നിങ്ങള്‍ കുറ്റവാളിയാകാത്തത് എന്തുകൊണ്ട് ?

പ്രബുദ്ധ കേരളം, സാക്ഷര കേരളം എന്നൊക്കെ സൗകര്യപൂര്‍വ്വം വര്‍ണ്ണിക്കുന്ന നമ്മുടെ സമൂഹത്തില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍പോലുള്ള കടുത്ത ജനാധിപത്യ മൂല്യങ്ങളുടെ നിഷേധത്തിനു വലിയ മാര്‍ക്കറ്റുണ്ട്, ഇന്നും
നിങ്ങള്‍ കുറ്റവാളിയാകാത്തത് എന്തുകൊണ്ട് ?

നുഷ്യജീവിതത്തിന്റെ ശാശ്വത സമസ്യകളിലേക്ക് ആഴത്തിലിറങ്ങിച്ചെല്ലുന്ന ഡസ്തേവ്സ്‌കിയുടെ വിഖ്യാത നോവല്‍ കാരമസോവ് സഹോദരന്മാരില്‍ ഒരു കൊലപാതകവും പൊലീസ് അന്വേഷണവും വിചാരണയുമെല്ലാം ദീര്‍ഘമായി പ്രതിപാദിക്കുന്നുണ്ട്. ഫയദോര്‍ കാരമസോവ് ആണ് കൊലചെയ്യപ്പെട്ട വ്യക്തി. കുറ്റാരോപിതനാകട്ടെ, ഫയദോറിന്റെ പുത്രന്‍ ദിമിത്രി കാരമസോവ്. കുറ്റാന്വേഷണത്തിനും അറസ്റ്റിനും വിചാരണയ്ക്കും ശേഷം പിതൃഹത്യയ്ക്ക് ദിമിത്രി ശിക്ഷിക്കപ്പെടുന്നു- യഥാര്‍ത്ഥ കുറ്റവാളി അയാളല്ലെങ്കിലും. സമാനമായ രീതിയില്‍ പിതൃഹത്യ  കേന്ദ്രവിഷയമായി ഉയര്‍ന്നുവന്ന ഒരു കേസ് മനസ്സില്‍ ശേഷിക്കുന്നു. നമുക്കതിലേയ്ക്ക് കടക്കാം.

സ്ഥലം-പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പൊലീസ് സ്റ്റേഷന്‍. സമയം ഉച്ചകഴിഞ്ഞ് ഏകദേശം 3 മണി. എസ്.ഐ. പൗലോസ് നല്ല തിരക്കിലായിരുന്നു. പരാതിക്കാരും എതിര്‍കക്ഷികളും ശുപാര്‍ശക്കാരും എല്ലാമടങ്ങുന്ന ധാരാളം ആളുകള്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ മുന്നിലും മുറ്റത്തും പരിസരത്തുമായി എസ്.ഐയെ കാണാന്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പെട്ടെന്നൊരു പയ്യന്‍ എസ്.ഐയുടെ മുറിയിലേക്ക് സ്ഥലകാല ബോധമൊന്നുമില്ലാത്തപോലെ ഓടിക്കയറി. എസ്.ഐ. നോക്കുമ്പോള്‍ നന്നേ മെലിഞ്ഞ കൗമാരപ്രായക്കാരന്‍ കിതച്ചുകൊണ്ടു നില്‍ക്കുന്നു. എന്താ കാര്യം എന്ന് പൗലോസ് ചോദിക്കും മുന്‍പ് പയ്യന്‍ അല്പം ഉറക്കെത്തന്നെ പറഞ്ഞു: ''സാറെ ഒരു പോസ്റ്റുമോര്‍ട്ടം നടത്തിത്തരണം.'' എസ്.ഐ അമ്പരന്നു. ''പോസ്റ്റുമോര്‍ട്ടമോ, അതിനാരെങ്കിലും മരിച്ചോ'' എസ്.ഐ ചോദിച്ചു. ''എന്റച്ഛന്‍ ചത്തുപോയി സാര്‍'' എന്ന് പയ്യന്‍. ''നിന്റച്ഛന്‍ എങ്ങനെ മരിച്ചു?'' എന്ന് പൗലോസ്. ''അത്...'' അല്പമൊന്നറച്ചശേഷം പെട്ടെന്ന് പറഞ്ഞു. ''വിഷം കുടിച്ചാണ് മരിച്ചത്.''
  
ഗൗരവമുള്ള, ശ്രദ്ധിക്കേണ്ടുന്ന വിഷയമാണല്ലോ വന്നിരിക്കുന്നത് എന്ന ചിന്തയില്‍ പൗലോസ് തന്റെ മുന്നില്‍ വെപ്രാളപ്പെട്ട് നില്‍ക്കുന്ന കുട്ടിയോട് സാവകാശം കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിച്ചു. അയാളുടെ പേര് മുരളി എന്നാണെന്നും അച്ഛന്‍ വേലായുധനാണ് മരിച്ചതെന്നും മനസ്സിലാക്കി. വേലായുധന്‍ ചില ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായി ബന്ധപ്പെട്ട് ബിസിനസ്സ് നടത്തി സാമാന്യം നല്ലനിലയില്‍ വരുമാനം ഉണ്ടാക്കിയിരുന്നു. അത് പഴയ കഥ. സമീപകാലത്തായി വേലായുധന്റേത് കുത്തഴിഞ്ഞ ജീവിതമായിരുന്നു. ബിസിനസ്സില്‍ ശ്രദ്ധ വളരെ കുറവായിരുന്നു. നിരന്തരം മദ്യപാനവും വൃത്തികെട്ട കൂട്ടുകെട്ടുകളുമായി തികഞ്ഞ ആഭാസ ജീവിതം. അക്കാര്യത്തില്‍ അയാള്‍ ഫയദോര്‍ കാരമസോവ് എന്ന വടവൃക്ഷത്തിന്റെ ഒരു 'ബോണ്‍സായ്' പതിപ്പായിരുന്നുവെന്ന് പറയാം. കുടുംബജീവിതം ദുസ്സഹമായപ്പോള്‍ ഭാര്യയും മക്കളും വീടുപേക്ഷിച്ച് ഏതാണ്ട് ഒരു വര്‍ഷമായി അതേ പട്ടണത്തില്‍ത്തന്നെ മറ്റൊരിടത്ത് മാറി താമസിക്കുകയായിരുന്നു. മുരളിക്കൊരു മൂത്ത സഹോദരി കൂടിയുണ്ടായിരുന്നു. അവര്‍ വിവാഹിതയുമായിരുന്നു. മുരളിയില്‍നിന്നും കിട്ടിയ വിവരങ്ങള്‍ സംക്ഷിപ്തമായി രേഖപ്പെടുത്തി വേലായുധന്റെ മരണത്തിന് unnatural death Bbn FIR (First Information Report) എടുത്തു. അച്ഛന്‍ വേലായുധന്റെ അസ്വാഭാവിക മരണം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മകന് കാര്യമായ വിഷമമൊന്നുമില്ലായിരുന്നു എന്ന് എസ്.ഐ പ്രത്യേകം ശ്രദ്ധിച്ചു. 

വേലായുധന്റെ വീട് പൊലീസ് സ്റ്റേഷനില്‍നിന്ന് രണ്ട് മൂന്ന് കിലോമീറ്റര്‍ മാത്രം ദൂരെ ആയിരുന്നു. സമാന്യം നല്ല രീതിയില്‍ നിര്‍മ്മിച്ച വീടായിരുന്നു അത്. വീടിന്റെ ഉമ്മറത്തായിരുന്നു മൃതദേഹം കിടന്നിരുന്നത്. അയല്‍പക്കത്തെല്ലാം ധാരാളം വീടുകള്‍ ഉണ്ടായിരുന്നു. എങ്കിലും സാധാരണ പ്രതീക്ഷിക്കുന്നപോലെ വലിയ ആള്‍ക്കൂട്ടം അവിടെ കണ്ടില്ല. അകാലമരണം സൃഷ്ടിക്കുന്ന നഷ്ടബോധം ഒരു മനുഷ്യനിലും പ്രകടമായിരുന്നില്ല. ഒരുപക്ഷേ, നഷ്ടപ്പെട്ടത് അയാളുടെ അരാജക കൂട്ടുകെട്ടിലെ പങ്കാളികള്‍ക്ക് മാത്രമായിരിക്കാം. അവര്‍ക്ക് പുതിയൊരു പേട്രണെ കണ്ടെത്തണമല്ലോ. പൊലീസ് നടപടികള്‍ വേഗം പൂര്‍ത്തിയായി. ഭാര്യയും മക്കളും ഉപേക്ഷിച്ചുപോയശേഷം ഒറ്റയാനായി അവിടെ കഴിഞ്ഞിരുന്ന വേലായുധന്‍ എങ്ങനെയോ മരണപ്പെട്ടു. ആര്‍ക്കും സംശയമില്ല, സങ്കടമില്ല, പരാതിയുമില്ല. മകന്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തപോലെ വിഷം കഴിച്ചാണ് മരിച്ചതെന്ന് ആരും പറഞ്ഞില്ല. മരണകാരണം സംബന്ധിച്ച്  എസ്.ഐയുടെ ചൂഴ്ന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ടായില്ല. എന്തിനാണ് അനാവശ്യ ചോദ്യങ്ങള്‍ എന്ന ഭാവമായിരുന്നു അവിടെ കണ്ടത്. മരണം, ഒരു പ്രകൃതിനിയമം. നിയമം നിയമത്തിന്റെ വഴിക്കു പോകും. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ആ മരണത്തില്‍ വലിയ താല്പര്യമൊന്നും കണ്ടില്ല. ഏതായാലും പൊലീസിനു തലവേദന ആവില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് മെഡിക്കല്‍ കേളേജിലേക്കയച്ചശേഷം സ്റ്റേഷനിലേക്ക് മടങ്ങുമ്പോള്‍ പൗലോസ് ചിന്തിച്ചു. വേലായുധനെ അയാളും മറന്നു, അടുത്ത ജോലിയിലേക്ക് കടന്നു. 

'മരിച്ചവര്‍ നിശ്ശബ്ദരാണ്' എന്ന് ചിലരൊക്കെ എഴുതിയിട്ടുണ്ടെങ്കിലും, മരിച്ച വേലായുധന്‍ നിശ്ശബ്ദനായില്ല. മൂന്നാം ദിവസം സംസാരിച്ചു തുടങ്ങി. ആദ്യം പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫോറന്‍സിക്ക് സര്‍ജനിലൂടെ. സാധാരണയായി സംശയകരമായ മരണമാണെങ്കില്‍ പോസ്റ്റ്മോര്‍ട്ടം കഴിയുമ്പോള്‍ത്തന്നെ പൊലീസുദ്യോഗസ്ഥന്‍ മരണകാരണം മനസ്സിലാക്കാന്‍ ഡോക്ടറെ അങ്ങോട്ട് ബന്ധപ്പെടും. ഇവിടെ അതുണ്ടായില്ല. അപ്പോഴാണ് ഫോറന്‍സിക്ക് സര്‍ജന്‍ തനിക്ക് നല്ല ബന്ധമുണ്ടായിരുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ ഫോണ്‍ ചെയ്തത്. ''ആ വേലായുധന്റെ പോസ്റ്റ്‌മോര്‍ട്ടം ഞാനാ ചെയ്തത്. അതില്‍ പ്രശ്നമുണ്ട്.'' സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എഫ്.ഐ.ആര്‍ വായിച്ച ഓര്‍മ്മയില്‍ ''അത് വിഷം കഴിച്ചതല്ലേ, പരാതിയൊന്നും വന്നിട്ടില്ല'' എന്നു പറഞ്ഞു. ''വിഷമൊന്നുമുണ്ടെന്ന് തോന്നുന്നില്ല. അയാളുടെ തലയില്‍ നല്ലൊരു പൊട്ടലുണ്ട്. അയാള്‍ക്ക് കട്ടിയുള്ള എന്തോ വസ്തുകൊണ്ട് തലയില്‍ അടിയേറ്റിട്ടുണ്ടാകാം.'' ഫോറന്‍സിക്ക് സര്‍ജന്‍ പറഞ്ഞു നിര്‍ത്തി. അപ്പോള്‍ ആഘാതമേറ്റത് സര്‍ക്കിള്‍ ഇന്‍സ്പെക്ടറിന്റെ മനസ്സിലാണ്. പിന്നീട് പൊലീസ് നടപടികള്‍ അതിവേഗം നീങ്ങി. ഫോറന്‍സിക്ക് സര്‍ജന്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തി. അങ്ങനെ വേലായുധന്റെ മരണം കൊലക്കേസായി. സി.ഐ അന്വേഷണം ഏറ്റെടുത്തു. സി.ഐയും എസ്.ഐയും എല്ലാം ക്രൈംസീന്‍, അഥവാ മരിച്ച വേലയുധന്റെ വീട് വീണ്ടും പരിശോധിച്ചു. വേലായുധന്റെ ശല്യം ഒഴിവായതോടെ ഭാര്യയും മക്കളും അങ്ങോട്ട് താമസം മാറിയിരുന്നു. പ്രാരംഭാന്വേഷണത്തില്‍ കുറ്റവാളിയെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. വേലായുധന്റെ കൂട്ടാളികളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുമെല്ലാം വിശദമായ വിവരം ശേഖരിച്ചുവെങ്കിലും അന്വേഷണം മുന്നോട്ട് പോയില്ല. പരിചയ സമ്പന്നനും പ്രഗത്ഭനുമായിരുന്ന ഡി.വൈ.എസ്.പി ഇടപെട്ട് അന്വേഷണസംഘം വിപുലീകരിച്ചു. കുറ്റം തെളിയിക്കാനുള്ള തീവ്രശ്രമം ആരംഭിച്ചു.

വേലായുധന്റെ മരണം പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്ത മകന്‍ മുരളിയുടെ ആദ്യ സ്റ്റേറ്റ്മെന്റ് സ്വാഭാവികമായും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായി. ''വിഷം കഴിച്ചു മരിച്ചു'' എന്നാണ് അയാള്‍ പറഞ്ഞത്. കുറ്റവാളിയെ കണ്ടെത്താനാവാതെ ബുദ്ധിമുട്ടിലായിരുന്ന അന്വേഷണസംഘം ആദ്യ സ്റ്റേറ്റ്മെന്റ് 'മൈക്രോ സ്‌കോപ്പി'ലൂടെ നോക്കുന്തോറും ആ പതിനാറുകാരനില്‍ പിതൃഹത്യ നടത്തിയ കുറ്റവാളിയുടെ രൂപം തെളിഞ്ഞുവന്നു. ആ കൗമാരക്കാരനെതിരെ ചില ചോദ്യങ്ങള്‍ ഉയര്‍ന്നു. (1)  'വിഷം കഴിച്ചു മരിച്ചു'' എന്ന് പച്ചക്കള്ളം പറഞ്ഞത് എന്തിന്? (2) കൊലപാതകം ആത്മഹത്യയാക്കി രക്ഷപ്പെടാനുള്ള ശ്രമമായിരുന്നില്ലേ അത്? (3) വീട്ടില്‍ എല്ലാ പേരെയും ശരീരികമായും മാനസ്സികമായും ദ്രോഹിച്ചിരുന്ന വേലായുധനെ കൊല്ലാന്‍ മറ്റെന്ത് motive വേണം? ഇത്തരം കുറേ ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ സംശയത്തിന്റെ കുന്തമുന ആ കൗമാരക്കാരനിലേക്ക് നീണ്ടു. അയാളെ പല പ്രാവശ്യം ചോദ്യം ചെയ്തു. സ്വാഭാവികമായും അച്ഛന്റെ മരണത്തിന് കള്ളം പറഞ്ഞത് എന്തിന് എന്ന് പൊലീസ് കസ്റ്റഡിയില്‍ വിശദീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. അന്നേരം മനസ്സില്‍ തോന്നിയതങ്ങ് പറഞ്ഞു എന്നതിനപ്പുറം മുരളിക്കൊന്നും പറയാനുണ്ടായിരുന്നില്ല. സൗമ്യമായി തുടങ്ങിയ ചോദ്യം ചെയ്യല്‍ പരുഷമായി, ഭേദ്യംചെയ്യലായി മാറി. ക്രൂരതയുടെ തീവ്രത വര്‍ദ്ധിപ്പിച്ചപ്പോള്‍ ആ യുവാവ് വിളിച്ചു പറഞ്ഞു ''ഞാന്‍ കൊന്നു ഞാന്‍ കൊന്നു.'' ''എങ്ങനെ?'' എന്ന ചോദ്യത്തിന് കുത്തിക്കൊന്നു എന്നു പറഞ്ഞു. ഈ വിവരം സി.ഐയെ അറിയിച്ചപ്പോള്‍ അദ്ദേഹത്തിനത് തീരെ ബോധ്യമായില്ല. ആ മനുഷ്യന് അല്പം മനസ്സാക്ഷിക്കുത്തും അനുഭവപ്പെട്ടിരിക്കണം. മുരളിയെ തല്‍ക്കാലം വിട്ടയയ്ക്കാനാണ് സി.ഐ തീരുമാനിച്ചത്. പിന്നിട് കുറേക്കാലം അന്വേഷണം ഇഴഞ്ഞുനീങ്ങി. അന്വേഷണസംഘം തന്നെ ഏതാണ്ട് സ്വാഭാവിക മരണമടഞ്ഞ അവസ്ഥയിലായി. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വേണ്ടാത്ത അന്വേഷണം നിശ്ചലമായി. മരിച്ച വേലായുധന്‍ പിന്നെയും നിശ്ശബ്ദനായി- തല്‍ക്കാലത്തേക്കെങ്കിലും. 

ലേഖകൻ ഒരു പൊതുചടങ്ങിൽ
ലേഖകൻ ഒരു പൊതുചടങ്ങിൽ

ഈ സംഭവങ്ങളെല്ലാം കഴിഞ്ഞ് ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞാണ് എ.എസ്.പി ആയ എന്റെ രംഗപ്രവേശം. തെളിയാത്ത പഴയ കൊലപാതകക്കേസുകളുടെ ഫയലുകള്‍ വരുത്തി. മരിച്ച വേലായുധന്‍ വീണ്ടും സംസാരിച്ചു തുടങ്ങി. കേസ് ഡയറിയില്‍ ഒരു ഭാഗം മനസ്സിലുടക്കി. വേലായുധന്‍ മരിച്ച ദിവസം വൈകുന്നേരത്തോടെ അയാളെ ടൗണില്‍വെച്ച് ഭാര്യയും മകളും കണ്ടിട്ടുണ്ട്. അവര്‍ മെഡിക്കല്‍ കോളേജില്‍ മകളെ ഡോക്ടറെ കാണിക്കാന്‍ പോയി ടാക്സിയില്‍ മടങ്ങുമ്പോഴായിരുന്നു അത്. വേലായുധന്‍ മറ്റൊരാളോടൊപ്പം നടന്നുപോകുന്നു. മരണം നടന്ന ദിവസം കൂടെയുണ്ടായിരുന്ന ആ 'മറ്റൊരാള്‍' ആരാണ്? ആരും അന്വേഷിച്ചിട്ടില്ല, കണ്ടെത്തിയതുമില്ല. അടുത്തപടി വേലായുധന്റെ വീട് സന്ദര്‍ശനമായിരുന്നു. കുറേനാള്‍ കഴിഞ്ഞ്, വലിയ ഷോയൊന്നുമില്ലാതെ വീടറിയാവുന്ന പൊലീസുകാരനെ മാത്രം കൂട്ടി ഞാനാ വീട്ടില്‍ പോയി. വേലായുധന്റെ വീട്ടിലപ്പോള്‍ അയാളുടെ ഭാര്യയും മകളും മാത്രമായിരുന്നു താമസം. അവരോട് ദീര്‍ഘനേരം സംസാരിച്ചു. ഏതാണ്ട് ചെകുത്താനും കടലിനും ഇടയില്‍പ്പെട്ട ദയനീയ സ്ഥിതിയായിരുന്നു അവരുടേത്. വേലായുധന്റെ മരണത്തോടെ ഭര്‍ത്താവ് നഷ്ടപ്പെട്ടെങ്കിലും ഒരു ദുര്‍വൃത്തന്റെ നിരന്തര പീഡനത്തില്‍നിന്നു മോചനം കിട്ടി. അപ്പോഴാണ് സ്വന്തം മകന്റെ പേരില്‍ പിതൃഹത്യ എന്ന ആരോപണം. പൊലീസ് നടപടികളെത്തുടര്‍ന്ന് മകന് നാട്ടില്‍ നില്‍ക്കാന്‍ ബുദ്ധിമുട്ടായി. അച്ഛനെ കൊന്നവനെന്ന മട്ടിലുള്ള ആളുകളുടെ നോട്ടവും പെരുമാറ്റവും എങ്ങനെ നേരിടും? അവനെ അവര്‍ ബോംബെയിലുള്ള ഒരു ബന്ധുവിനോടൊപ്പമാക്കി. മകന്റെ ദുഷ്പേര് മാറ്റാന്‍ കൊലപാതകിയെ കണ്ടെത്തണമെന്നവര്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, സമ്മര്‍ദ്ദം ചെലുത്തിയാല്‍ അത് വീണ്ടും ഉപദ്രവമാകുമോ എന്ന ഭയവും തീവ്രമായിരുന്നു. ആ സംഭാഷണത്തില്‍ ഒരു കാര്യം അവര്‍ വ്യക്തമായി പറഞ്ഞു. ''മരണം നിങ്ങളുടെ വിധിയായിക്കണ്ട് അതൊക്കെ മറക്കാന്‍ ശ്രമിക്കണം എന്നാണ് അയല്‍ക്കാര്‍ നിരന്തരം ഉപദേശിക്കുന്നത്.'' അയല്‍ക്കാര്‍ ആവര്‍ത്തിച്ച് ഇത്തരത്തില്‍ പറയുന്നതില്‍നിന്നും മരണവുമായി ബന്ധപ്പെട്ട എന്തോ ചില രഹസ്യങ്ങള്‍ അയല്‍പക്കത്തുള്ളവര്‍ക്കറിയാം എന്ന് ആ സ്ത്രീ വിശ്വസിക്കുന്നതായി എനിക്കു തോന്നി. അക്കാര്യം വ്യക്തമാകുമ്പോഴും അതിനപ്പുറത്തേക്ക് കടന്ന് അവരിലാരെങ്കിലും കുറ്റം ചെയ്തതായി സംശയം പ്രകടിപ്പിച്ചില്ല. 

പിന്നീടൊരിക്കല്‍ അന്വേഷണസംഘത്തില്‍ ആദ്യം ഉണ്ടായിരുന്ന ഒരു എസ്.ഐയോട് ഈ കേസിനെക്കുറിച്ച് ഞാന്‍ സംസാരിക്കുവാനിടയായി. അദ്ദേഹം മരിച്ച വേലായുധന്റെ മകനെ ശരിയാംവണ്ണം ചോദ്യം ചെയ്തിട്ടില്ലെന്നും 'ശരിക്ക് ചോദിച്ചാല്‍' കേസ് തെളിയുമെന്നും അഭിപ്രായപ്പെട്ടു. ഞാനിക്കാര്യം സി.ഐയോട് ചര്‍ച്ചചെയ്തു. സി.ഐ തികഞ്ഞ ധാര്‍മ്മിക രോഷത്തോടെ എസ്.ഐയുടെ അഭിപ്രായത്തെ എതിര്‍ത്ത് ഉണ്ടായ സംഭവങ്ങള്‍ എന്നോട് വിവരിച്ചു. മൂന്നാം മുറയില്‍ ആനന്ദിച്ചിരുന്ന വികലമായ മനസ്സിന്റെ ഉടമയായിരുന്നു ആ സബ്ബ് ഇന്‍സ്പെക്ടര്‍. ആ ഉദ്യോഗസ്ഥന്റെ അന്വേഷണ വ്യഗ്രതയ്ക്കു പിന്നിലുണ്ടായിരുന്ന പ്രേരണ പൂര്‍ണ്ണമായും സംശുദ്ധമായിരുന്നുവോ എന്നതില്‍ എനിക്കും സംശയമുണ്ടായി. ആ ഉദ്യോഗസ്ഥനെ അന്വേഷണസംഘത്തില്‍നിന്നൊഴിവാക്കി. മരിച്ച വേലായുധന്റെ വീടും പരിസരവുമായി നിരന്തരം ബന്ധത്തിലിരിക്കണമെന്നും അവരെ വിശ്വാസത്തിലെടുക്കണമെന്നും ഞങ്ങള്‍ തീരുമാനിച്ചു. അത് പ്രയോജനം ചെയ്തു. ഒരു ദിവസം, മരിച്ച വേലായുധന്റെ ഭാര്യയുടെ ഫോണ്‍. ''സര്‍ അയാളിന്നു വീട്ടില്‍ വന്നു. ആളെ തിരിച്ചറിഞ്ഞു.'' ആര് എന്ന ചോദ്യത്തിന്, ''അന്ന് ഭര്‍ത്താവ് മരിച്ച ദിവസം വൈകീട്ട് അദ്ദേഹത്തിന്റെ കൂടെ കണ്ട ആള്‍.'' പിന്നീട് കാര്യങ്ങള്‍ മിന്നല്‍വേഗത്തില്‍ നീങ്ങി. അയാള്‍ വില്ലേജ് ഓഫീസിലെ പ്യൂണ്‍ ആയിരുന്നു. അടുത്ത ദിവസം രാത്രി പൊലീസ് അയാളെ 'പൊക്കി.' നല്ല മദ്യലഹരിയിലായിരുന്നു കഥാപുരുഷന്‍. പൊലീസ് എന്തെങ്കിലും ചോദിക്കും മുന്‍പുതന്നെ അയാള്‍ സ്വമേധയാ ജീപ്പില്‍വെച്ചു പ്രഖ്യാപിച്ചു: ''വേലായുധന്‍ ചേട്ടന്റെ കൊലപാതകത്തെക്കുറിച്ച് എനിക്കൊന്നും അറിയില്ല.'' നേരം വെളുത്തു. മദ്യലഹരിയില്‍നിന്നും മുക്തനായ അയാള്‍ കാര്യങ്ങള്‍ വേഗം വ്യക്തമാക്കി. സംഭവദിവസം നന്നായി മദ്യപിച്ചു ലക്കുകെട്ട അവസ്ഥയിലാണ് രാത്രി പതിനൊന്ന് മണിയോടെ രണ്ടുപേരും വേലായുധന്റെ വീട്ടിലേക്ക് പോയത്. വീടിന്റെ മുന്നിലെത്തിയപ്പോള്‍ അയല്‍വീട്ടിലെ സ്ത്രീ അവരുടെ വീടിന്റെ പൂമുഖത്ത് നില്‍ക്കുന്നതു കണ്ടു. അവരെ കണ്ടപ്പോള്‍ മദ്യലഹരിയിലായിരുന്ന വേലായുധനിലെ ആഭാസന്‍ ഉണര്‍ന്നെണീറ്റു. കുട്ടികളില്ലായിരുന്ന ആ സ്ത്രീയേയും ഭര്‍ത്താവിനേയും ചേര്‍ത്ത് അറുവഷളന്‍ രീതിയില്‍ സംസാരിക്കുകയും ചില അശ്ലീല പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു. ഈ ആഭാസപ്രകടനം കണ്ടുകൊണ്ടാണ് അവരുടെ ഭര്‍ത്താവ് തന്റെ സ്‌കൂട്ടറില്‍ അവിടെ എത്തിയത്. വേലായുധനെ ചോദ്യംചെയ്ത ഭര്‍ത്താവുമായി കയ്യാങ്കളിയായി. അവിടെത്തന്നെ നിലത്തുറപ്പിച്ചിരുന്ന ഒരു മരക്കുറ്റി ഊരിയെടുത്ത് ഒറ്റ അടി - തലയ്ക്കടിയേറ്റ വേലായുധന്‍ ഉടന്‍ നിലത്തുവീണു. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികള്‍ വേലായുധന്റെ കൂട്ടുകാരനെ വിരട്ടിയോടിച്ചു. അന്നേ ദിവസം വരെ ഒരു പെറ്റി കേസില്‍പ്പോലും ഉള്‍പ്പെട്ടിട്ടില്ലാത്ത മനുഷ്യന്‍ ഒരു കൊലക്കേസില്‍ പ്രതിയായി.

ഈ സംഭവം ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നത് എന്തുകൊണ്ടാണ്? കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തില്‍ ചില സാമാന്യ സങ്കല്പങ്ങളുണ്ട്-  ഇര, നിഷ്‌കളങ്കന്‍, വേട്ടക്കാരന്‍, ക്രൂരജീവി. ഈ സങ്കല്പത്തിനു നേരെ വിരുദ്ധമായിരുന്നു ഇവിടെ സ്ഥിതി. കൊലപാതകം നടത്തിയ വ്യക്തി നല്ല ഒരു മനുഷ്യനായിരുന്നു. മരണപ്പെട്ട വേലായുധനാകട്ടെ, തികഞ്ഞ ദുര്‍മാര്‍ഗ്ഗിയും. അപ്രതീക്ഷിതമായുണ്ടായ ഒരു സാഹചര്യം ആ നല്ല മനുഷ്യനെ കൊലപാതകിയാക്കി. ആ സാഹചര്യം സൃഷ്ടിച്ചത് അയാളല്ലതാനും. നിങ്ങളൊരു കുറ്റവാളിയാകാത്തത് എന്തുകൊണ്ട് എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ എന്നൊരു ചോദ്യം ഞാനീയിടെ വായിക്കുവാനിടയായി. തെറ്റുചെയ്യാതെ ജീവിതം നയിക്കുന്നു എന്നതുകൊണ്ടു മാത്രം നിങ്ങള്‍ രക്ഷപ്പെടണമെന്നില്ല. തെറ്റായ സാഹചര്യത്തില്‍ ശരാശരി മനുഷ്യന്‍ ഇതുപോലെ ചെന്നു പെട്ടാല്‍ അയാളും ജീവപര്യന്തം ശിക്ഷയ്ക്ക് വിധേയനാകുന്നത് (അതാണല്ലോ 302 ഐ.പി.സിയുടെ കുറഞ്ഞ ശിക്ഷ) നീതിയാണോ? എനിക്കുറപ്പില്ല. 

ഇത്രയും എഴുതിനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ വൃദ്ധയായ ഒരമ്മയുടെ മുഖം മനസ്സിലോടി എത്തുന്നു. 'ഘനീഭവിച്ച ദുഃഖം' എന്ന വാക്കുകളുടെ അര്‍ത്ഥം എനിക്കന്ന് മനസ്സിലായി. പൊലീസ് കസ്റ്റഡിയിലായിരുന്ന മകളുടെ കാര്യത്തിനാണവരെന്നെ കണ്ടത്- ആലപ്പുഴ ജില്ലാ പൊലീസ് ഓഫീസില്‍. വിവാഹിതയായിരുന്നു മകള്‍. ജീവിതം നരകമായപ്പോള്‍ ഏതാനും മാസം പ്രായമുണ്ടായിരുന്ന കുട്ടിയുമായി കുളത്തില്‍ ചാടി. കുട്ടി മരിച്ചു. രക്ഷപ്പെട്ട അമ്മ കൊലക്കേസില്‍ പ്രതിയായി. അവര്‍ക്ക് ജീവപര്യന്തം, 'ഗോവിന്ദച്ചാമി'മാര്‍ക്കും ജീവപര്യന്തം. ഇത്തരം നീതിയില്‍ ചില പ്രശ്നങ്ങളില്ലേ? ഉണ്ടെന്നാണ് എന്റെ പക്ഷം. 

നമ്മുടെ ക്രിമിനല്‍ നീതിന്യായ പ്രക്രിയയില്‍ കുറ്റം ചെയ്യാതെ പല രീതിയില്‍ ശിക്ഷിക്കപ്പെടുന്നവരുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. ഈ സംഭവത്തില്‍ അച്ഛന്റെ മരണം പൊലീസിനെ അറിയിച്ച മകന്‍ അതിനുദാഹരണമാണ്. വിഷം കഴിച്ചു മരിച്ചുവെന്ന് പതിനാറുകാരന്‍ പറഞ്ഞുവെന്നത് വസ്തുതയാണ്. ആ പ്രസ്താവനയ്ക്ക് എത്ര വലിയ വില നല്‍കേണ്ടിവന്നു? നമ്മുടെ സംവിധാനത്തില്‍ ആദ്യമായി പൊലീസ് സ്റ്റേഷനിലെത്തുന്ന കുട്ടി, അത് ഇത്രയ്ക്ക് വൈകാരിക അവസ്ഥയില്‍ തനിക്കുത്തരമറിയാത്ത ഒരു ചോദ്യം എസ്.ഐയില്‍നിന്നും അഭിമുഖീകരിച്ചപ്പോള്‍ അറിയില്ല എന്നായിരുന്നു പറയേണ്ടിയിരുന്നത്. അതിനുപകരം സ്‌കൂളില്‍ അദ്ധ്യാപകന്റെ ചോദ്യത്തിന് ഉത്തരമറിയില്ലങ്കില്‍ ഊഹിച്ചു പറയുംപോലെയുള്ള ഒരു മറുപടി ആയിരിക്കാം അയാള്‍ പറഞ്ഞത്. വ്യത്യസ്ത സാഹചര്യങ്ങളില്‍ പലരും ഇത്തരം അബദ്ധങ്ങളില്‍ ചെന്ന് ചാടാറുണ്ട്. പലവിധ കാരണങ്ങളാല്‍ ഇത്തരം തെറ്റുകളുണ്ടാകാം അത് സൂക്ഷ്മമായ അന്വേഷണവിധേയമാക്കേണ്ടത് കേസന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ചുമതലയാണ്. ആ രീതിയിലുള്ള അന്വേഷണം ചിലപ്പോള്‍ പ്രതിയിലേക്ക് നയിക്കാം, ചിലപ്പോള്‍ മാത്രം അതിനപ്പുറം കൃത്യമായ തെളിവു കണ്ടെത്തി കുറ്റകൃത്യം സ്ഥാപിക്കുന്നതില്‍ പരാജയപ്പെടുന്ന അന്വേഷണ ഉദ്യോഗസ്ഥന്‍, തനിക്കു കിട്ടിയ പിടിവള്ളിയെ സത്യസന്ധമായി വിലയിരുത്തി മുന്നോട്ടുപോകാതെ, അതൊരു കുറുക്കുവഴിയായി കണ്ട് കുറ്റാരോപണത്തിലേക്ക് നീങ്ങുന്നത് ഗുരുതരമായ ഭവിഷ്യത്തുകള്‍ക്കും കടുത്ത നീതിനിഷേധത്തിനും ഇടയാക്കുമെന്നതില്‍ സംശയമില്ല. അത്തരം ദുരന്തങ്ങള്‍ തീരെ വിരളമാണെന്നു പറയാനാവില്ല എന്നാണെന്റെ അനുഭവം. ബ്രേക്കിംങ്ങ് ന്യൂസിന്റേയും ഉടന്‍ നീതിയുടേയും കാലഘട്ടത്തില്‍ സാമൂഹ്യ സമ്മര്‍ദ്ദങ്ങളെ ചെറുക്കുവാനുള്ള ആത്മധൈര്യവും തൊഴില്‍പരമായ കഴിവും ഇല്ലാത്ത വ്യക്തിയാണ് അന്വേഷണോദ്യോഗസ്ഥനെങ്കില്‍ ഇത്തരം ദുരനുഭവങ്ങള്‍ വര്‍ദ്ധിക്കും.

ആത്യന്തികമായി ഇവിടെ കൊലപാതകക്കേസ് തെളിഞ്ഞത് മൂന്നാംമുറയിലൂടെയല്ല. നിയമവിരുദ്ധമായ, മനുഷ്യത്വനിഷേധിയായ മൂന്നാംമുറ സംബന്ധിച്ച ചിലകാര്യങ്ങള്‍ ഈ കേസിന്റെ പശ്ചാത്തലത്തില്‍ പരാമര്‍ശിക്കേണ്ടതുണ്ട്. ശാരീരികവും ബുദ്ധിപരവും മാനസികവുമായി കഠിനമായ പ്രയത്‌നം ആവശ്യമുള്ള പ്രക്രിയയാണ് കേസന്വേഷണം. പലപ്പോഴും അത് ധാരാളം സമയം ആവശ്യമുള്ള ഒന്നാണ്. അവിടെ കുറുക്കുവഴികളില്ല. ചില സന്ദര്‍ഭങ്ങളില്‍ വളരെ പെട്ടെന്ന് ഫലം കണ്ടെത്താന്‍ വലിയ സമ്മര്‍ദ്ദവുമുണ്ടാകാം. ഇവിടെ നാം പരിഗണിച്ച കേസില്‍ ബാഹ്യസമ്മര്‍ദ്ദമൊന്നുമില്ലായിരുന്നു. ഒരു ചെറിയ സാദ്ധ്യതയുടെ പ്രലോഭനത്തില്‍ ഉദ്യോഗസ്ഥര്‍ മൂന്നാംമുറയെന്ന കുറുക്കുവഴി തേടുകയാണുണ്ടായത്. 'സാഡിസ'ത്തില്‍ അഭിരമിക്കുന്ന ഉദ്യോഗസ്ഥന്‍ ആ സന്ദര്‍ഭം സ്വന്തം വികല തൃഷ്ണകളെ സംതൃപ്തമാക്കാനുള്ള അവസരമാക്കുന്നത് സ്വാഭാവിക പരിണാമം മാത്രം. വലിയ കുറ്റകൃത്യങ്ങളുണ്ടാകുമ്പോള്‍ കുറ്റവാളികളെ കണ്ടെത്തുന്നതിന് പൊലീസിന്റെ നിയമപരമായ അധികാരപരിധി ലംഘിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സാമൂഹ്യ പിന്തുണയും പ്രോത്സാഹനവും ഇന്നുമുണ്ട് എന്നതാണ് വസ്തുത. പ്രബുദ്ധ കേരളം, സാക്ഷര കേരളം എന്നൊക്കെ സൗകര്യപൂര്‍വ്വം വര്‍ണ്ണിക്കുന്ന നമ്മുടെ സമൂഹത്തില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍പോലുള്ള കടുത്ത ജനാധിപത്യ മൂല്യങ്ങളുടെ നിഷേധത്തിനു വലിയ മാര്‍ക്കറ്റുണ്ട്, ഇന്നും. ഈ സാമൂഹ്യാവസ്ഥയും പൊലീസ് സംവിധാനത്തിനുള്ളില്‍ നിലനില്‍ക്കുന്ന ഉപസംസ്‌കാരവും കൂടി ചേരുമ്പോള്‍ പല കേസുകളും സാഡിസ്റ്റ് പ്രവണതകളുടെ പ്രകടനവേദിയായി മാറും. ചുരുക്കത്തില്‍ വലിയ അനീതി നിറഞ്ഞതാണ് നമ്മുടെ നീതിന്യായ പ്രക്രിയ.?

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com