ഭക്ഷണം കൊണ്ട് മതില്‍കെട്ടുന്നവര്‍

പഴയകാലത്തെന്നപോലെ പുതിയ കാലത്തും മതില്‍ കെട്ടുന്നവര്‍ സമൂഹത്തില്‍ സജീവമാണ്. അവര്‍ പുതിയ മേഖലകള്‍ കണ്ടെത്തുന്നുമുണ്ട്
ഭക്ഷണം കൊണ്ട് മതില്‍കെട്ടുന്നവര്‍

'മതില്‍ നന്നാക്കല്‍' (mending Wall) എന്ന തലക്കെട്ടില്‍ അമേരിക്കന്‍ കവി റോബര്‍ട്ട് ഫ്രോസ്റ്റ് എഴുതിയ ഒരു കവിതയുണ്ട്. 1914-ല്‍ പുറത്തുവന്ന ആ രചനയില്‍ രണ്ട് അയല്‍ക്കാര്‍ തമ്മില്‍ തങ്ങളുടെ കൃഷിയിടങ്ങളെ വേര്‍തിരിക്കുന്ന അതിര്‍ത്തിമതിലിനെക്കുറിച്ച് നടത്തുന്ന ആശയവിനിമയമാണ് പ്രമേയം. അവരുടെ സ്ഥലങ്ങള്‍ക്കിടയില്‍ മതിലിന്റെ ആവശ്യമില്ലെന്നാണ് അയല്‍ക്കാരില്‍ ഒരാള്‍ പറയുന്നത്. അവര്‍ രണ്ടുപേരും പശുക്കളെ പോറ്റുന്നില്ല. ആപ്പിളും പൈനും മാത്രം കൃഷിചെയ്യുന്ന സ്ഥലങ്ങളാണവരുടേത്. അതിനാല്‍ത്തന്നെ വേലിയുടെ ആവശ്യം വരുന്നില്ല അവിടെ. പക്ഷേ, മറ്റേയാള്‍ പഴമക്കാര്‍ പറഞ്ഞുപോരുന്ന ആ പ്രസിദ്ധ വാക്യം ഉദ്ധരിക്കുന്നു: നല്ല വേലി (മതില്‍) നല്ല അയല്‍ക്കാരെയുണ്ടാക്കുന്നു.

ഒന്നുകൂടി ആഴത്തിലേയ്ക്കിറങ്ങി നോക്കിയാല്‍ ഫ്രോസ്റ്റിന്റെ കവിതയുടെ പ്രമേയം രണ്ടു അയല്‍ക്കാരുടെ കൃഷിഭൂമിയെ വേര്‍തിരിക്കുന്ന മതിലിനപ്പുറത്തേയ്ക്ക് നീണ്ടു ചെല്ലുന്നുണ്ടെന്ന് കാണാന്‍ സാധിക്കും. മനുഷ്യര്‍ തമ്മിലുള്ള അടുപ്പവും ആശയവിനിമയവും സൗഹൃദവും തകര്‍ക്കാന്‍ അവര്‍ സ്വയം നിര്‍മ്മിക്കുന്ന വേലിക്കെട്ടുകള്‍ (മതിലുകള്‍) ആണ് 'മെന്‍ഡിംഗ് വാളി'ന്റെ യഥാര്‍ത്ഥ പ്രമേയം. മതത്തിന്റെ, ജാതിയുടെ, വര്‍ണ്ണത്തിന്റെ, വംശത്തിന്റെ, ദേശത്തിന്റെ, ഭാഷയുടെ, കക്ഷിരാഷ്ട്രീയത്തിന്റെ എല്ലാം പേരില്‍ മനുഷ്യര്‍ തങ്ങള്‍ക്കിടയില്‍ കെട്ടിയുയര്‍ത്തുന്ന ഭിത്തികളിലേക്കാണ് കവി വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നത്. എല്ലാ മതിലുകളും ഒരര്‍ത്ഥത്തില്‍ സങ്കുചിതത്വത്തിന്റെ പ്രതീകങ്ങളാണെന്ന സന്ദേശം ഫ്രോസ്റ്റിന്റെ വരികള്‍ പ്രക്ഷേപിക്കുന്നു.

പഴയകാലത്തെന്നപോലെ പുതിയ കാലത്തും മതില്‍ കെട്ടുന്നവര്‍ സമൂഹത്തില്‍ സജീവമാണ്. അവര്‍ പുതിയ മേഖലകള്‍ കണ്ടെത്തുന്നുമുണ്ട്. അതിന്റെ തെളിവാണ് കേരളത്തില്‍ ഇപ്പോള്‍ കണ്ടുവരുന്ന, ഭക്ഷണത്തിന്റെ പേരിലുള്ള മതില്‍ നിര്‍മ്മാണം. ഇതിനു തുടക്കമിട്ടത് ഹോട്ടലുകള്‍ക്കു മുന്‍പില്‍ 'ഹലാല്‍ ഭക്ഷണം', 'ഹലാല്‍ ഹോട്ടല്‍' തുടങ്ങിയ ബോര്‍ഡുകള്‍ സ്ഥാപിച്ചവരാണ്. അനുവദനീയം എന്നര്‍ത്ഥം വരുന്ന ഹലാല്‍ എന്ന അറബിവാക്കിന് നമ്മുടെ സമൂഹത്തില്‍ ഇസ്ലാം മതത്തിന്റെ പരിവേഷമുണ്ട്. മസ്ജിദിലും മദ്രസയിലുമൊക്കെ ഇസ്ലാമിന്റെ പരിവേഷം ആവശ്യമുണ്ടെന്നു സമ്മതിക്കാം. പക്ഷേ, ഹോട്ടലുകളില്‍ ഇസ്ലാമിന്റെ ചൂരും മണവും ഒട്ടും ആവശ്യമില്ല. ആശുപത്രികളും തിയേറ്ററുകളും സ്റ്റേഡിയങ്ങളും പാര്‍ക്കുകളും ആര്‍ട്ട് ഗാലറികളും ജുവലറികളും പോലെ ഒരു മതത്തിന്റേയും പരിവേഷം ആവശ്യമില്ലാത്ത തികച്ചും മതേതരമായ സ്ഥാപനമാണ് ഹോട്ടല്‍. ഹലാല്‍ തിയേറ്റര്‍, ഹലാല്‍ സ്റ്റേഡിയം, ഹലാല്‍ ജൂവലറി തുടങ്ങിയ പ്രയോഗങ്ങള്‍ എത്രമാത്രം അസംബന്ധമാണോ അത്രമാത്രം അസംബന്ധമാണ് ഹലാല്‍ ഹോട്ടല്‍ എന്ന പ്രയോഗവും.

ഇങ്ങനെ പറയുമ്പോള്‍ അപ്പുറത്ത് നിന്നു പുറപ്പെടുന്ന ചോദ്യം ഇവിടെ കേള്‍ക്കാം: വെജിറ്റേറിയന്‍ ഹോട്ടല്‍ എന്ന ബോര്‍ഡ് വെക്കാമെങ്കില്‍ ഹലാല്‍ ഹോട്ടല്‍ എന്ന ബോര്‍ഡ് എന്തുകൊണ്ട് വെച്ചുകൂടാ? വെജിറ്റേറിയന്‍ എന്ന പദത്തിലോ സസ്യഭക്ഷണശാല എന്ന പ്രയോഗത്തിലോ ഒരു മതത്തിന്റേയും മണമോ പരിവേഷമോ ഇല്ല. മത, ജാതി, വര്‍ണ, ദേശ, ഭാഷാ വ്യത്യാസമില്ലാതെ എല്ലാവരും കഴിക്കുന്നതും ഏതെങ്കിലും പ്രത്യേക മതക്കാരെ മുന്നില്‍ കണ്ടു തയ്യാറാക്കപ്പെട്ടത് എന്ന ധ്വനിയില്ലാത്തതുമായ ഭക്ഷണമാണ് സസ്യാഹാരം. അതല്ല ഹലാല്‍ ഭക്ഷണത്തിന്റെ അവസ്ഥ. ഒരു പ്രത്യേക മതക്കാരുട താല്പര്യം മുന്നില്‍ കണ്ടു തയ്യാറാക്കിയ ഭക്ഷണം എന്ന ധ്വനി ഹലാല്‍ ഭക്ഷണ ബോര്‍ഡില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.

ഇച്ചൊന്ന ഹലാല്‍ ഭക്ഷണം എന്ന ബോര്‍ഡിനോടുള്ള പ്രതികരണം എന്ന നിലയില്‍ ചിലര്‍ തങ്ങളുടെ ഹോട്ടലുകള്‍ക്ക് മുന്‍പില്‍ 'ഹലാല്‍ വിരുദ്ധ ഭക്ഷണം' എന്ന ബോര്‍ഡുമായി രംഗത്ത് വരുകയുണ്ടായി. 'മനുഷ്യ ഭക്ഷണം' എന്ന ബോര്‍ഡ് തൂക്കിയാണ് അവര്‍ പ്രതികരിച്ചിരുന്നതെങ്കില്‍ അത് ശ്ലാഘനീയമായേനെ. ഇപ്പോള്‍ സംഭവിച്ചത് എന്താണ്? ഒരു വശത്ത് ഹലാല്‍ ഭക്ഷണം എന്ന പരസ്യപ്പലകയും മറുവശത്ത് ഹലാല്‍ വിരുദ്ധ ഭക്ഷണം എന്ന പരസ്യപ്പലകയും! ദശാബ്ദങ്ങള്‍ പലതെടുത്ത് ചൈനക്കാരുണ്ടാക്കിയ വന്‍ മതിലിനെ വെല്ലുന്ന ഒരു പടുകൂറ്റന്‍ മതില്‍ ഭൂരിപക്ഷ-ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട തല്പരകക്ഷികള്‍ ഇവിടെ ദിവസങ്ങള്‍ക്കകം പണിതുയര്‍ത്തിയിരിക്കുന്നു.

ഭക്ഷണാടിസ്ഥാനത്തിലെ വേര്‍തിരിവുകള്‍

ഹലാല്‍ ഭക്ഷണത്തെക്കുറിച്ച് ഖുര്‍ആനില്‍ പറഞ്ഞ കാര്യങ്ങള്‍ സൂക്ഷ്മമായി ഗ്രഹിക്കാത്തവരാണ് ഭക്ഷണത്തിന് ഹലാല്‍ മുദ്ര നല്‍കി രംഗത്ത് വന്നതെന്നു വ്യക്തം. ഹോട്ടലുകളില്‍ ആ മുദ്ര പ്രദര്‍ശിപ്പിക്കുന്നവരോ ഹലാല്‍ വിലാസം ഹോട്ടലുകളെ ന്യായീകരിക്കുന്നവരോ മുസ്ലിങ്ങളുടെ വേദഗ്രന്ഥത്തില്‍ പ്രതിപാദിച്ച കാര്യങ്ങള്‍ മനസ്സിരുത്തി വായിച്ചിരുന്നെങ്കില്‍, അപരമതക്കാര്‍ക്ക് അനുവദനീയമായതും അവര്‍ ഉപയോഗിക്കുന്നതുമായ എല്ലാ ഭക്ഷണവും മുസ്ലിങ്ങള്‍ക്കും അനുവദനീയമാണെന്ന് അവര്‍ തിരിച്ചറിയുമായിരുന്നു. ഭക്ഷണ വിഷയത്തില്‍ മതാടിസ്ഥാനത്തിലുള്ള വേര്‍തിരിവുകള്‍ ഇസ്ലാമില്‍ ഇല്ല എന്നതാണ് വസ്തുത. ഖുര്‍ആനിലെ അഞ്ചാം അധ്യായത്തിലെ മൂന്നും നാലും അഞ്ചും സൂക്തങ്ങള്‍ വായിച്ചാല്‍ ആര്‍ക്കും ബോധ്യപ്പെടാവുന്നതേയുള്ളൂ ഇക്കാര്യം.

അഞ്ചാം അധ്യായത്തിലെ മൂന്നാം സൂക്തം വായിക്കാം: ''ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറക്കപ്പെട്ടത്, ശ്വാസംമുട്ടി ചത്തത്, അടിച്ചുകൊന്നത്, വീണു ചത്തത്, കുത്തേറ്റു ചത്തത്, വന്യമൃഗം കടിച്ചുതിന്നത് എന്നിവ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ (ജീവനോടെ) നിങ്ങള്‍ അറുത്തത് ഇതില്‍നിന്നു ഒഴിവാക്കുന്നു. പ്രതിഷ്ഠകള്‍ക്കു മുന്‍പില്‍ ബലിയര്‍പ്പിക്കപ്പെട്ടതും (നിങ്ങള്‍ക്ക് നിഷിദ്ധമാകുന്നു.)'

നാലം സൂക്തത്തില്‍ അല്ലാഹു പറയുന്നു: ''തങ്ങള്‍ക്കനുവദിക്കപ്പെട്ടത് എന്തൊക്കെയാണെന്നു അവര്‍ നിന്നോട് (പ്രവാചകനോട്) ചോദിക്കും. പറയുക: നല്ല വസ്തുക്കളെല്ലാം നിങ്ങള്‍ക്കനുവദിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ അറിവുപയോഗിച്ച് നിങ്ങള്‍ പരിശീലിപ്പിച്ച വേട്ടമൃഗം നിങ്ങള്‍ക്കായി പിടിച്ചുകൊണ്ടുവരുന്നതും നിങ്ങള്‍ക്ക് ഭക്ഷിക്കാം. എന്നാല്‍, ആ ഉരുവിന്റെമേല്‍ നിങ്ങള്‍ അല്ലാഹുവിന്റെ നാമം ഉരുവിടണം.''

ഇത്രയും വ്യക്തമാക്കിയ ശേഷം അഞ്ചാം സൂക്തത്തില്‍ അല്ലാഹു പറയുന്ന കാര്യം കൂടുതല്‍ ശ്രദ്ധയോടെ വായിക്കേണ്ടതാണ്. എന്തുകൊണ്ടെന്നാല്‍, മുകളില്‍ പരാമര്‍ശിച്ച രണ്ടു സൂക്തങ്ങളില്‍ പറഞ്ഞ കാര്യങ്ങളെ റദ്ദ് ചെയ്യുന്നവയാണ് അഞ്ചാം സൂക്തത്തിലെ വാക്കുകള്‍, അതിപ്രകാരം: ''എല്ലാ നല്ല വസ്തുക്കളും ഇന്നു നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. വേദം നല്‍കപ്പെട്ടവരുടെ ഭക്ഷണം നിങ്ങള്‍ക്ക് അനുവദനീയമാണ്. നിങ്ങളുടെ ഭക്ഷണം അവര്‍ക്കും അനുവദനീയമാണ്.''

ഈ സൂക്തത്തിന്റെ യഥാര്‍ത്ഥ പൊരുള്‍ ഗ്രഹിക്കണമെങ്കില്‍ 'വേദം നല്‍കപ്പെട്ടവര്‍' എന്ന പ്രയോഗത്തിന്റെ വിവക്ഷ മനസ്സിലാക്കണം. മുസ്ലിങ്ങള്‍ക്കു മുന്‍പേ ദൈവത്താല്‍ വേദം നല്‍കപ്പെട്ട ജനവിഭാഗങ്ങള്‍ എന്നത്രേ ആ പ്രയോഗംകൊണ്ട് ഉദ്ദേശിക്കുന്നത്. ജൂതരും ക്രൈസ്തവരും സാബിയന്‍ മതക്കാരും മാത്രമേ ആ വിഭാഗത്തില്‍ ഉള്‍പ്പെടൂ എന്നായിരുന്നു പഴയ ധാരണ. ആ നിഗമനം ശരിയല്ലെന്ന് ആധുനിക കാല ഇസ്ലാമിക പണ്ഡിതരില്‍ പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അസ്ഗര്‍ അലി എന്‍ജിനീയറെപ്പോലുള്ളവര്‍ ആ ഗണത്തില്‍പ്പെടുന്നവരാണ്. വേദം നല്‍കപ്പെട്ടവര്‍ എന്ന വിഭാഗത്തില്‍ ജൂത, ക്രൈസ്തവ, സാബിയന്‍ മതക്കാര്‍ മാത്രമല്ല, ഹിന്ദുക്കളും സൊരാഷ്ട്രമതക്കാരും കണ്‍ഫ്യൂഷന്‍ മതക്കാരുമടക്കം മറ്റെല്ലാ മതവിഭാഗങ്ങളും ഉള്‍പ്പെടുമെന്ന് അവര്‍ അഭിപ്രായപ്പെടുന്നു.

ഈ അഭിപ്രായ പ്രകടനത്തെ സാധൂകരിക്കുന്നതാണ് ഖുര്‍ആനിലെ 16-ാം അധ്യായത്തിലെ 36-ാം സൂക്തം. അതിങ്ങനെ: ''തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം (അല്ലാഹു) ദൂതനെ നിയോഗിച്ചിട്ടുണ്ട്.'' ഭൂമുഖത്തുള്ള എല്ലാ മനുഷ്യസമുദായത്തിലേക്കും അല്ലാഹുവിന്റെ സന്ദേശവാഹകരായ പ്രവാചകര്‍ ചെന്നെത്തിയിട്ടുണ്ട്. എന്നാണിതിനര്‍ത്ഥം. ഉത്തരധ്രുവപ്രദേശമായ ആര്‍ട്ടിക് മേഖലയിലെ എസ്‌കിമോ വിഭാഗം പോലും പ്രവാചകരഹിതരല്ല.

അങ്ങനെ നോക്കുമ്പോള്‍, വേദക്കാരായ ജൂതരുടേയും ക്രൈസ്തവരുടേയും സാബിയന്മാരുടേയും ഹിന്ദുക്കളുടേയും പാര്‍സികളുടേയും ഭൂമിയിലുള്ള മറ്റെല്ലാ മതവിഭാഗങ്ങളുടേയും ഭക്ഷണം മുസ്ലിങ്ങള്‍ക്ക് ഹലാല്‍ (അനുവദനീയം) ആണെന്നത്രേ ഖുര്‍ആനിലെ അഞ്ചാം അധ്യായത്തിലെ അഞ്ചാം സൂക്തം സംശയലേശമില്ലാതെ വ്യക്തമാക്കുന്നത്. ജൂതരോ ക്രൈസ്തവരോ ഹിന്ദുക്കളോ പാര്‍സികളോ മറ്റു മതസ്ഥരോ അല്ലാഹുവിന്റെ നാമം ഉരുവിടാതെ (ബിസ്മി ചൊല്ലാതെ) കശാപ്പ് ചെയ്ത മൃഗങ്ങളുടെ മാംസവും പന്നിമാംസവുമൊന്നും മുസ്ലിങ്ങള്‍ക്ക് ഹറാം (നിഷിദ്ധം) അല്ലെന്നും അനുവദീനയമാണെന്നും ഇതില്‍നിന്നു സിദ്ധിക്കുക കൂടി ചെയ്യുന്നു.

ഇത്രയും കാര്യങ്ങള്‍ ഖുര്‍ആന്‍ ശ്രദ്ധിച്ചു വായിക്കുന്ന ആര്‍ക്കും സുഗ്രഹമാണെന്നിരിക്കെ ഭക്ഷണ വിഷയത്തില്‍ ഹലാലും ഹറാമും പറഞ്ഞ് സമൂഹത്തില്‍ കാലുഷ്യം സൃഷ്ടിക്കേണ്ട ആവശ്യം മുസ്ലിങ്ങള്‍ക്കില്ല. മറുഭാഗത്ത് ഹലാല്‍ എന്നു കേള്‍ക്കുന്ന മാത്രയില്‍ ഹാലിളകാതിരിക്കുന്ന വിവേകം 'ഹലാല്‍ വിരുദ്ധ ഭക്ഷണ'ക്കാരും കാണിക്കേണ്ടതുണ്ട്. അദൈ്വത മന്ത്രം ഉരുവിട്ടതു കൊണ്ടായില്ല. അതിന്റെ ആത്മസത്ത ഹൃദയത്തിലേക്ക് ആവാഹിക്കണം. താനും അവനും രണ്ടല്ല, ഒന്നുതന്നെയാണെന്ന ബോധത്തിലേക്കുയരണം. മനുഷ്യര്‍ക്കിടയില്‍ ഭക്ഷണത്തിന്റെ പേരില്‍ മതില്‍കെട്ടുന്ന നികൃഷ്ടവൃത്തിയില്‍നിന്നു ഇരുപക്ഷവും പിന്‍വാങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com