വി.ഐ.പി സുരക്ഷ പൊലീസിനെന്നും തലവേദനയാണ്; നാട്ടുകാര്‍ക്കും. അതിന്റെ മൂര്‍ദ്ധന്യാവസ്ഥ ഞാന്‍ അഭിമുഖീകരിച്ചത് തിരുവനന്തപുരത്ത് ഡി.സി.പി (ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍) ആയിരിക്കുമ്പോഴാണ്. എങ്കിലും വിലപ്പെട്ട ചില അനുഭവങ്ങള്‍ നേരത്തെ ലഭിച്ചിരുന്നു. വി.ഐ.പി സുരക്ഷയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചത് രാജീവ് ഗാന്ധി വധത്തിനു ശേഷമാണ്. പൊലീസിന്റെ എത്ര വലിയ സംവിധാനത്തെയും സൂക്ഷ്മമായ ആസൂത്രണത്തിലൂടെ, സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി, മരണഭയം തീണ്ടാത്ത ഒരു സംഘം ചാവേറുകള്‍ക്കു മറികടക്കാനാകും എന്ന് തമിഴ്പുലികള്‍ ബോദ്ധ്യപ്പെടുത്തിയപ്പോഴാണ് നമ്മുടെ സുരക്ഷാസമൂഹം ഞെട്ടിയുണര്‍ന്നത്. അതിനു മുന്‍പ് കുന്നംകുളത്ത് എ.എസ്.പി ആയിരിക്കെ, വൈസ് പ്രസിഡന്റ് ശങ്കര്‍ദയാല്‍ ശര്‍മ്മ ഗുരുവായൂര്‍ അമ്പലം സന്ദര്‍ശിച്ചപ്പോള്‍ നിയന്ത്രണങ്ങള്‍ താരതമ്യേന പരിമിതമായിരുന്നു. ഡല്‍ഹിയില്‍നിന്നും വന്ന ലെയ്‌സണ്‍ ഓഫീസര്‍ എന്നോട് അന്വേഷിച്ചത് ഗുരുവായൂരില്‍ ലഭ്യമായിരുന്നുവെന്ന് അദ്ദേഹം കരുതിയ ഏതോ ഇനം മാമ്പഴത്തെപ്പറ്റി മാത്രമായിരുന്നു. സന്ദര്‍ശനത്തില്‍ കൊച്ചി ഉള്‍പ്പെട്ടിരുന്നതുകൊണ്ട് 'it is cheap in Kochi' (അതിന് കൊച്ചിയില്‍ വിലക്കുറവാണ്) എന്നു പറഞ്ഞ് 'മാങ്ങാ ചരിതം' മുളയിലേ നുള്ളി. സുരക്ഷ അത്രയൊക്കെയേ ഉണ്ടായിരുന്നുള്ളു.
രാജീവ് ഗാന്ധി വധത്തിനു ശേഷം രണ്ടു മാസം തികയും മുന്‍പാണ് ഞാന്‍ ആലപ്പുഴയില്‍ എസ്.പി ആയി എത്തുന്നത്. രാജീവ് ഗാന്ധി വധത്തിലെ പ്രധാന കണ്ണി 'ഒറ്റക്കണ്ണന്‍ ശിവരശന്‍' അന്ന് ഒളിവിലായിരുന്നു. ഇടയ്‌ക്കൊരു ദിവസം ഈ 'ഒറ്റക്കണ്ണന്‍' ഏതോ വാഹനത്തില്‍ ആലപ്പുഴ വഴി കടന്നുപോകുന്നുവെന്ന സന്ദേശത്തെത്തുടര്‍ന്ന് ഞാന്‍ വയര്‍ലെസ്സില്‍ ശിവരശനുവേണ്ടി വാഹനങ്ങള്‍ പരിശോധിക്കാന്‍ പറഞ്ഞു. പരിശോധനയും നടന്നു. ഈ പരിശോധനയ്ക്ക് അമ്പലപ്പുഴയിലെ എസ്.ഐ പോയത് റിവോള്‍വറും റൈഫിളും പോയിട്ട് ലാത്തിപോലും ഇല്ലാതെ ആയിരുന്നു. ഏതാണ്ടൊരു ട്രാഫിക്ക് പെറ്റിക്കേസ് പിടിക്കുന്ന ലാഘവത്തില്‍. ഭാഗ്യത്തിന് 'ശിവരശന്‍' ആ വഴിയൊന്നും വന്നില്ല. അത്രയ്‌ക്കൊക്കെ ആയിരുന്നു സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ച് പൊലീസിലെ പൊതുബോധം. കേരളത്തില്‍ എല്ലാം ഭദ്രം എന്നൊരു അലസവിചാരം സാമാന്യ ജനങ്ങള്‍ മാത്രമല്ല, പൊലീസ് ഉദ്യോഗസ്ഥരും പുലര്‍ത്തിയിരുന്നു. ഒരു പരിധിവരെ ഇപ്പോഴും അതുണ്ടെന്നു തോന്നുന്നു.
ആലപ്പുഴനിന്നും എസ്.പി എന്ന നിലയില്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചിയില്‍ ഡ്യൂട്ടിക്കു പോയ അനുഭവം ഓര്‍ക്കുന്നു. അവിടെ ഒരല്പം സീനിയറായ എസ്.പി പൊലീസ് ഉദ്യോഗസ്ഥരോട് സുരക്ഷാക്രമീകരണങ്ങള്‍ വിശദീകരിക്കുകയായിരുന്നു. അതിനിടയില്‍ എന്തോ നിസ്സാര കാര്യം പറഞ്ഞ് ഒരു ഹെഡ് കോണ്‍സ്റ്റബിളിനോട് അദ്ദേഹം തട്ടിക്കയറാന്‍ തുടങ്ങി. ശബ്ദമുയര്‍ത്തിയുള്ള രോഷപ്രകടനം ഒരുപാട് നീണ്ടുപോയപ്പോള്‍ അത് അരോചകമായി തോന്നി. ഇത്തരം പ്രകടനങ്ങളിലൂടെ എന്ത് ലക്ഷ്യമാണ് നേടുന്നതെന്ന് എനിക്ക് മനസ്സിലായില്ല. പിന്നീട് പല വി.ഐ.പി സന്ദര്‍ശനങ്ങളിലും ഇത്തരം 'പ്രകടനങ്ങള്‍' കുറെ കണ്ടിട്ടുണ്ട്. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഇത്തരം പൊട്ടിത്തെറിക്കലുകള്‍, അനാവശ്യ സമ്മര്‍ദ്ദം മറ്റുള്ളവരില്‍ സൃഷ്ടിക്കാനേ ഉതകൂ. അതുകൊണ്ട് സുരക്ഷ എങ്ങനെ മെച്ചപ്പെടും എന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ, പല ഉദ്യോഗസ്ഥരും ബോധപൂര്‍വ്വമോ അല്ലാതെയോ ആത്മനിയന്ത്രണം വിട്ട പോലുള്ള പ്രകടനങ്ങളില്‍ അഭിരമിക്കുന്നുണ്ടെന്നു തോന്നുന്നു.
എറണാകുളത്തെ ഈ സന്ദര്‍ശനത്തോടനുബന്ധിച്ച് അന്നത്തെ ഇന്റലിജെന്‍സ് മേധാവി ടി.വി. മധുസൂദനന്‍ ഉദ്യോഗസ്ഥരോട് സംസാരിച്ചിരുന്നു. ഡി.വൈ.എസ്.പി മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരാണതില്‍ പങ്കെടുത്തത്. മധുസൂദനന്‍ ആദ്യം ഒരു ചോദ്യം ചോദിച്ചു: ''നിങ്ങളില്‍ എത്രപേര്‍ പത്തില്‍ കൂടുതല്‍ വി.ഐ.പി സുരക്ഷാ ഡ്യൂട്ടി ചെയ്തിട്ടുണ്ട്?'' എന്നെപ്പോലുള്ള തുടക്കക്കാര്‍ നിശ്ശബ്ദരായി ഇരുന്നപ്പോള്‍ പരിചയസമ്പന്നര്‍ അഭിമാനപൂര്‍വ്വം കയ്യുയര്‍ത്തി. ചിലര്‍ ഇരുപതും മുപ്പതും ഡ്യൂട്ടി എന്നൊക്കെ തട്ടിവിട്ടപ്പോള്‍ ഇന്റലിജെന്‍സ് മേധാവി പറഞ്ഞു: 'I consider each one of you as the weakest link in this security arrangement' (നിങ്ങള്‍ ഓരോരുത്തരേയും ഈ സുരക്ഷാ സംവിധാനത്തിന്റെ ഏറ്റവും ദുര്‍ബ്ബലമായ കണ്ണിയായി ഞാന്‍ കണക്കാക്കും). പരിചയസമ്പന്നത സൃഷ്ടിക്കാവുന്ന അലസമനോഭാവം സുരക്ഷയ്ക്കപകടമാണ് എന്നായിരുന്നു സന്ദേശം.
ഈ അനുഭവപാഠങ്ങള്‍ക്കൊക്കെ എത്രയോ അപ്പുറമായിരുന്നു 1995 നവംബറില്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായിരുന്ന സിരിമാവോ ബന്ധാരനായകേയുടെ തിരുവനന്തപുരം സന്ദര്‍ശനം ഉയര്‍ത്തിയ സുരക്ഷാ വെല്ലുവിളി. ലോകത്തെ ആദ്യ വനിതാപ്രധാനമന്ത്രി കൂടി ആയിരുന്നു സിരിമാവോ. മൂന്നാഴ്ചയിലധികം തലസ്ഥാനത്ത് രാജ്ഭവനില്‍ താമസിക്കേണ്ടിയിരുന്നു. ആയുര്‍വ്വേദ ചികിത്സാര്‍ത്ഥമായിരുന്നു വരവ്. സിരിമാവോയുടെ സന്ദര്‍ശനം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. അതിനു പ്രധാന കാരണം സുരക്ഷാ സംവിധാനങ്ങളാണ്. തലസ്ഥാനം അന്നുവരെ കണ്ടിട്ടില്ലാത്ത പലതും അന്നേര്‍പ്പെടുത്തേണ്ടിവന്നു. ശ്രീലങ്കയിലെ തമിഴ് തീവ്രവാദികളുയര്‍ത്തിയ സുരക്ഷാഭീഷണി ലോകം അന്നുവരെ കണ്ടതില്‍വച്ച് ഏറ്റവും മാരകമായിരുന്നു. കടലിലും കരയിലും ആകാശത്തും അവരുടെ അസാധാരണമായ പ്രഹരശേഷി ലോകം കണ്ടതാണ്. എത്ര വലിയ സുരക്ഷ ഉണ്ടായിരുന്ന ഉന്നത രാഷ്ട്രീയ നേതാക്കളെയാണ് ശ്രീലങ്കയില്‍ അവര്‍ കൊന്നൊടുക്കിയത്. ഇന്ത്യയില്‍ തന്നെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ എന്തെല്ലാം സുരക്ഷാ ഏര്‍പ്പാടുകള്‍ ഒന്നൊന്നായി മറികടന്നാണ് അതിസാഹസികമായി മനുഷ്യ ബോംബ് സ്ഫോടനത്തിലൂടെ അപായപ്പെടുത്തിയത്. അക്കാലത്ത് തമിഴ്പുലികള്‍ ഒരസാധാരണ പ്രതിഭാസമായിരുന്നു. ഒരുവശത്ത്, 'കൊലപാതകത്തിന്റെ സാങ്കേതിക വിദ്യ'കളില്‍ ലോകത്ത് അവരെ വെല്ലാന്‍ ആരുമുണ്ടായിരുന്നില്ല . ഒപ്പം, ലക്ഷ്യം നേടാന്‍ വേണ്ടി ജീവന്‍ ത്യജിക്കാന്‍ അശേഷം മടിക്കാത്ത മാനസികാവസ്ഥ. അപകടകരമായ ഈ മിശ്രിതത്തിന്റെ ഭീഷണി സുരക്ഷാസേനകള്‍ക്ക് ഉയര്‍ത്തിയ വെല്ലുവിളി സമാനതകളില്ലാത്തതായിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ ഏതാണ്ട് ഒരു മാസക്കാലത്തെ തിരുവനന്തപുരം രാജ്ഭവനിലെ താമസം. പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ഞങ്ങള്‍ക്ക് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശവും പിന്തുണയും നല്‍കിയത് ഐ.ജി. ജേക്കബ്ബ് പുന്നൂസ് സാറായിരുന്നു. സിരിമാവോയുടെ സന്ദര്‍ശനം ഉറപ്പായതോടെ കേരളത്തിനു മുന്‍പരിചയമില്ലാത്ത ഈ സുരക്ഷാ സാഹചര്യം വിലയിരുത്തി, സംസ്ഥാനതല ഏജന്‍സികളും വിവിധ കേന്ദ്ര ഏജന്‍സികളും സ്വീകരിക്കേണ്ട സങ്കീര്‍ണ്ണമായ സുരക്ഷാ ക്രമീകരണങ്ങളുടെ ആവശ്യകത ഡി.ജി.പിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അതേത്തുടര്‍ന്ന് കാര്യങ്ങള്‍ വേഗം ചലിച്ചു തുടങ്ങി. കേന്ദ്ര പൊലീസ് ഏജന്‍സികള്‍ മാത്രമല്ല, നേവി, എയര്‍ഫോഴ്സ് എല്ലാം സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലായിരുന്നു പ്രധാനമന്ത്രിയുടെ ചികിത്സ നടത്തേണ്ടിയിരുന്നത്. എന്നാല്‍, സുരക്ഷാകാരണങ്ങളാല്‍ കേരള രാജ്ഭവനില്‍ താമസിച്ച് അവിടെവെച്ച് ചികിത്സ നടത്താമെന്നു തീരുമാനിച്ചു.
സിരിമാവോ സന്ദര്‍ശനവും പുലികളും
സിരിമാവോ എത്തുന്നതിനു മുന്‍പ് മാധ്യമങ്ങള്‍ 'പുലി' വാര്‍ത്തകള്‍കൊണ്ടു നിറഞ്ഞു. തമിഴ്പുലികള്‍ നടത്തിയിട്ടുള്ള ഭീകരാക്രമണങ്ങളുടെ 'കഥ'കളും അവരുടെ പ്രഹരശേഷിയെക്കുറിച്ചും പരിശീലനം, സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നതിലുള്ള വൈദഗ്ദ്ധ്യം, ചാവേര്‍ സംഘങ്ങള്‍ ഇവയെപ്പറ്റിയെല്ലാം മാധ്യമങ്ങള്‍ മത്സരിച്ച് റിപ്പോര്‍ട്ട് ചെയ്തു. കൂട്ടത്തില്‍ ചില സായാഹ്ന പത്രങ്ങള്‍ നഗരത്തില്‍ ''അമ്പത് പുലികള്‍ എത്തി'' എന്നുവരെ റിപ്പോര്‍ട്ട് ചെയ്തു. വാര്‍ത്തകളുടെ ഉറവിടം ഇന്റലിജെന്‍സ്, കേന്ദ്ര ഇന്റലിജെന്‍സ്, മിലിറ്ററി ഇന്റലിജന്‍സ് തുടങ്ങി പലതിലും ആരോപിച്ചു. പക്ഷേ, മുഖ്യ സ്രോതസ്സ് ലേഖകരുടെ ഭാവനാ വിലാസം തന്നെയായിരുന്നിരിക്കണം. അത്തരം വാര്‍ത്തകള്‍ ഒരര്‍ത്ഥത്തില്‍ സിറ്റിപൊലീസിനു സഹായകരമായി. സുരക്ഷാക്രമീകരണങ്ങള്‍ എല്ലായ്പോഴും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് സാധാരണ ജനങ്ങള്‍ക്കാണല്ലോ. നഗരം സന്ദര്‍ശിക്കുന്ന വിശിഷ്ടാതിഥിക്കു വലിയ സുരക്ഷാ ഭീഷണിയുണ്ട് എന്ന പൊതുധാരണ ജനങ്ങളെ പൊലീസ് നിയന്ത്രണങ്ങളോട് സഹകരിക്കാന്‍ കുറേയേറെ പ്രേരിപ്പിക്കും. അങ്ങനെ ശ്രീലങ്കന്‍ പ്രധാനമന്ത്രിയും തമിഴ്പുലികളും പൊലീസ് സുരക്ഷയും എല്ലാം ദിവസങ്ങളോളം വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കുന്ന അന്തരീക്ഷത്തില്‍ നിശ്ചയിച്ച ദിവസം തന്നെ സിരിമാവോ തലസ്ഥാനത്ത് എത്തി. രണ്ടു മണിക്കൂര്‍ വൈകിയാണ് എയര്‍ലങ്കയുടെ പ്രത്യേക വിമാനം തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ നിയന്ത്രണത്തിലുള്ള മേഖലയില്‍ എത്തിയത്.
ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ വിമാനം സാധാരണ യാത്രക്കാര്‍ക്കുള്ള എയര്‍പോര്‍ട്ടിന്റെ ഭാഗം ഒഴിവാക്കിയതുകൊണ്ട് പൊലീസിനും ജനങ്ങള്‍ക്കും കുറേ ബുദ്ധിമുട്ട് ഒഴിവായി.
സംസ്ഥാനത്തെ പ്രതിനിധീകരിച്ച് വിദ്യുച്ഛക്തി വകുപ്പ് മന്ത്രി ജി. കാര്‍ത്തികേയനാണ് എയര്‍പോര്‍ട്ടില്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ചീഫ് സെക്രട്ടറിയും ഡി.ജി.പിയും അടക്കമുള്ള ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്ന പ്രധാനമന്ത്രിയെ വിമാനത്തിന്റെ മുന്‍വാതിലില്‍ക്കൂടി പ്രത്യേക ലിഫ്റ്റ് സംവിധാനത്തിലാണ് താഴെ എത്തിച്ചത്. അവിടെനിന്നും ബുള്ളറ്റ് പ്രൂഫ് കാറില്‍ പ്രത്യേക സുരക്ഷാ വാഹനവ്യൂഹത്തിലാണ് രാജ്ഭവനിലേയ്ക്ക് പോയത്. നഗരം കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ സുരക്ഷാ ഏര്‍പ്പാടുകള്‍ എന്നാണ് പത്രങ്ങളെഴുതിയത്. കൂട്ടത്തില്‍ സുരക്ഷാ സംവിധാനത്തില്‍പ്പെട്ട് ജനം ബുദ്ധിമുട്ടി എന്നും പറഞ്ഞു. അങ്ങനെ 'ജനം ബുദ്ധിമുട്ടി'യെങ്കിലും സിരിമാവോ സുരക്ഷിതയായി രാജ്ഭവനിലെത്തി. അവിടെയാണ് അടുത്ത മൂന്നാഴ്ച താമസിച്ചു ചികിത്സിക്കുന്നത്. രാജ്ഭവന്റെ സുരക്ഷ ശക്തിപ്പെടുത്തിയിരുന്നു. ചുറ്റും ബാരിക്കേഡുകള്‍ സ്ഥാപിച്ച് രാജ്ഭവനിലേയ്ക്കുള്ള വാഹനങ്ങളുടേയും ആളുകളുടേയും നീക്കം കര്‍ശനമായി നിയന്ത്രിച്ചിരുന്നു. ചുറ്റും പട്രോളിംഗിനായി സായുധ പൊലീസിനെ നിയോഗിച്ചിരുന്നു. ബാരിക്കേഡുകളുടെ സമീപത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ സദാ ജാഗ്രത പാലിച്ചു. സായുധ ആക്രമണങ്ങളെ ചെറുക്കുന്നതിന് ഉചിതമായ സ്ഥലങ്ങളില്‍ മണ്‍ചാക്കുകള്‍ അടുക്കി സുരക്ഷാ പ്രതിരോധം സൃഷ്ടിച്ച് അതിനുള്ളില്‍ പരിശീലനം ലഭിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ ആധുനിക വെടിക്കോപ്പുകളുമായി കാവല്‍ നിന്നു. കൂടാതെ രാജ്ഭവന്‍ ജീവനക്കാര്‍ക്കും പ്രത്യേക ഐഡന്റിറ്റി കാര്‍ഡുകള്‍ നല്‍കി അത് കര്‍ശനമായി പരിശോധിച്ചു മാത്രം പ്രവേശനം നിയന്ത്രിച്ചു. രാജ്ഭവനിലേയ്ക്കുള്ള വാഹനങ്ങളുടെ വരവും പോക്കും എല്ലാം നിയന്ത്രിച്ചിരുന്നു. പി. ശിവശങ്കര്‍ ആയിരുന്നു അന്ന് കേരളാ ഗവര്‍ണ്ണര്‍. അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനം ഒഴികെയുള്ള മറ്റെല്ലാ വാഹനങ്ങളും നിയന്ത്രിച്ചു. രാജ്ഭവന്‍ വളപ്പില്‍ തന്നെ മതിയായ സുരക്ഷാ പരിശോധനകള്‍ നടത്തിയ ഏതാനും കാറുകള്‍, മറ്റ് വി.ഐ.പി.കളുടെ ആവശ്യത്തിനായി പ്രത്യേകം സൂക്ഷിച്ചിരുന്നു. തമിഴ്പുലികളുടെ വ്യോമാക്രമണ ശേഷി കണക്കിലെടുത്ത് അതിനെ ചെറുക്കുന്നതിനുള്ള കരുതല്‍ നടപടികള്‍ എയര്‍ഫോഴ്സിന്റെ സഹായത്തോടെ സ്വീകരിച്ചിരുന്നു.
കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ഡയറക്ടര്‍ ഡോക്ടര്‍ പി.കെ. വാര്യരുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസംഘത്തിനായിരുന്നു ചികിത്സയുടെ ചുമതല. അതിനായി ഒരു സംഘം ഡോക്ടര്‍മാരും നഴ്സുമാരും രാജ്ഭവനില്‍ തന്നെ താമസിക്കുകയായിരുന്നു. നേരത്തെയുണ്ടായിട്ടുള്ള പക്ഷാഘാതം, പിന്നീട് സംഭവിച്ച കാല്‍മുട്ടുകളിലെ വാതം എല്ലാം കൂടി ആയപ്പോള്‍ സിരിമാവോയുടെ നടക്കുവാനുള്ള ശേഷിയെ കാര്യമായി ബാധിച്ചിരുന്നു. പിഴിച്ചിലും തടവുമെല്ലാം ചികിത്സയുടെ ഭാഗമായിരുന്നു. അതിനെല്ലാം ആവശ്യമായ സജ്ജീകരണം രാജ്ഭവനില്‍ ചെയ്തിരുന്നു. ചുരുക്കത്തില്‍ രാജ്ഭവന്‍ അതിന്റെ വിശിഷ്ടാതിഥി കഴിഞ്ഞാല്‍ പിന്നെ ഏതാണ്ട് പൂര്‍ണ്ണമായും ആയുര്‍വ്വേദ ചികിത്സകരുടേയും സുരക്ഷാ ഉദ്യോഗസ്ഥരുടേയും കയ്യിലായി.
സാധാരണയായി വി.ഐ.പി സുരക്ഷ എന്നത് വളരെ ചുരുങ്ങിയ സമയത്തേയ്ക്കു മാത്രം ആവശ്യമായി വരുന്ന ഒന്നാണ്. മിക്കപ്പോഴും ഏതാനും മണിക്കൂറുകള്‍, ഏറിയാല്‍ ഒന്നോ രണ്ടോ ദിവസം. ചുരുങ്ങിയ സമയമാകുമ്പോള്‍ സുരക്ഷയുമായി ബന്ധപ്പെട്ട മുഴുവന്‍ ആളുകളുടേയും ജാഗ്രത നിലനിര്‍ത്താന്‍ താരതമ്യേന എളുപ്പമാണ്. എന്നാല്‍ ഇവിടെ അങ്ങനെയല്ല. ധാരാളം സുരക്ഷാ ഏജന്‍സികളേയും അതുമായി ബന്ധപ്പെടുന്ന ഔദ്യോഗികമായും അല്ലാത്തതുമായ സംവിധാനങ്ങളേയുമെല്ലാം തുടര്‍ച്ചയായി ജാഗ്രതയില്‍ വിട്ടുവീഴ്ചയില്ലാതെ നിലനിര്‍ത്തുക ബുദ്ധിമുട്ടാണ്. അതാണ് യഥാര്‍ത്ഥ വെല്ലുവിളി.
വ്യത്യസ്തമായ ഒരു വാനനിരീക്ഷണം
അത്തരമൊരു ജാഗ്രതക്കുറവിന്റെ അരികിലൂടെ ഞാനും കടന്നുപോയി. സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി സ്ഥിരമായി പല തലങ്ങളിലുള്ള നിരീക്ഷണം സ്വാഭാവികമാണല്ലോ. ഇവിടെ അസാധാരണവും അല്പം കൗതുകമുണര്‍ത്തിയതുമായ സംഗതി ഹെലികോപ്റ്ററില്‍നിന്നുള്ള നിരീക്ഷണമായിരുന്നു. ഏതാണ്ട് എല്ലാ ദിവസവും എയര്‍ഫോഴ്സിന്റെ നിയന്ത്രണത്തിലുള്ള ഹെലികോപ്റ്ററില്‍ ഇത് നടത്തിയിരുന്നു. അന്ന് തിരുവനന്തപുരം റൂറല്‍ എസ്.പി. ആയിരുന്ന എന്റെ സുഹൃത്ത് ശങ്കര്‍റെഡ്ഡി ആയിരുന്നു ഇങ്ങനെ മിക്കവാറും ദിവസങ്ങളില്‍ ഗഗന സഞ്ചാരം നടത്തിയത്. അദ്ദേഹത്തിന് എന്തോ അസൗകര്യമുള്ള ചില സന്ദര്‍ഭങ്ങളില്‍ ഹെലികോപ്റ്ററില്‍ വ്യത്യസ്ത സ്വഭാവമുള്ള ഈ 'വാനനിരീക്ഷണം' ഞാനാണ് നടത്തിയത്. ഭൂമിയില്‍നിന്ന് ആകാശത്തേയ്ക്ക് നോക്കുന്നതിനു പകരം ഇവിടെ ആകാശത്തുനിന്ന് ഭൂമിയെ നിരീക്ഷിക്കുകയാണ്. ഏതെങ്കിലും 'പുലി'യോ, പുലികള്‍ക്കു വൈദഗ്ദ്ധ്യമുണ്ടെന്നു കരുതിയിരുന്ന വല്ല അക്രമണ സംവിധാനമോ തെങ്ങിലോ പോസ്റ്റിലോ, നിലത്തോ മറ്റോ ഉണ്ടോ എന്നാണ് നോട്ടം. തെങ്ങിന്‍ തലപ്പുകളുടെ പച്ചപ്പും കടലും തോടും കായലുമല്ലാതെ ഞാനൊരു പുലിയേയും കണ്ടില്ല. വ്യത്യസ്തമായ ഒരു പഴയ വാന നിരീക്ഷണം ഞാനോര്‍ത്തു. ഏതാനും വര്‍ഷം മുന്‍പ് ഐ.പി.എസില്‍ ചേര്‍ന്ന ശേഷം ഹൈദ്രാബാദ് നാഷണല്‍ പൊലീസ് അക്കാഡമിയിലെ പരിശീലനത്തെ തുടര്‍ന്ന് ഡല്‍ഹി, ഇന്‍ഡോര്‍, ശ്രീനഗര്‍ തുടങ്ങി പലേടത്തും പല പരിപാടികളുമായി കറങ്ങി തിരികെ കേരളത്തിലേയ്ക്കു വരുമ്പോള്‍ വിമാനത്തില്‍ എന്റെ ബാച്ചുകാരനായ നിര്‍മ്മല്‍ ചന്ദ്ര അസ്താനയുമുണ്ടായിരുന്നു. ഉന്നത റാങ്കുണ്ടായിട്ടും അപ്രതീക്ഷിതമായി ഉത്തര്‍പ്രദേശിനു പകരം കേരളം കിട്ടിയ അസ്താന ദുഃഖിതനായിരുന്നു. വിമാനം തിരുവനന്തപുരത്തോടടുത്തപ്പോള്‍ അദ്ദേഹം ജനലിലൂടെ വെളിയിലേയ്ക്ക് നോക്കിയിരുന്നു. താഴത്തെ പച്ചപ്പ് നിറഞ്ഞ പ്രകൃതി അസ്താനയെ സന്തോഷിപ്പിക്കും എന്നു ഞാന്‍ കരുതി. പെട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. 'What? Are we going to land in a Coconut Jungle?' (എന്ത്? നമ്മളൊരു തെങ്ങിന്‍ കാട്ടിലാണോ ഇറങ്ങുന്നത്?) 'Coconut Jungle' എന്ന പ്രയോഗം അതിനു മുന്‍പും പിന്‍പും കേട്ടിട്ടില്ല. ദുഃഖിതമായ മനസ്സിന്റെ രോഷമായിരുന്നിരിക്കാം അത്. വര്‍ഷങ്ങള്‍ക്കു ശേഷം സര്‍വ്വീസില്‍നിന്നു വിരമിച്ച് കേരളത്തോട് വിടപറയുമ്പോള്‍ ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളെക്കാള്‍ അദ്ദേഹം കേരളത്തെ ഇഷ്ടപ്പെട്ടിരുന്നു എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. ഹെലികോപ്റ്ററും വാനനിരീക്ഷണവും തമിഴ്പുലിയുമെല്ലാം മാധ്യമങ്ങള്‍ക്കു വലിയ ഹരമായിരുന്നു. അന്ന് വൈകുന്നേരം മലയാള മനോരമ ലേഖകന്‍ ജോണ്‍ മുണ്ടക്കയം എന്നെ വിളിച്ചു. ഹെലികോപ്റ്ററിലെ കറക്കം അദ്ദേഹം അറിഞ്ഞിരുന്നു. അതേപ്പറ്റിയായിരുന്നു ചോദ്യം. എത്ര 'പുലി'യെ കണ്ടെത്തി എന്നറിയണം? പത്രപ്രവര്‍ത്തകരോട് സുഗമമായി സംസാരിക്കുകയും പറയാവുന്നതെല്ലാം പറയുകയും എന്നാല്‍ പറഞ്ഞുകൂടാത്തത് ഒരു കാരണവശാലും പറയാതിരിക്കുകയും ചെയ്യുക എന്നതായിരുന്നു സര്‍വ്വീസില്‍ എക്കാലത്തേയും എന്റെ നയം. ഇത്രയും വലിയ സുരക്ഷയാകുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമല്ലോ. അതുകൊണ്ട്, മറുപടിയായി ഞാന്‍ പ്രകൃതിയേക്കുറിച്ച് വാചാലനായി, 'ശ്യാമസുന്ദര കേരള' ശൈലിയില്‍; പുലിയെ മാത്രം കണ്ടില്ല എന്നു പറഞ്ഞവസാനിപ്പിച്ചു. സന്ധ്യയ്ക്ക് അദ്ദേഹം വീണ്ടും എന്നെ ഫോണ്‍ ചെയ്തു. ''ഞാന്‍ ഒരു കുസൃതി വാര്‍ത്ത കൊടുക്കുന്നുണ്ട്'' എന്നായിരുന്നു തുടക്കം. വാര്‍ത്ത കുസൃതിയാണെന്നു കര്‍ത്താവ് തന്നെ സൂചിപ്പിച്ചപ്പോള്‍ മുന്നില്‍ പുലിയെ കണ്ടപോലെ ഞാന്‍ ഞെട്ടി. എന്താണ് കുസൃതി എന്നു ചോദിച്ചപ്പോള്‍ എന്റെ ലളിതമായ പ്രകൃതിവര്‍ണ്ണന സ്വന്തം വാക്കുകളില്‍ എഴുതിയത് അദ്ദേഹം വായിച്ചു കേള്‍പ്പിച്ചു. മഹാകവി ചങ്ങമ്പുഴ ആവേശിച്ച പോലെ തോന്നും അത് കേട്ടാല്‍. ജോണിന്റെ 'സാഹിത്യസൃഷ്ടി' ഇഷ്ടപ്പെട്ടെങ്കിലും ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ഞെട്ടി. ഇങ്ങനെയൊക്കെ 'പുലിവേട്ട'യെ കാല്പനികമാക്കിയാല്‍ അത് മൊത്തം സുരക്ഷയെ നിസ്സാരവല്‍ക്കരിക്കുന്നതുപോലെയായിപ്പോകും. അതുകൊണ്ട് ദയവായി ആ 'കുസൃതി' ഒഴിവാക്കണം എന്നു ഞാന്‍ അഭ്യര്‍ത്ഥിച്ചു; അല്ല അപേക്ഷിച്ചു. എന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയ സുഹൃത്ത് അത് സമ്മതിച്ചു. ജോണ്‍ മുണ്ടക്കയത്തിന്റെ 'സൃഷ്ടി' വെളിച്ചം കാണാത്തതുകൊണ്ട് കുറെ വിശദീകരണങ്ങളില്‍നിന്നും ഞാന്‍ രക്ഷപ്പെട്ടു.
മുഖ്യധാരാ മാധ്യമങ്ങളും സായാഹ്നപത്രങ്ങളും കണ്ടതും കേട്ടതും കാണാത്തതും കേള്‍ക്കാത്തതും എല്ലാം ചേര്‍ത്ത് വാര്‍ത്തകള്‍ മെനഞ്ഞു മുന്നേറിയപ്പോള്‍ നഗരത്തില്‍ 'പെണ്‍പുലി' വരെ പ്രത്യക്ഷപ്പെട്ടു. അത്തരമൊരു അന്തരീക്ഷത്തില്‍ നമ്മുടെ സാമൂഹ്യ ജാഗ്രതയും ചില സാമൂഹ്യവിരുദ്ധ വ്യഗ്രതകളും കൂടി പൊലീസിന് വലിയ ജോലിയായി. പൊലീസ് കണ്‍ട്രോള്‍ റൂമിലും പല പൊലീസ് ഉദ്യോഗസ്ഥര്‍ക്കും 'വിലപ്പെട്ട വിവരം' നല്‍കുന്ന ഫോണ്‍കോളുകള്‍ ലഭിക്കാന്‍ തുടങ്ങി. പലരും പലയിടത്തും തമിഴ്പുലികളേയും സഹായികളേയും സംശയിക്കുന്നവരേയും കാണാന്‍ തുടങ്ങി. സുരക്ഷയില്‍ ഉല്‍ക്കണ്ഠയുള്ളതിനാല്‍ പൊലീസിന് ഇത്തരം 'സംശയങ്ങള്‍' മതിയായ പരിശോധന നടത്താതെ അവഗണിക്കാനാകില്ലല്ലോ. ടെലിഫോണ്‍ വിളി മുതല്‍ പണമിടപാടുവരെ ഡിജിറ്റല്‍ സാങ്കേതികവിദ്യ നിയന്ത്രിക്കുന്ന ഇക്കാലത്ത്, നേരിട്ട് വ്യക്തികളെ ബന്ധപ്പെടാതെ വിവരശേഖരണത്തിന് പൊലീസിനുള്ള സൗകര്യം അന്നില്ലല്ലോ. അതുകൊണ്ട് ലഭിച്ച വിവരം ഗൗരവമുള്ളതാണോ എന്നു കണ്ടെത്താന്‍ കുറേക്കൂടി നേരിട്ടുള്ള അന്വേഷണം ആവശ്യമായി വരും. അപ്പോള്‍ ഒരു കാര്യം വ്യക്തമായി. 'പുലി'യെന്നും 'പെണ്‍പുലി'യെന്നും കേട്ടാല്‍ പൊലീസ് പുറകെ പൊയ്‌ക്കൊള്ളും എന്ന സാഹചര്യം മുതലെടുക്കാന്‍ ചില 'സദാചാര പൊലീസു'കാരും പല 'രഹസ്യ'വിവരങ്ങളും പൊലീസിനു നല്‍കി, ഞങ്ങളുടെ ജോലിഭാരം വര്‍ദ്ധിപ്പിച്ചു. സുരക്ഷയുമായി ബന്ധമില്ലാത്ത 'രഹസ്യ'ങ്ങളായിരുന്നു പലതും. 'സദാചാര പൊലീസും' സദാ കണ്ണും തുറന്നിരിക്കുകയായിരുന്നു.
വലിയ ഉല്‍ക്കണ്ഠകളും ചെറിയ തമാശകളുമായി ആ ദിവസങ്ങള്‍ കഴിഞ്ഞുപോയി. അവസാനം ശ്രീലങ്കന്‍ പ്രധാനമന്ത്രി സുരക്ഷിതയായി മടങ്ങി.
തലസ്ഥാനത്ത് പിന്നെയും ധാരാളം വി.ഐ.പികള്‍ വരികയും പോകുകയും പൊലീസ് സുരക്ഷ ഒരുക്കുകയും ചെയ്തു. സോണിയാഗാന്ധിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് എന്റെ ശ്രദ്ധയില്‍ വന്ന ഒരു കാര്യം രേഖപ്പെടുത്തേണ്ടതാണ്. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ സാന്നിദ്ധ്യവും വലിയ നിയന്ത്രണങ്ങളും അന്നുണ്ടായിരുന്നു. വി.ഐ.പി എത്തും മുന്‍പേതന്നെ എയര്‍പോര്‍ട്ടിന്റെ സമീപത്ത് യാത്രക്കാരെ സ്വീകരിക്കുന്നതിനും യാത്രയയ്ക്കുന്നതിനും വരുന്ന ആളുകളെ എല്ലാം അവിടെനിന്നും മാറ്റി, പ്രത്യേകം തയ്യാറാക്കിയ ബാരിക്കേഡുകള്‍ക്കുള്ളിലാക്കിയിരുന്നു. ഞാനവിടെ ക്രമീകരണങ്ങള്‍ നോക്കി നടക്കുമ്പോള്‍ അല്പം അകലെ, സാധാരണയായി ആളുകള്‍ കാത്തു നില്‍ക്കുന്ന സ്ഥലത്ത് ഒരു മുതിര്‍ന്ന പൗരന്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഒരു ഹെഡ് കോണ്‍സ്റ്റബിള്‍ അദ്ദേഹത്തോട് എന്തോ സംസാരിക്കുന്നത് കണ്ടു. ചെറിയൊരു പന്തികേട് തോന്നി. സൂക്ഷിച്ചു നോക്കിയപ്പോള്‍ ആ മുതിര്‍ന്ന പൗരന്‍ ആദരണീയ സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോക്ടര്‍ കെ.എന്‍. രാജ് ആണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഉടനെ ആ ഹെഡ് കോണ്‍സ്റ്റബിളിനെ എന്റെ അടുത്തേയ്ക്ക് വിളിപ്പിച്ച് കാര്യം അന്വേഷിച്ചു. ''നിങ്ങള്‍ ആരാണ്'' എന്നു ചോദിച്ചതായി പൊലീസുദ്യോഗസ്ഥന്‍ പറഞ്ഞു. ''ഞാന്‍ ഒരു ഇന്ത്യന്‍ പൗരനാണ്'' എന്നായിരുന്നുവത്രെ അദ്ദേഹത്തിന്റെ മറുപടി. ബാരിക്കേഡിനപ്പുറവും ഇന്ത്യന്‍ പൗരന്മാരുണ്ട് എന്ന് പറയാന്‍ ഒരുങ്ങുമ്പോഴാണത്രെ ഞാനാ പൊലീസുകാരനെ വിളിച്ചത്. അദ്ദേഹം വലിയ ധനശാസ്ത്ര വിദഗ്ദ്ധനാണെന്നും സുരക്ഷാ പ്രശ്‌നമല്ലെന്നും പറഞ്ഞാണ് അത് അവസാനിപ്പിച്ചത്.
പൊലീസുകാരന്‍ പറഞ്ഞത് ശരിയാണ്. ധാരാളം പൗരന്മാര്‍ ഇപ്പോഴും പലവിധ ബാരിക്കേഡുകള്‍ക്ക് അപ്പുറത്താണ്.
(തുടരും)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates