ഹറാം, ഹലാല്‍ കാലത്തെ ഹലാക്ക് പിടിച്ച തലച്ചോര്‍

By താഹ മാടായി  |   Published: 12th December 2021 03:37 PM  |  

Last Updated: 12th December 2021 03:37 PM  |   A+A-   |  

thaha

 

ചെറുപ്പത്തില്‍, മദ്രസയില്‍ നാലാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ എനിക്ക് പനി വന്നു. പുരക്കടുത്തു തന്നെയുള്ള സിസ്റ്റര്‍ മേരി നടത്തുന്ന ഡിസ്പെന്‍സറിയില്‍ ചെന്നപ്പോള്‍ പനിക്കുള്ള അന്നത്തെ പത്ത് പൈസയുടെ വലിപ്പമുള്ള ഗുളിക തന്നു. അലിച്ചിറക്കാനുള്ള ഗുളികയാണ്. മരുന്നു കൂടാതെ മന്ത്രവും വേണം. തുള്ളല്‍ പനിയാണ്. യാസീന്‍ പള്ളിയിലെ ഗഫൂര്‍ ഉസ്താദിനെ വിളിപ്പിച്ചു. ഉസ്താദ് വന്ന് ഫാത്തിഹയും സൂറത്തും ഓതി തലയിലും നെഞ്ചിലും ഊതി. ഗഫൂര്‍ ഉസ്താദ് ഫാത്തിഹയും സൂറത്തും ഓതി ഒരു ഗ്ലാസ്സ് വെള്ളത്തിലും ഊതി. അതു വാങ്ങി 'ബിസ്മി' കൂട്ടി കുടിച്ചു. പനി മാറിയത്, സിസ്റ്റര്‍ മേരി തന്ന ഗുളിക കൊണ്ടുതന്നെയാണ്, സംശയമില്ല. ഗഫൂര്‍ ഉസ്താദിന്റെ മന്ത്രം കൊണ്ട് മനസ്സിനൊരാശ്വാസം കിട്ടി എന്നതും സത്യമാണ്. നാടന്‍ കലാചാര്യനായ കാഞ്ഞന്‍ പൂജാരി പലതരം ബുദ്ധിമുട്ടുകളുമായി വരുന്ന മനുഷ്യര്‍ക്ക് മന്ത്രിച്ചൂതിയ വെള്ളം കുടിക്കാന്‍ കൊടുക്കാറുണ്ട്.

'മന്ത്രിച്ചൂതുക' എന്നു പറയുന്നത് നാട്ടുവിശ്വാസങ്ങളുടെ ഭാഗമായി തലമുറകളായി കൈമാറി വരുന്ന രീതിയാണ്. ഊതുക എന്നതിനെ 'തുപ്പ'ലാക്കി മാറ്റി എന്നതാണ് പുതിയ ഹലാല്‍ കഥയിലെ കേന്ദ്രബിന്ദു. 
ഹലാല്‍ ഫുഡ് എന്നത്, 'ദൈവനാമത്തില്‍ അറവ് നടത്തിയ മാംസം' എന്ന നിലയിലാണ് മുസ്ലിങ്ങള്‍ ധരിക്കുന്നത്. ഇപ്പോഴും കഴുത്തു ഞെരിച്ചു കൊന്ന കോഴിയിറച്ചി തിന്നാന്‍ എനിക്ക് സാധിക്കില്ല. ഹലാലായി, ബിസ്മി കൂട്ടി അറുത്ത കോഴി തന്നെയാവണം. മാപ്പിളമാരുടെ മസ്തിഷ്‌കത്തില്‍ ആഴത്തിലാണ് 'ഹലാല്‍' എന്നതിന്റെ വേരൂന്നി കിടക്കുന്നത്. എന്നാല്‍, ഭക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമാണ് ഈ ഹലാല്‍ കണിശമായും സൂക്ഷിക്കുന്നത്.

സിനിമ ഹലാലാണ്; നാടകം ഹലാലാണ്; വായന ഹലാലാണ്' പ്രണയം ഹലാലാണ്' ബിയര്‍ കഴിക്കുന്നത് ഹലാലാണ്; ഇങ്ങനെ പ്രിയപ്പെട്ടതെന്തും 'ഹലാലാണ്.' മനോഹരമായതെന്തും ഹലാലാണ്; സര്‍ഗ്ഗാത്മകമായതെന്തും ഹലാലാണ്.

എങ്കിലും ഹലാല്‍ ഫുഡ് എന്നെഴുതിയ ഹോട്ടലില്‍നിന്നു മാത്രമേ ഞാന്‍ ബീഫ് ബിരിയാണി കഴിക്കുകയുള്ളൂ. സിംഗപ്പൂരില്‍ ചൈനാ ടൗണില്‍ ലോകപ്രശസ്തമായ ഫുഡ്‌കോര്‍ട്ടില്‍ വെച്ച് ഒരിക്കല്‍ പന്നിയിറച്ചി കഴിക്കാനുള്ള അഗാധമായ അഭിരുചിയുണ്ടായി. അപ്പോള്‍ത്തന്നെ മനസ്സിലേക്കൊരു കൊളുത്തിവലി: ഹറാം!

എന്തുചെയ്യും?

എന്നാല്‍, തൊട്ടടുത്ത ബാറിലിരുന്ന് ബിയര്‍ കഴിക്കാന്‍ മടിയുണ്ടായുമില്ല. മദ്യം ഹറാമാണ്; പന്നിയിറച്ചിയും ഹറാമാണ്. എന്നാല്‍, ബിയര്‍ കുടിക്കുമ്പോള്‍ ഹറാം ബോധം മനസ്സില്‍ വരുന്നില്ല. അതാണ്, എന്റെ മുസ്ലിം തലച്ചോര്‍.

പ്രശ്‌നം, ദൈവവുമായി ബന്ധപ്പെട്ടതല്ല. മനുഷ്യരും അവരുടെ മസ്തിഷ്‌കവുമായി ബന്ധപ്പെട്ടാണ്. ബ്രെയിനാണ്, ആയിരത്തൊന്നു രാവുകളുടെ കഥകള്‍ പോലും മെനയുന്നത്. 'ഊതു'ന്നത് 'തുപ്പ'ലാക്കി ചിത്രീകരിക്കുന്നതുപോലും കഥകള്‍ മെനയുന്ന തലച്ചോറാണ്. ദുബായിലെ ഡമാസ്‌കസ് അറൂസിലെ മട്ടണ്‍ ബ്രെയിന്‍ പൊരിച്ചതിനു ഭയങ്കര രുചിയാണ്. തലച്ചോറിന് ഇത്രയും രുചിയോ എന്ന് അത്ഭുതപ്പെട്ടുപോകും. ഹറാമും ഹലാലും ഒക്കെ കൂടിക്കലര്‍ന്ന്, ചുറ്റിപ്പിണഞ്ഞുകിടക്കുന്ന അത്ഭുതകരമായ കോട്ടയാണ് തലച്ചോറ്. തലച്ചോറിലെ ''ചോറ് ഹലാലാണോ, ഹറാമാണോ?'' എന്ന ചോദ്യം വട്ടായി തോന്നുന്നുണ്ടെങ്കില്‍, മറ്റെല്ലാം വട്ടാണ്. തലച്ചോറ് എന്നു പറയുന്നത് തന്നെ ഹലാക്ക് പിടിച്ച സംഭവമാണ്.

രണ്ട്:

ജമാത്തെ ഇസ്ലാമിക്കാര്‍ ഇനി
സിനിമകള്‍ കാണട്ടെ 

മാധ്യമം ദിനപത്രം വായനക്കാരുടെ മുന്നില്‍ ഒരു 'സമ്മാന' പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. വായനക്കാര്‍ക്ക് സമ്മാനം നേടാനുള്ള ഒരു അവസരമായി മാധ്യമം തുറന്നുവെക്കുന്നത് സിനിമയുടെ ലോകമാണ്. ഇന്നലത്തെ മാധ്യമം പത്രത്തില്‍ പ്രത്യക്ഷപ്പെട്ട പരസ്യത്തിലെ വരികള്‍ ഇതാണ്:

''മനസ്സിലിനിയും മായാതെ കിടക്കുന്ന മലയാള സിനിമയിലെ ആ പത്ത് കഥാപാത്രങ്ങള്‍ ആരൊക്കെയാണ്?
ഓര്‍ത്തുവെച്ചോളൂ.

നിങ്ങള്‍ക്കത് പറയാനും സമ്മാനം നേടാനുമുള്ള വലിയ അവസരം ഉടന്‍ വരുന്നു...''

മാധ്യമത്തില്‍നിന്നു പ്രതീക്ഷയുടെ ഒരു തിരിച്ചുവരവുള്ള വാര്‍ത്തയാണത്. ആശയപരമായി മത മൗലികവാദികളുടെ ഹെഡ്ഡോഫീസായി ആ പത്രം മാറുകയാണോ എന്ന ചിന്ത ആ പത്രവുമായി സഹകരിച്ചിരുന്ന എഴുത്തുകാരും വായനക്കാരും ഈയിടെ 'താലിബാന്‍/സ്വതന്ത്ര അഫ്ഗാന്‍' എന്ന വിഷയവുമായി ബന്ധപ്പെട്ട സംവാദങ്ങളില്‍ പ്രകടിപ്പിച്ചിരുന്നു. അതിവൈകാരികമായ മതാത്മക തലത്തില്‍, മതം തന്നെ മുന്നോട്ടുവെക്കുന്ന സംയമനത്തിന്റേയും വിട്ടുവീഴ്ചയുടേയും പാഠങ്ങള്‍ ബലികഴിച്ച രാഷ്ട്രീയ അധികാര പ്രയോഗങ്ങളാണ് താലിബാന്‍ മുന്നോട്ടുവെച്ചത്. മതം, പരിമിതമായ രീതിയില്ലെങ്കിലും അനുവദിച്ചുകൊടുക്കുന്ന സ്ത്രീ സ്വാതന്ത്ര്യംപോലും കവര്‍ന്നെടുക്കുന്ന പുരുഷന്മാരാല്‍ നിയന്ത്രിക്കപ്പെടുന്ന അധികാര നിര്‍മ്മിതിയാണ് താലിബാന്‍ മുന്നോട്ടുവെച്ചത്. സിനിമയുടെ, കലയുടെ, സ്വാതന്ത്ര്യത്തിന്റെ നിരോധിത മേഖലയാണ് പുതിയ അഫ്ഗാന്‍ എന്ന് ഏതു സ്വതന്ത്ര മനുഷ്യര്‍ക്കും ആലോചിക്കാവുന്നതേയുള്ളൂ.

വേറൊരു തലത്തില്‍, സിനിമയുടെ നിരോധിത മേഖലയാണ് 'മാധ്യമം' ദിനപത്രം. മാധ്യമം ആഴ്ചപ്പതിപ്പില്‍ സിനിമ മുഖ്യ പ്രമേയമായി വരുന്ന ഒരുപാട് കവര്‍സ്റ്റോറികളും അഭിമുഖങ്ങളും ജീവിതമെഴുത്തുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍, മാധ്യമം ദിനപത്രം, സിനിമയ്ക്ക് 'ഹറാം' സര്‍ട്ടിഫിക്കറ്റ് തന്നെയാണ് ഇപ്പോഴും നല്‍കുന്നത്. സിനിമ ഹറാമായതുകൊണ്ട് സിനിമയുടെ പരസ്യവും പത്രത്തില്‍ കൊടുക്കാറില്ല. ആ പത്രമാണ് വായനക്കാര്‍ക്ക് സിനിമയുമായി ബന്ധപ്പെട്ട ഒരു മത്സരം സംഘടിപ്പിക്കുന്നത്. ഇങ്ങനെയൊരു മാറ്റം ആ പത്രത്തില്‍ വന്നതില്‍ ദൈവത്തിന് സ്തുതി, അല്‍ഹംദുലില്ലാഹ്!

''ഓര്‍ത്തുവെച്ചോളൂ'' എന്നു പറയുമ്പോള്‍, സിനിമ ഓര്‍മ്മയുടെ കലയാണ് എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയുണ്ട്. ഈ മത്സരത്തില്‍ പങ്കെടുക്കാനെങ്കിലും ജമാഅത്തെ ഇസ്ലാമിക്കാര്‍ക്ക് സിനിമ കാണേണ്ടിവരും. കാരണം, ബൗദ്ധികമായ ഒരു മത്സരത്തിലേക്കാണ് ക്ഷണം. ജമാഅത്തെ ഇസ്ലാമി ഒരു നാട്ടില്‍ സിനിമ പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് സക്കരിയ സംവിധാനം ചെയ്ത 'ഒരു ഹലാല്‍ ലൗ സ്റ്റോറി.' സിനിമയെ ഇനിയും ദൂരെ നിര്‍ത്തിയാല്‍ പ്രസ്ഥാനത്തിന്റെ ഭാവി യുവാക്കള്‍ക്കു മുന്നിലെങ്കിലും ഇരുണ്ടതാകുമെന്ന് ആ പ്രസ്ഥാനം കരുതുന്നുണ്ടാവാം. ആര്‍.എസ്.എസ് ബൗദ്ധികാചാര്യന്‍ ഗുരുമൂര്‍ത്തി ''സോഷ്യല്‍ മീഡിയ നിരോധിക്കണം'' എന്നു പറയുമ്പോഴാണ്, ആര്‍.എസ്.എസ്സിന്റെ മുസ്ലിം സംഘടനാ രൂപമായ ജമാഅത്തെ ഇസ്ലാമിയുടെ ട്രസ്റ്റ് നടത്തുന്ന പത്രത്തില്‍ സിനിമാ മത്സരം പ്രത്യക്ഷപ്പെടുന്നത്. പുതിയ കാലത്തേക്ക് വാതില്‍ തുറന്നിടുകയാണ് അതുവഴി പത്രം. പത്തു മികച്ച കഥാപാത്രങ്ങളെ കണ്ടെടുക്കാന്‍ സിനിമകളേറെ കാണേണ്ടിവരും. അങ്ങനെ, ഭൂതകാലത്തെ തിളങ്ങുന്ന അഭ്രപാളികളിലേക്ക് ജമാഅത്തെ ഇസ്ലാമി അനുയായികള്‍ക്കുകൂടി പങ്കെടുക്കാന്‍ ഒരു മത്സരവേദി തുറന്നിടുകയാണ്, മാധ്യമം.

സര്‍ഗ്ഗാത്മകതയുടെ 'ഈമാനു'ള്ള ഒരാളെങ്കിലും ആ പത്രത്തിലുണ്ട്. അതാണ് ആ പരസ്യം സൂചിപ്പിക്കുന്നത്.