അബ്ബ; ലോകത്തെ പാട്ടിലാക്കിയവര്‍
By സ്വപ്ന ജേക്കബ് | Published: 16th December 2021 04:19 PM |
Last Updated: 16th December 2021 04:19 PM | A+A A- |

ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍, 40 വര്‍ഷങ്ങള്‍ക്കു ശേഷം, ലോകത്തെ ഏറ്റവും പ്രശസ്തരായ പോപ്പ് ഗായകര്‍ ABBA തിരികെയെത്തി. 'വോയേജ്' എന്നൊരു പുതിയ ആല്‍ബവുമായി. ABBAയിലെ ഒരു 'B'യും പാട്ടെഴുത്തുകാരനുമായ ബ്യോണ്‍ പറഞ്ഞതിങ്ങനെ; ''ഞങ്ങള്‍ യാത്ര തുടരുകയാണ്, എന്നന്നേക്കുമായി.''
മിക്കവാറും എല്ലാവര്‍ക്കും യാത്രകള്‍ ഇഷ്ടമാണ്. ജീവിതയാത്രയിലാവട്ടെ, നമുക്കിഷ്ടപ്പെട്ടവരും ഇഷ്ടപ്പെട്ടവയും ഒക്കെ നമ്മുടെ കൂടെ സഞ്ചരിക്കുകയാണ്; പിന്നീട് എന്നെന്നേക്കുമായി, അവരുടെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍പോലും പങ്കിട്ടുതന്നുകൊണ്ട്. ചിലപ്പോള്‍ അറിഞ്ഞോ; അറിയാതേയോ നമുക്കവരെ നഷ്ടപ്പെട്ടെന്നു വരാം. അവസാനം ചിലപ്പോള്‍ നമ്മുടെ അപക്വ മനസ്സുകൊണ്ട് നഷ്ടമായ ബന്ധങ്ങള്‍ വര്‍ഷങ്ങള്‍ക്കു ശേഷം തിരികെ കിട്ടിയെന്നു വരാം. നമ്മള്‍ പാകപ്പെട്ടില്ലെങ്കിലോ; നമുക്കുള്ളതല്ലെങ്കിലോ ഭാഗ്യംകൊണ്ട് തരുന്ന സൗഹൃദങ്ങള്‍ തിരികെ കിട്ടിയില്ലെന്നും വരാം.
ശരത്കാലത്തെ കൊഴിഞ്ഞ ഇലകള്‍ മൂടിയതോ; മഞ്ഞുകാലത്തെ തണുത്തു വിറങ്ങലിച്ചതോ ആയ റെയില്‍വേ സ്റ്റേഷനുകളില്‍ പ്രണയിതാവിനൊപ്പം ട്രെയിന്‍ കാത്തിരിക്കുന്നവര്‍, ഒരിക്കല്‍ പ്രണയികളായിരുന്നവരെ പിരിഞ്ഞു, മനസ്സുകൊണ്ടെങ്കിലും മറ്റൊരു താവളം തേടി പോകുന്നവര്‍. നമ്മുടെയൊക്കെ തീവണ്ടിയനുഭവങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഒരു പാട്ടില്‍നിന്നു തുടങ്ങാം.

Just another town anothert rain
Waiting in the morning rain
Lord give my restless soul a little patience
Just another town anothert rain
Nothing lost and nothing gained
Guess I will spend my life in railway stations...
മനസ്സിലേക്ക് ഇറങ്ങിച്ചെല്ലുന്ന വരികളും ആത്മാവില്‍ മറന്നുകിടക്കുന്ന ഏതൊക്കെയോ പാട്ടുകളെ ഓര്‍മ്മിപ്പിക്കുന്ന ഈണവും ദുഃഖം നിറഞ്ഞ ശബ്ദവും ശക്തമായ ഒരു ശബ്ദവും ഒത്തു ചേരുമ്പോള്‍ അആആഅയാകുന്നു. ലോകത്തിലെ ഏറ്റവും പ്രശസ്തരായ പോപ്പ് ഗായകര്‍. Agnetha Falkskog, Björn Ulvaeus, Benny Anderson, Anni-Frid Lyngstad എന്നിവരായിരുന്നു ABBAയിലെ അംഗങ്ങള്‍. ബ്യോണിന്റെ ഭാര്യ അഗ്നെത, ബെന്നിയുടെ ഭാര്യ ആനിഫ്രിഡ് എന്ന ഫ്രിഡ. പാട്ടുകാരായ രണ്ട് ദമ്പതികള്‍ എന്നതായിരുന്നു ABBAയുടെ പ്രതിച്ഛായ. നാല് പേരുടേയും പേരിന്റെ ആദ്യത്തെ അക്ഷരങ്ങള്‍ ചേര്‍ത്താണ് ABBA എന്ന പേര് ഉണ്ടായതും.
ABBA പാട്ടുകളുടെ താളവും ഈണവും മാത്രം ആസ്വദിക്കാന്‍ കഴിയുമായിരുന്ന ഒരു പ്രായത്തില്‍, എനിക്ക് ഏതാണ്ട് എട്ടോ ഒന്‍പതോ വയസ്സുള്ളപ്പോഴാണ്, പള്ളിക്വയറിലെ പഴയൊരു പാട്ടുകാരനായിരുന്ന പപ്പ, വീട്ടിലേക്ക് ABBAയുടെ ഒരു കാസറ്റ് കൊണ്ടുവരുന്നത്. നല്ല ഹാര്‍മണിയാണ് എന്നും പറഞ്ഞാണത് വീട്ടില്‍ കൊണ്ടുവന്നത്. ഓരോരുത്തര്‍ക്കും ഓരോരോ കാരണങ്ങളായിരുന്നു അവരുടെ കാസറ്റുകള്‍ വാങ്ങാന്‍. കാരണം വല്യപണക്കാരുടേയോ സംഗീതജ്ഞരുടേയോ പ്രവാസികളുടേയോ ഒക്കെ വീടുകളില്‍ മാത്രമേ അക്കാലത്ത് ABBA കാസറ്റുകള്‍ ഉണ്ടായിരുന്നുള്ളൂ. സാധാരണക്കാര്‍ക്ക് ABBA ഒരാഡംബരമായിരുന്നു. എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം അആആഅയുടെ സ്വദേശമായ സ്വീഡനിലും ഒരുകൂട്ടം സാധാരണക്കാരുടെ ഇടയില്‍ ABBAയ്ക്കു അത്ര അംഗീകാരം അക്കാലത്തുണ്ടായിരുന്നില്ല എന്നതാണ്. ഇടതുപക്ഷ സഹയാത്രികരുടെ ഒരു സംഗീത ബാന്‍ഡ് അവര്‍ക്കെതിരേ അക്കാലത്തു പ്രവര്‍ത്തിച്ചിരുന്നത്രേ. Hoola Bandoola Band എന്ന പേരിലുണ്ടായിരുന്ന ബാന്‍ഡിന്റെ നേതാവ് ഒരു കുറ്റസമ്മതം പോലെ പൊട്ടിച്ചിരിച്ചുകൊണ്ട് അടുത്തിടെ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞു: ''ഞങ്ങള്‍ അസ്വസ്ഥരായിരുന്നു. യൂറോപ്പിലേയും അമേരിക്കയിലേയും തെക്കുകിഴക്കന്‍ ഏഷ്യയിലേയും പ്രശ്നങ്ങളോര്‍ത്ത്, പിന്നെ ABBAയ്ക്കു ഇതൊന്നും ഒരു പ്രശ്നമല്ലല്ലോ എന്നോര്‍ത്തും ഞങ്ങള്‍ അസ്വസ്ഥരായിരുന്നു. എന്നാല്‍, ഇന്ന് ഞങ്ങള്‍ അഭിമാനത്തോടെ പറയുകയാണ് ABBAയുടെ മെലഡികള്‍ മനോഹരങ്ങളാണെന്ന് പറയാന്‍ ഞങ്ങള്‍ക്കൊരു മടിയുമില്ല.''
എന്നാല്‍ ABBAയാവട്ടെ, സാധാരണക്കാരായ നാലുപേരായിരുന്നു; പ്രത്യേകിച്ചും അതിലെ സ്ത്രീകളായ അഗ്നെതയും ആനിഫ്രിഡും. 1972 മുതല്‍ 1982 വരെയായിരുന്നു ABBAയുടെ ആധിപത്യകാലം. ഏകദേശം 380 ദശലക്ഷം കാസറ്റുകളാണ് ലോകത്തിന്റെ മുക്കിലും മൂലയിലുമായി അക്കാലത്ത് മാത്രം വിറ്റഴിഞ്ഞത്. 2021 നവംബര്‍ അഞ്ചിന് ഏറ്റവും പുതിയ ആല്‍ബം ഇറക്കുമ്പോള്‍ അവര്‍ കാസറ്റുകളും ഇറക്കുന്നുണ്ട്. 74-കാരന്‍ ബെന്നി ആന്‍ഡേഴ്സണ്‍ സ്വതസിദ്ധമായ കുസൃതിച്ചിരിയോടെ പറയുന്നതിങ്ങനെ: ''കാസറ്റ് ഇറക്കുന്നത് എന്തിനാണെന്ന് ചോദിക്കരുത്, എനിക്കറിയില്ല.'' കുട്ടിയായിരുന്നപ്പോള്‍ ABBA പാട്ടുകളുടെ ചടുലമായ താളത്തിലും സന്തോഷഗാനങ്ങള്‍ പോലെ പ്രച്ഛന്നവേഷമണിഞ്ഞെത്തിയ ദുഃഖഗാനങ്ങളുടെ ഈണങ്ങളിലും നിന്നൂരിപ്പോവാനാവാതെ ടേപ്പ്‌റെക്കോര്‍ഡിനടുത്ത് ഇരിക്കാറുണ്ടായിരുന്ന എന്നോട് പപ്പ, S.O.S എന്നു പറഞ്ഞാല്‍ Save Our Souls എന്നോ Save Our Ship എന്നോ ഉള്ള അര്‍ത്ഥത്തില്‍ അപകടത്തില്‍പ്പെട്ട നാവികര്‍ അയയ്ക്കുന്ന സന്ദേശങ്ങളാണ് എന്നു പറഞ്ഞു. പിന്നെ വാട്ടര്‍ലൂ എന്നു പറഞ്ഞാല്‍ നെപ്പോളിയന്‍ തോറ്റ സ്ഥലമാണെന്നും. 'The love you gave me, Nothing else can save me S.O.S' എന്നത് മനസ്സിലാക്കാന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു; 'Waterloo, I was defeated, you won the war' എന്നതു മനസ്സിലാക്കാനും.

ഈണങ്ങളുടെ മാസ്മരികയാത്ര
ഞങ്ങളുടെ തലമുറയിലുള്ളവരോട് ABBAയുടെ ഏതെങ്കിലും ഒരു പാട്ടിനെക്കുറിച്ച് ചോദിച്ചാല്‍, ഒരുപാട് കേട്ട പാട്ട് എന്നോ കേട്ടു വളര്‍ന്ന പാട്ട് എന്നോ പറയും. എന്താ, നമുക്കു കേട്ടു വളരാന്‍ വേറെ പാട്ടില്ലാഞ്ഞിട്ടാണോ? നമ്മുടെ യാത്രകളൊക്കെ വീട്ടിലേക്കുള്ള വഴിയില്‍ അവസാനിക്കുന്നതുപോലെ, പുതിയ പാട്ടുകളൊക്കെ മടുത്തുകഴിയുമ്പോള്‍ വീണ്ടും ABBAയിലേക്ക് മടങ്ങുന്ന ഒരു പതിവ് എനിക്കുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. കാരണം നമ്മളെവിടെയൊക്കെയോ വച്ച് മറന്ന ഏതൊക്കെയോ ഈണങ്ങള്‍ ബെന്നി നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ബെന്നിയുടെ അലൗകികവും വ്യത്യസ്തവുമായ ഈണങ്ങള്‍ക്ക് അവരുടെ ജീവിതവുമായി ബന്ധപ്പെട്ട വരികളായിരുന്നു അആആഅയിലെ പാട്ടെഴുത്തുകാരനായ ബ്യോണ്‍ തിരഞ്ഞെടുത്തതും.
ബ്യോണ്‍ എപ്പോഴും പറയുന്നത് എല്ലാം സ്വാഭാവികമായി സംഭവിച്ചു പോവുകയായിരുന്നു എന്നാണ്. പാട്ടുകാരായിരുന്ന ബെന്നിയും ബ്യോണും ആദ്യം കണ്ടുമുട്ടി. പിന്നെ ബെന്നി ഫ്രിഡയേയും ബ്യോണ്‍ അഗ്നെതയേയും കണ്ടുമുട്ടുന്നു. ബെന്നിയും ഫ്രിഡയേയും വിവാഹ നിശ്ചയത്തിലെത്തുന്നു; ബ്യോണും അഗ്നെതയും വിവാഹം കഴിക്കുന്നു. സമയം കിട്ടുമ്പോള്‍ അവര്‍ നാലുപേരും കാട്ടിലൂടെ നടക്കും; പാട്ടുകള്‍ പാടും. ഒരിക്കല്‍ അഗ്നെതയും ഫ്രിഡയും ഒരുമിച്ച് പാടിയപ്പോള്‍ വളരെ നന്നായി ബെന്നിക്കും ബ്യോണിനും തോന്നി. അക്കാലത്ത് ബ്യോണും ബെന്നിയും കാസറ്റുകള്‍ ഇറക്കിത്തുടങ്ങിയിരുന്നു. ആദ്യമൊക്കെ അഗ്നെതയും ഫ്രിഡയും കോറസ് ആയിരുന്നു പാടിയിരുന്നത്. കോറസ് പാടുന്നവരുടെ പേരുപോലും കാസറ്റില്‍ ഉണ്ടായിരുന്നില്ല. പിന്നീട് ഒരുമിച്ച് പാടി നാല് പേരുടേയും പേര് വച്ച് കാസറ്റുകള്‍ ഇറക്കി.
Ring Ring why don't you give me a call
Ring Ring happiest sound of them all
എന്ന പാട്ട് ഉള്‍പ്പെടുന്ന ആദ്യ ആല്‍ബം, ABBA എന്ന പേരിടുന്നതിന് മുന്‍പ് ഇറക്കിയതാണ്. 1973-ല്‍ Ring Ring എന്ന പാട്ടുമായി യൂറോവിഷന്‍ മത്സരത്തില്‍ എത്തിയെങ്കിലും അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല. ബെന്നിയും ബ്യോണും നേരത്തെ തുടങ്ങി തങ്ങളുടെ പാട്ടുകള്‍ യൂറോവിഷന്‍ മത്സരത്തില്‍ അയച്ചിരുന്നെങ്കിലും തിരസ്‌കരിക്കപ്പെടുകയായിരുന്നു. യൂറോവിഷന്‍ മത്സരമാണ് സ്വീഡന് പുറത്തേക്ക് തങ്ങളുടെ പാട്ടുകളെ എത്തിക്കാനുള്ള വഴി എന്നവര്‍ക്കറിയാമായിരുന്നു. 1974-ല്‍ Waterloo, Hasta Mañana എന്നീ പാട്ടുകളുമായി അവര്‍ വീണ്ടും യൂറോവിഷന്‍ കോണ്ടസ്റ്റില്‍ എത്തി. ഒരുതരത്തിലും മത്സരത്തിന് ചേരാത്ത വേഷവിധാനങ്ങളും പാട്ടുകളുമായിരുന്നു ABBAയുടേത്. യൂറോവിഷന്‍ കോണ്ടസ്റ്റിലാണ് ABBA എന്ന പേര് ആദ്യമായി ഉപയോഗിച്ചത്. എന്നാല്‍, ഒരിക്കലും പ്രതീക്ഷിക്കാതെ സ്വീഡന്‍ മത്സരത്തില്‍ വിജയിച്ചു. Waterloo ആയിരുന്നു പാടിയ ഗാനം. അന്ന് തുടങ്ങി പിന്നീടങ്ങോട്ട് തുടരെത്തുടരെ ലോകം മുഴുവന്‍ No.1 ഹിറ്റുകളായിരുന്നു 1981 വരെ. 1982-ല്‍ ഇറക്കിയ 'Visitors' എന്ന ആല്‍ബം മാത്രമാണ് ഹിറ്റ് ചാര്‍ട്ടുകളില്‍ 10-ന് മുകളില്‍ എത്താതിരുന്നത്. ഇക്കഴിഞ്ഞ നവംബര്‍ അഞ്ചിനിറക്കിയ 'Voyage' പല രാജ്യങ്ങളുടേയും ഹിറ്റ് ചാര്‍ട്ടുകളില്‍ ഒന്നാമതെത്തിക്കഴിഞ്ഞു. കൂടാതെ 'I still have faith in you' എന്ന പാട്ടിന് ABBAയ്ക്ക് ആദ്യമായി ഗ്രാമി അവാര്‍ഡ് നോമിനേഷനും കിട്ടി.
ബെന്നി ആന്‍ഡേഴ്സണെക്കുറിച്ച് പറയുന്നത്, ''ലോകത്തിലെ ഏറ്റവും മികച്ച സംഗീതജ്ഞരില്‍ ഒരാളാണ് പക്ഷേ, അദ്ദേഹം ABBAയിലെ ഒരംഗം എന്നറിയപ്പെടുന്നു എന്നുമാത്രം.'' എന്നാണ്. Benny Aderson Orkestor (BAO)യുടെ ഈണങ്ങള്‍ കേട്ടാല്‍ പറയുന്നത് സത്യമാണെന്ന് മനസ്സിലാകും. ബ്യോണാവട്ടെ; തങ്ങളുടെ പ്രണയത്തേയും ജീവിതത്തേയും കുറിച്ച് കുറച്ചൊരു അതിഭാവുകത്വത്തോടെ പാട്ടുകളെഴുതി. അതുകൊണ്ടുതന്നെ ABBAയുടെ പാട്ടുകള്‍ക്കൊപ്പം അവരുടെ ജീവിതവും ആരാധകര്‍ക്ക് എന്നും താല്പര്യമുള്ള വിഷയമായി മാറി. പത്തു വര്‍ഷങ്ങള്‍ കൊണ്ട് മനോഹരങ്ങളായ പാട്ടുകള്‍ തനിയെ ഉണ്ടാക്കുക, കൂടെ പുതിയതായി ആരംഭിച്ച കുടുംബജീവിതം കൊണ്ടുപോവുക, ലോകം മുഴുവന്‍ സംഗീതപര്യടനം നടത്തുക, അതിനിടെ ആരാധകരുടെ ഭ്രാന്തമായ ആരാധനയും. ബ്യോണ്‍ പറയുന്നതുപോലെ മനുഷ്യരുടെ ഭാവനയ്ക്ക് പോലും അസാധ്യമായ കാര്യം.
കലാകാരന്മാരുടെ വ്യക്തിജീവിതത്തെക്കുറിച്ച് പറയുന്നത് ശരിയല്ല എന്നൊരഭിപ്രായം പലയിടത്തും കേട്ടിട്ടുണ്ട്. പക്ഷേ, എന്റെ അഭിപ്രായത്തില്‍ കലാകാരന്മാരുടെ ജീവിതത്തെക്കുറിച്ചറിയാതെ അവരുടെ കലയെ മനസ്സിലാക്കാനും പ്രയാസമാണ്. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കലാകാരന്മാരെപ്പോഴും സ്വന്തം ജീവിതത്തെക്കുറിച്ച് പറയാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. സ്വന്തം ജീവിതത്തെ മനസ്സിലാക്കാനും വിശദീകരിക്കാനും ഓരോ കലാകാരനും ശ്രമിക്കുന്നതുകൊണ്ടാണല്ലോ കലാകാരന്മാരുടെ ആത്മകഥയ്ക്ക് പ്രസക്തി ഉണ്ടാകുന്നതും.

ഞാനാണെങ്കില്‍ ABBAയെക്കുറിച്ച് എവിടെ കണ്ടാലും വായിക്കുകയും ടെലിവിഷനില്‍ വരുന്ന അഭിമുഖങ്ങള്‍ കാണുകയും ചെയ്യാറുണ്ട്. ബെന്നിയും ബ്യോണും എപ്പോഴും ഒരുപോലെ പറയുന്ന ഒരു കാര്യമുണ്ട്: ''എന്തുകൊണ്ട് ഞങ്ങള്‍?'' ബ്യോണ്‍ എപ്പോഴും പറയും: ''ഞങ്ങള്‍ക്കുപോലും മനസ്സിലാക്കാന്‍ പറ്റുന്നില്ല എന്തുകൊണ്ടിങ്ങനെ'' എന്ന്. 1982-ല്‍ ABBA തല്‍ക്കാലം നിര്‍ത്തി വച്ചതിനുശേഷം ഒന്നോ രണ്ടോ കൊല്ലം കൂടി ജനങ്ങള്‍ ഓര്‍ക്കുമായിരിക്കും എന്നേ ഞങ്ങള്‍ കരുതിയുള്ളൂ എന്നും അദ്ദേഹം അത്ഭുതത്തോടെ കൂട്ടിച്ചേര്‍ക്കും.
എന്തായാലും കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നത് ബെന്നിക്ക് തന്നെയായിരുന്നു. സ്വീഡന്റെ സംഗീതം എങ്ങനെ ലോകത്തെ അറിയിക്കാം എന്നദ്ദേഹം എപ്പോഴും ചിന്തിച്ചിരുന്നത്രേ. സ്വീഡന്റെ ഫോക്ക് സംഗീതം അക്കോര്‍ഡിയനില്‍ വായിക്കുന്ന ഒരു കുടുംബത്തില്‍ 1946 ഡിസംബര്‍ 16-ന് ബെന്നി ആന്‍ഡേഴ്സണ്‍ ജനിച്ചു. പിതാവ് ഒരു സിവില്‍ എന്‍ജിനീയര്‍ ആയിരുന്നു. ആറാം വയസ്സ് മുതല്‍ മുത്തച്ഛനും അച്ഛനും ചേര്‍ന്ന് അദ്ദേഹത്തെ അക്കോര്‍ഡിയനും ഫോക്ക് സംഗീതവും പഠിപ്പിച്ചു. സ്വാഭാവികമായും അദ്ദേഹം അതു നന്നായി പഠിച്ചു. പത്താം വയസ്സില്‍ അവര്‍ ബെന്നിക്ക് ഒരു പിയാനോ സമ്മാനിച്ചു. പിയാനോ അദ്ദേഹം സ്വന്തമായി പഠിച്ചു. 15-ാം വയസ്സില്‍ അദ്ദേഹം സ്‌കൂള്‍ പഠനം ഉപേക്ഷിച്ച് ക്ലബ്ബുകളില്‍ പിയാനോ വായിക്കാന്‍ ആരംഭിച്ചു. ക്ലബ്ബുകളില്‍വച്ച് ക്രിസ്റ്റീനയെ കണ്ടുമുട്ടി. വിവാഹനിശ്ചയം നടത്തി, അവര്‍ക്കു 1963-ലും '65-ലുമായി പീറ്റര്‍ എന്നും ഹെലന്‍ എന്നും പേരുള്ള രണ്ടു കുട്ടികള്‍ ജനിച്ചു. 1966-ല്‍ അവര്‍ വേര്‍പിരിയുകയും കുട്ടികളെ ക്രിസ്റ്റീന കൂടെനിര്‍ത്തുകയും ചെയ്തു. കാരണം ബെന്നി 'ഹെപ് സ്റ്റാര്‍സ്' എന്ന ബാന്‍ഡിന്റെ തിരക്കുകളിലായിരുന്നു.
അക്കാലത്ത് സ്വീഡനിലെ പ്രശസ്തമായ ഒരു ബാന്‍ഡായിരുന്നു 'ഹെപ് സ്റ്റാര്‍സ്.' മറ്റു ഗായകരുടെ ഹിറ്റ് ഗാനങ്ങളായിരുന്നു 'ഹെപ് സ്റ്റാര്‍സ്' പാടിയിരുന്നത്. പിന്നീടവര്‍ സ്വന്തമായി ഗാനങ്ങളെഴുതിത്തുടങ്ങി. 1966-ല്‍ ബെന്നിയും ബ്യോണും ബാന്‍ഡുകളോടുകൂടി നടത്തിയ യാത്രയ്ക്കിടയില്‍ വച്ച് ആദ്യമായി കണ്ടുമുട്ടി, പെട്ടെന്നുതന്നെ സുഹൃത്തുക്കളായി. 'ഹൂട്ടിനാനി സിംഗേര്‍സ്' എന്നൊരു ബാന്‍ഡിലായിരുന്നു ബ്യോണ്‍. വൈകാതെ തന്നെ ബെന്നിയും ബ്യോണും പാട്ടെഴുത്തിലും റെക്കോര്‍ഡിങ്ങിലും പരസ്പരം സഹായിച്ചു തുടങ്ങി. ജീവിതകാലം മുഴുവന്‍ നിലനിന്ന, സംഗീതത്തിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച ഒരു സൗഹൃദമായിരുന്നു അത്.
വിഷാദരാവുകളിലെ മര്‍മ്മരങ്ങള്‍
പിന്നീട് സംഗീതവുമായി ബന്ധപ്പെട്ട പരിപാടികളില്‍വച്ച് ആനിഫ്രിഡിനെ ബെന്നി പരിചയപ്പെട്ടു. 1971-ല്‍ ബെന്നിയും ഫ്രിഡയും വിവാഹനിശ്ചയം നടത്തി. ABBAയുടെ പ്രശസ്തിയുടെ ഉച്ചകോടിയില്‍, 1978-ല്‍ വിവാഹിതരുമായി. എന്നാല്‍, 1980-ല്‍, ബെന്നി, ടെലിവിഷന്‍ അവതാരിക ആയ മോനയെ കണ്ടുമുട്ടുകയും ഫ്രിഡയുമായി വേര്‍പിരിയുകയും 1981-ല്‍ വിവാഹമോചനം നേടുകയും ചെയ്തു. 1981-ല്‍ തന്നെ മോനയെ വിവാഹവും കഴിച്ചു. 1982 ജനുവരിയില്‍ അവര്‍ക്കു ലുഡ്വിഗ് എന്നൊരു മകനും ജനിച്ചു. ലുഡ്വിഗ് ആന്‍ഡേഴ്സനാണ് 2022-ലേക്കുള്ള ABBATAR എന്ന ഡിജിറ്റല്‍ സംരംഭത്തിന് മുന്‍കൈ എടുത്തതും പിന്നീടത് 2021-ല്‍ 'Voyage' എന്ന ആല്‍ബത്തില്‍ വരെ എത്തിച്ചേര്‍ന്നതും.
എപ്പോഴും തമാശയായി കാര്യങ്ങള്‍ പറയുന്ന ബെന്നി പക്ഷേ, സ്വീഡന്റെ സംഗീതത്തിന്റെ കാര്യം വരുമ്പോള്‍ ഗൗരവക്കാരനാകും. പാതിരാസൂര്യനെക്കുറിച്ചും തണുപ്പുകാലത്തെ നീണ്ട രാവുകളുടെ അകാരണമായ വിഷാദത്തെക്കുറിച്ചും നോര്‍ത്തേണ്‍ ലൈറ്റ്സിനെക്കുറിച്ചും മലകളേയും കാടുകളേയും കുറിച്ചും കാലാവസ്ഥ എങ്ങനെ സ്വീഡന്റെ സംഗീതത്തെ സ്വാധീനിച്ചു എന്നുമൊക്കെ അദ്ദേഹം വാചാലനാകും. ഈണങ്ങള്‍ ഉണ്ടാകുന്ന മനസ്സിന് എത്ര അഗാധമായ അറിവ് ഉണ്ടായിരിക്കും എന്നു ഞാന്‍ ബെന്നിയുടെ അഭിമുഖങ്ങള്‍ കാണുമ്പോഴൊക്കെ ഓര്‍ക്കാറുണ്ട്. യൂറോപ്പിലെ സംഗീതമത്സരങ്ങളില്‍, സ്വീഡന്‍ എന്ന പേര് കേള്‍ക്കുമ്പോഴേ തഴയപ്പെടുന്ന ഒരുകാലമുണ്ടായിരുന്നു എന്നദ്ദേഹം എപ്പോഴും പറയും. അടുത്തകാലത്ത് ഒരു ആദരിക്കല്‍ ചടങ്ങില്‍ ബെന്നി പറഞ്ഞു: ''സ്വീഡന്റെ സംഗീതം, അതിന്റെ താളം ലോകത്തെ അറിയിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. സ്‌കാന്‍ഡിനേവിയന്‍ സംസ്‌കാരം മലകളുടെ സംസ്‌കാരമാണ്; പാട്ടുകളും. മലകളിലെ സ്ത്രീകളുടെ അതിജീവനത്തിന്റെ ശക്തിയുള്ള ഒരു ശബ്ദത്തിന് ഞാന്‍ കാത്തിരുന്നു. കാത്തിരുന്ന ശബ്ദമായിരുന്നു ഫ്രിഡയുടേത്.'' എങ്ങനെയാണ് ഈണങ്ങള്‍ കിട്ടുന്നത് എന്ന ചോദ്യത്തിന് ബെന്നി പറഞ്ഞതിങ്ങനെ: ''മണിക്കൂറുകളോളം ഞാന്‍ പിയാനോയില്‍ വെറുതെ എന്തെങ്കിലും വായിച്ചുകൊണ്ടിരിക്കും. ഇടയ്ക്ക് എനിക്കിഷ്ടമുള്ള ഒരു ഈണം കിട്ടും. അത് ഞാന്‍ വീണ്ടും വീണ്ടും വായിക്കും. കിട്ടുന്ന ഈണം അത്ര ഇഷ്ടപ്പെട്ടില്ലെങ്കില്‍ കൂടെയിരിക്കുന്നവരോട് ചോദിക്കും, ഇതെവിടെങ്കിലും കേട്ടിട്ടുണ്ടോ എന്ന്. ഇല്ലെന്നു പറഞ്ഞാല്‍ അതുമെടുക്കും, വേണ്ടത് മാത്രം തിരഞ്ഞെടുക്കുക എന്നതും പ്രധാനമാണ്. കൂടാതെ പിയാനോയുടെ മുന്‍പില്‍ ഇരിക്കണം എന്നതും.'' പിന്നെ ഒരു കാര്യം കൂടി അദ്ദേഹം പറഞ്ഞു: ''നമ്മുടെ ഉള്ളിലുള്ളതാണ് പുറത്തേക്ക് വരുന്നത്. സ്വീഡന്റെ സംഗീതം കുട്ടിക്കാലത്തേ എനിക്ക് കിട്ടിയിരുന്നു. എന്റെ ഉള്ളിലുള്ള സംഗീതമാണ് പുറത്തേക്ക് വരുന്നതും.''
വിവാഹമോചനത്തിനു ശേഷവും ആനിഫ്രിഡിന് ബെന്നിയുമായുള്ള സൗഹൃദമോ ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങളോ അവസാനിപ്പിക്കാന്‍ സാധിക്കുമായിരുന്നില്ല. തങ്ങള്‍ക്കിടയിലുള്ളത് ആഴമേറിയ ഒരു സൗഹൃദം മാത്രമായിരുന്നുവെന്നു രണ്ടുപേര്‍ക്കും വ്യക്തമായിരുന്നിരിക്കണം. എങ്കിലും കുറച്ച് വര്‍ഷങ്ങളോളം ഫ്രിഡയ്ക്ക് ABBAയുടെ പാട്ടുകള്‍ കേള്‍ക്കാനുള്ള മനസ്സുണ്ടായിരുന്നില്ലത്രേ.
Breaking up is never esay, I know, but I have to go
Knowing me, knowing you, it's the best I can do.
ABBA ഈ വിരഹഗാനം പാടിയത് പക്ഷേ, പിരിയുന്നതിന് വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു.
ചില കാര്യങ്ങള്‍ ലോകത്തിനു നല്‍കാനും ചിലത് ലോകത്തെ പഠിപ്പിക്കാനും ചില കാലങ്ങളില്‍ ചിലര്‍ ഒന്നിക്കും, വേദനയോടെ പിരിയും. അആആഅയുടെ പാട്ടുകളും ജീവിതവും ഒരുപോലെ ലോകം ഉറ്റുനോക്കിയിരുന്നു. പിന്നീടവരുടെ വേര്‍പിരിയലും, ഇപ്പോള്‍ പുന:സമാഗമവും.

കറുപ്പും വെളുപ്പുമണിഞ്ഞ പിയാനോയില്‍നിന്നു വെളുത്ത പേപ്പറുകളിലേക്കിറങ്ങിയ വരികള്‍ക്ക് നിറവും ജീവനും കൊടുത്തത് അഗ്നെതയും ആനിഫ്രിഡും ആയിരുന്നു. ABBAയെക്കുറിച്ച് പറയുമ്പോള്‍ 'Dancing Queen' എന്ന അവരുടെ എക്കാലത്തേയും നമ്പര്‍ വണ്‍ പാട്ടിനെക്കുറിച്ച് പറയാതിരിക്കാനാവില്ല. Dancing Queen ഒരനുഭവമാണ്. ആദ്യമായി Dancing Queen കേട്ടത് ആര്‍ക്കും മറക്കാനാവില്ല എന്നതാണ് പാട്ടിന്റെ പ്രത്യേകത. അക്ഷരാര്‍ത്ഥത്തില്‍ മുത്തശ്ശിക്കഥയിലെ രാജകുമാരന്റേയും രാജകുമാരിയുടേയും കഥയാണ് ആനിഫ്രിഡ് എന്ന ഫ്രിഡയുടേത്. യഥാര്‍ത്ഥത്തില്‍ നോര്‍വേക്കാരിയായിരുന്നു ഫ്രിഡയുടെ അമ്മ, സിന്നി. സിന്നിയും അമ്മയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം കുറച്ചു കാലത്തേക്ക് ജര്‍മനി നോര്‍വേ പിടിച്ചെടുത്തിരുന്നു. അക്കാലത്ത് ജര്‍മന്‍ സേനയിലെ ആല്‍ഫ്രെഡ് ഹാസേ എന്ന ഒരു പട്ടാളക്കാരനുമായി സിന്നി പ്രണയത്തിലാവുകയും ഗര്‍ഭിണിയാവുകയും ചെയ്തു. അധികം താമസിയാതെ ആല്‍ഫ്രെഡ് തിരികെ ജര്‍മനിയിലേക്ക് പോവുകയും കപ്പല്‍ അപകടത്തില്‍പ്പെട്ട് എല്ലാവരും കൊല്ലപ്പെട്ടു എന്ന വാര്‍ത്ത കരയിലെത്തുകയും ചെയ്തു. ഫ്രിഡയെപ്പോലുള്ള ധാരാളം കുട്ടികള്‍ അക്കാലത്ത് നോര്‍വേയിലുണ്ടായിരുന്നു. ഹിറ്റ്ലറുടെ രഹസ്യ അജണ്ടയുടെ ഭാഗമായിരുന്നു ജര്‍മന്‍ പട്ടാളക്കാരുടെ കുട്ടികള്‍ എന്നും നോര്‍വെക്കാര്‍ വിശ്വസിച്ചിരുന്നു. കുട്ടികളോട് നോര്‍വയുടെ പെരുമാറ്റം അത്ര നല്ലതല്ലാതിരുന്നതുകൊണ്ട് ഫ്രിഡയുടെ മുത്തശ്ശി ഫ്രിഡയേയും കൂട്ടി സ്വീഡനിലെത്തി. താമസിയാതെ സിന്നിയും സ്വീഡനിലെത്തിയെങ്കിലും വൃക്കരോഗം ബാധിച്ചു മരിച്ചു. മുത്തശ്ശി ജോലി ചെയ്തു ഫ്രിഡയെ സ്‌കൂളിലയച്ചു; നോര്‍വീജിയന്‍ നാടോടിഗാനങ്ങള്‍ പാടിക്കേള്‍പ്പിച്ചു; അവധിക്കാലത്ത് നോര്‍വേയിലെ ബന്ധുക്കളുടെ അടുത്തയച്ചു. ക്രമേണ ഫ്രിഡയും പാട്ടില്‍ ആകൃഷ്ടയായി. സ്‌കൂളിലും സമീപപ്രദേശങ്ങളിലും അവളുടെ പാട്ടിനെക്കുറിച്ച് അറിഞ്ഞു. പതിമൂന്നാം വയസ്സില്‍ ഒരു ഡാന്‍സ് ബാന്‍ഡില്‍ ജോലി ലഭിച്ചു. പിന്നീട് പല ബാന്‍ഡുകളിലും മണിക്കൂറുകളോളം പാടി. 1964-ല്‍ റാഗ്നര്‍ ഫ്രെഡറിക്സണിനെ വിവാഹം കഴിച്ചു. ഹാന്‍സ് എന്നും ലിസ്സേലോട്ടേ എന്നും രണ്ടു കുട്ടികളുമുണ്ടായി. അതിനിടെ സ്വന്തമായി ഒരു ഗ്രൂപ്പ് തുടങ്ങി; ഗ്രൂപ്പുകളിളെല്ലാം തന്നെ ഭര്‍ത്താവും ഉണ്ടായിരുന്നു. 1967 സെപ്റ്റംബര്‍ 3-ന് പുതിയ പാട്ടുകാരെ കണ്ടെത്താനുള്ള നാഷണല്‍ ടാലന്റ് കൊമ്പറ്റീഷനില്‍ ഒന്നാം സ്ഥാനം നേടുകയും; അന്ന് യാദൃച്ഛികമായി അവധി ആയിപ്പോയതിനാല്‍ രാജ്യത്തെ ഒട്ടുമുക്കാല്‍ പേരും പാട്ട് കേള്‍ക്കുകയും ചെയ്തു. പാട്ട് ഹിറ്റ് ആവുകയും പിറ്റേന്നുതന്നെ പുതിയ പാട്ടുകള്‍ക്കുള്ള കോണ്‍ട്രാക്റ്റ് ഒപ്പിടുകയും ചെയ്തു. തിരക്ക് കൂടിയപ്പോള്‍ ഫ്രിഡ വീട് വിട്ട് സ്റ്റോക്ക്ഹോമിലേക്ക് താമസം മാറ്റി. 1970-ല്‍ ഭര്‍ത്താവുമായി പിരിഞ്ഞു. 1971-ല്‍ സ്റ്റോക്ക്ഹോമില്‍ വച്ച് ബെന്നിയെ കണ്ടുമുട്ടി. പിന്നീടുള്ളത് ചരിത്രം.
Fernando, Andante andante, I have a dream ഒക്കെ ഫ്രിഡ പ്രധാന പാട്ടുകാരിയായ ജനപ്രിയ ഗാനങ്ങളാണ്. 1970-കളിലെ പാട്ടുകാര്‍ ഇപ്പോള്‍ എഴുപതുകളിലാണ്. എഴുപത്തിയഞ്ച് വയസ്സിലും ഫ്രിഡയുടെ പാട്ടുകള്‍ നമ്മെ അതിശയിപ്പിക്കുക തന്നെയാണ്. 1981-ല്‍ ബെന്നിയുമായി പിരിഞ്ഞു: 1982-ല്‍ ABBA പിരിഞ്ഞു. അതിനുശേഷം ഫ്രിഡ ലണ്ടനിലേക്ക് താമസം മാറ്റിയെങ്കിലും 1986-ല്‍ ജര്‍മന്‍ രാജകുടുംബത്തിലെ പ്രിന്‍സ് റൂസ്സോയെ കണ്ടുമുട്ടുകയും സ്വീഡനിലേക്കുതന്നെ താമസം മാറ്റുകയും ചെയ്തു. 1992-ല്‍ അവര്‍ വിവാഹിതരായെങ്കിലും 1999-ല്‍ അദ്ദേഹം മരിച്ചു. 1998 ജനുവരിയില്‍ മകള്‍ ലിസ്സേലോട്ടേ കാറപകടത്തിലും മരിച്ചിരുന്നു. ആകെ തകര്‍ന്ന ഫ്രിഡയെ ആശ്വസിപ്പിക്കാന്‍ പിതാവ് എത്തിച്ചേര്‍ന്നു. ABBA ഔന്നത്യത്തില്‍ നില്‍ക്കുന്ന കാലത്ത് ജര്‍മന്‍കാരനായ പിതാവ് കാണാനെത്തിയെങ്കിലും ഫ്രിഡ ആ ബന്ധം തുടര്‍ന്നിരുന്നില്ല. പിന്നീട് ജര്‍മന്‍ രാജകുടുംബത്തില്‍ വരെ ഫ്രിഡ എത്തിച്ചേര്‍ന്നു. എങ്കിലും വിഷമസമയത്ത് പിതാവ് കൂട്ടിനെത്തി. ഇപ്പോള്‍ ഒരു ബ്രിട്ടീഷ് സുഹൃത്തിനോടൊപ്പം സ്വിറ്റ്സര്‍ലന്റില്‍ താമസിക്കുന്നു. മകനും കുടുംബവുമായും അടുത്ത ബന്ധമുണ്ട്. കൂടാതെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നു. വോയേജ് എന്ന പുതിയ ആല്‍ബത്തിലെ 'Bumblebee' എന്ന പാട്ട് ഫ്രിഡയുടെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളോടുള്ള ഒരു ആദരവ് കൂടിയാണ്.
I have a dream, a fantsay, To help me through realtiy, And my destination makes it worth the while, Pushing through the darkness still another mile I believe in angels, when I know the time is right for me I'll cross the stream, I have a dream.
ഫ്രിഡയുടെ ഏറ്റവും പ്രശസ്തമായ പാട്ടുകളിലൊന്നാണിത്. പൗലോ കൊയ്ലോയ്ക്കു മുന്‍പു തന്നെ സ്വപ്നങ്ങളെക്കുറിച്ച് എഴുതിയത് ബ്യോണും. 2018 മുന്‍പ് വരെ അആആഅയുടെ പുന:സമാഗമത്തിന് ഫ്രിഡയ്ക്ക് താല്പര്യം ഉണ്ടായിരുന്നില്ലെങ്കിലും 2018-ല്‍ സമ്മതിച്ചു.

നാടകീയമായ വേര്‍പിരിയല്‍
''സ്ത്രീകള്‍ രണ്ടുപേരും വന്നതോടെ എല്ലാം ശരിയായി. പെട്ടെന്ന് എല്ലാം പഴയപോലെയായി. ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ പാട്ടുകള്‍ ഉണ്ടാകാന്‍ തുടങ്ങി. അതൊരു വ്യത്യസ്തമായ അനുഭവമായിരുന്നു. ആര്‍ക്കും ഒരിക്കലും ചിന്തിക്കാന്‍ പോലും കഴിയാത്തത്'' എന്നാണ് ബ്യോണ്‍ പറയുന്നത്. ABBA പിരിഞ്ഞതിനു ശേഷം ബ്യോണ്‍ long term memory lose എന്ന രോഗം കൊണ്ടും ബെന്നി 2001 വരെ കടുത്ത മദ്യാസക്തികൊണ്ടും ബുദ്ധിമുട്ടിയിരുന്നത്രേ.
ABBAയുടെ വിജയത്തിന്റെ പ്രധാന പങ്ക്, അപ്പപ്പോഴത്തെ തങ്ങളുടെ അവസ്ഥകളെക്കുറിച്ച് നാടകവല്‍ക്കരിച്ചെഴുതിയ ബ്യോണിന് തന്നെയാണ്. പതിമൂന്നാം വയസ്സില്‍, ലണ്ടനില്‍ പോയിട്ട് വന്ന ഒരു കസിനാണ് മ്യൂസിക് ബാന്‍ഡ് ആര്‍ക്കും തുടങ്ങാവുന്നതാണെന്ന ആശയം ബ്യോണിന് കൊടുക്കുന്നത്. എന്തായാലും പിതാവ് ആദ്യമായി ബ്യോണിനൊരു ഗിറ്റാര്‍ വാങ്ങിക്കൊടുത്തു. പിന്നീട് വിദ്യാഭ്യാസത്തിനു ശേഷം ബ്യോണും കൂട്ടുകാരും ചേര്‍ന്ന് ഫോക്ക് സോങ്സ് പാടുന്ന 'ഹൂട്ടിനാനി സിംഗേര്‍സ്' എന്നൊരു ബാന്‍ഡ് തുടങ്ങി. ബാന്‍ഡിന്റെ പാട്ടുകള്‍ അക്കാലത്ത് സ്‌കാന്‍ഡിനേവിയയിലെങ്ങും പ്രശസ്തമായിരുന്നു. അങ്ങനെയിരിക്കെയാണ് 1966-ല്‍ ബെന്നിയെ കണ്ടുമുട്ടുന്നതും സുഹൃത്തുക്കളാകുന്നതും പരസ്പരം സഹായിക്കാന്‍ തുടങ്ങുന്നതും. ABBAയ്ക്കു മുന്‍പു തന്നെ രണ്ടുപേരും കൂടി പാട്ടുകള്‍ ഇറക്കിയിരുന്നു. ABBAയിലെ അഞ്ചാമന്‍ എന്നറിയപ്പെടുന്ന സ്റ്റിഗ് ആന്‍ഡേഴ്സണ്‍ എഴുതിയ ഗാനമായിരുന്നു ബ്യോണിന്റേയും ബെന്നിയുടേയും ആദ്യ ഹിറ്റ്ഗാനം. ഗാനം യൂറോവിഷന്‍ കോണ്ടസ്റ്റിലേക്കയച്ചെങ്കിലും തിരസ്‌കരിക്കപ്പെട്ടു. പിന്നീട് 1970-ലായിരുന്നു ബ്യോണും ബെന്നിയും ചേര്‍ന്നുള്ള ആദ്യ സിംഗിള്‍. പിന്നീട് പല കവറുകളും അവര്‍ പുറത്തിറക്കി. 1969-ല്‍ ഒരു ടെലിവിഷന്‍ പരിപാടിക്കിടയില്‍ വച്ച് ബ്യോണ്‍, അഗ്നെതയെ പരിചയപ്പെട്ടു. 1971-ല്‍ ബ്യോണും അഗ്നെതയും വിവാഹിതരായി. ലിന്‍ഡ, ക്രിസ്റ്റിയന്‍ എന്ന രണ്ട് കുട്ടികളും അവര്‍ക്കുണ്ടായി. 1980-ല്‍ വിവാഹമോചനം നേടി. 1981 ജനുവരിയില്‍ ബ്യോണ്‍, തന്റെ സഹോദരിയുടെ വിവാഹത്തിനൊപ്പം തന്നെ ലെന എന്നൊരു മ്യൂസിക് ജേര്‍ണലിസ്റ്റിനെ വിവാഹവും കഴിച്ചു.
ചെറുപ്പക്കാരായ രണ്ട് ഭാര്യാഭര്‍ത്താക്കന്മാര്‍ എന്നതായിരുന്നു മറ്റ് രാജ്യങ്ങളില്‍ ABBAയുടെ ഇമേജ്. അതുകൊണ്ടുതന്നെ ഏറെ ആഘോഷിക്കപ്പെട്ട വിവാഹമോചനങ്ങളുമായിരുന്നു. ആദ്യമുണ്ടായിരുന്ന ബന്ധത്തില്‍ രണ്ട് കുട്ടികള്‍ വീതമുണ്ടായിരുന്ന ബെന്നിയും ഫ്രിഡയും പക്വതയോടെ വിവാഹമോചനത്തെ കൈകാര്യം ചെയ്തപ്പോള്‍ അതിനാടകീയമായ ഗാനങ്ങളും കണ്ണീരും പ്രതികാരവും നിഗൂഢതയും ഒക്കെ ചേര്‍ന്നതായിരുന്നു ബ്യോണിന്റേയും അഗ്നെതയുടേയും വേര്‍പിരിയല്‍.
I've played all my cards
And that's what you've done too
Nothing more to say
No more ace to play
The winner takes it all
The loser standing small
Beside the victory
That's her destiny
എന്ന ബ്യോണ്‍ എഴുതിയ ഗാനം അഗ്നെത വായിച്ചു കരഞ്ഞു എന്നു പറയപ്പെടുന്നു. ബ്യോണിന്റെ കാഴ്ചപ്പാടിലല്ല, അഗ്നെതയുടെ കാഴ്ചപ്പാടിലാണ് ശ്രോതാക്കള്‍ പാട്ട് കേട്ടത്. നാല്‍പ്പത് കൊല്ലത്തിനു ശേഷം 2021-ലെ പുതിയ ആല്‍ബത്തിലെ ഒരു പാട്ടില്‍
I still have faith in you
It stands above the crazy things we did
It all comes down to love എന്ന ഒരു പാട്ടിലും
I have learned to cope
and love and hope
is why I am here now
എന്ന മറ്റൊരു പാട്ടിലും ബ്യോണ്‍ പറയുന്നെങ്കിലും അഗ്നെതയുടെ ആരാധകര്‍ അത്ര എളുപ്പം ക്ഷമിക്കാന്‍ തയ്യാറായിട്ടില്ല. എന്തായാലും Gimme Gimme Gimme-bpw Winner takes it all-Dw എഴുതിയ ആളല്ലെ എന്നാണവരുടെ വാദം. എന്നാലും നാല്‍പ്പത് വര്‍ഷവും പ്രായത്തിന്റെ പക്വതയും മനുഷ്യരെ എങ്ങനെയൊക്കെ മാറ്റുമെന്ന് പുതിയ പാട്ടുകള്‍ വീണ്ടും വീണ്ടും ചിന്തിപ്പിക്കുക തന്നെയാണ്.
ABBAയ്ക്കു ശേഷം ബ്യോണും ബെന്നിയും ചേര്‍ന്ന് Chess, Mama Mia, Mama Mia Here we go again, Christeena തുടങ്ങിയ മ്യൂസിക്കലുകള്‍ പല സമയങ്ങളിലായി പുറത്തിറക്കി. Mama Mia, Mama Mia Here we go again എന്നീ മ്യൂസിക്കലുകള്‍ ബ്യോണും ബെന്നിയും ചേര്‍ന്ന് രണ്ട് ഭാഗങ്ങളുള്ള സിനിമയാക്കി നിര്‍മ്മിച്ചപ്പോള്‍ വന്‍വിജയമായി. പാട്ടുകള്‍ പുതിയ തലമുറയിലെത്തിയത് ABBAയെ സന്തോഷിപ്പിച്ചു. കൂടാതെ 1999-ല്‍ ഇറക്കിയ ABBA GOLD വന്‍വിജയമായതും ABBAയ്ക്ക് പ്രചോദനമായി. പുതിയ തലമുറ സ്വീകരിക്കും എന്ന ആത്മവിശ്വാസമാണ് ABBATAR എന്ന ഡിജിറ്റല്‍ സംരംഭം തുടങ്ങാന്‍ പ്രേരിപ്പിച്ചതും പിന്നീടത് ഒരോന്നായി പുതിയ പാട്ടുകള്‍ ഉണ്ടാക്കാന്‍ പ്രചോദനമാവുകയും പാട്ടുകള്‍ പിന്നീട് ആല്‍ബമായി മാറുകയും ചെയ്തത്.
പുതിയ ആല്‍ബത്തെക്കുറിച്ച് ബെന്നി പറഞ്ഞതിങ്ങനെ: ''ലേഡീസ് വന്നപ്പോള്‍ ഞങ്ങള്‍ക്കും അവര്‍ക്കും സംശയമായിരുന്നു എന്താവുമെന്ന്. കാരണം ഞങ്ങളുടെ പ്രായം മുപ്പതുകളിലല്ല, എഴുപതുകളിലാണല്ലോ. പക്ഷേ, അവര്‍ വന്നു മൈക്കെടുത്തു പാടി, എല്ലാം പെട്ടെന്ന് ശരിയായി. എന്റെ ഓര്‍ക്കെസ്ട്രയുടെ കൂടെ ജോലി ചെയ്യുന്നതാണ് ഏറ്റവും സന്തോഷമെന്ന് കരുതിയിരുന്നു. പക്ഷേ, അഗ്നെതയും ഫ്രിഡയും വന്നതോടെ അതിലുമുപരി സന്തോഷമായി.''
ABBAയുടെ പ്രതീകം എന്നും അഗ്നെത തന്നെയായിരുന്നു. സ്വര്‍ണ്ണത്തലമുടിയും നീലക്കണ്ണുകളും ആരാധകര്‍ കണ്ടെത്തിയ മറ്റെന്തൊക്കെയോ സൗന്ദര്യ സങ്കല്പങ്ങളുമായി അഗ്നെത ആരാധകരുടെ ആവേശമായിരുന്നു. പക്ഷേ, ആരാധകര്‍ കൂട്ടത്തോടെ എത്തുമ്പോള്‍ അഗ്നെത, ആള്‍ക്കൂട്ടത്തോടുള്ള പേടി, സ്റ്റേജിനോടുള്ള പേടി, തുറന്ന സ്ഥലങ്ങളോടും ഉയരങ്ങളോടുമുള്ള പേടി തുടങ്ങിയവയോട് മല്ലിടുകയായിരുന്നു. അത് രഹസ്യമൊന്നുമല്ല, ABBAയുടെ ഒരു പ്രധാന പാട്ടായ Chiquititaയില്‍ പറയുന്നതിങ്ങനെ:
Chiquitita, tell me what's wrong
You're enchained by your own sorrow
എന്ന ഗാനത്തില്‍ വീണ്ടും സൂര്യരശ്മികള്‍ വന്നുതൊട്ടുണര്‍ത്തി, നീ വീണ്ടും നൃത്തം ചെയ്യുന്ന ഒരുകാലമുണ്ടാകും എന്ന പ്രതീക്ഷയാണുള്ളത്. എങ്കിലും മൈക്ക് കയ്യിലെടുത്തു കഴിയുമ്പോള്‍ അഗ്നെത, തികച്ചും ഒരു പ്രൊഫഷണലിനെ പോലെ പാടുമത്രേ.
ഒരു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍ മാനേജറിന്റെ മകളായി 1950 ഏപ്രില്‍ അഞ്ചിന് അഗ്നെത സ്വീഡനില്‍ ജനിച്ചു. ആറാം വയസ്സില്‍ സ്വന്തമായി ഒരു പാട്ടെഴുതി മാതാപിതാക്കളെ അത്ഭുതപ്പെടുത്തി. അഗ്നെതയുടെ അമ്മ തന്റെ രണ്ട് പെണ്‍മക്കള്‍ക്കുവേണ്ടി ജീവിച്ച ഒരാളായിരുന്നത്രേ. എട്ടാം വയസ്സു മുതല്‍ അഗ്നെത പിയാനോ പഠിക്കുകയും പള്ളിയിലെ ക്വയറില്‍ പാടിത്തുടങ്ങുകയും ചെയ്തു. കൂട്ടുകാരികളോടൊപ്പം ചെറിയ പരിപാടികളിലും പാടുമായിരുന്നു. 15-ാം വയസ്സില്‍ സ്‌കൂള്‍ പഠനം ഉപേക്ഷിച്ച് പാട്ടില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിക്കുകയും അതിനുവേണ്ടി തലസ്ഥാനമായ സ്റ്റോക്ക്ഹോമിലേക്ക് താമസം മാറുകയും ചെയ്തു. ഒരു കാര്‍ കമ്പനിയില്‍ ടെലിഫോണിസ്റ്റ് ആയി ജോലി ചെയ്തുകൊണ്ട് ഒരു ഡാന്‍സ് ബാന്‍ഡില്‍ പാടാനാരംഭിച്ചു. ഡാന്‍സ് ബാന്‍ഡുകളില്‍ പാടിയുള്ള പരിശീലനം കൊണ്ടാണ് പിന്നീട് ആളുകളെ പിടിച്ചിരുത്തുന്നതുപോലെ സ്റ്റേജുകളില്‍ പാടാന്‍ കഴിഞ്ഞതെന്ന് അഗ്നെത തന്നെ പറഞ്ഞിട്ടുണ്ട്. ബാന്‍ഡിലുണ്ടായിരുന്ന ഒരാളുടെ ഒരു ബന്ധു ആല്‍ബം ഇറക്കുകയും പാടാന്‍ അഗ്നെതയെ കരാറാക്കുകയും ചെയ്തു. അഗ്നെതയുടെ പതിനേഴാം വയസ്സിലിറങ്ങിയ ആല്‍ബം അഗ്നെതയെ സ്വീഡനിലെ പ്രധാന പാട്ടുകാരില്‍ ഒരാളാക്കി. അക്കാലത്ത് ബെന്നിയേക്കാളും ജനങ്ങളറിയുന്ന ആളായിരുന്നത്രേ അഗ്നെത. 1969-ല്‍ അഗ്നെത ആദ്യമായി ബ്യോണിനെ കണ്ടുമുട്ടി. അക്കാലത്ത് ബ്യോണും ബെന്നിയും ഒരുമിച്ച് ആല്‍ബങ്ങളിറക്കാന്‍ തുടങ്ങിയിരുന്നു. 1971-ല്‍ ബ്യോണും അഗ്നെതയും വിവാഹിതരുമായി. വിവാഹത്തിന് ബെന്നിയായിരുന്നു പിയാനോ വായിച്ചത്. 1972-ല്‍ നാല് പേരുടേയും ആദ്യത്തെ ഹിറ്റ് ഗാനമായ 'People need love' പുറത്തുവന്നു. സ്വീഡിഷ് ഫോക്ക് സംഗീതത്തിന്റെ സ്വാധീനവും പാട്ടില്‍ വ്യക്തമാണ്. പിന്നീട് ABBA പ്രശസ്തിയുടെ മുകളിലിരിക്കുന്ന കാലത്ത് 1978-ല്‍ ദമ്പതികള്‍ വേര്‍പിരിയുകയും 1980-ല്‍ വിവാഹമോചനം നേടുകയും ചെയ്തു. അഗ്നെതയുടെ കൂട്ടുകാരും സഹപ്രവര്‍ത്തകരും പറയുന്നത് 1973-ല്‍ ആദ്യകുട്ടി ലിന്‍ഡ ജനിക്കുന്നത് വരെ അഗ്നെത വളരെ സന്തോഷവതിയായിരുന്നു എന്നാണ്. മകളുണ്ടായി കഴിഞ്ഞപ്പോള്‍ പാട്ടു പാടുന്നതിനേക്കാള്‍ അഗ്നെതക്ക് കുട്ടിയുടെ കൂടെയിരിക്കുന്നതിനായിരുന്നത്രേ താല്പര്യം. ഒരു സാധാരണ ജീവിതം ആഗ്രഹിച്ചിരുന്ന ആളായിരുന്നത്രേ അഗ്നെത. കുട്ടിക്കാലത്ത് സ്വന്തമായി ഒരു മുറി പോലുമില്ലായിരുന്നെന്ന് അഗ്നെത പറയാറുണ്ട്. ബ്യോണ്‍ ആവട്ടെ, ലോകത്തിലെ നമ്പര്‍ വണ്‍ സ്ഥാനം പോകാതിരിക്കുന്നതിലായിരുന്നു കൂടുതല്‍ ശ്രദ്ധ കൊടുത്തിരുന്നത്.

അനശ്വരതയുടെ നാദശലഭങ്ങള്‍
1982-ല്‍ പ്രത്യേക അറിയിപ്പുകളൊന്നും ഇല്ലാതെ തന്നെ ABBA പിരിഞ്ഞു. ABBAയുടെ വേര്‍പിരിയലിനു ശേഷം അഗ്നെത, സ്വീഡിഷിലും ഇംഗ്ലീഷിലുമായി കുറച്ച് സോളോ ആല്‍ബങ്ങള്‍ ചെയ്തു. ഒരു സിനിമയിലും അഭിനയിച്ചു. പാട്ടുകള്‍ പല രാജ്യങ്ങളുടേയും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചെങ്കിലും താല്പര്യം നഷ്ടപ്പെട്ട് ഇക്കാറോ എന്നൊരു ദ്വീപില്‍ താരതമ്യേന ഒറ്റപ്പെട്ട ജീവിതം നയിക്കുകയാണ് അഗ്നെത. ബ്യോണുമായുള്ള വേര്‍പിരിയലും 1979-ല്‍ അമേരിക്കന്‍ ടൂറിനിടയില്‍ വിമാനം കൊടുങ്കാറ്റിലകപ്പെട്ട് ഇന്ധനവും തീര്‍ന്ന് ലാന്‍ഡ് ചെയ്യാനാവാതെ വന്ന സംഭവവും അഗ്നെതയെ വല്ലാതെ തളര്‍ത്തുകയും മാനസിക ചികിത്സകള്‍ ആവശ്യമായി വരികയും ചെയ്തു. പിന്നീട് വിമാനത്തിലുള്ള യാത്രകള്‍ കഴിയുന്നത്ര ഒഴിവാക്കിയെങ്കിലും സ്വീഡനില്‍ വച്ച് സഞ്ചരിച്ചിരുന്ന സ്വന്തം ബസ് ഭീകരമായ ഒരപകടത്തില്‍ പെട്ടതും അഗ്നെത പുറംലോകത്തില്‍നിന്നു ഉള്‍വലിയാന്‍ കാരണമാക്കി. പിന്നീട് 1990-ല്‍ ഹൃദയശസ്ത്രക്രിയ നടത്തുന്ന Dr. Tomas Sonnenfeld-മായി വിവാഹിതയായെങ്കിലും 1993-ല്‍ വിവാഹമോചനം നേടി. 1994-ല്‍ മാതാവ് ആത്മഹത്യ ചെയ്തു. 1995-ല്‍ പിതാവും മരിച്ചു. ഒറ്റപ്പെട്ടു പോയ തന്നെ ആരാധകര്‍ വേട്ടയാടുകയായിരുന്നുവെന്ന് അഗ്നെത പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. പാട്ടെഴുത്തുകാരി കൂടിയായിരുന്ന അഗ്നെത ABBAയിലെ 'Disillusion' എന്ന പാട്ട് സ്വന്തമായി എഴുതിയതാണ്. പിന്നീട് 1996-ലും 2004-ലും ഒക്കെ സോളോ ആല്‍ബങ്ങള്‍ ഇറക്കിയിരുന്നു. 1996-ല്‍ ആത്മകഥ പ്രസിദ്ധീകരിച്ചു. 2008 ജൂലൈ 4-ന് 'Mamma Mia' സിനിമയുടെ പ്രീമിയറില്‍ വച്ച് ABBAയിലെ നാല് പേരും ഒരുമിച്ച് 22 വര്‍ഷത്തിനു ശേഷം ആദ്യമായി ആരാധകര്‍ക്കു മുന്‍പില്‍ വന്നു. അന്നു മുതല്‍ പൊതുവേദികളില്‍ മറ്റ് ABBA താരങ്ങളോടൊപ്പവും അല്ലാതേയും പ്രത്യക്ഷപ്പെട്ടു തുടങ്ങി. 2016-ല്‍ Daniel Ward എന്നൊരു ബ്രിട്ടീഷുകാരന്‍ അഗ്നെതയുടെ ജീവചരിത്രം എഴുതി പ്രസിദ്ധീകരിച്ചു. 2018 മുതല്‍ ABBA വീണ്ടും ഒന്നിക്കുകയും ഒരുമിച്ച് പ്രവര്‍ത്തിക്കാനാരംഭിക്കുകയും ചെയ്തു.
'വോയേജ്' എന്ന ആല്‍ബത്തിന്റെ പുറകിലെ കഥകളെക്കുറിച്ച് ചോദിക്കുമ്പോള്‍ ബ്യോണ്‍ പറയും: ''ഞങ്ങള്‍ സന്തുഷ്ടരായിരുന്നെങ്കിലും എന്തോ ഒന്നിന്റെ അഭാവം തോന്നിയിരുന്നു. അഗ്നെതയും ഫ്രിഡയുമെത്തിയതോടുകൂടി പൂര്‍ണ്ണത തോന്നുന്നു.'' ബെന്നി പറയുന്നതിങ്ങനെ: ''ആര്‍ട്ടിസ്റ്റുകള്‍ ഗേള്‍സ് ആയിരുന്നു. ഞങ്ങള്‍ മ്യുസിഷന്‍സ് മാത്രം.'' ആരാധകര്‍ പറയുന്നു: ''നാല് മാലാഖമാര്‍ വീണ്ടും ഒന്നിച്ചു.''

ABBA ലോകത്തിലെ ഏറ്റവും പ്രശസ്തരായ പോപ്പ് ഗായകര്‍ എന്നു പറയുമ്പോഴെല്ലാം കൂടെ ബീറ്റില്‍സിനു ശേഷം എന്നും കാണും. ഏറ്റവും കൂടുതല്‍ സ്വാധീനിച്ചതാരാണെന്നു ചോദിച്ചാല്‍ ബ്യോണും ബെന്നിയും ഒരേ സ്വരത്തില്‍ പറയും 'The Beatles' എന്ന്. അവര്‍ക്കാകാമെങ്കില്‍ എന്തുകൊണ്ട് തങ്ങള്‍ക്കായിക്കൂടാ എന്ന ചിന്തയാണ് എല്ലാത്തിനും തുടക്കമായതെന്ന് ബെന്നി പറയുമ്പോള്‍ അവരെ ദൈവത്തെപ്പോലെയാണ് കണ്ടിരുന്നതെന്നാണ് ബ്യോണ്‍ പറയുന്നത്. 1970-ല്‍ ബീറ്റില്‍സ് പിരിച്ചുവിട്ടു. എന്തായാലും 'The Beatles'-നെക്കുറിച്ച് ഒരു കഥയുണ്ട്. കഥ നടക്കുന്നത് 2009-ലാണ്. ജേംസ് റിച്ചാര്‍ഡ് എന്നൊരാള്‍ കാലിഫോര്‍ണിയയിലൂടെ തന്റെ നായയുമൊത്ത് സഞ്ചരിക്കുന്നതിനിടയില്‍ ഇടയ്ക്ക് വിശ്രമിക്കാനായി ഒരിടത്ത് വാഹനം നിര്‍ത്തി. കുറച്ചുകഴിഞ്ഞ് നായ എന്തോ കണ്ട് അതിന്റെ പിറകെ ഓടി. ജേംസും പുറകെ ചെന്നു. അല്പനേരം കഴിഞ്ഞ് ഒരു മയക്കം പോലെ തോന്നി. ഉണര്‍ന്നപ്പോള്‍ കണ്ടത് അപരിചിതമായ ഒരു മെഷീനും അടുത്ത് ജോനാസ് എന്നൊരു മനുഷ്യനേയുമായിരുന്നു. വഴിയില്‍ വീണുകിടന്ന ജേംസിനെ താന്‍ മാറ്റിക്കിടത്തിയതാണെന്നും താനൊരു Inter dimensionalt ravel agent ആണെന്നും അയാള്‍ പറഞ്ഞു. അവര്‍ പല വിഷയങ്ങളും സംസാരിക്കുന്നതിനിടയില്‍ തങ്ങളുടെ ലോകത്തും ബീറ്റില്‍സ് ഉണ്ടെന്നും അവര്‍ ഇപ്പോഴും പിരിയാതെ പാട്ടുകള്‍ ഉണ്ടാക്കുന്നുണ്ടെന്നും പറഞ്ഞു, Everyday Chemistry എന്ന ഭൂമിയിലില്ലാത്ത ഒരു കാസറ്റ് ജേംസിന് കൊടുക്കുകയും ചെയ്തു. തിരികെ എത്തിയ ജേംസ് ആദ്യം ചെയ്തത് ഒരു വെബ്സൈറ്റ് ഉണ്ടാക്കി Everyday Chemistry അപ്ലോഡ് ചെയ്യുകയായിരുന്നു. ഇപ്പോഴും Everyday Chemistryയിലെ 11 പാട്ടുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഫേയ്ക്ക് ആണെന്നും പറഞ്ഞ് ഒരുപാട് ആര്‍ട്ടിക്കിളുകളും കൂടെ ലഭ്യമാണ്. എന്നാല്‍, പാട്ടുകള്‍ ബീറ്റില്‍സിന്റേതല്ലെന്ന് തെളിയിക്കാനും കഴിഞ്ഞിട്ടില്ല. ഇടയ്ക്കുള്ള 40 വര്‍ഷം വേറെ ഏതെങ്കിലും സമാന്തര പ്രപഞ്ചത്തില്‍ അആആഅ ഉണ്ടാക്കിയ പാട്ടുകള്‍ നമുക്കു കിട്ടുമോ?
'വോയേജ്' എന്ന ആല്‍ബത്തെക്കുറിച്ച് ആദ്യം കുറെ നെഗറ്റീവ് അഭിപ്രായങ്ങള്‍ വന്നിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഹിറ്റ് ചാര്‍ട്ടുകളില്‍ ഒന്നാം സ്ഥാനത്തെത്തി. അല്ലെങ്കിലും മഹാന്മാര്‍ നമ്മുടെ ഇഷ്ടങ്ങളിലേക്കിറങ്ങിവരികയല്ല ചെയ്യുന്നത്; മറിച്ച് അവരുടെ തലത്തിലേക്ക് നമ്മളെ കൊണ്ടുപോവുകയാണ് ചെയ്യുന്നത്,
The history book on the shelf
Is always repeating itself എന്നു പാടിയതും ABBA ആണല്ലോ.
'വോയേജ്' അവസാനത്തെ ആല്‍ബമാണെന്ന് ബെന്നി ഉറപ്പിച്ചു പറയുന്നു. ഞങ്ങള്‍ക്ക് പ്രായമായി. ഇനി രണ്ട് മൂന്നു വര്‍ഷംകൊണ്ട് മറ്റൊരാല്‍ബം അസാധ്യമാണ് എന്നു പറയുമ്പോഴും അവസാന വാക്ക് ലേഡീസ് പറയും എന്ന് ബ്യോണും ബെന്നിയും ഒരുമിച്ച് പറയുന്നു. എന്തായാലും 'Ode to freedom' എന്ന 'വോയേജ്'ലെ അവസാനത്തെ പാട്ടില്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് ആരെങ്കിലും എന്നെങ്കിലും നല്ലൊരു പാട്ടെഴുതുമായിരിക്കും എന്നു പ്രതീക്ഷിച്ചുകൊണ്ടാണ് ബ്യോണ്‍ നിര്‍ത്തുന്നത്. എല്ലാ കടങ്ങളും വീട്ടി ABBA സ്വതന്ത്രരാകുമ്പോള്‍ കണ്ണു നിറയാതെ ആരാധകര്‍ക്ക് 'വോയേജ്'ലെ പല പാട്ടുകളും കേട്ടിരിക്കാനുമാവില്ല. ശുഭയാത്ര നേരുകയല്ലാതെ മറ്റു വഴികളില്ലല്ലോ.