ഉത്തര കൊറിയ; നിഴല്‍മറയിലെ ആള്‍ക്കൂട്ടം

ഉത്തരകൊറിയയില്‍നിന്ന് പുറംലോകത്തെ ബന്ധപ്പെടാന്‍ കഴിയുന്നവിധത്തിലുള്ള ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമല്ല. മനപ്പൂര്‍വ്വം അവര്‍ അത് ഒഴിവാക്കിയിരിക്കുന്നു
ഉത്തര കൊറിയ; നിഴല്‍മറയിലെ ആള്‍ക്കൂട്ടം

ത്തര കൊറിയയില്‍ വിവിധ രാജ്യങ്ങളില്‍നിന്നും വരുന്ന സന്ദര്‍ശകര്‍ വളരെ വിരളമായിരിക്കും എന്ന വിചാരമാണ് ഞങ്ങള്‍ക്കുണ്ടായിരുന്നത്. എന്നാല്‍, അവിടെ ചെന്നപ്പോള്‍ നിരവധി രാജ്യങ്ങളിലെ ആളുകളെ കാണാന്‍ കഴിഞ്ഞു. ഞങ്ങള്‍ സന്ദര്‍ശിച്ച ട്രെയിനില്‍ ഒരു ഐറിഷ് പൗരന്‍ ഉണ്ടായിരുന്നു. ഓസ്ട്രിയയില്‍നിന്നും ഒരച്ഛനും മകനും ഉണ്ടായിരുന്നു. ഞങ്ങള്‍ താമസിച്ച ഹോട്ടലില്‍  ഇന്ത്യയില്‍നിന്നുള്ള, തമിഴ്നാട്ടുകാരിയായ ഒരു ഉദ്യോഗസ്ഥയെ കണ്ടുമുട്ടി. പിന്നീട്, ലണ്ടന്‍, കൊളംബിയ, ചൈന, മലേഷ്യ, ബംഗ്ലാദേശ്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുവന്ന ടൂറിസ്റ്റുകളെ കണ്ടു. മിക്കവരും ഉത്തരകൊറിയ എന്ന രാജ്യത്തിന്റെ രഹസ്യങ്ങള്‍ തേടിയിറങ്ങിയവരാണ്. കൂട്ടത്തില്‍ കുറച്ച് ടൂറിസം കൂടിയുണ്ടെന്നു മാത്രം.
 
എന്നാല്‍, ആര്‍ക്കും അത്ര എളുപ്പം കണ്ടുപിടിക്കാന്‍ കഴിയാത്ത വിധത്തിലാണ് ആ രാജ്യം. അത്രയെളുപ്പം അവര്‍ വഴങ്ങില്ല. ഇന്ത്യയില്‍നിന്നു വന്ന ഡോ. ദെയ്വ ഓസ്വിന്‍ സ്റ്റാന്‍ലി എ.ഡി.ബിയിലെ മുന്‍ പ്രോജക്ട് മാനേജരും ഐക്യരാഷ്ട്രസഭയിലെ പ്രകൃതിവിഭവങ്ങളെ സംബന്ധിച്ച പഠനമേഖലയിലെ സ്പെഷ്യലിസ്റ്റുമാണ്. രണ്ടാഴ്ചക്കാലത്തെ സന്ദര്‍ശനം കഴിഞ്ഞ് അവര്‍ ഇന്ത്യയിലേയ്ക്ക് മടങ്ങാന്‍ തുടങ്ങുകയായിരുന്നു. ഞങ്ങളുടെ ഹോട്ടലിലാണ് അവരും താമസിച്ചിരുന്നത്. എന്താണ് ഇതുവരെയുള്ള അനുഭവങ്ങള്‍? ഞങ്ങള്‍ കുശലമന്വേഷിച്ചു. എന്നാല്‍, കാര്യമായിട്ടെന്തെങ്കിലും നിരീക്ഷണങ്ങള്‍ അവര്‍ക്കു പറയാനായില്ല. കൊറിയയിലെ രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥയിലെ ചലനങ്ങളെ സംബന്ധിച്ച് മനസ്സിലാക്കണമെങ്കില്‍ കഠിനമായ പരിശ്രമങ്ങള്‍ നടത്തേണ്ടിവരും. 

ഞങ്ങള്‍ അതിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ തുടര്‍ന്നു. ഗ്രാമീണ ജനങ്ങളെ കണ്ടുകഴിഞ്ഞ സ്ഥിതിക്ക് ഇനി വ്യവസായ മേഖലയിലേക്ക് പോകാമെന്നു തീരുമാനിച്ചു. നാലാമത്തെ ദിവസം ഒരു ഷൂ ഫാക്ടറി കൂടി സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. അതിനു മുന്‍പ് മറ്റു ചില സ്ഥലങ്ങളില്‍ക്കൂടി മുന്‍കൂര്‍ തയ്യാറാക്കിയ ഷെഡ്യൂള്‍ പ്രകാരം പോയി. അതിലാദ്യം കിം ഇല്‍ സുങ്ങ് യൂണിവേഴ്സിറ്റിയായിരുന്നു. രാവിലെ തന്നെ യൂണിവേഴ്സിറ്റിയിലേയ്ക്ക് പുറപ്പെട്ടു. 

അത്ഭുതമെന്നു പറയട്ടെ, ആ യൂണിവേഴ്സിറ്റിയെ ക്കുറിച്ച് പഠിക്കാന്‍ ഞങ്ങളോടൊപ്പം മൂന്ന് രാജ്യങ്ങളിലെ പത്രപ്രവര്‍ത്തകര്‍ കൂടി വന്നിരിക്കുന്നു. ബെല്‍ജിയത്തില്‍നിന്നും മിസ്റ്റര്‍ റോബന്‍, അദ്ദേഹം ബെല്‍ജിയം ടി.വിയുടെ റിപ്പോര്‍ട്ടറാണ്. ലണ്ടനില്‍നിന്നും എമ്മാഗ്രഹാം, ദ ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടറാണ് അവര്‍. കൂടാതെ, നെതര്‍ലന്റ്സില്‍നിന്നും മറ്റൊരു ടി.വി റിപ്പോര്‍ട്ടറും വന്നിട്ടുണ്ട്. ഞങ്ങള്‍ സംയുക്തമായാണ് സര്‍വ്വകലാശാലയിലേയ്ക്ക് പ്രവേശിച്ചത്. 

അതിഗംഭീരമായ അടിസ്ഥാന സൗകര്യങ്ങളാണ് സര്‍വ്വകലാശാലയ്ക്കുള്ളതെന്നു പുറമേ തന്നെ വ്യക്തമായിരുന്നു. ഞങ്ങളെ സ്വീകരിക്കാന്‍  നിയുക്തരായ സര്‍വ്വകലാശാലയിലെ ഉദ്യോഗസ്ഥര്‍ നേരേ ഇ-ലൈബ്രറിയിലേക്കാണ് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയത്. നൂറ് കണക്കിനു കംപ്യൂട്ടറുകള്‍. വിദ്യാര്‍ത്ഥികള്‍ കംപ്യൂട്ടറില്‍ ആമഗ്‌നരാണ്. വിദേശ പത്രപ്രവര്‍ത്തകര്‍ ആ വിഷയത്തില്‍ അല്പം രോഷാകുലരാണ്. ഗാര്‍ഡിയന്‍ പത്രത്തിന്റെ പ്രതിനിധി എമ്മാ ചോദിച്ചു: നിങ്ങള്‍ ഈ രാജ്യത്ത് ഇന്റര്‍നെറ്റ് നിരോധിച്ചിരിക്കുന്നു. പിന്നെ ഇ-ലൈബ്രറി എന്നു പറയുന്നതിന്റെ അര്‍ത്ഥമെന്താണ്? ഞങ്ങള്‍ക്ക് ഇ-ലൈബ്രറിയെക്കുറിച്ച് ഇംഗ്ലീഷില്‍ വിശദീകരിച്ചു തന്ന കൊറിയന്‍ യുവതി പറഞ്ഞു: ''ഇവിടെ ഇന്റര്‍നെറ്റ് ലഭ്യമാണ്. എന്നാല്‍, അത് വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും മാത്രമാണ്.''
 
അതില്‍ തൃപ്തി വന്നില്ലെങ്കിലും ഞങ്ങള്‍ മുകളിലത്തെ ഹാളിലേയ്ക്ക് പോയി. അവിടെയാണ് ഇ-ക്ലാസ്സ് റൂം. കുട്ടികള്‍ കംപ്യൂട്ടറില്‍നിന്ന് കണ്ണെടുക്കുന്നില്ല. ഞങ്ങള്‍ ചെന്ന കാര്യം അറിഞ്ഞ ഭാവമില്ല. ഇന്റര്‍നെറ്റ് കണക്ഷനില്‍ ഗൂഗിള്‍ വെബ്സൈറ്റ് ലഭ്യമാണോ എന്ന  ചോദ്യമാണ് ഞാന്‍ ഉന്നയിച്ചത്. ഇല്ല എന്ന മറുപടി  വന്നു. ''ഞങ്ങള്‍ ഉത്തരകൊറിയയില്‍ വികസിപ്പിച്ച വെബ്സൈറ്റ് മാത്രമേ ലഭ്യമാക്കുന്നുള്ളൂ. എല്ലാ റിസര്‍ച്ചും തദ്ദേശീയ വെബ്സൈറ്റുകളില്‍ മാത്രം.'' അവര്‍ വിശദീകരിച്ചു. അതെന്തുകൊണ്ട് എന്ന ചോദ്യത്തിലേയ്ക്ക് കടക്കാതെ ഒരു വിദ്യാര്‍ത്ഥിയിലേയ്ക്ക് പത്രപ്രവര്‍ത്തകര്‍ ക്യാമറ തിരിച്ചുവെച്ചു. ആ വിദ്യാര്‍ത്ഥി ഒരുപക്ഷേ, ജീവിതത്തിലാദ്യമായി ടി.വി ക്യാമറകളെ അഭിമുഖീകരിക്കുകയാണ്. എന്തായാലും പകച്ചുപോയി ആ കുട്ടി. പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ ഉത്തരം പറയാന്‍ അവള്‍ക്കായില്ല. ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഡാറ്റാ ബേസ് മറ്റ് സര്‍വ്വകലാശാലകളുമായി പങ്കുവയ്ക്കുന്നുണ്ടോ എന്നതായിരുന്നു. എന്നാല്‍, രാജ്യത്തിന്റെ പുറത്തെ സര്‍വ്വകലാശാലകളുമായി ഒരു വിധത്തിലുമുള്ള എക്സ്ചേഞ്ച് പ്രോഗ്രാംസ് ഇല്ല എന്ന് അവര്‍ പറഞ്ഞു. സര്‍വ്വകലാശാലകളിലെ റിസര്‍ച്ച് വിദ്യാര്‍ത്ഥികള്‍ കൊറിയന്‍ ഭാഷയിലുള്ള വെബ്സൈറ്റുകളാണ് ഉപയോഗിക്കുന്നത്. ആരും ഇംഗ്ലീഷ് ഉപയോഗിക്കുന്നതായി കണ്ടില്ല. അവര്‍ക്ക് കുറേയൊക്കെ ഇംഗ്ലീഷ് അറിയാമെന്ന് പരിഭാഷകന്‍ അഭിപ്രായപ്പെട്ടെങ്കിലും ഭൂരിപക്ഷം പേര്‍ക്കും അതറിയില്ലായെന്നു ഞങ്ങള്‍ക്കു മനസ്സിലായി.

എന്തുകൊണ്ട് ഉത്തരകൊറിയ ഇന്റര്‍നെറ്റ് ഒഴിവാക്കുന്നു? 

ഉത്തരകൊറിയയില്‍നിന്ന് പുറംലോകത്തെ ബന്ധപ്പെടാന്‍ കഴിയുന്നവിധത്തിലുള്ള ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമല്ല. മനപ്പൂര്‍വ്വം അവര്‍ അത് ഒഴിവാക്കിയിരിക്കുന്നു. വിവിധ തലങ്ങളില്‍ ഞങ്ങള്‍ നടത്തിയ ചര്‍ച്ചകളില്‍ ഈ പ്രശ്നം ഗൗരവപൂര്‍വ്വം ഉന്നയിക്കുകയുണ്ടായി. പാശ്ചാത്യലോകം ഉത്തരകൊറിയയെ വിമര്‍ശിക്കുന്നത് ഇക്കാര്യത്തിലാണ്. ഇന്റര്‍നെറ്റിനെ അവര്‍ ഭയക്കുന്നുവെന്നത് സത്യമാണ്. കിം അതിനു നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു. ''ഞങ്ങളുടെ രാജ്യത്തെ തകര്‍ക്കുവാന്‍, വിശേഷിച്ചും അമേരിക്ക ആയുധമാക്കുക ഇന്റര്‍നെറ്റിനെയായിരിക്കും.'' മോശപ്പെട്ട സംസ്‌കാരം കടത്തിവിടാന്‍ ഇന്റര്‍നെറ്റിലൂടെ അവര്‍ക്ക് കഴിയും. അതുകൊണ്ട് അക്കാര്യത്തില്‍ ജാഗ്രത പാലിക്കുന്നു. ആവശ്യമായ കാര്യങ്ങള്‍ ഞങ്ങളുടെ വെബ്സൈറ്റുകളിലൂടെ ജനങ്ങള്‍ക്കു നല്‍കാനാണ് ശ്രമിക്കുന്നത്. സാപേക്ഷികമായി ഉയര്‍ന്ന സംസ്‌കാരിക ഗുണനിലവാരം പ്രദര്‍ശിപ്പിക്കാനുള്ള പ്രധാന കാരണം ഗൂഗ്ലിങ്ങില്‍നിന്ന് പകര്‍ന്നുകിട്ടാനിടയുള്ള അസാന്മാര്‍ഗിക ചോദനകള്‍ ഇപ്പോഴുമവര്‍ക്ക് അപ്രാപ്യമായതിനാലാണ് എന്നതും പഠനാര്‍ഹമായ കാര്യമാണ്. 

ലോകത്തുനിന്ന് ഒറ്റപ്പെട്ടു കഴിയുന്ന ഒരു രാജ്യത്തിന്റെ അരക്ഷിതാവസ്ഥയില്‍നിന്ന് അത്ഭുതമാകുന്ന സ്വാഭാവികമായ ആശങ്കകള്‍ മൂലമാണ് ആ മുന്‍കരുതലുകള്‍ എന്ന് കരുതി ക്ഷമിക്കാം. എങ്കിലും ഇന്റര്‍നെറ്റ്  ലഭ്യമല്ലാത്തതിനാല്‍ ഒരുപാട് നഷ്ടങ്ങള്‍ തീര്‍ച്ചയായും അവര്‍ അനുഭവിക്കുന്നുണ്ടാകും. അതേസമയം ചില ഗുണങ്ങളും. അത് ജനങ്ങളില്‍ പ്രകടമാണ്. നമ്മുടെ രാജ്യത്തെപ്പോലെ യുവതീയുവാക്കള്‍ മുഴുവന്‍ സമയം മൊബൈല്‍ ഫോണില്‍ തല കുമ്പിട്ടിരിക്കുന്നില്ലായെന്നത് ശ്രദ്ധാര്‍ഹമായ കാര്യമായിരുന്നു. അശ്ലീല സൈറ്റുകള്‍ ജനങ്ങളിലാരും കാണാന്‍ സാദ്ധ്യതയില്ല. സ്ത്രീകളെക്കുറിച്ചുള്ള മോശം വിചാരത്തിനുള്ള വിദൂര സാധ്യതകള്‍പോലും ഇപ്പോഴത്തെ സംസ്‌കാരിക അവസ്ഥയില്‍ അവിടെ നിലനില്‍ക്കുന്നില്ല എന്ന് ഉറപ്പിച്ചു പറയാം. 

ഹൃദ്യമായ സ്ത്രീ-പുരുഷ ബന്ധങ്ങള്‍

സ്ത്രീ-പുരുഷ അസമത്വം ഒരു തലത്തിലും അനുഭവവേദ്യമാകാത്ത തരത്തിലുള്ള ജീവിത താളരാഗങ്ങളാണ് ഉത്തരകൊറിയയില്‍ കണ്ട ഒരു സവിശേഷത. എല്ലാ ജോലികളിലും പുരുഷനോടൊപ്പം ഒരുപക്ഷേ, പുരുഷനേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുന്ന സ്ത്രീകള്‍ തലയെടുപ്പോടെ നില്‍ക്കുന്നു. ഒളിഞ്ഞുനോട്ടക്കാരില്ല. കൗമാര ചാപല്യക്കാരേയും കണ്ടില്ല. അകളങ്കമായി പരസ്പരം സ്നേഹബഹുമാനങ്ങള്‍ പങ്കുവെയ്ക്കാന്‍ അവര്‍ക്കാകുന്നത് പലവട്ടം കാണാന്‍ കഴിഞ്ഞു. പുരുഷന്മാര്‍ മേധാവിത്വഭാവത്തോടെയല്ല സ്ത്രീകളോട് ഇടപെടുന്നതും സംസാരിക്കുന്നതും. ഭാവചലനങ്ങളില്‍ ആ പാരസ്പര്യവും ആദരവും പുലര്‍ന്നുകാണുന്നു. അവരെ സംബന്ധിച്ച് സ്ത്രീ സംവരണമെന്ന സങ്കല്പം തന്നെ അപ്രസക്തമായിത്തീര്‍ന്നിരിക്കുന്നു അവിടെ. 

ഉത്തരകൊറിയയില്‍ കാലുകുത്തിയതു മുതല്‍ കണ്ണില്‍ തറച്ച ഒരു കാര്യം ആ ജനതയുടെ കായികക്ഷമതയായിരുന്നു. ആരോഗ്യമുള്ള ജനങ്ങള്‍. കായിക മികവില്‍ തീര്‍ച്ചയായും അവര്‍ മുന്നിലായിരിക്കണം. ഫുട്ബോളില്‍ അവര്‍ നടത്തിയ മുന്നേറ്റം 2010-ലെ ലോകകപ്പില്‍ നമ്മള്‍ കണ്ടതാണ്. ബ്രസീലിനെപ്പോലും വെള്ളം കുടിപ്പിച്ച പ്രകടനമായിരുന്നു അവരുടേത്.  അതുകൊണ്ടുതന്നെ, ലോകത്തെ ഏറ്റവും വലിയ ഫുട്ബോള്‍ മൈതാനങ്ങളിലൊന്നായി അറിയപ്പെടുന്ന മെയ് ഡേ സ്റ്റേഡിയം കാണാനുള്ള  ഉല്‍ക്കടമായ ആഗ്രഹം മുന്‍കൂട്ടി അറിയിച്ചിരുന്നു. 

സ്പോര്‍ട്‌സില്‍ പൊതുവില്‍ അവര്‍ക്ക് കമ്പമുണ്ടെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു. ഫുട്ബോളിനെ കൂടാതെ ടേബിള്‍ ടെന്നീസ്, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, ടെന്നീസ്, ബാഡ്മിന്റണ്‍, കൊറിയന്‍ ഗുസ്തി എന്നിവയിലൊക്കെ അവര്‍ പ്രതിഭകളെ വാര്‍ത്തെടുത്തിട്ടുണ്ട്. ഒളിമ്പിക്സിലും ഏഷ്യന്‍ ഗെയിംസിലുമൊക്കെ അവര്‍ നിരവധി മെഡലുകള്‍ സ്വന്തമാക്കിയിട്ടുമുണ്ട്. എട്ടാമത് ഫുട്ബോള്‍ ലോകകപ്പില്‍ 1966-ല്‍, ഇറ്റലിയെ തോല്‍പ്പിച്ച് ക്വാര്‍ട്ടറില്‍ എത്തിയ ചരിത്രം ഒരിക്കലും മായാത്ത സ്മരണയാണ്. 2012-ല്‍ ഇംഗ്ലണ്ടില്‍ നടന്ന 30-ാമത് ഒളിമ്പിക്സില്‍ ഭാരോദ്വഹനത്തില്‍ സ്വര്‍ണ്ണമെഡല്‍ നേടിയതും ചരിത്രം. 

എന്തായാലും ഫുട്ബോള്‍ സ്റ്റേഡിയം കാണാനുള്ള വര്‍ദ്ധിച്ച ആഗ്രഹവുമായി ഞങ്ങള്‍ പ്യോങ്ങ്യാംഗില്‍നിന്നും തായ്ഡോംഗ് പ്രവിശ്യയിലെ റൂങ്കാന ഐലന്റിലേക്കു പോയി. അതിവിശാലമായ ഒരു പ്രദേശം മുഴുവനായി സ്റ്റേഡിയം നിര്‍മ്മാണത്തിനായി അവര്‍ ഉപയോഗിച്ചിരിക്കുന്നു. ഏകദേശം 207000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ആ സ്റ്റേഡിയം നില്‍ക്കുന്നത്. ഒന്നരലക്ഷം പേര്‍ക്കിരിക്കാവുന്ന അത്രയും ഇരിപ്പിടങ്ങള്‍ നിര്‍മ്മിക്കപ്പെട്ട വലിയ സ്റ്റേഡിയം. അതിന്റെ റിസപ്ഷന്‍ സ്ഥലത്ത് നിന്നുകൊണ്ട് ആകമാനം നോക്കിക്കാണുക എന്നത് അസാധ്യമാണ്. സ്റ്റേഡിയം ചുറ്റിക്കറങ്ങി വരാന്‍ സമയമെടുക്കും. 

എന്തായാലും ആദ്യം ഞങ്ങള്‍ ക്ലബ്ബിലെ പരിശീലന സൗകര്യങ്ങള്‍ കാണാന്‍ തീരുമാനിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം പ്രത്യേകം പരിശീലനസ്ഥലങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഞങ്ങള്‍ ചെല്ലുന്ന സമയത്ത് ചെറിയ കുട്ടികള്‍ക്കായി ഒരു ഫുട്ബോള്‍ പരിശീലനം നടന്നുകൊണ്ടിരിക്കുകയായിരുന്നു. എട്ടുവയസ്സില്‍ താഴെയുള്ള കുട്ടികള്‍. അത് കാണുന്നത് എത്രയോ ആനന്ദകരമായിരുന്നു. അവരുടെ കഴിവുകള്‍ വിസ്മയകരം തന്നെ. പന്തുമായി ലയിച്ചുചേര്‍ന്ന കളിരീതി കണ്ടപ്പോള്‍ അന്തംവിട്ടു പോയി. ''ഫുട്ബോളില്‍ ഒരു ലോകശക്തിയാവുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.'' പരിശീലനത്തിനു മേല്‍നോട്ടം വഹിക്കുന്ന ലേഡി മാനേജര്‍ പറഞ്ഞു. അതെങ്ങനെയെന്നു ചോദിച്ചില്ല. പിന്നീട്, 12-14 വയസ്സ് പ്രായമുളള കുട്ടികളുടെ മത്സരപരിശീലനം കാണാന്‍ പോയി. മുതിര്‍ന്നവരെപ്പോലെ മികച്ച ഫുട്ബോള്‍ കളിക്കുന്ന കുട്ടികള്‍. കുറച്ച് സമയം ആ മത്സരം കണ്ടുകൊണ്ടു നിന്നു. അതുകഴിഞ്ഞ് ആ വനിതയോട് ചോദിച്ചു: ''അപ്പോള്‍ ഫുട്ബോള്‍ രംഗത്ത് നിങ്ങള്‍ക്ക് പെണ്‍കുട്ടികളുടെ ടീമില്ലേ.'' അവര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: ''ഇപ്പോള്‍ നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത് പെണ്‍കുട്ടികളുടെ ഫുട്ബോള്‍ മത്സരമാണ്.'' കണ്‍മിഴിച്ചുപോയ ഞങ്ങള്‍ അപ്പോള്‍ മാത്രമാണ് അത് ശ്രദ്ധിച്ചത്. സൂക്ഷിച്ചുനോക്കി. അതെ, അവര്‍ പെണ്‍കുട്ടികളാണ്. പിന്നെ എന്തു ചോദിക്കാന്‍?

കായിക പരിശീലനം
കായിക പരിശീലനം

ഇങ്ങനെയൊക്കെയാണെങ്കിലും ദേശീയ ടീമിനെ പരിശീലിപ്പിക്കാന്‍ അവര്‍ക്ക് ഒരു മികച്ച വിദേശ കോച്ചിനെ നിയമിക്കാന്‍ കഴിഞ്ഞിട്ടില്ല. ''ഞങ്ങള്‍ ബ്രസീലില്‍നിന്നും ഒരു കോച്ചിനെ കൊണ്ടുവന്നു. അദ്ദേഹം ഒരാഴ്ച കഴിഞ്ഞപ്പോള്‍ മടങ്ങിപ്പോയി. കാരണം വിദേശ കോച്ച് ചെലവേറിയതാണ്. അത്രയും പണം കൊടുക്കാനുള്ള കഴിവ് ഇപ്പോള്‍ ഞങ്ങള്‍ക്കില്ല.'' ലേഡി മാനേജര്‍ (ക്ഷമിക്കണം; അവരുടെ പേര് രേഖപ്പെടുത്താന്‍ വിട്ടുപോയി) പറഞ്ഞു. ''ഫുട്ബോള്‍ പരിശീലനത്തിന് എത്ര പണം കൊടുത്തിട്ടായാലും ഒരു മികച്ച വിദേശ കോച്ചിനെ നിയോഗിക്കാന്‍ ശ്രമിക്കണം. എന്തുകൊണ്ടെന്നാല്‍ ഫുട്ബോളില്‍ വളരെ വലിയ ഭാവി നിങ്ങളെ കാത്തിരിക്കുന്നുണ്ട്.'' ഫുട്ബോള്‍ സ്നേഹിയെപ്പോലെ ഞാന്‍ പറഞ്ഞു. 

അന്നത്തെ ആ സന്ദര്‍ശനം അവസാനിക്കുന്നതിനു മുന്‍പ് ഒന്നു രണ്ട് കാര്യങ്ങള്‍കൂടി അറിയാനുണ്ട്. തീര്‍ച്ചയായും അത് ഫുട്ബോളിനെക്കുറിച്ചല്ല. ഞങ്ങള്‍ ഇതുവരെ കണ്ടതില്‍ വച്ചേറ്റവും നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന ആ യുവ വനിതാ മാനേജരോട് എന്തെന്നില്ലാത്ത ബഹുമാനം തോന്നി.

എത്ര ഒഴുക്കോടെ, എത്ര മനോഹരമായി അവര്‍ തുറന്നു സംസാരിക്കുന്നു. ഇതാണ് പറ്റിയ സമയമെന്നു കരുതി ഞങ്ങള്‍ അവരോട് ഉത്തരകൊറിയയിലെ സ്ത്രീകളുടെ പദവിയെക്കുറിച്ച് സംസാരിക്കാന്‍ ആരംഭിച്ചു. ആദ്യ ചോദ്യം എല്ലാവരുടേതുമെന്നതുപോലെ അവരോടും ആവര്‍ത്തിച്ചു. സ്ത്രീക്കും പുരുഷനും തുല്യവേതനമാണോ? ഒരു നിമിഷം പോലും ആലോചിക്കാതെ അവര്‍ പറഞ്ഞു: അതേ, തുല്യവേതനമാണ്! സ്ത്രീ-പുരുഷ വിവേചനം എപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടോ? അതായിരുന്നു തുടര്‍ ചോദ്യം. ''ഒരിക്കലുമില്ല.'' ദൃഢ സ്വരത്തില്‍ മറുപടി വന്നു. ''ചില കാര്യങ്ങളില്‍ സ്ത്രീക്കു ചില ദൗര്‍ബ്ബല്യങ്ങളുണ്ടെന്നു ഞാന്‍ കരുതുന്നു. പക്ഷേ, പുരുഷന്മാരോടൊപ്പം നില്‍ക്കാന്‍ സ്ത്രീകള്‍ക്കു കഴിയുന്നുണ്ട്.'' അപ്പോള്‍, അവരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ചോദിക്കാമെന്നു വിചാരിച്ചു. ആ സന്ദര്‍ഭം അതിനു തീരെ യോജിച്ചതായിരുന്നില്ല. പക്ഷേ, ഇനിയൊരു അവസരം കിട്ടാനിടയില്ലായെന്ന് ബോധ്യമുള്ളതിനാല്‍ ചോദിച്ചു: താങ്കള്‍ വിവാഹിതയാണോ? കുടുംബജീവിതത്തില്‍ താങ്കളാണോ ഭര്‍ത്താവാണോ കൂടുതല്‍ ഉയര്‍ന്ന നിലയില്‍?

അതിരുകടന്ന ഒരു ചോദ്യമായിരുന്നു അത്. പക്ഷേ, ആ ചോദ്യത്തിനുത്തരം എന്തു തന്നെയാണെങ്കിലും അതില്‍നിന്നു ചില നിഗമനങ്ങളില്‍ എത്തേണ്ടതുണ്ട്. എന്നാല്‍ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് സന്തോഷപൂര്‍വ്വം വളരെ പെട്ടെന്ന് അവര്‍ ഉത്തരം പറഞ്ഞുകളഞ്ഞു. ''ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നതിനെക്കാള്‍ കൂടുതല്‍ അദ്ദേഹം എന്നെ ബഹുമാനിക്കുന്നുണ്ട്.'' എത്ര സുന്ദരമായ മറുപടി. അതിലെല്ലാം അടങ്ങിയിട്ടുണ്ട്. ആ രാജ്യത്ത് സ്ത്രീകളുടെ സ്ഥാനമെന്ത് എന്ന പ്രധാനപ്പെട്ട ഒരു പദപ്രശ്നത്തിന്റെ ഉത്തരമാണ് ആ വാക്കുകളില്‍ തെളിയുന്നത്. ഇനി അറിയാനുള്ളത് അവരുടെ വിവാഹ സമ്പ്രദായങ്ങളെക്കുറിച്ചാണ്. പുരുഷമേധാവിത്വം ഏറ്റവും പ്രകടിതമാകുന്ന മേഖലകളിലൊന്ന് വിവാഹമാണല്ലോ. പൊതുവില്‍ മതരഹിതമായ ആ സമൂഹം, യൂറോപ്യന്‍ ശൈലിയിലാണോ വിവാഹങ്ങള്‍ നടത്തുന്നത്?

വിവാഹം സ്വര്‍ഗ്ഗത്തിലല്ല; ഈ ഭൂമിയില്‍

സ്ത്രീകളെ ആദരിക്കുന്ന സമൂഹമാണ് ഉത്തരകൊറിയയിലേത് എന്നു പൊതുവെ പറഞ്ഞാല്‍ അതിലൊരു പൂര്‍ണ്ണത വരില്ല. പ്രസവകാലയളവില്‍ ആറുമാസക്കാലത്തേക്ക് ശമ്പളത്തോടുകൂടിയ അവധി അനുവദിക്കുന്ന ആ രാജ്യത്ത് എല്ലാ വര്‍ഷവും മദേഴ്സ് ഡേ ആചരിക്കുന്നുമുണ്ട്. അതെല്ലാം സ്ത്രീകളെ ആദരിക്കുന്നതിന്റെ പരസ്യപ്രഖ്യാപനങ്ങളാണ്. എന്നാല്‍, സ്ത്രീയും പുരുഷനും തമ്മിലുള്ള അന്തരം എത്രത്തോളമെന്ന വശമാണ് പ്രധാനമായും മനസ്സിലാക്കാന്‍ ശ്രമിച്ചത്. ലിംഗ വിവേചനം പ്രത്യക്ഷത്തില്‍ എവിടെയുമില്ല. നിയമത്തില്‍ മാത്രമല്ല, അവയുടെ പ്രയോഗത്തിലും സ്ത്രീ-പുരുഷ സമത്വം അനുഭവവേദ്യമാണ്.

അതിനിടയില്‍, വളരെ അവിചാരിതമായിട്ടായിരുന്നു ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. യാത്രയ്ക്കിടയില്‍ ചായ കുടിക്കാന്‍ ഒരു റെസ്റ്റോറന്റില്‍ കയറി പുറത്തേയ്ക്ക് വരുന്ന സമയത്ത് ഒരു ആള്‍ക്കൂട്ടം കണ്ടപ്പോള്‍ അതൊരു  വിവാഹച്ചടങ്ങാണെന്ന് അറിഞ്ഞ് അതില്‍ പങ്കെടുക്കാന്‍ താല്പര്യം കാണിച്ചതുകൊണ്ടുമാത്രം ലഭിച്ച അവസരമായിരുന്നു അത്. ഞങ്ങള്‍ ചെല്ലുന്ന സമയം ഏവരും ലഘുഭക്ഷണം കഴിച്ച് പുറത്തേക്കിറങ്ങുന്ന ഘട്ടമായിരുന്നു. വരനും വധുവും ഹാളില്‍ പരസ്പരം എന്തൊക്കെയോ കൈമാറുന്നുണ്ട്. വാച്ചും മാലയും വളയുമൊക്കെയാണ്. പരമ്പരാഗത കൊറിയന്‍ വിവാഹവേഷമണിഞ്ഞു നില്‍ക്കുന്നു വരനും വധുവും. സാധാരണ തൊഴിലാളി കുടുംബത്തില്‍പ്പെട്ടവരുടെ വിവാഹമായിരുന്നു അത്. ഞങ്ങള്‍ ഇന്ത്യയില്‍നിന്നു വരുന്നുവെന്നറിഞ്ഞപ്പോള്‍ വരനും വധുവും ഞങ്ങളുടെ അടുത്തേക്ക് വന്ന് അഭിവന്ദിച്ചു. അവരുടെ കൂടെനിന്ന് ഓരോ സെല്‍ഫിയെടുത്തു. ഹാളില്‍ പശ്ചാത്തലസംഗീതം അപ്പോഴും നിലച്ചിട്ടില്ല. മാലയിടല്‍ പോലെയോ പുരുഷനു പ്രാമുഖ്യം കിട്ടുന്ന മറ്റെന്തെങ്കിലുമോ വിവാഹരീതികളില്‍ കണ്ടില്ല. വിവാഹത്തില്‍ പരസ്പരം കൈമാറുന്നതെന്ത് (സ്ത്രീധനം മനസ്സില്‍ കണ്ടാണ്) എന്നു ചോദിച്ചപ്പോള്‍ അവര്‍ വിശദീകരിച്ചു: തങ്ങള്‍ പരസ്പരം സമ്മാനങ്ങള്‍ കൈമാറുമെന്ന്. സ്ത്രീധനത്തെക്കുറിച്ച് വെറുതെ ചോദിച്ചതാണ്. ചോദിച്ചപ്പോള്‍ അറിഞ്ഞു; അവരുടെ ഡിക്ഷണറിയില്‍ അങ്ങനെയൊരു പദം തന്നെയില്ലായെന്ന്.

തിരികെയുള്ള യാത്രയ്ക്കിടയില്‍ വിവാഹം സംബന്ധിച്ചായി ചര്‍ച്ചകള്‍. വിവാഹത്തിനു പങ്കാളിയെ കണ്ടെത്തുന്നത് എങ്ങനെയാണ് എന്നറിയാനുള്ള കൗതുകം കൊണ്ട് അതിനെക്കുറിച്ച് ആദ്യം അന്വേഷിച്ചറിഞ്ഞു. മിക്ക കേസുകളിലും പരസ്പരം കണ്ടെത്തുകയാണ് പതിവ്. ചില സന്ദര്‍ഭങ്ങളില്‍ വധൂവരന്മാരെ രക്ഷിതാക്കള്‍ തന്നെ നിര്‍ദ്ദേശിക്കും. മറ്റു ചില സന്ദര്‍ഭങ്ങളില്‍ മക്കള്‍ കണ്ടെത്തുന്ന പങ്കാളിയെ രക്ഷിതാക്കള്‍ അംഗീകരിക്കാത്ത സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. കൊറിയന്‍ സുഹൃത്തുക്കള്‍ വിശദീകരിച്ചു. 

സര്‍വ്വകലാശാലയിലെ ഒരു അദ്ധ്യാപികയുടെ വീട് സന്ദര്‍ശിക്കാന്‍ ഇതിനിടയില്‍ അവസരം കിട്ടി. കോളേജ് പ്രൊഫസറായ ഒരു വീട്ടമ്മയോട് നേരിട്ട് സംസാരിക്കാന്‍ കിട്ടിയ അസുലഭാവസരം. വീട്ടില്‍ കഴിയുന്ന അവര്‍ ലോകത്തെ നോക്കിക്കാണുന്നതെങ്ങനെയെന്ന് മനസ്സിലാക്കാന്‍ കുറെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. അതിനിടയില്‍ ഉത്തരകൊറിയയിലെ കുടുംബ ജീവിതത്തെക്കുറിച്ചും വിവാഹമോചനം പോലെയുള്ള കാര്യങ്ങളെക്കുറിച്ചും അവരോട് സംസാരിക്കുകയുണ്ടായി. കുടുംബ ബന്ധങ്ങളില്‍ കാര്യമായ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല. വിവാഹമോചനം അത്യപൂര്‍വ്വമായി മാത്രം നടക്കുന്ന കാര്യമാണെന്നാണ് ആ അവരുടെ സംഭാഷണത്തില്‍നിന്ന് മനസ്സിലാവുന്നത്. ദക്ഷിണകൊറിയയില്‍ നടക്കുന്നതുപോലെയുള്ള കുടുംബപ്രശ്നങ്ങള്‍ ഉത്തരകൊറിയയില്‍ സംഭവിക്കാറില്ലായെന്ന് അവര്‍ പറഞ്ഞു. ദക്ഷിണകൊറിയയില്‍ അങ്ങനെ നടക്കുന്ന കാര്യം നിങ്ങള്‍ക്കെങ്ങനെ അറിയാമെന്ന് ചോദിച്ചത് മനപ്പൂര്‍വ്വമായിരുന്നു. ''ഒരിക്കല്‍ ടി.വി. ന്യൂസില്‍ ദക്ഷിണ കൊറിയയിലെ കുടുംബജീവിതം  നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച ഒരു വാര്‍ത്ത കണ്ടിരുന്നു. അങ്ങനെയറിയാം.'' അവര്‍ ഉറവിടം വ്യക്തമാക്കി. എന്തായാലും പ്രത്യേക ജനുസ്സില്‍പ്പെട്ട സ്ത്രീകള്‍ക്കാണ് വടക്കന്‍ കൊറിയ ജന്മം നല്‍കിയിട്ടുള്ളതെന്ന് ഉറപ്പിച്ചു പറയാനാകും. ഉരുക്കുപോലെ ഉറച്ച വനിതകള്‍. പുരുഷനെപ്പോലെ മനക്കരുത്തു പ്രദര്‍ശിപ്പിക്കുന്ന സ്ത്രീകളുടെ മഹാസഞ്ചയം. അവരുടെ വിവാഹം കാല്പനികമായ ഏതെങ്കിലും സ്വര്‍ഗ്ഗത്തിലല്ല, പച്ചയായ യാഥാര്‍ത്ഥ്യങ്ങളുടെ മണ്ണില്‍ത്തന്നെയാണ് നടക്കുന്നത്. 

വിമെന്‍ ആര്‍മി

സ്ത്രീ പദവിയുടെ ഔന്നത്യം മനസ്സിലാക്കാന്‍ സഹായിക്കുന്ന അനവധി അനര്‍ഘ നിമിഷങ്ങളിലൂടെ ഇതിനിടയില്‍ കടന്നുപോകാന്‍ അവസരം ലഭിക്കുകയുണ്ടായി. സാധാരണഗതിയില്‍ പുരുഷന്‍ ചെയ്യുന്ന ജോലികള്‍-പുരുഷനു മാത്രം സാധ്യമെന്നു നാം കരുതിപ്പോരുന്ന ജോലികള്‍-അവിടെ സ്ത്രീകള്‍ അനായാസം നിര്‍വ്വഹിക്കുന്നത് അത്ഭുതപൂര്‍വ്വം കണ്ടു. പാടത്തും ഫാക്ടറിയിലും സംഗീതത്തിലും അക്രോബാറ്റിക്സിലും ജിംനാസ്റ്റിക്സിലും ആര്‍മിയിലും ഫയര്‍ഫോഴ്സിലും പാരച്ച്യൂട്ട് പരിശീലനത്തിലും ട്രാഫിക് നിയന്ത്രണത്തിലും സ്ത്രീകള്‍ തന്നെയാണ് മുന്നില്‍. ഇവയില്‍ ആര്‍മിയില്‍ മാത്രമാണ് പുരുഷന്മാരുടെ എണ്ണം കൂടുതല്‍ ഉള്ളത്. മറ്റെല്ലായിടത്തും സ്ത്രീകള്‍ നയിക്കുന്നതാണ് കണ്ടത്. 

ട്രാഫിക് നിയന്ത്രണത്തിനു ചെറിയ പെണ്‍കുട്ടികള്‍ അതിരാവിലെ നാല് ഡിഗ്രി സെല്‍ഷ്യസില്‍ മഞ്ഞുവീണുകൊണ്ടിരിക്കുമ്പോള്‍ അനങ്ങാതെനിന്ന് പണിയെടുക്കുന്നത് നിത്യേനയുളള കാഴ്ചയായിരുന്നു. ട്രാഫിക് പൊലീസ് പ്രധാനമായും വനിതകളാണ്. പൊലീസിലും പുരുഷന്റെ എണ്ണത്തെക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ തന്നെ. അച്ചടക്കം, നിശ്ചയദാര്‍ഢ്യം, ചിട്ടകള്‍, സമര്‍പ്പണം, ആജ്ഞകള്‍ അപ്പടി അനുസരിക്കുന്ന രീതി, സമയനിഷ്ഠ അങ്ങനെ അനേകമനേകം ഗുണഗണങ്ങള്‍ ഇഴുകിച്ചേര്‍ന്നതാണ് ഓരോ കൊറിയക്കാരന്റേയും കൊറിയക്കാരിയുടേയും ജീവിതം. എല്ലാവരും എണ്ണയിട്ട യന്ത്രം പോലെ ഒരൊറ്റ കമാന്റില്‍ ചലിക്കുന്നു. നമുക്കത് യാന്ത്രികമെന്നു തോന്നും. പക്ഷേ, ഇന്നത്തെ കൊറിയന്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ അതായിരിക്കാം അവരുടെ അതിജീവനത്തിന്റെ വഴി. 

പറഞ്ഞുവരുന്നത് സ്ത്രീകളുടെ പട്ടാളത്തെക്കുറിച്ചാണ്. വിമെന്‍ ആര്‍മി അമ്പരപ്പിക്കും വിധത്തില്‍ അതിശക്തമായി നില്‍ക്കുന്നു. പുരുഷ പട്ടാളത്തിന്റെ അഭേദ്യ ഭാഗമാണ് സ്ത്രീകളുടെ ആര്‍മിയും. പ്രത്യേക ദൗത്യങ്ങള്‍ അവര്‍ക്കില്ല. ഒരൊറ്റ സാര്‍ത്ഥവാഹകസംഘത്തെപ്പോലെ അവര്‍ നീങ്ങുന്നു. പക്ഷേ, പട്ടാളക്കാരുട എണ്ണത്തെക്കുറിച്ച് പലവട്ടം ചോദിച്ചെങ്കിലും കണക്കുകള്‍ നല്‍കാന്‍ ഔദ്യോഗിക വക്താക്കള്‍ സന്നദ്ധരല്ലായിരുന്നു. 

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ സൈനിക ക്യാമ്പ് സന്ദർശിക്കുന്നു
ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ സൈനിക ക്യാമ്പ് സന്ദർശിക്കുന്നു

ചെറിയ രാജ്യം, വലിയ സൈന്യം

എന്തായാലും ലോകത്തെ ഏറ്റവും വലിയ സൈന്യങ്ങളിലൊന്നാണ് ഉത്തരകൊറിയ സൃഷ്ടിച്ചെടുത്തിരിക്കുന്നതെന്നു മനസ്സിലാക്കാനായി. ഭൂമിശാസ്ത്രപരമായി കൊറിയന്‍ ഉപദ്വീപിയന്‍ പീഠഭൂമിയിലെ ഒരു പ്രദേശമാണ് ഉത്തരകൊറിയ. ദക്ഷിണ-ഉത്തര കൊറിയകള്‍ ചേര്‍ന്ന അവിഭജിത കൊറിയയുടെ ആകെ വിസ്തീര്‍ണ്ണം 22,42,554 ചതുരശ്ര കിലോമീറ്ററാണ്. അതില്‍ ദക്ഷിണകൊറിയ 1,01038 ചതുരശ്ര കിലോമീറ്റര്‍ പങ്കുവയ്ക്കുന്നു. അവശേഷിക്കുന്ന 1,23,214 ചതുരശ്ര കിലോമീറ്ററാണ് ഉത്തര കൊറിയന്‍ അധീനതയിലുള്ളത്. ഇരു കൊറിയകളുടേയും ഭൂപ്രദേശങ്ങള്‍ക്കിടയില്‍ 5851 ചതുരശ്ര കിലോമീറ്റര്‍ ദൂരം ദ്വീപുകളാണ്. ഭൂവിസ്തൃതി അടിസ്ഥാനത്തില്‍ നോക്കിയാല്‍ ലോകത്തെ 200 സ്വതന്ത്ര രാജ്യങ്ങളുടെ പട്ടികയില്‍ 84-ാം സ്ഥാനം ഉത്തരകൊറിയ അലങ്കരിക്കുന്നുവെന്നാണ് അവരുടെ ഒരു അവകാശവാദം. ഒരുപക്ഷേ, അത് ശരിയായിരിക്കും. തിരശ്ചീനമായി നോക്കിയാല്‍, ആകെ വിസ്തൃതിയുടെ വൃത്തപരിധി കുറച്ചുകൂടി നീണ്ടതാണ്. എന്തായാലും ആകെ ജനസംഖ്യ ഉത്തരകൊറിയയില്‍ രണ്ടരക്കോടി മാത്രം. ദ്വീപുകളും മലനിരകളും സമതലപീഠഭൂമിയും കൂടിച്ചേര്‍ന്ന വിശേഷപ്പെട്ട ഭൂപ്രകൃതിയാണ് ആ രാജ്യത്തിന്റെ വിലപ്പെട്ട പ്രകൃതിസമ്പത്ത്. 

എന്നാല്‍, രണ്ടരക്കോടി ജനങ്ങളില്‍ ഒരു കോടിയിലേറെ ആളുകള്‍ അവരുടെ ഔദ്യോഗിക സേനാവ്യൂഹങ്ങളുടെ ഭാഗമാണ്. രാജ്യത്തെ ആരോഗ്യമുള്ള യുവാക്കളില്‍ തൊണ്ണൂറ് ശതമാനവും ആര്‍മിയിലാണ്; വനിതകളില്‍ 20 ശതമാനവും. ശാസ്ത്ര-സാങ്കേതിക-വിദ്യാഭ്യാസ രംഗങ്ങളില്‍ സംഭാവന ചെയ്യാന്‍ കഴിവുറ്റ ഒരു വിഭാഗത്തെ അവര്‍ ആ മണ്ഡലങ്ങളിലേക്കു വിടുന്നു. അവശേഷിക്കുന്ന ആരോഗ്യമുള്ള മുഴുവന്‍ പുരുഷന്മാരേയും നിര്‍ബ്ബന്ധിത പട്ടാളസേവനത്തിനു തെരഞ്ഞെടുക്കുന്നു. പന്ത്രണ്ടാം ക്ലാസ്സ് വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും രണ്ട് വര്‍ഷത്തെ നിര്‍ബ്ബന്ധിത പട്ടാള പരിശീലനം നല്‍കും. അതിനുശേഷമേ അവര്‍ക്ക് ഐച്ഛിക വിഷയങ്ങള്‍ തെരഞ്ഞെടുത്ത് ഉന്നത വിദ്യാഭ്യാസത്തിനായി സര്‍വ്വകലാശാലകളില്‍ പോകാനാവൂ. ആര്‍മി സേവനത്തിനു സന്നദ്ധരാവുന്നവരുടെ റിക്രൂട്ട്മെന്റ് സ്‌കൂളുകളില്‍ നിന്നാരംഭിക്കും. അതിവിപുലമായ വിധത്തില്‍ യുദ്ധസന്നാഹങ്ങള്‍ ഒരുക്കി ചലിപ്പിച്ചുനിര്‍ത്തുന്ന രാജ്യമാണത്. ശത്രുരാജ്യങ്ങളുടെ ആക്രമണം ഏതു നിമിഷവും പ്രതീക്ഷിക്കാമെന്നതിനാല്‍ ജനങ്ങളെ സദാസമയവും യുദ്ധസജ്ജരാക്കി മാറ്റിയേ മതിയാകൂവെന്നതാണ് സ്ഥിതി. 

രാജ്യത്തിന്റെ സൈനിക ശാസ്ത്രസാങ്കേതികരംഗം അത്യാധുനികമാംവിധം വികസിച്ചിരിക്കുന്നു. ആയുധോല്പാദനത്തില്‍ അവര്‍ ബഹുദൂരം മുന്നിലാണ്. വിശേഷിച്ചും ആണവായുധങ്ങളുടെ കാര്യത്തില്‍. സമീപകാലത്താണ് അവര്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം വിജയകരമായി നിര്‍വ്വഹിച്ചത്. 2017 സെപ്റ്റംബര്‍ മൂന്നിനാണ് അവര്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തി ലോകത്തെ ഞെട്ടിച്ചത്. അതവര്‍ക്ക് ലോകത്തെ ഹൈഡ്രജന്‍ ബോംബിനാല്‍ സായുധമായ രാജ്യമെന്ന പട്ടം സമ്പാദിച്ചുകൊടുത്തു. 

അന്തര്‍വാഹിനികളില്‍ ഉപയോഗിക്കുവാന്‍ കഴിയുന്നവിധത്തിലുള്ള ബാലിസ്റ്റിക് മിസൈലുകളും ഐ.സി.ബി.എമ്മുകളും അവര്‍ക്ക് സ്വന്തമായുണ്ട്. കരഭൂമിയിലെ യുദ്ധത്തില്‍ മാത്രമല്ല, ആകാശത്തിലും കടലിലും ഒരേ സമയം വിജയകരമാക്കാന്‍ കഴിയുന്ന അത്യന്താധുനിക ആയുധങ്ങള്‍ നിരന്തരം പരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു ന്യൂക്ലിയര്‍ രാഷ്ട്രമാണത്. പ്രധാനമായും അമേരിക്കന്‍ ഭരണകൂടത്തെ ഞെട്ടിക്കാനാണ് ഉത്തരകൊറിയ ഇടയ്ക്കിടെ ആണവായുധ പരീക്ഷണങ്ങളും പരിശീലനങ്ങളും നടത്തുന്നതെന്ന് വ്യക്തമാണ്. അവര്‍ക്കു മുന്‍പില്‍ ഒരു ശത്രുവേയുള്ളൂ. അതിപ്പോള്‍ അമേരിക്കയാണ്. ദക്ഷിണകൊറിയ അവരെ സംബന്ധിച്ചിടത്തോളം ഒരു ശത്രുരാജ്യമേ അല്ല. ദക്ഷിണകൊറിയയിലെ അമേരിക്കന്‍ അധീനതയാണ് യഥാര്‍ത്ഥ പ്രശ്നം. എന്തായാലും മറ്റെല്ലാ രാജ്യങ്ങളുമായി പ്രത്യക്ഷത്തില്‍ത്തന്നെ സൗഹൃദം സ്ഥാപിക്കാനുള്ള തീവ്ര പരിശ്രമത്തിലാണവര്‍. അതേസമയം, ദക്ഷിണ കൊറിയയുമായുള്ള ലയനം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ അവര്‍ വിശ്വസിക്കുന്നു, അമേരിക്കയുമായി ഒരു വെടിനിര്‍ത്തല്‍ അനിവാര്യമാണെന്ന്. അതിനുള്ള തന്ത്രപരമായ നീക്കങ്ങള്‍ അവരുടെ രാഷ്ട്രീയ പരീക്ഷണശാലയില്‍ ഉരുക്കിയെടുക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com