'വിരളുന്നവനെ വിരട്ടുകയും വിരട്ടുന്നവന്റെ മുന്നില്‍ വിരളുകയും ചെയ്യുന്നതാണ് നമ്മുടെ ഭരണ സംവിധാനം'

വിജിലന്‍സ് മേധാവിയുടേതിനോട് ചേര്‍ന്ന് ചെറിയ ഒരിടം ആയിരുന്നു എന്റെ 'സാമ്രാജ്യം.' ഭൗതികമായി ഓഫീസ് നന്നെ ചെറുതായിരുന്നുവെങ്കിലും ഒരര്‍ത്ഥത്തില്‍ എന്റെ അധികാരപരിധി വളര്‍ന്നു
രേണുകാമിശ്ര ഐ.പി.എസ്
രേണുകാമിശ്ര ഐ.പി.എസ്

വസാനം മാറ്റം ശരിക്കും സംഭവിച്ചു; ആലപ്പുഴ ജില്ലാ എസ്.പിയില്‍നിന്ന് വിജിലന്‍സ് ആസ്ഥാനത്ത് ഇന്റലിജന്‍സ് എസ്.പിയായി. ആലപ്പുഴയില്‍നിന്ന് മാറുമ്പോള്‍ ചെറുതെങ്കിലും, എന്തോ ചില നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു എന്ന തോന്നല്‍ മനസ്സിലുണ്ടായി. വെറും വ്യക്തിനിഷ്ഠമായ തോന്നല്‍ മാത്രം. ആ തോന്നലിനു വലിയ പ്രാധാന്യം ഇല്ലെങ്കിലും, അത്തരമൊരു ഭാഗ്യം പില്‍ക്കാലത്തും എന്നെ പിന്തുടര്‍ന്നിട്ടുണ്ട്. പുതിയ ചുമതല ഏല്‍ക്കുമ്പോള്‍ ചിന്തകള്‍ പലതും വരും. അതിലേറ്റവും ശക്തം, പുതിയ സ്ഥാനത്ത് മഹത്തായ കാര്യങ്ങളൊന്നും ചെയ്തില്ലെങ്കിലും ഇപ്പോഴത്തെ അവസ്ഥയെക്കാള്‍ താഴോട്ടു പോയി എന്നൊരു തോന്നല്‍ ഉണ്ടാകരുത് എന്നാണ്. വിജിലന്‍സില്‍ ചാര്‍ജെടുക്കുമ്പോഴും അതുതന്നെയായിരുന്നു വിചാരം. 

ആദ്യത്തെ മാറ്റം, മൂന്ന് വര്‍ഷക്കാലം ഏതാണ്ട് എല്ലാ ദിവസവും ധരിച്ചിരുന്ന യൂണിഫോമിനു പകരം പുതിയ ജോലിയില്‍ സാധാരണ വേഷമായി എന്നതാണ്. ഈ വേഷപ്പകര്‍ച്ച എന്നെ സ്പര്‍ശിച്ചില്ല. തൊഴില്‍പരമായ ആവശ്യമനുസരിച്ച് കാക്കിയെങ്കില്‍ കാക്കി എന്നതിനപ്പുറമുള്ള അഭിനിവേശം കാക്കിയോട് തോന്നിയിരുന്നില്ല. തികച്ചും പ്രായോഗികമായി നോക്കുമ്പോള്‍ പുതിയ വേഷത്തില്‍ ചില സൗകര്യങ്ങളുമുണ്ട്. യൂണിഫോമില്‍ ധാരാളം അണിയിക്കലുകളൊക്കെയുണ്ടല്ലോ. താഴെ ഷൂസിന്റെ ചരടു മുതല്‍ തലയില്‍ തൊപ്പിയുടെ മുദ്രവരെ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ തോളിലെ നക്ഷത്രത്തിന്റെ തല തിരിഞ്ഞുപോകും. നമ്മളതു ശ്രദ്ധിച്ചില്ലെങ്കിലും ചില മേലുദ്യോഗസ്ഥരുടെ 'സൂക്ഷ്മദൃഷ്ടി' അതില്‍ത്തന്നെ പതിയും. 

ഇക്കാര്യത്തില്‍ എനിക്കേറ്റവും വലിയ അമളി പിണഞ്ഞത് ഹൈദ്രബാദില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാഡമിയില്‍ ഡെപ്യൂട്ടേഷനിലായിരുന്ന കാലത്താണ്. പ്രൊബേഷണര്‍മാര്‍ താമസിക്കുന്ന ഐ.പി.എസ് മെസ്സിലെ പ്രൗഢഗംഭീരമായ ഹാളിനു പവിത്രമായ ഒരു സ്ഥാനമുണ്ട്. രാഷ്ട്രത്തലവന്‍മാരുള്‍പ്പെടെയുള്ളവര്‍ മുഖ്യാതിഥിയായി പങ്കെടുത്തിട്ടുള്ള എത്രയോ വര്‍ണ്ണാഭമായ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ച സ്ഥലമാണത്. അവിടെ പുതിയ ഐ.പി.എസ് ബാച്ചിന്റെ പരിശീലനം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ചുള്ള തികച്ചും ഔപചാരികമായ ഡിന്നറിന് ഞാനെത്തിയത് ആചാരമനുസരിച്ചുള്ള വേഷഭൂഷകളണിഞ്ഞാണ്. കേരളത്തില്‍ വലിയ ആവശ്യമില്ലാത്തതും അക്കാഡമിയില്‍ തന്നെ അപൂര്‍വ്വവുമാണ് ആ വേഷം. ഞാന്‍ എത്തേണ്ട കൃത്യസമയത്തിനും ഒരു മിനിറ്റ് മുന്നേ എത്തി. മുഖ്യാതിഥി എത്താന്‍ പിന്നെ രണ്ടു മിനിറ്റേ ഉള്ളു. ഇത്തരം ചടങ്ങുകളുടെ രീതി അങ്ങനെയാണല്ലോ. എന്നെ ഐ.പി.എസ് മെസ്സിന് മുന്നില്‍ സ്വീകരിച്ച് ഹാളിലേക്ക് ആനയിച്ചു. ഞാനങ്ങനെ 'സ്‌റ്റൈലില്‍' പതിയെ നടന്ന് മുഖ്യാതിഥിയുടെ ഇരിപ്പിടത്തിനരികിലുള്ള സോഫയില്‍ ഇരുന്നു. ഞാനും അവിടുത്തെ ഒരു 'പ്രധാനി'യാണല്ലോ. ഇരിപ്പുറയ്ക്കും മുന്‍പേ, പിന്നില്‍നിന്ന് ചെവിക്കരികിലായി ''സാര്‍, ലെനിയാര്‍ഡ്'', എന്നൊരു ശബ്ദം. ഉത്തര്‍പ്രദേശുകാരിയായ രേണുകാമിശ്ര ഐ.പി.എസ് ആയിരുന്നു അത്. സംഗതി എനിക്ക് തല്‍ക്ഷണം പിടികിട്ടി; അലങ്കാരങ്ങളിലൊന്ന് എന്റെ വേഷത്തിലില്ല. 'റാംജിറാവു സ്പീക്കിംഗ്' എന്ന സിനിമയില്‍, ഇന്നസെന്റിനോട് മുകേഷ് 'മുണ്ട്', 'മുണ്ട്' എന്നു പറയുന്നതിനു സമാനമായ അവസ്ഥ. 'ഇന്നസെന്റാ'യ ഞാന്‍ തല്‍ക്ഷണം ചാടി എഴുന്നേറ്റ് അതിവേഗം പുറത്തേയ്ക്കു പോയി. ഇങ്ങോട്ടുള്ള 'സ്‌റ്റൈലന്‍' വരവിന് നേര്‍വിപരീതമായിരുന്നു ഈ പലായനം. അതിനിടയില്‍ മൊബൈലില്‍ ക്വാര്‍ട്ടേഴ്സില്‍ ഭാര്യയെ ഫോണ്‍ ചെയ്തു. വേഷഭൂഷാദികള്‍ എന്റെ ദേഹത്ത് അണിയിക്കുന്നതില്‍ സജീവ പങ്കാളിയായിരുന്ന അവര്‍ 'ലേനിയാര്‍ഡ്' പ്രശ്‌നം തിരിച്ചറിഞ്ഞിരുന്നു. ഉടന്‍ അതുമായി സ്വയം കാറോടിച്ച് മെസ്സിലേയ്ക്കുള്ള വഴിയില്‍ സര്‍ദാര്‍ പട്ടേല്‍ പ്രതിമയുടെ താഴെ റോഡില്‍ എത്തി. അവിടെ വച്ച് അവസാനത്തെ ആടയാഭരണം കൂടി ഫിറ്റ് ചെയ്തു തന്നു. ഉരുക്ക് മനുഷ്യനെന്ന് പറഞ്ഞിട്ടെന്ത് കാര്യം? 'പാവം പട്ടേല്‍' എന്തെല്ലാം കാണണം. ഞാന്‍ ഐ.പി.എസ് മെസ്സില്‍ പഴയ സ്ഥലത്തെത്തുമ്പോള്‍ മുഖ്യാതിഥി എത്താന്‍ പിന്നെയും നിമിഷങ്ങള്‍ ബാക്കി. ചിരിക്കാനുള്ള ഒരവസരവും പാഴാക്കാത്ത രേണുകാമിശ്രയുടെ മുഖത്ത് മന്ദഹാസം. എങ്കിലും ഞാന്‍ രക്ഷപ്പെട്ടു. 

മാറുന്ന വിജിലന്‍സ് അജന്‍ഡകള്‍

വിജിലന്‍സിലാകുമ്പോള്‍ ഇത്തരം പുകിലുകളില്ല. തലസ്ഥാന നഗരിയില്‍ പട്ടത്തിനടുത്ത് പ്ലാമൂട് ഒരു വാടകക്കെട്ടിടത്തിലായിരുന്നു വിജിലന്‍സ് ഡയറക്ടറുടെ ഓഫീസ്. ഏതാണ്ടൊരു ഭൂതബംഗ്ലാവിനെ അനുസ്മരിപ്പിക്കുന്ന പഴയ കെട്ടിടം. വകുപ്പ് മേധാവിയായ വിജിലന്‍സ് ഡയറക്ടര്‍ മുതല്‍ താഴോട്ട് എല്ലാപേരുടേയും ഓഫീസ് അവിടെത്തന്നെ. എന്‍. കൃഷ്ണന്‍നായര്‍ ഐ.പി.എസ് ആയിരുന്നു അക്കാലത്ത് വിജിലന്‍സ് ഡയറക്ടര്‍. ആര്‍ഭാടങ്ങളൊന്നുമില്ലാത്ത ഒരു കൊച്ചുമുറി ആയിരുന്നു അദ്ദേഹത്തിന്റെ ഓഫീസ്. രാഷ്ട്രീയാധികാരത്തിന്റെ ഔന്നത്യത്തിലുള്ള മന്ത്രിമാര്‍, ഉദ്യോഗസ്ഥ നേതൃത്വത്തിലുള്ള ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരില്‍ പലരും അല്പം ഭയത്തോടെ വീക്ഷിക്കുന്ന അഴിമതി നിരോധന നിയമം എന്ന വജ്രായുധം കൈവശം വെയ്ക്കുന്ന ആളിന്റെ ജോലിയുടെ ഇടമാണിതെന്ന് ഒറ്റനോട്ടത്തില്‍ തോന്നില്ല. തോന്നയ്ക്കലില്‍ ആശാന്‍ സ്മാരകം സന്ദര്‍ശിച്ച ഓര്‍മ്മവരുന്നു. അവിടെ മഹാകവി താമസിച്ചിരുന്ന വീട് കണ്ടപ്പോള്‍, ഈ കൊച്ചു കുടിലിലിരുന്നു് തൂലിക ചലിപ്പിച്ച മനുഷ്യന്റെ മനസ്സ് പ്രപഞ്ചത്തിന്റെ അതിരുകളോളം സഞ്ചരിച്ചുവല്ലോ എന്ന് വിസ്മയത്തോടെ ചിന്തിച്ചു പോയി.
 
വിജിലന്‍സ് മേധാവിയുടേതിനോട് ചേര്‍ന്ന് ചെറിയ ഒരിടം ആയിരുന്നു എന്റെ 'സാമ്രാജ്യം.' ഭൗതികമായി ഓഫീസ് നന്നെ ചെറുതായിരുന്നുവെങ്കിലും ഒരര്‍ത്ഥത്തില്‍ എന്റെ അധികാരപരിധി വളര്‍ന്നു. സംസ്ഥാനത്തുടനീളമുള്ള അഴിമതി ആരോപണങ്ങള്‍ സംബന്ധിച്ച പരാതികള്‍ അവിടെ വരുന്നുണ്ടായിരുന്നു. അവയെല്ലാം പരിശോധിച്ച് അതിന്മേല്‍ തുടര്‍ നടപടി ആവശ്യമാണോ എന്ന പ്രാഥമിക വിലയിരുത്തല്‍ നടത്തേണ്ടത് ഇന്റലിജെന്‍സ് എസ്.പിയാണ്. അത് രസകരമായി തോന്നി. വിജിലന്‍സിന്റെ പ്രവര്‍ത്തനത്തെ പൊതുവെ നയിച്ചിരുന്നത് സംസ്ഥാന ഗവണ്‍മെന്റിന്റെ ഭരണപരമായ ചില പൊതു നിര്‍ദ്ദേശങ്ങളും വകുപ്പുതല സര്‍ക്കുലറുകളുമായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വഴിവിട്ട പ്രവര്‍ത്തനങ്ങളോ അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരാനിടയുള്ള കാര്യങ്ങളോ ഒക്കെയാണ് വിജിലന്‍സ് വകുപ്പിനു പ്രസക്തം. പക്ഷേ, പരാതിക്കാര്‍ സൂര്യനു താഴെയുള്ള എല്ലാ വിഷയങ്ങളും സ്പര്‍ശിച്ചിരുന്നു. പല പരാതികളും പേരുവയ്ക്കാത്തതോ വ്യാജ പേരിലുള്ളതോ ആയിരിക്കും. അത്തരം പരാതികള്‍ പൊതുവേ അവഗണിക്കേണ്ടതാണ് എന്നാണ് നയം. എന്നാല്‍, അവയില്‍ കൃത്യതയുള്ള ആരോപണങ്ങളാണെങ്കില്‍, അവ വസ്തുതകള്‍ പരിശോധിച്ച് കണ്ടെത്താന്‍ കഴിയുന്നതാണെങ്കില്‍ അന്വേഷണത്തിന് അതും പരിഗണിക്കാമെന്നുണ്ട്. അങ്ങനെയാകുമ്പോള്‍ ഫലത്തില്‍ പല അന്വേഷണങ്ങളുടേയും അടിസ്ഥാനം ഊമക്കത്തുകളും വ്യാജ പേരിലുള്ള പരാതികളുമായി മാറും എന്നൊരവസ്ഥയാണ് നിലനിന്നിരുന്നത്. ഓരോ ജില്ലയിലേയും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എന്ത് അഴിമതി അന്വേഷിക്കണം എന്ന് തീരുമാനിക്കുന്നത് വിജിലന്‍സ് വകുപ്പ് മേധാവിയോ സര്‍ക്കാരോ അല്ല; മറിച്ച് അവിടുത്തെ ഊമപരാതി എഴുത്തുകാരനാണ് എന്ന് ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കമന്റ് ചെയ്തത് ഓര്‍ക്കുന്നു. അതേതാണ്ട് ശരിയായിരുന്നു താനും. പല പരാതികളും ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തി വിദ്വേഷത്തില്‍നിന്നും ഉടലെടുത്തതാണെന്നും അല്ലാതെ അഴിമതിയോടുള്ള എതിര്‍പ്പില്‍നിന്ന് ഉത്ഭവിക്കുന്നതല്ലെന്നും മനസ്സിലാക്കാന്‍ എളുപ്പമായിരുന്നു. എന്നാല്‍ എല്ലാ പരാതികളും അങ്ങനെ ആയിരുന്നില്ല. ചില പരാതികള്‍ പരിശോധിക്കുമ്പോള്‍ അവയ്ക്ക് ഏതാണ്ടൊരു വിസില്‍ബ്ലോവര്‍ സ്വഭാവം ഉണ്ടായിരുന്നു. വിസില്‍ബ്ലോവര്‍ എന്നാല്‍ ഒരു സ്ഥാപനത്തിനുള്ളില്‍ നടക്കുന്ന നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പുറത്ത് വിവരം നല്‍കുന്ന ഉള്ളിലുള്ള ആള്‍. അഴിമതിക്ക് കൂട്ടുനില്‍ക്കാത്ത, അഴിമതിയോട് എതിര്‍പ്പുള്ള ഉദ്യോഗസ്ഥരും നമ്മുടെ ഭരണ സംവിധാനത്തിനുള്ളിലുണ്ട്. അത്തരം ഉദ്യോഗസ്ഥര്‍ക്ക് തങ്ങളുടെ നേരിട്ടുള്ള ശ്രദ്ധയില്‍ വരുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും അഴിമതിയും ഉത്തരവാദപ്പെട്ട ഒരു ഫോറത്തില്‍ രേഖാമൂലം അറിയിച്ചാല്‍ അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തി അതിന്മേല്‍ നടപടി സ്വീകരിക്കുന്നതിനുള്ള കാര്യക്ഷമമായ ഒരു സംവിധാനം അന്ന് നിലവിലില്ല. ഇന്നും ആ അവസ്ഥയ്ക്കു മാറ്റമില്ല.
 
ഇങ്ങനെ വരുന്ന പരാതികള്‍ പരിശോധിച്ച് വിലയിരുത്തി, വിജിലന്‍സ് അന്വേഷണം ആവശ്യമാണെങ്കില്‍ സെക്രട്ടേറിയേറ്റിലേയ്ക്കയച്ച് സര്‍ക്കാര്‍ ഉത്തരവ് വാങ്ങുക എന്നതായിരുന്നു നിലവിലിരുന്ന രീതി. ഒറ്റനോട്ടത്തില്‍ അതില്‍ അപാകതയൊന്നുമില്ലല്ലോ എന്നു തോന്നും. പക്ഷേ, പ്രവൃത്തിപഥത്തില്‍ വരുമ്പോള്‍ അതത്ര ലളിതമല്ല. അഴിമതി ആരോപണത്തിന്മേലുള്ള അന്വേഷണത്തില്‍ ശക്തമായ രാഷ്ട്രീയ സ്വാധീനം പ്രകടമായിരുന്നു. അതൊരു പുതിയ അവസ്ഥ ആയിരുന്നില്ല. കാലാകാലങ്ങളായി, വിജിലന്‍സ് അന്വേഷണങ്ങള്‍ക്ക് ഒരുതരം 'പഞ്ചവത്സര പദ്ധതി'യുടെ സ്വഭാവം കൈവന്നിരുന്നു. ഓരോ അഞ്ച് വര്‍ഷ കാലയളവിലും പ്രാമുഖ്യം കിട്ടുന്ന വിജിലന്‍സ് അന്വേഷണങ്ങളും കേസുകളും മാറിവരും. അഞ്ചു വര്‍ഷം കൂടുമ്പോള്‍ സംഭവിച്ചിരുന്ന രാഷ്ട്രീയ അധികാരമാറ്റമനുസരിച്ച് വിജിലന്‍സിന്റെ അജണ്ടയും മാറുന്നതായി കാണാം. ഈ അവസ്ഥ മനസ്സിലാക്കിയ ചില മിടുക്കന്‍മാര്‍ കേസ് അന്വേഷണവും പഞ്ചവത്സര പദ്ധതിപോലെ മന്ദഗതിയിലേ മുന്നോട്ടു കൊണ്ടുപോകുകയുള്ളു. അഞ്ചു വര്‍ഷം കഴിയുമ്പോള്‍ ഗതിമാറ്റം സംഭവിക്കുമെന്ന് ആ ക്രാന്തദര്‍ശികള്‍ക്കറിയാം. അന്വേഷണങ്ങള്‍ക്കെല്ലാം ഉത്തരവിടുന്നത് സര്‍ക്കാരാണല്ലോ. ഏതാണ്ടെല്ലാ അന്വേഷണ ഉത്തരവുകളും ലക്ഷ്യമിടുന്നത് മുന്‍ ഗവണ്‍മെന്റിന്റെ കാലത്തെ അഴിമതികളാണ്. അഴിമതിയുടെ കാര്യത്തില്‍ മുന്‍ ഗവണ്‍മെന്റുകള്‍ മഹാമോശമാണെന്നും ഇപ്പോഴത്തെ ഗവണ്‍മെന്റ് പാല്‍ പോലെ പരിശുദ്ധമാണെന്നും അധികാര കസേരയിലിരിക്കുന്നവര്‍ക്ക് എപ്പോഴും ഉറപ്പാണ്. പുതിയൊരു ഡി.ജി.പി പൊലീസ് ആസ്ഥാനത്ത് ചുമതല ഏറ്റപ്പോള്‍ ഞാനുള്‍പ്പെടെയുള്ള എസ്.പിമാരും ഇവിടെയുണ്ടായിരുന്നു. 'സ്ഥാനാരോഹണം' കഴിഞ്ഞ് ഞങ്ങളെല്ലാം എ.ഐ.ജി ആയിരുന്ന അരുണ്‍കുമാര്‍ സിന്‍ഹ സീനിയറിന്റെ മുറിയില്‍ ഒത്തുചേര്‍ന്നപ്പോള്‍ ഞങ്ങളുടെ സുഹൃത്തായ ഒരു എസ്.പി പുതിയ ഡി.ജി.പിയുടെ അപദാനങ്ങളെക്കുറിച്ച് വാചാലനായി. ആ അവസരത്തില്‍ ഒരു 'പൊതുതത്ത്വം' പോലെ ഞാന്‍ പറഞ്ഞു: 'The incoming DGP is always good and the outgoing DGP is always bad' (വരുന്ന ഡി.ജി.പി എല്ലായ്‌പ്പോഴും നല്ലവനും പോകുന്നയാള്‍ എല്ലായ്‌പ്പോഴും മോശവുമാണ്). ഇത്തരമൊരു സ്വയം ബോദ്ധ്യം എല്ലാ സര്‍ക്കാരുകള്‍ക്കും അഴിമതിയുടെ കാര്യത്തിലുണ്ടെന്ന് ഉറപ്പാണ്. മഹാത്മാഗാന്ധിയുടെ പിന്‍മുറക്കാര്‍ക്കും വിപ്ലവത്തിന്റെ പൈതൃകം പേറുന്നവര്‍ക്കും അതിനുള്ള താത്ത്വിക ന്യായീകരണം എളുപ്പമാണല്ലോ. 

ഇങ്ങനെയൊക്കെയുള്ള പശ്ചാത്തലത്തിലായിരുന്നു അഴിമതിവിരുദ്ധ 'പോരാളി'യായി എന്റെ രംഗപ്രവേശം. വിജിലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒരു കാര്യം തുടക്കത്തില്‍ തന്നെ വളരെ ഇഷ്ടപ്പെട്ടു. അവിടെ ലഭിച്ചിരുന്ന പരാതികളിന്മേല്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് അഭിപ്രായം രേഖപ്പെടുത്തി തുടര്‍നടപടി ശുപാര്‍ശ ചെയ്യുകയായിരുന്നല്ലോ എന്റെ ചുമതല. അതിന്മേല്‍ തീരുമാനമെടുക്കേണ്ടത് ഡയറക്ടര്‍ ആണ്. ഏതാണ്ട് എല്ലാ സന്ദര്‍ഭങ്ങളിലും അദ്ദേഹം എന്റെ ശുപാര്‍ശ അംഗീകരിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. രാഷ്ട്രീയ പരിഗണനയുടെ ദൃഷ്ടിയില്‍ നോക്കിയാല്‍ അന്വേഷണാനുമതി ലഭിക്കാനിടയില്ലെന്നു തോന്നിയ ചില പരാതികളും ഉണ്ടായിരുന്നു. അത് കൈകാര്യം ചെയ്യുന്നതില്‍ ചെറിയൊരു 'പൊടിക്കൈ' ഞാന്‍ പ്രയോഗിച്ചിരുന്നു. അന്വേഷണാനുമതി തേടുമ്പോള്‍ അന്വേഷണ വിഷയത്തിന്റെ രാഷ്ട്രീയബന്ധം കഴിയുന്നത്ര പ്രകടമാക്കാതെ അവതരിപ്പിച്ച് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുക എന്ന രീതി അവലംബിച്ചു. ധാരാളം നിര്‍മ്മാണങ്ങള്‍ നടത്തിയിരുന്ന ഒരു സ്ഥാപനത്തിന്റെ മേധാവിക്കെതിരെ അഴിമതി ആരോപണങ്ങള്‍ അടങ്ങിയ ഒരു പരാതിയുണ്ടായിരുന്നു. ആ മേധാവിയാകട്ടെ, രാഷ്ട്രീയമായി വലിയ രക്ഷാകര്‍ത്തൃത്വം ഉള്ള വ്യക്തിയായിരുന്നു. ആ ഉദ്യോഗസ്ഥനെതിരായ അഴിമതി ആരോപണങ്ങള്‍ എന്ന നിലയില്‍ അന്വേഷണാനുമതി തേടിയാല്‍ അത് കിട്ടിയേക്കില്ല എന്നു തോന്നി. പകരം നിര്‍മ്മാണത്തിലെ സാങ്കേതികത്വത്തിലും ചില ക്രമക്കേടുകളിലും ഊന്നിയാണ് അനുമതി തേടിയത്. അതുകൊണ്ടാണോ എന്നറിയില്ല, എന്തായാലും അന്വേഷണാനുമതി ലഭിച്ചു. അന്നവിടെ ഡി.ഐ.ജി ആയിരുന്ന, എന്റെ കുന്നംകുളം ദിനങ്ങളില്‍ തൃശൂരില്‍ എസ്.പി എന്ന നിലയില്‍ എനിക്ക് നല്ല ബന്ധമുണ്ടായിരുന്ന രമേഷ്ചന്ദ്രഭാനുസാറും എന്നെ എല്ലായ്‌പ്പോഴും പ്രോത്സാഹിപ്പിച്ചു.

ഇന്റലിജെന്‍സ് എസ്.പി എന്നായിരുന്നു ഞാന്‍ വഹിച്ച ഉദ്യോഗത്തിന്റെ പേരെങ്കിലും എന്റെ ഒരു പ്രധാന ഉത്തരവാദിത്വം ഭരണപരമായിരുന്നു. വിജിലന്‍സ് ആസ്ഥാന ഓഫീസിന്റെ ഭരണപരമായ ചുമതലയും എന്റേതായിരുന്നു. ഈ ചുമതലയില്‍ ശ്രദ്ധപതിപ്പിച്ചപ്പോള്‍ എതിര്‍പ്പുകളുണ്ടാകാന്‍ തുടങ്ങി. ഏതൊരു ഓഫീസിലേയും ജീവനക്കാര്‍ കൃത്യസമയത്ത് ഓഫീസില്‍ വരാനും ജോലി ചെയ്യാനും ബാദ്ധ്യസ്ഥരാണല്ലോ. അതുപാലിച്ച് നന്നായി ജോലി ചെയ്യുന്ന ധാരാളം പേരുണ്ടായിരുന്നു. എന്നാല്‍, ഇതൊന്നും ഞങ്ങള്‍ക്ക് ബാധകമല്ല എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്നവരും ഉണ്ടായിരുന്നു. ദീര്‍ഘകാലമായി നിലനിന്നിരുന്ന ഒരു ശീലമായിരുന്നു അത്. ഓഫീസ് പ്രവര്‍ത്തനം സംബന്ധിച്ച ചട്ടങ്ങളനുസരിച്ച് അത് തെറ്റായിരുന്നുവെങ്കിലും നിയമവും ചട്ടവും പറഞ്ഞ് ആരും 'പുലിവാല്' പിടിക്കാന്‍ പോകാറില്ലായിരുന്നു. 

മറ്റു സര്‍ക്കാര്‍ ജീവനക്കാരുടെ സ്വഭാവദൂഷ്യങ്ങള്‍ അന്വേഷിച്ചു കണ്ടെത്തി നടപടി എടുക്കാന്‍ ചുമതലപ്പെട്ട വിജിലന്‍സ് വകുപ്പ് ചട്ടങ്ങള്‍ ലംഘിക്കുന്നത് ശരിയല്ല എന്ന് അല്പം ഉദ്‌ബോധനമൊക്കെ ആദ്യം നടത്തി. അതു ഫലിക്കാതെ വന്നപ്പോള്‍ ചട്ടങ്ങള്‍ അനുസരിച്ച് നടപടി സ്വീകരിക്കേണ്ട സാഹചര്യം വന്നു. ഇക്കാര്യം ഡയറക്ടറുടെ ശ്രദ്ധയില്‍ കൊണ്ടുവന്നപ്പോള്‍ അദ്ദേഹവും എന്നെ പിന്തുണച്ചു. അങ്ങനെ സ്ഥിരം ചട്ടലംഘകര്‍ക്കെതിരെ ഭരണപരമായ നടപടികള്‍ സ്വീകരിക്കാന്‍ ഓഫീസിലെ മാനേജരോട് ഞാന്‍ നിര്‍ദ്ദേശിച്ചു. ആബ്‌സെന്റ് മാര്‍ക്ക് ചെയ്യുക, അരദിവസം അവധിയായി പരിഗണിക്കുക തുടങ്ങിയ വ്യവസ്ഥാപിതമായ ലഘുനടപടികള്‍ മാത്രമായിരുന്നു സ്വീകരിച്ചത്. ചില സംഘടനാ പ്രതിനിധികള്‍ ഇക്കാര്യം എന്നോട് ഉന്നയിച്ചു. ഒരു കാര്യം എല്ലാപേരോടും ക്ഷമയോടെ വിശദീകരിച്ചു: ''എനിക്ക് ഇഷ്ടം പോലെ എന്തും ചെയ്യാന്‍ അധികാരമില്ല. കാരണം ഇത് ഹേമചന്ദ്രന്‍ നടത്തുന്ന സ്വകാര്യ കമ്പനിയല്ല. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ടേ മുന്നോട്ടു പോകാനാകൂ.'' ഇങ്ങനെ രണ്ടു മൂന്ന് ദിവസം മുന്നോട്ടു പോയപ്പോള്‍ ആരൊക്കെയോ ഡയറക്ടറെ കണ്ടു. എന്റെ നിര്‍ദ്ദേശം പാലിക്കേണ്ടെന്നും പഴയ രീതി തുടര്‍ന്നാല്‍ മതിയെന്നും അദ്ദേഹം തീരുമാനിച്ചു. എന്നോട് ഇക്കാര്യം സംസാരിക്കുക പോലും ചെയ്തിരുന്നില്ല. അധികാരശ്രേണിയില്‍ മുകളിലുള്ള ഉദ്യോഗസ്ഥന്റെ തീരുമാനം എന്ന നിലയില്‍ ആ വിഷയം അവസാനിപ്പിക്കാം എന്ന് ആദ്യം കരുതിയെങ്കിലും, ഒരസ്വസ്ഥത തോന്നി. അസ്വസ്ഥമായ മനസ്സ് പ്രതികരിച്ചത് മറ്റൊരു നടപടിയിലൂടെയാണ്. ആ ഓഫീസിലെ വാഹന ഉപയോഗത്തിന്റെ നിയന്ത്രണം എസ്.പി എന്ന നിലയില്‍ എന്റെ ചുമതലയായിരുന്നു. അടുത്ത ദിവസം ഡയറക്ടറുടെ സ്റ്റാഫ് ഉള്‍പ്പെടെ ഉപയോഗിച്ചിരുന്ന ചില വാഹനസൗകര്യം ഞാന്‍ പിന്‍വലിച്ചു. അങ്ങനെ ആസ്ഥാനത്ത് അതൊരു പ്രശ്‌നമായപ്പോള്‍ ഡയറക്ടര്‍ എന്നെ വിളിച്ചു സംസാരിച്ചു. അദ്ദേഹത്തിന് പൊട്ടിത്തെറിക്കാന്‍ കാരണമുണ്ടായിരുന്നെങ്കിലും അങ്ങനെ സംഭവിച്ചില്ല. സൗമ്യതയുടെ ഭാഷയില്‍ വളരെ വൈകാരികമായാണ് അദ്ദേഹം സംസാരിച്ചത്. അല്പം പോലും എന്നെ കുറ്റപ്പെടുത്തിയില്ല. ശരിക്കും കഠിനമായ ഭാഷ ഉപയോഗിച്ചത് ഞാനാണ്. ആദ്യത്തെ എന്റെ നടപടി അദ്ദേഹം പിന്‍വലിച്ചതിനെ പരാമര്‍ശിച്ച് ''അങ്ങയുടെ നീതിബോധത്തില്‍ എനിക്ക് സംശയം ജനിച്ചു'' എന്നൊരു പ്രയോഗം നടത്തി. എന്നിട്ടും അദ്ദേഹം പ്രകോപിച്ചില്ല. അത്ര ഗൗരവമായി അക്കാര്യം അദ്ദേഹം കണ്ടില്ല എന്നാണ് എനിക്ക് പിന്നീട് തോന്നിയത്. ഏതായാലും അദ്ദേഹത്തിന്റെ വൈകാരികമായ സമീപനം എന്നില്‍ അല്പം കുറ്റബോധം സൃഷ്ടിച്ചു. എന്റെ പ്രതികരണം അപക്വമായിപ്പോയി എന്ന് പിന്നീട് എനിക്കു തോന്നി. അപക്വം മാത്രമല്ല, അത് തെറ്റുതന്നെയായിരുന്നുവെന്ന് കുറേ കഴിഞ്ഞപ്പോള്‍ ബോദ്ധ്യം വന്നു. ഏതായാലും ഡയറക്ടര്‍ സ്വീകരിച്ച സമീപനം മൂലം ആ പ്രശ്‌നം പരിഹരിക്കപ്പെട്ടുവെന്ന് മാത്രമല്ല, ഞങ്ങള്‍ തമ്മിലുള്ള ബന്ധം അങ്ങേയറ്റം സുദൃഢവും ഊഷ്മളവുമായി മാറി. അതിന്റെ ക്രെഡിറ്റ് മുഖ്യമായും അദ്ദേഹത്തിനു മാത്രമാണ്. പൊലീസിന്റേതുപോലെ അധികാരശ്രേണി ശക്തമായുള്ള സംവിധാനത്തില്‍ ഇത് ഒരപൂര്‍വ്വ സംഭവമാണ്.

കുറ്റകൃത്യങ്ങളും സവിശേഷ സാഹചര്യങ്ങളും

അതിനുശേഷം ഭരണപരമായി എത്ര ശക്തമായ നടപടി സ്വീകരിക്കുന്നതിനും അദ്ദേഹത്തില്‍നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്. നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും എല്ലാ വ്യവസ്ഥകള്‍ക്കും അതീതരായി ചില ഉദ്യോഗസ്ഥര്‍ പെരുമാറുകയും അത് അവഗണിക്കപ്പെടുകയും ചെയ്യുമ്പോഴാണ് ഏത് സംവിധാനത്തിലും അച്ചടക്കരാഹിത്യം വളരുന്നത്. അങ്ങനെ 'മിടുക്കനായി' നടന്ന ഒരു ക്ലാര്‍ക്കിന്റെ കാര്യം ശ്രദ്ധയില്‍പ്പെട്ടു. ആരെയും കൂസാതെ, മറ്റ് സഹപ്രവര്‍ത്തകരൊക്കെ പാവങ്ങള്‍ എന്ന നിലയില്‍ വിരാജിക്കുകയായിരുന്നു. കൂടുതല്‍ മനസ്സിലാക്കിയപ്പോള്‍ അയാള്‍ക്കൊരു ചരിത്രമുണ്ടായിരുന്നു. അയാള്‍ ഒരു ജില്ലാ ഓഫീസില്‍ ജോലി ചെയ്യവെ അവിടുത്തെ ജീപ്പ് മോഷണം നടത്തി. അത് ക്രിമിനല്‍ കേസായി എന്നു മാത്രമല്ല, കോടതി അയാളെ ശിക്ഷിക്കുകയും ചെയ്തുവത്രേ. അങ്ങനെയുള്ള ഉദ്യോഗസ്ഥന്‍ എങ്ങനെ വിജിലന്‍സ് ആസ്ഥാനത്ത് വിരാജിക്കുന്നുവെന്നത് എന്നെ അത്ഭുതപ്പെടുത്തി. ഫയല്‍ വരുത്തി പരിശോധിച്ചപ്പോള്‍ കേസും ശിക്ഷയും എല്ലാം സത്യമാണ്. വായ്മൊഴിയായി കേട്ട ചരിത്രത്തിന് സാധൂകരണം നല്‍കുന്നതായിരുന്നു രേഖകള്‍. ഇങ്ങനെയുള്ള 'ചരിത്രപുരുഷന്‍'മാരെ സര്‍വ്വീസില്‍നിന്ന് ഡിസ്മിസ് ചെയ്യുകയാണല്ലോ വേണ്ടത്. പിന്നെ എങ്ങനെ ഈ ഉദ്യോഗസ്ഥന്‍ സര്‍വ്വീസില്‍ തുടരുന്നു എന്ന ചോദ്യം ഞാന്‍ ഫയലില്‍ ഉന്നയിച്ചു. ആദ്യം വായ്മൊഴിയായും അതില്‍ തൃപ്തനാകാത്തതുകൊണ്ട് പിന്നീട് ഫയലായും മറുപടി കിട്ടി. കോടതി ഉത്തരവിന് അപ്പീലില്‍ ഹൈക്കോടതി സ്റ്റേ, അതായത് നിര്‍ത്തിവെയ്ക്കാനുള്ള ഉത്തരവ് ഉണ്ടത്രേ. ആ ഉത്തരവ് പരിശോധിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്. 'സ്റ്റേ' എന്നു പറഞ്ഞത് ശിക്ഷയ്ക്ക് (Sentence) മാത്രം. കുറ്റകൃത്യം തെളിഞ്ഞു എന്ന കണ്ടെത്തല്‍ (Conviction) സ്റ്റേ ചെയ്തിട്ടില്ല. ഇതു രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാകാഞ്ഞിട്ടാണോ അതോ അയാളുടെ സമര്‍ത്ഥമായ 'മാനേജ്‌മെന്റ് വൈദഗ്ദ്ധ്യം' ആണോ അച്ചടക്കനടപടിയില്‍നിന്ന് വര്‍ഷങ്ങളോളം അയാളെ മുക്തനാക്കിയത് എന്നറിയില്ല. പിന്നെ വൈകിയില്ല അച്ചടക്ക അധികാരി എന്ന നിലയില്‍ അയാളെ സര്‍വ്വീസില്‍നിന്ന് ഡിസ്മിസ് ചെയ്യാതിരിക്കാന്‍ കാരണമുണ്ടോ എന്ന് വിശദീകരിക്കാന്‍ ഞാന്‍ നോട്ടീസ് നല്‍കി. അവിടെയും അയാളുടെ സാമര്‍ത്ഥ്യം പ്രകടമായി. അയാള്‍ ഹൈക്കോടതിയെ സമീപിച്ചു എന്നു മാത്രമല്ല, നേരത്തെ ''ഇങ്ങനെയുള്ളവരെ സര്‍വ്വീസില്‍നിന്ന് ഡിസ്മിസ് ചെയ്യണം'' എന്ന് ഫയലില്‍ ഞാന്‍ എഴുതിയിരുന്നതിന്റെ ഫോട്ടോകോപ്പി അവിടെ ഹാജരാക്കുകയും ചെയ്തു. അതില്‍നിന്നും അയാള്‍ക്ക് നല്‍കിയിരുന്ന നോട്ടീസ് വെറും പൊള്ളയായ ഔപചാരികത (emtpy formaltiy) മാത്രമാണെന്നും ആ 'ശുദ്ധാത്മാവിനോട്' എനിക്കുള്ള മുന്‍വിധി ഫയലിലെ കുറിപ്പില്‍നിന്നും വ്യക്തമാണെന്നും ആയിരുന്നു വാദം. ഹൈക്കോടതിയില്‍ കേസ് പരിഗണിച്ചപ്പോള്‍, പരാതിക്കാരന്റെ പ്രവൃത്തി നോക്കുമ്പോള്‍ എസ്.പിയെ കുറ്റം പറയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചെങ്കിലും നടപടികള്‍ ശരിയാംവണ്ണം പാലിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കാന്‍ എനിക്ക് നോട്ടീസ് അയച്ചു. വിഷയം പരിശോധിച്ചപ്പോള്‍ എന്റെ ഫയലിലെ ആദ്യത്തെ കുറിപ്പ് അമിതാവേശത്തിലായിപ്പോയോ എന്ന് സംശയം തോന്നി. ഹീനമായ കുറ്റകൃത്യങ്ങളില്‍ കോടതി ശിക്ഷിക്കുന്നവരെ സര്‍വ്വീസില്‍നിന്ന് ഡിസ്മിസ് ചെയ്യേണ്ടതാണ് എന്നാണ് എന്റെ പൊതു അഭിപ്രായമെന്നും എന്നാല്‍ ഓരോ കേസിലും അന്തിമമായി തീരുമാനിക്കുന്നതിനു മുന്‍പ് അതിന്റെ സവിശേഷ സാഹചര്യങ്ങള്‍ പരിശോധിക്കുമെന്നും ഞാന്‍ വിശദീകരിച്ചു. ഒരു പൊതുവീക്ഷണം  മുന്‍വിധിയല്ലെന്നും പരാതിക്കാരന്റെ വിശദീകരണം തുറന്ന മനസ്സോടെ പരിശോധിക്കുമെന്നും കൂടി പറഞ്ഞപ്പോള്‍ ഹൈക്കോടതി അയാളുടെ പരാതി തള്ളി. തുടര്‍ന്ന് കാരണം കാണിക്കല്‍ നോട്ടീസിനുള്ള മറുപടി എനിക്കു കിട്ടി. തുറന്ന മനസ്സോടെ അത് പരിശോധിച്ചു. അയാളെ സര്‍വ്വീസില്‍നിന്നും നീക്കം ചെയ്തു. അങ്ങനെ മറ്റു സഹപ്രവര്‍ത്തകരുടെ മുന്നില്‍ ഒറ്റയാനായി മുന്നോട്ടുപോയ ആ 'പ്രകടനം' അവസാനിച്ചു. വിരളുന്നവനെ വിരട്ടുകയും വിരട്ടുന്നവന്റെ മുന്നില്‍ വിരളുകയും ചെയ്യുന്നതാണ് പലപ്പോഴും നമ്മുടെ ഭരണസംവിധാനം. സത്യത്തില്‍, വലിയ വിരട്ടലും വിരളലും ഒഴിവാക്കി നേരായ വഴി വിട്ടുവീഴ്ചയില്ലാതെ പിന്തുടര്‍ന്നാല്‍ ഭരണസംവിധാനം ശക്തിപ്പെടുകതന്നെ ചെയ്യും എന്നാണെന്റെ ബോദ്ധ്യം.

(തുടരും) 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com