മനുഷ്യര്‍, അതിര്‍ത്തികള്‍, രുചികള്‍

പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ്, ജനുവരിയിലെ ഒരു രാത്രിയില്‍ റാസല്‍ഖൈമയില്‍നിന്ന് ദുബായിയിലേക്ക് യാത്ര ചെയ്യുമ്പോഴാണ് നല്ലക്കണ്ടി പുതിയ പുരയില്‍ ഫാക്കിയെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്
ശ്വേത​ഗോൺ പ​ഗോഡ/ ഫെയ്സ്ബുക്ക്
ശ്വേത​ഗോൺ പ​ഗോഡ/ ഫെയ്സ്ബുക്ക്

ത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ്, ജനുവരിയിലെ ഒരു രാത്രിയില്‍ റാസല്‍ഖൈമയില്‍നിന്ന് ദുബായിയിലേക്ക് യാത്ര ചെയ്യുമ്പോഴാണ് നല്ലക്കണ്ടി പുതിയ പുരയില്‍ ഫാക്കിയെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്. സഹയാത്രികനും ദുബായിലെ അഭിഭാഷകനും കക്ഷികളുടെ കേസ് ഏറ്റെടുത്ത് അതു നടത്തി പണം സമ്പാദിക്കുന്നതിനേക്കാള്‍ അവര്‍ക്ക് കൗണ്‍സലിങ്ങ് നല്‍കി തിരിച്ചയച്ചു സംതൃപ്തിയടയുന്ന വിചിത്രസ്വഭാവിയുമായ ആഷിക്കാണ് ഫാക്കിയെപ്പറ്റി പറഞ്ഞത്. എന്റെ യാത്രാഭ്രമമായിരുന്നു ആ പരിചയപ്പെടുത്തലിന് അയാളെ പ്രേരിപ്പിച്ചത്.

''യാത്ര ചെയ്യാന്‍ താല്‍പ്പര്യമുള്ളയാളാണെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഫാക്കിയെ പരിചയപ്പെടണം'' -ആഷിക്ക് പറഞ്ഞു.
''ആരാണീ ഫാക്കി?' -ഞാന്‍ ചോദിച്ചു. ആ പേരിനുതന്നെ ഒരു വിചിത്രത തോന്നി.
''തലശ്ശേരിക്കാരനാണ്. ഇവിടെ ബിസിനസ് നടത്തുന്നു. പോകാത്ത രാജ്യങ്ങളില്ല; പറയാത്ത ഭാഷകളില്ല. പത്താംതരം വരെ മാത്രമേ പഠിച്ചിട്ടുള്ളൂ.''

ആര്‍ക്കും കൗതുകം ജനിപ്പിക്കുന്ന തരത്തിലുള്ള ഇത്തരം ഒരു ഇന്‍ട്രോ പറഞ്ഞതിനുശേഷം ആഷിക്ക് ഫാക്കിയെ ഫോണില്‍ വിളിച്ച് എന്നെ പരിചയപ്പെടുത്തി, ഫോണ്‍ എനിക്കു കൈമാറി. മറുതലയ്ക്ക് തലശ്ശേരിയുടെ ഈണമുള്ള നാട്ടുമൊഴി:

''ഞാന് ഇപ്പ ആടെ ഇല്ല. ഇങ്ങ് നാട്ടിലാ. മറ്റന്നാള് ഇമ്മക്ക് കാണാ. സമയോം സ്ഥലോം ഞാന്‍ വക്കീലിനോട് പറഞ്ഞ് ഫിക്‌സ് ചെയ്യാം. ദുബൈയില് എന്താവശ്യണ്ടെങ്കിലും പറഞ്ഞോളീ...''

പിന്നീടങ്ങോട്ടുള്ള യാത്രയില്‍ ആഷിക്ക് ഫാക്കിയുടെ വിശേഷങ്ങള്‍ മാത്രമായിരുന്നു പറഞ്ഞത്. അടിസ്ഥാന വിദ്യാഭ്യാസവുമായി ഗള്‍ഫില്‍ എത്തിയ ആള്‍, കരാമയിലെ ഇറാനി ബസാറിലെ കടയില്‍ എടുത്തുകൊടുപ്പുകാരനായുള്ള തുടക്കം, പതുക്കെപ്പതുക്കെയുള്ള വളര്‍ച്ച, അവിടെ നടന്ന അടിപിടി, ദുബായ് പോര്‍ട്ടിലെ സീമെന്‍ ക്ലബ്ബില്‍ യൂറോപ്യന്മാര്‍ വരുന്ന മധുശാലകളില്‍ വാച്ചും കണ്ണൂരിലെ ദിനേശ് ബീഡിയും വിറ്റുനടന്ന കാലം, ആന്റിക് വസ്തുക്കളുടെ വ്യാപാരത്തിലേക്കുള്ള വഴിതിരിയല്‍, ലോകത്തിന്റെ വിശാലതകളിലേക്കുള്ള അതിന്റെ വ്യാപിപ്പിക്കല്‍, ഇപ്പോള്‍ പതിമൂന്നിലധികം രാജ്യങ്ങളില്‍ പടര്‍ന്ന ബിസിനസ് സാമ്രാജ്യം; എന്നിട്ടും ദുബായിയുടെ പുറത്ത് സാധാരണക്കാര്‍ പൊടിപുരണ്ട് ജീവിക്കുന്ന സ്ഥലത്തെ രണ്ടുമുറി ഫ്‌ലാറ്റിലെ ജീവിതം... ആഷിക്ക് പറഞ്ഞതെല്ലാം ഒരു അതിമാനുഷ കഥാപാത്രത്തിനു ചേര്‍ന്നതായിരുന്നു. ഞാന്‍ പാതി കേട്ടു; പാതി കേട്ടില്ല. കാണാന്‍ പോകുന്ന പൂരമല്ലേ...
വാഹനത്തിലേക്ക് അടിച്ചുകയറുന്ന തണുത്ത കാറ്റിനു മണല്‍ക്കുന്നുകളുടെ വന്യമായ ഗന്ധം. മഞ്ഞില്‍ നനഞ്ഞ മണല്‍പ്പരപ്പുകളുടെ ചെറുഖണ്ഡങ്ങള്‍ കടന്നുപോകുമ്പോള്‍ ഒട്ടകച്ചൂര്; ഒറ്റ നക്ഷത്രത്തിന്റെ ദൂരക്കാഴ്ച; ഈന്തപ്പനകളുടെ ഇരുണ്ട നിഴല്‍. കുറച്ച് മണിക്കൂറുകള്‍ക്കുശേഷം അവയെയെല്ലാം വിഴുങ്ങി ദുബായിയുടെ വര്‍ണ്ണത്തിളക്കം. ഏതൊക്കെയോ പരിമളങ്ങള്‍; ഉന്മത്തമായ ഉടലുകള്‍; ഒഴിഞ്ഞുനിറയുന്ന ചഷകങ്ങള്‍; സംഗീതം... ദുബായ് മറ്റെല്ലാം മറക്കാന്‍ സഹായിക്കുന്ന ലഹരിയായി.

ഫാക്കിയും ലേഖകനും (വലത്) യാത്ര തുടങ്ങിയപ്പോൾ
ഫാക്കിയും ലേഖകനും (വലത്) യാത്ര തുടങ്ങിയപ്പോൾ

2
ശിരസ്സില്‍ ഏഴ് നക്ഷത്രങ്ങളുടെ പ്രൗഢമുദ്ര പതിച്ച ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലായിരുന്നു ഫാക്കി ഞങ്ങള്‍ തമ്മിലുള്ള സമാഗമം നിശ്ചയിച്ചിരുന്നത്. മരുഭൂമിക്കുമേല്‍ സന്ധ്യ തുടുത്തു തുടങ്ങിയപ്പോള്‍ എന്നെ ഗ്രാന്‍ഡ് ഹയാത്തിനു മുന്നില്‍ ഉപേക്ഷിച്ച്, തന്റെയേതോ കക്ഷികളെ കൗണ്‍സലിങ്ങിലൂടെ നല്ലവരാക്കാനായി ആഷിക്ക് എങ്ങോട്ടോ പോയി. കൊട്ടാര സദൃശമായ ആ ഹോട്ടലിനു മുന്നില്‍, വഴിതെറ്റി വന്നവനെപ്പോലെ ഞാന്‍ നിന്നു. ലോകം ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ ദുബായ് ഉണരുന്നേയുള്ളൂ; ഇനി ഒരുങ്ങി അവളിറങ്ങും. ആനന്ദനൃത്തമാടും. പുലര്‍നക്ഷത്രമുണരുന്ന നേരമാവുമ്പോഴേയ്ക്കും തളര്‍ന്നുറങ്ങും.

തണുത്ത കാറ്റില്‍ ഹോട്ടലിന്റെ കൊടിക്കൂറകളും ചെടികളും ചെറുമരങ്ങളും അതിദ്രുതം ഇളകിക്കൊണ്ടേയിരുന്നു. പല നിറങ്ങളിലുള്ള വെളിച്ചത്തില്‍ മുറ്റത്തെ ജലധാര വെട്ടിത്തിളങ്ങി. മേനിയഴകും മേക്കപ്പഴകുമുള്ള സ്ത്രീ പുരുഷന്മാര്‍ വരികയും പോകുകയും ചെയ്യുന്നു. അവരുടെ ഉടലില്‍നിന്നും ഉതിരുന്ന പലതരത്തിലുള്ള പരിമളങ്ങള്‍ തണുത്ത അന്തരീക്ഷത്തില്‍ പടര്‍ന്നിരുന്നു.

ഹോട്ടല്‍ റിസപ്ഷനു മുന്നില്‍ സ്ഥാപിച്ച വലിയ രണ്ട് വയലിനുകളില്‍ കോട്ടും സൂട്ടുമണിഞ്ഞ സുമുഖരായ രണ്ടുപേര്‍ ഏതോ ഹൃദ്യസംഗീതം സൃഷ്ടിക്കുന്നു. മുറ്റത്തേയ്ക്കും അതിന്റെ അലകള്‍ എത്തുന്നുണ്ട്. മുറ്റത്തുനിന്നും അകത്തേയ്ക്ക് നോക്കുമ്പോള്‍ ആ ഹോട്ടല്‍ ഏതോ സിനിമയില്‍ക്കണ്ട മുഗള്‍ കൊട്ടാരത്തെ ഓര്‍മ്മിപ്പിച്ചു. ശരറാന്തലുകളുടെ വെളിച്ചം അതിന്റെ വിലപിടിച്ച തിരശ്ശീലകളെ വരെ തിളക്കി. മേനിയുടെ വെളുപ്പും മുഴുപ്പും വ്യക്തമാക്കാന്‍ വേണ്ടി മാത്രം വസ്ത്രം ധരിച്ച സ്ത്രീകള്‍ ആ വെളിച്ചത്തില്‍ ഹര്‍ഷോന്മാദിനികളായ തുമ്പികളെപ്പോലെ പാറിനടന്നു.

എന്റെ ആദ്യ ദുബായ് യാത്രയായിരുന്നു അത്. അത്രയും വലിയ ഒരു ഹോട്ടല്‍ ഞാന്‍ കാണുന്നതും ആദ്യമായിട്ടായിരുന്നു. ബംഗാളിലെ ഗ്രാമങ്ങളിലൂടെ 15 നാളുകള്‍ ദീര്‍ഘിച്ച ഒരു അലച്ചിലിനുശേഷമാണ് കൊല്‍ക്കത്ത വഴി ഞാന്‍ ദുബായിയില്‍ എത്തിയത്. വംഗഗ്രാമങ്ങളിലെ പൊടിമണ്ണിന്റെ ശേഷിപ്പുകള്‍ അപ്പോഴും എന്റെ നാടന്‍ ചെരുപ്പില്‍ പറ്റിപ്പിടിച്ചിരിപ്പുണ്ടായിരുന്നു. ദുബായില്‍ എത്തി രണ്ട് ദിവസം വേണ്ടിവന്നു എന്റെ കാഴ്ചകള്‍ക്ക് ഒരു ബാലന്‍സ് കിട്ടാന്‍. ഓരോരോ വളവുകളിലും തിരിവുകളിലും വ്യത്യസ്തമായ കാഴ്ചകളും ഗന്ധങ്ങളും വാമൊഴികളും വസ്ത്രവിശേഷങ്ങളും രുചിഭേദങ്ങളും കാത്തുവച്ച ഇന്ത്യയില്‍നിന്ന്, മരുഭൂമിയിലെ നിര്‍മ്മിത കാഴ്ചകളുടെ വിരസതയിലേക്കെത്തിയപ്പോള്‍ എനിക്കാകെ തലചുറ്റുന്നതുപോലെ തോന്നി. ആകെയുള്ള ശബ്ദം വാഹനങ്ങള്‍ ഇരമ്പുന്നതിന്റേതാണ്; ഗന്ധം പലവിധ സുഗന്ധദ്രവ്യങ്ങളുടേതും പലപ്പോഴും വീശിവരുന്ന മഞ്ഞുനനഞ്ഞ മരുക്കാറ്റിന്റേതും. കാഴ്ചയില്‍ ആകെയുള്ള മരം ഈന്തപ്പനയാണ്. പ്രാര്‍ത്ഥിച്ചും കാറ്റിലുലഞ്ഞും തണല്‍പരത്തിയും നില്‍ക്കുന്ന വൃക്ഷങ്ങള്‍ നമ്മെ ഏകാന്തതയില്‍നിന്നും എത്രമാത്രം മോചിപ്പിക്കുന്നു എന്നും സമഷ്ടിപ്രകൃതിയുമായി ബന്ധിപ്പിച്ചു നിര്‍ത്തുന്നു എന്നും അന്നാണ് എനിക്കു ബോധ്യമായത്. നാട്ടിലോ വീട്ടിലോ തനിച്ചാവുമ്പോള്‍ വെറുതെ ജനലിലൂടെ തൊടിയിലെ വൃക്ഷക്കൂട്ടങ്ങളിലേക്ക് ഒന്നു നോക്കിയാല്‍ മതി, അവ നിശ്ശബ്ദമായി പറയും: ഞങ്ങളിവിടെയുണ്ട്; അതിലെ കിളികളും അണ്ണാനും പറയും ഞങ്ങളിവിടെയുണ്ട്. അതു നല്‍കുന്ന ആശ്വാസം ചെറുതല്ല എന്ന് മരുഭൂമിയില്‍ എത്തിയപ്പോഴാണ് മനസ്സിലായത്. മരുമണലില്‍ ആശ്വാസത്തിനായി കണ്ണയക്കുന്നിടത്തെല്ലാം ആകാശചുംബികളായ കെട്ടിടങ്ങള്‍ മാത്രം. അവയ്ക്കിടയില്‍പ്പാറുന്ന കുഞ്ഞുപക്ഷികള്‍ മാത്രമാണ് പ്രകൃതിയുമായി മനുഷ്യനെ അല്‍പ്പമെങ്കിലും കാല്‍പ്പനികതയോടെ ഘടിപ്പിച്ചു നിര്‍ത്തുന്ന ഏക ഘടകം.

ആ പക്ഷികള്‍പോലും ഞാന്‍ കാത്തുനില്‍ക്കുന്ന ഗ്രാന്‍ഡ് ഹയാത്തിനു മുന്നിലില്ലായിരുന്നു. വംഗദേശത്തെ ചെമ്മണ്ണും ചെരിപ്പിലേറ്റി, ഒരു കോട്ടുപോലും ധരിക്കാതെ, മുഷിഞ്ഞ ഷര്‍ട്ടും പാന്റ്സും ധരിച്ചുവന്ന ഞാന്‍ ആ സ്ഥലത്തിനു തീരെ ചേരാത്തവനാണ് എന്ന് എനിക്കു പെട്ടെന്നുതന്നെ ബോധ്യമായി. അതുകൊണ്ടുതന്നെ എനിക്കു ലോബിയില്‍ കയറിയിരിക്കാന്‍ മടിതോന്നി. ഞാന്‍ മുറ്റത്തുതന്നെ പതുങ്ങിപ്പതുങ്ങി നിന്നു. വലിയ വലിയ കാറുകള്‍ ഒരോന്ന് ഒഴുകിയെത്തുമ്പോള്‍, അവയില്‍നിന്നു കോട്ടും സൂട്ടുമണിഞ്ഞ മനുഷ്യര്‍ ഇറങ്ങുമ്പോള്‍ ഞാന്‍ അക്കൂട്ടത്തില്‍ ഫാക്കിയെ പ്രതീക്ഷയോടെ തിരഞ്ഞു. പതിമൂന്നിലധികം ലോകരാജ്യങ്ങളില്‍ ബിസിനസ്സുള്ള ഒരാളുടെ വരവും രാജകീയമായിരിക്കും. ഒരു മണിക്കൂറിലധികം ഞാന്‍ ആ നില്‍പ്പുനിന്നു. ആരൊക്കെയോ വന്നു; ആരൊക്കെയോ പോയി. ആരും എന്നെ തിരഞ്ഞില്ല. അതുകൊണ്ടുതന്നെ അവരാരും ഫാക്കിയല്ല എന്നു ഞാന്‍ തീര്‍ച്ചയാക്കുകയും ചെയ്തു.

ദുബായിക്കു മുകളിലും ഹോട്ടലിനകത്തും രാത്രി കറുത്ത മുന്തിരിവീഞ്ഞുപോലെ നിറഞ്ഞു പതഞ്ഞുതുടങ്ങി. ഹോട്ടലില്‍നിന്നു സംഗീതവും ഉച്ചത്തിലുള്ള ചിരികളും ഉയര്‍ന്നു. നൂറുകണക്കിനായ അതിന്റെ ജാലകവാതിലുകളില്‍ നിഴലുകള്‍ നീങ്ങുകയും വിറയ്ക്കുകയും മായുകയും ചെയ്തു. എനിക്കു നിന്നുനിന്നു മടുത്തു. മൊബൈല്‍ ഫോണില്ല; വഴിയറിയില്ല. ഹയാത്തില്‍ കയറി രണ്ടെണ്ണമടിക്കാം എന്നുവച്ചാല്‍ പണം കയ്യിലില്ല; പണയം വെക്കാന്‍ ഒരു വാച്ചുപോലുമില്ല. എല്ലാത്തരത്തിലും അപകര്‍ഷത ബാധിച്ച ഒരു മലയാളിയായി ഞാന്‍ നില്‍പ്പു തുടര്‍ന്നു.

ഒടുവില്‍, എട്ടുമണി കഴിഞ്ഞപ്പോള്‍, വെളുത്ത ഷര്‍ട്ട് കറുത്ത പാന്റ്സില്‍ ഇന്‍സൈഡ് ചെയ്ത്, കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ കൊണ്ടുനടക്കുന്നതുപോലുള്ള ഒരു ബാഗും തൂക്കി നാല്‍പ്പതിനും അന്‍പതിനും മധ്യേ പ്രായമുള്ള ഒരാള്‍ തിരക്കിട്ടുകൊണ്ട് ഹോട്ടലിന്റെ മുറ്റത്തേയ്ക്ക് നടന്നുവന്നു. ഗ്രാന്‍ഡ് ഹയാത്തിന്റെ പരിസരത്തിന് ഇണങ്ങുന്നതായിരുന്നില്ല അയാളുടെ നടത്തത്തിന്റെ താളം. ബസോ ട്രെയിനോ കിട്ടാന്‍ വൈകിയതിനാല്‍ പറഞ്ഞ സമയത്ത് എത്താന്‍ സാധിക്കാതിരുന്ന ഒരു മലയാളിയുടെ ആന്തല്‍ ആ നടത്തത്തിലുണ്ടായിരുന്നു. ആ രാജകീയ ഹോട്ടലിന്റെ മുറ്റത്ത് ഏറ്റവും അണ്‍ഫിറ്റായി നില്‍ക്കുന്ന ആള്‍ ഞാനായതുകൊണ്ടാവാം അയാള്‍ എന്റെയടുത്തേക്ക് വന്നു. എന്നിട്ടു പറഞ്ഞു:

''സോറി, കൊറച്ച് നേരം വൈകിപ്പോയി, ഞാന്‍ ഫാക്കി.''
ഞാന്‍ അയാള്‍ക്ക് കൈകൊടുത്തു.
''വാ ഞമ്മക്ക് ആത്തിരിക്കാം. ആടെ ഞാന്‍ സ്ഥലം പറഞ്ഞ് വെച്ചിറ്റിണ്ട്'' -ഫാക്കി പറഞ്ഞു.

ഗ്രാന്‍ഡ് ഹയാത്ത് മുഴുവന്‍ തന്റേതാണ് എന്ന മട്ടിലായിരുന്നു അതിന്റെ തളത്തിലൂടെ ഫാക്കി നടന്നത്. പിറകെ ഞാനും പതുങ്ങിപ്പതുങ്ങി ചെന്നു. വെളിച്ചവും ഇരുട്ടും ഇടകലര്‍ന്ന, ഏതൊക്കെയോ രുചികളുടെ ഗന്ധം പരന്ന ഇടനാഴികളിലൂടെ നടന്നു ഞങ്ങള്‍ സ്വസ്ഥമായ ഒരു മൂലയില്‍ 'റിസര്‍വ്വ്ഡ്' എന്നെഴുതിയ ഒരു മേശയ്ക്ക് മുന്നിലെത്തി. പരിചാരകര്‍ ഞങ്ങളെ സ്വീകരിച്ചിരുത്തി. ചുറ്റിലും ഗ്ലാസ്സുകള്‍ കൂട്ടിമുട്ടുന്ന ശബ്ദം; മണ്‍പാത്രങ്ങള്‍ ഉരസുന്ന ശബ്ദം; പതിഞ്ഞ ചിരികള്‍; ഏതൊക്കെയോ ഭാഷകളിലെ സംസാരങ്ങള്‍. ഉദിച്ചുയരുന്ന ചന്ദ്രബിംബം കെട്ടിടത്തിന്റെ വിടവിലൂടെ കാണാം. ഏകാന്തമായ മരുഭൂമിയില്‍ നിലാവ് പരന്നിരിക്കും. ശരറാന്തലുകളുടെ ഈ ലോകത്തിനു നിലാവ് അന്യയാണ്.

''എന്താ കയിക്കാന്‍ പറേണ്ടത്?'' ഫാക്കി ചോദിച്ചു. ''എന്തും ഇവിടെക്കിട്ടും.''
''രണ്ട് ലാര്‍ജ് വോഡ്കയും ഗ്രീന്‍ സലാഡും മാത്രം മതി'' -ഞാന്‍ പറഞ്ഞു.
''വേറൊന്നും വേണ്ടേ?'' ഫാക്കി ചോദിച്ചു.
''തല്‍ക്കാലം ഇതുമതി'' എനിക്കു കാത്തുനിന്നതിന്റെ മുഷിപ്പ് ഒന്നു കഴുകിക്കളയണമായിരുന്നു.

ഞങ്ങളുടെ ഓര്‍ഡര്‍ കാത്തുനിന്ന വെയ്റ്ററോട് ഫാക്കി അയാളുടെ നാട് ചോദിച്ചു. ഇറാനി ആണെന്നു പറഞ്ഞപ്പോള്‍ ആ ഭാഷയിലാണ് ഓര്‍ഡര്‍ കൊടുത്തത്. സ്വന്തം ഭാഷ കേട്ടതുകൊണ്ടാവണം അയാള്‍ പ്രസാദവാനായിരുന്നു. ഓര്‍ഡറെടുത്തു പോകുമ്പോള്‍ ഫാക്കി അയാളുടെ പുറത്ത് തട്ടിച്ചിരിച്ചു, അയാളും ചിരിച്ചു.

എത്താന്‍ വൈകിയതില്‍ ഫാക്കി ക്ഷമ ചോദിച്ചു. നാട്ടിലേയും വീട്ടിലേയും വിശേഷങ്ങള്‍ ചോദിച്ചു. എത്ര ദിവസം ദുബായിയിലുണ്ട് എന്നന്വേഷിച്ചു. എല്ലാം തനി തലശ്ശേരി ഭാഷയില്‍. അപ്പോഴേയ്ക്കും വോഡ്കയും സലാഡും വന്നു. വോഡ്ക വന്നുപോവുന്നതിനനുസരിച്ച് രാത്രി വളര്‍ന്ന്, പാതിരയും കടന്ന് പുലരിയിലേക്ക് കവിഞ്ഞു. തൊട്ടടുത്തുള്ള മേശകളില്‍ ആരൊക്കെയോ വരികയും പോവുകയും ചെയ്തു; ഭാഷകളും വിഭവങ്ങളും മാറിമറിഞ്ഞു.

''എന്താണ് ആദ്യം കച്ചവടം ചെയ്തത്?'' ഞാന്‍ ഫാക്കിയോട് ചോദിച്ചു.
''ഓറഞ്ചിന്റെ അല്ലികള്‍. തലശ്ശേരി മാര്‍ക്കറ്റിലേയ്ക്ക് പെട്ടിയില്‍ വരുന്ന ഓറഞ്ചില്‍ നല്ലതല്ലാത്തത് ഓര് ഒഴിവാക്കും. അതില് തെരഞ്ഞ് തോട് കളഞ്ഞ് എടുത്താല്‍ രണ്ടോ മൂന്നോ നല്ല അല്ലികള്‍ ഉണ്ടാവും. ഞാനത് എടുത്തുകൊണ്ടുവന്ന് തേക്കിന്റെ എലയില്‍ വെച്ച് വില്‍ക്കും'' ഇതു പറഞ്ഞപ്പോള്‍ അയാളുടെ മുഖത്ത് ഒരു നാട്ടിന്‍പുറത്തുകാരനു മാത്രം തിരിച്ചറിയാന്‍ സാധിക്കുന്ന അഭിമാനത്തിന്റെ അല പടര്‍ന്നു.

മൂന്നാം വയസ്സില്‍ ബാപ്പ മരിച്ച തനിക്ക് ഏഴ് വയസ്സായപ്പോഴേയ്ക്കും സ്വന്തമായി പണപ്പെട്ടി ഉണ്ടായിരുന്നു എന്നു പറഞ്ഞ് ഫാക്കി പൊട്ടിച്ചിരിച്ചു. ഉമ്മയുടെ ബാപ്പയ്ക്ക് റംഗൂണില്‍ ചാക്കിന്റെ കച്ചവടമായിരുന്നു. പിന്നീട് തലശ്ശേരിയില്‍ വന്ന് കോടതിപ്പടിയില്‍ ഹോട്ടല്‍ തുടങ്ങി. ഉപ്പയുടേയും വല്യുപ്പയുടേയും സിരകളിലെ കച്ചവടച്ചൂടുള്ള രക്തം തന്നെയായിരിക്കാം തന്നിലും ഒഴുകുന്നത് എന്ന് ഫാക്കി വിശ്വസിക്കുന്നു.

സ്‌കൂളില്‍ ചേര്‍ന്നപ്പോഴേയ്ക്കും ഫാക്കിയുടെ കച്ചവടം വളര്‍ന്നു. മുരിങ്ങാക്കായ, മരങ്ങളില്‍നിന്നു പറിച്ച് വക്കീലന്മാരുടെ വീട്ടില്‍ക്കൊണ്ടുപോയി വില്‍ക്കും; കടലില്‍ നീന്തി പാറയില്‍ ഒട്ടിനില്‍ക്കുന്ന കല്ലുമ്മക്കായ പറിച്ചുകൊണ്ടുവന്നു കരയില്‍ വില്‍ക്കും; ഐസ് വില്‍ക്കും. ഒന്‍പതാം ക്ലാസ്സില്‍ എത്തിയതോടെ തുടര്‍പഠനം എന്ന അപകട സിഗ്‌നല്‍ ദൂരെ കത്തുന്നത് ഫാക്കി തിരിച്ചറിഞ്ഞു. ഭട്കലിലെ കോളേജില്‍ ചരിത്രാദ്ധ്യാപികയായ അമ്മായി, മരുമകന്‍ പത്താംക്ലാസ് പാസ്സാവുന്നത് കാത്തിരിക്കുകയാണ്; ഉന്നതപഠനത്തിനു റാഞ്ചാന്‍. ആ അപകടം നേരത്തെ തിരിച്ചറിഞ്ഞതുകൊണ്ട് ഫാക്കിക്ക് മനപ്പൂര്‍വ്വം തോല്‍ക്കാന്‍ സാധിച്ചു.

ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതലേ സമയം കിട്ടുമ്പോള്‍ തലശ്ശേരി അങ്ങാടിയിലെ ലത്തീഫിന്റെ തുലാസ് കടയില്‍ സഹായിയായിപ്പോയിരുന്നു. പത്താംതരം തോറ്റപ്പോള്‍ ആ ജോലി മുഴുവന്‍ സമയം ഏറ്റെടുത്തു. ലത്തീഫിന്റെ കടയില്‍ തുലാസിന്റെ കച്ചവടം കൂടി. വരുമാനം വര്‍ദ്ധിച്ചു. അതേസമയം തന്നെ ലത്തീഫിന്റെ കടക്കരുകില്‍ ഫാക്കിയും സ്വന്തമായി ഒരു തുലാസ് കട തുടങ്ങി, സ്വന്തം അധ്വാനം കൊണ്ട്.

തലശ്ശേരിയിലെ കരയില്‍നിന്നും കടല്‍ കാണുമ്പോഴെല്ലാം അതിനപ്പുറം ഏതൊക്കെയോ ദേശങ്ങളുണ്ടെന്നും അവിടെയെല്ലാം എന്തൊക്കെയോ സാധ്യതകളുണ്ടെന്നുമുള്ള ഉള്‍വിളികള്‍ ഫാക്കിയില്‍ പെരുകിക്കൊണ്ടേയിരുന്നു. അത് നിലയ്ക്കാതെ തിരപോലെ ഉയര്‍ന്നുതാണു. 18-ാം വയസ്സില്‍ ബോംബെ വഴി ദുബായിയിലേക്ക് പറക്കുമ്പോള്‍ ലോകത്തിന്റെ കൂട്ടുപാതയിലേക്കാണ് താനിറങ്ങാന്‍ പോവുന്നതെന്ന് ആ യുവാവിനു തോന്നി. ദുബായിയില്‍നിന്നാണ് ഫാക്കി 13 രാജ്യങ്ങളിലേയ്ക്ക് പ്രവഹിച്ച് പ്രവഹിച്ച്, പറന്ന് പറന്ന് എത്തിയത്.

സംസാരിച്ച് സംസാരിച്ച് രാവ് പാതിയും എപ്പോഴേ പിന്നിട്ടു. പുലര്‍ച്ചെ നാലരയായപ്പോള്‍ ചുറ്റിലുമുള്ള മേശകള്‍ എല്ലാമൊഴിഞ്ഞു. മരുഭൂമിയില്‍ ഒരു രാത്രി പൊഴിഞ്ഞുതീര്‍ന്നതറിയാതെ ഞങ്ങള്‍ ഇരുന്നു. അന്ന് ഉച്ചയ്ക്കുശേഷം എനിക്ക് കോഴിക്കോട്ടേക്ക് മടങ്ങണമായിരുന്നു.

''ദുബായ്ന്ന് ങ്ങക്ക് എന്താ വേണ്ടത്?'' ഹയാത്തിന്റെ ആളൊഴിഞ്ഞ കവാടത്തില്‍നിന്നു പിരിയുമ്പോള്‍ ഫാക്കി ചോദിച്ചു.
''അച്ഛന് ഉപയോഗിക്കാന്‍ ഒരു ടോര്‍ച്ച് കിട്ടിയാല്‍ക്കൊള്ളാം'' ഞാന്‍ പറഞ്ഞു.
''അത് മാത്രം മതിയോ?''
''മാത്രം, ധാരാളം.''
''പകല് എനക്ക് കൊറേ മീറ്റിങ്ങ്ണ്ട്. എന്നാലും എങ്ങനേങ്കിലും ഞാന്‍ വരാ. ഇന്‍ശാ അള്ളാ.''
 മുറിയില്‍ച്ചെന്നു കിടക്കയില്‍ വീണപ്പോള്‍ റഷ്യന്‍ വോഡ്കയുടെ ഭ്രമണങ്ങളില്‍പ്പെട്ട എന്റെ മനസ്സ് ചോദിച്ചു:
''ആരാണീ മനുഷ്യന്‍?''
ഉത്തരം കിട്ടാതെ എപ്പോഴോ ഞാന്‍ ഉറങ്ങി.

ട്രയാം​ഗിൾ ബോർഡറിലെ ഷാൻ കോളനി
ട്രയാം​ഗിൾ ബോർഡറിലെ ഷാൻ കോളനി

3
ആരോ ബെല്ലടിച്ചപ്പോഴാണ് ഉണര്‍ന്നത്. സമയം പതിനൊന്നരയായിരിക്കുന്നു. അഞ്ചരയ്ക്കാണ് എന്റെ ഫ്‌ലൈറ്റ്. തുറന്നപ്പോള്‍ ഫാക്കിയാണ്. ഒപ്പം കോട്ടും സൂട്ടുമിട്ട് രണ്ടുപേരുമുണ്ട്. അവര്‍ പരുങ്ങിപ്പരുങ്ങി പുറത്ത് നിന്നതേയുള്ളൂ.

''അച്ഛന്ള്ള ടോര്‍ച്ചിതാ. പിന്നെ, ഇങ്ങളെ റിട്ടേണ്‍ ടിക്കറ്റ് ഞാന്‍ വേറെ വഴി കാന്‍സല്‍ ചെയ്തു. നാളേയ്ക്ക പുതിയത് ഒന്ന് എടുത്തിട്ടുണ്ട്. ബിസിനസ് ക്ലാസ്സില്‍. മ്മക്ക് കൊറച്ചുകൂടി വര്‍ത്താനം പറഞ്ഞിട്ട് പോവാം.''
ഫാക്കി അതു പറഞ്ഞപ്പോള്‍ ഉറക്കച്ചടവിലും ഞാന്‍ ഉടലോടെ വിയര്‍ത്തുപോയി. എങ്ങനെ ടിക്കറ്റ് കാന്‍സല്‍ ചെയ്തു എന്നോ എന്തിനാണ് ഇത്രയും രൂപ മുടക്കി പുതിയ ടിക്കറ്റ് എടുത്തത് എന്നോ അയാള്‍ പറഞ്ഞില്ല. ''ഇന്ന് പോവേണ്ട'' എന്നു മാത്രമാണ് എനിക്കു വ്യക്തമായി മനസ്സിലായ ഏക കാര്യം. 'യോദ്ധ' എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രമായ തൈപ്പറമ്പില്‍ അശോകന്‍ അങ്ങകലെ കാഠ്മണ്ഡുവില്‍നിന്നു ''കുട്ടിമാമാാാ...'' എന്നു വിളിച്ചതുപോലെ എനിക്കും വിളിക്കാന്‍ തോന്നി. പക്ഷേ, വിളികേള്‍ക്കാന്‍ ദുബായിയില്‍ എനിക്കൊരു കുട്ടിമാമയില്ലായിരുന്നു.

ഇപ്പോള്‍ ആകെയുള്ള രക്ഷ മുന്നില്‍ നില്‍ക്കുന്ന ഈ മനുഷ്യനാണ്.
അന്നു പകല്‍ മുഴുവന്‍ ഞാന്‍ അന്തംവിട്ടുറങ്ങി. രാത്രി ഫാക്കി വന്നു. മറ്റേതോ ഹോട്ടല്‍; മറ്റേതോ മദ്യം. മെഴുകുതിരിയുടെ വെളിച്ചത്തിലായിരുന്നു സംഭാഷണം. മഞ്ഞവെളിച്ചത്തില്‍, പുഴുങ്ങിയ ഉരുളക്കിഴങ്ങ് കഴിക്കുന്നതിനിടെ ഞാന്‍ ചോദിച്ചു:

''എങ്ങനെയാണ് താങ്കള്‍ ഓരോ രാജ്യങ്ങളിലേക്കും എത്തിപ്പെടുന്നത്?''
''അതിനു വെഷമമില്ല. ഞമ്മള് ഏതു രാജ്യത്ത് പോയാലും ആടെ ഹെലികോപ്റ്ററ് വാടകയ്ക്ക് കിട്ടും. അയില് കേരി പറന്ന് മോള്ന്ന് നോക്കിയാല്‍ അന്നാട്ടിലെ കല്ലെത്ര, മരമെത്ര, വെള്ളമെത്ര എന്നു മനസ്സിലാവും. ആടെ എന്ത് കച്ചോടാ ചെയ്യണ്ടേന്നു മനസ്സിലാവും. തായ്ലണ്ടില് മരംണ്ട് പക്ഷേ, സ്‌കില്‍ഡ് വര്‍ക്കേഴ്സ് കൊറവാ. അന്നേരം ഞാന്‍ തായ്ലണ്ട്ന്ന് മരം എടുത്ത് ചൈനയിലേക്ക് കൊണ്ടോവും. പണി ആടെ ചെയ്യിക്കും.

ങ്ങളെ മതത്തിന്റെ ഗണപതിനേം മ്മളെ ബുദ്ധനേം എല്ലാം ഞാന്‍ ചൈനേന്ന് ണ്ടാക്ക്ന്ന്ണ്ട്. ഓല് ണ്ടാക്കുമ്പോ ഗണപതിക്കും ബുദ്ധനുമെല്ലാം ചെങ്കിസ്ഖാന്റേയും മാവോ സേതൂങ്ങിന്റേയുമെല്ലാം ഛായ വരും. അതോണ്ട് പലപ്പോഴും നമ്മള് പോയി നിന്നു കാണിച്ചുകൊടുക്കണം'' -ഫാക്കി തന്റെ വിചിത്രമായ കച്ചവട രഹസ്യം പറഞ്ഞു.

അന്നും പാതിരാവ് കഴിഞ്ഞു. പിരിയുമ്പോഴേയ്ക്കും ഫാക്കി എന്ന തലശ്ശേരിക്കാരന്‍ എനിക്ക് കൂടുതല്‍ പരിചിതനായിരുന്നു. കൗതുകമുള്ള ഒരു ജീവിതം അയാളിലുണ്ട് എന്നെനിക്കു മനസ്സിലായി. വിരസരായ മനുഷ്യര്‍ വര്‍ദ്ധിച്ച തോതില്‍ ആവര്‍ത്തിക്കുന്ന ലോകത്ത്, വല്ലപ്പോഴുമൊക്കെ അപൂര്‍വ്വം ചിലര്‍ ഇങ്ങനെ മുന്നില്‍ വന്നുപെടും - ജീവിതം വിചിത്രവും വിശാലവുമാണെന്നു ബോധ്യപ്പെടുത്തിക്കൊണ്ട്.

4
മാസങ്ങള്‍ക്കുശേഷം തലശ്ശേരിയില്‍നിന്നും ഫാക്കി വിളിച്ചു:
''വരീ, വീടും നാടുമെല്ലാം ഒന്നു കാണാ.''

ചേറ്റന്‍കുന്നില്‍ ഫാക്കി പുതുതായി പണിത വീട്ടില്‍ ഞാന്‍ എത്തുമ്പോള്‍ കാര്‍പ്പോര്‍ച്ചില്‍ ഒരു പുത്തന്‍ ജെ.സി.ബി കിടന്നിരുന്നു. ഫാക്കിയുടെ ഉമ്മയ്ക്കും കുടുംബത്തിനുമൊപ്പം അത്താഴം കഴിച്ചതിനുശേഷം ഞങ്ങള്‍ നടക്കാനിറങ്ങി. അരിപ്പൂവിന്റേയും രാത്രിമുല്ലയുടേയും തൊഴുത്തില്‍ക്കെട്ടിയ കന്നുകള്‍ ഉരസുന്നതിന്റേയും ഗന്ധം ആസ്വദിച്ചുകൊണ്ട്, നാട്ടുവെളിച്ചത്തില്‍ നടക്കവേ ഞാന്‍ ചോദിച്ചു:

''കാര്‍ഷെഡ്ഢില്‍ ഒരു ജെ.സി.ബി ഇട്ടിരിക്കുന്നതു കണ്ടു.''
''അത് ഞാനൊരു പ്രത്യേക ആവശ്യത്തിനു വാങ്ങിയതാ. ഞാനീട പുതിയ വീട് വച്ചത് കുടംബത്തിന്റെ ഉള്ളില്‍ത്തന്നെ ചര്‍ച്ചയായിരുന്നു. വീട്ടില്‍ക്കൂടലിനു കുടുംബക്കാരേയും നാട്ടുകാരേയും കാര്‍ന്നോമ്മാരേയും ഞാന്‍ അടക്കിവിളിച്ച്. ഇവരെല്ലാം ഒര് സ്ഥലത്ത് കൂടിയാല്‍ വീടിനെക്കുറിച്ചായിരിക്കും അനാവശ്യ ചര്‍ച്ച എന്നെനിക്കുറപ്പായിരുന്നു; ഞമ്മള് മലയാളികളല്ലേ. അതോണ്ട് ഞാന്‍ മദിരാശീന്ന് ഒരു പുതിയ ജെ.സി.ബി വാങ്ങി കാര്‍ഷെഡ്ഡിലിട്ട്. ചര്‍ച്ച മുഴുവന്‍ പിന്നെ അയിന്റെ മോളിലായി. എനിയത് വില്‍ക്കണം.'' അത് കേട്ടപ്പോള്‍ ഞാന്‍ ഇരുട്ടില്‍ ഒരു നിമിഷം നിന്നു. എന്നിട്ട് സ്വയം ചോദിച്ചു:
''ഈ മനുഷ്യന്‍ ആരാണ്?''

പിറ്റേ ദിവസം വീടിനു തൊട്ടടുത്തുള്ള ജൈവക്കൃഷിയിടത്തില്‍ ഞങ്ങളിരിക്കുമ്പോള്‍ ഫാക്കിയുടെ ഫോണിലേക്ക് ഒരു കോള്‍ വന്നു. ഇംഗ്ലീഷിലായിരുന്നു സംസാരം. അതിന്റെ ഏകദേശ സാരം ഇങ്ങനെയായിരുന്നു:

''സര്‍, നമ്മുടെ പേര് വെച്ച് മൂന്ന് വലിയ കടകള്‍ അബുദാബിയില്‍ പല സ്ഥലത്തായി തുറക്കാന്‍ പോകുന്നു. ഈ കടകള്‍ ഇപ്പോള്‍ അടഞ്ഞുകിടക്കുകയാണ്. ബോര്‍ഡ് വച്ചിട്ടുണ്ട്. നമ്മുടെ കണക്കില്‍ ഇങ്ങനെ മൂന്ന് കടകള്‍ ഇല്ല.''

''എനിക്കും അറിയില്ല, നിങ്ങള്‍ ഒന്നന്വേഷിക്ക്. ബാക്കി ഞാന്‍ വന്നിട്ട് നോക്കാം'' -ഫാക്കി പറഞ്ഞു.
''ഇതെങ്ങനെ സംഭവിച്ചു?'' സംഭാഷണം മുഴുവന്‍ കേട്ട ഞാന്‍ ചോദിച്ചു.
''എന്റെ മാര്‍ക്കറ്റിങ്ങ് ഹെഡ്ഡാണ് വിളിച്ചത്. സംഗതി ഓന്‍ പറഞ്ഞത് ശരിയാ. ഓന്റെ കണക്കില് അങ്ങനെ കടതുറക്കാന്‍ തീരുമാനിച്ചിട്ടില്ല.

ഇവരൊന്നും അറിയാതെ ഞാന്‍ വേറെ വെപ്പിച്ച ബോര്‍ഡാ അതൊക്കെ. ഷട്ടറിന്റെ ഉള്ളില്‍ ഒന്നുമില്ല, കാലിയാ.''
''ഇതെന്തിനാണ് ഇങ്ങനെ? കളവില്‍ ഒരു മായം?'' കച്ചവടത്തിന്റെ ആദ്യാക്ഷരങ്ങള്‍പോലും അറിയാത്ത എനിക്ക് ആകാംക്ഷ അടക്കിനിര്‍ത്താന്‍ സാധിച്ചില്ല.

''അത് കച്ചോടത്തിന്റെ ഒരു ട്രിക്കാ. എന്റെ കമ്പനീല് ഒരുപാട് രാജ്യക്കാര് ജോലി ചെയ്യ്ന്ന്ണ്ട്. ഓരെല്ലാം കുടുംബായിട്ടാ ദുബൈയില് താമസിക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം ഇവര് പെണ്ണുങ്ങളേം കൂട്ടി ക്ലബ്ബിലേക്ക് കാറില് പോവും. അങ്ങനെ പോവുമ്പോ പല സ്ഥലങ്ങളിലും നമ്മടെ സ്ഥാപനത്തിന്റെ ബോര്‍ഡ് കാണും. ഉടന്‍ തുറക്കുന്നു എന്നെഴുതിയത് വായിക്കും. അത് ഓര്ക്ക് ഒര് കോണ്‍ഫിഡന്‍സാ. പിറ്റേന്ന് ഓന്‍ നന്നായി ജോലി ചെയ്‌തോളും. ജോലിക്കാര്‍ക്ക് കോണ്‍ഫിഡന്‍സ് അവരറിയാതെ കൊടുക്കണം.''

കോണ്‍ഫിഡന്‍സ് ബില്‍ഡിങ്ങിനെക്കുറിച്ച് ഒരു മോട്ടിവേഷനല്‍ പുസ്തകത്തിലും വായിക്കാത്ത ആ തിയറി കേട്ട് തലശ്ശേരിയിലെ ആ തൊടിയില്‍ ഞാന്‍ അന്തംവിട്ടിരുന്നു.
 അന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോള്‍ ഫാക്കി ചോദിച്ചു:

''ങ്ങള് എന്റെ കൂടെ ഒരു യാത്രയ്ക്ക് പോരുന്നോ?''
''എങ്ങോട്ട്?''
''ഞമ്മക്ക് ബാങ്കോക്ക്, ചെങ്ങ്മായി, മ്യാന്‍മാര്‍ വഴി വിയറ്റ്നാമിലും കംപോഡിയയിലും ഒന്ന് പോയിവരാം.''
പെട്ടെന്നുള്ള ചോദ്യമായതുകൊണ്ട് ഞാന്‍ കുറച്ചുനേരം ഒന്നും മിണ്ടാതിരുന്നു. അപ്പോള്‍ ഫാക്കി പറഞ്ഞു:

''ങ്ങള് സാഹിത്യകാരന്മാരേം പത്രക്കാരേം ബുദ്ധിജീവികളേ കൂടയേ യാത്ര ചെയ്തിട്ടുള്ളൂ. കച്ചോടക്കാരന്റെ കൂടെ യാത്ര ചെയ്തിട്ടില്ലല്ലോ? കച്ചോടക്കാരന്റെ കൂടെയാണ് യാത്ര ചെയ്യേണ്ടത്. ഞങ്ങള്‍ കച്ചോടക്കാരാണ് ഈ ലോകം മുഴുവന്‍ വഴിവെട്ടിയത്. കാടും കടലും മരുഭൂമീം കടന്നു സംഘം ചേര്‍ന്നു ഞങ്ങള്‍ മുന്നോട്ട് പോയി. പുതിയ നാടുകള്‍ കണ്ടെത്തി. ആടെ ജീവിതത്തിന്റെ നങ്കൂരമിട്ടു. അദ്ധ്വാനിച്ചു. കച്ചോടക്കാരന്റെ കണ്ണില്‍ ലോകം വേറൊന്നാണ്. ജീവിതം വേറൊന്നാണ്. അതിന്റെ സൂത്രവാക്യങ്ങള്‍ വേറെയാണ്.''
അന്നു രാത്രി ഞാന്‍ തീരുമാനിച്ചു: കച്ചവടക്കാരന്റെ കാല്‍പ്പാടുകള്‍ക്കു പിറകേ ഒരു ദേശാടനം ആയിക്കളയാം.

5
ദീപാലംകൃതമായ രാജധാനിപോലെ അബുദാബി വിമാനത്താവളം. വ്യത്യസ്ത വര്‍ണ്ണങ്ങളില്‍ വെട്ടിത്തിളങ്ങുന്ന അതിന്റെ അകത്തളങ്ങള്‍. ഏതൊക്കെയോ ദേശങ്ങളിലെ സവിശേഷ പരിമളങ്ങള്‍ ആ അന്തരീക്ഷത്തില്‍ കൂടിക്കുഴഞ്ഞുകിടന്നു. സാധാരണ ഷര്‍ട്ടും പാന്റ്സും തല്‍ക്കാലത്തേക്ക് വാങ്ങിയ ഷൂസും ധരിച്ച എനിക്ക് ഫാക്കി ഒരു കോട്ടുകൂടി അണിയിച്ചു തന്നു. ആദ്യമായി കോട്ടിടുന്നതിന്റെ അസ്വസ്ഥത എനിക്ക് നന്നായിട്ടുണ്ടായിരുന്നു. അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ കോട്ടിട്ടു നിന്നാല്‍ സംസാരിക്കാതെ തന്നെ ഒരുപാട് കാര്യങ്ങള്‍ സാധിക്കും എന്ന് ഫാക്കി തന്റെ കച്ചവട യാത്രാനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തി സമര്‍ത്ഥിച്ചു. വസ്ത്രധാരണം കൊണ്ട് നടക്കുന്ന ചില കാര്യങ്ങള്‍ ലോകത്തുണ്ട്; വാക്കുകള്‍ക്ക് അവിടെയൊരു വിലയുമില്ല. ഞാന്‍ സമ്മതിച്ചു. എം.ടി. വിലാപയാത്രയില്‍ എഴുതിയതുപോലെ: ''ഞാന്‍ വെറും വാക്കുകളുടെ വ്യാപാരിയാണല്ലോ...''

ബാങ്കോക്കിലേക്കായിരുന്നു ഞങ്ങളുടെ ആദ്യ പറക്കല്‍. ബോര്‍ഡിംഗ് പാസ് തരുന്ന കൗണ്ടറിലെ ഒരു സ്ത്രി ഗര്‍ഭിണിയായിരുന്നു. അവരുടെ നേര്‍ത്ത ബനിയന്റെ അടിഭാഗത്തൂടെ നിറവയറും അതില്‍പ്പടര്‍ന്ന നീല ഞരമ്പുകളും കാണാം.

''ആരോഗ്യവും ആയുസ്സുമുള്ള കുഞ്ഞാവട്ടെ...'' ചിരിച്ചുകൊണ്ട് ഫാക്കി അവര്‍ക്ക് ആശംസ നേര്‍ന്നു. ആ സംസാരത്തിന്റെ ഒറ്റ ബലത്തില്‍ ആ സ്ത്രീ ഞങ്ങളുടെ രണ്ടുപേരുടേയും സീറ്റ് അടുത്തടുത്തേക്ക് ആക്കിത്തന്നു.

''നമ്മള്‍ ആവശ്യപ്പെടേണ്ടതില്ല, ഉചിതമായ ഒരു വാക്കോ നോക്കോ മതി യാത്രയില്‍ ചില കാര്യങ്ങള്‍ സാധിക്കാന്‍. നിങ്ങള്‍ ബുദ്ധിജീവികള്‍ക്ക് അതറിയില്ല. നിങ്ങള്‍ എപ്പോഴും എന്തൊക്കെയോ ആലോചിച്ചുകൊണ്ടിരിക്കും. നിങ്ങളുടെ വിചാരം ലോകം മുഴുവന്‍ നിങ്ങളെ നോക്കുകയാണ് എന്നാണ്. അതുകൊണ്ട് നിങ്ങള്‍ മറ്റു മനുഷ്യരെ കാണുന്നില്ല. അവരുടെ ജീവിതം കാണുന്നില്ല'' -ഫാക്കി പറഞ്ഞപ്പോള്‍ ഞാന്‍ എതിര്‍ത്തില്ല, അത് ഏറെക്കുറെ സത്യമായിരുന്നതുകൊണ്ട്.

കസ്റ്റംസ് ചെക്കിങ്ങിന്റേയും എമിഗ്രേഷന്റേയും കഴുകന്‍ കണ്ണുകളെ കടന്ന് ലോഞ്ചിലെ ഒരു ബാറില്‍, 30 മില്ലി ഷിവാസ് റീഗല്‍ വിസ്‌കിയില്‍ സ്ഫടികംപോലുള്ള ഐസിട്ട് നുണഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ലോകം എത്രമാത്രം സുന്ദരവും സുരക്ഷിതവുമാണെന്നെനിക്ക് തോന്നി. ബാറിന്റെ ജനല്‍ച്ചില്ലിനപ്പുറം വെളിച്ചത്തില്‍ക്കുളിച്ച് ചിറകുകള്‍ തിളക്കിക്കിടക്കുന്ന നൂറുകണക്കിനു വിമാനങ്ങള്‍. ഏതൊക്കെയോ കടലുകളും കുന്നുകളും കാടുകളും താണ്ടി, ഏതൊക്കെയോ ദേശങ്ങളിലേക്കു പോവാന്‍ തയ്യാറായിനില്‍ക്കുന്നവ; പറന്ന് പറന്ന് തളര്‍ന്ന് താണിറങ്ങിയവ. വി.ഐ.പി ലോഞ്ചുകളില്‍ സ്ഥൂലശരീരികളായ അതിസമ്പന്നര്‍. അവരുടെ ആനന്ദഭാഷണങ്ങള്‍; തീറ്റയും കുടിയും. ഈ ലോകം ക്ഷേമപൂര്‍ണ്ണമാണെന്ന പ്രതീതി. നാം എവിടെയാണോ ഇരിക്കുന്നത് അതിനനുസരിച്ചായിരിക്കും ലോകവും. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ കോഴിക്കോട് നഗരത്തിലെ സിറ്റി ബസില്‍ ഇരുട്ടും ഈര്‍പ്പവും മണത്ത് കുത്തിപ്പിടിച്ചുനിന്നു യാത്ര ചെയ്യുമ്പോഴും കൊല്‍ക്കത്തയിലെ കാളിഘട്ടിലെ ഭക്തിയും ദാരിദ്ര്യവും രതിയും ഇടകലരുന്ന തെരുവുകളിലൂടെ നടക്കുമ്പോഴും കാണുന്ന ലോകമായിരുന്നില്ല സ്‌കോച്ചിന്റെ നേര്‍ത്ത ലഹരിയില്‍ ഞാനപ്പോള്‍ കണ്ടത്. ആയാസരഹിതം, അനുഭൂതിസാന്ദ്രം. അതിനപ്പുറം കാണാന്‍ മനുഷ്യത്വത്തിന്റെ അനുഗ്രഹിക്കപ്പെട്ട കണ്ണുകള്‍ വേണം. അതുള്ളതുകൊണ്ടാവാം അമേരിക്കയിലെ പ്രഭുഗൃഹത്തിലെ പട്ടുവിരിച്ച കിടക്കയില്‍ക്കിടന്ന വിവേകാനന്ദന്‍ ഉറക്കം വരാതെ പാതിരാത്രിയില്‍ ഉണര്‍ന്ന് ജനലിനു പുറത്തേയ്ക്കു നോക്കിനിന്നു കരഞ്ഞത്. ജനലിനപ്പുറം അദ്ദേഹം കണ്ടത് താന്‍ അലഞ്ഞനുഭവിച്ച ഇന്ത്യയും അതിന്റെ ദാരിദ്ര്യവുമായിരുന്നു. പട്ടുമെത്ത ആ സന്ന്യാസിയെ പൊള്ളിച്ചു. അദ്ദേഹം തണുത്ത നിലത്ത് കരച്ചിലടക്കിക്കിടന്നുറങ്ങി. വിവേകാനന്ദന്റെ കണ്ണുകള്‍ എനിക്കില്ലാത്തതുകൊണ്ട് ഞാന്‍ ഒരു ലാര്‍ജ് വിസ്‌കിക്കുകൂടി ഓര്‍ഡര്‍ ചെയ്തു. ഐസില്‍ നനഞ്ഞ് അവന്‍ നുരഞ്ഞപ്പോള്‍ ആ കോട്ടിട്ട സമ്പന്നസംഘത്തിലെ ഒരാളായി എനിക്ക് സ്വയം തോന്നി. വലിയ ഏതോ ബിസിനസ്സ് ഡീലിനുവേണ്ടി പോവുകയാണ് എന്നു ഞാന്‍ സ്വയം സങ്കല്‍പ്പിച്ചു. ലഹരിക്കൊപ്പം രാത്രിയും വളര്‍ന്നു. ഞങ്ങളുടെ വിമാനം തയ്യാറായതായി അറിയിപ്പുവന്നു.

ആകാശത്ത് വച്ച് ഏതൊക്കെയോ കരങ്ങള്‍ വീണ്ടും ഷിവാസ് റീഗല്‍ ഒഴിച്ചുതന്നു. മേഘക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒരു ശരപ്പക്ഷിയെപ്പോലെ പറക്കുന്ന വിമാനത്തില്‍ ഭൂമിയിലും ആകാശത്തും തെന്നുന്ന കാലുകളുമായി ഞാന്‍ മയങ്ങിക്കിടന്നു. ഇറങ്ങാറാവുന്ന അറിയിപ്പു കേട്ടാണ് ഉണര്‍ന്നത്. ജാലകത്തിനു താഴെ കനലുകള്‍ തിളങ്ങുന്ന ചിതപോലെ ബാങ്കോക്കിന്റെ രാത്രി ദൃശ്യം. പ്രാദേശിക സമയം രാത്രി പത്തുമണി ആവുന്നതേയുള്ളൂ. ഉടലില്‍ നിറയെ കാമത്തിന്റെ പൂക്കളുമായി നഗരം ഉണര്‍ന്നു കഴിഞ്ഞിട്ടേയുള്ളൂ. സുരതമൂര്‍ച്ഛകളില്‍നിന്നു സുരത മൂര്‍ച്ഛകളിലേക്ക് അതിനി വളരും. മനുഷ്യശരീരം അതിന്റെ സകല സാധ്യതകളിലൂടെയും മേളിക്കും; മൃഗീയമായ ആനന്ദങ്ങള്‍ വരെ അന്വേഷിക്കും, അനുഭവിക്കും. ഒറ്റ രാത്രിക്കുവേണ്ടിപ്പോലും ലോകം ബാങ്കോക്കിലേക്ക് വരുന്നു.

സുവര്‍ണ്ണഭൂമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാത്രിയിലും പകല്‍പോലെ വെളിച്ചമായിരുന്നു. ലോകം അതിനുള്ളില്‍ തലങ്ങും വിലങ്ങും ഓടുന്നു. അവിടെനിന്നും പുറപ്പെടുന്ന വിമാനങ്ങളുടെ ഇലക്ട്രോണിക് പട്ടികയ്ക്ക് താഴെനിന്നു വെറുതേ ഞാന്‍ ആ സ്ഥലങ്ങള്‍ വായിച്ചു: മോസ്‌കോ, ബീജിങ്ങ്, ചെങ്ദു, ഷാങ്ങ്ഹായി, പാരീസ്, ബാംഗ്ലൂര്‍, ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, മക്കാവു, ടോക്കിയോ, ടെല്‍ അവീവ്, സോള്‍, വിയന്ന, ധാക്ക, ഭൂട്ടാന്‍, ലണ്ടന്‍, നോം പെങ്ങ്, ഹോങ്കോങ്ങ്, സിംഗപ്പൂര്‍, മനില, സിങ്ങ്ജിയാങ്ങ്, കെയ്റോ, ദുബായ്, അഡിസ് അബാബ, ആംസ്റ്റര്‍ഡാം ഹെല്‍സിങ്കി, ബഹ്റിന്‍, മെല്‍ബണ്‍, ഹോചിമിന്‍ സിറ്റി, കുവൈറ്റ്, ഫ്രാങ്ക്ഫര്‍ട്ട്, ക്വലാലംപൂര്‍, മസ്‌കറ്റ്, സിഡ്നി, ബ്രൂണെ, നൈജീരിയ, കൊളംബോ, സൂറിച്ച്, മാലിദ്വീപ്, വാരാണസി, ഇസ്താന്‍ബുള്‍, താഷ്‌കെന്റ്... എനിക്ക് തല ചുറ്റുന്നതുപോലെ തോന്നി. ഈ ഭൂമി എത്ര വിശാലമാണ്! ഇടറുന്ന എന്റെ കാലകള്‍ക്ക് എത്ര കുറച്ചു ചുവടുകള്‍ മാത്രമാണ് വെക്കാന്‍ സാധിക്കുന്നത്! ഒരു യാത്രികനും പൂര്‍ണ്ണ തൃപ്തിയോടെ ഈ ഭൂമിയില്‍നിന്നും പിരിഞ്ഞുപോവുന്നില്ല. എത്തിച്ചേരാന്‍ സാധിക്കാത്ത ഏതോ ദേശത്തെക്കുറിച്ചുള്ള നിരാശകലര്‍ന്ന നിശ്വാസം അയാളുടെ അവസാന ഹൃദയമിടിപ്പിലും കലര്‍ന്നിരിക്കാം.

എയര്‍പോര്‍ട്ടിനു പുറത്ത് സുമുഖനായ ഒരു തായ്ലന്റുകാരന്‍ ഞങ്ങളെ കാത്തുനിന്നിരുന്നു. തായ്ലന്റില്‍ ഫാക്കിയുടെ ബിസിനസ് കോ-ഓര്‍ഡിനേറ്ററായ ബോബായിരുന്നു. ഒറ്റനോട്ടത്തില്‍ ജാക്കി ചാനെ ഓര്‍മ്മവരും. വെണ്ണപോലുള്ള ഉടല്‍. അപ്പോള്‍ കുളിച്ചതുപോലുള്ള മുഖവും കറുകറുത്ത തലമുടിയും. കറുത്ത മുന്തിരിപോലുള്ള കണ്ണുകള്‍. മൃദുവായ വിരലുകള്‍. തായ്ലന്റിലൂടെയുള്ള യാത്രയില്‍ മുഴുവന്‍ ബോബ് ഞങ്ങള്‍ക്കൊപ്പമുണ്ടാവും.

വിമാനത്താവളത്തിനടുത്തുള്ള സാമാന്യം ഭേദപ്പെട്ട ഒരു ഹോട്ടലിലേക്കാണ് ഞാനും ഫാക്കിയും പോയത്. അതിരാവിലെയുള്ള ആദ്യ വിമാനത്തില്‍ ഞങ്ങള്‍ക്ക് തായ്ലന്റ്-ബര്‍മ്മ അതിര്‍ത്തിയിലുള്ള ചെങ്മായിയിലേക്ക് പോകണം. ഒറ്റത്തടിയും യുവാവുമായ ഞാന്‍ (ഇപ്പോഴല്ല, ഈ യാത്രാസമയത്ത്) മുറിയില്‍നിന്നു പുറത്തിറങ്ങാതെ ഒറ്റ രാത്രി മാത്രമാണ് ബാങ്കോക്കില്‍ കഴിയുന്നത്. നാലാളറിഞ്ഞാല്‍ മൂക്കത്ത് വിരല്‍വച്ച് കളിയാക്കുന്ന കാര്യം. ഞങ്ങളുടെ പെട്ടിയും മറ്റു യാത്രാ സാമഗ്രികളും മുറിയില്‍ക്കൊണ്ടുവന്നുവച്ച റൂംബോയ് പോവുന്നതിനു മുന്‍പ് മേശയുടെ വലിപ്പുതുറന്ന് അതിനുള്ളിലേയ്ക്ക് എന്തോ ഇടുന്നത് ഞാന്‍ ശ്രദ്ധിച്ചു. അയാള്‍ പോയപ്പോള്‍ ഞാന്‍ മേശ തുറന്നുനോക്കി. പുതുപുത്തന്‍ ഗര്‍ഭനിരോധന ഉറയുടെ തിളങ്ങുന്ന ഒരു പാക്കറ്റ്. സാംപിള്‍ സോപ്പിനപ്പുറത്തേയ്ക്ക് ഹോസ്പിറ്റാലിറ്റി വികസിക്കാത്ത കേരളത്തില്‍നിന്നെത്തിയ എന്നില്‍ ആ അനുഭവം ഒരേസമയം ലജ്ജയും കുളിരും പകര്‍ന്നു. ആനന്ദത്തിന്റെ സാമ്രാജ്യത്തിലേക്കുള്ള സുരക്ഷാ ജാക്കറ്റ്. എന്നെ നോക്കി ബോബ് കള്ളച്ചിരി ചിരിച്ചു. ഈ രാത്രി ആ ഉറ അനാഥമായിക്കിടക്കേണ്ടിവരുമല്ലോ എന്നോര്‍ത്ത് എനിക്ക് സങ്കടം തോന്നി. സാരമില്ല, അടുത്ത രാത്രി ഇവന്റേതായിരിക്കും. ഞാന്‍ മേശക്കള്ളിയടച്ചു. ഭക്ഷണത്തോടൊപ്പം കൊണ്ടുവന്ന ചുവന്ന വീഞ്ഞില്‍, ബാങ്കോക്ക് രാത്രിക്ക് ഞാന്‍ തിരശ്ശീലയിട്ടു. രാത്രി ബാല്‍ക്കണിയില്‍നിന്നു നോക്കുമ്പോള്‍ ദൂരെ ദൂരെ നഗരം നൃത്തമാടുന്നതിന്റെ പെരുമ്പറ ശബ്ദം. കിടന്നപ്പോഴും അത് ജാലകപ്പഴുതിലൂടെ അരിച്ചുവരുന്നുണ്ടായിരുന്നു. കേട്ടില്ലെന്നു നടിച്ച് ഞാന്‍ തലയിലൂടെ പുതപ്പിട്ടു.
 
 

മ്യാൻമറിലെ  ബുദ്ധ ക്ഷേത്രത്തിന് മുൻവശം
മ്യാൻമറിലെ  ബുദ്ധ ക്ഷേത്രത്തിന് മുൻവശം

6
പുലര്‍ച്ചെയായിരുന്നു ചെങ്ങ്മായിയിലേക്കുള്ള ഫ്‌ലൈറ്റ്.
ഏറ്റവും നേരത്തേ ഉണര്‍ന്നത് ബോബാണ്. കുളിയും തേവാരവും കഴിഞ്ഞ് കറുത്ത മുടിയില്‍ ഏതോ ക്രീം പുരട്ടി, വൃത്തിയുള്ള വസ്ത്രം ധരിച്ച് അയാള്‍ എന്നേയും ഫാക്കിയേയും കാത്തിരുന്നു. തായ് ചുവ കലര്‍ന്ന പതുത്ത ശബ്ദത്തില്‍ 'ഗുഡ്മോണിംഗ്' 'താങ്ക് യു' എന്നീ പദങ്ങള്‍ അയാള്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. അയാള്‍ ചിരിക്കുമ്പോള്‍ കണ്ണുകളില്‍ ഒരേസമയം കുസൃതിയും നിഷ്‌കളങ്കതയും മാറിമാറി ഒളിമിന്നിക്കൊണ്ടിരുന്നു. കണ്ണുകളാണ് മനുഷ്യനെ വെളിപ്പെടുത്തുന്നത് എന്ന് ആരോ പറഞ്ഞത് എത്ര ശരി!

വിമാനത്തില്‍ കയറിയ ഉടനെ ബെല്‍റ്റ് മുറുക്കി ബോബ് ഉറക്കം തുടങ്ങി. സുഖമായി ഉറങ്ങാനായി കുളിച്ചൊരുങ്ങി കുട്ടപ്പനാവുന്ന ഒരാളെ ഞാന്‍ ആദ്യമായി കാണുകയായിരുന്നു. വിമാനത്തില്‍ മുഴുവന്‍ തായ് പരിമളങ്ങളുടെ സാന്ദ്രത; തായ് മൊഴിയുടെ കലപില. അവയ്ക്ക് കാതോര്‍ത്ത് ഞാന്‍ കണ്ണുകളടച്ച് ചാരിക്കിടന്നു.

ഭാഷ ഒരു പ്രത്യേക മനുഷ്യസമൂഹത്തിന്റെ പ്രകൃതം വെളിപ്പെടുത്തുമോ എന്നറിയില്ല. വ്യക്തിപരമായ അനുഭവങ്ങളില്‍ എനിക്ക് പലപ്പോഴും അങ്ങനെ തോന്നിയിട്ടുണ്ട്. തമിഴ്നാട്ടിലെ ഹോട്ടലുകളിലും ബാറുകളിലും സബര്‍ബന്‍ തീവണ്ടികളിലും പച്ചക്കറിച്ചന്തകളിലും റെയില്‍വേ സ്റ്റേഷനുകളിലും കാതോര്‍ത്തിരുന്നപ്പോള്‍, ഉയിരിലും ഉടലിലും ദ്രാവിഡപ്പെരുമ സ്വയം ബോധ്യപ്പെട്ട, സ്‌നേഹത്തോടെ സംസാരിക്കുമ്പോള്‍പ്പോലും ബഹളം കലമ്പുന്ന ഒരു ജനതയുടെ ഉള്ളിനെ തിരിച്ചറിയാം. കൊല്‍ക്കത്തയിലെ രാജകീയമായ റോവിങ്ങ് ക്ലബ്ബിലോ എസ്പ്ലനേഡിലെ ജനകീയമായ ഷാസ് ബാറിലോ കോളേജ് സ്ട്രീറ്റിലെ ചൊല്‍ക്കൊണ്ട കോഫീ ഹൗസിലോ ഇതുപോലെ ചെവിയോര്‍ത്തിരുന്നാല്‍ കാവ്യപ്രധാനവും കുലീനവുമായ, ബൗദ്ധിക കുലമഹിമയില്‍ സ്വയം അഭിരമിക്കുന്ന ഒരു ജനതയെ മനസ്സിലാവും. സംസ്‌കൃതത്തോട് കൈകോര്‍ത്ത് പിടിക്കുന്ന ഹൃദ്യതാളം ബംഗാളിയെ സ്‌നിഗ്ദ്ധനാക്കുന്നു. കന്നഡയുടെ കിലുക്കങ്ങളില്‍ വിജയനഗരകാലം മുതല്‍ തുടരുന്ന കറയില്ലാത്ത ഗ്രാമീണതയുടേയും യക്ഷഗാനത്തിലെ സംഭാഷണ വഴക്കങ്ങളുടേയും കലര്‍പ്പനുഭവിക്കാം. ഏറ്റവും ആധുനികനായ ടെക്കി ശുദ്ധകന്നടയില്‍ സംസാരിച്ചാലും ചിലപ്പോള്‍ അത് ചരിത്രഭാഷണം പോലെ തോന്നും. പാവം നമ്മുടെ മലയാളത്തിന് ഇങ്ങനെയൊരു ഭാവം അനുഭവപ്പെട്ടിട്ടില്ല, എന്തുകൊണ്ടോ. ശ്രേണീബദ്ധത തീരെയില്ല എന്നു കേള്‍വിയില്‍ തോന്നിക്കുന്നതാണ് തായ് ഭാഷ. വാക്കുകളുടെ കൂട്ടപ്പൊരിച്ചിലായിട്ടാണ് അത് തോന്നുക. നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരിക്കുകയും ചെയ്യും അവര്‍. വിമാനം പറന്നുയര്‍ന്നപ്പോള്‍ അത് പതുക്കെപ്പതുക്കെയായി; പിന്നീട് മന്ത്രിക്കലായി. വിമാനം നിലം തൊട്ടപ്പോള്‍ വീണ്ടും ഉച്ചസ്ഥായിയിലായി. മൊബൈല്‍ ഫോണുകള്‍ ഓണായപ്പോള്‍ എവിടത്തേയും പോലെ ബഹളമായി.

വടക്കന്‍ തായ്ലന്റിലെ വലിയ നഗരമാണ് ചെങ്ങ്മായി. മലകളാല്‍ ചുറ്റപ്പെട്ട്, അധികം മലിനീകരിക്കപ്പെട്ടിട്ടില്ലാത്ത, തുറസ്സായ ആകാശവും എവിടേക്ക് നോക്കിയാലും മലനിരകളുടെ നീലിമയും കാണുന്ന നഗരം. താമസിക്കാന്‍ തിരഞ്ഞെടുത്ത ഹോട്ടലിന്റെ ജനലിലൂടെ നോക്കിയാലും മലനിരകള്‍ കാണാം; അതിന്റെ താഴ്വരയിലെ തണുത്ത പച്ചപ്പുകള്‍ കാണാം.

ചെങ്ങ്മായിയില്‍നിന്നും വടക്കോട്ട് യാത്രചെയ്ത് മ്യാന്‍മറിന്റെ അതിര്‍ത്തിയും അതിനപ്പുറമുള്ള സുവര്‍ണ്ണ ത്രികോണ (Golden Triangle) ഗ്രാമവും കണ്ട് തിരിച്ചുവരികയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഇളം മഞ്ഞകലര്‍ന്ന വെയിലില്‍, പഴയ കെട്ടിടങ്ങളും തെളിഞ്ഞ ജലാശയങ്ങളും കണ്ട് ഞങ്ങള്‍ യാത്ര തുടങ്ങി. ഫാക്കി ബോബുമായി കച്ചവടകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു. ഞാന്‍ ജീവിതത്തില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം ചെയ്തുകൊണ്ടിരുന്നു: വാഹനത്തിന്റെ ജനലരികിലെ സീറ്റിലിരുന്നു പുറംലോകത്തെ കണ്ടുകൊണ്ടിരിക്കുക; ലോകം എത്രമേല്‍ വലുതും വ്യത്യസ്തവുമാണ് എന്നോര്‍ത്ത് വിസ്മയിക്കുക.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com