്പംകൂടി  വ്യക്തത വന്നു. ടൗണിന്റെ ഏറ്റവും തിരക്കുള്ള കേന്ദ്രത്തില്‍നിന്ന് കഷ്ടിച്ച് 200 മീറ്റര്‍ അകലെ ഒരു കടത്തിണ്ണയിലാണ് ആ പയ്യന്റെ ദേഹം കണ്ടത്. ദേഹത്ത് ചെറുതും വലുതുമായ കുറെ പരിക്കുകളുണ്ടായിരുന്നു. മിക്കവയും വലിയ പഴക്കമില്ലാത്തവ. ശ്രദ്ധേയമായത് അയാളുടെ ഷോള്‍ഡറിന്റെ ഭാഗത്ത് ആരോ കടിച്ച് മുറിവേല്പിച്ചതുപോലുള്ള പാടുകള്‍. അതിന്റെ പാറ്റേണ്‍ കണ്ടാല്‍ കടിച്ചയാളിന്റെ പല്ലുകള്‍ ക്രമരഹിതമായിരിക്കാം എന്നൂഹിക്കാന്‍ നിങ്ങള്‍ ഷെര്‍ലക്ക്‌ഹോംസൊന്നും ആകേണ്ടതില്ല. ഏതു പൊലീസുകാരനും അത് കഴിയും. പക്ഷേ, മാരകമായത് തലയ്‌ക്കേറ്റ ചില പരിക്കുകളാണെന്ന് തോന്നുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും അതുതന്നെയാണ് സൂചിപ്പിച്ചത്.  അതൊരു കൊലപാതകമാണെന്ന് വ്യക്തമായിരുന്നു. സംഭവസ്ഥലത്ത് കുറെ കല്ലും കട്ടയുമെല്ലാമുണ്ടായിരുന്നു. കുറെയേറെ ആളുകളെ കണ്ട് ചോദിച്ചിരുന്നുവെങ്കിലും കാര്യമാത്ര പ്രസക്തമായ വിവരങ്ങളൊന്നും കിട്ടിയിട്ടില്ല.

അലഞ്ഞുതിരിഞ്ഞ് നടക്കുന്ന കുട്ടികള്‍ എന്ന് ശ്രേഷ്ഠ മലയാളത്തിലും തെണ്ടിപ്പിള്ളേര്‍ എന്ന് പച്ചമലയാളത്തിലും പറയുന്ന കുറെ മനുഷ്യജീവികളുടെ രാത്രികാല സങ്കേതമായിരുന്നു ആ ഇടം. തമിഴ് പയ്യന്മാരാണ് കൂടുതലും. ആര്‍ക്കും ആരുടേയും പേരൊന്നും അറിയില്ല. എന്നാല്‍ മുരുകന്‍, രവി ഇങ്ങനെ ചില പേരുകള്‍ കേട്ടിട്ടുള്ളതായി ചിലര്‍ സംശയം പറഞ്ഞു. ചിലപ്പോള്‍  കളിയും ബഹളവും വഴക്കുമൊക്കെ അവിടെ കേള്‍ക്കാറുണ്ട്. അതിനുമപ്പുറം ആര്‍ക്കും ഒന്നുമറിയില്ല. ഒരുപക്ഷേ, അറിയാന്‍ ആഗ്രഹിച്ചുമില്ല. ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം ഈ സംഭവത്തിനു ശേഷം അവരെല്ലാം അപ്രത്യക്ഷമായി എന്നതായിരുന്നു. ഇത്തരം വിവരങ്ങളെല്ലാം രേഖപ്പെടുത്തിയ ശേഷം ഡി.വൈ.എസ്.പി കുറെയേറെ നല്ല നിര്‍ദ്ദേശങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് നല്‍കിയിരുന്നു.

അതില്‍ ഊന്നല്‍ നല്‍കിയിരുന്നത് നഗരത്തിന്റെ അരികുജീവിതത്തിന്റെ ഭാഗമായിരുന്ന, സംഭവത്തിനുശേഷം അപ്രത്യക്ഷരായ ആ കൗമാരക്കാരെ കണ്ടെത്തുക എന്നതായിരുന്നു. പക്ഷേ, അതോടെ കഴിഞ്ഞു. ആ നിര്‍ദ്ദേശങ്ങള്‍ ഏതെങ്കിലും പാലിക്കപ്പെട്ടതായി റിപ്പോര്‍ട്ടൊന്നും കണ്ടില്ല. അതെന്നെ അത്ഭുതപ്പെടുത്തി. അജ്ഞതകൊണ്ടുള്ള അത്ഭുതം. കാലക്രമേണ അനുഭവം കൊണ്ടതു മാറി. നഗരജീവിതത്തിന്റെ അഴുക്കുചാലില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മുഖ്യധാരയെ അത്രയ്ക്കൊന്നും അലോസരപ്പെടുത്താറില്ല. കുന്നംകുളത്തെ നാട്ടുകാര്‍ക്കും പൊലീസിനും വേറെ എത്രയോ മഹത്തായ കാര്യങ്ങളുണ്ട്, നിത്യജീവിതത്തില്‍. പിന്നെയാണ് ഈ ''ഊരും പേരുമറിയാത്ത തമിഴന്‍ പയ്യന്റെ'' കൊലപാതകം.

പിന്നീട് ഞാന്‍ ഓഫീസിലുണ്ടായിരുന്ന കേസ് ഡയറിയുടെ പകര്‍പ്പ് പരിശോധിച്ചു. ഓരോ ദിവസത്തേയും അന്വേഷണവിവരം രേഖപ്പെടുത്തുന്ന റിപ്പോര്‍ട്ടാണത്. അതില്‍നിന്നും പുതിയ വെളിച്ചമൊന്നും കിട്ടിയില്ല,  നേരത്തെ സൂചിപ്പിച്ച റിപ്പോര്‍ട്ടിനപ്പുറം. കുറേ കാലമായി കേസ് ഡയറികള്‍  തന്നെ വന്നിട്ടില്ല. അപ്പോള്‍ പിന്നെ അന്വേഷണം 'ഊര്‍ജ്ജിത'മാണെന്ന് എനിക്ക് മനസ്സിലായി. അന്നെന്റെ ഓഫീസില്‍ രണ്ടു പൊലീസുകാരുണ്ടായിരുന്നു. നേരത്തെ സൂചിപ്പിച്ച കുട്ടപ്പനും പിന്നൊരു രാമനാഥനും. തമിഴന്‍ പയ്യന്റെ കാര്യത്തില്‍ പുതിയ എ.എസ്.പിക്ക് താല്പര്യമുണ്ടെന്നു കണ്ടപ്പോള്‍ അവരും ചില ആശയങ്ങളുമായി കൂടെ കൂടി. ''നമുക്ക് ഉപദേശ് മെമ്മോ കൊടുക്കാം സാര്‍.'' കുട്ടപ്പന്‍ പറഞ്ഞു. അയാളൊരു സാധുമനുഷ്യനായിരുന്നു. 'ഉപദേശ് മെമ്മോ'കൊണ്ട് കേസ് തെളിയുമോ? ചെറിയ ചില പ്രയോജനങ്ങളൊക്കെയുണ്ടെന്നത് ശരിയാണ്. എങ്കിലും അതിനു് പരിമിതികളുണ്ട്. ചിലപ്പോഴെങ്കിലും കീഴുദ്യോഗസ്ഥരെ വിരട്ടി നിര്‍ത്താനുള്ള ഉപകരണം മാത്രമായിരുന്നു അത് എന്നു തോന്നി. അസാദ്ധ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക, എന്നിട്ടു് അത് പാലിക്കുന്നതില്‍ വീഴ്ചവരുത്തിയതിന് വിശദീകരണം തേടുക, ഇഷ്ടാനിഷ്ടമനുസരിച്ച്  ശിക്ഷണനടപടി സ്വീകരിക്കുക. അങ്ങനെ കീഴുദ്യോഗസ്ഥനെ ഒരുതരം 'മൂക്കുകയറിട്ടു'  നിര്‍ത്തുക. അതുകൊണ്ട് കേസന്വേഷണം മുന്നോട്ടുപോകില്ലെന്നു മാത്രം. അത് സാധ്യമാകണമെങ്കില്‍ പരസ്പരവിശ്വാസത്തിലധിഷ്ഠിതമായ ടീം വര്‍ക്കാണ് ആവശ്യം.  പൊലീസുകാരന്‍ രാമനാഥന്‍ മിടുക്കനായിരുന്നു. അയാള്‍ക്ക് ജീവിതത്തിന്റെ  വളവും തിരിവുമെല്ലാം തിരിച്ചറിയാം. അയാള്‍ പറഞ്ഞു: ''സാര്‍, നമ്മുടെ സര്‍ക്കിളിനോട് 'കാര്യമായിട്ടു' തന്നെ പറയണം. അദ്ദേഹം വിചാരിച്ചാല്‍ ഇതു തെളിയും. സാര്‍ നല്ല സ്മാര്‍ട്ടാണ്.''

ഞാന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബെനഡിക്ടുമായി സംസാരിച്ചു. അദ്ദേഹം പ്രാപ്തനായ ഉദ്യോഗസ്ഥനായിരുന്നു. ധാരാളം പരാതികളും കേസുകളും ക്രമസമാധാന  പ്രശ്‌നങ്ങളും എല്ലാമുള്ള ആ  സ്ഥലത്ത് അവര്‍ക്കെല്ലാം ധാരാളം ജോലിത്തിരക്കുണ്ടായിരുന്നു. ആ ജോലിയുടെ മുന്‍ഗണനാ പ്രശ്‌നം ഒരു ഗൗരവമുള്ള വിഷയമാണ്. അതവരുടെ നിയന്ത്രണത്തിലല്ലതാനും. ചിലപ്പോള്‍ ഒരു വി.ഐ.പി പരാതിക്ക് ചെലവഴിക്കുന്ന സമയം പോലും പ്രധാനപ്പെട്ട ഒരു കേസിന് ലഭിച്ചുവെന്ന് വരില്ല. എന്റെ താല്പര്യംകൊണ്ട് 'തമിഴന്‍ പയ്യനും' ചെറിയൊരു വി.ഐ.പി ആയെന്ന് തോന്നുന്നു. ആഴത്തില്‍ അതില്‍ ഇറങ്ങിയപ്പോള്‍ ഒരു കാര്യം  മനസ്സിലായി. കുറ്റാന്വേഷണ വൈഭവത്തേക്കാളുപരി അതികഠിനമായ അദ്ധ്വാനം ആവശ്യമുള്ള കേസാണിത്. പല കേസുകളും അങ്ങനെതന്നെയാണ്. തെളിയിക്കപ്പെട്ടു കഴിയുമ്പോള്‍ തിളങ്ങിനില്‍ക്കുന്ന ഭാഗം വൈദഗ്ദ്ധ്യം മാത്രമായിരിക്കും, അദ്ധ്വാനം അത്ര ആകര്‍ഷകമല്ലല്ലോ.

ഊരും പേരുമറിയാത്ത നമ്മുടെ പയ്യന്റെ മരണം ആസൂത്രിത കൊലപാതകമൊന്നുമല്ലെന്ന് ഏതാണ്ട് വ്യക്തമായിരുന്നു. അതു തെളിയണമെങ്കില്‍ ഒന്നുകില്‍ അവനെ 'കണ്ടെത്തണം', അതായത് അവന്റെ ഊരും പേരും അറിയണം. അല്ലെങ്കില്‍ മരണത്തെത്തുടര്‍ന്ന് അപ്രത്യക്ഷമായ ആ സംഘത്തിലെ ആരെയെങ്കിലും കണ്ടെത്തണം. തല്‍ക്കാലം അവര്‍ അപ്രത്യക്ഷമായെങ്കിലും മറ്റെവിടെയെങ്കിലും അവര്‍ പഴയരീതിയില്‍ തന്നെ ജീവിക്കാനാണ് സാദ്ധ്യത. അല്ലെങ്കില്‍ കുറേക്കഴിഞ്ഞ് പഴയ സ്ഥലത്തുതന്നെ വന്നുകൂടായ്കയുമില്ല. ഇതൊക്കെ കണ്ടുപിടിക്കാന്‍ ഫീല്‍ഡിലിറങ്ങി അലയാനും ആളുകളുമായി ഇടപഴകി വിവരങ്ങള്‍ മനസ്സിലാക്കാനുമുള്ള സാമര്‍ത്ഥ്യവും മനസ്സുമുള്ള പൊലീസുകാരെയാണ് ആവശ്യം. രാജന്‍, മണി തുടങ്ങി ഏതാനും പേരെ ഞങ്ങള്‍ അതിനു നിയോഗിച്ചു.

അങ്ങനെ മുന്നോട്ട് പോകുന്നതിനിടയിലും പലപ്പോഴും മറ്റു പല പ്രശ്‌നങ്ങളും ഉടലെടുക്കുമ്പോള്‍ ശ്രദ്ധ അതിലോട്ട് തിരിയും. ഇടയ്ക്കിടെ പൊലീസുകാര്‍ ഓഫീസില്‍ വന്ന് എന്നോട് കാര്യങ്ങള്‍ പറയുമായിരുന്നു. പരിചയസമ്പന്നനായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബെനഡിക്റ്റും വളരെ താല്പര്യമെടുത്തു. അവസാനം, മാസങ്ങള്‍ക്കുശേഷം പൊലീസുകാരുടെ ശ്രമം ഫലം കണ്ടു. തമിഴന്‍ പയ്യന്‍ ഉള്‍പ്പെട്ട സംഘത്തിലെ പലരേയും തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നായി കണ്ടെത്താന്‍ കഴിഞ്ഞു. പിന്നെ കുറ്റവാളിയിലെത്താന്‍ വലിയ താമസമുണ്ടായില്ല. അവരിലൊരാള്‍ തന്നെയായിരുന്നു പ്രതി, മറ്റൊരു തമിഴന്‍ പയ്യന്‍. കഷ്ടിച്ച് 18 വയസ്സ് പ്രായം വരും. അവന്റെ ക്രമമില്ലാത്ത പല്ലുകള്‍ക്കും ഒരു കഥ പറയാനുണ്ടായിരുന്നു.

ആ രണ്ടു കൗമാരക്കാര്‍ തമ്മിലുള്ള നിസ്സാര പ്രശ്നമായിരുന്നു തുടക്കം. ഒരാളിന്റെ കുറച്ചു രൂപ മറ്റേയാളെടുത്തുവെന്ന സംശയം, തര്‍ക്കം, വഴക്ക്, അടിപിടി അങ്ങനെ പുരോഗമിച്ചാണ് അവസാനം ഒരാളിന്റെ ജീവഹാനിയില്‍ കലാശിച്ചത്.

കുറ്റകൃത്യത്തിനും കേസ് തെളിയുന്നതിനും ഇടയിലുണ്ടായ ഒരു കാര്യം അവിശ്വസനീയമായിരുന്നു. സംഭവത്തിനുശേഷം രണ്ട് മൂന്ന് മാസം കഴിഞ്ഞ് ഈ കുറ്റവാളിയായ പയ്യന്‍ കുന്നംകുളത്തു തിരികെ വന്നു. എന്നു മാത്രമല്ല, ഒരു മാസത്തോളം   പൊലീസ് സ്റ്റേഷനില്‍ തന്നെ ചില്ലറ ജോലിയൊക്കെ ചെയ്ത് കഴിഞ്ഞുകൂടുകയും ചെയ്തു, സുരക്ഷിതമായി.  ആര്‍ക്കും ഒരു  സംശയവും തോന്നിയില്ല. എങ്ങനെ തോന്നാന്‍? വലിയ കാര്യങ്ങളുടെ തിരക്കിനിടയില്‍ ഈ 'ചെറിയ കൊലപാതകം' അവിടെ ഒരു വിഷയമല്ലാതായി കഴിഞ്ഞിരിക്കണം.  കേസ് തെളിഞ്ഞു കഴിഞ്ഞപ്പോഴും പ്രതി പറഞ്ഞത് ''ഞാന്‍ സ്റ്റേഷനില്‍ ജോലി എല്ലാം ചെയ്ത് നിന്നോളാം'' എന്നായിരുന്നു. ഒരബദ്ധം പറ്റിയെന്നതിനപ്പുറം വലിയ കുറ്റബോധമൊന്നും അവനില്‍ കണ്ടില്ല.

''ഊരും പേരുമറിയാത്ത തമിഴന്‍ പയ്യന്റെ ഊരും പേരുമെല്ലാം കണ്ടെത്താനായി അടുത്ത ശ്രമം. അവന്റെ പഴയ സംഘാംഗങ്ങളിലൂടെ നടത്തിയ അന്വേഷണം തുടങ്ങിയത് തമിഴ്നാട്ടിലാണെങ്കിലും അത് അവസാനിച്ചത് കേരളത്തില്‍ തന്നെയായിരുന്നു. കുറേയേറെ അലഞ്ഞതിനുശേഷം പൊലീസുകാര്‍  പട്ടാമ്പിക്കടുത്തൊരു പാവപ്പെട്ട വീട്ടില്‍ എത്തി. അവിടുത്തെ ഒരു കൗമാരക്കാരന്‍ പയ്യന്‍ നാടുവിട്ട് പോയിട്ടുണ്ടായിരുന്നു. ഇടയ്ക്ക് തിരികെ വരികയും ചെയ്തിട്ടുണ്ട്. അവസാനം പോയിട്ട് ഒരു വര്‍ഷത്തിലധികമായി അവന്‍ വന്നിട്ടില്ല. അവര്‍ കാത്തിരിക്കുകയായിരുന്നു. കാര്യങ്ങള്‍ വിശദീകരിച്ച ശേഷം പൊലീസുകാര്‍ കൈവശമുണ്ടായിരുന്ന ഫോട്ടോ കാണിച്ചു. മൃതദേഹത്തിന്റെ ഫോട്ടോ കണ്ട് അവനെ അമ്മയും സഹോദരങ്ങളുമെല്ലാം തിരിച്ചറിഞ്ഞു. അവരുടെ കാത്തിരിപ്പ് എന്നെന്നേയ്ക്കുമായി  അവസാനിച്ചു. ഞങ്ങള്‍ക്കും അത് വലിയൊരു വേദനയായി.

എത്ര സുഗമമായാണവന്‍ 'തമിഴന്‍ പയ്യനാ'യത് എന്നത് വിസ്മയകരമാണ്. അത് പൂര്‍ണ്ണമായും ആകസ്മികമാണോ? ഒരുപക്ഷേ, ഇന്നായിരുന്നുവെങ്കിലവനേതോ 'ഒരു ബംഗാളി' ആയേനെ. അരികുജീവിതങ്ങളോട് പൊതുസമൂഹവും പൊലീസും സ്വീകരിക്കുന്ന വീക്ഷണവും  സമീപനവും എല്ലാം  ഇതില്‍ പ്രതിഫലിക്കുന്നതായി തോന്നുന്നു.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com