മഹതികളുടെ കണ്ണിലൂടെ മഹാത്മാവിനെ നോക്കുമ്പോള്‍

സ്വജീവിതംകൊണ്ട് പേര്‍ത്തും പേര്‍ത്തും നമ്മെ ചില മൂല്യങ്ങളെപ്പറ്റി നിരന്തരം ഓര്‍മ്മിപ്പിക്കുന്നതും സംവദിപ്പിക്കുന്നതുമാണ് ഗാന്ധിയുടെ ഏറ്റവും വലിയ സംഭാവന
രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാനായി ​ഗാന്ധിയും സരോജിനി നായിഡുവും ഇ​ഗ്ലണ്ടിൽ (1931)
രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാനായി ​ഗാന്ധിയും സരോജിനി നായിഡുവും ഇ​ഗ്ലണ്ടിൽ (1931)

സ്വജീവിതംകൊണ്ട് പേര്‍ത്തും പേര്‍ത്തും നമ്മെ ചില മൂല്യങ്ങളെപ്പറ്റി നിരന്തരം ഓര്‍മ്മിപ്പിക്കുന്നതും സംവദിപ്പിക്കുന്നതുമാണ് ഗാന്ധിയുടെ ഏറ്റവും വലിയ സംഭാവന. നാവുകൊണ്ടു പറയാനുള്ളതല്ല, ജീവിതംകൊണ്ടു കാണിക്കാനുള്ളതാണ് ആശയം എന്ന ബോധമാണ് ബുദ്ധന്‍. അതു പകര്‍ത്തിയപ്പോഴാണ് ഒരു ദുര്‍ബ്ബല ശരീരത്തിനു പിന്നില്‍ ലോകത്തെ അഞ്ചിലൊന്നുഭാഗം ജനത അണിനിരന്നതും സൂര്യനസ്തമിക്കാത്ത നാടു മുട്ടുകുത്തിയതും. ചരിത്രത്തില്‍ കാരണങ്ങള്‍ പലതുമുണ്ടാവാം, അതത്രയും ഉള്‍പ്രേരകങ്ങളാണ്; ഗാന്ധിയന്‍ മൂവ്മെന്റ് അനിഷേധ്യമായ ഒരു യാഥാര്‍ത്ഥ്യവും. മഹാന്മാരായി അനുയായികള്‍ തള്ളിമറിക്കുന്ന പലരേയും ജനത പരിഹസിക്കുന്നതിനു പിന്നിലെ ബോധത്തെ വഴിനടത്തുന്നതും ബുദ്ധനാവണം. പോയി ജീവിച്ചു കാണിക്കരുതോ എന്നു പറയിക്കുന്നതും ആ പാരമ്പര്യമാണ്. അതിജീവനത്തിന്റെ കരുത്ത് ആശയങ്ങള്‍ക്കുണ്ടെങ്കില്‍ കാലാതീതമായി അവ നിലകൊള്ളും. അല്ലാത്തത് കാലഹരണപ്പെടും. ഗാന്ധിയും ഗാന്ധിയന്‍ ചിന്തകളും ലോകം ശ്രദ്ധിക്കുന്നതും ആരാധകര്‍ ഏറുന്നതിനും കാരണം അതിന്റെ ആ കരുത്താണ്. അതിനെ മുന്നോട്ടെടുക്കാന്‍ വേണ്ടത് ഗാന്ധിയെ വിഗ്രഹവല്‍ക്കരിക്കുകയല്ല; മറിച്ച് നിരന്തരമായി വായിക്കപ്പെടുകയാണ്.

ഗാന്ധി അവശേഷിപ്പിച്ച ഒരു ധാര്‍മ്മികബോധമുണ്ട്. അതിന്റെ മകുടോദാഹരണമാണ് മോഹന്‍ദാസ് ഗാന്ധിയും മകന്‍ ഹരിലാല്‍ ഗാന്ധിയും തമ്മിലുള്ള ബന്ധം. അച്ഛനും മകനും തമ്മിലുള്ള പ്രായവ്യത്യാസം വെറും 18 വര്‍ഷം. ഹരിലാല്‍ ഗാന്ധിജിയെ വെറുത്തു. കാരണം ഇംഗ്ലണ്ടിലെ ഉപരിപഠനത്തിനുള്ള സ്‌കോളര്‍ഷിപ്പ് തനിക്ക് ഇല്ലാതാക്കിയത് ഗാന്ധിജിയാണെന്ന സംശയമാണ്. മദ്യപിച്ചു ലക്കുകെട്ട് പിതാവിന്റെ ശവസംസ്‌കാരത്തില്‍ ഹരിലാല്‍ പങ്കെടുത്തത് ഒരു കാഴ്ചക്കാരനായാണ്; ആര്‍ക്കും അയാളെ മനസ്സിലായതുമില്ല. ക്ഷയരോഗ ബാധിതനായി ഹരിലാല്‍ മരിക്കുന്നതും ഗാന്ധിജി രക്തസാക്ഷിയാവുന്നതും 1948-ല്‍; വെറും നാലു മാസത്തെ വ്യത്യാസം. മുംബൈയിലെ കാമാത്തിപ്പുരയില്‍നിന്നും അവശനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഹരിലാല്‍ ഒരിക്കലും ഗാന്ധിജിയുടെ മകനാണ് താനെന്നു പറഞ്ഞില്ല. ഇന്ത്യയിലെ, ലോകത്തിലെ സകല സംവിധാനങ്ങളും അയാള്‍ ഗാന്ധിജിയുടെ മകനാണെന്ന് അറിഞ്ഞെങ്കില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചേനെ; ലോകത്തിലെ മികച്ച ചികിത്സ ലഭിച്ചേനെ. ഹരിലാല്‍ ഗാന്ധിനാമം ദുരുപയോഗം ചെയ്തില്ല. സ്ഥാനം ജന്മാവകാശമാണെന്നു കരുതി നടക്കുന്ന ലോകത്ത്, ഗാന്ധിയെ ഉള്‍ക്കൊള്ളാനാവാത്ത പിതാക്കളുടെ മക്കള്‍ക്ക്,  അച്ഛന്റെ സ്ഥാനം ദുരുപയോഗിക്കാത്ത ഹരിലാലിനെയെങ്കിലും മാതൃകയാക്കാവുന്നതാണ്.

​ഗാന്ധിജി വാർധ ആശ്രമത്തിൽ
​ഗാന്ധിജി വാർധ ആശ്രമത്തിൽ

സരോജിനി നായിഡുവിന്റെ ഗാന്ധി

അംബേദ്കറുടെ പോസിറ്റീവ് ഡിസ്‌ക്രിമിനേഷന്‍പോലെ ഗാന്ധിയുടെ സുന്ദരമായ രാഷ്ട്രീയായുധമാണ് പാസീവ് റസിസ്റ്റന്‍സ് അഥവാ നിഷ്‌ക്രിയ ചെറുത്തുനില്പ്. അതിന്റെ പരീക്ഷണ വിജയശേഷം ദക്ഷിണാഫ്രിക്കയില്‍നിന്നും വന്നെത്തിയ ഗാന്ധിയെ സരോജിനി നായിഡു ആദ്യമായി കാണുന്നത് ലണ്ടനിലാണ്; 1914-ല്‍. വിശ്വപ്രസിദ്ധരായ വനിതകള്‍ പലരും അവരുടെ ഗാന്ധിയുമായുള്ള ആദ്യസമാഗമത്തെ അടയാളപ്പെടുത്തിയിട്ടുണ്ട് ഓസ്ട്രേലിയന്‍ എഴുത്തുകാരനായ തോമസ് വെബ്ബറുടെ 'ഗാന്ധി അറ്റ് ഫസ്റ്റ് സൈറ്റ്' എന്ന സമാഹരണത്തില്‍. ലണ്ടനിലെ അധികമാരുമറിയാത്ത കെന്‍സിങ്ടണ്‍ തെരുവിലെ ഒരു പഴയ വീട്ടിലേക്കാണ് ഗാന്ധിയെ അന്വേഷിച്ച് സരോജിനി നായിഡു എത്തിച്ചേരുന്നത്. ജയിലില്‍നിന്നു കിട്ടിയ കറുത്ത പുതപ്പ്, ജയില്‍ പാത്രം, അരികെ കുറച്ച് നിലക്കടല വറുത്തതും കണ്ടാല്‍ത്തന്നെ കഴിക്കാന്‍ തോന്നാത്ത കുറച്ചു ബിസ്‌കറ്റുകളും. തറയിലിരുന്ന് ഗാന്ധി ആ ജയില്‍ പാത്രത്തില്‍നിന്നും ഒലീവെണ്ണയില്‍ തക്കാളി ചതച്ചുണ്ടാക്കിയ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് സരോജിനി നായിഡു കടന്നുവരുന്നത്. രാജ്യമെമ്പാടും ആവേശവും ലോകത്തിനു സുപരിചിതനുമായി വളര്‍ന്ന ആ നേതാവിന്റെ സ്വന്തം സ്ഥിതിയില്‍  സരോജിനി പൊട്ടിച്ചിരിച്ചുപോവുന്നു.

ഓ മിസിസ് നായിഡുവാണല്ലേ, ഇത്രയ്‌ക്കെന്നെ കുറവാക്കാന്‍ ധൈര്യം വേറെയാര്‍ക്കാണുണ്ടാവുകു എന്നു പറഞ്ഞു ഗാന്ധിയും ചിരിച്ചു. വരൂ, നമുക്കീ ഭക്ഷണം പങ്കുവെയ്ക്കാം...

അവര്‍ വേണ്ട നന്ദി എന്നു പറഞ്ഞു. സത്യത്തില്‍ അറപ്പുളവാക്കുന്ന പരിസരത്തെ ഗന്ധം കാരണമായിരുന്നു അത്. അവരുടെ ഭാഷയില്‍ എന്നെത്തേയ്ക്കുമായുള്ള ഒരു കോമ്രേഡ്ഷിപ്പിലേക്ക് വളര്‍ന്നത് ആ നിമിഷത്തെ കൂടിക്കാഴ്ചയാണ്. ഒരു മണിക്കൂര്‍പോലും മാറിച്ചിന്തിക്കാത്ത, 30 വര്‍ഷത്തോളം നീണ്ട, സ്‌നേഹബന്ധം, ശിഷ്യത്വം എന്നൊക്കെയാണ് അവര്‍ ഗാന്ധിജിയുമായുള്ള ബന്ധത്തെപ്പറ്റി പറയുന്നത്. അതത്രയുമാവട്ടെ, രണ്ടുപേരുടേയും പൊതുലക്ഷ്യമായ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടിയും.

കവിയും പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റും ഭരണാധികാരിയും ഒക്കെയായ സരോജിനി നായിഡു മദ്രാസിലും ലണ്ടനിലും കാംബ്രിഡ്ജിലും ഒക്കെയായി വിദ്യാഭ്യാസം നേടിയ സാമൂഹിക പരിഷ്‌കര്‍ത്താവും ഫെമിനിസ്റ്റും കൂടിയായിരുന്നു.  ആനിബസന്റിനു എട്ടുവര്‍ഷത്തിനുശേഷം 1925-ല്‍ ഇന്ത്യന്‍ നാഷണണ്‍ കോണ്‍ഗ്രസ്സിന്റെ വനിതാ പ്രസിഡന്റ് അവരായിരുന്നു. 1928-'29 കാലത്ത് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനു പിന്തുണ തേടിയുള്ള അമേരിക്കന്‍ പര്യടനം നയിച്ചതും അവരായിരുന്നു; 1930-ല്‍ ഉപ്പു സത്യഗ്രഹത്തില്‍ ഗാന്ധിജിക്കൊപ്പവും അവരുണ്ടായിരുന്നു. 1931-ല്‍ ലണ്ടനിലെ രണ്ടാം വട്ടമേശ സമ്മേളനത്തിലും ഗാന്ധിജിക്കൊപ്പം ഉണ്ടായിരുന്നത് അവരായിരുന്നു. തന്റെ ബൗദ്ധികവും സൃഷ്ടിപരവുമായ കഴിവുകളത്രയും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനായി വിനിയോഗിച്ച ഒരു ഫെമിനിസ്റ്റ് പലരും പറയുന്നതുപോലെ യാഥാസ്ഥിതികനായ ഗാന്ധിയുമായി എങ്ങനെയാണ് യോജിച്ചുപോവുക?

അധികാരം, യുദ്ധം, ആധിപത്യം, ഹിംസ, വിദ്വേഷം, ക്രൂരത തുടങ്ങിയ പുരുഷാധിപത്യ മൂല്യങ്ങളായല്ലെങ്കില്‍ അതിന്റെ ഭാഗമായി വിലയിരുത്തപ്പെട്ട സകലതിനോടും വിടുതല്‍ പ്രഖ്യാപിച്ച് സത്യത്തേയും അഹിംസയേയും തന്റെ ദൈവമാക്കിയതിലൂടെ ഗാന്ധി നല്‍കിയത് പ്രക്ഷോഭങ്ങള്‍ക്ക് ഒരു ഫെമിനിസ്റ്റ് ചാരുതയാണ്. പാസീവ് റസിസ്റ്റന്‍സിന്റെ ബാലപാഠം ഗാന്ധി സ്വായത്തമാക്കിയത് ബായില്‍നിന്നും ബാക്കി ഇന്ത്യന്‍ സ്ത്രീകളില്‍നിന്നുമാണ്. സമത്വത്തിന്റെ, സ്വാഭാവികമായും ലിംഗസമത്വം അനിവാര്യമാക്കിയ വീക്ഷണമാണ് നിഷ്‌ക്രിയ ചെറുത്തുനില്പ്. ആ സാമൂഹിക രാഷ്ട്രീയ തത്ത്വചിന്തയാവണം എത്രയോ മഹാപ്രതിഭകളായ വനിതകളുടെ ആരാധനാമൂര്‍ത്തിയായി ഗാന്ധിയെ മാറ്റിയത്.  സരോജിനി നായിഡു ഗാന്ധിക്കെഴുതിയ എഴുത്തുകളിലെ സംബോധന നോക്കൂ- ഫ്രം വാണ്ടറിങ്ങ് സിങ്ങര്‍ റ്റു ദ സ്പിന്നര്‍ സ്റ്റേ-അറ്റ്-ഹോം. നാടോടിയായ പാട്ടുകാരിയില്‍നിന്നും വീട്ടിലിരിക്കുന്ന നൂല്പുകാരന്, എന്തു മനോഹരമാണത്! റ്റു ദി മിസ്റ്റിക് സ്പിന്നര്‍ എന്ന വിശേഷണത്തിന് ഗാന്ധിയുടെ മറുപടി ഫ്രം ദ മാറ്റര്‍-ഓഫ്-ഫാക്ട് (നോട് മിസ്റ്റിക്) സ്പിന്നര്‍ എന്നായിരുന്നു. ഗാന്ധിജിയുടെ തേര്‍ഡ് ക്ലാസ് ട്രെയിന്‍ യാത്രയൊന്നും ഉള്‍ക്കൊള്ളാന്‍ പറ്റാതിരുന്ന വ്യക്തിയായിരുന്നു നായിഡു. മഹാത്മാവിനെ ദരിദ്രനായി നിര്‍ത്താന്‍ രാഷ്ട്രത്തിനു വലിയ സമ്പത്തുവേണം എന്നു കളിയായും കാര്യമായും അവര്‍ പറഞ്ഞു. ദരിദ്രന്റെ തേര്‍ഡ് ക്ലാസ്സിലൂടെ ഗാന്ധി നടത്തിയ ഒരോ യാത്രയും ദരിദ്രജന സമൂഹത്തിന്റെ ഹൃദയത്തിലേക്കുള്ള ഫസ്റ്റ് ക്ലാസ്സ് യാത്രകളായിരുന്നു എന്ന് ഇന്നു നമുക്ക് നിസ്സംശയം വായിച്ചെടുക്കാം.

ഗാന്ധിജി വൈരുദ്ധ്യങ്ങളുടെ രാജകുമാരനായിരുന്നു. പലതും എടുത്തണിഞ്ഞ വേഷങ്ങളുമായിരുന്നു എന്നു തോന്നും വരികള്‍ക്കിടയിലൂടെ സഞ്ചരിച്ചാല്‍. അടിമുടി പുരോഗമന ചിന്തകള്‍ ഗാന്ധിയെ ഭരിച്ചെങ്കിലും വാക്കുകളിലും പ്രയോഗത്തിലും പലപ്പോഴും പിന്തിരിപ്പന്‍ രീതികള്‍ കടത്തിവിട്ടത് ബോധപൂര്‍വ്വമാവാനേ സാദ്ധ്യതയുള്ളൂ. കാരണം ഇന്ത്യയെ അത്രമേല്‍ അറിഞ്ഞ, അതിന്റെ കരുത്തിനേയും ദൗര്‍ബ്ബല്യത്തേയും അറിഞ്ഞ ആ പ്രതിഭാധനന്‍ വേണ്ട ആയുധങ്ങള്‍ വേണ്ടവര്‍ക്കു നേരെ വേണ്ടവിധം പ്രയോഗിച്ചു. ദക്ഷിണാഫ്രിക്കയില്‍ ക്രിസ്തുവെ ഉദ്ധരിച്ചു, ഇന്ത്യയില്‍ കൃഷ്ണനേയും. (കടപ്പാട്: തോമസ് വെബ്ബറുടെ ഗാന്ധി അറ്റ് ഫസ്റ്റ് സൈറ്റ്)

മിലി ​ഗ്രഹാം പൊളാക്
മിലി ​ഗ്രഹാം പൊളാക്

മിലി ഗ്രഹാം പൊളാക് കണ്ട ഗാന്ധി  

ദക്ഷിണാഫ്രിക്കയില്‍ ഗാന്ധിയുടെ വലംകയ്യായിരുന്നു ഹെന്റി പൊളാക്. ലണ്ടനിലും സ്വിറ്റ്സര്‍ലാന്റിലും വിദ്യാഭ്യാസം നേടിയ ജൂതവംശജന്‍. പൊളാക്കില്‍നിന്നുമാണ് തന്റെ ജീവിതം മാറ്റിമറിച്ച ജോണ്‍ റസ്‌കിന്റെ അണ്‍ റ്റു ദ ലാസ്റ്റ് എന്ന ഗ്രന്ഥം ഗാന്ധിജിക്ക് ലഭിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ഫീനിക്‌സ് ആശ്രമത്തിലേക്ക് നയിച്ചത് ആ കൂടിക്കാഴ്ചയും പുസ്തകവുമായിരുന്നു. ആ ഹെന്റി പൊളാകിന്റെ കാമുകിയായിരുന്ന ഇംഗ്ലീഷുകാരി ക്രിസ്ത്യാനി പെണ്‍കുട്ടി മിലി. പൊളാക്കിനൊപ്പം മിലിയെ സ്വീകരിക്കാന്‍ സ്റ്റേഷനിലെത്തിയ ഗാന്ധിയെ ആദ്യമായി കണ്ട മിലി പറയുന്നതു നോക്കുക: മെലിഞ്ഞു ശരാശരി വലുപ്പമുള്ള ഒരാള്‍, ലോകത്തിലെ ഏറ്റവും ആര്‍ദ്രമായ കണ്ണൂകള്‍, ആത്മാവിന്റെ വിളക്കുകളായി പ്രകാശിക്കുന്നവ. ഒരാള്‍ക്ക് അത്രയേറെ വായിച്ചെടുക്കാനുണ്ടാവും ആ കണ്ണുകളില്‍ മൃദുലവും സംഗീതാത്മകവുമായ ശബ്ദം. തോറയും ബൈബിളും മാറ്റിവച്ച്,  ധാര്‍മ്മികത ഒരു പൊതുമതമായി സ്വീകരിച്ച് ദക്ഷിണാഫ്രിക്കയില്‍ എത്തിയപാടെ മിലിയും പൊളാകും വിവാഹിതരായി; ഒരു പുതിയ വസ്ത്രത്തിന്റെ ആഡംബരം കൂടിയില്ലാതെ. മിലിയുടെ അനാരോഗ്യം കണക്കിലെടുത്ത് വിവാഹം നീട്ടിവെയ്ക്കണമെന്ന പൊളാക് കുടുംബത്തിന്റെ അഭ്യര്‍ത്ഥനയും ഗാന്ധിയോടായിരുന്നു. അവരെ അനുനയിപ്പിച്ചതും ഗാന്ധിയുടെ ഇടപെടലായിരുന്നു. ആ മിശ്രവിവാഹത്തിനു നേരിടേണ്ടിവന്ന കുരുക്കുകള്‍ അഴിച്ചതും ഗാന്ധിതന്നെ. ദക്ഷിണാഫ്രിക്കയിലെ സിവില്‍ മാര്യേജ് കോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ ഗാന്ധി പ്രത്യേക ക്ഷണിതാവും സാക്ഷിയും ആയിരുന്നു.

പക്ഷേ, ഗാന്ധി ഇന്ത്യയില്‍ പലപ്പോഴും ജാതീയതയെ മറ്റുള്ള പലരേയുംപോലെ നിര്‍ദ്ദാക്ഷിണ്യം എതിര്‍ത്തിരുന്നില്ല. അതത്രയും രാഷ്ട്രീയവുമായിരുന്നു. തനിക്കും ചുറ്റുമായി അണിനിരത്തിയ ഒരു ജനതയെ വിഭജിച്ചുപോവുന്ന ഒരു വാക്കും ഒരു പ്രവൃത്തിയും ഉണ്ടാവരുത്; അതു പരമമായ ലക്ഷ്യത്തെ ഹനിക്കും എന്ന തോന്നലായിരിക്കാം. സ്വന്തം ജീവിതത്തില്‍ ഗാന്ധിയെ മിലി പ്രതിഷ്ഠിക്കുന്നത് സ്‌നേഹവാനും വിവേകിയുമായ മൂത്ത സഹോദരനായാണ്. മൂന്നുനാലു കത്തുകളിലൂടെയുള്ള ആശയവിനിമയങ്ങള്‍ക്കുശേഷമാണ് മിലി ഗാന്ധിയെ നേരില്‍ കാണുന്നത്. ഗാന്ധിയുടെ പല തീരുമാനങ്ങളേയും ചോദ്യം ചെയ്ത്, അതത്രയും പ്രാകൃതമാണെന്നു കലഹിച്ചവളാണ് മിലി. നിരുപാധികം സ്‌നേഹിച്ചതാവട്ടെ, ആ ലാളിത്യത്തേയും മര്യാദയേയും ആര്‍ദ്രതയേയുമായിരുന്നു.

ഗാന്ധി സ്വയം ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തുവെന്നു കരുതിയ നിരവധി യൂറോപ്യന്മാരുണ്ടായിരുന്നതായി മിലി പറയുന്നുണ്ട്. ദക്ഷിണാഫ്രിക്കയില്‍ അദ്ദേഹം പലപ്പോഴും ക്രിസ്തീയ തിരുവെഴുത്തുകളില്‍നിന്ന് ഉദ്ധരിക്കുകയും സദാ യേശുവിന്റെ മനോഹരമായ ഒരു ചിത്രം തന്റെ ഓഫീസില്‍ സൂക്ഷിക്കുകയും ചെയ്തിരുന്നു. ഗാന്ധിയുടെ മധ്യവയസ്‌കനായ ഒരനുയായി തന്റെ ചൈല്‍ഡ് വൈഫുമായി സെറ്റില്‍മെന്റിലേക്ക് മടങ്ങിയെത്തിയപ്പോള്‍ മിലി പരിഭ്രാന്തയായി; പ്രകോപിതയായി ഗാന്ധിയെ ചോദ്യം ചെയ്യുന്നു. ഇന്ത്യയില്‍ സ്ത്രീകളുടെ മഹത്വവല്‍ക്കരണം തിയറി മാത്രമാണെന്നും പ്രായോഗികതലത്തില്‍ അവരുടെ സ്ഥാനം താഴെത്തന്നെയാണെന്നും മിലി വാദിച്ചു. ഗാന്ധി തന്റെ അഹിംസാത്മക ജീവിത തത്ത്വചിന്ത വികസിപ്പിച്ചെടുക്കുമ്പോള്‍ മിലി അതിലെ പൊരുത്തക്കേടുകളെ ചോദ്യം ചെയ്തു. എന്നാല്‍, അതൊന്നും അവരുടെ ബന്ധത്തെ ബാധിച്ചില്ല. ഭയമില്ലാതെ ശബ്ദമുയര്‍ത്തിയ മിലിയുടെ സ്വതന്ത്ര കാഴ്ചപ്പാടുകളെ ഗാന്ധി അഭിനന്ദിച്ചു. ചിലപ്പോഴെങ്കിലും വൈരുധ്യങ്ങളുടെ മാത്രമല്ല, പൊരുത്തക്കേടുകളുടെ രാജകുമാരന്‍ കൂടിയായി മിലിയുടെ മുന്നില്‍ ഗാന്ധി.

1909-ല്‍ ഗാന്ധിയുടെ അഭ്യര്‍ത്ഥന മാനിച്ച്, ദക്ഷിണാഫ്രിക്കയില്‍ ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാര്‍ക്കുവേണ്ടി പ്രചരണം നടത്താനും ഇന്ത്യയില്‍നിന്ന് ധാര്‍മ്മികവും ഭൗതികവുമായ പിന്തുണ നേടാനും ട്രാന്‍സ്വാള്‍ ഇന്ത്യന്‍ അസോസിയേഷന്റെ പ്രതിനിധിയായി പോളക് ഇന്ത്യ സന്ദര്‍ശിച്ചു. പ്രണയാതുരയായ, പോളക്കിനെ വല്ലാതെ മിസ് ചെയ്യുന്നതായി വിഷമിച്ച മിലിയെ ഗാന്ധി വാക്കുകളിലൂടെ ആശ്വസിപ്പിക്കുന്നു-മിലി, താന്‍ ഹെന്റിയുടെ നല്ലപാതി. നിന്നെ കൂടെ നടത്താന്‍ പറ്റാത്ത ഒരു പാതയും അവനെ സംബന്ധിച്ചിടത്തോളവും അഭികാമ്യമല്ല. നിനക്കും അവനും ഇടയില്‍ ഒരു വിടവ് സൃഷ്ടിക്കാന്‍ അവനാവില്ലെന്ന വിശ്വാസം നിനക്കില്ലേ? എന്ന വിശ്വസിക്കൂ മിലീ, സഹര്‍ഷമല്ലാതെ, മനസ്സില്ലാമനസ്സോടെ നല്‍കുന്ന ഒരു ഉപഹാരവും ദാനവും അതു രണ്ടുമാവുന്നില്ല.

1911-ല്‍ പോളക്ക് ഇന്ത്യയിലും ഇംഗ്ലണ്ടിലും വീണ്ടും പ്രചരണം നടത്തി; അദ്ദേഹത്തോടൊപ്പം മിലിയും ഉണ്ടായിരുന്നു. മിലിയുടെ സംഭാവനകളെ വാഴ്ത്തി ഗാന്ധി ഇന്ത്യന്‍ ഒപ്പീനിയനില്‍ എഴുതുന്നു-മിലിയുടെ ആവേശോജ്ജ്വലമായ പിന്തുണയില്ലായിരുന്നെങ്കില്‍ പോളക്കിന് കാര്യമായൊന്നും ചെയ്യാനാകുമായിരുന്നില്ല. മിലി നമ്മുടെ സ്ത്രീകള്‍ക്കിടയില്‍ അങ്ങോളമിങ്ങോളം സ്വതന്ത്രമായി സഞ്ചരിച്ച് സമൂഹത്തില്‍ അവരുടെ സ്ഥാനത്തെക്കുറിച്ച് ബോധവല്‍ക്കരിച്ചു. സംസാരത്തിലൂടെ, എഴുത്തിലൂടെ, ലഭ്യമായ എല്ലാ അവസരങ്ങളും ഉപയോഗിച്ചുകൊണ്ടുള്ള ബോധവല്ക്കരണ ദൗത്യം ഏറ്റെടുത്തു. ഭര്‍ത്താവിനെ ദൗത്യത്തില്‍ സഹായിച്ചുകൊണ്ടും.

മിലി ഒരു ഘട്ടത്തില്‍ എഴുതി: ഇന്ത്യയ്ക്ക് അഭിമാനിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്; എല്ലാറ്റിനും മീതെയാണ് അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉന്നമനത്തിനും അംഗീകാരത്തിനുമായി ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ സ്ത്രീകളുടെ സംഭാവന. അതിനെ അഭിനന്ദിച്ച ഗാന്ധിയുടെ വാക്കുകള്‍ നോക്കുക: നിഷ്‌ക്രിയമായ ചെറുത്തുനില്‍പ്പ് അഥവാ പാസ്സീവ് റസിസ്റ്റന്‍സ് ഒരു അധികാര ആയുധമായി ഞാന്‍ പഠിച്ചത് മറ്റാരേക്കാളും ഇന്ത്യന്‍ സ്ത്രീകളില്‍ നിന്നുമാണ്. ബാ പോലും (കസ്തൂര്‍ബ) എന്നെ അതു പഠിപ്പിച്ചു; നിരുപാധികമായും നിശ്ചയദാര്‍ഢ്യത്തോടേയും അവര്‍ നിരസിക്കുന്നതൊന്നും ചെയ്യാന്‍ പ്രേരിപ്പിക്കുക എനിക്കു സാധ്യമല്ല. അവര്‍ നിഷ്‌ക്രിയമായി എന്നെ ചെറുക്കുമ്പോള്‍, ഞാന്‍ നിസ്സഹായനാണ്.  (കടപ്പാട്: റഫറന്‍സില്‍ ലിങ്ക് ചെയ്ത ഡോ. പ്രഭാ രവി ശങ്കറിന്റെ ലേഖനം)

​ഗാന്ധിജിയുടെ കൊച്ചുമകൾ അവാ ​ഗാന്ധിയും ഡോ. സുശീല നയ്യാർക്കുമൊപ്പം
​ഗാന്ധിജിയുടെ കൊച്ചുമകൾ അവാ ​ഗാന്ധിയും ഡോ. സുശീല നയ്യാർക്കുമൊപ്പം

അന്ധരുടെ സാംസ്‌കാരിക ബിംബങ്ങള്‍

സംസ്‌കാരം എല്ലാവരേയും ചേര്‍ത്തുപിടിക്കുകയാണ്; സാംസ്‌കാരികബിംബങ്ങളായി മാറേണ്ടത് അതിനുമാത്രം കെല്പുറ്റ പ്രതീകങ്ങളാണ്. ആഘോഷിക്കപ്പെടേണ്ടതും അവയാണ്. ശ്രീരാമനും ശ്രീകൃഷ്ണനും ഗാന്ധിജിക്ക് ഇന്ത്യയിലെ ഹൈന്ദവ സമൂഹത്തെ ഏകോപിപ്പിച്ച് ബ്രിട്ടനെതിരെ നിര്‍ത്താനുള്ള പ്രതീകങ്ങളായിരുന്നു; ഖിലാഫത്തും അദ്ദേഹം ഉപയോഗിച്ചത് മുസ്ലിം സമൂഹത്തെ കൂടെ നിര്‍ത്തുവാനായിരുന്നു. അന്നത്തെ മനുഷ്യനല്ല ഇന്നുള്ളത്. ഒരു നൂറ്റാണ്ടിന്റെ അറിവ് വാറ്റിയെടുത്ത ബോധം കൈമുതലായുള്ളവരാണ്. നാലു നാട് നാല് രാജ്യങ്ങളായിരുന്ന കാലം മാറി മനുഷ്യന്‍ വിശ്വപൗരരാവുന്ന കാലത്ത് ബഹുസ്വരതയുടെ മഹാസിംഫണിയായ ഒരു ജനതയെ ചേര്‍ത്തുനിര്‍ത്താന്‍ വേണ്ടത് വിഭജനത്തിന്റെ പ്രതീകങ്ങളായി വന്നേക്കാവുന്ന എല്ലാറ്റിന്റേയും തിരസ്‌കാരമാണ്; നിരാസവുമാണ്. സെക്യുലറിസം ആവശ്യപ്പെടുന്നത് അതാണ്; നാനാത്വങ്ങളുടെ വിസ്മയഭൂവില്‍ ആര്‍ക്കും അന്യമല്ലാത്ത പൊതുവിടങ്ങളാവണം രാഷ്ട്രസ്വത്വത്തെ പ്രതിനിധീകരിക്കുന്നത്. അതു സമൂഹത്തെ ചേര്‍ത്തുനിര്‍ത്തിയ ചരിത്രസംഭവങ്ങളാവാം; ചരിത്രസത്യങ്ങളാവാം; ചരിത്രവ്യക്തികളുമാവാം. ദേശവാസികളെ ചേര്‍ത്തുനിര്‍ത്താനുള്ള നാഷണല്‍ ഐഡന്റിറ്റിയാണത്; ഞങ്ങളിതാണെന്നു ലോകത്തോട് വിളിച്ചുപറയലും.
 
അഹിംസയുടെ ആള്‍രൂപമായി ലോകം വിശേഷിപ്പിച്ച, മനുഷ്യന്‍ ദൈവമായി അവതരിച്ചതല്ലെങ്കില്‍ ദൈവം മനുഷ്യനായി അവതരിച്ചതെന്നു സഞ്ജയന്‍ വിശേഷിപ്പിച്ച മഹാത്മാവിനെ വെടിവെച്ചു കൊന്ന ഗോഡ്‌സേയും അയാളുടെ ആരാധകരും തന്നെയാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരര്‍. ഒരു സാദാ കൊലയാളിയില്‍നിന്നും ഭീകരന്‍ വ്യത്യസ്തനാവുന്നത് കൃത്യത്തിന്റെ ലക്ഷ്യം വച്ചാണ്. കൊലയാളി വെറും മനുഷ്യനെ ലക്ഷ്യമിടുമ്പോള്‍, ഭീകരവാദി മനുഷ്യനോടൊപ്പം ആശയത്തേയും ലക്ഷ്യമിടുന്നു.

ഇന്ത്യന്‍ ഭരണഘടനയില്‍ പൗരന്റെ ഫണ്ടമെന്റല്‍ ഡ്യൂട്ടി, കടമയായി ഉള്ള ഒരു വാചകമുണ്ട്: ശാസ്ത്രബോധവും മാനവികതയും പരിഷ്‌കരണത്തിനുമുള്ള ത്വരയും മനോഭാവവും വളര്‍ത്തിയെടുക്കുവാനുള്ള പ്രവര്‍ത്തനമാണത്. ഓരോ പൗരന്റേയും ബാധ്യതയായാണ് അംബേദ്കര്‍ അതിനെ കണ്ടത്. ഈ ബാധ്യത ലവലേശം നിറവേറ്റാത്ത ജന്മങ്ങളുടെ ഗോത്രങ്ങളായി ഇന്ത്യ നൂറ്റാണ്ടുകള്‍ പിറകോട്ടു പോവാതിരിക്കാന്‍ വേണ്ടത് ശാസ്ത്രീയബോധമാണ്; ചരിത്രബോധവും. ലോകം നമിക്കുന്ന ബുദ്ധന്‍ മുതല്‍ ഗാന്ധിവരെയുള്ള മഹാപ്രതിഭകളിലൂടെ ഇന്ത്യയെ ലോകത്തിനു മുന്നില്‍ ഷോക്കേസു ചെയ്യുകയാണ്; ബ്രാന്‍ഡു ചെയ്യുകയാണ് വേണ്ടത്. വൈവിദ്ധ്യങ്ങളുടെ മഹാപ്രപഞ്ചമായ ഇന്ത്യയില്‍ ജനതയെ ചേര്‍ത്തുനിര്‍ത്തിയത് അവരൊക്കെയും പകര്‍ന്ന ഊര്‍ജ്ജമാണ്; ബോധവും. അവരിലൂടെ തന്നെ രാജ്യത്തെ വീണ്ടെടുക്കുവാനുള്ള ശ്രമമാണ് നടക്കേണ്ടത്; പഴയഗോത്രബോധത്തിലേക്കു തിരിച്ചുനടക്കലല്ല. സത്യത്തില്‍ തനിക്കു മുന്നേ പോയ പ്രവാചകരുടെയെല്ലാം ഒരു അപ്ഗ്രേഡഡ് വേര്‍ഷന്‍ ആയിരുന്നില്ലേ ഗാന്ധി, വരികള്‍ക്കും വരകള്‍ക്കും അപ്പുറത്തെ ഗാന്ധി.

Reference:
Gandhi at First Sight, by Thomas Webber
https://www.mkgandhi.org/articles/mahatma-gandhi-and-millie-polak.html

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com