കെ കരുണാകരൻ, സി സുബ്രഹ്മണ്യം ഐപിഎസ്
കെ കരുണാകരൻ, സി സുബ്രഹ്മണ്യം ഐപിഎസ്

പെട്ടെന്ന് വയര്‍ലെസ്സില്‍ ഒരു നിലവിളി, 'അയ്യോ, ഞങ്ങളെ കൊല്ലുന്നേയ്', പിന്നെ നിശ്ശബ്ദത; ഡിസംബര്‍ 6 ഒരോര്‍മ്മ 

രാമജന്മഭൂമി-ബാബ്റി മസ്ജിദ് വിഷയത്തില്‍ ദേശീയ തലത്തില്‍ അരങ്ങേറിക്കൊണ്ടിരുന്ന  പ്രക്ഷോഭങ്ങളുടെ അലയൊലികള്‍ കേരളത്തിലും മുഴങ്ങിയിരുന്നു

ന്ത്യ സ്വതന്ത്രമായ ശേഷം രാജ്യത്തെയാകെ പിടിച്ചുകുലുക്കിയ ഏറ്റവും വലിയ സംഭവം ഉണ്ടായത് 1992 ഡിസംബര്‍ 6-നാണ്. ഉത്തര്‍പ്രദേശിലെ അയോദ്ധ്യയില്‍ കര്‍സേവകര്‍ ബാബ്‌റി മസ്ജിദ് തകര്‍ത്തത് അന്നാണ്. തകര്‍ത്തത് 'ബാബ്‌റി മസ്ജിദ്' ആണോ 'തര്‍ക്കമന്ദിര'മാണോ എന്നൊരു തര്‍ക്കം പത്രറിപ്പോര്‍ട്ടുകളില്‍ പ്രകടമായിരുന്നു. എന്‍.എസ്. മാധവന്റെ വിഖ്യാത കഥ 'തിരുത്തി'ന്റെ കേന്ദ്രബിന്ദു അതാണല്ലോ. പക്ഷേ, ഒരു കാര്യം തര്‍ക്കമില്ലാത്തതാണ്. ഡിസംബര്‍ ആറിനെ തുടര്‍ന്ന് രാജ്യത്തിന്റെ പല ഭാഗത്തും ഹിന്ദു-മുസ്ലിം വര്‍ഗ്ഗീയ കലാപങ്ങളും പൊലീസ് വെടിവെയ്പും ഉണ്ടാകുകയും ആയിരക്കണക്കിനു മനുഷ്യരുടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. കൊള്ളയിലും കൊള്ളിവെയ്പിലും നഷ്ടപ്പെട്ട വീടുകളും സ്വത്തുക്കളും കണക്കില്ലാത്തതാണ്. 1993-ലെ ബോംബെയിലെ ഭീകരാക്രമണം മുതല്‍ പല അനിഷ്ട സംഭവങ്ങളും ഡിസംബര്‍ ആറിന്റെ തുടര്‍ച്ചയാണ്. ആ വലിയ ഭൂകമ്പത്തിന്റെ തുടര്‍ചലനങ്ങള്‍ നിലയ്ക്കുന്നില്ല. ഭൂകമ്പം, തുടര്‍ചലനം എന്നൊക്കെ പറയുമ്പോള്‍ കൊടിയ മാനുഷിക ദുരന്തങ്ങളാണ് ആ വാക്കുകള്‍ സൂചിപ്പിക്കുന്നത്; മനുഷ്യനിര്‍മ്മിത മാനുഷിക ദുരന്തങ്ങള്‍.  

കേരളം, ശാന്തിയും സമാധാനവും സര്‍വ്വത്ര കളിയാടുന്ന മതേതരത്വവും മതസൗഹാര്‍ദ്ദവും പുലരുന്ന പ്രബുദ്ധരുടെ, സാക്ഷരരുടെ മാവേലിനാടാണെന്ന് അലസമായി അഭിരമിക്കുന്ന വാഗ്ധോരണി ഏറെ കേട്ടിട്ടുണ്ട്. പക്ഷേ, സായിപ്പ് പറഞ്ഞപോലെ കേക്കിന്റെ ഗുണം കഴിക്കുമ്പോഴല്ലെ അറിയു. അത് നമ്മളറിയുകതന്നെ ചെയ്തു. 1992 ഡിസംബര്‍ ആറിനുശേഷമുള്ള ഒരാഴ്ചക്കാലം കേരളത്തില്‍ പരക്കെ സംഘര്‍ഷവും പലേടത്തും അക്രമവും പൊലീസ് വെടിവെയ്പും കൊലപാതകവും മരണവും  അരങ്ങേറി. തുടര്‍ച്ചയായ ബന്ദുകള്‍ ജനജീവിതം സ്തംഭിപ്പിച്ചു. ക്രമസമാധാനം പാലിക്കുക ശ്രമകരമായിരുന്നു. പൊലീസിനു പുറമേ, അര്‍ദ്ധസൈനികരും സൈനികരും നിരത്തിലിറങ്ങി. 

വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ സൂചനകള്‍ കേരളത്തിലും കാണാമായിരുന്നു. രാമജന്മഭൂമി-ബാബ്‌റി മസ്ജിദ് വിഷയത്തില്‍ ദേശീയ തലത്തില്‍ അരങ്ങേറിക്കൊണ്ടിരുന്ന പ്രക്ഷോഭങ്ങളുടെ അലയൊലികള്‍ കേരളത്തിലും മുഴങ്ങിയിരുന്നു. ഒരു വര്‍ഷം മുന്‍പ് പാലക്കാട്ട് വച്ച് മുരളീമനോഹര്‍ ജോഷി നയിച്ച ഏകതാ യാത്രയുമായി ബന്ധപ്പെട്ട സംഘര്‍ഷം പൊലീസ് വെടിവെയ്പിലും സിറാജുന്നീസ എന്ന കൊച്ചു പെണ്‍കുട്ടിയുടെ മരണത്തിലും കലാശിച്ചിരുന്നു. ആ സംഭവം സംസ്ഥാനത്തിന്റെ ആകെ ശ്രദ്ധ ആകര്‍ഷിച്ചു. 1992 ജൂലായില്‍ തിരുവനന്തപുരത്ത് പൂന്തുറയിലും പരിസരത്തും വര്‍ഗ്ഗീയ സംഘര്‍ഷവും ഏറ്റുമുട്ടലും പൊലീസ് വെടിവെയ്പിലേയ്ക്കു് നയിച്ചപ്പോള്‍ വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെട്ടു. ക്രമസമാധാന പാലനത്തിന് സി.ആര്‍.പി.എഫിനെ മാത്രമല്ല, പട്ടാളത്തേയും വിന്യസിക്കേണ്ട സാഹചര്യമുണ്ടായി. തൊട്ടടുത്തമാസമാണ് കൊല്ലം ജില്ലയില്‍ അബ്ദുള്‍നാസര്‍ മദനിക്കെതിരായ ബോംബാക്രമണം ഉണ്ടായത്. അതേത്തുടര്‍ന്ന് മറ്റു ജില്ലകളിലും വലിയ സംഘര്‍ഷം ഉടലെടുത്തിരുന്നു. ആലപ്പുഴയില്‍ നെഹ്‌റു ട്രോഫി വള്ളംകളി നടത്തിപ്പില്‍ അത് സൃഷ്ടിച്ച പ്രശ്നങ്ങള്‍ നമ്മള്‍ കണ്ടതാണ്. ഏതാണ്ടതേകാലത്ത് എറണാകുളത്തും വലിയ സംഘര്‍ഷങ്ങളുണ്ടായിരുന്നു. മട്ടാഞ്ചേരിയില്‍  ക്രമസമാധാന ഭീഷണി തുടര്‍ന്നപ്പോള്‍  അന്നത്തെ സംസ്ഥാന ഡി.ജി.പി സുബ്രഹ്മണ്യം നേരിട്ട് എത്തി പൊലീസ് നടപടികള്‍ നയിച്ച അപൂര്‍വ്വ സംഭവവുമുണ്ടായി.

വര്‍ഗ്ഗീയ സംഘര്‍ഷത്തെ നേരിടുന്നതിനു പടിപടിയായി കുറെ തയ്യാറെടുപ്പുകള്‍ സംസ്ഥാനത്ത്  നടന്നിരുന്നു. അതിന് ഉജ്ജ്വലമായ നേതൃത്വമാണ് അന്നത്തെ ഡി.ജി.പി സുബ്രഹ്മണ്യം നല്‍കിയത്. പ്രധാന വര്‍ഗ്ഗീയ സംഭവങ്ങള്‍ പൊലീസ് ആസ്ഥാനത്ത് ഡി.ജി.പിയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ അവലോകനം ചെയ്യുകയും അതില്‍നിന്നുള്ള പാഠങ്ങളും നിര്‍ദ്ദേശങ്ങളും വളരെ വ്യക്തതയോടെ ജില്ലയില്‍ ഞങ്ങള്‍ക്കു നല്‍കുകയും ചെയ്തിരുന്നു. ഏതെങ്കിലും പ്രശ്‌നം  കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അതാരുടെ ഭാഗത്താണെന്നും എന്താണ് സംഭവിച്ചതെന്നും എല്ലാം വസ്തുനിഷ്ഠമായി പ്രതിപാദിക്കുമായിരുന്നു. ഇങ്ങനെ പൊലീസ് ആസ്ഥാനത്തുനിന്ന് ആഴ്ചതോറും ലഭിച്ചിരുന്ന കത്തില്‍  വലിയ ഊന്നല്‍ നല്‍കിയിരുന്ന ഒരു വിഷയമായിരുന്നു വര്‍ഗ്ഗീയ കലാപങ്ങള്‍ പൊലീസ് എങ്ങനെ കൈകാര്യം ചെയ്യണം എന്നത്. തിരുവനന്തപുരത്ത് പൂന്തുറ കലാപത്തിന്റെ അനുഭവ പാഠങ്ങളും നിര്‍ദ്ദേശ രൂപത്തില്‍ ജില്ലകളില്‍ ലഭിച്ചു.  മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിനും വര്‍ഗ്ഗീയ കലാപങ്ങള്‍ നേരിടുന്നതിനും കേന്ദ്രഗവണ്‍മെന്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. പൊലീസ് സേനയിലെ കോണ്‍സ്റ്റബിള്‍ മുതല്‍ സംസ്ഥാനത്തെ മന്ത്രിമാര്‍ വരെ ഇക്കാര്യത്തില്‍ പാലിക്കേണ്ട ഉത്തരവാദിത്വങ്ങള്‍ അതില്‍ പ്രതിപാദിച്ചിരുന്നു. നീലക്കവറുള്ള ഈ ചെറിയ പുസ്തകം അന്ന് എല്ലാ പൊലീസ് സ്റ്റേഷനുകളിലും ലഭ്യമാക്കിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ എത്രയോ മീറ്റിങ്ങുകളില്‍ ഞാന്‍ നേരിട്ട് ഈ 'നീലപുസ്തകം' അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥികളോടെന്നപോലെ വിശദീകരിച്ചു കൊടുത്തിട്ടുണ്ട്. അതിലെ ഒരു നിര്‍ദ്ദേശം പൊലീസിനു വളരെ പ്രധാനപ്പെട്ടതായിരുന്നു. അക്രമാസക്തമായ ജനക്കൂട്ടത്തെ ബലം പ്രയോഗിച്ച് പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ടുള്ളതായിരുന്നു അത്. സാധാരണയായി, സമാധാനം നിലനിര്‍ത്തുന്നതിന് ബലപ്രയോഗം നടത്തേണ്ടിവന്നാല്‍ പൊലീസ് അവിടെ പരമാവധി നിയന്ത്രണം പാലിക്കണം. അതാണ് ബലപ്രയോഗത്തില്‍ പൊലീസ് പാലിക്കേണ്ട തത്ത്വം. ഈ പൊതുതത്ത്വത്തിന് അപവാദമാണ്   വര്‍ഗ്ഗീയ സംഘര്‍ഷവും വര്‍ഗ്ഗീയ ലഹളയും. വര്‍ഗ്ഗീയ അക്രമത്തിന്റെ കാര്യത്തില്‍ ബലപ്രയോഗത്തിന് പൊലീസ്  അറച്ചുനില്‍ക്കരുത്.  അവിടെ അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ്  ശക്തമായ ഇടപെടല്‍ നടത്തണമെന്ന വ്യക്തമായ സന്ദേശം ആയിരുന്നു അതിലുള്ളത്. ഈ നിര്‍ദ്ദേശം  പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഞാന്‍ ആവര്‍ത്തിച്ച് വിശദീകരിച്ചുകൊടുത്തു. അതിനുപയോഗിച്ച ഒരു ഉദാഹരണം ഇങ്ങനെ പോയി: ''ടൗണില്‍ ഇരുവിഭാഗം ആള്‍ക്കാര്‍ വര്‍ഗ്ഗീയമായി എറ്റുമുട്ടുന്നു എന്നു കരുതുക. അവിടെ പൊലീസ് എങ്ങനെ ബലം പ്രയോഗിച്ച് പിരിച്ചുവിടും? നിങ്ങള്‍ ആ  മനുഷ്യരുടെ സ്ഥാനത്ത് പേയ് പിടിച്ച രണ്ടു സംഘം നായ്ക്കളെ സങ്കല്പിക്കുക. പരസ്പരം കടിച്ചുകീറുന്ന ഭ്രാന്തന്‍ നായ്ക്കളെ എങ്ങനെ അടിച്ചോടിക്കുമോ അതേ സമീപനമാണ് വര്‍ഗ്ഗീയ ഏറ്റുമുട്ടല്‍ നേരിടാന്‍ പൊലീസ് സ്വീകരിക്കേണ്ടത്. പിന്തിരിഞ്ഞോടിക്കാന്‍ നിര്‍ദ്ദയം ബലം പ്രയോഗിക്കുക. ഒരു സംശയവും വേണ്ട.'' ഈ 'പേപ്പട്ടി മാതൃക' നിയമപണ്ഡിതര്‍ അംഗീകരിക്കുമോ എന്നുറപ്പില്ല. പക്ഷേ, ഈ മാതൃകയാണ് ഞാനെന്റെ ഉദ്യോഗസ്ഥരുടെ മനസ്സില്‍ നിരന്തരം കടത്തിവിടാന്‍ ശ്രമിച്ചത് എന്നതാണ് സത്യം. 

മാര്‍ദ്ദവത്വം നിറഞ്ഞ ഒരു പരീക്ഷണം

'നിര്‍ദ്ദയത്വം' മാത്രമായിരുന്നു എസ്.പി. എന്ന് കരുതരുത്. മാര്‍ദ്ദവത്വം നിറഞ്ഞ ഒരു പരീക്ഷണം ആലപ്പുഴയില്‍ ഞങ്ങള്‍ നടത്തിയിരുന്നു; ഒരു മതസൗഹാര്‍ദ്ദ സമ്മേളനം. അതിന്റെ ആശയം, ആവിഷ്‌കാരം, സംഘാടനം എല്ലാം നിര്‍വ്വഹിച്ചത് ചേര്‍ത്തല ഡി.വൈ.എസ്.പി ആയിരുന്ന രാധാകൃഷ്ണന്‍ നായരായിരുന്നു. ആശയം അംഗീകരിച്ചതോടെ മറ്റെല്ലാം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ മുന്നോട്ടുപോയി. അരൂരില്‍ ഒരു സ്‌കൂള്‍ കോമ്പൗണ്ടില്‍ വെച്ചുള്ള പൊതുസമ്മേളനമായിരുന്നു പ്രധാന പരിപാടി. സാമാന്യം താരനിബിഡമായിരുന്നു സംഭവം. ഓരോ ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ മതപണ്ഡിതരുടെ സാന്നിദ്ധ്യവും  ഉറപ്പാക്കിയിരുന്നു. അത്  നിര്‍ബ്ബന്ധമാണല്ലോ. 'നാട്ടുനടപ്പ്' അനുസരിച്ച് ഹിന്ദുമത സ്വാമി ഖുറാനും ഇസ്ലാം മൗലവി ഭഗവദ്ഗീതയും നാട്ടുകാര്‍ക്ക് മനസ്സിലാകാത്ത ഭാഷയില്‍ ഉദ്ധരിച്ച് കയ്യടി നേടി. വികാരിയും പ്രകടനം മോശമാക്കിയില്ല. അതുകഴിഞ്ഞുള്ള കോമഡി, സ്‌കിറ്റ് ഇത്യാദി ആയിരുന്നുവെന്ന് തോന്നുന്നു ജനപ്രിയ ഇനങ്ങള്‍. പരിപാടി വമ്പിച്ച വിജയമായിരുന്നുവെങ്കിലും പലവിധ കാരണങ്ങള്‍കൊണ്ട് പൊലീസിന്റെ ഈ പരീക്ഷണം പിന്നീട്  പ്രോത്സാഹിപ്പിച്ചില്ല. 

ഏതായാലും ഡിസംബര്‍ 6-നെ നേരിടാന്‍ അതികഠിനമായ നിലപാടുകള്‍ വേണ്ടിവരുമെന്നുറപ്പായിരുന്നു. ബലപ്രയോഗം നടത്തുവാന്‍ നിയമം ചുമതലപ്പെടുത്തുന്ന സര്‍ക്കാര്‍ സംവിധാനമാണല്ലോ പൊലീസ്. ബലപ്രയോഗത്തിനുള്ള സന്നദ്ധത പൊലീസ് സംവിധാനത്തിനുണ്ടാകുന്നത് പല ഘടകങ്ങളിലൂടെയാണ്. ഡിസംബര്‍ 6-നെ നേരിടാനുള്ള ഞങ്ങളുടെ ഏറ്റവും വലിയ കരുത്ത് തൊട്ട് മുന്‍പുള്ള അനുഭവങ്ങളായിരുന്നു. ബലപ്രയോഗം ആവശ്യമായ സന്ദര്‍ഭങ്ങളില്‍ അതിനു മുതിരുകയും അതിന്റെ പേരില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കാനുള്ള സമ്മര്‍ദ്ദങ്ങളെ ശക്തമായി ചെറുക്കുകയും ചെയ്ത സംഭവങ്ങള്‍ വളരെ പ്രയോജനം ചെയ്തു. പൊലീസ് ശക്തമായി ഇടപെടും എന്ന ബോധ്യം എല്ലാ ശക്തികള്‍ക്കും ഉണ്ടായിരുന്നുവെന്നു തോന്നുന്നു. അങ്ങനെ പ്രവര്‍ത്തിക്കാനുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ  ധൈര്യം അഥവാ മാനസിക സന്നദ്ധത  വളരെ പ്രധാനപ്പെട്ടതാണ്. വെടിവെയ്പ് ഉള്‍പ്പെടെ എന്തിനും സന്നദ്ധമാണ് പൊലീസ് സേന എങ്കില്‍ മിക്കപ്പോഴും ലാത്തിച്ചാര്‍ജ്ജ് പോലും വേണ്ടിവരില്ല.  കാരണം, ആ സന്ദേശം അക്രമികള്‍ക്കു വേഗം മനസ്സിലാകും. മറിച്ച് അക്രമികള്‍ നിയമം കയ്യിലെടുക്കുമ്പോള്‍, പൊലീസ് അറച്ചുനിന്നാല്‍ അത് അക്രമികള്‍ക്ക് ഉത്തേജനമാകും. അവസാനം സൂചികൊണ്ടെടുക്കേണ്ടത്, തൂമ്പകൊണ്ടെടുക്കേണ്ട അവസ്ഥയുണ്ടാകും. 

ഡിസംബര്‍ 6-ന്റെ ഗതി മനസ്സിലാക്കാന്‍ പൊതുമണ്ഡലം സൂക്ഷ്മതയോടെ നോക്കിക്കാണുന്ന ഏത് പൊലീസ് ഉദ്യോഗസ്ഥനും കഴിയുമായിരുന്നു. അന്ന് ഞായറാഴ്ച ആയിരുന്നു. ഉച്ചയാകുമ്പോഴേയ്ക്കും കുറേയേറെ  വാര്‍ത്തകള്‍ അയോദ്ധ്യയില്‍നിന്നും വന്നുതുടങ്ങി. കൂടെ ഊഹാപോഹങ്ങളും. ''കേട്ട വാര്‍ത്തകള്‍ ഭീകരം, കേള്‍ക്കാത്തവ അതിഭീകരം'' എന്നതായിരുന്നു അവസ്ഥ. ആലപ്പുഴ ജില്ലയില്‍ പ്രതിഷേധവും സംഘര്‍ഷവും ഉണ്ടാകാനിടയുള്ള മുഴുവന്‍ സ്ഥലങ്ങളും മുന്‍കൂട്ടി തിരിച്ചറിഞ്ഞിരുന്നു. അതനുസരിച്ച് പൊലീസിനെ വ്യന്യസിക്കുകയും ചെയ്തു. അത്തരം സ്ഥലങ്ങളിലെല്ലാം കനത്ത പൊലീസ് പട്രോളിംഗ് ഉണ്ടായിരുന്നു. അന്നത്തെ പൊതു അന്തരീക്ഷം ഉല്‍ക്കണ്ഠകള്‍ നിറഞ്ഞതായിരുന്നു. മുസ്ലിങ്ങള്‍ മാത്രമല്ല, മറ്റുള്ളവരും ഉത്തരേന്ത്യയില്‍നിന്നുള്ള വാര്‍ത്തകളില്‍ പൊതുവേ അസ്വസ്ഥരായിരുന്നു. 

വെണ്‍മണിക്കടുത്ത് ഒറ്റപ്പെട്ട ഒരു സംഭവമുണ്ടായി. ചായക്കടയില്‍വെച്ച് ഒരു ശങ്കരനും മുഹമ്മദും തമ്മില്‍ ചെറിയ വാക്ക്തര്‍ക്കം. തര്‍ക്കവിഷയം അയോദ്ധ്യയും ബാബ്റി മസ്ജിദും തന്നെ. തര്‍ക്കം വലിയ വഴക്കായി; ഭാഗ്യത്തിന് അത് ഏറ്റുമുട്ടല്‍ ആയില്ല. എല്ലാം കഴിഞ്ഞ് വീട്ടില്‍ പോയശേഷം സന്ധ്യയായപ്പോള്‍ രണ്ടുപേരും പരസ്പരം കുറ്റമാരോപിച്ച് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. സ്പെഷ്യല്‍ ബ്രാഞ്ച് മുഖേന വിവരം എന്റെ ശ്രദ്ധയിലെത്തി. പരാതികള്‍ മാറ്റിവച്ചശേഷം രണ്ടു പേരേയും പ്രതികളാക്കി മതസ്പര്‍ദ്ധ വളര്‍ത്തുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചതിന് കേസെടുത്ത് അറസ്റ്റുചെയ്ത് റിമാന്റ് ചെയ്യാന്‍ ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പിയോട് നിര്‍ദ്ദേശിച്ചു. അങ്ങനെ പരാതിക്കാര്‍ രണ്ടുപേരും ലോക്കപ്പിലായപ്പോള്‍ അവരുടെ പ്രശ്‌നമെല്ലാം തീര്‍ന്നുവെന്നും എങ്ങനെയെങ്കിലും വിട്ടാല്‍മതിയെന്നും കുറെ ശുപാര്‍ശ വന്നു. അവരുടെ ഐക്യം ഉറപ്പിക്കാന്‍ ഒന്നോ രണ്ടോ ദിവസത്തെ ജയില്‍വാസം സഹായിക്കും എന്നതായിരുന്നു പൊലീസിന്റെ നിലപാട്. മറ്റൊരവസരത്തില്‍ ആയിരുന്നുവെങ്കില്‍ ഈ 'നിര്‍ദ്ദയത്വം' കാണിക്കില്ലായിരുന്നു എന്നെനിക്കു തോന്നുന്നു. 

തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംസ്ഥാനത്ത് ഹര്‍ത്താലുകളും ബന്ദും തന്നെയായിരുന്നു. ഡിസംബര്‍ 7-ന് മുസ്ലിം ലീഗും ചില  മുസ്ലിം സാമൂഹ്യസംഘടനകളും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. 8-ന് ഐക്യജനാധിപത്യ മുന്നണിയും ഇടതുപക്ഷവും വെവ്വേറെ ബന്ദുകള്‍ പ്രഖ്യാപിച്ചു. 9-ന് ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഭാരത് ബന്ദായിരുന്നു. ഏതാണ്ട് ഒരാഴ്ചക്കാലം ജനജീവിതം നിശ്ചലമായി. ആലപ്പുഴയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. നിരോധനാജ്ഞ അശേഷം വിട്ടുവീഴ്ചയില്ലാതെയാണ് നടപ്പിലാക്കിയത്. ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദ്ദേശം ഞാന്‍ വയര്‍ലെസ്സില്‍ പറഞ്ഞു. ''നിരോധനാജ്ഞാ ലംഘനത്തിന്റെ പ്രവണതകള്‍ കണ്ടാല്‍ ഉടന്‍ ശക്തിയായി ഇടപെടുക. അറസ്റ്റുചെയ്ത്  നീക്കാവുന്ന ആള്‍ക്കൂട്ടമേ ഉള്ളുവെങ്കില്‍ അറസ്റ്റു ചെയ്യുക. അതിനു പ്രായോഗിക ബുദ്ധിമുട്ടുണ്ടെങ്കില്‍ ഉടന്‍ ലാത്തിച്ചാര്‍ജ്ജ് ചെയ്ത് പിരിച്ചുവിടുക. ഒരു കാരണവശാലും വലിയ ആള്‍ക്കൂട്ടം ഒത്തുകൂടാന്‍ അനുവദിക്കാതിരിക്കുക. അങ്ങനെയായാല്‍ വെടിവെയ്പ് ഒഴിവാക്കാം. പക്ഷേ, വെടിവയ്പിനുള്ള സാഹചര്യം വന്നാല്‍ വെടിവയ്ക്കുക. തുടക്കത്തില്‍ത്തന്നെ പൊലീസ് ശക്തിയായി ഇടപെടുക എന്നതാണ് പ്രധാനം.'' ഈ കാര്യങ്ങള്‍ എസ്.പിയുടെ ഉത്തരവായി പൊലീസുദ്യോഗസ്ഥരുടെ നോട്ടുബുക്കില്‍ എഴുതാനും നിര്‍ദ്ദേശിച്ചു. ആലപ്പുഴയിലെ പൊലീസുദ്യോഗസ്ഥര്‍ റാങ്കു വ്യത്യാസമില്ലാതെ സന്ദര്‍ഭത്തിനൊത്തുയര്‍ന്നു. പലപ്പോഴും 'ദുര്‍ബ്ബലര്‍' എന്നു മുദ്രകുത്തപ്പെട്ട ഉദ്യോഗസ്ഥര്‍പോലും ധീരമായി മുന്നോട്ടുവന്നു. അങ്ങനെ പല കഥകളും പിന്നീട് എന്റെ ചെവിയിലെത്തി. സര്‍വ്വീസില്‍നിന്നും വിരമിക്കാറായ ഒരു എസ്.ഐ ജോയി റോഡില്‍  മൂന്നോ നാലോ ആള്‍ക്കാരെ കണ്ടാല്‍പോലും പറയുമായിരുന്നത്രെ: ''നിങ്ങള്‍ ഉടന്‍ വീട്ടില്‍ പൊയ്‌ക്കൊള്ളണം, വെടിവെയ്ക്കാനാണ് എസ്.പി 'അദ്ദേഹം' പറഞ്ഞിരിക്കുന്നത്.'' 'അദ്ദേഹ'ത്തെപ്പറ്റി ആളുകള്‍ എന്ത് ധരിച്ചുവോ ആവോ? പക്ഷേ, ആ ഉദ്യോഗസ്ഥരെല്ലാം അര്‍പ്പണബോധത്തോടെ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചു. പല സ്ഥലങ്ങളിലും പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജ്ജ് വേണ്ടിവന്നുവെങ്കിലും ഒരിടത്തും ആള്‍ക്കൂട്ടത്തിനു നേരെ വെടിവെയ്‌ക്കേണ്ട സാഹചര്യമുണ്ടായില്ല. അന്നത്തെ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ സംഭാവന മികച്ചതായിരുന്നു. ബാബുരാജേന്ദ്രന്റെ കീഴിലുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ കോണ്‍സ്റ്റബിള്‍മാരും ഹെഡ് കോണ്‍സ്റ്റബിള്‍മാരും സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് നിരന്തരം വിവരങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. ചെങ്ങന്നൂരിലെ കൃഷ്ണന്‍കുട്ടി മുതല്‍ ചേര്‍ത്തലയിലെ വെങ്കടേശ്വര പൈ വരെ പലരേയും ഇന്നും ഓര്‍ക്കുന്നു.  

അങ്ങനെ ഡിസംബര്‍ ഏഴും എട്ടും ആലപ്പുഴയില്‍ പ്രശ്‌നങ്ങള്‍ ധാരാളം ഉയര്‍ന്നുവന്നുവെങ്കിലും വെടിവയ്പോ ജീവഹാനിയോ ഇല്ലാതെ കടന്നുകിട്ടി. അടുത്തത് ബി.ജെ.പിയുടെ ഊഴമായിരുന്നു. ദേശീയ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഭാരത് ബന്ദായിരുന്നു അത്. അതൊരു വെല്ലുവിളിയാകും എന്ന ധാരണയായിരുന്നു പൊതുവേ ഉണ്ടായിരുന്നത്. ഡിസംബര്‍ 8-ന് രാത്രി കളക്ടര്‍ പോള്‍ ആന്റണി എന്നെ വിളിച്ച് പെട്ടെന്ന് മുഖ്യമന്ത്രി കരുണാകരന്‍ സാറിനെ വിളിക്കാന്‍ പറഞ്ഞു. അന്ന് ടെലിഫോണ്‍ ബന്ധം എല്ലായ്‌പ്പോഴും എളുപ്പമായിരുന്നില്ല. ഞാനുടനെ ക്ലിഫ് ഹൗസില്‍ വിളിച്ചു. പലതവണ ശ്രമിച്ചിട്ടും എസ്.പിയുടെ നമ്പര്‍ കിട്ടിയില്ലെന്നും അവസാനം കളക്ടറെ വിളിച്ചുകൊടുത്തപ്പോള്‍ മുഖ്യമന്ത്രി അവരോട് ദേഷ്യപ്പെട്ടുവെന്നും സൂചിപ്പിച്ചാണ് ഫോണ്‍ കൊടുത്തത്. ഫോണ്‍ എടുത്ത വഴി എന്നോട് ചോദിച്ചത് ''അപ്പോള്‍ നാളത്തെ അറേഞ്ച്‌മെന്റ്‌സ് എന്തൊക്കെ?'' എന്നാണ്. ഹിന്ദു-മുസ്ലിം വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് സൂചിപ്പിച്ച ശേഷം അവിടെ ശക്തമായ പൊലീസ് വിന്യാസം ഉണ്ടെന്ന് പറഞ്ഞു. 'വെരിഗുഡ്' എന്നാദ്യം പറഞ്ഞ ശേഷം ''പിന്നെ?'' അദ്ദേഹം ചോദിച്ചു. ബന്ദു നടത്തുന്നവരും ഡിസംബര്‍ ആറിന്റെ സംഭവങ്ങളില്‍ പ്രത്യേകിച്ചും അസ്വസ്ഥരായ മുസ്ലിങ്ങളും തമ്മില്‍ ഏറ്റുമുട്ടുന്ന സാഹചര്യം കര്‍ശനമായി ഒഴിവാക്കും എന്ന് ഞാന്‍ വിശദീകരിച്ചു. ''ഫോര്‍സ്  ആവശ്യത്തിനുണ്ടോ?'' എന്നദ്ദേഹം ചോദിച്ചു. ''കുഴപ്പമില്ല സാര്‍, മാനേജ് ചെയ്യാം'' എന്നാണ് നാവില്‍ വന്നത്. സംഘര്‍ഷത്തിന്റെ മൂര്‍ച്ഛയിലായിരുന്നു മുഖ്യമന്ത്രിയുടെ ഫോണ്‍വിളി. അത് എനിക്കൊരു നവോന്മേഷം പകര്‍ന്നു. 

ബന്ദ് ദിനത്തിലെ അക്രമം

അക്രമത്തിനു മുതിരില്ലെന്നും ബന്ദ് സമാധാനപരമായിരിക്കുമെന്നും ജില്ലയിലെ ബി.ജെ.പി നേതാക്കള്‍ എനിക്ക് വാക്ക് തന്നിരുന്നു. അക്രമമുണ്ടായാല്‍ അതിന്റെ വലിയ പ്രത്യാഘാതങ്ങളെക്കുറിച്ച് ഞാനവരോട് പറഞ്ഞു. പക്ഷേ, താഴെത്തട്ടില്‍ അന്നത്തെ അവസ്ഥയില്‍, അമിതാവേശക്കാര്‍ എന്തെങ്കിലും സാഹസത്തിന് മുതിരുമോ എന്ന കരുതല്‍ അത്യാവശ്യമായിരുന്നു. അതുകൊണ്ട് ഒരു ചെറിയ 'തീപ്പൊരി' പോലും ഉണ്ടാകുന്നത് തടയണം എന്ന നിലയിലുള്ള പൊലീസ് നിയന്ത്രണങ്ങള്‍ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഉണ്ടായിരുന്നു. നിയമപരമായ അധികാരത്തിന്റെ കരുത്തുതന്നെ ആയിരുന്നു മറ്റെല്ലാ ശക്തികളെക്കാളും  മുകളില്‍. ശക്തികളുടെ ആപേക്ഷികതയ്ക്ക് ധാര്‍മ്മികമായ ഒരു മാനം കൂടിയുണ്ട്. നിയമത്തില്‍ നിന്ന് ലഭിക്കുന്ന അധികാരത്തിന്റെ ശക്തി വര്‍ഗ്ഗീയതയില്‍നിന്ന് ഊര്‍ജ്ജം സംഭരിക്കുന്ന ശക്തികളെക്കാള്‍ ധാര്‍മ്മികമായി ഉയര്‍ന്ന തലത്തിലാണ് എന്നാണെന്റെ പക്ഷം. ഈ ബോദ്ധ്യം പൊലീസുദ്യോഗസ്ഥനുണ്ടാകണം. അത് നഷ്ടമായാല്‍  ഒരു ആയുധവും അയാള്‍ക്ക് ഉപകരിക്കില്ല. 

അങ്ങനെ അവസാനത്തെ ബന്ദും കടന്നുപോകും എന്നു കരുതി ഓഫീസില്‍ ഇരിക്കുമ്പോള്‍ രാത്രി 8 മണിയോടെ ടൗണ്‍ സി.ഐ. സോമന്‍ അവിടെ വന്നു. അവരെല്ലാം നിരന്തരമായ  ഓട്ടത്തിലായിരുന്നു, ആ ദിവസങ്ങളില്‍. കാര്യങ്ങള്‍ ഏകദേശം നല്ല നിലയില്‍ പര്യവസാനിക്കും എന്ന് തോന്നി. അടുത്ത് എന്ത് പ്രതീക്ഷിക്കണം എന്നാലോചിച്ചിരിക്കുന്നതിനിടയില്‍ പെട്ടെന്ന് വയര്‍ലെസ്സില്‍ ഒരു നിലവിളി. ''അയ്യോ, ഞങ്ങളെ കൊല്ലുന്നേയ്.'' പിന്നെ നിശ്ശബ്ദത. ആരാണ് വിളിച്ചതെന്നോ എവിടെ എന്ത് സംഭവിച്ചുവെന്നോ ഒന്നും പറയുന്നില്ല. ഭാഗ്യത്തിന് ആ ശബ്ദം ഞങ്ങള്‍ തിരിച്ചറിഞ്ഞു. ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ ആയിരിക്കണം. ഞങ്ങള്‍ രണ്ടുപേരും ഉടന്‍ എഴുന്നേറ്റു. ''അയാളോടൊപ്പം ബറ്റാലിയനിലെ പൊലീസുകാരുണ്ടല്ലോ'' എന്നു പറഞ്ഞുകൊണ്ടാണ് സി.ഐ പുറത്തേയ്ക്കു നീങ്ങിയത്, അല്ല ഓടിയത്. സി.ഐ നിലവിളി കേട്ട സ്ഥലം കണ്ടെത്തി എന്നെ വിളിക്കാമെന്നു പറഞ്ഞു. അപ്രതീക്ഷിത സംഭവം മനസ്സിലാക്കി അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ ഉടന്‍ തയ്യാറെടുക്കണം. ടൗണില്‍, മുസ്ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കളക്ട്രേറ്റിന് തെക്കുഭാഗത്തുള്ള പ്രദേശത്ത് പലേടത്തും റോഡില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇടയ്ക്ക്  പൊലീസ് പട്രോള്‍ വരുമ്പോള്‍ ഇത്തരം പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നവര്‍ പിന്‍മാറും. അതിനിടയില്‍ ചില്ലറ കല്ലേറും പൊലീസ് ഓടിക്കലും ഒക്കെ ഉണ്ടാകും.  അതിനപ്പുറം പൊലീസിനു നേരെ സംഘടിത ആക്രമണമൊന്നുമില്ലായിരുന്നു. അവിടെ പലേടത്തും ചെറിയ പൊലീസ് പിക്കറ്റുകളും ഉണ്ടായിരുന്നു. വയര്‍ലെസ്സിലെ നിലവിളി സൂചിപ്പിക്കുന്നത് അവിടെ കാര്യമായി എന്തോ സംഭവിച്ചു എന്നാണല്ലോ.

സി.ഐ സ്റ്റേഷനിലെത്തുമ്പോള്‍ നിലവിളിച്ച അഡീഷണല്‍ എസ്.ഐയും ബറ്റാലിയനിലെ പൊലീസുകാരും അവിടെയെത്തിച്ചേര്‍ന്നു. അവര്‍ പട്രോളിംഗിനായി കളക്ട്രേറ്റിനു സമീപം വെള്ളക്കിണര്‍ ജംഗ്ഷനില്‍നിന്ന് ഉള്ളിലേയ്ക്ക് പോയി. ഒരു മുസ്ലിംപള്ളിക്ക് സമീപത്തുള്ള മാര്‍ഗ്ഗതടസ്സങ്ങള്‍ നീക്കാന്‍ ശ്രമിക്കുമ്പോള്‍  പൊലീസിനു നേരെ അതിശക്തമായ കല്ലേറുണ്ടായി. ഇരുട്ടത്തുണ്ടായ ഈ ആക്രമണം പരിഭ്രാന്തി സൃഷ്ടിച്ചു . പെട്ടെന്ന് വയര്‍ലെസ്സില്‍ കൊല്ലുന്നേ എന്ന് വിളിച്ചുകൊണ്ട് പൊലീസ് പാര്‍ട്ടി വണ്ടിയില്‍ കയറി പിന്തിരിഞ്ഞു. പക്ഷേ, പ്രശ്നമതല്ല. സ്റ്റേഷനില്‍ തിരിച്ചെത്തിയപ്പോള്‍ കൂട്ടത്തില്‍ ഒരു പൊലീസുകാരനെ കാണുന്നില്ല.  പള്ളിയില്‍ തടവുകാരനാക്കിയിരിക്കുമെന്നും അയാളുടെ ജീവന്‍ അപകടത്തിലാണെന്നും പറഞ്ഞ് മറ്റുള്ളവര്‍ ബഹളമുണ്ടാക്കാനും തുടങ്ങി. ഉടനെ സി.ഐ മുഴുവന്‍ പൊലീസുകാരുമായി വീണ്ടും അക്രമണമുണ്ടായെന്നു പറയുന്ന പള്ളിയുടെ സമീപത്തേയ്ക്ക് നീങ്ങി. എ.എസ്.പി പത്മകുമാറും ഞാനുമെല്ലാം ആ മേഖലയില്‍ത്തന്നെ ഉണ്ടായിരുന്നു. വലിയൊരു ഏറ്റുമുട്ടലും അക്രമണവുമുണ്ടായാല്‍ ചെറിയ പിക്കറ്റുകളായി നിയോഗിച്ചിരിക്കുന്ന പൊലീസുകാരുടെ സുരക്ഷ അപകടത്തിലാകും. അത്തരം സാഹചര്യം നേരിടാന്‍  എ.ആര്‍ ക്യാമ്പിന്റെ അസിസ്റ്റന്റ് കമാണ്ടന്റ് ഗോപിനാഥും സഹായത്തിനെത്തി. കല്ലേറിനെത്തുടര്‍ന്ന്  പിന്തിരിഞ്ഞുപോയ പൊലീസ് പാര്‍ട്ടി അതിവേഗം തിരിച്ചെത്തിയപ്പോള്‍ പള്ളിയിലും പരിസരത്തുമുണ്ടായിരുന്ന ചെറുപ്പക്കാര്‍ എന്തോ കുഴപ്പം പ്രതീക്ഷിച്ചുവെന്ന് തോന്നുന്നു. പൊലീസിനെതിരെ വീണ്ടും ശക്തമായ കല്ലേറ് തുടങ്ങി. പൊലീസ് പാര്‍ട്ടിക്കു മുന്നോട്ടു നീങ്ങാന്‍ വയ്യാതായി. കാണാതായ പൊലീസുകാരന്‍ പള്ളിക്കുള്ളിലാണെന്നും അയാളുടെ ജീവന്‍ അപകടത്തിലാണ് എന്നും ഉള്ള വികാരമാണ് പൊലീസുകാരെ നയിക്കുന്നത്. വിലപ്പെട്ട നിമിഷങ്ങള്‍. പൊലീസുകാര്‍ റൈഫിളുമായി കല്ലേറുകാരുടെ നേരെ തിരിഞ്ഞു. പൊലീസ് അക്രമിക്കും എന്ന ധാരണയില്‍ പള്ളിപ്പരിസരത്തുള്ളവര്‍. പൊലീസുകാരന്റെ ജീവന്‍   രക്ഷിക്കാനുള്ള ഉല്‍ക്കണ്ഠയില്‍ പൊലീസുകാര്‍. ഇരുട്ടിന്റേയും അനിശ്ചിതത്വത്തിന്റേയും അന്തരീക്ഷത്തില്‍ സി.ഐ സോമന്‍ ഒരു പൊലീസുകാരനില്‍നിന്ന് റൈഫിള്‍ വാങ്ങി ആകാശത്തേയ്ക്ക് വെടിവെച്ചു. രണ്ടോ മൂന്നോ റൗണ്ട് വെടിവെച്ചപ്പോള്‍ കല്ലേറ് ശമിച്ചു. നേരിയ നിശ്ശബ്ദത കൈവന്നു. ആ സുവര്‍ണ്ണ നിമിഷത്തില്‍  ആകാശത്ത് നിന്നൊരു വിസില്‍ നാദം അവിടെ മുഴങ്ങി. ഇരുളില്‍ ഒന്നും കാണാന്‍ വയ്യെങ്കിലും ശബ്ദം കൊണ്ടതു പൊലീസ് വിസില്‍ ആണെന്നു വ്യക്തം. ആ ഭാഗത്തേയ്ക്ക് പൊലീസ് ടോര്‍ച്ച് തെളിച്ചപ്പോള്‍, പള്ളിയുടെ സമീപത്തുള്ള ഒരു മരത്തിന്റെ മുകളില്‍ നിന്നൊരു മനുഷ്യശബ്ദം. ''സാറേ ലൈറ്റടിക്കേണ്ട;'' കാണാതായ നമ്മുടെ പൊലീസുകാരന്‍ മരമുകളില്‍ സുരക്ഷിതന്‍. ജീവഭയത്തില്‍ മരം കയറിയപ്പോള്‍  വസ്ത്രങ്ങള്‍ക്ക് അല്പം സ്ഥാനഭ്രംശം സംഭവിച്ചിരുന്നു എന്നുമാത്രം. ഒറ്റപ്പെട്ടുപോയ പൊലീസുകാരന്റെ അതിജീവനത്തിന്റെ ഉപായമായി ആ വൃക്ഷം. ആ നിമിഷം മുതല്‍ ഞാനുമൊരു വൃക്ഷസ്‌നേഹിയായി മാറി!

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com