മനുഷ്യരെ അറിയുന്നുണ്ടോ ഈ അധികാരികള്‍

പല സര്‍ക്കാര്‍ ഓഫീസുകളില്‍നിന്നും തികച്ചും നിയമപരവും ന്യായയുക്തവുമായ കാര്യങ്ങള്‍ നടത്തിയെടുക്കണമെങ്കില്‍ വേണ്ടിവരുന്ന ബദ്ധപ്പാട് എത്രയാണെന്ന് സാധാരണക്കാര്‍ക്കൊക്കെ നല്ല ബോധ്യമുള്ളതാണ്
മനുഷ്യരെ അറിയുന്നുണ്ടോ ഈ അധികാരികള്‍

സാമൂഹ്യജീവിതത്തിന്റെ  ഏറ്റവും പിന്‍നിരയിലുള്ള മനുഷ്യരുടെ ശബ്ദം മുന്‍നിരയില്‍ കേള്‍ക്കാന്‍ കഴിയുന്ന സ്ഥിതിയുണ്ടാവുകയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുമ്പോള്‍ മാത്രമേ ജനാധിപത്യം സമ്പൂര്‍ണ്ണമായി സാക്ഷാത്കരിക്കപ്പെടൂ എന്നു പറഞ്ഞത് ഗാന്ധിജിയാണ്. നമ്മുടെ ഭരണഘടനയും ജനാധിപത്യ ഭരണസംവിധാനങ്ങളുമൊക്കെ രൂപീകരിക്കപ്പെട്ടിട്ടുള്ളതും ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്. ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള സംരക്ഷണം (അനുച്ഛേദം 21), പൊതുജനസേവനത്തിനു നിയോഗിക്കപ്പെടുന്നവര്‍ പുലര്‍ത്തേണ്ട പെരുമാറ്റച്ചട്ട നിയമാവലിയും ധാര്‍മ്മിക ദര്‍ശനങ്ങളും (റിപ്പബ്ലിക് ആക്ട് നം. 6713), ഭരണഘടനയിലെ അനുച്ഛേദം 309 പ്രകാരം രൂപംകൊടുത്ത സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങള്‍ (1960) എന്നിവയൊക്കെ ഇത്തരത്തില്‍ സാധാരണ മനുഷ്യര്‍ക്ക് അധികാരകേന്ദ്രങ്ങളില്‍നിന്ന് യഥാസമയം ലഭിക്കേണ്ട സേവനങ്ങള്‍ ഉറപ്പാക്കുന്ന നിയമസംഹിതകളാണ്. RA No. 6713 ഇത് കുറേക്കൂടി വിശദമാക്കുന്നുണ്ട്. പൊതുതാല്പര്യത്തോടുള്ള പ്രതിജ്ഞാബദ്ധത, തൊഴില്‍പരമായ കഴിവ്, കൃത്യത, ആത്മാര്‍ത്ഥത, രാഷ്ട്രീയ വിഷയങ്ങളിലെ സമഭാവം, അനുതാപത്തോടെയുള്ള പ്രതികരണം, സ്വരാജ്യസ്‌നേഹം, ദേശഭക്തി, ജനാധിപത്യത്തോടുള്ള പ്രതിജ്ഞാബദ്ധത, ലളിതജീവിതം എന്നിവയൊക്കെ പുലര്‍ത്തുന്നവരായിരിക്കണം പൊതുജനസേവകരും ഉദ്യോഗസ്ഥരും എന്നാണ് അനുശാസിക്കുന്നത്. ഇതൊക്കെ പരിപാലിക്കപ്പെടുന്നുണ്ടെങ്കില്‍ നമ്മുടെ നാട് എത്ര മധുരമനോജ്ഞമാകുമായിരുന്നു. ഇതിനോട് നീതിപുലര്‍ത്തുന്ന സഹായം അധികാരകേന്ദ്രങ്ങളില്‍നിന്ന് സാധാരണ മനുഷ്യര്‍ക്കു ലഭിക്കുന്നുണ്ടോ?

പല സര്‍ക്കാര്‍ ഓഫീസുകളില്‍നിന്നും തികച്ചും നിയമപരവും ന്യായയുക്തവുമായ കാര്യങ്ങള്‍ നടത്തിയെടുക്കണമെങ്കില്‍ വേണ്ടിവരുന്ന ബദ്ധപ്പാട് എത്രയാണെന്ന് സാധാരണക്കാര്‍ക്കൊക്കെ നല്ല ബോധ്യമുള്ളതാണ്. സര്‍ക്കാര്‍ ജോലിയും സര്‍ക്കാര്‍ സേവനവുമൊക്കെ പൊതുജനങ്ങള്‍ക്കു വേണ്ടിയുള്ളതാണെന്നും അത് ഉപാധികളൊന്നുമില്ലാതെ തന്നെ ജനങ്ങള്‍ക്ക് നല്‍കേണ്ടതാണെന്നുമുള്ള ഭരണഘടനാബാധ്യതയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം സംബന്ധിച്ച ചട്ടങ്ങളുമൊക്കെ ഏട്ടിലെ പശുവായി മാറുന്നു എന്നതാണ് പൊതുവെയുള്ള അനുഭവം. ഓരോ ഫയലിലും 15 ദിവസത്തിനകം തീരുമാനമെടുക്കണമെന്ന മുഖ്യമന്ത്രിയടക്കമുള്ളവരുടെ നിര്‍ദ്ദേശങ്ങളൊക്കെ ഉദ്യോഗസ്ഥര്‍ എത്രമാത്രം പാലിക്കുന്നുണ്ടെന്ന് അന്വേഷിച്ചാല്‍ പലര്‍ക്കും ദുരിതപൂര്‍ണ്ണമായ നിരവധി അനുഭവകഥകള്‍ പറയാനുണ്ടാകും. ഇതെഴുതുന്നയാളിന് നേരിട്ട് ബോധ്യപ്പെടാന്‍ കഴിഞ്ഞ ചില അനുഭവങ്ങള്‍ പറയാം. ഇതൊന്നും സാമാന്യവല്‍ക്കരിച്ചു പറയുകയല്ല. പക്ഷേ, പല ഉദ്യോഗസ്ഥരുടേയും സമീപനം ഉദ്യോഗവൃന്ദത്തിനാകെ നാണക്കേടുണ്ടാക്കുന്ന തരത്തിലുള്ളതാണ്. 

ഷോക്ക് നല്‍കിയ വാട്ടര്‍ ബില്ല്

'ദേവന്‍ കനിഞ്ഞാലും പൂജാരി കനിയില്ല' എന്നത് കേവലമൊരു പഴഞ്ചൊല്ലല്ല. പലരുടേയും അനുഭവസാക്ഷ്യമാണ്. 

തിരുവനന്തപുരം നഗരമധ്യത്തില്‍ കവടിയാര്‍ ജവഹര്‍നഗറിലെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സിലായിരുന്നു കഥാപുരുഷന്റെ താമസം. രണ്ടു മാസത്തിലൊരിക്കല്‍ ലഭിക്കുന്ന വാട്ടര്‍ ബില്ലില്‍ ശരാശരി 150-180 രൂപയാണ് ചാര്‍ജായി വന്നുകൊണ്ടിരുന്നത്. രണ്ടു വര്‍ഷം മുന്‍പുള്ള നവംബറില്‍ ബില്ലുവന്നപ്പോള്‍ അത് 2000-ത്തിലേറെയായി. തൊട്ടടുത്ത ബില്ലാകട്ടെ, 5000 രൂപയോളവും. അന്തംവിട്ട ഉപഭോക്താവിന് ഇത് 'ഷോക്കടിപ്പിക്കുന്ന ബില്ല്' എന്ന ക്ലീഷേ ഓര്‍മ്മ വന്നു. പക്ഷേ, കറന്റ് ബില്ലല്ലേ ഷോക്കടിപ്പിക്കാറുള്ളൂ എന്നോര്‍ക്കാന്‍ ശ്രമിച്ചു. എന്നാലും, ഇത് എങ്ങനെ വന്നുവെന്ന് അറിയണമല്ലോ. ഉപഭോക്താവ് വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയറുടെ (കവടിയാര്‍) ഓഫീസുമായി ബന്ധപ്പെട്ടു. ''കംപ്യൂട്ടര്‍ ബില്ലാണ്. അത് തെറ്റേണ്ട കാര്യമില്ല. നിങ്ങള്‍ അനാവശ്യമായി വെള്ളം ഉപയോഗിക്കുകയോ അല്ലെങ്കില്‍ ടാപ്പ് വെറുതെ തുറന്നിട്ട് ഒഴുക്കിക്കളയുകയോ ചെയ്തതായിരിക്കും'' എന്നായിരുന്നു എ.ഇ. ഓഫീസിലെ അക്കൗണ്ട്‌സ് സെക്ഷനില്‍ നിന്നുള്ള മറുപടി. 

കംപ്യൂട്ടര്‍ കണക്ക് തെറ്റില്ലല്ലോ എന്ന ഉദ്യോഗസ്ഥന്റെ മറുപടി ഉപഭോക്താവിനെ ആധിപിടിപ്പിച്ചു. കാരണം, നൂറ്റന്‍പതോ ഇരുന്നൂറോ രൂപ അടക്കേണ്ട സ്ഥാനത്ത് ആയിരങ്ങളുടെ ബില്ലാണ് കിട്ടിയിരിക്കുന്നത്. രണ്ടും കല്പിച്ച് വകുപ്പിലെ ഏറ്റവും ഉന്നതനായ അധികാരിക്കു (ചീഫ് എന്‍ജിനീയര്‍) തന്നെ പരാതി രേഖാമൂലം നല്‍കി. അദ്ദേഹത്തോടും ഫോണില്‍ വിവരം പറയുകയും ചെയ്തു. എല്ലാം ഉടന്‍ ശരിയാകുമെന്ന ചീഫ് എന്‍ജിനീയറുടെ മറുപടി ഉപഭോക്താവിന്റെ മനസ്സിനെ തെല്ലൊന്നുമല്ല കുളിര്‍പ്പിച്ചത്. രണ്ടു മാസം കഴിഞ്ഞപ്പോള്‍ ബില്ല് വീണ്ടും വന്നു. അപ്പോള്‍ ബില്‍ തുക 10,000-വും കടന്നിരുന്നു.
 
ഉപഭോക്താവ് വീണ്ടും ചീഫ് എന്‍ജിനീയറെ ബന്ധപ്പെട്ടു. ചീഫ് എന്‍ജിനീയര്‍ ഭാഗ്യവാനാണെന്നു മനസ്സിലായി. കാരണം, അപ്പോള്‍ അദ്ദേഹം എറണാകുളത്തേക്കു സ്ഥലം മാറിപ്പോയിരുന്നു. എന്നാലും അദ്ദേഹം ഒരു സഹായം ചെയ്തു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറാണ് ഇതൊക്കെ ശരിയാക്കേണ്ടതെന്നും അദ്ദേഹത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഇതിനിടയില്‍ ബില്ല് വീണ്ടും ജ്യോമട്രിക് പ്രോഗഷനില്‍ ഉയര്‍ന്നുകൊണ്ടിരുന്നു. കുറ്റം പറയരുതല്ലോ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഉപഭോക്താവിനെ നേരിട്ടു കണ്ടു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥന്‍ (പല തലങ്ങളിലുമുള്ളവര്‍) പരിശോധനയ്ക്കായി ഫ്‌ലാറ്റിലെത്തി. കൊണ്ടുപിടിച്ച് പരിശോധന നടത്തിയെങ്കിലും, വെള്ളം എങ്ങനെയാണ് അധികമായി ഒഴുകിപ്പോകുന്നതെന്നു പിടികിട്ടിയില്ല. കൂട്ടത്തില്‍ ഒരാള്‍ക്ക് ഒരു ബുദ്ധിയുദിച്ചു. ചിലപ്പോള്‍ ഫ്‌ലാറ്റിന്റെ ഗ്രൗണ്ട് ഫ്‌ലോറില്‍ (അത് കാര്‍ പാര്‍ക്കിങ്ങ് ഏരിയാ ആണ്) ഭൂമിക്കടിയില്‍ ലീക്ക് വന്നതാകാമെന്ന് അദ്ദേഹത്തിന്റെ ആറാമിന്ദ്രിയം പറഞ്ഞതുപോലെ. എന്നാല്‍, ഇവിടം കുഴിച്ചു പരിശോധന നടത്തുന്നതില്‍ സാങ്കേതികവും നിയമപരവുമായ ഒരു പ്രശ്‌നമുണ്ട്. ഫ്‌ലാറ്റിന്റെ ഉടമസ്ഥര്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗമാണ്. അതു കുഴിക്കാന്‍ അവര്‍ക്കേ അവകാശമുള്ളൂ.

ഉപഭോക്താവ് പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറെ സമീപിച്ചു. നല്ല ശമരിയക്കാരനെ ഓര്‍മ്മിപ്പിക്കുന്ന മട്ടില്‍ അദ്ദേഹം ഉപഭോക്താവിന്റെ സഹായത്തിനെത്തി. ഫ്‌ലാറ്റിന്റെ തറ പൊളിച്ചു. ലീക്ക് കണ്ടെത്തി. മാസങ്ങള്‍കൊണ്ട് പതിനായിരക്കണക്കിന് ലിറ്റര്‍ കുടിവെള്ളമാണ് പാഴായിപ്പോയത്. (ജലം അമൂല്യമാണെന്ന ആപ്തവാക്യം കണ്ടുപിടിച്ച മഹാന് സ്തുതി!) ഒടുവില്‍ ലീക്ക് മാറ്റി. പ്രത്യേക പൈപ്പ് ലൈന്‍ സ്ഥാപിച്ചു. തൊട്ടടുത്ത മാസം മുതല്‍ വാട്ടര്‍ബില്ല് ശരാശരി 180-200 രൂപ എന്ന നിരക്കില്‍ വരാന്‍ തുടങ്ങി. എന്നാല്‍ രണ്ടു വര്‍ഷത്തോളം വാട്ടര്‍ അതോറിറ്റിയുമായുള്ള തായംകളി തുടര്‍ന്നപ്പോള്‍ ഉപഭോക്താവിന്റെ ബില്ല് 53,000 രൂപ കഴിഞ്ഞ് മേല്‍പ്പോട്ട് വീണ്ടും കയറിക്കൊണ്ടിരിക്കുകയായിരുന്നു. 

തന്റേതല്ലാത്ത കുറ്റംകൊണ്ട് പാഴായിപ്പോയ വെള്ളത്തിന്റെ അധിക തുക നല്‍കാനാവില്ലെന്നും ഉപഭോക്താവ്. അതുകൊണ്ട് അനാവശ്യമായുണ്ടായ അധികതുക ഒഴിവാക്കിത്തരണമെന്ന് കാണിച്ച് ഉപഭോക്താവ് വീണ്ടും വാട്ടര്‍ അതോറിറ്റി അധികൃതര്‍ക്ക് അപേക്ഷ നല്‍കി. സാധാരണ സംഭവിക്കാറുള്ളതുപോലെ ഈ അപേക്ഷ വാട്ടര്‍ അതോറിറ്റി ഓഫീസിലെ ഏതോ ഫയലില്‍ സുഖസുഷുപ്തിയിലായി. 

എന്നാല്‍, ഉപഭോക്താവ് വിടാന്‍ തയ്യാറായില്ല. അയാള്‍ വീണ്ടും ചീഫ് എന്‍ജിനീയറെ വിളിച്ചു. അപ്പോള്‍ പഴയ ചീഫ് എന്‍ജിനീയര്‍ ടെക്നിക്കല്‍ മെമ്പര്‍ പദവി അലങ്കരിക്കുകയാണെന്നു മനസ്സിലായി. എന്നാലും അദ്ദേഹം അനുതാപപൂര്‍വ്വം ഉപഭോക്താവിന്റെ പരാതി കേട്ടു. ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ വാട്ടര്‍ അതോറിറ്റി എ.ഇയുടെ ഓഫീസില്‍നിന്ന് ഉപഭോക്താവിന് ഒരു കത്തു ലഭിച്ചു. ലീക്കിന്റെ പേരിലുള്ള കുടിശ്ശിക തുകയുടെ 50 ശതമാനം വരെ മാത്രമേ ഒഴിവാക്കി നല്‍കാനാവൂ എന്നും ബാക്കി പകുതി തുക (27,000 ത്തോളം രൂപ) അടക്കണമെന്നുമായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയ്ക്കും കുറ്റകരമായ അനാസ്ഥയ്ക്കും താനെന്തിനു പണം നല്‍കണമെന്ന സാമാന്യ ചിന്തയിലായി ഉപഭോക്താവ്. 

മന്ത്രി പറഞ്ഞിട്ടും അനങ്ങാത്ത ഫയല്‍

രണ്ടും കല്പിച്ച് അയാള്‍ സുഹൃത്തായ എം.എല്‍.എയുടെ സഹായത്തോടെ ജലവിഭവമന്ത്രി റോഷി അഗസ്റ്റിനെ കണ്ടു പരാതിപ്പെട്ടു. കാര്യങ്ങള്‍ കൃത്യമായി ബോധ്യപ്പെട്ട മന്ത്രി, പരാതിക്കത്തില്‍ത്തന്നെ വാട്ടര്‍ അതോറിറ്റി എം.ഡിക്ക് നിര്‍ദ്ദേശം നല്‍കി. അധിക ചാര്‍ജ് വന്ന നാള്‍ തൊട്ട് ലീക്കേജ് ശരിയാക്കുന്നതുവരെയുള്ള കുടിശികത്തുക ഒഴിവാക്കി, നേരത്തെ അടച്ചിരുന്ന ബില്ലിലെ ശരാശരി തുക കണക്കാക്കി മാത്രം കുടിശിക ഈടാക്കണമെന്നായിരുന്നു മന്ത്രി നിര്‍ദ്ദേശിച്ചത്. നിയമസഭയിലെ മന്ത്രിയുടെ ഓഫീസില്‍ വന്ന് ഉപഭോക്താവിന്റെ സാന്നിധ്യത്തില്‍ത്തന്നെയാണ് മന്ത്രി ഈ കുറിപ്പെഴുതിയത്. അത് ഉടന്‍ എം.ഡിയുടെ ഓഫീസിലേക്ക് എത്തിക്കുമെന്നും മന്ത്രി ഉപഭോക്താവിനോടു പറഞ്ഞു. 

കാര്യങ്ങളൊക്കെ ശരിയായല്ലോ എന്ന ആഹ്ലാദഭാവത്തോടെ ഉപഭോക്താവ് തിരിച്ചുപോരികയും മറ്റു  ജോലികളില്‍ വ്യാപൃതനാവുകയും ചെയ്തു. പിന്നെയും മാസം രണ്ടു പിന്നിട്ടിട്ടും ഇതിന്മേല്‍ തീര്‍പ്പുകല്പിച്ചതായി ഒരു വിവരവും ഉപഭോക്താവിനു കിട്ടിയില്ല. ഉപഭോക്താവ് വീണ്ടും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറെ സമീപിച്ചു. അതെല്ലാം ഇനി എ.ഇയുടെ ഓഫീസില്‍നിന്നാണ് ചെയ്യേണ്ടതെന്ന് അദ്ദേഹം ഏറെ സൗമ്യമായി പറഞ്ഞു. ഉപഭോക്താവ് എ.ഇയെ ഫോണില്‍ വിളിച്ചു. ''അങ്ങനെയൊരു ഫയല്‍ ഇവിടെയൊന്നും വന്നിട്ടില്ല'' എന്നായിരുന്നു അദ്ദേഹത്തിന്റെ സൗമ്യഭാവത്തിലുള്ള മറുപടി.

ഉപഭോക്താവ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി ബന്ധപ്പെട്ട്, പരാതി സംബന്ധിച്ച കാര്യം പറഞ്ഞു. ഓഫീസില്‍ അന്വേഷണം നടത്തിയതിനുശേഷം പ്രൈവറ്റ് സെക്രട്ടറി അറിയിച്ചു: ''പരാതി നല്‍കിയ ദിവസം തന്നെ (06.08.2021) മന്ത്രിയുടെ ഓഫീസില്‍നിന്ന് ഫയല്‍ വാട്ടര്‍ അതോറിറ്റി എം.ഡിക്ക് അയച്ചിട്ടുണ്ട്. ഫയല്‍ നമ്പറും അദ്ദേഹം നല്‍കി. 

ഇതനുസരിച്ച് വീണ്ടും ഉപഭോക്താവ് എ.ഇയെ വിളിച്ചു. അന്വേഷിച്ചിട്ട് പറയാം എന്നായി എ.ഇ. ഏതായാലും അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എ.ഇ തിരിച്ചുവിളിച്ചിട്ടു പറഞ്ഞു: ''അത് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസിലാണുള്ളത്. എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ സ്ഥിതി താങ്കള്‍ കഴിഞ്ഞ ദിവസം പത്രത്തില്‍നിന്ന് അറിഞ്ഞുകാണുമല്ലോ'' എന്ന കമന്റും എ.ഇ നടത്തി. (അതിനു രണ്ടു ദിവസം മുന്‍പാണ് വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കൈക്കൂലിക്കേസില്‍ കയ്യോടെ വിജിലന്‍സിന്റെ പിടിയിലായത്). അതുകൊണ്ട് കുറച്ചു ദിവസം കൂടി കാത്തിരിക്കാമെന്ന ചിന്തയിലായി ഉപഭോക്താവ്. രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും എ.ഇയെ ബന്ധപ്പെട്ടു. ഫയല്‍ പല മേശകളിലൂടെ കറങ്ങിത്തിരിഞ്ഞ് കണക്കെടുത്തുകൊണ്ടിരിക്കുകയാണെന്നും ഉടന്‍ ശരിയാകുമെന്നും എ.ഇ പറഞ്ഞു. സിനിമയില്‍ ''ഇപ്പ ശര്യാക്കിത്തരാം'' എന്നു പറയുകയും ഒരിക്കലും ശരിയാക്കാതിരിക്കുകയും ചെയ്ത കുതിരവട്ടം പപ്പുവിന്റെ കഥാപാത്രത്തെ വെറുതെ മനസ്സില്‍ ഓര്‍ത്തുപോയി ഉപഭോക്താവ്. എ.ഇ ഇതു പറഞ്ഞിട്ട് ഒന്നരമാസമായി. മന്ത്രിയുടെ ഓഫീസില്‍നിന്ന് നല്‍കിയ നോട്ടനുസരിച്ച് നടപടിയെടുക്കാന്‍ മൂന്നു മാസം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ലെങ്കില്‍ പിന്നെ ആരോട് എന്ത് പറയാനാണ്? മന്ത്രിയുടെ നിര്‍ദ്ദേശം ഉണ്ടായിട്ടും ഉപഭോക്താവ് അല്പസ്വല്പം പിടിയുള്ള ആളായിട്ടും സര്‍ക്കാര്‍ ഓഫീസില്‍ ഫയല്‍ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നതിന്റെ അനുഭവകഥയാണിത്. ഇങ്ങനെയാണെങ്കില്‍ സാധാരണ മനുഷ്യരുടെ അപേക്ഷയുടെ കാര്യത്തില്‍ ഈ 'ഗവണ്‍മെന്റ് സര്‍വെന്റ്‌സ്' എങ്ങനെയായിരിക്കും പ്രതികരിക്കുക?

എക്സ്പ്രസ് ഇല്ലസ്ട്രേഷൻ
എക്സ്പ്രസ് ഇല്ലസ്ട്രേഷൻ

'ആളില്ലാ കസേരകളും' ചെമ്മനം ചാക്കോയും

രണ്ടു പതിറ്റാണ്ടു മുന്‍പാണ് ചെമ്മനം ചാക്കോ 'ആളില്ലാ കസേരകള്‍' എന്ന പേരില്‍ ഒരു കവിത പ്രസിദ്ധീകരിച്ചത്. പെന്‍ഷന്‍ ആനുകൂല്യം ലഭിക്കുന്നതിനുവേണ്ടി അക്കൗണ്ടന്റ് ജനറല്‍ (ഏജീസ് ഓഫീസ്) ഓഫീസ് കയറിയിറങ്ങി ചെരിപ്പു തേഞ്ഞ അവസ്ഥയിലെത്തിയപ്പോഴാണ് ചെമ്മനം ഈ കവിതയെഴുതിയത്. പെന്‍ഷന്‍ പേപ്പറുകള്‍ ശരിയായോ എന്ന് അന്വേഷിക്കാന്‍ ഏജീസ് ഓഫീസില്‍ ചെല്ലുമ്പോഴൊക്കെ ആളൊഴിഞ്ഞ കസേരകള്‍ മാത്രം കാണേണ്ടിവന്ന വിഷമം സഹിക്കവയ്യാതെയായിരുന്നു ചെമ്മനത്തിന്റെ ആക്ഷേപഹാസ്യ ശൈലിയിലുള്ള കവിത അച്ചടിച്ചു വന്നത്. കവിത അക്കൗണ്ടന്റ് ജനറലിന്റെ ശ്രദ്ധയില്‍പ്പെട്ടു. അക്കൗണ്ടന്റ് ജനറല്‍ കവനകുതുകിയോ കാവ്യാസ്വാദകനോ ആയിരുന്നുവോ എന്നു നിശ്ചയമില്ല. ഏതായാലും കവിത വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ചെമ്മനത്തിന്റെ പെന്‍ഷന്‍ കയ്യില്‍കിട്ടി. എന്നു പറഞ്ഞാല്‍, ഇത് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ യഥാസമയം മനസ്സുവച്ചിരുന്നുവെങ്കില്‍, ചെമ്മനത്തിനു പണ്ടേ തന്നെ പാസ്സാക്കി നല്‍കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇത്തരത്തില്‍ പെന്‍ഷന്‍ ആനുകൂല്യം തേടിപ്പോകുന്നവര്‍ക്ക് എല്ലാവര്‍ക്കും ചെമ്മനത്തെപ്പോലെ കവിത രചിക്കാന്‍ കഴിയില്ലല്ലോ. ഇനിയും പുതിയ ചെമ്മനം ചാക്കോമാര്‍ ഉണ്ടാകണമോ.

പെന്‍ഷന്‍ വാങ്ങാന്‍ ശ്രമിക്കുന്നവരുടെ കാര്യമെടുത്താല്‍ ഇപ്പോഴും ഏറെപ്പേരും ചെമ്മനത്തിന്റെ ദുരവസ്ഥയിലൂടെ കടന്നുപോകുന്നവരാണ്. പെന്‍ഷനാകുന്നതിനും മാസങ്ങള്‍ക്കു മുന്‍പേ ഇതിനാവശ്യമായ പേപ്പറുകളൊക്കെ നല്‍കിയാലും പെന്‍ഷനായി ആറുമാസം കഴിഞ്ഞാല്‍പ്പോലും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഭൂരിപക്ഷം പേര്‍ക്കും കിട്ടാറില്ല. വിവിധ വകുപ്പുകളിലെ മേശകളില്‍നിന്നു മേശകളിലേക്കും പിന്നീട് ഏജീസ് ഓഫീസിലെ വിവിധ സെക്ഷനുകളിലേക്കും പെന്‍ഷന്‍ പേപ്പറുകള്‍ സഞ്ചാരം പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ (ചിലപ്പോള്‍ വര്‍ഷങ്ങളും) വേണ്ടിവരും. ഇതിനിടയില്‍ 'ക്വറി' എന്ന ഒരത്ഭുതജീവിയുണ്ട്. അത് ഫയലില്‍ എവിടെയെങ്കിലും കയറിപ്പറ്റിയാല്‍പ്പിന്നെ പറയേണ്ട കാര്യവുമില്ല. അത്രയും നാള്‍ ഫയല്‍ സഞ്ചരിച്ചതിന് സുല്ലിടും. വീണ്ടും ഒന്നു മുതല്‍ തുടങ്ങണം. ഇതേപ്പറ്റി ഒന്നന്വേഷിക്കാമെന്നുവച്ചാലോ. ഏജീസ് ഓഫീസ് രാവണന്‍കോട്ട പോലെയാണ്. അങ്ങോട്ടു കടക്കുക നന്നേ പ്രയാസം തന്നെ. ഫോണില്‍ വിളിക്കാമെന്നുവച്ചാലോ. റെക്കോഡ് ചെയ്തുവച്ച ഒരു സംഭാഷണശകലം കേള്‍ക്കും. ''സെക്ഷന്റെ എക്സ്റ്റന്‍ഷന്‍ നമ്പര്‍ ഡയല്‍ ചെയ്യുക. ഇല്ലെങ്കില്‍ ഓപ്പറേറ്റര്‍ നിങ്ങളുടെ സഹായത്തിനെത്തും. അതുവരെ കാത്തുനില്‍ക്കുക.'' സെക്ഷനുകളുടെ നൂലാമാലകളൊന്നും പാവപ്പെട്ട പെന്‍ഷണര്‍ക്ക് അറിയില്ലല്ലോ. സുമനസ്സുള്ള ഒരാള്‍ തന്നെ സഹായിക്കാനെത്തുമെന്ന പ്രതീക്ഷയില്‍ ഫോണിന്റെ റിസീവറും പിടിച്ച് അയാള്‍ കാത്തിരിക്കും; ഒരിക്കലും വരാത്ത ഗോദോയെ കാത്തിരിക്കുന്ന വ്‌ലാഡിമറിനേയും എസ്ട്രഗണിനേയും പോലെ. 

ഈ കുറിപ്പു തയ്യാറാക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം രണ്ടു വാര്‍ത്തകള്‍ മലയാളികള്‍ അറിഞ്ഞത്. കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് ലംഘിച്ച ട്രഷറി ഡയറക്ടര്‍, അക്കൗണ്ടന്റ് ജനറല്‍ (എ.ജി) എന്നിവര്‍ക്കെതിരെ ട്രിബ്യൂണല്‍ കോടതിയലക്ഷ്യ നോട്ടീസ് അയച്ചതാണ് ഒരു വാര്‍ത്ത. അസിസ്റ്റന്റ് ട്രഷറി ഓഫീസറായി 2016-ല്‍ സര്‍വ്വീസില്‍നിന്നു വിരമിച്ച കാട്ടാക്കട സ്വദേശി സ്വര്‍ണ്ണപ്പന് ജൂനിയര്‍ സൂപ്രണ്ട് തസ്തികയിലുള്ള പെന്‍ഷനാണ് അനുവദിച്ചത്. ഇതിനെതിരെ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച സ്വര്‍ണ്ണപ്പന് അനുകൂലമായി വിധിയുണ്ടായി. 2016 ജൂണ്‍ മുതല്‍ ഉയര്‍ന്ന തസ്തികയിലെ പെന്‍ഷന്‍ അനുവദിച്ച് ആനുകൂല്യങ്ങള്‍ നല്‍കണം എന്നതായിരുന്നു ട്രിബ്യൂണലിന്റെ ഉത്തരവ്. എന്നാല്‍, ഉത്തരവ് ഇതേവരെ നടപ്പാക്കിയില്ല. ഈ സാഹചര്യത്തിലാണ് കോടതിയലക്ഷ്യ നടപടിയെടുക്കാതിരിക്കാന്‍ കാരണങ്ങളുണ്ടെങ്കില്‍ നവംബര്‍ ഒന്‍പതിനു മുന്‍പ് വിശദീകരണം നല്‍കണമെന്ന് നിര്‍ദ്ദേശിച്ച് ട്രിബ്യൂണല്‍ ട്രഷറി ഡയറക്ടര്‍ക്കും എ.ജിക്കും നോട്ടീസ് അയച്ചിരിക്കുന്നത്. കോടതി ഉത്തരവ് എ.ജി അവഗണിച്ചതിന്റെ പേരില്‍ ട്രിബ്യൂണല്‍ അക്കൗണ്ടന്റ് ജനറലിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിട്ടുമുണ്ട്. 

ആരോഗ്യവകുപ്പില്‍നിന്നും വിരമിച്ച ഉയര്‍ന്ന ഉദ്യോഗസ്ഥന് യഥാസമയം പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കാതിരുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്ന് 2.41 ലക്ഷം രൂപ പിഴപ്പലിശ ഈടാക്കാന്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവ് നല്‍കി എന്നതാണ് അടുത്ത വാര്‍ത്തയ്ക്ക് ആധാരമായ സംഗതി. ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ. എസ്. ജയശങ്കര്‍ 2016 ആഗസ്റ്റില്‍ സര്‍വ്വീസില്‍നിന്നു വിരമിച്ചെങ്കിലും മൂന്നു വര്‍ഷം കഴിഞ്ഞാണ് ഗ്രാറ്റുവിറ്റി ലഭിച്ചത്. ആനുകൂല്യം വൈകിയതിന് പിഴപ്പലിശ ആവശ്യപ്പെട്ട് ഡോ. ജയശങ്കര്‍ നല്‍കിയ പരാതിയിലാണ്, രണ്ടാഴ്ചയ്ക്കകം ഇതു പരിഹരിക്കാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇത് പെന്‍ഷന്‍ ആനുകൂല്യം നല്‍കുന്നതില്‍ വീഴ്ചയും കാലതാമസവും വരുത്തിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കണമെന്നാണ് (2,40,992 രൂപ) ആരോഗ്യവകുപ്പു സെക്രട്ടറി ഉത്തരവിട്ടിരിക്കുന്നത്. 

ഇനി ആരാണ് പിഴപ്പലിശ നല്‍കേണ്ടത്?

ഗ്രാറ്റുവിറ്റി അടക്കമുള്ള പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ യഥാസമയം നല്‍കാതെ ഫയലുകള്‍ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കുകയും സാങ്കേതികത്വത്തിന്റെ വള്ളിയും പുള്ളിയും തേടി നാളുകള്‍ പോകുകയും ചെയ്യുന്ന എത്രപേര്‍ വിവിധ ഓഫീസുകളില്‍ ഇങ്ങനെ പലിശയും പിഴപ്പലിശയും നല്‍കേണ്ടിവരും എന്ന ചോദ്യമാണ് പല പെന്‍ഷന്‍കാരും ഉന്നയിക്കുന്നത്. ഇതെഴുതുന്നയാളിന്റെ അനുഭവത്തില്‍ ബോധ്യപ്പെട്ട ഒരു സംഭവം പറയാം. 

കൃഷിവകുപ്പിനു കീഴിലുള്ള കവടിയാറിലെ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (എഫ്.ഐ.ബിയില്‍നിന്ന് 2021 ഏപ്രില്‍ 30-ന് വിരമിച്ച ഡോ. വി. ശ്രീദേവി എന്ന ഉദ്യോഗസ്ഥയുടേതാണ് പെടാപ്പാട്. മൃഗസംരക്ഷണവകുപ്പാണ് അവരുടെ മാതൃവകുപ്പ്. പെന്‍ഷനാകുന്നതിന് ആറേഴുമാസം മുന്‍പുതന്നെ പേപ്പറുകള്‍ എല്ലാം അയച്ചു. എഫ്.ഐ.ബിയില്‍നിന്ന് മൃഗസംരക്ഷണവകുപ്പിലേക്കും അവിടെനിന്ന് ഏജീസ് ഓഫീസിലേക്കും അങ്ങോട്ടുമിങ്ങോട്ടുമൊക്കെ കടലാസുകള്‍ സഞ്ചരിച്ചു. കുറ്റം പറയരുതല്ലോ എഫ്.ഐ.ബിയില്‍ ഇതിനു ചുമതലപ്പെട്ടയാള്‍ വലിയ പുള്ളിയാണ്. അദ്ദേഹം ഓഫീസില്‍ വരുന്നത് വളരെ വൈകിയായതുകൊണ്ട് തിരിച്ചുപോക്ക് നേരത്തെ ആക്കുന്നതില്‍ വലിയ ശാഠ്യമുള്ളയാളാണ്. അദ്ദേഹത്തിന് തോന്നിയാല്‍ എന്തെങ്കിലുമൊക്കെ ചെയ്യും. അങ്ങോട്ട് ആരും ഒന്നും ചോദിച്ചുപോകരുത്. ചോദിച്ചാല്‍ ആള്‍ക്ക് ക്ഷിപ്രകോപം വരും. ക്ഷിപ്രകോപി പ്രസാദിക്കാന്‍ മാസങ്ങളെടുത്തു. പേപ്പറുകള്‍ അവിടെനിന്നു സഞ്ചരിച്ചു തുടങ്ങി. മൃഗസംരക്ഷണവകുപ്പിലെത്തിയ പേപ്പറുകള്‍, അവിടെ ഒത്തിരി മേശകളും കസേരകളും ഉള്ളതുകൊണ്ട് അവിടെയും സഞ്ചാരം തുടങ്ങി. ഫയല്‍ നീക്കത്തെപ്പറ്റി അറിയാന്‍ മൃഗസംരക്ഷണവകുപ്പ് ഡയറക്ടറേറ്റിലേക്ക് വിളിക്കുന്നത് 'ശിക്ഷാര്‍ഹമായ കുറ്റം' ആണെന്ന നിലപാടിലാണ് അവിടത്തെ ഉദ്യോഗസ്ഥരില്‍ ഭൂരിപക്ഷവും. അബദ്ധത്തിന് ആരെങ്കിലും ഫോണെടുത്താല്‍, 'സി' സെക്ഷന്‍, 'കെ' സെക്ഷന്‍, 'എല്‍' സെക്ഷന്‍ എന്നൊക്കെ പറഞ്ഞ് വട്ടം കറക്കും. പക്ഷേ, ഡയറക്ടറോട് നേരിട്ട് ചോദിച്ചാല്‍ അദ്ദേഹം കൃത്യമായ മറുപടി നല്‍കുമെന്ന ആശ്വാസമുണ്ട്. പക്ഷേ, ഫയലുകള്‍ക്ക് ഓരോ സെക്ഷനിലേക്കും യാത്രയ്ക്ക് ടിക്കറ്റ് നല്‍കുന്നത് ഡയറക്ടറല്ലല്ലോ. 

സര്‍വ്വീസില്‍നിന്നു വിരമിക്കുന്നവര്‍ക്ക് തൊട്ടടുത്ത മാസം മുതല്‍ ജീവിക്കണമെങ്കില്‍ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കണം. സര്‍ക്കാര്‍ വിരമിക്കുന്നവര്‍ക്കു നല്‍കുന്ന പാരിതോഷികമാണല്ലോ ഗ്രാറ്റുവിറ്റി. നല്‍കേണ്ട സമയത്ത് നല്‍കാതെ, വല്ലപ്പോഴും പാരിതോഷികം കിട്ടിയിട്ട് കാര്യമില്ലല്ലോ. ഡിപ്പാര്‍ട്ടുമെന്റില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ച് ജീവിതത്തിന്റെ തുറസ്സുകളിലേക്ക് പോകേണ്ടിവരുന്നവരോട് അതേ ഡിപ്പാര്‍ട്ടുമെന്റില്‍ത്തന്നെയുള്ളവര്‍ ഇങ്ങനെയാണ് പെരുമാറുന്നതെങ്കില്‍, ഇവര്‍ മറ്റു സാധാരണ ജനങ്ങളോട് എങ്ങനെയായിരിക്കും പെരുമാറുക എന്നാണ് പലരും ചോദിക്കുന്നത്. 

പുഞ്ചിരിക്കാന്‍ പോലും മറക്കുന്നവര്‍

ഇതെഴുതുന്നയാള്‍ കുറച്ചുനാള്‍ മുന്‍പ് തിരുവനന്തപുരം നഗരത്തിന്റെ പ്രാന്തത്തിലുള്ള ഒരു വില്ലേജ് ഓഫീസില്‍, വീടു നിര്‍മ്മിക്കുന്നതിനുള്ള അനുമതിക്കായി കോര്‍പ്പറേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കേണ്ട ഭൂമി സംബന്ധിച്ച രേഖ (ബേസിക് ടാക്സ് രജിസ്റ്റര്‍ അഥവാ BTR) വാങ്ങുന്നതിന് വില്ലേജ് ഓഫീസിലെത്തി. സ്ഥലം നിലമാണോ ലാന്‍ഡ് ബാങ്കില്‍ ഉള്‍പ്പെട്ടതാണോ അതോ പുരയിടമാണോ എന്നൊക്കെ മനസ്സിലാക്കാന്‍ കഴിയുന്ന രേഖയാണ് ബി.ടി.ആര്‍ എന്നറിയപ്പെടുന്ന അടിസ്ഥാന നികുതി രജിസ്റ്റര്‍. വില്ലേജ് ഓഫീസിലെ ക്ലര്‍ക്കിനോട് ആവശ്യമുന്നയിച്ചപ്പോള്‍ അദ്ദേഹം ഏതോ ഫയലില്‍ തല പൂഴ്ത്തിയിരിക്കുകയായിരുന്നു. മുഖത്തേയ്ക്കു പോലും നോക്കാതെ, അടുത്തുള്ള കടയില്‍പ്പോയി അഞ്ചു രൂപ കൊടുത്ത് ഒരു ഫോം വാങ്ങി പൂരിപ്പിച്ചുകൊണ്ടുവരാന്‍ ആജ്ഞാപിച്ചു. അതനുസരിച്ച് ഫോം വാങ്ങി പൂരിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ വില്ലേജ് ഓഫീസര്‍ എവിടെയോ സൈറ്റ് ഇന്‍സ്പെക്ഷനു ശേഷം ഓഫീസില്‍ തിരിച്ചെത്തി. ഫോം പൂരിപ്പിക്കുന്നയാള്‍ ഒരു പ്രധാന അധികാര സ്ഥാനത്തുള്ള ആളാണെന്നു മനസ്സിലാക്കിയ വില്ലേജ് ഓഫീസര്‍ ഓടിച്ചെന്ന്, നേരത്തെ ഫയലില്‍ മുഖംപൂഴ്ത്തിയിരുന്ന ഉദ്യോഗസ്ഥനോട് കാര്യങ്ങള്‍ ധരിപ്പിച്ചു. പിന്നെയെല്ലാം യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ബി.ടി.ആര്‍ റെഡി. എന്നിട്ട് ആദ്യം കണ്ട ഉദ്യോഗസ്ഥന്റെ പരിദേവന രൂപത്തിലുള്ള കമന്റ്. ''സാര്‍ ആരാണെന്ന് നേരത്തെ പറഞ്ഞാല്‍ പോരായിരുന്നില്ലേ?'' വില്ലേജ് ഓഫീസുകളിലൊക്കെ നിത്യവും വരുന്നവര്‍ തീരെ സാധാരണക്കാരും പാവപ്പെട്ടവരും ആണെന്നും അവരോടൊക്കെ അല്പംകൂടി സ്‌നേഹസൗമനസ്യങ്ങളോടെ പെരുമാറുന്നതും അപരാധമായി കാണേണ്ടതില്ലെന്നും ഇതെഴുതുന്നയാള്‍ അവരോടു പറഞ്ഞു. അക്കിത്തത്തിന്റെ 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' വായിക്കുന്നതും നന്നായിരിക്കുമെന്നു പറഞ്ഞു. ''ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ/ ഉദിക്കയാണെന്നാത്മാവില്‍ ആയിരം സൗരമണ്ഡലം/ ഒരു പുഞ്ചിരി മറ്റുള്ളവര്‍ക്കായ് ചെലവാക്കവേ/ ഹൃദയത്തിലാവുന്നു നിത്യനിര്‍മ്മല പൗര്‍ണമി.''

എക്സ്പ്രസ് ഇല്ലസ്ട്രേഷൻ
എക്സ്പ്രസ് ഇല്ലസ്ട്രേഷൻ

മരിച്ചയാള്‍ ജീവനോടെ വന്നാല്‍ വിവരം തരാം

വിവരാവകാശ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിനിടയിലുണ്ടായ ഒരു രസകരമായ അനുഭവമാണ് ഇനി പറയുന്നത്. കണ്ണൂര്‍ കളക്ട്രേറ്റായിരുന്നു ഹിയറിങ്ങ് വേദി. മധ്യവയസ്‌കനായ ഒരാളുടെ അപ്പീലാണ് പരിഗണിച്ചത്. ഇദ്ദേഹത്തിന്റെ അമ്മ സര്‍ക്കാര്‍ ഉദ്യോഗസ്ഥയായിരുന്നു. അവര്‍ മരിച്ചുപോയി. ഉദ്യോഗത്തിലിരുന്ന സമയത്ത് അവര്‍ കൂത്തുപറമ്പ് സബ്ബ് ട്രഷറിയില്‍ ഒരു ട്രഷറി സേവിങ്ങ്‌സ് ബാങ്ക് (ടി.എസ്.ബി) അക്കൗണ്ട് തുടങ്ങിയിരുന്നു. അക്കൗണ്ട് ആരംഭിക്കുന്ന സമയത്ത് നോമിനിയായി നിര്‍ദ്ദേശിച്ചിരുന്നത് ആരെന്ന് അറിയുന്നതിനുവേണ്ടി ഇദ്ദേഹം സബ്ട്രഷറിയില്‍ ഒരു വിവരാവകാശ അപേക്ഷ നല്‍കി. അപേക്ഷയുടെ തുടക്കത്തില്‍ത്തന്നെ അമ്മയുടെ പേരും അക്കൗണ്ട് നമ്പരും മരിച്ച തീയതിയുമൊക്കെ രേഖപ്പെടുത്തിയിരുന്നു. അപേക്ഷകന്‍ മരിച്ചവരുടെ മകനാണെന്നും. എന്നാല്‍ അവിടത്തെ വിവരാവകാശ ഓഫീസര്‍ നല്‍കിയ മറുപടി ''അക്കൗണ്ട് ഉടമ നേരിട്ടുവന്നാല്‍ മാത്രമേ വിവരം നല്‍കൂ'' എന്നായിരുന്നു. ''വെളിച്ചത്തിന് എന്തു വെളിച്ചം'' എന്ന് പണ്ട് വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞതുപോലെ, ആ ഉദ്യോഗസ്ഥന്റെ 'ബുദ്ധിക്ക് എന്തൊരു ബുദ്ധി' എന്നല്ലാതെ എന്തുപറയാനാണ്?

സര്‍വ്വകലാശാലകളുടെ ചീളുകേസുകള്‍

കേരള സര്‍വ്വകലാശാലയും കേരള കാര്‍ഷിക സര്‍വ്വകലാശാലയും ആഴത്തിലും പരപ്പിലുമുള്ള അക്കാദമിക കാര്യങ്ങളില്‍ മുഴുവന്‍ സമയവും മുഴുകിയിരിക്കുന്നതുകൊണ്ട് വിവരാവകാശ നിയമമോ അതിന്റെ അടിസ്ഥാനത്തിലുള്ള അപേക്ഷകളോ ഒന്നും ശ്രദ്ധിക്കാന്‍ കാര്യമായ സമയം കിട്ടാറില്ല. 'അരിയെത്ര എന്നു ചോദിച്ചാല്‍ പയറഞ്ഞാഴി' എന്ന ശൈലി തന്നെ മലയാളത്തില്‍ രൂപപ്പെടുത്തിയത് ഇക്കൂട്ടരാണോ എന്നുപോലും പലപ്പോഴും തോന്നിപ്പോകും. ചോദിക്കുന്ന ചോദ്യങ്ങള്‍ക്കല്ല പലപ്പോഴും മറുപടി നല്‍കുക. ആവശ്യപ്പെടുന്ന രേഖകളായിരിക്കുകയില്ല അപേക്ഷകര്‍ക്കു നല്‍കുന്നത്. പലപ്പോഴും ഇവര്‍ക്കു മറുപടിക്കു കൂട്ടാകുന്നത് ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലിയിലെ 'ലഭ്യമല്ല' എന്ന മനോഹരപദമാണ്. 

ഏതായാലും ഇതത്ര പന്തിയായ കാര്യമല്ലെന്ന് വിവരാവകാശ കമ്മിഷന്‍ തീരുമാനിച്ചു. രണ്ട് സര്‍വ്വകലാശാലകളുടേയും വൈസ് ചാന്‍സലര്‍മാര്‍ക്ക്, ഇവിടങ്ങളിലെ വിവരാവകാശ ഓഫീസര്‍മാര്‍ക്ക് വിവരാവകാശ നിയമത്തില്‍ അടിയന്തരമായി പരിശീലനം നല്‍കി കമ്മിഷനെ വിവരം അറിയിക്കണമെന്ന് ഉത്തരവ് നല്‍കുകയാണുണ്ടായത്. ഇവിടങ്ങളിലെ വിവരാവകാശ ഓഫീസര്‍മാര്‍ക്ക് 25,000 രൂപ വീതം പിഴ ശിക്ഷിച്ചതിനു പുറമേയാണ് ഇത് എന്ന കാര്യവും ഓര്‍ക്കേണ്ടതുണ്ട്. 

ഭക്ഷണത്തില്‍ മായം, വെറും മായ

വിപണിയില്‍ ലഭിക്കുന്ന ഭക്ഷ്യസാധനങ്ങളില്‍ മായം ചേര്‍ത്തിട്ടുണ്ടോ, അവയുടെ ഗുണനിലവാരം എങ്ങനെ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനു ചുമതലപ്പെട്ടവരാണ് ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റിലെ ഉദ്യോഗസ്ഥര്‍. അവര്‍ കാലാകാലങ്ങളില്‍ പരിശോധന നടത്തുകയും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തുകയും ചെയ്യുന്ന വ്യക്തികളേയും സ്ഥാപനങ്ങളെയും പിടികൂടുകയും അവര്‍ക്ക് പിഴശിക്ഷ നല്‍കുകയും ചെയ്യുന്നുണ്ട് എന്നതും ശരിയാണ്. എന്നാല്‍, ഇത്തരത്തില്‍ നിയമനടപടിക്കു വിധേയരാക്കപ്പെട്ട വ്യക്തികളേയോ സ്ഥാപനങ്ങളേയോ സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ചോദിച്ചാല്‍ അതിന് കൃത്യമായ മറുപടി കിട്ടുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല. ശിക്ഷിക്കപ്പെട്ട സ്ഥാപനങ്ങളുടെ എണ്ണം, ഈടാക്കിയ പിഴത്തുക എന്നിവയൊക്കെ ചോദിച്ചാല്‍ കിട്ടിയെന്നുവരും. പക്ഷേ, ബന്ധപ്പെട്ടവരുടെ പേരും വിലാസവുമൊന്നും നല്‍കില്ല. എന്താണെന്നു ചോദിച്ചാല്‍, അത് സംസ്ഥാനത്തെ വിവിധ മേഖലാ ഓഫീസുകളില്‍നിന്ന് സമാഹരിച്ച് ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ല എന്നാകും കാരണം പറയുക. ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റ് അതുമായി ബന്ധപ്പെട്ട ഓഫീസുകളുടെ അപ്പെക്സ് ബോഡിയാണ്. കേന്ദ്ര ഓഫീസില്‍ ഇതൊന്നും ശേഖരിക്കുന്നില്ലെങ്കില്‍പ്പിന്നെ അവിടത്തെ ജോലി എന്താണെന്ന് ആരും ചോദിച്ചുപോകരുത്!

എക്സ്പ്രസ് ഇല്ലസ്ട്രേഷൻ
എക്സ്പ്രസ് ഇല്ലസ്ട്രേഷൻ

മനോഭാവ മാറ്റത്തിലേക്ക് എത്ര ദൂരം

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജോലിയുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിശീലിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ സ്ഥാപനമാണ് തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐ.എം.ജി). ഇവിടെ തുടര്‍ച്ചയായ പരിശീലന പരിപാടി നടക്കുന്നുമുണ്ട്. 1981-ല്‍ സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായി ആരംഭിച്ച ഐ.എം.ജിയില്‍ ഉദ്യോഗസ്ഥര്‍ക്ക് മാനേജീരിയല്‍ വൈദഗ്ദ്ധ്യം, നേതൃപാടവം, തീരുമാനമെടുക്കുന്നതിനുള്ള കഴിവ് എന്നിവയിലും പരിശീലനം നല്‍കിവരുന്നുണ്ട്. മുന്‍ ചീഫ് സെക്രട്ടറിയും കവിയും ഗാനരചയിതാവുമായ കെ. ജയകുമാറാണ് നിലവില്‍ എ.എം.ജി ഡയറക്ടര്‍ ജനറല്‍. ഇതെഴുതുന്നയാള്‍ ഒരിക്കല്‍ അദ്ദേഹവുമായി സംസാരിക്കുകയുണ്ടായി. സ്ഥിരമായി പരിശീലനം നല്‍കുന്നുണ്ടെങ്കിലും, എന്തുകൊണ്ടാണ് ഉദ്യോഗസ്ഥര്‍ പലരും സാധാരണ ജനങ്ങളുടെ പരാതികളോടും പരിദേവനങ്ങളോടും അനുതാപപൂര്‍വ്വം പെരുമാറാത്തത് എന്നു ചോദിച്ചു. വിമര്‍ശനം അദ്ദേഹം ശരിവച്ചു. ഉദ്യോഗസ്ഥരില്‍ ഒരു attitudinal change (മനോഭാവപരമായ മാറ്റം) ഉണ്ടാകേണ്ടതുണ്ട് എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ''ഭരണനടപടികളിലെ ധാര്‍മ്മികതയും മൂല്യങ്ങളും ഭിന്നശേഷി സൗഹൃദ ഭരണനിര്‍വ്വഹണം, മനോഭാവമാറ്റം, അഴിമതി വിരുദ്ധത എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വിഷയങ്ങളാണ് ഇവിടെ കൈകാര്യം ചെയ്യുന്നത്. മനോഭാവമാറ്റത്തിന് പരിശീലനം നല്‍കാത്തതുകൊണ്ടല്ല കാര്യങ്ങള്‍ നേരാംവണ്ണം നടക്കാത്തത് എന്നര്‍ത്ഥം. 

'സര്‍' വിളിയാണോ മാറ്റേണ്ടത്

കുറച്ചുനാള്‍ മുന്‍പാണ് ചില പഞ്ചായത്ത് കമ്മിറ്റികള്‍ മേലില്‍ ഓഫീസില്‍ എത്തുന്നവര്‍ സര്‍ എന്ന് ഉദ്യോഗസ്ഥരെ വിളിക്കേണ്ടതില്ല എന്നു തീരുമാനിച്ചത്. അപേക്ഷകളില്‍ പൊതുജനങ്ങള്‍ 'വിനീത വിധേയര്‍' എന്നൊക്കെ എഴുതിപ്പിടിപ്പിക്കേണ്ടതില്ല എന്നും തീരുമാനിച്ചതായി വാര്‍ത്ത ഉണ്ടായിരുന്നു. കുറച്ചു ദിവസങ്ങളില്‍ ഇതേപ്പറ്റി ചില ചര്‍ച്ചകളൊക്കെ ഉണ്ടായെങ്കിലും, അത് കാര്യമായി നീണ്ടുനിന്നില്ല. അധികാരസ്ഥാനങ്ങളിലുള്ള അധികമാരും അതില്‍ കടിച്ചുതൂങ്ങി കിടന്നില്ല. അതുകൊണ്ടുതന്നെ സമാനമായ മറ്റു പല വിഷയങ്ങള്‍ക്കും സംഭവിച്ച ഗതി തന്നെയാണ് ഈ സര്‍ വിളി നിരോധനത്തിനും ഉണ്ടായത്. 

ഒരു പേരില്‍ എന്തിരിക്കുന്നു എന്നു പണ്ടു ചോദിച്ചത് ഷേക്സ്പിയറാണ്: ('What's in a name? That which we call a rose by any other name. World smell as sweet.') റോസാപുഷ്പത്തെ മറ്റെന്തു പേരില്‍ വിളിച്ചാലും അതിന്റെ സുഗന്ധത്തിന് മാറ്റമൊന്നും ഉണ്ടാവില്ലല്ലോ എന്നാണ് ഷേക്സ്പിയര്‍ 'റോമിയോ ആന്റ് ജൂലിയറ്റില്‍ പറയുന്നത്. തന്റെ കമിതാവായ റോമിയോയെ മറ്റെന്തെങ്കിലും പേരിലാണു വിളിക്കുന്നതെങ്കിലും റോമിയോ, റോമിയോ തന്നെയല്ലേ എന്നാണ് ജൂലിയറ്റ് ഈ വരികളിലൂടെ ചോദിക്കുന്നത്. അതുകൊണ്ട് സര്‍ വിളി വേണമോ വേണ്ടയോ എന്നതല്ല ഗൗരവതരമായ പ്രശ്‌നം. അതിനപ്പുറം ജനങ്ങളാണ് പ്രധാന പ്രശ്‌നമെന്നും അവരാണ് സ്‌നേഹബഹുമാനങ്ങളോടെ പരിഗണിക്കപ്പെടേണ്ടതെന്നുമുള്ള കാഴ്ചപ്പാട് ഉദ്യോഗസ്ഥരിലാകെ ഉണ്ടാകുന്നുണ്ടോ എന്നതാണ് ഗൗരവതരമായ പ്രശ്‌നം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com