സ്‌കോട്ടിഷ് ജീവിതയാത്രയുടെ രേഖകള്‍
By എ.വി. പവിത്രന്‍ | Published: 28th December 2021 02:43 PM |
Last Updated: 28th December 2021 02:43 PM | A+A A- |

ദേശവും ഭാഷയും അതിര്‍ത്തികളും അപ്രസക്തമാകുന്ന ലോകാന്തര ജീവിതസഞ്ചാരവും സഞ്ചാരജീവിതവും ഒത്തുചേരുന്ന കൃതിയാണ് കഥാകൃത്തും നോവലിസ്റ്റും ചലച്ചിത്രകാരനുമായ സി.വി. ബാലകൃഷ്ണന്റെ 'സ്‌കോട്ടിഷ് ദിനരാത്രങ്ങള്‍'. അപരിചിത മേഖലകളിലെ തീര്‍ത്ഥാടനത്തില്‍ ഭ്രമിക്കുവാനോ ഭൂപ്രകൃതിയുടെ പ്രത്യക്ഷസൗന്ദര്യത്തില്‍ അഭിരമിക്കുവാനോ വിനോദസഞ്ചാരികള്‍ക്കു മാത്രം നിര്‍മ്മിച്ചുവെച്ച അത്ഭുതങ്ങളില്‍ രസിക്കുവാനോ അല്ല, ജീവിതയാത്രയുടെ രേഖകള്‍ തന്നെയാണിത്. ചരിത്രം, രാഷ്ട്രീയം, സാഹിത്യം, സംസ്‌കാരം എന്നിവയിലൂന്നിയുള്ള ഒരു പഠനയാത്രയും. വലിയ ഗൃഹപാഠങ്ങള്‍ക്കുശേഷമുള്ള 'തന്നത്താന്‍ നഷ്ടപ്പെട്ടും പിന്നെത്താന്‍ കണ്ടെത്തിയുമുള്ള' യാത്രയുടെ കഥനങ്ങളെന്ന നിലയില്‍ ഈ കൃതി ചര്‍ച്ചകള്‍ക്ക് ഇടം നല്‍കുന്നു.
പൂര്‍വ്വമാതൃകകളില്ലാത്ത സാഹിത്യയാത്രാഖ്യാനമാണ് 'സ്‌കോട്ടിഷ് ദിനരാത്രങ്ങള്‍'. 1785-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട പാറേമ്മാക്കല്‍ തോമാകത്തനാരുടെ 'വര്‍ത്തമാനപ്പുസ്തകം' തൊട്ട് ആരംഭിക്കുന്ന മലയാളത്തിലെ സഞ്ചാരസാഹിത്യം എന്നും യാത്രാവിവരണം എന്നും വിളിക്കുന്ന സാഹിത്യസംവര്‍ഗം പലപ്പോഴും 'റിപ്പോര്‍ട്ടിങ്ങ്' എന്ന ആവിഷ്‌കാര തലത്തിലാണ് നിലകൊണ്ടിട്ടുള്ളത്. കാഴ്ചകളും അനുഭവമെഴുത്തും യാന്ത്രികമാവുമ്പോള്‍ വിരസമാവുക സ്വാഭാവികമാണ്. യാത്രയുടെ തയ്യാറെടുപ്പുതൊട്ട്, യാത്രാപഥങ്ങളുടെ സാമ്പത്തിക ബാധ്യതതൊട്ട്, ഗതാഗത സൗകര്യങ്ങള്‍ മുതല്‍ കണ്ണില്‍ക്കണ്ടതെല്ലാം വാരിവലിച്ചെഴുതുന്ന പ്രകൃതത്തില്‍നിന്നും ഞാന്‍ ഞാന്‍ എന്ന് ആവര്‍ത്തിക്കുന്നതില്‍നിന്നും മാറി, ഒരേസമയം വസ്തുതാകഥനവും സര്‍ഗാത്മകലാലാവണ്യത്തെ രൂപപ്പെടുത്തുകയും വേണം. യഥാര്‍ത്ഥ സഞ്ചാരത്തിന്റെ അനുഭവപാഠങ്ങള്‍, ചരിത്രത്തിന്റേയും ജനസംസ്‌കാരത്തിന്റേയും പാഠങ്ങളുമായി ലയിച്ചുചേര്‍ന്ന് ഭാവനാത്മകമായൊരു ആഖ്യാനത്തിലൂടെ കലാസൗന്ദര്യം സൃഷ്ടിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ സാഹിത്യമായത് പൂര്‍ണ്ണത പ്രാപിക്കുകയുള്ളൂ. യാത്രയുടെ യഥാര്‍ത്ഥ പ്രതിനിധാനം എന്നത് ദൃക്സാക്ഷിവിവരണമായി കാണുന്നതില്‍ യുക്തിയും ലാവണ്യവുമൊട്ടുമില്ല. ചിരപരിചിതത്വത്തിലൂന്നിയും കൂട്ടിച്ചേര്‍ക്കലുകള്‍ക്കിടനല്‍കിയും ആകര്‍ഷണീയത വരുത്തേണ്ടതുണ്ട്. വീണ്ടെടുപ്പുകളും രേഖപ്പെടുത്തലുകളും ദേശസംസ്‌കാരപഠനത്തിന്റെ വലിയ നേട്ടങ്ങളാണ്. സാമൂഹ്യസമ്പര്‍ക്ക മാധ്യമങ്ങളുടെ ധാരാളിത്തത്തില്‍ വളരെയേറെ ജാഗ്രത പുലര്‍ത്തേണ്ട സാഹിത്യവ്യവഹാരം തന്നെയാണ് യാത്രാഖ്യാനം. എസ്.കെയുടേയും രവീന്ദ്രന്റേയും രാജന്‍ കാക്കനാടന്റേയും യാത്രയെഴുത്തുകള്‍ അവിസ്മരണീയങ്ങളാണെന്നതില്‍ സന്ദേഹങ്ങളൊന്നുമില്ലെങ്കിലും 'സ്‌കോട്ടിഷ് ദിനരാത്രങ്ങള്‍' ഇതുവരേയും അനാവൃതമാക്കാത്ത ഒരു സ്ഥലരാശിയിലേക്ക് ആനയിക്കുന്നു. ഭൂപ്രകൃതി-മനുഷ്യപ്രകൃതി എന്നിവയുടെ ചരിത്ര രാഷ്ട്രീയ അവബോധം, കലാസാഹിത്യ സംസ്‌കാരങ്ങളുടെ അറിവടയാളങ്ങള്‍, അവതരണത്തിലെ സര്‍ഗ്ഗാത്മകമായ മൗലികത തുടങ്ങിയ നിരവധി പ്രത്യേകതകള്‍ ഈ യാത്രാപുസ്തകത്തിനുണ്ട്. സ്‌കോട്ടിഷ് സാംസ്‌കാരിക ചരിത്രത്തിന്റെ പരിച്ഛേദമാണ് ഉപയോഗിച്ചിട്ടുള്ള ഫോട്ടോകളും.
ഭാവനാ സഞ്ചാരങ്ങളും സാഹിതീയ ജ്ഞാനങ്ങളും
Speaking of Scotlandല്‍ മൗറിസ് ലിന്‍ഡ്‌സെ വ്യക്തമാക്കിയ 'Scotland is an attitude of mind' തന്നെയാണ് സി.വി. ബാലകൃഷ്ണന്റെ സ്‌കോട്ടിഷ് പര്യടനത്തിന്റെ ആന്തരപ്രേരണ. സ്‌കോട്ട്ലാന്‍ഡിന്റെ തലസ്ഥാനമായ എഡിന്‍ബറയില്‍ കഴിച്ചുകൂട്ടിയ ഒന്നരമാസക്കാലം നല്‍കിയ പ്രത്യക്ഷങ്ങളും ഭാവനാസഞ്ചാരങ്ങളും സാഹിതീയ ജ്ഞാനങ്ങളും സമന്വയിച്ചതാണ് ഈ പുസ്തകത്തിന്റെ അപൂര്‍വ്വത എന്നു പറയുന്നത്. ഓച്ചഡ് ബ്രേ അവന്യൂവിലെ താമസവും വിനോദസഞ്ചാരികളുടെ പാക്കേജ് ടൂര്‍ എന്നറിയപ്പെടുന്ന യാത്രാപദ്ധതി ഇല്ലാത്ത പര്യവേക്ഷണങ്ങളുമാണ് അതീവ പുഷ്‌കലമായ ഈ സൃഷ്ടിയുടെ കരുത്തും ലാവണ്യവും. പതിനാറ് അദ്ധ്യായങ്ങളിലൂടെ ഗ്രന്ഥകാരന്‍ തുറന്നിടുന്നത് രാവെന്നോ പകലെന്നോ ഭേദമില്ലാതെ സദാ പ്രസാദാത്മകത നിറഞ്ഞ പ്രകൃതിയുടേയും ജനതയുടേയും ലോകമാണ്. ബൈബിള്‍ പറയുന്ന 'ഒരു കുന്നിനു മുകളില്‍ പണിത നഗരം ഒളിച്ചുവെക്കാനാവില്ല' എന്ന പ്രത്യേകത എഡിന്‍ബറയ്ക്കുണ്ട്. പതിനഞ്ചാം നൂറ്റാണ്ടുതൊട്ട് സ്‌കോട്ട്ലാന്‍ഡിന്റെ തലസ്ഥാനമായ എഡിന്‍ബറ കാസില്‍ റോക്ക്, കാള്‍ട്ടണ്‍ഹില്‍, ബ്രൈഡ് ഹില്‍, ആര്‍തേഴ്സ് സീറ്റ് തുടങ്ങിയ ഏഴ് കുന്നുകള്‍ക്കു മുകളിലാണ്. നഗരമദ്ധ്യത്തില്‍ പതിനെട്ടു നാഴിക നീളത്തില്‍ ലീത്ത് നദിയൊഴുകുന്നു. ആദ്യ അദ്ധ്യായം ('സര്‍ ആര്‍തര്‍ കോനന്‍ ഡോയ്ലും ഷെര്‍ലക് ഹോംസുമൊത്ത് ഒരു സായാഹ്നം') ചെസ്റ്റര്‍ തെരുവിന്റെ അവസാനത്തിലുള്ള 'ദ സര്‍ ആര്‍തര്‍ കോനന്‍ ഡോയ്ല്‍ സെന്ററിലേക്കുള്ള യാത്രയോടെയാണ് ആരംഭിക്കുന്നത്. കോനന്‍ ഡോയ്ല്‍ കൃതികളുടെ സാരസ്വതവിദ്യയുടെ വഴിയും പൊരുളും വ്യക്തമാക്കിക്കൊണ്ടുള്ള സന്ദര്‍ശനം, രഹസ്യങ്ങള്‍ കണ്ടെത്തുന്ന ഷെര്‍ലക് ഹോംസിന്റെ സൂക്ഷ്മശ്രദ്ധയോടെയാണ്. കേസന്വേഷണത്തില്‍ അസാമാന്യവൈഭവം കാണിച്ച് ലോകശ്രദ്ധ നേടിയ കഥാപാത്രം ഹോംസിന് മാതൃക ഡോയ്ലിന്റെ ഗുരുവും പ്രഗത്ഭ സര്‍ജനുമായിരുന്ന ജോസബ് ബെല്‍ ആണല്ലോ. അദ്ദേഹത്തിന്റെ പ്രത്യേകതകളും ഡോയ്ല്‍ വ്യക്തിജീവിതവും ഓര്‍മ്മപ്പുരയിലെ വിപുലമായ ശേഖരങ്ങളും ഷെര്‍ലക് ഹോംസ് കൃതികളുടെ ഉദ്വേഗഭരിതാന്തരീക്ഷം തന്നെ പകരുന്നുണ്ട്. എഡിന്‍ബറയിലെ പ്രാക്തനസൗധമായ സെന്റ് മേരീസ് കത്തീഡ്രലിന്റെ ചരിത്രപരമായ പ്രത്യേകതകളും ശില്പഗാംഭീര്യവും നിക്കോള്‍സണ്‍ തെരുവും കാണാനുള്ളത് കാണിച്ചുതരുന്ന യാത്രികന്റെ സാക്ഷ്യപ്പെടുത്തലുകളില്‍നിന്നും കാണുന്നതുതന്നെയാണ് കാണിച്ചുതരേണ്ടതെന്നു കരുതുന്ന ഊരുചുറ്റിയുടെ ആഖ്യാനത്തിന്റെ ആത്മാര്‍ത്ഥതയാണ്. തെരുവുകളുടെ സമുച്ചയമായ റോയല്‍ മൈല്‍, പ്രശാന്തസുന്ദരവും നിതാന്തഗംഭീരവുമായ കോട്ട, എഴുത്തുകാരുടെ മ്യൂസിയം, ക്വീന്‍സ് ഗാലറി തുടങ്ങിയ ഇടങ്ങളൊക്കെ ചരിത്ര സാംസ്‌കാരിക പ്രസക്തിയോടെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം വിനോദത്തിനുവേണ്ടി മാത്രമെത്തുന്ന സഞ്ചാരികളുടെ ബാഹുല്യം അമിതമായ വ്യാപാരവല്‍ക്കരണത്തിനിടയാക്കിയതിലുള്ള വിപത്ത് നേരിടുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പുമുണ്ട്. സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതില്‍ രാജ്യം മാതൃകയായി നിലകൊള്ളുമ്പോഴും അധിനിവേശങ്ങളും മറ്റും സൃഷ്ടിക്കുന്ന സംസ്‌കാരലോപം കാണാതെ പോകരുതല്ലോ. കമ്പോള സംസ്‌കാരത്തിലൂന്നിയുള്ള വിനോദകേന്ദ്രങ്ങള്‍ ദേശത്തനിമയേയും സാംസ്‌കാരിക പൈതൃകത്തേയും തകര്‍ത്തതിന് നിരവധി ദൃഷ്ടാന്തങ്ങളുണ്ട്. പ്രകൃതിദത്തമായ ഭൂവിടങ്ങളും കലാസാംസ്‌കാരിക ഈടുവയ്പുകളും മറ്റും കോണ്‍ക്രീറ്റ് നിര്‍മ്മിതികളാലും വാട്ടര്‍തീം പാര്‍ക്കുകളാലും മങ്ങലേല്‍ക്കുന്നതിന് നമ്മുടെ അനുഭവപരിസരത്തുതന്നെ ധാരാളം ഉദാഹരണങ്ങളുണ്ട്.
കലാസാഹിത്യരംഗത്തെ കനപ്പെട്ട സംഭാവനകളെ പ്രോത്സാഹിപ്പിച്ചും കാത്തുസൂക്ഷിച്ചും പ്രതിഭാശാലികളെ ആദരിച്ചുമുള്ള സ്‌കോട്ടിഷ് സംസ്‌കാരം ലോകത്തിനുതന്നെ വലിയ മാതൃകയാണ്. എഴുത്തുകാരന്‍ സ്‌കോട്ടിഷ് ഭാഷയില്‍ മെയ്ക്കര്‍ (Makar) ആണ്. കാലത്തേയും ജീവിതത്തേയും രൂപകല്പന ചെയ്യുന്നവര്‍. മ്യൂസിയം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത് റോബര്‍ട്ട് ബേണ്‍സിനും വാള്‍ട്ടര്‍ സ്‌കോട്ടിനും ലൂയി സ്റ്റീവന്‍സണിനുമാണ്. സ്‌കോട്ടിഷ് സാഹിത്യത്തിലെ കുലപതികള്‍ സര്‍ ആര്‍തര്‍ കോനന്‍ ഡോയ്ല്‍, റോബര്‍ട്ട് ബേണ്‍സ്, സര്‍ വാള്‍ട്ടര്‍ സ്‌കോട്ട്, റോബര്‍ട്ട് ലൂയി സ്റ്റീവന്‍സണ്‍ എന്നിവരെ കേവലമായി പരാമര്‍ശിച്ചുപോരുകയല്ല ഗ്രന്ഥകാരന്‍. ദേശീയഗാനം, ആഖ്യായിക, കുറ്റാന്വേഷണകഥ, സ്‌കോട്ടിഷ് സാഹിത്യത്തിന്റെ മാനവികമൂല്യം, ആവിഷ്‌കാര സവിശേഷത എല്ലാം സമഗ്രമായി അപഗ്രഥിച്ചുകൊണ്ടാണ് ആരെയും മറക്കാത്ത നഗരത്തെ ചിത്രീകരിച്ചിരിക്കുന്നത്. എക്കാലത്തേയും ഏറ്റവും മഹാനായ സ്‌കോട്ട് എന്ന വിശേഷണം റോബര്‍ട്ട് ബേണ്‍സിനാണ്. കവിയും ഗാനരചയിതാവും നാടന്‍പാട്ടുകളുടെ സമ്പാദകനുമായ ബേണ്‍സ് കര്‍ഷകനായിരുന്നു. ഉഴവുകാരന്‍ കവി എന്ന വിശേഷണവുമുണ്ട്. നൂറ്റി ഇരുപത് ഏക്കര്‍ വിസ്തൃതിയുള്ള ആബട്ട്‌സ്ഫഡ് ട്വീഡ് നദീതീരത്തെ പ്രഹേളികാസ്വഭാവമുള്ള മാളികയും വാള്‍ട്ടര്‍ സ്‌കോട്ടിന്റെ സവിശേഷ വ്യക്തിത്വവും ആസ്ഥാനകവി എന്ന പട്ടം നിരസിച്ച് 1820-കളില്‍ അത്രയൊന്നും അന്തസ്സ് ഇല്ലാത്തതെന്ന് അറിയപ്പെട്ട ആഖ്യായികകളിലേക്ക് സജീവമായി വന്ന സ്‌കോട്ടിനെക്കുറിച്ചുള്ള അറിവുകള്‍ വിസ്മയം കൂടി പകരുന്നു. 'എഡിന്‍ബറയിലെ തെരുവുവിളക്കുകളേക്കാള്‍ ഭംഗിയുള്ള നക്ഷത്രങ്ങളില്ലെന്ന് എഴുതിയ റോബര്‍ട്ട് ലൂയി സ്റ്റീവന്‍സണ്‍ സ്‌കോട്ടിഷ് ജനതയ്ക്ക് പ്രിയപ്പെട്ട 'ടുസിറ്റാല'യാണ്; കഥപറച്ചിലുകാരന്‍. മ്യൂസിയത്തില്‍ സ്റ്റീവന്‍സണിന്റെ ഗോത്രമുദ്രയുള്ള ഒരു മോതിരമുണ്ട്.
ഹൈലന്‍ഡ് ഭൂമികയിലെ ഇംഗ്ലിസ്റ്റണിലെ മേള മൃഗസഞ്ചയങ്ങളും കര്‍ഷകരും ഭക്ഷണശാലകളും കരകൗശലവസ്തുക്കളുമൊക്കെ നിറഞ്ഞ വിചിത്ര കാഴ്ചകളും ജനാവലിയുംകൊണ്ട് സ്‌കോട്ടിഷ് ഉത്സവഘോഷങ്ങളുടെ സമൃദ്ധി ചൂണ്ടിക്കാട്ടുന്നു. ഹൈലന്‍ഡിലെ പറുദീസയായി ഖ്യാതിനേടിയ ബാല്‍ മോറല്‍ വസതിയും അമ്പതിനായിരം ഏക്കര്‍ വിസ്തൃതിയുള്ള എസ്റ്റേറ്റും വിക്ടോറിയന്‍ കാലത്തെ മൂല്യസങ്കല്പത്തിലും മറ്റുമുണ്ടായ മാറ്റങ്ങളുടെ പ്രേരണകളാണത്രേ. അബര്‍ഡീന്‍ നഗരത്തിന്റെ സൗന്ദര്യലിഖിതങ്ങളിലും തുറമുഖം, സര്‍വ്വകലാശാല, ഡീ-ഡോണ്‍ നദികള്‍, കാഴ്ചബംഗ്ലാവ്, യൂണിയന്‍ തെരുവ് - ഇങ്ങനെ വൈവിധ്യത്തിന്റെ ഭൂമികകള്‍ അത്ഭുതാവഹങ്ങളാണ്. റോബര്‍ട്ട് ബേണ്‍സ് 1785-ല്‍ എഴുതിയ ഒരു കവിത (സ്‌കോച്ച് ഡ്രിങ്ക്) പരാമര്‍ശിക്കേണ്ടതാണ്. സ്‌കോട്ടിഷ് ജനസംസ്‌കൃതിയുടെ അടയാളം തന്നെയാണ് സുരപാനം. അതില്‍ അഭിരമിക്കുന്ന ജനത ഒരിക്കലും രാജ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്നില്ല. അക്വാവിറ്റായ് - യവം വാറ്റിയെടുക്കുന്ന സുര ജീവജലവും ജനതയെ ത്രസിപ്പിക്കുന്നതുമായ അനുഭവമാണ്; വികാരമാണ്. ധാരാളം ഡിസ്റ്റിലറികള്‍, അതും ചരിത്രത്തോട്, സംസ്‌കാരത്തോട് ചേര്‍ന്നുനില്‍ക്കുന്നത് എഡിന്‍ബറ പ്രവിശ്യയിലുണ്ട്.

കലാനിരൂപകനായി മാറുന്ന യാത്രികന്‍
സ്‌കോട്ട്ലന്‍ഡിന്റെ ഹൃദയമായ ഗ്ലാസ്ഗൗ നഗരം ജനസാന്ദ്രതയില്‍ മുന്നിലാണ്. ക്ലൈഡ് നദി നഗരത്തെ തൊട്ടൊഴുകുന്നു. ഇത് സ്‌കോട്ടിഷ് സംസ്‌കൃതിയുടെ സവിശേഷ അനുഭവമാണ്. കുന്നിന്‍പുറങ്ങളായാലും സമതലങ്ങളായാലും നദീസ്പര്‍ശം; ഒഴുക്ക്. അത് ജീവിതത്തിന്റെ അനുസ്യൂതിയെ സൂചിപ്പിക്കുന്നു. കെട്ടിനിര്‍ത്തിയ ജലരാശിയുടെ തടാകഭംഗിയെക്കാള്‍ ഒഴുക്കിന്, നൈരന്തര്യത്തിന് ഭംഗിയും ജീവിതത്തുടര്‍ച്ചയുമുണ്ട്. കെല്‍വിന്‍ ഗ്രോവ് ആര്‍ട്ട് ഗാലറി, മ്യൂസിയം, കത്തീഡ്രല്‍, മംഗോ പുണ്യാളന്റെ ശവകുടീരം എന്നിവ ഗ്ലാസ്ഗൗ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. ജോര്‍ജ് സ്‌ക്വയറിലെ പതിനൊന്നു പ്രതിമകള്‍ ചരിത്രസ്മൃതിയുടെ അടയാളമെന്നതുപോലെ തന്നെ കാഴ്ചയുടെ മാസ്മരികതയും ആദരവും പ്രകാശിപ്പിക്കുന്ന ലോകോത്തര മാതൃകകളാണ്. അവിടെ സാഹിത്യ-സാംസ്‌കാരിക-ശാസ്ത്രപ്രതിഭകളെല്ലാമുണ്ട്. സര്‍ വാള്‍ട്ടര്‍ സ്‌കോട്ട്, റോബര്‍ട്ട് ബേണ്‍സ്, ജെയിംസ് വാട്ട്, അലക്സാണ്ടര്‍ ഗ്രഹാംബെല്‍ തുടങ്ങിയവരുടെ ശില്പങ്ങള്‍! അതാകട്ടെ, ശില്പകലയുടെ ലാവണ്യസാരം ഗ്രഹിച്ചവ. കേവലമായ സ്മാരകനിര്‍മ്മിതിയോ പുഷ്പാര്‍ച്ചനയോ സ്‌കോട്ടിഷ് സംസ്‌കൃതിയുടെ ഭാഗമല്ല.
ലോകപ്രസിദ്ധനായ സര്‍ റിയലിസ്റ്റ് ചിത്രകാരന്‍ സാല്‍വദോര്‍ ദാലിയുടെ ക്രിസ്തുവിന്റെ കുരിശാരോഹണം വിഷയമാക്കിയ ചിത്രത്തെക്കുറിച്ചും സോഫി കെയ്വിന്റെ പൊങ്ങിക്കിടക്കുന്ന ശിരസ്സുകള്‍ എന്ന ഇന്‍സ്റ്റലേഷനെക്കുറിച്ചും വിശദീകരിക്കുന്നിടത്ത് യാത്രികനില്ല; മികച്ച കലാനിരൂപകനാണ് സി.വി. ബാലകൃഷ്ണന്‍. നവമാധ്യമങ്ങളുടെ ലോകത്തില്‍ വിരല്‍ത്തുമ്പില്‍ ജ്ഞാനമണ്ഡലത്തെ സ്വാംശീകരിക്കുന്ന പ്രക്രിയയില്‍ ദത്താശേഖരണം വളരെ എളുപ്പമാണെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ, ഇവിടെ ഓരോ കലാസൃഷ്ടിയും വീക്ഷിച്ച്, പഠിച്ച് കലാപൂര്‍ണ്ണതയോടെ വിശദീകരിക്കുകയാണ് സി.വി. ബാലകൃഷ്ണന്‍. അത് നോവലിസ്റ്റിന്റെ ഭാവനാ ചിത്രങ്ങളല്ല; ചരിത്ര സംസ്‌കൃതിയോടും കലാസൃഷ്ടികളോടുമുള്ള പ്രതിബദ്ധതയാണ്. ഇന്നത്തെ നിലയില്‍ വെര്‍ച്വല്‍ ബോധ്യങ്ങള്‍ നല്‍കുന്ന പാഠങ്ങളുണ്ട്. പൊതുവേ എളുപ്പമെന്നു പറയാവുന്ന പ്രക്രിയകളാണത്. ഇവിടെ അങ്ങനെ കാണാനാവില്ല. സാഹിത്യ രചനകളെന്നപോല്‍ ചിത്ര-ശില്പ നിര്‍മ്മിതികളെ തന്റെ ആസ്വാദനത്തിന്റെ മാനങ്ങളില്‍ അന്വയിപ്പിക്കുന്ന വ്യക്തിചേതന സി.വി. ബാലകൃഷ്ണനുണ്ട്. മറ്റൊരു വിധത്തില്‍ ഇത് ഭാഷയുടെ ഉല്പത്തി-വിനിമയ സംസ്‌കൃതിയോടുമുണ്ട്. ഈ യാത്രാഖ്യാനത്തില്‍ കടന്നുവരുന്ന ആത്മഭാഷയെക്കുറിച്ച് ഓര്‍ക്കാം.
സ്‌കോട്ടിഷ് ഭൂപ്രകൃതിയുടെ സത്ത തേടിയുള്ള യാനത്തില്‍ ഇന്‍വര്‍ ലീത്ത് നിര്‍ണ്ണായകമാണ്. മ്യൂറിയല്‍ സ്പാര്‍ക്കിന്റേയും ജെ.കെ. റോളിങ്ങിന്റേയും സാഹിത്യസപര്യയുമായുള്ള ബന്ധമുള്ള ദേശമാണ് ഇന്‍വര്‍ ലീത്ത്. ഉപരിവര്‍ഗ്ഗ ആവാസമേഖലയാണിത്. റോയല്‍ ബോട്ടാണിക് ഗാര്‍ഡനും വസന്തമാളികകളും ഇന്‍വര്‍ ലീത്തുമായി ബന്ധപ്പെട്ടു കിടക്കുന്നു. എഡിന്‍ബറയിലെ ആകര്‍ഷണീയ കേന്ദ്രങ്ങളില്‍ ഇത് പ്രധാനമാണ്. സ്റ്റീവന്‍സണ്‍ എന്ന വിഖ്യാത എഴുത്തുകാരന്റെ ബാല്യകാല സ്മൃതികളിലും ഈ ദേശസൗന്ദര്യം നിറഞ്ഞുകവിഞ്ഞുണ്ട്. മ്യൂറിയല്‍ സ്പാര്‍ക്കിന്റെ രചനാലോകത്തെ പരിചയപ്പെടുത്തുന്നത് വായനയിലൂടെ നേടിയ അറിവും അനുഭൂതിയും ചേര്‍ത്ത് താരതമ്യ വിചാരങ്ങളിലൂടെയാണ്. ഹാരിപോര്‍ട്ടറുടെ കര്‍ത്താവ് ജെ.കെ. റോളിങ്ങിനെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ - ചരിത്രത്തിന്റെ ഭാഗമായി മാറുന്ന പ്രവൃത്തികള്‍, റോബര്‍ട്ട് ഗാല്‍ബ്രൈത്ത് എന്ന പേരില്‍ കുറ്റാന്വേഷണ നോവലിസ്റ്റാണെന്ന കാര്യങ്ങള്‍ എല്ലാം പുതിയ അറിവുകള്‍ തന്നെയാണ്. ഒരു സാഹിത്യപ്രതിഭയുടെ ഇറക്കങ്ങളും കയറ്റങ്ങളും റോളിങ്ങിന്റെ ജീവിതത്തില്‍ ഉണ്ട്.
വിശ്വമഹാകവി വില്യം ഷേക്സ്പിയര്‍ എന്നതുപോലെതന്നെ, മാക്‌ബെത്തിന്റെ കൊട്ടാരവും അത്യന്തം നാടകീയത നിറഞ്ഞതാണ്. തായ് നദിയുടെ തീരത്തുള്ള പെര്‍ത്ത് നഗരത്തിലെ സ്‌കൂണ്‍ കൊട്ടാരം, അവിടത്തെ ശിലാഖണ്ഡത്തെ സംബന്ധിച്ചുള്ള മിത്തുകള്‍, കേട്ടുകേള്‍വികള്‍, ഷേക്സ്പിയര്‍ - കുറോസോവ കാലാന്തര വിനിമയം, സെയിന്റ് ആന്‍ഡ്രൂസ് പട്ടണവും കോട്ടയും, റോയല്‍ പാലസ്, ഫോര്‍ത്ത് റെയില്‍പ്പാലം, ഹിച്ച്‌കോക്ക്... ഇങ്ങനെ എഡിന്‍ബറ അനുഭവങ്ങള്‍ വൈവിധ്യത്തോടൊപ്പം സാംസ്‌കാരിക മുദ്രകളും പേറുന്നുണ്ട്. സെമിത്തേരികള്‍ ഗ്രന്ഥകാരനിലുണര്‍ത്തുന്ന വികാരങ്ങള്‍ സാര്‍വ്വലൗകികത നിറഞ്ഞതാണ്. 'സെമിത്തേരികളിലെ വിഷാദം കലര്‍ന്ന മണ്ണ്' എന്ന അദ്ധ്യായം പുതുവായനയ്ക്കു പ്രേരിപ്പിക്കുന്നുണ്ട്. സെമിത്തേരികളിലൂടെയുള്ള യാത്ര ചരിത്രപുരുഷന്മാരെ തേടിയല്ല; അവിടെ ഭരണാധികാരികളുടേയും പുരോഹിതരുടേയും കവികളുടേയും കൂടെ വളര്‍ത്തുനായയുടേയും സ്മാരകങ്ങളുണ്ട്. ഒന്നും രണ്ടും ലോകയുദ്ധങ്ങളില്‍ മരിച്ചവരുടെ ശവകുടീരങ്ങളും. ഗ്രെഫ്രിയാര്‍ഡ് ബേബി എന്ന വളര്‍ത്തുനായയുടെ ശവകൂടീരം നല്‍കുന്ന പാഠം, താരതമ്യങ്ങളില്ലാത്ത വ്യക്തിപ്രതിഷ്ഠ അല്ലെങ്കില്‍ ആരാധന തന്നെയാണ്. യജമാനന്‍ എന്നോ അടിമ എന്നോ തരംതിരിവില്ലാത്ത പ്രാണിവര്‍ഗ്ഗതുല്യത അംഗീകരിക്കപ്പെടുകയാണ്. സ്‌കോട്ടിഷ് സംസ്‌കൃതിയില്‍ ഇത് പലയിടങ്ങളിലായി കാണുന്ന കാഴ്ചയത്രേ.

ജോണ്‍ നോക്സിന്റെ ഭവനത്തിനടുത്തുള്ള കഥപറച്ചില്‍ കേന്ദ്രം സന്ദര്‍ശക ശ്രദ്ധ നേടിയതാണ്. ''കഥ പറയുന്നത് കണ്ണ് കണ്ണിനോടാണ്; മനസ്സ് മനസ്സിനോടാണ്; ഹൃദയം ഹൃദയത്തോട്'' എന്ന സ്‌കോട്ടിഷ് പഴഞ്ചൊല്ല് സാരവത്താണെന്നു സ്ഥാപിക്കുന്നതാണ് കഥപറച്ചില്‍ കേന്ദ്രം. ഗ്രന്ഥാലയങ്ങളുടെ വൈവിധ്യവും ഗാലറിയും പാര്‍ക്കും കാള്‍ട്ടണ്‍ ഹില്ലിലെ അനുഭവങ്ങളും 'ഓരോ മൂലയും ചരിത്രം മന്ത്രിക്കുന്ന എഡിന്‍ബറ'യുടെ - സ്‌കോട്ട്ലന്‍ഡിന്റെ സാംസ്‌കാരിക ഭൂപടം തന്നെയാണ്. എഴുത്തുകാരന്റെ, നോവലിസ്റ്റിന്റെ യാത്രാരേഖകളാണിത്. 'എഡിന്‍ബറ നടക്കാനുള്ള നഗരമാണെന്ന് എഴുതിയാണ് വിരാമം കുറിക്കുന്നത്. നടത്തം എന്നത് യാത്രയുടെ തുടര്‍ച്ച മാത്രമല്ല, ഊരുചുറ്റിക്ക് നഗ്‌നമായ കാലുകളോടെ മാത്രമേ മുന്നോട്ടു പോകാനാവൂ. വസ്തുനിഷ്ഠ ജ്ഞാനവും ഭാവനാത്മക സ്വാതന്ത്ര്യവും 'സ്‌കോട്ടിഷ് ദിനരാത്രങ്ങള്‍' മലയാളത്തിലെ മികച്ച സാഹിതീയ യാത്രാഖ്യാനവും സഞ്ചാരസാഹിത്യവുമാക്കുന്നു. യാത്ര, നടത്തം തുടരട്ടെ.