സഭാജീവനത്തിന് സഹവര്‍ത്തിത്വം 

വിശ്വാസികളെ നയിക്കാനും പ്രതിരോധം തീര്‍ക്കാനും ധീരതയുള്ള മെത്രാന്മാര്‍ക്കു പകരം ഭരണാധികാരികളുടെ ഇംഗിതത്തിനു കീഴ്വഴങ്ങിയ പ്രാദേശിക സഭാനേതൃത്വമാണ് പല കമ്യൂണിസ്റ്റ് രാജ്യങ്ങളിലും അവശേഷിച്ചത്
ഫ്രാൻസിസ് മാർപാപ്പായും കർദിനാൾ പിയെത്രോ പരോളിനും. 2014 മുതൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയാണ് പിയെത്രോ
ഫ്രാൻസിസ് മാർപാപ്പായും കർദിനാൾ പിയെത്രോ പരോളിനും. 2014 മുതൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയാണ് പിയെത്രോ

വിയറ്റ്‌നാം സോഷ്യലിസ്റ്റ് റിപ്പബ്ലിക്കുമായി വത്തിക്കാന്‍ 1996-ല്‍ ഉണ്ടാക്കിയ ധാരണയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച പിയെത്രോ പരോളിന്‍ - അന്ന് വത്തിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ അണ്ടര്‍ സെക്രട്ടറി - തന്നെയാണ് ചൈനയുമായുള്ള പുതിയ കരാറിനു രൂപം നല്‍കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത്. മെത്രാന്‍ സ്ഥാനത്തേക്ക് വത്തിക്കാന്‍ മൂന്നുപേരുകള്‍ നിര്‍ദ്ദേശിക്കും, ഹനോയ് അതില്‍നിന്ന് ഒരാളെ നിശ്ചയിക്കും - ഇതാണ് വിയറ്റ്‌നാം ഉടമ്പടിയിലുണ്ടായ ധാരണ. എന്നാല്‍, പലപ്പോഴും സര്‍ക്കാര്‍ തീരുമാനം നീട്ടിക്കൊണ്ടുപോകും, അല്ലെങ്കില്‍ സര്‍ക്കാരിനോട് കൂടുതല്‍ ആഭിമുഖ്യമുള്ള ആളെ മെത്രാനായി നിയമിക്കും. എന്തായാലും മെത്രാന്‍ നിയമനത്തിന്റെ കാര്യത്തില്‍ വിയറ്റ്‌നാമുമായി ഉണ്ടാക്കിയ ഉടമ്പടി വത്തിക്കാന് നയതന്ത്ര ഭാഷയില്‍ 'മോദുസ് വിവെന്തി' ആണ് - സഹവര്‍ത്തിത്വത്തിന്റെ ജീവനരീതി. 

ബെയ്ജിങ്ങില്‍ ഒപ്പുവച്ച 2018-ലെ കരാര്‍ പ്രകാരം മെത്രാന്മാരെ നാമനിര്‍ദ്ദേശം ചെയ്യുന്നതും നിയമിക്കുന്നതും സംബന്ധിച്ച നടപടിക്രമങ്ങളുടെ വിശദവിവരങ്ങള്‍ ബെയ്ജിങ്ങോ വത്തിക്കാനോ വെളിപ്പെടുത്തിയില്ല. പ്രാദേശികതലത്തില്‍ ഉയര്‍ന്നുവരുന്ന പേരുകള്‍ പരിഗണിച്ച് ചൈനീസ് സര്‍ക്കാര്‍ മൂന്നുപേരുകള്‍ നിര്‍ദ്ദേശിക്കുകയും അതില്‍നിന്ന് ഒരാളെ വത്തിക്കാന്‍ ബിഷപ്പായി നിയമിക്കുകയും ചെയ്യും എന്നാണ് ഉടമ്പടിക്കു മുന്‍പ് നല്‍കിയിരുന്ന സൂചന. വത്തിക്കാന് അന്തിമ വീറ്റോ അധികാരം ഉണ്ടായിരിക്കും എന്നാണ് നിരീക്ഷകര്‍ പറഞ്ഞിരുന്നത്. അന്തിമമായി ബിഷപ്പിനെ പ്രഖ്യാപിക്കാനുള്ള അധികാരം വത്തിക്കാനാണെന്നത് ബെയ്ജിങ് അംഗീകരിക്കുന്നു എന്നത് വലിയ നേട്ടമായും അവര്‍ വിലയിരുത്തുന്നു. 

മെത്രാന്മാരുടെ നിയമനം പാപ്പയുടെ പരമാധികാരമാണെന്നാണ് സഭയുടെ പരമ്പരാഗത നിലപാട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയും സര്‍ക്കാരും നിയന്ത്രിക്കുന്ന ചൈനീസ് കാത്തലിക് പേട്രിയോട്ടിക് അസോസിയേഷനോ ദേശീയ മെത്രാന്‍ സമിതിക്കോ ഇക്കാര്യത്തില്‍ അവകാശമുണ്ടെന്ന് വത്തിക്കാന്‍ അംഗീകരിച്ചിരുന്നില്ല. എന്നാല്‍, മെത്രാനെ പാപ്പ നിയമിക്കുന്ന സമ്പ്രദായം തുടങ്ങിയിട്ട് രണ്ടു നൂറ്റാണ്ടേ ആയിട്ടുള്ളുവെന്നും പ്രാദേശികതലത്തില്‍ സര്‍ക്കാരിന് മെത്രാന്മാരെ നിയമിക്കാന്‍ അവകാശമുണ്ടെന്നുമാണ് ചൈന വാദിക്കുന്നത്. ആദ്യത്തെ ചൈനീസ് മെത്രാനെ റോമില്‍ വച്ച് 1926-ലാണ് പീയൂസ് പതിനൊന്നാമന്‍ പാപ്പ വാഴിച്ചത്; 20 വര്‍ഷത്തിനുശേഷം പീയൂസ് പന്ത്രണ്ടാമന്‍ ചൈനയില്‍ പുരോഹിതവാഴ്ച സ്ഥാപിച്ചു. വത്തിക്കാനെ പ്രതീകാത്മകമായി അംഗീകരിക്കാമെങ്കിലും പേട്രിയോട്ടിക് അസോസിയേഷനും ബിഷപ്പ്‌സ് കോണ്‍ഫറന്‍സുമായിരിക്കും ബിഷപ്പുമാരെ നാമനിര്‍ദ്ദേശം ചെയ്യുകയെന്ന് ചൈന വ്യക്തമാക്കിയിരുന്നു. മെത്രാന്‍ നിയമനത്തിന്റെ കാര്യത്തില്‍ പല രാജ്യങ്ങളുമായും വത്തിക്കാന്‍ ഇത്തരം രഹസ്യ ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും ചൈന ചൂണ്ടിക്കാട്ടുന്നു.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ സെൽഫിയെടുക്കുന്ന കന്യാസ്ത്രീകൾ
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ സെൽഫിയെടുക്കുന്ന കന്യാസ്ത്രീകൾ

1965-ലെ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ 'ക്രിസ്തുസ് ദോമിനുസ്' എന്ന ഡിക്രിയില്‍ ബിഷപ്പുമാരെ നിയമിക്കാനുള്ള അധികാരം ഗവണ്‍മെന്റുകള്‍ക്കല്ലെന്നു വ്യക്തമാക്കിയിരുന്നു. സഭയുടെ സ്വാതന്ത്ര്യവും വിശ്വാസികളുടെ ക്ഷേമവും മുന്‍നിര്‍ത്തി മെത്രാന്‍ പദവിയിലേക്കുള്ള നാമനിര്‍ദ്ദേശം, നിയമന പ്രഖ്യാപനം, വാഴിക്കല്‍ എന്നിവയ്ക്ക് സിവില്‍ അധികാരികള്‍ക്ക് പ്രത്യേക അവകാശമോ ആനുകൂല്യമോ ഉണ്ടാവുകയില്ലെന്നും ഇതുപോലുള്ള അവകാശമോ ആനുകൂല്യമോ ഏതെങ്കിലും ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ കൈവശംവച്ചു പോരുന്നവര്‍ അത് ഉപേക്ഷിക്കാന്‍ സന്നദ്ധമാകണമെന്നുമാണ് വത്തിക്കാന്‍ കൗണ്‍സില്‍ പറഞ്ഞത്.

ഫ്രെഞ്ച് കോളനിവാഴ്ചയ്ക്കുശേഷം 1954-ല്‍ കമ്യൂണിസ്റ്റ് ആധിപത്യത്തിലായ വടക്കന്‍ വിയറ്റ്‌നാം അമേരിക്കയുടെ സൈനികശക്തിയെ തകിടംമറിച്ച് തെക്കന്‍ വിയറ്റ്‌നാം പിടിച്ചടക്കി 1975-ല്‍ ഇരുരാജ്യങ്ങളുടേയും പുനരേകീകരണം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് ആ രാഷ്ട്രവും വത്തിക്കാനും തമ്മില്‍ നയതന്ത്രബന്ധമില്ലാതായതാണ്. കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലേറിയപ്പോള്‍ മുതല്‍ വിയറ്റ്‌നാമിലെ കത്തോലിക്കരുടെ കാര്യത്തില്‍ വത്തിക്കാന്‍ ഉടമ്പടിക്കു വഴി തേടുകയായിരുന്നു. ചൈനയുടെ അത്രയും മതപീഡനം ഇല്ലെങ്കിലും വിയറ്റ്‌നാമിലെ കമ്യൂണിസ്റ്റ് ഭരണകൂടം കത്തോലിക്കാസഭയുടെ വസ്തുവകകള്‍ പിടിച്ചെടുക്കുകയും സഭ വിദ്യാലയങ്ങളും ആശുപത്രികളും സാമൂഹിക ശുശ്രൂഷാകേന്ദ്രങ്ങളും നടത്തുന്നതു വിലക്കുകയും ചെയ്തിരുന്നു. 1975-നു മുന്‍പ് യൂണിവേഴ്‌സിറ്റികളും സെമിനാരികളും ഉള്‍പ്പെടെ രണ്ടായിരത്തിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടായിരുന്നു തെക്കന്‍ വിയറ്റ്‌നാമില്‍. 

സെയിന്റ് ജോൺ ഓഫ് ദി ക്രോസ്
സെയിന്റ് ജോൺ ഓഫ് ദി ക്രോസ്

വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഹോച്ചിമിന്‍ സിറ്റിയില്‍ യൂണിവേഴ്‌സിറ്റി തലത്തിലുള്ള കാത്തലിക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിയറ്റ്‌നാം 2015 അവസാനം തുറക്കാന്‍ ഭരണകൂടം അനുമതി നല്‍കി. നാലു ദശകത്തിനിടെ ആദ്യമായാണ് ഉന്നത വിദ്യാഭ്യാസരംഗത്ത് ഇത്തരം ഒരു സ്ഥാപനം തുറക്കാന്‍ കത്തോലിക്കാസഭയ്ക്കു കഴിഞ്ഞത്. ഇപ്പോള്‍ കന്യാസ്ത്രീകള്‍ക്ക് കിന്‍ഡര്‍ഗാര്‍ട്ടന്‍ നടത്താന്‍ മാത്രമേ അവസരം നല്‍കുന്നുള്ളൂ. വിയറ്റ്‌നാമിലെ 96 ദശലക്ഷം ജനങ്ങളില്‍ 6.6 ശതമാനം പേര്‍ - 60 ലക്ഷം - കത്തോലിക്കരാണ്. ഭൂരിപക്ഷം ജനങ്ങളും ബുദ്ധമതക്കാരാണ്. 2013-ല്‍ വിയറ്റ്‌നാം ഭരണഘടന പരിഷ്‌കരിച്ചതു മുതല്‍ മതസ്വാതന്ത്ര്യം കാത്തുപാലിക്കുന്നതു സംബന്ധിച്ച് വത്തിക്കാനും വിയറ്റ്‌നാമും ജോയിന്റ് വര്‍ക്കിംഗ് ഗ്രൂപ്പ് തലത്തില്‍ നിരവധി ചര്‍ച്ചകള്‍ തുടര്‍ന്നുവരികയാണ്. ജോണ്‍ പോള്‍ പാപ്പ 1988-ല്‍ 117 വിയറ്റ്‌നാം രക്തസാക്ഷികളെ വിശുദ്ധരായി പ്രഖ്യാപിക്കുകയും തന്റെ രണ്ടു സെക്രട്ടറിമാരില്‍ ഒരാളായി വിയറ്റ്‌നാംകാരനായ മോണ്‍സിഞ്ഞോര്‍ വിന്‍സന്റ് ട്രാന്‍ എന്‍ഗോക് തൂവിനെ നിയമിക്കുകയും ചെയ്തു. ജോണ്‍പോള്‍ പാപ്പ 27 വര്‍ഷത്തെ തന്റെ വാഴ്ചക്കാലത്ത് 129 വിദേശരാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയെങ്കിലും വിയറ്റ്‌നാം സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. 

ഫ്രാന്‍സിസ് പാപ്പ കഴിഞ്ഞ മാര്‍ച്ചില്‍ വിയറ്റ്‌നാമിലെ 33 മെത്രാന്മാരെ ആദ് ലീമിന സന്ദര്‍ശനവേളയില്‍ സ്വീകരിച്ചു. വിയറ്റ്‌നാമില്‍ മൂന്ന് അതിരൂപതകള്‍ ഉള്‍പ്പെടെ 26 രൂപതകളും 2228 ഇടവകകളും 2668 വൈദികരുമാണുള്ളത്. വിയറ്റ്‌നാം അയല്‍രാജ്യമായ ചൈനയുടെ സാമ്പത്തിക വളര്‍ച്ചയുടെ മാതൃക പിന്തുടര്‍ന്നാണ് രാഷ്ട്രീയമായും നിലനില്‍ക്കുന്നത്. വിയറ്റ്‌നാമിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന് സഭയും രാഷ്ട്രവും തമ്മിലുള്ള അധികാരവിഭജനം സ്വീകാര്യമല്ല. അവര്‍ 14 മതങ്ങളിലായി 39 മത സംഘടനകളെ അംഗീകരിക്കുന്നുണ്ട്. വിയറ്റ്‌നാമുമായി നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനുള്ള രഹസ്യ കൂടിയാലോചനകള്‍ വത്തിക്കാന്‍ ഇപ്പോഴും തുടരുകയാണ്. അതേസമയം, രാജ്യത്ത് താമസക്കാരനല്ലാത്ത വത്തിക്കാന്റെ നയതന്ത്രപ്രതിനിധിയെ അംഗീകരിക്കാന്‍ വിയറ്റ്‌നാം സന്നദ്ധമായതിനെ തുടര്‍ന്ന് 2011-ല്‍ സിംഗപ്പൂരില്‍ അപ്പസ്‌തോലിക നുണ്‍ഷ്യോ ആയിരുന്ന ആര്‍ച്ച് ബിഷപ്പ് ലെയോപോള്‍ഡോ ഗിരെല്ലി ഹനോയിയുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. 

മത്തെവോ റിച്ചി
മത്തെവോ റിച്ചി

ഓസ്റ്റ്‌പൊളിറ്റീക്കും മിന്‍ഷെന്തിയും 

സോവിയറ്റ് യൂണിയനും കിഴക്കന്‍ യൂറോപ്പിലെ അതിന്റെ ഉപഗ്രഹരാജ്യങ്ങളും തമ്മിലുള്ള എല്ലാ ബന്ധവും വിച്ഛേദിക്കാനുള്ള പീയൂസ് പന്ത്രണ്ടാമന്‍ പാപ്പയുടെ നയത്തില്‍നിന്നു വ്യത്യസ്തമായ മാര്‍ഗ്ഗം സ്വീകരിച്ച ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പയും പോള്‍ ആറാമന്‍ പാപ്പയുമാണ് ഓസ്റ്റ്‌പൊളിറ്റീക്കിന് തുടക്കം കുറിച്ചത്. ബിഷപ്പുമാരുടെ നിയമനം, പൗരോഹിത്യം, കുര്‍ബ്ബാന അര്‍പ്പിക്കാനും കുമ്പസാരം കേള്‍ക്കാനുമുള്ള അവകാശം ഇത്രയെങ്കിലും നിലനിര്‍ത്താനായിരുന്നു ശ്രമം. 'അവശേഷിക്കുന്നത് സംരക്ഷിക്കുന്നതിന്' (സല്‍വാരെ ഇല്‍ സല്‍വാബിലെ) 'ഉപവിയുടെ സംവാദവും ക്ഷമയുടെ രക്തസാക്ഷിത്വവും' എന്ന സമീപനത്തിലൂടെ കമ്യൂണിസ്റ്റ് വിരോധം എടുത്തുകാട്ടാതെ അവരുമായി ഒത്തുതീര്‍പ്പിന് എന്നതായിരുന്നു വത്തിക്കാന്‍ നയതന്ത്രജ്ഞര്‍ കൈക്കൊണ്ട നയം. മതസ്വാതന്ത്ര്യത്തിനും വിശ്വാസജീവിതത്തിനും വേണ്ടി പൊരുതിയ ആധ്യാത്മിക ആചാര്യന്മാരെയെല്ലാം തുറുങ്കിലടച്ച കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുമായി ധാരണയിലെത്തി സഹനസഭയുടെ ചെറുത്തുനില്‍പ്പിന്റെ ശക്തി ക്ഷയിപ്പിച്ച നയതന്ത്ര നീക്കം രക്തസാക്ഷികളുടെ ധീരസാക്ഷ്യം തള്ളിപ്പറയുന്നതും ചെകുത്താനുമായുള്ള ഉടമ്പടിയുമാണെന്നാണ് കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങിയ കത്തോലിക്കാസഭയുടെ എല്ലാ മേലധ്യക്ഷന്മാരും കുറ്റപ്പെടുത്തിയത്. 

ഹംഗറിയിലെ കമ്യൂണിസ്റ്റ് ആധിപത്യ കാലത്ത് ബുദാപെസ്റ്റിലെ ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദ്ദിനാള്‍ ജോസഫ് മിന്‍ഷെന്തിയെ ഭരണകൂടം തടവറയിലാക്കി. എന്നാല്‍, 1956-ലെ കമ്യൂണിസ്റ്റ് വിരുദ്ധ കലാപത്തിനിടെ തടങ്കലില്‍നിന്നു രക്ഷപ്പെട്ട് അദ്ദേഹം അമേരിക്കന്‍ എംബസിയില്‍ അഭയം തേടി. 15 കൊല്ലം എംബസിക്കുള്ളില്‍ കഴിഞ്ഞു. ഒടുവില്‍ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി വത്തിക്കാന്‍ കര്‍ദ്ദിനാള്‍ മിന്‍ഷെന്തിയോട് രാജ്യം വിട്ടുപോകാന്‍ നിര്‍ദ്ദേശിച്ചു. പകരം ഗവണ്‍മെന്റിനു സ്വീകാര്യനായ പിന്‍ഗാമി, ജനോസ് കഡറിനെ നിയോഗിക്കുകയും ചെയ്തു. പിന്നീട് കര്‍ദ്ദിനാള്‍ മിന്‍ഷെന്തി റോമില്‍ പ്രവാസജീവിതം നയിച്ചു. സോവിയറ്റ് തടങ്കല്‍പാളയത്തില്‍ 18 വര്‍ഷം കിടന്ന യുക്രയിനിലെ ഗ്രീക്ക് കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ് ജോസിഫ് സ്ലിപ്യിയെ മോചിപ്പിക്കാനും വത്തിക്കാന്‍ ഇത്തരത്തില്‍ ഇടപെട്ടു. അദ്ദേഹം പിന്നീട് റോമിലെ മഠത്തില്‍ അഭയാര്‍ത്ഥിയായി ജീവിച്ചു. നിരവധി മെത്രാന്മാരെ തടവറയില്‍നിന്നു മോചിപ്പിക്കാന്‍ വത്തിക്കാന്റെ ഓസ്റ്റ്‌പൊളിറ്റീക്ക് നയം സഹായകമായെങ്കിലും അവരെല്ലാവരും തന്നെ എന്നന്നേയ്ക്കുമായി നാടുകടത്തപ്പെട്ടു. 

ബിഷപ്പ് തോമസ് തിയെൻ
ബിഷപ്പ് തോമസ് തിയെൻ

വിശ്വാസികളെ നയിക്കാനും പ്രതിരോധം തീര്‍ക്കാനും ധീരതയുള്ള മെത്രാന്മാര്‍ക്കു പകരം കമ്യൂണിസ്റ്റ് ഭരണാധികാരികളുടെ ഇംഗിതത്തിനു കീഴ്വഴങ്ങിയ പ്രാദേശിക സഭാനേതൃത്വമാണ് പലയിടത്തും അവശേഷിച്ചത്. ഹംഗറിയില്‍ പുരോഹിത വ്യവസ്ഥ ഹംഗേറിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സബ്‌സിഡിയറിയായി മാറി. ചെക്കോസ്ലോവാക്യയില്‍ ഭരണാധികാരികളോട് അടുപ്പമുള്ള കത്തോലിക്കര്‍ സഭയില്‍ പ്രധാനികളായി. ഇതിനിടെ വത്തിക്കാനില്‍ കെ.ജി.ബിയും പോളിഷ് എസ്.ബിയും കിഴക്കന്‍ ജര്‍മനിയുടെ സ്റ്റാസിയും കിഴക്കന്‍ യൂറോപ്പിലെ മറ്റ് ഇന്റലിജന്‍സ് സര്‍വ്വീസുകളും നുഴഞ്ഞുകയറാന്‍ ശ്രമിച്ചു. കമ്യൂണിസ്റ്റ് ആധിപത്യത്തിന്‍ കീഴില്‍ പോളണ്ടില്‍ മാത്രമാണ് സഭ ശക്തമായി ചെറുത്തുനിന്നത്. പോളണ്ടിലെ കത്തോലിക്കാസഭയുടെ പ്രൈമേറ്റായ കര്‍ദ്ദിനാള്‍ സ്റ്റെഫാന്‍ വിഷിന്‍സ്‌കി ഉറച്ച നിലപാടെടുത്തു, വത്തിക്കാന്‍ ഇടപെടരുതെന്നും താന്‍ നേരിട്ട് പോളണ്ടിലെ കമ്യൂണിസ്റ്റ് അധികാരികളെ കൈകാര്യം ചെയ്യുമെന്നും. 30 വര്‍ഷത്തോളം വത്തിക്കാന്‍ നയതന്ത്രത്തിന്റെ സമ്മര്‍ദ്ദങ്ങളെ ചെറുത്തുനില്‍ക്കാന്‍ അദ്ദേഹത്തിനായി. പൂര്‍ണ്ണ അധികാരമുള്ള നുണ്‍ഷിയേച്ചറും സ്ഥാനപതികളുടെ കൈമാറ്റവും സാധ്യമാക്കുന്നതിന് വത്തിക്കാന്‍ വലിയ വില കൊടുക്കേണ്ടിവരും എന്നായിരുന്നു കര്‍ദ്ദിനാള്‍ വിഷിന്‍സ്‌കിയുടെ നിലപാട്. ആ വിഷിന്‍സ്‌കിയുടെ ശിഷ്യനാണ് കിഴക്കന്‍ യൂറോപ്പിലെ കമ്യൂണിസ്റ്റ് സാമ്രാജ്യത്തിന്റെ പതനത്തിന് ആക്കം കൂട്ടിയ ചരിത്രസംഭവങ്ങളില്‍ മുഖ്യനിയന്താവായി മാറിയ പോളണ്ടുകാരനായ പാപ്പ ജോണ്‍പോള്‍ രണ്ടാമന്‍.

ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ തന്റെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് പദവിയിലേക്ക് ഉയര്‍ത്തിയ കര്‍ദ്ദിനാള്‍ അഗസ്തീനോ കാസറോളി ഗോര്‍ബച്ചേവിന്റെ പെരിസ്‌ത്രോയിക്കയുടെ കാലം വരെ മോസ്‌കോയിലും പ്രാഗിലും ബുദാപെസ്റ്റിലും കിഴക്കന്‍ ബെര്‍ലിനിലുമൊക്കെ രഹസ്യ സന്ദര്‍ശനങ്ങള്‍ നടത്തി നിലനിര്‍ത്തിയ ഓസ്റ്റ്‌പൊളിറ്റീക്ക് സ്വാധീനം കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ക്ക് സഭയെ ഒറ്റുകൊടുക്കുന്നതായിരുന്നുവെന്നാണ് ഹോങ്കോംഗിലെ കര്‍ദ്ദിനാള്‍ ജോസഫ് സെന്‍ വിലയിരുത്തുന്നത്. കഴിഞ്ഞ നൂറ്റാണ്ടില്‍ കിഴക്കന്‍ യൂറോപ്പില്‍ പരാജയപ്പെട്ട ഓസ്റ്റ്‌പൊളിറ്റീക്കാണ് ഇന്ന് വിദൂര പൗരസ്ത്യ ദേശത്ത് ചൈനയുമായുള്ള ഇടപാടില്‍ വത്തിക്കാന്‍ നയതന്ത്രജ്ഞര്‍ വീണ്ടും പരീക്ഷിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. ഹംഗറിയിലെ മിന്‍ഷെന്തിയുടെ അനുഭവം ചൈനയിലെ അണ്ടര്‍ഗ്രൗണ്ട് സഭയിലെ വന്ദ്യവയോധികരായ മെത്രാന്മാര്‍ക്കുണ്ടാകുന്നത് യാദൃച്ഛികമല്ല. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പാത്രിയാര്‍ക്ക് കിറീലുമായി ക്യൂബയിലെ ഹവാന വിമാനത്താവളത്തില്‍ ഫ്രാന്‍സിസ് പാപ്പ നടത്തിയ കൂടിക്കാഴ്ചയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി നിലനിര്‍ത്തുന്ന സൗഹൃദവും യുക്രയിനിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സമൂഹത്തിന് എത്രമാത്രം ആശങ്കാജനകമാണെന്ന് വത്തിക്കാന്‍ നയതന്ത്രജ്ഞര്‍ മനസ്സിലാക്കുന്നില്ല എന്നും കര്‍ദ്ദിനാള്‍ സെന്‍ ചൂണ്ടിക്കാട്ടുന്നു. 

ജോസഫ് സെൻ. ഹോങ്കോങിലെ ആറാമത്തെ ബിഷപ്പായിരുന്ന സെൻ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിച്ചിരുന്നു. ജനാധിപത്യ പ്രക്ഷോഭകരുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തിനെതിരെ ചൈന രം​ഗത്തു വന്നിരുന്നു
ജോസഫ് സെൻ. ഹോങ്കോങിലെ ആറാമത്തെ ബിഷപ്പായിരുന്ന സെൻ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിച്ചിരുന്നു. ജനാധിപത്യ പ്രക്ഷോഭകരുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തിനെതിരെ ചൈന രം​ഗത്തു വന്നിരുന്നു

വത്തിക്കാന് തായ്വാന്‍ ഇപ്പോഴും ചൈന 

വത്തിക്കാനും ചൈനയും തമ്മില്‍ അടുക്കുമ്പോള്‍ ഏറ്റവും ആശങ്കാകുലരാകുന്നത് വത്തിക്കാന്‍ ഡയറക്ടറിയില്‍ ഏഴു പതിറ്റാണ്ടായി ചൈന എന്ന പേരില്‍ രേഖപ്പെടുത്തിവരുന്ന തായ്വാന്‍ എന്ന റിപ്പബ്ലിക് ഓഫ് ചൈനയാണ്. മാവോ സെതൂങ്ങും കൂട്ടരും 1949-ല്‍ ബെയ്ജിങ് പിടിച്ചടക്കിയപ്പോള്‍ ചിയാങ് കയ്‌ഷെക്കിന്റെ നാഷണലിസ്റ്റ് ഗവണ്‍മെന്റ് പലായനം ചെയ്തത് ഫോര്‍മോസ കടലിടുക്കിന് അപ്പുറത്തെ തായ്വാന്‍ ദ്വീപിലേക്കാണ്. 'ഏക ചൈന' പ്രഖ്യാപനത്തില്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന തങ്ങളുടെ വിമത പ്രവിശ്യയായി കരുതുന്ന തായ്വാന് റോമില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കുള്ള പ്രധാനവീഥിയില്‍, വത്തിക്കാനില്‍നിന്ന് അഞ്ചു ബ്ലോക്ക് അകലെയായി എംബസിയുണ്ട്. തായ്വാനുമായി നയതന്ത്രബന്ധമുള്ള യൂറോപ്പിലെ ഏക രാഷ്ട്രം വത്തിക്കാനാണ്. വത്തിക്കാനുമായി എന്തെങ്കിലും ധാരണയുണ്ടാക്കുന്നതിന് ചൈന മുന്നോട്ടുവച്ചിരുന്ന ഉപാധികളിലൊന്ന് തായ്വാനുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കണമെന്നതാണ്. ബിഷപ്പുമാരുടെ നിയമനം രാഷ്ട്രീയ വിഷയമല്ലാത്തതിനാല്‍ അതിനെ നയതന്ത്രവുമായി ബന്ധപ്പെടുത്തേണ്ടതില്ല എന്നാണ് വത്തിക്കാന്റെ നിലപാട്. തല്‍ക്കാലം വത്തിക്കാനു സമീപത്തെ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ തായ്വാന്‍ എംബസി ജനലില്‍നിന്ന് ചെമപ്പും നീലയും വെളുത്ത സൂര്യനുമുള്ള പതാക താഴ്‌ത്തേണ്ടിവരില്ലെന്ന് വത്തിക്കാന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. 

ഐക്യരാഷ്ട്രസഭ 1971-ല്‍ ചൈനയുടെ ഏക നിയമാനുസൃത പ്രതിനിധിയായി പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയെ അംഗീകരിക്കുകയും ചിയാങ് കയ്‌ഷെക്കിന്റെ പ്രതിനിധിയെ പുറത്താക്കുകയും ചെയ്തതിനെ തുടര്‍ന്ന് വത്തിക്കാന്‍ തായ്പേയിലെ നയതന്ത്ര മിഷന്റെ സ്റ്റാറ്റസ് താഴ്ത്തി - സ്ഥാനപതിയായ നുണ്‍ഷ്യോയ്ക്കു പകരം ഷാര്‍ഷെ ദഫെ ആദ് ഇന്തെരിം എന്ന പദവിയിലേക്ക് പരിമിതപ്പെടുത്തി. അതേസമയം തായ്പേയിക്ക് ഇന്നും വത്തിക്കാനില്‍ പൂര്‍ണ്ണ പദവിയില്‍ സ്ഥാനപതിയുണ്ട്. വത്തിക്കാന്‍ ഉള്‍പ്പെടെ 17 രാഷ്ട്രങ്ങള്‍ മാത്രമാണ് തയ്വാനെ അംഗീകരിക്കുന്നത്. ലാറ്റിന്‍ അമേരിക്കയിലേയും പസിഫിക്കിലേയും ഏതാനും ചെറു രാജ്യങ്ങളാണ് തായ്പേയിയുമായി സഖ്യം തുടരുന്നത് എന്നതിനാല്‍ വത്തിക്കാനാണ് തായ്വാന്റെ ഏറ്റവും മുന്തിയ നയതന്ത്ര പങ്കാളി. 

തായ്വാന്‍ 1950 മുതല്‍ 1990 വരെ പീപ്പിള്‍സ് റിപ്പബ്ലിക്കിനു വലിയ വെല്ലുവിളിയായിരുന്നു. രണ്ടായിരാമാണ്ടായതോടെ സ്ഥിതിഗതികള്‍ കുറേയൊക്കെ മാറി. ചൈന വന്‍കരയെ ആശ്രയിക്കുന്നതാണ് തായ്വാന്റെ സമ്പദ്വ്യവസ്ഥ. എങ്കിലും ചൈന വന്‍കരയുടെ സമ്മര്‍ദ്ദങ്ങളെ ചെറുത്ത് തായ്വാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനായി നിലകൊള്ളണമെന്ന് ഉറച്ച നിലപാടെടുത്ത ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയുടെ പ്രസിഡന്റ് സായ് ഇങ്വെന്‍ 2016-ല്‍ തായ്പേയില്‍ സ്ഥാനമേറ്റതിനുശേഷം ആറു രാഷ്ട്രങ്ങളുടെ മനസ്സുമാറ്റാന്‍ ചൈനയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഗാംബിയ, സാവോ ടോമെ-പ്രിന്‍ചിപെ, പാനമ, ബുര്‍ക്കിനോ ഫാസോ, ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നിവയ്ക്കു പുറമെ ഏറ്റവുമൊടുവില്‍ 2018 ഓഗസ്റ്റില്‍ എല്‍സാല്‍വഡോറും തായ്പേയില്‍നിന്ന് ബെയ്ജിങ്ങിലേക്ക് എംബസി മാറ്റി. എന്തുവിലകൊടുത്തും തായ്വാനെ നയതന്ത്രപരമായും രാഷ്ട്രീയമായും ഒറ്റപ്പെടുത്താനാണ് ചൈന ശ്രമിച്ചുവന്നിരുന്നത്. അമേരിക്ക 2018 ജൂണില്‍ തായ്വാനില്‍ അമേരിക്കന്‍ ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങിയതില്‍ ചൈന അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അത് എംബസിക്കു ബദലായ സംവിധാനം പോലെയാണ്. ഇത്രയൊക്കെയായിട്ടും തായ്വാന്‍ 50 രാജ്യങ്ങളുമായി അനൗപചാരിക രീതിയില്‍ ബന്ധം നിലനിര്‍ത്തുന്നുണ്ട്; യു.എസ് കോണ്‍ഗ്രസ്സിലും യൂറോപ്യന്‍ പാര്‍ലമെന്റിലും തായ്പേയിക്ക് നല്ല സ്വാധീനവുമുണ്ട്. 

വത്തിക്കാന്‍ നുണ്‍ഷ്യേച്ചര്‍ ചൈനയിലേക്കു മാറ്റിയാലും തായ്പേയില്‍ അപ്പസ്‌തോലിക പ്രതിനിധി ഉണ്ടാകാതിരിക്കില്ല. തായ്വാനില്‍ 300,000 കത്തോലിക്കരുണ്ട് - ഫിലിപ്പീന്‍സില്‍ നിന്നുള്ള പ്രവാസി തൊഴിലാളികളുടെ വലിയ സാന്നിധ്യവും പ്രധാനമാണ്. ജനസംഖ്യയില്‍ രണ്ടു ശതമാനം മാത്രമാണെങ്കിലും കത്തോലിക്കാ സമൂഹത്തിന് തായ്വാനില്‍ വലിയ സ്വാധീനമുണ്ട്. പോള്‍ ആറാമന്‍ പാപ്പയെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന തിരുക്കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ തികഞ്ഞ കത്തോലിക്കാ വിശ്വാസിയായ വൈസ് പ്രസിഡന്റ് ചെന്‍ ജിയെന്‍ജെനിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ തായ്പേയ് വത്തിക്കാനിലേക്ക് അയച്ചു. 2016-ല്‍ മദര്‍ തെരേസയുടെ നാമകരണ ചടങ്ങിന് ജിയെന്‍ജെന്‍ വത്തിക്കാനില്‍ എത്തിയിരുന്നു. 2013-ല്‍ ഫ്രാന്‍സിസ് പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങില്‍ തായ്വാന്‍ പ്രസിഡന്റായിരുന്ന മാ യിങ് ജെവിനെ ക്ഷണിച്ചിരുന്നു.

വത്തിക്കാന്‍-ചൈന രഹസ്യചര്‍ച്ചകള്‍ നിര്‍ണ്ണായക ഘട്ടത്തില്‍ എത്തിനില്‍ക്കേ, തായ്വാനില്‍നിന്ന് ഏഴു മെത്രാന്മാര്‍ റോമിലെത്തി. പത്തു വര്‍ഷത്തിനിടെ ആദ്യമായാണ് അവര്‍ മാര്‍പാപ്പയെ സന്ദര്‍ശിക്കുന്നത്. തായ്വാനേയും തായ്വാനിലെ കത്തോലിക്കാ വിശ്വാസികളേയും സംരക്ഷിക്കണമെന്ന് തങ്ങള്‍ ഫ്രാന്‍സിസ് പാപ്പയോട് ആവശ്യപ്പെട്ടുവെന്ന് തായ്വാന്‍ ആര്‍ച്ച്ബിഷപ്പ് ജോണ്‍ ഹങ് പറഞ്ഞു. എന്തായാലും നയതന്ത്രബന്ധമുണ്ടാകാന്‍ പൊതുവായ മൂല്യങ്ങള്‍ പങ്കുവയ്‌ക്കേണ്ടതുണ്ട്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മൂല്യങ്ങള്‍ കത്തോലിക്കാ സഭയുടേതില്‍നിന്ന് തികച്ചും ഭിന്നമാണ്. ജനാധിപത്യം, സ്വാതന്ത്ര്യം എന്നീ മൂല്യങ്ങളെ മുന്‍നിര്‍ത്തിയല്ലാതെ വത്തിക്കാനുമായി നയതന്ത്രബന്ധം സാധ്യമല്ലെന്ന് ആര്‍ച്ച്ബിഷപ്പ് ജോണ്‍ ഹങ് പറയുന്നു. 

''തായ്പേയിലെ വത്തിക്കാന്‍ നയതന്ത്ര കാര്യാലയം ചൈനയിലേക്കു മാറ്റാന്‍ വത്തിക്കാന്‍ സന്നദ്ധമാണ്. ചൈന സമ്മതിച്ചാല്‍ നാളെയല്ല, ഈ രാത്രി തന്നെ'' എന്ന പ്രസ്താവനയിലൂടെ 1999-ല്‍ ജോണ്‍ പോള്‍ രണ്ടാമന്റെ വാഴ്ചക്കാലത്ത് വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദ്ദിനാള്‍ ആഞ്ചലോ സൊഡാനോ തായ്വാന്‍ നയതന്ത്രജ്ഞരെ ഞെട്ടിക്കുകയുണ്ടായി. എന്നാല്‍, അത്ര പെട്ടെന്നൊന്നും വത്തിക്കാനും ചൈനയും തമ്മില്‍ നയതന്ത്രബന്ധത്തിലേര്‍പ്പെടാന്‍ സാധിക്കില്ലെന്ന് വത്തിക്കാനില്‍ തായ്വാന്‍ അംബാസഡറായിരുന്ന ഫുജെന്‍ കാത്തലിക് യൂണിവേഴ്സിറ്റി പ്രൊഫസര്‍ തൗ ചൌ സെങ് പറയുന്നു. സോവിയറ്റ് നേതാവ് മിഖായേല്‍ ഗോര്‍ബച്ചേവ് 1989-ല്‍ വത്തിക്കാനിലെത്തി നയതന്ത്ര ബന്ധങ്ങള്‍ പൂര്‍ണ്ണതോതില്‍ പുനഃസ്ഥാപിക്കുമെന്നു പ്രഖ്യാപിച്ചു; എന്നാല്‍, 10 വര്‍ഷം വേണ്ടിവന്നു റഷ്യയുമായി ബന്ധം പുനഃസ്ഥാപിക്കാന്‍. ബെനഡിക്ട് പതിനാറാമന്‍ പാപ്പ 2007ല്‍ ഹനോയ് ബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമം തുടങ്ങിയതാണ്. വിയറ്റ്‌നാം പ്രസിഡന്റ് എന്‍ഗ്യുയെന്‍ ടാന്‍ ഡുങ്ങുമായി പാപ്പ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. എന്നാല്‍, ഇന്നും നയതന്ത്രബന്ധം സ്ഥാപിക്കാനായിട്ടില്ല. 

ഷിജിയാസ്ഹുവാങ്ങിലെ ഒരു വീട്ടിൽ നടക്കുന്ന പ്രാർത്ഥന. പള്ളികൾ സർക്കാർ അടപ്പിച്ചതിനെത്തുടർന്ന് വീടുകളിൽ ചേരുന്ന വിശ്വാസക്കൂട്ടായ്മകളിലാണ് പ്രാർത്ഥാന ചടങ്ങുകൾ നടക്കുന്നത് 
ഷിജിയാസ്ഹുവാങ്ങിലെ ഒരു വീട്ടിൽ നടക്കുന്ന പ്രാർത്ഥന. പള്ളികൾ സർക്കാർ അടപ്പിച്ചതിനെത്തുടർന്ന് വീടുകളിൽ ചേരുന്ന വിശ്വാസക്കൂട്ടായ്മകളിലാണ് പ്രാർത്ഥാന ചടങ്ങുകൾ നടക്കുന്നത് 

ഹോങ്കോംഗിലെ പ്രതിരോധം 

ബ്രിട്ടനില്‍നിന്ന് 99 വര്‍ഷത്തെ കോളനിവാഴ്ചയ്ക്കുശേഷം 1997-ല്‍ ചൈനയ്ക്കു തിരിച്ചുകിട്ടിയ പ്രവിശ്യയായ ഹോങ്കോംഗില്‍ 6.26 ലക്ഷം കത്തോലിക്കാ വിശ്വാസികളുണ്ട്. 'ഒരു രാജ്യം, രണ്ടു ഭരണസംവിധാനം' എന്ന തത്ത്വത്തില്‍ അധിഷ്ഠിതമായി ജനാധിപത്യ ഭരണസംവിധാനവും മതസ്വാതന്ത്ര്യവും സംരക്ഷിക്കണമെന്ന ഐക്യരാഷ്ട്ര സഭയില്‍ സമര്‍പ്പിച്ച ചൈന-ബ്രിട്ടീഷ് സംയുക്ത പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക ഭരണപ്രവിശ്യ പദവി ഹോങ്കോംഗിനുണ്ട്. ഏഷ്യയിലെ കത്തോലിക്കാ കോട്ടയായി നിലനിര്‍ത്താനാണ് കത്തോലിക്കാസഭ എന്നും ശ്രമിച്ചുവന്നത്. ജനാധിപത്യ മൂല്യങ്ങള്‍ക്കായി ഹോംഗോങ് ജനത നടത്തിവന്ന മിക്ക പ്രക്ഷോഭങ്ങള്‍ക്കും കത്തോലിക്കാസഭയുടെ പിന്തുണയുണ്ടായിരുന്നു. സഭയുടെ ശക്തമായ സാന്നിധ്യവും സ്വാധീനവും ചൈനയ്ക്ക് എന്നും അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചിരുന്നു. ബ്രിട്ടന്‍ ആ വിലപ്പെട്ട മുനമ്പ് ചൈനയ്ക്കു കൈമാറുന്നതിനു മുന്‍പുതന്നെ ജോണ്‍പോള്‍ പാപ്പ ഹോങ്കോംഗിലെ സഭാമേലധ്യക്ഷസ്ഥാനത്തേക്കുള്ള പിന്‍തുടര്‍ച്ചക്കാരനെ നിശ്ചയിച്ചിരുന്നു; ബെയ്ജിങ് ഇടപെടാതിരിക്കാന്‍ വേണ്ടി കരുതലോടെയായിരുന്നു ആ നീക്കം. 

ദേശീയ സുരക്ഷാനിയമം നടപ്പാക്കി ഹോങ്കോംഗിലെ ജനാധിപത്യ വ്യവസ്ഥിതിയും പ്രവിശ്യാസ്വാതന്ത്ര്യവും അട്ടിമറിക്കാന്‍ 2020 ജൂണില്‍ ബെയ്ജിങ് നടത്തിയ രാഷ്ട്രീയ ഇടപെടല്‍ വന്‍ പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു. അമേരിക്കയും ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും അതിശക്തമായ മുന്നറിയിപ്പു നല്‍കുകയും സാമ്പത്തിക, വാണിജ്യ ഉപരോധ ഭീഷണി ഉയര്‍ത്തുകയും ചെയ്തിട്ടും വന്‍കരയില്‍നിന്ന് സൈന്യത്തെ വിന്യസിച്ചാണെങ്കിലും ജനാധിപത്യപ്രക്ഷോഭകരെ അടിച്ചമര്‍ത്താന്‍ തന്നെയായിരുന്നു ഷി ജിന്‍പിങ്ങിന്റെ തീരുമാനം. ജനങ്ങളുടെ പക്ഷം ചേരാനും സമാധാനം പുനഃസ്ഥാപിക്കാനും പ്രാദേശിക സഭാതലത്തില്‍ ചില ദുര്‍ബ്ബല നീക്കങ്ങളുണ്ടായെങ്കിലും വത്തിക്കാന്‍ ബെയ്ജിങ്ങിനെ പ്രകോപിപ്പിക്കാതിരിക്കാന്‍ തികഞ്ഞ മൗനം പാലിച്ചു. 17 മാസം മാത്രം ബിഷപ്പായി ശുശ്രൂഷ ചെയ്യാന്‍ നിയോഗമുണ്ടായ മൈക്കള്‍ യെവുങ് മിങ്-ചെവുങ് 2019 ജനുവരിയില്‍ കരള്‍രോഗം ബാധിച്ചു മരിച്ചതിനെ തുടര്‍ന്ന് പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യത്തില്‍ ഹോംഗോങ്ങില്‍ പുതിയ മെത്രാനെ നിയമിക്കുന്നത് അനിശ്ചിതമായി നീണ്ടുപോയി. ചൈന വന്‍കരയും തായ്വാന്‍, മക്കാവോ, ഹോങ്കോംഗ് എന്നിവയും ഉള്‍പ്പെടുന്ന ജസ്യുറ്റ് (ഈശോസഭ) പ്രവിശ്യയുടെ പ്രൊവിന്‍ഷ്യലായ അറുപത്തിരണ്ടുകാരന്‍ സ്റ്റീഫന്‍ ചൗ സൗയുവാനെ ഇക്കഴിഞ്ഞ മാസമാണ് വത്തിക്കാന്‍ ഹോങ്കോംഗ് മെത്രാനായി നിയമിച്ചത്. സ്റ്റീഫന്‍ ചൗ ജനാധിപത്യപ്രക്ഷോഭത്തില്‍ പങ്കാളിയുമല്ലായിരുന്നു.

മക്കാവോയിലെ പാലം  

ചരിത്രപരമായി ചൈനയില്‍ കത്തോലിക്കാ മതം പ്രചരിപ്പിക്കാന്‍ ഹോങ്കോംഗിനെക്കാള്‍ കൂടുതല്‍ പങ്കുവഹിച്ചത് 1999 വരെ പോര്‍ച്ചുഗലിന്റെ അധീനതയിലായിരുന്ന മക്കാവോയാണ്. പോര്‍ച്ചുഗീസുകാര്‍ 1576-ല്‍ മക്കാവോയില്‍ ആദ്യത്തെ രൂപത സ്ഥാപിച്ചു. അതായിരുന്നു ചൈനയിലേക്കുള്ള സഭയുടെ കവാടം. കിഴക്കന്‍ ഏഷ്യയുടെ മുഴുവന്‍ അധികാരകേന്ദ്രമായിരുന്നു മക്കാവോ. ചൈനയിലെ ക്രൈസ്തവ സഭയുടെ ചരിത്രത്തില്‍ ഏറ്റവും തിളക്കമാര്‍ന്ന 120 വര്‍ഷത്തെ ജസ്യുറ്റ് മിഷന്റെ വിജയഗാഥയ്ക്കു തുടക്കം കുറിച്ച ഇറ്റലിക്കാരനായ മത്തേവോ റിച്ചി ആദ്യം വന്നിറങ്ങിയത് മക്കാവോയിലാണ്, 428 കൊല്ലം മുന്‍പ്. ഗോവയിലെത്തി ഏഷ്യയുടെ അപ്പസ്‌തോലനായി മാറിയ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ 46-ാം വയസ്സില്‍, 1552 ഡിസംബറില്‍, മരിച്ചത് മക്കാവോയില്‍നിന്ന് 50 മൈല്‍ അകലെ, ചൈനയുടെ തെക്കന്‍ തീരത്തെ ഗുവാങ്‌ഡോങ് പ്രവിശ്യയിലെ ഷാങ്ചുവാന്‍ ദ്വീപിലാണ്. 

ഏതാണ്ട് 433 വര്‍ഷം നീണ്ട പോര്‍ച്ചുഗീസ് മെത്രാന്മാരുടെ വാഴ്ചയ്ക്കുശേഷം മക്കാവോയുടെ സഭാ മേലധ്യക്ഷനായ ആദ്യ ചൈനക്കാരന്‍ ബിഷപ്പ് ദൊമിങ്കോസ് ലാം കത്സെവുങ് മക്കാവോയുടെ പുതിയ ഭരണഘടനയുടെ കരടു തയ്യാറാക്കുന്നതില്‍ പങ്കാളിയായിരുന്നു. ചൈന വന്‍കരയില്‍ സാംസ്‌കാരിക വിപ്ലവത്തില്‍ മതപീഡനം ശക്തമായപ്പോഴും മക്കാവോ മതസ്വാതന്ത്ര്യം പരിപാലിച്ചുവന്നു. മക്കാവോ ചൈനയ്ക്കു കൈമാറുന്നതിന് ഒരു കൊല്ലം മുന്‍പ് മക്കാവോ ഗവര്‍ണര്‍ ജനറലായിരുന്ന വാസ്‌കോ റോച്ച വിയെരാ പാപ്പയുമായി കൂടിക്കാഴ്ച നടത്തി സഭയുടെ ഭരണസംവിധാനങ്ങളുടെ കാര്യത്തില്‍ ഭദ്രത ഉറപ്പുവരുത്തുന്നതിനുള്ള മുന്‍കരുതലുകളെക്കുറിച്ച് ആലോചിച്ചു. ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് 2007-ല്‍ വത്തിക്കാന്‍ നിയോഗിച്ച സ്ഥിരം കമ്മിഷനില്‍ മക്കാവോയിലെ ബിഷപ്പ് ജോസെ ലായ് ഹുങ്‌സെങ് അംഗമായിരുന്നു. പോര്‍ച്ചുഗല്‍, ബ്രസീല്‍, അംഗോള, കെയ്പ് വേര്‍ഡ്, ഗിനി ബിസോ, മൊസാംബിക്, ഈസ്റ്റ് ടിമോര്‍ എന്നീ പോര്‍ച്ചുഗീസ് ഭാഷാ ബന്ധമുള്ള രാജ്യങ്ങളുമായുള്ള സാംസ്‌കാരിക, വാണിജ്യ, വ്യവസായ നിക്ഷേപ ബന്ധത്തില്‍ ചൈന തങ്ങളുടെ മുഖമുദ്രയായി എടുത്തുകാട്ടുന്ന മക്കാവോയ്ക്ക് വത്തിക്കാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും വലിയ പങ്കുവഹിക്കാനുണ്ട്. നയതന്ത്ര ബന്ധത്തിലല്ല വത്തിക്കാന്റെ ഊന്നലെന്നും ചൈനയിലെ വിശ്വാസസമൂഹത്തിന്റെ കൂട്ടായ്മയിലേക്കു നയിക്കുകയാണ് ലക്ഷ്യമെന്നും മക്കാവോയിലെ ബിഷപ്പ് സ്റ്റീഫന്‍ ലീ വ്യക്തമാക്കുന്നു. ചൈന-വത്തിക്കാന്‍ ബന്ധം സംബന്ധിച്ച ഡോക്ടറല്‍ പഠനം നടത്തിയ ലീ ഹോങ്കോംഗില്‍ സഹായമെത്രാനായിരുന്നു; 2016-ല്‍ ആണ് മക്കാവോയില്‍ മെത്രാനായി നിയമിതനായത്.

ഏർളി റെയിൻ കോൺവെന്റ് ചർച്ച് വിശ്വാസികളുടെ പ്രാർത്ഥന. 2018 ഡിസംബറിൽ സഭയുടെ പ്രവർത്തനങ്ങൾക്ക് ചൈന നിയന്ത്രണം കൊണ്ടുവന്നു. അതിനു മുൻപ് എടുത്തതാണ് ഈ ചിത്രം
ഏർളി റെയിൻ കോൺവെന്റ് ചർച്ച് വിശ്വാസികളുടെ പ്രാർത്ഥന. 2018 ഡിസംബറിൽ സഭയുടെ പ്രവർത്തനങ്ങൾക്ക് ചൈന നിയന്ത്രണം കൊണ്ടുവന്നു. അതിനു മുൻപ് എടുത്തതാണ് ഈ ചിത്രം

അമേരിക്കയുടെ അതൃപ്തി 

വത്തിക്കാന്‍-ചൈന ഉടമ്പടിയില്‍ അമേരിക്കയിലെ ട്രംപ് ഭരണകൂടം കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഷി ജിന്‍പിങ്ങിന്റെ സമഗ്രാധിപത്യത്തിന് വത്തിക്കാന്‍ നല്‍കുന്ന അംഗീകാരമുദ്ര മതസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള ചൈനീസ് ജനതയുടെ പോരാട്ടത്തെ തളര്‍ത്തുന്നതാണെന്ന് അവര്‍ പറയുന്നു. ചൈനയില്‍ മനുഷ്യാവകാശ ലംഘനങ്ങളും മതവിശ്വാസത്തിന്റെ പേരിലുള്ള പീഡനങ്ങളും അതിരൂക്ഷമായി വര്‍ദ്ധിച്ചുവരികയാണെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ എക്‌സിക്യൂട്ടീവ് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പശ്ചിമ ചൈനയില്‍ 10 ലക്ഷത്തിലേറെ ഉയിഗൂര്‍ വംശജരായ മുസ്ലിങ്ങളേയും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളേയും കൂട്ടത്തോടെ രാഷ്ട്രീയ പുനര്‍വിദ്യാഭ്യാസ ക്യാമ്പുകളില്‍ അടച്ചിരിക്കയാണ്. വംശീയ ന്യൂനപക്ഷങ്ങളെ മതവിശ്വാസത്തിന്റേയും സാമൂഹിക ആചാരങ്ങളുടേയും പേരില്‍ അന്യായമായി തടഞ്ഞുവയ്ക്കുന്ന ഇത്രയും വലിയ തടങ്കല്‍പ്പാളയങ്ങള്‍ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം മറ്റെങ്ങുമുണ്ടായിട്ടില്ല. 

ഷി ജിന്‍പിങ് അധികാരത്തിലെത്തിയശേഷം രാജ്യത്ത് ഭരണത്തിലും സമൂഹത്തിലും ബിസിനസിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണം വര്‍ദ്ധിച്ചിരിക്കയാണ്. ചൈനീസ് സംസ്‌കാരത്തോട് അനുരൂപപ്പെടുത്തുക എന്ന നയത്തിന്റെ പേരില്‍ ഭരണഘടനയ്ക്കും രാജ്യാന്തര നിയമങ്ങള്‍ക്കും വിരുദ്ധമായി കമ്യൂണിസ്റ്റ് പാര്‍ട്ടി ആസൂത്രിതമായും വ്യാപകമായും മതസ്വാതന്ത്ര്യത്തിനും വിശ്വാസ ആചാരങ്ങള്‍ക്കുമെതിരെ കര്‍ശന നിയന്ത്രണവ്യവസ്ഥകള്‍ നടപ്പാക്കുന്നു. വത്തിക്കാനുമായുള്ള പുതിയ ഉടമ്പടിക്കായി ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ തന്നെ രാജ്യത്തെ പ്രമുഖ കത്തോലിക്കാ തീര്‍ത്ഥാടനകേന്ദ്രം ചൈനീസ് ഉദ്യോഗസ്ഥര്‍ അടച്ചുപൂട്ടുകയും രണ്ടു കത്തോലിക്കാ ദേവാലയങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. പ്രാദേശിക തലത്തില്‍ അഞ്ചുവര്‍ഷത്തിനകം ചീനവല്‍ക്കരണ നടപടികള്‍ പൂര്‍ത്തിയാക്കുന്നതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എല്ലാ രൂപതകളോടും പ്രാദേശിക ഭരണാധികാരികളും പാര്‍ട്ടി സമിതികളും നിര്‍ദ്ദേശിച്ചിരിക്കയാണ്. വത്തിക്കാനുമായുള്ള ഉടമ്പടി പ്രഖ്യാപനത്തിനു തൊട്ടുമുന്‍പ് ബെയ്ജിങ്ങിലെ ഏറ്റവും വലിയ പ്രൊട്ടസ്റ്റന്റ് ഭവനസഭയായ സിയോന്‍ ചര്‍ച്ച് ഭരണകൂടം അടച്ചുപൂട്ടി. കനത്ത പിഴ, പിരിച്ചുവിടല്‍, തടവുശിക്ഷ എന്നിവ മനുഷ്യാവകാശത്തിന്റേയും ജനസംഖ്യാനിയന്ത്രണവും നിര്‍ബ്ബന്ധിത ഗര്‍ഭഛിദ്രവും രാജ്യാന്തര ഉടമ്പടികളുടേയും ലംഘനമാണ്. കുട്ടികളുടെ എണ്ണം രണ്ടാകാമെന്ന് നയം ഭേദഗതി ചെയ്തിട്ടുണ്ടെങ്കിലും സാമൂഹിക പരിരക്ഷാ ആനുകൂല്യങ്ങളുടെ പേരിലുള്ള നിയന്ത്രണ വ്യവസ്ഥകള്‍ അനീതിപരമാണെന്നും യു.എസ് കോണ്‍ഗ്രസ് കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നു.

ഇതുവരെ രഹസ്യ ചര്‍ച്ചകളാണ് വത്തിക്കാനും ബെയ്ജിങ്ങും തമ്മില്‍ നടത്തിവന്നത്. പൊതു നയതന്ത്രജ്ഞത ഉഭയകക്ഷി ബന്ധത്തില്‍ പ്രധാനപ്പെട്ട ഘടകമാണ്. ലോകത്തിനു മുന്‍പാകെ പുതിയൊരു പ്രതിച്ഛായ സൃഷ്ടിക്കാനാണ് ചൈനയുടെ ലക്ഷ്യം. സഭയുടെ താല്പര്യം ചൈന വന്‍കരയിലെ കത്തോലിക്കരെ വത്തിക്കാനു കീഴില്‍ കൊണ്ടുവരിക എന്നതാണ്, നയതന്ത്രബന്ധം അത്രകണ്ട് അത്യാവശ്യമുള്ളതല്ല. എങ്കിലും വത്തിക്കാന്‍ എന്നും ഏതു ഗവണ്‍മെന്റുമായും ഏതെങ്കിലും തരത്തിലുള്ള ബന്ധത്തിലൂടെ ഔപചാരിക തലത്തില്‍ നിയമപ്രാബല്യമുള്ള ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കാറുണ്ട്. പ്രത്യയശാസ്ത്രപരമായ പൊരുത്തക്കേടുകള്‍ ഉണ്ടായാലും ഒരു ഉടമ്പടിയേയും വത്തിക്കാന്‍ തള്ളിപ്പറയുകയില്ല; തങ്ങളുടെ ഭാഗത്തുനിന്ന് വത്തിക്കാന്‍ ബന്ധം വിച്ഛേദിക്കുകയോ നുണ്‍ഷ്യോയെ പിന്‍വലിക്കുകയോ ചെയ്യാറില്ല. അതുപോലെ സാമ്പത്തിക പുരോഗതി ലക്ഷ്യം വച്ച് ലോകരാഷ്ട്രങ്ങളുടെ പിന്തുണ ആര്‍ജ്ജിക്കാനായി കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തങ്ങളുടെ സമഗ്രാധിപത്യ നയത്തില്‍ ഇളവു വരുത്താനുമാവില്ലതാനും.

അമേരിക്ക എന്നും ചൈന-വത്തിക്കാന്‍ ബന്ധത്തില്‍ പ്രത്യേക പങ്കുവഹിച്ചിരുന്നു. 2015 സെപ്റ്റംബര്‍ 22-ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ഫ്രാന്‍സിസ് പാപ്പയും അമേരിക്ക സന്ദര്‍ശനത്തിന് എത്തി. ഫിലാഡെല്‍ഫിയയില്‍ പത്തുലക്ഷം പേര്‍ പങ്കെടുത്ത തന്റെ സന്ദര്‍ശന പരിപാടി അവസാനിപ്പിച്ച ഫ്രാന്‍സിസ് പാപ്പ പ്രസംഗത്തില്‍ പറഞ്ഞു: ''എനിക്ക് ചൈനയില്‍ പോകാന്‍ അതിയായ ആഗ്രഹമുണ്ട്. നല്ല ബന്ധത്തിന്റെ സാധ്യതകളുണ്ടെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ക്കിടയില്‍ പരസ്പരം ബന്ധപ്പെടുന്നതിനു മാര്‍ഗ്ഗമുണ്ട്. ഞങ്ങള്‍ സംസാരിക്കാറുണ്ട്, കാര്യങ്ങള്‍ മുന്നോട്ടുനീങ്ങുകയാണ്.'' അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ പ്രസിഡന്റ് ഷിയും പാപ്പയും തമ്മില്‍ കണ്ടുമുട്ടിയില്ല. ചൈനീസ് പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന് മങ്ങലേല്‍പ്പിക്കാനാണ് അമേരിക്ക മാര്‍പ്പാപ്പയുടെ സന്ദര്‍ശനം ഷെഡ്യൂള്‍ ചെയ്തതെന്നു ചില നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ശീതയുദ്ധക്കാലത്ത് സോവിയറ്റ് യൂണിയനെ തളക്കാന്‍ അമേരിക്ക വത്തിക്കാന്റെ സഹകരണം തേടിയതുപോലെ ഇപ്പോള്‍ ചൈനക്കെതിരായ രഹസ്യനീക്കത്തിലും അമേരിക്ക വത്തിക്കാനെ ഉപയോഗിക്കുകയാണെന്നു കരുതുന്നവരുമുണ്ട്.

ഫിലിപ്പീന്‍സിലെ അപ്പസ്‌തോലിക ഡെലിഗേറ്റായിരുന്ന ജോസഫ് പെട്രെല്ലിയെ 1918-ല്‍ വത്തിക്കാന്‍ ചൈനയുടെ പേപ്പല്‍ നുണ്‍ഷ്യോ ആയി നിയമിച്ചപ്പോള്‍ ജര്‍മനി കിഴക്കന്‍ ഏഷ്യയില്‍ കൈകടത്തുന്നതിന്റെ സൂചനയായി ഇതിനെ കണ്ട അമേരിക്ക ചൈനയുടെമേല്‍ സ്വാധീനം ചെലുത്തി പെട്രെല്ലി സ്വീകാര്യനല്ല എന്നു ചൈനയെക്കൊണ്ട് പറയിച്ച പഴയൊരു ചരിത്രവുമുണ്ട്. എന്നാല്‍, പലപ്പോഴും ചൈനയിലെ പീഡിത സഭയിലെ തടങ്കലിലാക്കപ്പെട്ട വൈദികര്‍ക്കും മേല്‍പ്പട്ടക്കാര്‍ക്കുംവേണ്ടി രാജ്യാന്തര തലത്തില്‍ സമ്മര്‍ദ്ദതന്ത്രങ്ങള്‍ മെനയുന്നതിന് മുന്‍കൈ എടുത്തുവന്നത് അമേരിക്കയാണ്. 1998-ല്‍ ഉന്നതതല അമേരിക്കന്‍ സംഘത്തിന് ചൈനയിലെ മതസ്വാതന്ത്ര്യത്തിന്റെ അവസ്ഥ പഠിക്കാന്‍ മൂന്നാഴ്ചത്തെ സന്ദര്‍ശനത്തിന് അനുമതി നല്‍കി. അക്കൊല്ലം വയോധികനായ റോമന്‍ കത്തോലിക്കാ മെത്രാനെ ചൈന ജയിലില്‍നിന്നു മോചിപ്പിച്ചു. എന്നാല്‍, 2003-ല്‍ ഉന്നതതല അമേരിക്കന്‍ സംഘത്തെ ഹോങ്കോംഗ് സന്ദര്‍ശിക്കാന്‍ ചൈന അനുവദിച്ചില്ല. ചൈനയിലെ മതപീഡനത്തെക്കുറിച്ച് യു.എസ് പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു. ബുഷ് വിമര്‍ശനം ഉന്നയിച്ചിരുന്നു. 2007-ല്‍ കര്‍ദ്ദിനാള്‍ ജോസഫ് സെന്നിനെ ബുഷ് വൈറ്റ്ഹൗസിലേക്കു ക്ഷണിച്ചത് ചൈനയിലെ മതസ്വാതന്ത്ര്യ പ്രശ്‌നം ലോകശ്രദ്ധയില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ്.

അമേരിക്കയിലെ ചില കത്തോലിക്കാ സംഘടനകള്‍ ചൈനയില്‍ കത്തോലിക്കാസഭയ്ക്ക് പിന്തുണയുമായി എത്തുന്നതിനെ സംശയത്തോടെയാണ് ചൈന ഗവണ്‍മെന്റ് വീക്ഷിച്ചുവരുന്നത്. സോവിയറ്റ് യൂണിയനിലും മധ്യപൂര്‍വ്വദേശത്തും ജനാധിപത്യ വിപ്ലവം പൊട്ടിപ്പുറപ്പെട്ടതിനു പിന്നില്‍ അമേരിക്കയുണ്ടായിരുന്നുവെന്നാണ് ചൈന സംശയിക്കുന്നത്. ഇതേ നയം ചൈനയിലും നടപ്പാക്കാന്‍ അമേരിക്ക ശ്രമിക്കുന്നുവെന്നാണ് ബെയ്ജിങ് ആരോപിക്കുന്നത്.

തിബറ്റിലെ ദലൈലാമ 

തായ്വാന്റെ കാര്യത്തിലെന്നപോലെ തിബറ്റും ചൈനാബന്ധത്തിലെ പ്രധാന വിഷയമാണ്. ഇന്ത്യയിലേക്കു പലായനം ചെയ്യേണ്ടിവന്ന തിബറ്റിലെ ബുദ്ധമതക്കാരുടെ ആധ്യാത്മിക പരമാചാര്യനും ഭരണാധികാരിയുമായ ദലൈ ലാമയുടെ അനുയായികള്‍ക്ക് ബെയ്ജിങ് ഭരണകൂടം ഇപ്പോഴും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിബറ്റിലെ ജീവിച്ചിരിക്കുന്ന ബുദ്ധന്മാരെ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ചൈന. സംവാദത്തിന്റേയും കൂടിക്കാഴ്ചകളുടേയും വക്താവാണ് ഫ്രാന്‍സിസ് പാപ്പയെങ്കിലും കഴിഞ്ഞ അഞ്ചര വര്‍ഷത്തിനിടെ ഇതുവരെ ദലൈ ലാമയെ നേരിട്ടു കണ്ടിട്ടില്ല. 2015 ജനുവരിയില്‍ സമാധാനത്തിനായുള്ള നൊബേല്‍ സമ്മാന ജേതാക്കളുടെ സമ്മേളനം റോമില്‍ നടന്നപ്പോള്‍ ദലൈലാമ ഫ്രാന്‍സിസ് പാപ്പയെ കാണാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, വത്തിക്കാന്‍ ഒഴിഞ്ഞുമാറി. ഫിലിപ്പീന്‍സ് സന്ദര്‍ശനം കഴിഞ്ഞ് റോമിലേക്കുള്ള മടക്കയാത്രയ്ക്കിടെ ഫ്രാന്‍സിസ് പാപ്പ താന്‍ ദലൈ ലാമയുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചതിനു തൊട്ടുപിന്നാലെ ബെയ്ജിങ്ങില്‍ വിദേശകാര്യ വക്താവിന്റെ പ്രതികരണമുണ്ടായി, ചൈനയുമായി ബന്ധം മെച്ചപ്പെടുത്താനാണ് വത്തിക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ ദലൈ ലാമയെ മാറ്റിനിര്‍ത്തുകതന്നെ വേണം.

ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ എട്ടു തവണ ദലൈ ലാമയുമായി കൂടിക്കാഴ്ച നടത്തി. 1986-ല്‍ അസീസിയില്‍ ആധ്യാത്മിക ആചാര്യന്മാരുടെ സമ്മേളനത്തില്‍ വച്ചും തന്റെ ആദ്യത്തെ ഇന്ത്യന്‍ സന്ദര്‍ശനവേളയിലും ജോണ്‍ പോള്‍ പാപ്പ ദലൈ ലാമയുമായി ഹൃദയം തുറന്ന് സംവദിച്ചു. പോള്‍ ആറാമന്‍ 1973-ല്‍ റോമില്‍ കൂടിക്കാഴ്ച നടത്തി. ദലൈ ലാമ ആദ്യമായി നേരിട്ടു കാണുന്ന പാപ്പ അദ്ദേഹമായിരുന്നു. ബെനഡിക്ട് പതിനാറാമന്‍ പാപ്പ 2006 ഒക്ടോബറില്‍ അനൗപചാരികമായി ദലൈ ലാമയെ കണ്ടിരുന്നു. വത്തിക്കാന്‍ ഔദ്യോഗിക പരിപാടിയില്‍ അത് ഉള്‍പ്പെടുത്തിയില്ല. ചൈനയുടേയും വത്തിക്കാന്റേയും പ്രതിനിധി സംഘങ്ങള്‍ ചര്‍ച്ചയ്ക്ക് കളമൊരുക്കുന്നതിനിടെ 2007-ല്‍ ബെനഡിക്ട് പാപ്പ ദലൈ ലാമയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ചില യൂറോപ്യന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഉടന്‍ ചൈന പ്രതിനിധിസംഘം ചര്‍ച്ചയില്‍നിന്നു പിന്മാറുന്നതായി ബെയ്ജിങ്ങില്‍നിന്ന് അറിയിപ്പുണ്ടായി. ദലൈ ലാമയുമായി പാപ്പ കൂടിക്കാഴ്ച നടത്തുന്നില്ല എന്ന് വത്തിക്കാന്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തിയതിനുശേഷമാണ് ചൈന പിന്നീട് രഹസ്യചര്‍ച്ചയ്ക്ക് തയ്യാറായത്. ചൈനയിലെ മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നാക്രമണങ്ങളേയും മനുഷ്യാവകാശ ലംഘനങ്ങളേയും വിമര്‍ശിക്കുന്ന ധാര്‍മ്മികശക്തിയായി വത്തിക്കാന്‍ എന്നും നിലകൊള്ളണമെന്നാണ് ദലൈ ലാമ ആവശ്യപ്പെടുന്നത്.

സാംസ്‌കാരിക സംഘര്‍ഷങ്ങളില്‍ 

ചൈനയുടെ 3000 വര്‍ഷത്തെ ചരിത്രത്തില്‍ ക്രൈസ്തവ സാന്നിധ്യത്തിന്റെ 400 വര്‍ഷം അത്ര നീണ്ട കാലയളവല്ല. ബുദ്ധമതം രണ്ടു സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പേ എത്തിയതിനുശേഷം, മറ്റൊരു പുതിയ മതത്തിന് രാജവംശങ്ങളുടേയും സര്‍വ്വസൈന്യാധിപന്മാരുടേയും പതനങ്ങളേയും രാഷ്ട്രത്തിന്റെ അംഗീകാരമുള്ള മതപീഡനങ്ങളേയും മറികടന്ന് ചൈനയിലെ ഹാന്‍ ഭൂരിപക്ഷ ജനവിഭാഗത്തിനിടയില്‍ നിലയുറപ്പിക്കാനായി എന്നതാണ് പ്രധാനം. ബെയ്ജിങ്ങില്‍നിന്ന് ചൈനയുടെ ഹൃദയഭൂമിയിലൂടെ തെക്കോട്ട് നീണ്ടുകിടക്കുന്ന, ചൈനീസ് പുരാണങ്ങള്‍ അനുസരിച്ച് മനുഷ്യരെ സൃഷ്ടിച്ച നുവാ എന്ന മഹാശക്തിസ്വരൂപിണിയുടെ തട്ടകമായ തയ്ഹാങ് പര്‍വ്വതനിരകള്‍ക്കു ചുറ്റുമുള്ള പ്രവിശ്യകളിലും തെക്ക് യുന്നാന്‍ പ്രവിശ്യയിലും ഷാങ്ഹായിലും ക്രിസ്തുമതത്തിനു വലിയ സങ്കേതങ്ങളുണ്ടായി. 

കണ്‍ഫ്യൂഷ്യസിന്റെ ദര്‍ശനങ്ങളുമായും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവുമായുള്ള ഏറ്റുമുട്ടലും രാഷ്ട്രീയ, സാമ്രാജ്യത്വ എതിര്‍പ്പുകളും ആഭ്യന്തര ഭിന്നതകളുമെല്ലാം ചേര്‍ന്ന് ചൈനയിലെ കത്തോലിക്കാസഭ ഒട്ടേറെ അഗ്നിപരീക്ഷകളെ നേരിട്ടിട്ടുണ്ട്. സിയാനില്‍ 1600-ല്‍ കണ്ടെടുത്ത എ.ഡി 781-ലെ ഒരു ശവക്കല്ലറയിലെ ചുണ്ണാമ്പുകല്ലില്‍ തീര്‍ത്ത മൂന്നു മീറ്റര്‍ ഉയരമുള്ള ശിലാഫലകത്തില്‍ പേര്‍ഷ്യയില്‍നിന്നു പട്ടുപാത (സില്‍ക്ക് റൂട്ട്) വഴി 'പ്രഭാമയ വിശ്വാസം' ചൈനയില്‍ എത്തിച്ചവരെ അനുസ്മരിക്കുന്നുണ്ട്. നെസ്‌തോറിയന്‍ സഭയുമായി ബന്ധപ്പെട്ടതാണ് ചൈനയിലെ ആദ്യകാല ക്രൈസ്തവ പ്രേഷിതത്വവും ശുശ്രൂഷകളും. 13-ാം നൂറ്റാണ്ടില്‍ വിശുദ്ധനാട് മുസ്ലിങ്ങളില്‍നിന്നു തിരിച്ചുപിടിക്കുന്നതിന് മംഗോളിയരുടെ പിന്തുണ തേടി കത്തോലിക്കാസഭ പ്രതിനിധിസംഘത്തെ അയക്കുന്നുണ്ട്. മോന്തെകൊര്‍വീനോയിലെ ജോണ്‍ എന്ന ഇറ്റലിക്കാരനായ ഫ്രാന്‍സിസ്‌കനാണ് ചൈനയിലെത്തുന്ന ആദ്യത്തെ റോമന്‍ കത്തോലിക്കാ മിഷണറി (ചൈനയിലേക്കുള്ള മാര്‍ഗ്ഗമധ്യേ ജോണ്‍ മോന്തെകൊര്‍വീനോ കേരളത്തിലെ കൊല്ലത്തും 13 മാസം പ്രേഷിതവേല ചെയ്തു). 1292-ല്‍ നിക്കൊളാസ് നാലാമന്‍ പാപ്പയുടെ പ്രതിനിധി എന്ന നിലയിലാണ് മംഗോളിയ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ഖാന്‍ബാലിക്കില്‍ - ഇന്നത്തെ ബെയ്ജിങ് - ജോണ്‍ എത്തുന്നത്. 

ചൈനക്കാര്‍ ചെങ്‌സോങ് ചക്രവര്‍ത്തി എന്നു വിളിക്കുന്ന യുവാന്‍ രാജവംശത്തിലെ തെമൂര്‍ ഖാന്‍ മോന്തെകോര്‍വീനോയെ ക്രിസ്തുമതം പ്രചരിപ്പിക്കാന്‍ അനുവദിച്ചു. 1305 ആകുമ്പോഴേക്കും തലസ്ഥാനത്ത് രണ്ടു ദേവാലയങ്ങള്‍ പണിയാന്‍ ആ മിഷണറിക്കു കഴിഞ്ഞു. 1308-ല്‍ ക്ലെമന്റ് അഞ്ചാമന്‍ പാപ്പ മോന്തെകോര്‍വീനോയെ പീക്കിങ് ആര്‍ച്ച്ബിഷപ്പായി വാഴിച്ചു. മൂന്നു പതിറ്റാണ്ടുകാലം ചൈനയില്‍ പ്രേഷിതപ്രവര്‍ത്തനം നടത്തിയ മോന്തെകോര്‍വീനോ പീക്കിങ്ങിലെ മൂന്നു മിഷനുകളിലും തെക്കന്‍ മേഖലയിലെ ഷിയമെനിലെ മറ്റൊരു മിഷനിലുമായി മംഗോളിയന്‍, ചൈനീസ്, അര്‍മീനിയന്‍ വംശജരായ ആയിരക്കണക്കിന് ആളുകളെ മാനസാന്തരപ്പെടുത്തി. പഴയ ഉയിഗൂര്‍ ഭാഷയിലേക്ക് പുതിയ നിയമം പരിഭാഷപ്പെടുത്തിയ മോന്തെകൊര്‍വീനോ 1328-ല്‍ പീക്കിങ്ങില്‍ മരിച്ചു.

റോമില്‍ ഗലിലേയോ ഗാലിലേയിയുടെ ശിഷ്യനായിരുന്ന മത്തേവോ റിച്ചി എന്ന ഇറ്റാലിയന്‍ ജസ്വിറ്റ് മിഷണറി ചൈനയിലെത്തി ജ്യോതിശാസ്ത്രത്തിലും ഭൗതികവിജ്ഞാനത്തിലും യന്ത്രശാസ്ത്രത്തിലും ഗണിതവിജ്ഞാനത്തിലും കലയിലും സാഹിത്യത്തിലും അലങ്കാര ശാസ്ത്രത്തിലുമൊക്കെയുള്ള തന്റെ പാണ്ഡിത്യത്തിലൂടെ മിങ് രാജവംശത്തിലെ വാന്‍ ലി ചക്രവര്‍ത്തിയുടെ പ്രീതി സമ്പാദിച്ചു. 1601-ല്‍ തലസ്ഥാന നഗരിയിലെ വിലക്കപ്പെട്ട നഗരം (ഫൊര്‍ബിഡന്‍ സിറ്റി) എന്ന രാജകീയ കൊട്ടാരസമുച്ചയത്തില്‍ താമസിക്കാന്‍ അനുമതി ലഭിച്ച ആദ്യത്തെ പാശ്ചാത്യനുമായി. ആദ്യം ബൗദ്ധഭിക്ഷുവിന്റെ വേഷവും പിന്നീട് കണ്‍ഫ്യൂഷ്യസ് ശൈലിയിലുള്ള ആചാര്യന്റെ പര്‍പ്പിള്‍ മേലങ്കിയും അണിയാന്‍ തുടങ്ങിയ റിച്ചി പീക്കിംഗ് കൊട്ടാരവളപ്പില്‍ താമസം തുടങ്ങി ഒരു വര്‍ഷത്തിനകം 'ഭൂമിയിലെ പതിനായിരം രാജ്യങ്ങളുടെ ഭൂപടം' ചൈനീസ് ഭാഷയിലെ സൂക്ഷ്മവര്‍ണ്ണനകള്‍ സഹിതം രൂപകല്പന ചെയ്തു. തടിയില്‍ വരഞ്ഞ ബ്ലോക്കുകള്‍ ഉപയോഗിച്ച് ആറു പാനലുകളായി 12.5 അടി നീളവും 5.5 അടി ഉയരവുമുള്ള ഭൂപടം മുളനാരിഴകൊണ്ടു നിര്‍മ്മിച്ച കടലാസിലാണ് 1602-ല്‍ അച്ചടിച്ചത്. മധ്യ സാമ്രാജ്യം (മിഡില്‍ കിങ്ഡം) എന്ന് അടയാളപ്പെടുത്തിയ രാജ്യത്തിന്റെ സാംസ്‌കാരിക പെരുമയും വാന്‍ ലി ചക്രവര്‍ത്തിയുടെ ശ്രേയസും മഹിമയും എടുത്തുപറയുന്ന ആ ഭൂപടം ബെയ്ജിങ്ങിലെ പാലസ് മ്യൂസിയത്തില്‍ ഇപ്പോഴുമുണ്ട്. 

ചൈനീസ് സംസ്‌കാരത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങളായി കരുതപ്പെടുന്ന കണ്‍ഫ്യൂഷ്യസിന്റെ അഞ്ചു ക്ലാസ്സിക്കുകളും നാലു പുസ്തകങ്ങളും ആഴത്തില്‍ പഠിച്ച റിച്ചി അഞ്ഞൂറ് ചൈനീസ് അക്ഷരങ്ങള്‍ ഒന്നു കണ്ണോടിച്ചുനോക്കി ഒറ്റയടിക്ക് അത് പിന്നില്‍നിന്നു തിരിച്ചുചൊല്ലാനുള്ള അത്ഭുതസിദ്ധി പ്രദര്‍ശിപ്പിച്ചിരുന്നു. 1582 മുതല്‍ 1610ല്‍ മരിക്കുംവരെ ചൈനയില്‍ ജീവിച്ച മത്തേവോ റിച്ചിയുടെ ശവകുടീരം ബെയ്ജിങ് അഡ്മിനിസ്‌ട്രേറ്റീവ് കോളേജിനു (പഴയ ബെയ്ജിങ് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്‌കൂള്‍) സമീപത്തെ ഷലാന്‍ ശ്മശാനത്തില്‍ കാണാം. അവിടെ ഉണ്ടായിരുന്ന സൂര്യഘടികാരം നഷ്ടപ്പെട്ടതൊഴിച്ചാല്‍ ആ ശവകുടീരം അതേപടി സൂക്ഷിച്ചിട്ടുണ്ട്. അവിടെ റിച്ചിയുടെ വാക്കുകള്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു:

കാലം അതിവേഗം കടന്നുപോകും. ഭൂതകാലത്തില്‍ ഉറച്ചിരിക്കാനാവില്ല; ഭാവി മുന്‍കൂട്ടി കാണാനുമാവില്ല. വര്‍ത്തമാനകാലത്തിലെ ഈ നിമിഷത്തില്‍ നാം നന്മ ചെയ്യണം; അനാവശ്യ കാര്യങ്ങളെക്കുറിച്ച് വേവലാതിപ്പെടേണ്ട കാര്യമില്ല.

ജ്യോതിശാസ്ത്രജ്ഞരായ ഫെര്‍ഡിനന്‍ഡ് വെര്‍ബേയിസ്റ്റ്, ആഡം സ്‌കാള്‍ വോണ്‍ ബെല്‍, ചൈനീസ് ചിത്രകലയെ ഏറെ സ്വാധീനിച്ച ജുസെപ്പെ കാസ്തിഗ്ലിയോനെ തുടങ്ങിയവര്‍ മത്തേവോ റിച്ചിയുടെ പാത പിന്തുടര്‍ന്ന് ചൈനയില്‍ ജസ്വിറ്റ് പ്രേഷിതത്വത്തിന്റെ സാംസ്‌കാരിക ഗരിമ പ്രഘോഷിച്ചവരാണ്. മിങ് സാമ്രാജ്യത്തിന്റെ അന്ത്യഘട്ടത്തില്‍ ചൈനീസ് സംസ്‌കാരത്തിന്റെ ഉത്കൃഷ്ട ദര്‍ശനങ്ങള്‍ യൂറോപ്പിനു പരിചയപ്പെടുത്തികൊടുക്കാനും പാശ്ചാത്യചിന്തകളും വൈജ്ഞാനിക ശാഖകളും ചൈനയില്‍ പ്രചരിപ്പിക്കാനും മുന്‍കൈ എടുത്ത ജസ്വിത്തരുടെ വ്യത്യസ്ത ശൈലിയും സമീപനവും ചൈനയില്‍ ഏറെക്കാലം അവര്‍ക്ക് സ്വീകാര്യത നല്‍കി. ക്വിങ് രാജവംശത്തിലെ (1654-1722) കാങ്ഷി ചക്രവര്‍ത്തി 1692-ലെ കല്പനയില്‍ പറഞ്ഞു: ''ഈ യുറോപ്യന്മാര്‍ സാത്വികരാണ്. ഇവര്‍ക്കുനേരെയോ ഇവരുടെ സ്ഥാപനങ്ങള്‍ക്കും വസ്തുവകകള്‍ക്കും നേരെയോ മേലില്‍ ഒരു ദ്രോഹവുമുണ്ടാകരുത്.'' കുടുംബക്ഷേത്രത്തിലും ശ്മശാനത്തിലും പൂര്‍വ്വികരെ ആരാധിച്ചുകൊണ്ട് പ്രത്യേക പൂജാകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതും ദൈവത്തെ, അല്ലെങ്കില്‍ പുരാതന ചൈനീസ് ദേവഗണത്തിലെ പരാശക്തിയെ സൂചിപ്പിക്കുന്ന ഷാങ്ദി എന്ന് അഭിസംബാധന ചെയ്യുന്നതും ദേവാലയങ്ങളില്‍ 'സ്വര്‍ഗ്ഗത്തിനു സ്‌തോത്രം' എന്ന എഴുത്തുപലകകള്‍ തൂക്കിയിടുന്നതും വസന്തത്തിലും ഗ്രീഷ്മത്തിലുമുള്ള കണ്‍ഫ്യൂഷ്യസിന്റെ ആചാരവിധികള്‍ പാലിക്കുന്നതും, ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എല്ലാ മാസവും ഒന്നാം തീയതിയും 15-ാം തീയതിയും കണ്‍ഫ്യൂഷ്യസ് വിഭാഗത്തിന്റെ ക്ഷേത്രത്തില്‍ ആരാധനയ്ക്കു പോകുന്നതും കത്തോലിക്കാ വിശ്വാസപ്രമാണങ്ങള്‍ക്കു വിരുദ്ധമാണെന്നു കല്പിച്ച് 1715 മാര്‍ച്ചില്‍ ക്ലെമന്റ് പതിനൊന്നാമന്‍ പാപ്പ പുറപ്പെടുവിച്ച 'എക്‌സ് ഇലാ ദിയെ' എന്ന ബൂളയിലെ കടുത്ത ഭാഷയും കാര്‍ക്കശ്യ പ്രയോഗങ്ങളും കാങ്ഷി ചക്രവര്‍ത്തിയെ വല്ലാതെ ചൊടിപ്പിച്ചു.

ചൈനയുടെ തിബത്തൻ അധിനിവേശത്തിനെതിരെ പ്രതിഷേധിക്കുകയാണ് ഈ ബുദ്ധമത വിശ്വാസി. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികാഘോഷം നടക്കുന്ന ദിവസം ധർമ്മശാലയിൽ ചൈനയ്ക്കെതിരേ പ്രതിഷേധ പ്രകടനം നടന്നിരുന്നു
ചൈനയുടെ തിബത്തൻ അധിനിവേശത്തിനെതിരെ പ്രതിഷേധിക്കുകയാണ് ഈ ബുദ്ധമത വിശ്വാസി. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികാഘോഷം നടക്കുന്ന ദിവസം ധർമ്മശാലയിൽ ചൈനയ്ക്കെതിരേ പ്രതിഷേധ പ്രകടനം നടന്നിരുന്നു

1721-ല്‍ ചക്രവര്‍ത്തി തന്റെ സാമ്രാജ്യത്തില്‍ ക്രിസ്തുമത പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു. ആധ്യാത്മിക അനുഷ്ഠാനമായല്ല, സാംസ്‌കാരിക പാരമ്പര്യമായാണ് പൂര്‍വ്വികരെ വണങ്ങുന്നത് അടക്കമുള്ള ചൈനീസ് അനുഷ്ഠാനമുറകളേയും ആചാരങ്ങളേയും കാണേണ്ടതെന്ന നിലപാടാണ് ഈശോസഭക്കാര്‍ സ്വീകരിച്ചുവന്നത്. തദ്ദേശീയ സംസ്‌കാരവുമായി സഭ ഇഴുകിച്ചേരണമെന്നും അവര്‍ പഠിപ്പിച്ചു. അതേസമയം ഡൊമിനിക്കന്‍, ഫ്രാന്‍സിസ്‌കന്‍ സമൂഹങ്ങള്‍ അതൊക്കെ വലിയ അപഭ്രംശമായാണ് കണ്ടുവന്നത്. 1840-കളില്‍ യൂറോപ്യന്‍ സാമ്രാജ്യത്വത്തിന്റെ വാണിജ്യ ഇടപാടുകള്‍ക്കൊപ്പം സുവിശേഷ പ്രചാരണത്തിന്റെ മറ്റൊരു ഘട്ടത്തിനു തുടക്കമായെങ്കിലും പൂര്‍വ്വികരുടെ സ്മരണയ്ക്കുള്ള പരമ്പരാഗത കര്‍മ്മങ്ങള്‍ ഉള്‍പ്പെടെയുള്ള ആചാരാനുഷ്ഠാനങ്ങള്‍ വിലക്കിയ നടപടി ചൈനയില്‍ കത്തോലിക്കാസഭയുടെ വളര്‍ച്ചയെ തെല്ലൊന്നുമല്ല ബാധിച്ചത്. 

1939-ലാണ് സഭ ചൈനീസ് ആചാരങ്ങളുടെ കാര്യത്തില്‍ പുനരവലോകനത്തിനും വിട്ടുവീഴ്ചയ്ക്കും തയ്യാറായത്. മാവോ സെതൂങ്ങ് നയിച്ച ലോങ് മാര്‍ച്ചിനും സാംസ്‌കാരിക വിപ്ലവത്തിനും മുന്‍പ് ചൈനയെ ഇളക്കിമറിച്ച തെയ്പിങ് കലാപം തെക്കന്‍ ചൈനയിലെ ഗുവാഡോങ്ങിലെ ഹോങ് ഷിയുക്വാന്‍ എന്ന യുവാവ് 'മഹാ സമാധാനത്തിന്റെ സ്വര്‍ഗ്ഗരാജ്യം' എന്ന വിശ്വാസികളുടെ കൂട്ടായ്മയില്‍നിന്ന് രൂപപ്പെടുത്തിയ ജനകീയ വിപ്ലവമായിരുന്നു. സമൂഹത്തെ ക്വിങ് രാജവംശത്തിന്റെ മഞ്ചൂറിയന്‍ അധിനിവേശത്തില്‍നിന്നും വിഗ്രഹാരാധകരില്‍നിന്നും രക്ഷിക്കുന്നതിന് അവതരിച്ച യേശുക്രിസ്തുവിന്റെ ഏറ്റവും ഇളയ അനുജനാണ് താന്‍ എന്നു സ്വയം വിശ്വസിച്ച ഹോങ് സര്‍ക്കാര്‍ സര്‍വ്വീസിലേക്കുള്ള ഇംപീരിയല്‍ പരീക്ഷയില്‍ മൂന്നുവട്ടം തോറ്റതിനുശേഷമാണ് ആധ്യാത്മികതയിലേക്കു തിരിഞ്ഞത്. തെക്കന്‍ ചൈനയില്‍നിന്ന് യാങ്‌സി നദീതടം വരെയും അവിടെനിന്ന് നാന്‍ജിങ് വരെയും മഹാ സമാധാനത്തിന്റെ സ്വര്‍ഗ്ഗരാജ്യം അതിവേഗം വളര്‍ന്നു. 1851 മുതല്‍ 1864 വരെ നീണ്ട ആഭ്യന്തരയുദ്ധത്തിലേക്കാണ് ആ പ്രസ്ഥാനം ചെന്നെത്തിയത്. രാജ്യത്തെ 16 പ്രവിശ്യകളിലായി ഏതാണ്ട് 600 പട്ടണങ്ങളില്‍ കനത്ത നാശം വിതയ്ക്കുകയും രണ്ടു കോടിയോളം ആളുകള്‍ - ഒന്നാം ലോകമഹായുദ്ധത്തിലെ മരണസംഖ്യയെക്കാള്‍ ഇരട്ടി - കൊല്ലപ്പെടുകയും ചെയ്ത സിവില്‍ യുദ്ധമായിരുന്നു അത്. കറുപ്പ് യുദ്ധത്തിന്റേയും യൂറോപ്യന്‍ അധീശത്വത്തിന്റേയും ആഭ്യന്തര കലാപങ്ങളുടേയും പശ്ചാത്തലത്തില്‍ ചൈനയിലെ രാഷ്ട്രീയ മാറ്റങ്ങള്‍ സഭയുടെ നിലനില്‍പ്പിനെത്തന്നെ പലപ്പോഴും ബാധിച്ചു. 

പീയൂസ് പന്ത്രണ്ടാമന്‍ പാപ്പ സ്ഥാനമേറ്റ് ഒരു വര്‍ഷത്തിനകം, 1939-ല്‍ സഭയെ ഗുരുതരമായി ബാധിച്ച പാരമ്പര്യ ആചാരാനുഷ്ഠാന വിലക്ക് പിന്‍വലിച്ചു. 1942 ജൂണില്‍ ബെയ്ജിങ്ങിലെ നാഷണലിസ്റ്റ് ഗവണ്‍മെന്റ് വത്തിക്കാനുമായി നയതന്ത്രബന്ധം സ്ഥാപിച്ചു. '46-ല്‍ ചൈനയ്ക്കായി പുരോഹിത വ്യവസ്ഥ രൂപവല്‍ക്കരിക്കുകയും ആദ്യമായി ഒരു ചൈനക്കാരനെ - പീക്കിങ്ങിലെ ദൈവവചന സമൂഹാംഗമായ ബിഷപ്പ് തോമസ് തിയെന്‍ കെന്‍സിനെ - കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുകയും ചെയ്തു. മാവോ ബെയ്ജിങ്ങിലേക്കു ലോങ് മാര്‍ച്ച് നടത്തുമ്പോള്‍ ചൈനയില്‍ കത്തോലിക്കാസഭയ്ക്ക് 20 അതിരൂപതകളും 39 അപ്പസ്‌തോലിക പ്രീഫെക്ചറുകളും 3080 വിദേശ മിഷനുകളും 2557 തദ്ദേശീയ വൈദികരുമുണ്ടായിരുന്നു. എന്നാല്‍, സഭ പ്രാദേശികഭാവം ഉള്‍ക്കൊള്ളാന്‍ വൈകി. കമ്യൂണിസ്റ്റുകാര്‍ അധികാരം പിടിച്ചെടുത്തപ്പോള്‍ മിക്ക കത്തോലിക്കാ ആശുപത്രികളും വിദ്യാലയങ്ങളും അനാഥാലയങ്ങളും മറ്റു സ്ഥാപനങ്ങളും വിദേശ മിഷനറിമാരുടെ കീഴിലായിരുന്നു. രാജ്യത്തെ 137 സഭാഭരണ പ്രവിശ്യകളില്‍ ഏഴു മെത്രാപ്പോലീത്തമാരും 21 മെത്രാന്മാരും ഉള്‍പ്പെടെ 28 പേര്‍ മാത്രമായിരുന്നു ചൈനക്കാര്‍; മറ്റ് 109 മേല്‍പ്പട്ടക്കാരും വിദേശത്തുനിന്നുള്ളവരായിരുന്നു. 

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com