ഇത് മരണമല്ല, ഉയിര്‍ത്തെഴുന്നേല്‍പ്പാണ് 

By സി.വി. രമേശന്‍   |   Published: 17th December 2021 03:44 PM  |  

Last Updated: 17th December 2021 03:44 PM  |   A+A-   |  

cv_ramesan

 

''അണക്കെട്ടിനടുത്ത് പോയാല്‍ വെള്ളത്തിനടിയില്‍നിന്നു പള്ളിമണികള്‍ മുഴങ്ങുന്നതു നിങ്ങള്‍ക്കു കേള്‍ക്കാം. മുങ്ങിമരിച്ചവരുടെ പതിഞ്ഞ ശബ്ദത്തിലുള്ള കരച്ചിലുകളും ഉച്ചത്തിലുള്ള നിലവിളികളും നിങ്ങളെ അസ്വസ്ഥരാക്കും.'' വര്‍ഷങ്ങള്‍ക്കു മുന്‍പ് വെള്ളത്തില്‍ മുങ്ങിയ ആഫ്രിക്കന്‍ ഗ്രാമത്തിലെ ജീവിതത്തിന്റെ ഈ സ്പന്ദനങ്ങള്‍ ഇപ്പോഴും നമ്മുടെ കാതുകളിലെത്തുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് അടുത്തുള്ള ലെസത്തോ (Lesatho) രാജ്യത്തിലെ അത്തരമൊരു ഗ്രാമത്തിന്റെ കഥയാണ് ലെമൊഹേങ്ങ് ജെറെമിയ മോസസ് (Lemohang Jeremiah Mosese) തന്റെ 'ദിസ് ഈസ് നോട്ട് എ ബറിയല്‍, ഇറ്റ് ഈസ് എ റിസ്സറക്ഷന്‍' (This is not a burial, it is a resurrection, 2020) എന്ന ചിത്രത്തിലൂടെ പറയുന്നത്. ഇക്കഴിഞ്ഞ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തില്‍ എറ്റവും മികച്ച ചിത്രമായി ജൂറി തെരഞ്ഞെടുത്ത്, മേളയിലെ ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ സുവര്‍ണ്ണ ചകോരം ലഭിച്ചത് ഈ ചിത്രത്തിനായിരുന്നു. 20 ലക്ഷം ജനങ്ങള്‍ മാത്രം താമസിക്കുന്ന ലെസെത്തോവില്‍ ജനിച്ചുവളര്‍ന്ന്, ഇപ്പോള്‍ ബര്‍ലിനില്‍ കഴിയുന്ന ചലച്ചിത്രകാരന്‍ മോസസ്, തികച്ചും വ്യത്യസ്തമായൊരു ലോകത്തിലേക്കാണ് ഈ ചിത്രത്തിലൂടെ നമ്മെ കൊണ്ടുപോകുന്നത്. ഇരുളും വെളിച്ചവും ഒന്നിച്ചുചേരുന്ന മുറികളുള്ള വീടുകള്‍ക്കു പുറത്ത്, നീലയും വയലറ്റും നിറങ്ങള്‍ ഇടകലര്‍ന്നു നിറയുന്ന ആകാശം. പൂക്കളും ചെടികളും നിറഞ്ഞുകിടക്കുന്ന വയലുകള്‍. അസാധാരണമായ ഒരു കാഴ്ചാനുഭവം തന്നെയാണ് ചിത്രം പ്രേക്ഷകര്‍ക്കു നല്‍കുന്നത്. ചിത്രത്തിന്റെ കേന്ദ്രസ്ഥാനത്ത് 80 വയസ്സുകാരി മണ്‍ടോവ. വളരെക്കാലം മുന്‍പ് മരിച്ച ഭര്‍ത്താവിനും അതിനുശേഷം അകാലത്തില്‍ മരിച്ച മകള്‍ക്കും ചെറുമക്കള്‍ക്കും ശേഷം, ഇപ്പോള്‍ ദക്ഷിണാഫ്രിക്കയിലെ ഖനിയില്‍ ജോലി ചെയ്തിരുന്ന മകനും മരിച്ചതായി അവര്‍ക്കു വിവരം ലഭിച്ചിരിക്കുന്നു. ക്രിസ്തുമസ് ദിനത്തില്‍ വീട്ടിലെത്തുമെന്നു കരുതിയ മകനു പകരം, ഖനിയപകടത്തില്‍ അവന്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തയാണ് അവരെ തേടിവന്നത്. മറ്റെല്ലാ ബന്ധുക്കളും മരിച്ച മണ്‍ടോവയ്ക്ക് ജീവിതത്തില്‍ ആകെയുണ്ടായിരുന്ന താങ്ങായിരുന്നു അവന്‍. 

മൗത്ത് ഓര്‍ഗന്‍പോലെയുള്ള, ആഫ്രിക്കന്‍ ഉപകരണം ലെസിബ (lesiba) വായിച്ചുകൊണ്ട് പേരില്ലാത്ത ആഖ്യാതാവ് തുടങ്ങുന്ന കഥ ലെസത്തോവിലെ നസ്രേത്ത് ഗ്രാമത്തെക്കുറിച്ചും അവിടെ ജീവിക്കുന്നവര്‍ നേരിടുന്ന ദുരന്തങ്ങളെക്കുറിച്ചുമാണ്. സാധാരണക്കാരുടെ കഥ അസാധാരണമായ രീതിയില്‍ പറയുമ്പോള്‍ അതിന്റെ പശ്ചാത്തലവും ചുറ്റുപാടുകളും സ്വപ്‌നസമാനമാക്കുന്നു പിയറി ദെ വില്ലിയേഴ്സിന്റെ (Pierre de Villiers) സവിശേഷമായ ക്യാമറ. നസ്രേത്ത് ഗ്രാമത്തിന്റെ ആദ്യപേര് 'കരച്ചിലിന്റെ താഴ്വരകള്‍' എന്നാകാന്‍ പല കാരണങ്ങളുണ്ടായിരുന്നു. അവിടെയെത്തിയ ക്രിസ്തുമത വിശ്വാസികള്‍ ആണതിന് 'നസ്രേത്തെ'ന്ന പേര്‍ നല്‍കിയത്. എന്നാല്‍, അന്നാട്ടുകാര്‍ അതിനെ 'സ്വന്തം വീടെ'ന്നായിരുന്നു വിളിച്ചിരുന്നത്. ഒരിക്കലും നിറയാത്ത കപ്പുകളുമായി ആളുകള്‍ അവിടെ വരുന്നതിനു മുന്‍പ്, അവരുടെ ജീവിതം സന്തോഷം നിറഞ്ഞതായിരുന്നു. ആഫ്രിക്കയിലെ, ചൂഷണം ചെയ്യപ്പെടാത്ത അപൂര്‍വ്വം ഗ്രാമങ്ങളിലൊന്നായ ലെസോത്തോവിലും ഒടുവില്‍ 'വികസനം' വന്നെത്തുന്നതാണ് മോസസ് തന്റെ ചിത്രത്തിലൂടെ ആവിഷ്‌കരിക്കുന്നത്. 

ഡാം ഉയര്‍ത്തുന്ന ഭീഷണി

ചിത്രമാരംഭിക്കുന്നത്, കുതിരയെ ആക്രമിക്കുന്ന ആയുധധാരിയായ ആദിവാസിയുടെ മങ്ങിയ ദൃശ്യത്തില്‍നിന്നാണ്. പിന്നീട് കഥപറയുന്ന ആഖ്യാതാവിലേക്ക്, അയാള്‍ പറയുന്ന നസ്രേത്തിന്റെ ചരിത്രത്തിലേക്ക്, അവിടത്തെ അസാധാരണമായ ജീവിതങ്ങളിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നു സംവിധായകന്‍. മകന്റെ വരവിനായി മാസങ്ങളും ദിവസങ്ങളും മണിക്കൂറുകളും സെക്കന്റുകളും എണ്ണിക്കഴിച്ച മണ്‍ടോവ ക്രിസ്തുമസ് ദിനത്തില്‍ അറിയുന്നത്, അവന്‍ ഖനിയപകടത്തില്‍ മരിച്ചെന്നാണ്. ഖനിത്തൊഴിലാളിയുടെ ജീവിതം പട്ടാളക്കാരുടേത് പോലെ അപകടകരമാണ്; എപ്പോഴാണ് കാലുകള്‍ക്കിടയിലെ മണ്ണ് മാറിപ്പോകുന്നതെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. വര്‍ഷങ്ങള്‍ മുന്‍പ് ഭര്‍ത്താവ് മരിച്ചു, തുടര്‍ന്നു മകളും പേരക്കുട്ടിയും മരിച്ചു. കൈകള്‍ ആകാശത്തേക്കുയര്‍ത്തി ദൈവത്തെ വിളിച്ച്, ദിവസങ്ങളോളം വിലപിച്ചിരുന്ന അവര്‍, അവശേഷിച്ച മകന്‍ മരിച്ചപ്പോള്‍ സഹായത്തിനായി ദൈവത്തെ വിളിച്ചു കരഞ്ഞില്ല. മുറ്റത്തു കിടത്തിയ മകന്റെ ശവശരീരത്തിനരികെ, പ്രാര്‍ത്ഥന ചൊല്ലുന്ന അച്ചനും മറ്റുള്ളവരുടേയും നടുവില്‍ നിസ്സംഗയായി നില്‍ക്കുന്ന മണ്‍ടോവ, തന്റെ തീരുമാനമെടുത്തു കഴിഞ്ഞിരുന്നു. 

പിന്നീട് മണ്‍ടോവയുടെ ജീവിതം മരണത്തിലേക്കായിരുന്നു. ഇടിമിന്നലില്‍, ഒറ്റയ്ക്ക് തന്റെ കുടിലില്‍ കഴിയുന്നു അവര്‍. തന്റെ ഭാര്യയുടെ മരണം അവരെ ഓര്‍മ്മിപ്പിക്കുന്ന അച്ചന്‍. റേഡിയോവില്‍ മരിച്ചവരെക്കുറിച്ചുള്ള അനുശോചന സന്ദേശങ്ങള്‍ മാത്രമേ അവര്‍ കേള്‍ക്കുന്നുള്ളൂ. ഭര്‍ത്താവ് സമ്മാനിച്ച വിലപിടിച്ച ഉടുപ്പണിഞ്ഞ് മരണത്തെ അവര്‍ കാത്തിരിക്കുന്നു. ഭര്‍ത്താവുമൊന്നിച്ചു കഴിഞ്ഞിരുന്ന നല്ല കാലം ഓര്‍ത്തുകൊണ്ട്, അക്കാലത്ത് അയാള്‍ക്കൊപ്പം ചെയ്തിരുന്ന നൃത്തം ഒരു പ്രാവശ്യം കൂടെ അവര്‍ തനിച്ചു ചെയ്യുന്നു. പക്ഷേ, മരണം അവരുടെ അടുത്തേക്ക് വരുന്നതേയില്ല, അതവരെ മറന്നുകഴിഞ്ഞിരുന്നു. മകന്‍ മരിച്ചതിലുള്ള ദു:ഖാചരണം കഴിഞ്ഞിട്ടും ആ ഉടുപ്പ് അവര്‍ മാറ്റുന്നില്ല, ആരോടും സംസാരിക്കാതെ മരണത്തെയോര്‍ത്ത് മാത്രമാണവര്‍ കഴിയുന്നത്. അവരിപ്പോള്‍ ദൈവത്തെ വിളിക്കാറില്ല, കാരണം മരണം അവരുടെ നാവിന്‍തുമ്പത്ത് അരുചിയായി വന്നു നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ മരിച്ചവരുടെ ലോകത്തായിരുന്നു. അതുകൊണ്ടാണ് ഗ്രാമമെന്നാല്‍ ശ്മശാനമാണെന്നു പറഞ്ഞുകൊണ്ട്, ശവക്കല്ലറകള്‍ക്കടുത്തുള്ള മാലിന്യങ്ങള്‍ നീക്കാനായി ജനപ്രതിനിധിയോടും ഉദ്യോഗസ്ഥരോടും അവര്‍ ആവശ്യപ്പെടുന്നത്. തന്റെ ശവക്കല്ലറ പണിയാനായി അവര്‍ പണം കൊടുത്തേല്പിക്കുന്നു. എന്നാല്‍, ജീവിച്ചിരിക്കുന്ന ആള്‍ക്ക് കല്ലറ പണിയുന്നത് പാപമാണെന്നു ധരിപ്പിക്കുന്ന പണിക്കാരന്‍ അതിനു തയ്യാറാകുന്നില്ല. അതോടെ അവര്‍ രാത്രി സ്വയം തന്റെ ശവക്കല്ലറ കുഴിക്കാന്‍ തുടങ്ങുന്നു. തന്റെ ശവദാഹത്തെക്കുറിച്ചുള്ള നിബന്ധനകള്‍ ഗ്രാമത്തിലെ സ്ത്രീകളോട് അവര്‍ പറയുന്നു. ലളിതമായ ശവപ്പെട്ടി, അതിനു യോജിച്ച വിലാപഗാനം. തികച്ചും ആര്‍ഭാടരഹിതമായ ഒരു ശവദാഹവും മരണാനന്തര ചടങ്ങുകളുമാണ് അവര്‍ ആവശ്യപ്പെടുന്നത്. 

ഗ്രാമം വെള്ളത്തില്‍ മുങ്ങാന്‍ പോകയാണെന്നും ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ച ശേഷം അവിടെ ഡാം പണിയാന്‍ പോകയാണെന്നും അധികാരികള്‍ അറിയിക്കുന്നതോടെ മണ്‍ടോവയുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുന്നു. 

ഡാമിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അവര്‍ ജനപ്രതിനിധിയെ കാണുന്നു. തന്റെ അമ്മയുടെ മരണത്തില്‍ വിലാപഗാനങ്ങള്‍ പാടിയ മണ്‍ടോവയെ ഓര്‍മ്മിച്ച അയാള്‍, 'മനുഷ്യഹൃദയങ്ങളിലെ വേദന സ്വര്‍ഗ്ഗത്തിലേക്ക് പ്രതിഫലിപ്പിക്കുന്ന കണ്ണാടി'യായാണ് അവരുടെ പാട്ടിനെ വിശേഷിപ്പിക്കുന്നത്. ഗ്രാമം വിട്ടുപോകുമ്പോള്‍ ശ്മശാനങ്ങളിലുള്ളവരെ എന്തുചെയ്യുമെന്ന അവരുടെ ചോദ്യത്തിനു മരിച്ചവരേയും ഗ്രാമത്തില്‍നിന്നു കൊണ്ടുപോകാനാണ് അയാള്‍ ആവശ്യപ്പെടുന്നത്. ഇതില്‍ തൃപ്തയാകാതെ, നഗരത്തിലെ പ്രാദേശിക ഭരണ വിഭാഗത്തില്‍ ചെന്ന് മന്ത്രിയെ കാണാന്‍ അവര്‍ ശ്രമിക്കുന്നു. 

ഗ്രാമം നേരിട്ട ഈ ദുരന്തത്തില്‍, മരണസമയത്ത് പതിവായി പാടാറുള്ള വിലാപഗാനം അവര്‍ പാടുന്നു. അതുകേട്ട് പുറത്തിറങ്ങിയ ഗ്രാമീണര്‍ ഒത്തുചേര്‍ന്ന്, അതൊരു പ്രതിഷേധക്കൂട്ടായ്മയായി മാറുന്നു. ശ്മശാനത്തിലുള്ള തങ്ങളുടെ പ്രിയപ്പെട്ടവരെ അവിടെനിന്നു മാറ്റാന്‍ പാടില്ലെന്നു ശക്തമായി അവര്‍ ആവശ്യപ്പെടുന്നു. ഇതിനിടെ മണ്‍ടോവയുടെ വീട് തീപിടുത്തത്തില്‍ നശിക്കുന്നു. അതിനു പിന്നില്‍ ഡാം പണിയുന്നവരുടെ കൈകളാണെന്ന് ഗ്രാമമുഖ്യന്‍ ഖോട്സെ സൂചിപ്പിക്കുന്നുണ്ടെങ്കിലും അത് അന്വേഷിക്കപ്പെടാതെ പോകുകയാണ്. വീടിരുന്ന സ്ഥലത്തുള്ള കത്തിത്തീര്‍ന്ന കട്ടിലില്‍ ഇരിക്കുന്ന മണ്‍ടോവയുടെ ചുറ്റും സുരക്ഷിതവലയം തീര്‍ക്കുന്ന ചെമ്മരിയാടുകള്‍. പിന്നീട്, താന്‍ പണിത തന്റെ ശവക്കല്ലറയില്‍ കിടന്നു വിലപിക്കുന്ന മണ്‍ടോവ, തികച്ചും ദൈന്യതയാര്‍ന്ന ഒരു കാഴ്ചയായി നമുക്കു മുന്‍പില്‍ വരുന്നു. 

ഗ്രാമത്തില്‍ ഡാം പണിയാനുള്ള ജോലികള്‍ ദ്രുതഗതിയില്‍ നടക്കുന്നു. വെട്ടുന്ന മരത്തില്‍നിന്നു വീണ കൂട്ടിലെ കിളിക്കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന കുട്ടികള്‍. ഗ്രാമം വിട്ടുപോകുന്നതില്‍ അവിടെയുള്ള ആത്മാക്കളോട് മാപ്പ് പറയുന്ന ഗ്രാമമുഖ്യന്‍. തങ്ങളുടെ സമ്പാദ്യമെല്ലാമെടുത്ത്, കന്നുകാലികള്‍ക്കൊപ്പം നഗരത്തിലേക്കു നീങ്ങുന്നവര്‍ ശ്മശാനങ്ങളില്‍ കിടക്കുന്ന തങ്ങളുടെ പ്രിയപ്പെട്ടവരേയും ഒപ്പം കൊണ്ടുപോകുന്നു. അവര്‍ക്കൊപ്പം നഗരത്തിലേക്കു നടന്നുനീങ്ങുന്ന മണ്‍ടോവ, ഒരു ഘട്ടത്തില്‍ ഗ്രാമത്തിലേക്കു തിരിച്ചുനടക്കുന്നു. അവര്‍ തന്റെ വസ്ത്രങ്ങള്‍ ഒന്നൊന്നായി ഊരിയെറിയുന്നു. അവര്‍ക്കൊപ്പമുള്ള കൊച്ചുകുട്ടി, കാണുന്നത് അവരുടെ മരണമായിരുന്നില്ല; മറിച്ച് പുനര്‍ജ്ജന്മമായിരുന്നു. അതു മരിച്ചവര്‍ക്കു വേണ്ടിയായിരുന്നില്ല, ജീവിച്ചിരിക്കുന്നവര്‍ക്കു വേണ്ടിത്തന്നെയായിരുന്നു. ഇവിടെ ചിത്രമവസാനിപ്പിക്കുന്നു സംവിധായകന്‍. 

ജീവിതത്തേയും മരണത്തേയും കുറിച്ചുള്ള ധ്യാനം

'ദിസ് ഈസ് നോട്ട് എ ബറിയല്‍, ഇറ്റ് ഈസ് എ റിസറക്ഷന്‍' ജീവിതത്തേയും മരണത്തേയും പറ്റിയുള്ള ഒരു ധ്യാനമാണ്. ആഫ്രിക്കന്‍ ജീവിതത്തോടും സിനിമയോടും ഏറെ പ്രതിബദ്ധരായ കുറച്ചു പേരുടെ കൂട്ടായ ശ്രമത്തിന്റെ ഫലപ്രാപ്തി. ധ്യാനനിരതമായ ഏകാഗ്രതയോടെ ആഫ്രിക്കന്‍ ജീവിതത്തിലേക്ക്, അതിലെ മിത്തുകളിലേക്കും വിശ്വാസങ്ങളിലേക്കും ചിത്രമെത്തിച്ച സംവിധായകന്‍ മോസസ് ഔപചാരികമായ ചലച്ചിത്ര പരിശീലനം നേടിയിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. സ്വപ്‌നങ്ങളും യാഥാര്‍ത്ഥ്യങ്ങളുമായി വേര്‍തിരിക്കാനാവത്ത രൂപത്തില്‍, ആഫ്രിക്കന്‍ ഗ്രാമീണജീവിതത്തെ സര്‍റിയല്‍ ചിത്രങ്ങളായി, ക്യാമറയുപയോഗിച്ച് വരച്ചിട്ട പിയര്‍ ദെ വില്ലേഴ്സ് (Pierre de Villiers), ചലച്ചിത്രലോകത്തുനിന്ന് കൊവിഡ് തട്ടിയെടുത്ത വിഖ്യാത ആഫ്രിക്കന്‍ നടി മേരി ത്വാല (Mary Twala), ചിത്രത്തിനു സവിശേഷമായ രീതിയില്‍ പശ്ചാത്തല സംഗീതം സൃഷ്ടിച്ച ജപ്പാന്‍കാരനായ സംഗീത സംവിധായകന്‍ യു മിയാഷിത (Yu Miyashita) എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഒന്നിച്ചു ചേര്‍ന്നപ്പോള്‍, ചിത്രം ഒരു ആഫ്രിക്കന്‍ ഇതിഹാസമായി മാറുകയാണ്. ചിത്രം പല അടരുകളിലായി വികസിക്കുമ്പോള്‍, സമകാലീന ലോകം നേരിടുന്ന ലൗകികവും ആത്മീയവുമായ ശൂന്യതകളിലേക്ക് അതു വെളിച്ചം പരത്തുന്നു. ഇന്നത്തെ ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്ന നിരവധി പ്രശ്‌നങ്ങളെ നേരിട്ടും അല്ലാതേയും ചൂണ്ടിക്കാട്ടുന്നു 'ദിസ് ഈസ് നോട്ട് എ ബറിയല്‍, ഇറ്റ് ഈസ് എ റിസറക്ഷന്‍.' തികഞ്ഞ ശാന്തതയോടെ സ്‌നേഹം, കരുണ, പുരോഗതി, മണ്ണ്, മരണം, ജീവിതം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു ചിത്രം. മരണവും ജീവിതവും അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രം, മരണത്തില്‍നിന്നു ജീവിതത്തിലേക്കും ജീവിതം നിലനിര്‍ത്താനായി വീണ്ടും മരണത്തിലേക്കും പോകുന്നു. 

ചിത്രത്തിന്റെ ഘടന വളരെയേറെ സവിശേഷതകളുള്ളതാണ്. കീഴടക്കാന്‍ വന്ന കുതിരയെ ആക്രമിക്കുന്ന ദേശവാസിയുടെ മങ്ങിയ ചടുലമായ ഇമേജില്‍ ആരംഭിച്ച്, ഒരു ആഖ്യാതാവിലേക്ക് അതു നീങ്ങുന്നു. ഇരുണ്ട ബാറിലിരുന്ന് ലെസിബ വായിക്കുന്ന പേരില്ലാത്ത അയാളാണ് ചിത്രം മുന്‍പോട്ട് കൊണ്ടുപോകുന്നത്. മൊസാത്തോവില്‍ ജനിച്ചുവളര്‍ന്ന്, ഇപ്പോള്‍ ബര്‍ലിനില്‍ കഴിയുന്ന സംവിധായകന്‍ മോസസ്, ഇതേപ്പറ്റി വിശദീകരിക്കുന്നുണ്ട്: ''രാത്രി തിരക്കേറിയ ബര്‍ലിനിലെ ബാറുകളില്‍ പുലര്‍ച്ചയാവുമ്പോള്‍ അപൂര്‍വ്വം ആളുകളെ ഉണ്ടാവുകയുള്ളൂ. അത്തരമൊരു ബാറിലെ, പുലര്‍കാലത്തെ മങ്ങിയ വെളിച്ചത്തില്‍ തികച്ചും ഏകാന്തമായ അവസ്ഥയിലാണ് ആഖ്യാതാവ് തന്റെ കഥ തുടങ്ങുന്നത്.'' അത് സംവിധായകന്‍ മോസസ് തന്നെയാണ്. ചിത്രം ഒരു പ്രധാന പ്രമേയമായി മുന്‍പോട്ട് വെയ്ക്കുന്ന കുടിയൊഴിപ്പിക്കല്‍, മോസസ്സിന്റെ ജീവിതത്തില്‍ പല പ്രാവശ്യം സംഭവിച്ചിട്ടുണ്ട്. തന്റെ ജീവിതത്തിലെ ഓരോ സ്ഥലമാറ്റവും (displacement) ഓരോ ദുരന്തമായിരുന്നുവെന്ന് അദ്ദേഹം ഓര്‍മ്മിക്കുന്നു. ഗ്രാമങ്ങളിലെ കുടിയൊഴുപ്പിക്കലുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ ആഫ്രിക്കയില്‍ പതിവായി നടക്കാറുള്ളതാണ്. പ്രസിദ്ധമായ ഹൈലാന്‍ഡ് വാട്ടര്‍ പ്രൊജക്റ്റിന്റെ (Highlands Water Project) ഭാഗമായി, ദക്ഷിണാഫ്രിക്കയിലേക്ക് ഓരോ വര്‍ഷവും 780 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളം ലെസത്തൊ കൊടുക്കുന്നുണ്ട്. ഇതിനായി ആവശ്യം വരുന്ന റിസര്‍വ്വോയറുകളുണ്ടാക്കാന്‍ ഗ്രാമങ്ങളിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരുന്നു. എല്ലാം ഇട്ടെറിഞ്ഞ്, മരിച്ചവരെ മണ്ണിനടിയില്‍ ഉപേക്ഷിച്ച് ഗ്രാമീണര്‍ നഗരങ്ങളിലേക്ക് കുടിയേറാന്‍ നിര്‍ബ്ബന്ധിതരാവുന്നു. കുട്ടിയായിരുന്ന സമയത്ത്, ഇത്തരമൊരു ഡാമിന്റെ ഉദ്ഘാടനത്തിനായി ലെസത്തോവിലെത്തിയ പ്രസിദ്ധ ആഫ്രിക്കന്‍ നേതാവ് നെല്‍സണ്‍ മണ്ടേലയുടെ കൈപിടിച്ച സന്ദര്‍ഭം മോസസ് ഇപ്പോഴും ഓര്‍മ്മിക്കുന്നു. ഇമ്പീരിയിലിസ്റ്റിക് വാട്ടര്‍ പ്രൊജക്റ്റിന്റെ ഉദ്ഘാടനത്തിനായിരുന്നു അദ്ദേഹം അന്നു വന്നിരുന്നതെന്നു തനിക്കറിയില്ലായിരുന്നെന്ന് അഭിമുഖത്തില്‍ ഓര്‍ക്കുന്നു സംവിധായകന്‍. അത് അറിഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ, അദ്ദേഹത്തിന്റെ സാമീപ്യം മോസസ് ആഗ്രഹിക്കില്ലായിരുന്നു. 

ചിത്രം പ്രമേയമായി സ്വീകരിക്കുന്ന പ്രധാന വിഷയങ്ങളായ മരണവും ജീവിതവും അവയുടെ ചാക്രികതയും കേന്ദ്രകഥാപാത്രമായ മണ്‍ടോവയുടെ ജീവിതം നമുക്കു കാണിച്ചുതരുന്നു. ജീവിതത്തില്‍നിന്നു മരണത്തിലേക്ക്, പിന്നീട് ജീവിതത്തിലേക്കും തുടര്‍ന്നു മറ്റുള്ളവര്‍ക്ക് ജീവിക്കാനായി മരണത്തിലേക്കുമുള്ള ചാക്രികമായ അവരുടെ സഞ്ചാരം ചിത്രം ആവിഷ്‌കരിക്കുന്നു. നേരത്തെ പരാമര്‍ശിച്ചതുപോലെ, അതോടനുബന്ധമായി മറ്റു ചില സമകാലിക പ്രശ്‌നങ്ങളില്‍ കൂടെ ചിത്രം വെളിച്ചം വീഴ്ത്തുന്നുണ്ട്. ആധുനിക ജീവിതത്തില്‍ നമുക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വൈകാരികമായ ചില ഘടകങ്ങളാണവ. വികസനത്തിന് ഒരിക്കലും താനെതിരല്ലെന്ന് സംവിധായകനെപ്പോലെ എല്ലാവരും സമ്മതിക്കുന്നു. എന്നാല്‍, ഏതു തരത്തിലുള്ള വികസനമെന്ന് അവിടെ വിശദമാക്കേണ്ടിവരുന്നുണ്ട്. ഡാം പണിയാനായി അളവെടുക്കാന്‍ ഗ്രാമത്തിലെത്തിയ സര്‍വ്വയര്‍മാരോട് അവിടെയുള്ളവര്‍ ചില കാര്യങ്ങള്‍ പറയുന്നുണ്ട്: അവയിലൊന്ന് ഭൂമിയെന്നാല്‍ അതിന്റെ അളവ് മാത്രമല്ല എന്ന സത്യമാണ്. വെറും അളവുകൊണ്ട് ഭൂമിയെ നിര്‍വ്വചിക്കാന്‍ കഴിയില്ല എന്നവര്‍ വെളിപ്പെടുത്തുന്നു. തന്റെ കൈവശമുള്ള ചെറിയ ഒരു തുണ്ട് ഭൂമികൊണ്ട് താന്‍ സുഖമായി കഴിഞ്ഞിരുന്നെന്ന് ഒരാള്‍ പറയുന്നുണ്ട്. നഗരത്തിലേക്ക് മാറിയാല്‍, തന്റെ കുതിരയ്ക്ക് എന്തു തീറ്റകൊടുക്കുമെന്നതാണ് മറ്റൊരാളുടെ ആശങ്ക. വേറൊരു കര്‍ഷകന്‍ ഓര്‍മ്മിക്കുന്നത്, അയാളുടെ അച്ഛന്റെ വാക്കുകളാണ്: ''വികസനമെന്നാല്‍ പ്രകൃതിയെ കീഴടക്കുക'' എന്നതാണെന്ന് അയാള്‍ പറയുന്നത് ഗ്രാമത്തിലെ ഒരു പുതിയ റോഡിന്റെ ഉദ്ഘാടനവേളയിലായിരുന്നു. തികച്ചും നിരക്ഷരരായ ഈ കൃഷിക്കാരുടെ ആശയങ്ങള്‍ ആധുനിക ലോകത്തില്‍ വ്യത്യസ്ത പാഠങ്ങളായി മാറുകയാണ്. ഗ്രാമത്തിലെ കൃഷിയുടെ സവിശേഷമായ ചിത്രം നമുക്കു ലഭിക്കുന്നുണ്ട്. പൂക്കളും ധാന്യങ്ങളും സമൃദ്ധമായി വിളഞ്ഞുനില്‍ക്കുന്ന മനോഹരമായ കൃഷിയിടങ്ങള്‍, ഒരു ഉത്സവമായി മാറുന്ന കൃഷിയും അതുമായി ബന്ധപ്പെട്ട ഗ്രാമീണ ആഘോഷങ്ങളും. ആരോഗ്യം സംരക്ഷിക്കുന്ന ഫലങ്ങളും പൂക്കളും പ്രതികൂല കാലാവസ്ഥയെ ചെറുക്കാന്‍ സഹായകരമായ പച്ചമരുന്നുകള്‍ ഉണ്ടാക്കാനുപയോഗിക്കുന്നു. ഇവയൊക്കെ സമൃദ്ധമായി ലഭിക്കുന്ന ഗ്രാമത്തിലെ പൂക്കളും ഫലങ്ങളുമൊക്കെ ഭക്ഷണമായും മരുന്നായും അവരുടെ ജീവിതത്തിന്റെ പ്രധാന ഭാഗമായിരുന്നു. 

ചിത്രം മുന്‍പോട്ട് വെയ്ക്കുന്ന ഐതിഹ്യങ്ങളും മിത്തുകളും മറ്റും അതിന്റെ കേന്ദ്ര പ്രമേയവുമായി വളരെയധികം ചേര്‍ന്നുനില്‍ക്കുന്നതായി നമുക്കു കാണാം. ലോകം ഇന്നാവശ്യപ്പെടുന്ന വൈകാരിക ഘടകങ്ങളായ അത്തരം അനവധി ബിംബങ്ങളും ദൃശ്യങ്ങളും ചിത്രം പ്രേക്ഷകര്‍ക്കു മുന്‍പില്‍ നിരത്തുന്നു. ഒറ്റയായും കൂട്ടമായും അവ നമ്മെ പുതിയ അര്‍ത്ഥതലങ്ങളിലേക്ക് എത്തിക്കുന്നു. ഗ്രാമമുണ്ടായ കഥ മണ്‍ടോവ അവിടത്തെ കൊച്ചുബാലനായ ലാസറോയോട് പറയുന്നുണ്ട്. പണ്ട് പ്ലേഗ് വന്ന കാലം. ഗ്രാമം കടന്നു നഗരത്തിലേക്കു പോകും വഴി അസുഖബാധിതരുമായി യാത്ര തുടരാനാവാതെ അവിടെ തങ്ങിയവര്‍, രോഗികള്‍ മരിക്കുന്നതോടെ ശവശരീരങ്ങള്‍ അവിടത്തെ മണ്ണിലടക്കിയിരുന്നു. അതുകാരണം പിന്നീട് അവിടം വിട്ടുപോകാനാകാതെ അവര്‍ ഗ്രാമത്തില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. അങ്ങനെയായിരുന്നു അത് 'കരച്ചിലിന്റെ താഴ്വര'യായി അറിയപ്പെടാന്‍ തുടങ്ങിയത്. ക്രിസ്ത്യന്‍ മിഷണറിമാര്‍ വന്നതോടെ അവര്‍ അതിന്റെ പേര് 'നസ്രേത്തെ'ന്നാക്കി മാറ്റി. 

ഇതുപോലെ, ഗ്രാമത്തിലെ പള്ളിയുടെ ചരിത്രം വിശദമാക്കുന്ന അച്ചന്‍, 1850-ല്‍ പണിത പള്ളിയുടെ മണി 15 വര്‍ഷമെടുത്ത് പൂര്‍ത്തിയാക്കിയ കഥ പറയുന്നു. ആളുകള്‍ തങ്ങളുടെ പക്കലുള്ള കുന്തങ്ങളും ദൈവവിഗ്രഹങ്ങളുമൊക്കെ ഉരുക്കിയുണ്ടാക്കിയ പള്ളിമണി. അവരുടെ ജീവിതം തന്നെ പുതുക്കി പണിതിരുന്നു. കുന്തങ്ങളും ദൈവവിഗ്രഹങ്ങളും വ്യത്യസ്തമായ ജീവിതരീതികളുടെ സൂചകങ്ങളായി മാറുന്നു. അവയൊക്കെ പള്ളിമണിയുടെ ഭാഗമാവുന്നു, ജീവിതത്തിന്റെ ഭാഗമാവുന്നു. ചെമ്മരിയാടിന്റെ രോമമെടുക്കുന്ന മത്സരത്തില്‍ സ്വയം മറന്ന്, അതിന്റെ രക്തം വീഴ്ത്തിയ ആള്‍, അതു തന്റെ രക്തമായിത്തന്നെ തിരിച്ചറിയുന്നു. ഒരുനിമിഷം തനിക്കു നഷ്ടപ്പെട്ടുപോയ മനുഷ്യത്വമോര്‍ത്ത് അയാള്‍ ദു:ഖിക്കുന്നു. ഡാമിന്റെ ജോലി തുടങ്ങാനായി മരം വെട്ടിമാറ്റുന്നതിനിടെ അതില്‍നിന്നു താഴേക്കു വീണ കിളിക്കൂട് കണ്ടെത്തി അതിലെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന കുട്ടികള്‍. അഗ്‌നിക്കിരയായി നശിച്ച വീടിനകത്തെ കത്തിത്തീര്‍ന്ന കട്ടിലില്‍ വേദനയോടെ ഇരിക്കുന്ന മണ്‍ടോവയ്ക്ക് ചുറ്റും വന്നു സുരക്ഷിതവലയം തീര്‍ക്കുന്ന ചെമ്മരിയാടുകള്‍. സ്‌നേഹത്തിന്റേയും കരുണയുടേയും സാഹോദര്യത്തിന്റേയും ചിഹ്നങ്ങളായി മാറുന്ന ഈ ഇമേജുകളും ദൃശ്യങ്ങളും ലോകത്തില്‍നിന്ന് അന്യംനിന്നുപോവുന്ന വൈകാരിക സാന്നിധ്യങ്ങളായി നാം തിരിച്ചറിയേണ്ടവയാണ്. 

അനവധി വര്‍ഷങ്ങളിലെ ഗ്രാമത്തിലെ ജീവിതം ഏറെക്കാര്യങ്ങള്‍ മണ്‍ടോവയെ പഠിപ്പിച്ചിരുന്നു. അവയൊക്കെ അടുത്ത തലമുറയിലേക്ക് അവര്‍ കൈമാറുന്നു. മരണം ജീവിതത്തിന്റെ മറ്റൊരു അവസ്ഥയായി തിരിച്ചറിഞ്ഞ്, വിലാപഗാനങ്ങള്‍ പാടി ഗ്രാമത്തിലെ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സാന്ത്വനമായി അവര്‍ മാറുന്നു. ബന്ധുക്കളുടെ വേദനകള്‍ ദൈവത്തിലേക്കു കൈമാറുന്ന ഒരു മാദ്ധ്യമമായി മാറ്റുകയാണ് മണ്‍ടോവയെന്ന പാട്ടുകാരി. 'കരച്ചിലിന്റെ താഴ്വര'യായി രൂപംകൊണ്ട ഗ്രാമം പിന്നീട് അവിടത്തുകാരുടെ 'സ്വന്തം വീടാ'യി മാറുമ്പോള്‍, ശാന്തവും സമാധാനപൂര്‍ണ്ണമായൊരു ജീവിതമാണവിടെ ഉണ്ടായിരുന്നത്. പുരോഗതിയുടെ പേരില്‍ അവിടെയെത്തുന്ന ഡാം, അവരെ നഗരത്തിലേക്ക് പറിച്ചുനടുന്നു. സ്ഥലത്തിന്റെ അളവല്ല മുഖ്യമെന്നു പറയുന്ന കൃഷിക്കാരന്‍, തന്റെ ചെറുതുണ്ട് ഭൂമിയിലെ കൃഷികൊണ്ട് സംതൃപ്തനായിരുന്നു. ഡാം പണിയുന്നതിന്റെ ഭാഗമായി വെള്ളത്തിലാഴുന്ന ഗ്രാമത്തെ രക്ഷിക്കാന്‍ മണ്‍ടോവ നടത്തുന്ന അവസാന ശ്രമം പുതിയ തലമുറ അറിയുന്നു; അത് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പായി അവര്‍ സ്വീകരിക്കുന്നു. 

ചിത്രത്തിന്റെ ഇതിഹാസ സമാനമായ കഥപറച്ചില്‍ രീതി അതിനു നല്‍കുന്ന ശക്തിയും മികവും ചെറുതല്ല. ആഖ്യാതാവ് അതു വിവരിക്കുന്നത് തികച്ചും വൈകാരികതയോടെയും ഗ്രാമത്തിലെ ജീവിതത്തില്‍ ഇടപെട്ടുകൊണ്ടുമാണ്. സ്വന്തം ഭൂമിയില്‍നിന്നുള്ള കുടിയൊഴിക്കല്‍ നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് അഭിമുഖത്തില്‍ സൂചിപ്പിക്കുന്ന സംവിധായകന്‍ മോസസ്, നാട് ലെസത്തോയെ തന്റെ ദൈവമായാണ് കരുതുന്നത്.

ലെമൊഹേങ്ങ് ജെറെമിയ മോസസ് 

മണ്‍ടോവയുടെ ശാന്തമായ പ്രതിഷേധം

''പുരോഗതി എനിക്കിഷ്ടമാണ്, എന്നാല്‍, അതിനു പ്രത്യാഘാതങ്ങളുമുണ്ടാവും; അവ നാം നേരിടേണ്ടിവരും. ചുറ്റും നടക്കുന്ന സംഭവങ്ങളില്‍ എന്റെ തീക്ഷ്ണമായ പ്രതികരണമാണ് ഈ ചിത്രം'' - മോസസ് പറയുന്നു. മാറ്റങ്ങളുടെ ചാക്രികതയില്‍ വിശ്വസിക്കുന്ന അദ്ദേഹം, പുതിയവ പഴയവയാകുകയും പഴയവ പുതുമയുള്ളവയാകുകയും ചെയ്യുമെന്നും അതാണ് ജീവിതമെന്നും കരുതുന്നു. ഒരു സ്ത്രീയുടെ ഉറച്ച നിലപാട്, ഒരു ഗ്രാമത്തിലെ ജനങ്ങളെ എങ്ങനെ സ്വാധീനിക്കുന്നതെന്നു കാണിച്ചുതരുന്ന ചിത്രം, മറ്റു നിരവധി വിഷയങ്ങള്‍ കൂടെ നമുക്കു മുന്‍പിലെത്തിക്കുന്നുണ്ട്. മതത്തിനു ഗ്രാമീണജീവിതത്തിലുള്ള സ്ഥാനം, പ്രാദേശിക രാഷ്ട്രീയക്കാരുടെ വിശ്വാസ്യത, കൃഷിയും ഗ്രാമീണജീവിതവും തുടങ്ങിയ ഈ വിഷയങ്ങള്‍ തികച്ചും സമകാലിക പ്രസക്തിയുള്ളവയാണ്. 

കേന്ദ്ര കഥാപാത്രമായ മണ്‍ടോവയായി വേഷമിട്ട പ്രമുഖ നടി മേരി ത്വാലയടക്കം നാലു പ്രൊഫഷണല്‍ അഭിനേതാക്കള്‍ മാത്രമേ ചിത്രത്തിലുള്ളൂ എന്നത് നമ്മെ അത്ഭുതപ്പെടുത്തുന്നു. ബാക്കിയുള്ള നിരവധി പേരില്‍ പലരും ആദ്യമായി ക്യാമറയെ അഭിമുഖീകരിക്കയായിരുന്നു. പിയറിയുടെ ക്യാമറ അവരുടെ മുഖങ്ങളുടെ ക്ലോസ്സപ്പുകള്‍ ഫ്രെയിമുകളിലാക്കി പ്രേക്ഷകര്‍ക്കു മുന്‍പിലെത്തിക്കുമ്പോള്‍, അവരുടെ കണ്ണുകളിലെ ദു:ഖവും പ്രതിഷേധവും ഇടകലര്‍ന്ന ഭാവങ്ങള്‍ ചിത്രത്തിന്റെ വൈകാരിക ലാന്‍ഡ്സ്‌കേപ്പ് സൃഷ്ടിക്കുന്നു. മുഖങ്ങളുടെ ക്ലോസ്സപ്പുകളുണ്ടാക്കുന്ന വൈകാരികത തന്നെ പഠിപ്പിച്ചത് പ്രസിദ്ധ ഫ്രെഞ്ച് ചലച്ചിത്രകാരന്‍ കാള്‍ഡ്രയറുടെ (Carl Dreyer) ഇതിഹാസ ചിത്രം പാഷന്‍ ഓഫ് ജോന്‍ ഓഫ് ആര്‍ക്കാ(Passion of Joan of Arc)ണെന്ന് സംവിധായകന്‍ മോസസ് പറയുന്നു: ''ദിവസവും കാലത്ത് എഴുന്നേല്‍ക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത് 'പാഷന്‍ ഓഫ് ജോന്‍ ഓഫ് ആര്‍ക്കാ'ണ്. മുഖങ്ങള്‍ ഒരു ലാന്‍ഡ്സ്‌കേപ്പായും കവിതയായും മാറുന്നത് ആ ചിത്രത്തില്‍ നമുക്കു കാണാം. അതെനിക്കൊരു വെളിപാട് പോലെയായിരുന്നു.'' 'ദിസ് ഈസ് നോട്ട് എ ബറിയലി'ന്റെ അവസാന ദൃശ്യം നോക്കുക: ശാന്തമായി നടത്തിയ തന്റെ പ്രതിഷേധത്തോടെ, മറ്റുള്ളവരെ അതിലേക്ക് എത്തിക്കുന്ന മണ്‍ടോവ. തുടര്‍ന്നു ചെറിയ കുട്ടിയുടെ മുഖത്തിന്റെ ക്ലോസ്സപ്പ്. അവളുടെ കണ്ണുകളില്‍ നാം കാണുന്ന അഗ്‌നി, വരാന്‍ പോകുന്ന പ്രതിഷേധത്തിന്റേയും പ്രതിരോധത്തിന്റേയും ശക്തമായ സൂചനയാണ്. 

ലെസോത്തോവിലെ കൊച്ചുഗ്രാമത്തില്‍ വെച്ച് നടന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനുള്ള സാമഗ്രികള്‍ കഴുതപ്പുറത്തായിരുന്നു അവിടെ എത്തിച്ചിരുന്നത്. ഗ്രാമത്തില്‍ വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ ഷൂട്ടിങ്ങ് സംഘം വളരെ പ്രയാസപ്പെട്ടിരുന്നു. എന്നാല്‍, മനോഹരമായ പശ്ചാത്തലം കാരണം ചിത്രം കൂടുതല്‍ ഭംഗിയുള്ളതായിപ്പോകാതിരിക്കാന്‍ സംവിധായകന് വളരെയധികം പരിശ്രമിക്കേണ്ടിവന്നു. ഗ്രാമത്തില്‍ എവിടെ ക്യാമറ വെച്ചാലും ഭംഗിയുള്ള ചിത്രങ്ങള്‍ അതില്‍ പതിയുമെന്നതിനാലാണ്, ചിത്രം 4:3 ആസ്പെക്റ്റ് റേഷ്യോയില്‍ നിര്‍മ്മിച്ചതെന്ന് സംവിധായകന്‍ വെളിപ്പെടുത്തുന്നു. 

2020-ലെ സണ്‍ഡേന്‍സ് ഫിലിം ഫെസ്റ്റിവലില്‍ (saundance film festival) സ്പെഷല്‍ ജൂറി അവാര്‍ഡ് ഫോര്‍ വിഷനറി ഫിലിം മേക്കിങ്ങ് (Special Jury Award for Visionary Film Making) ലഭിച്ച ചിത്രം, ആഫ്രിക്ക മൂവി അവാര്‍ഡ്സില്‍ (African Movie Awards) മികച്ച സംവിധായകന്‍, മികച്ച നടി, മികച്ച ഛായാഗ്രഹണം, മികച്ച വസ്ത്രാലങ്കാരമടക്കം ഏഴ് പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. കൂടാതെ, അക്കാദമി അവാര്‍ഡിനായി ലെസത്തോവില്‍നിന്നുള്ള മത്സരചിത്രം കൂടിയായിരുന്നു അത്.