'പൊലീസുകാര്‍, വായിക്കുന്നതിനേക്കാള്‍ നല്ലത് ചീട്ടുകളിക്കുന്നതാണെന്ന് ആരെങ്കിലും കരുതിയോ എന്തോ?' 

മൊത്തത്തില്‍ വിലയിരുത്തുമ്പോള്‍ മനുഷ്യന്‍ എന്ന പ്രതിഭാസത്തെ അല്പം കൂടി അറിയാന്‍ കഴിഞ്ഞെന്നു തോന്നുന്നു. അക്കൂട്ടത്തില്‍ 'ഹേമചന്ദ്രന്‍' എന്ന മനുഷ്യനും പെടും
എ ഹേമചന്ദ്രൻ ഐപിഎസ് (റിട്ട)
എ ഹേമചന്ദ്രൻ ഐപിഎസ് (റിട്ട)

ര്‍ഷങ്ങള്‍ പോയതറിഞ്ഞില്ല. ആലപ്പുഴയിലെ മൂന്ന് വര്‍ഷക്കാലം തുടക്കം മുതല്‍ ഒടുക്കം വരെ പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും അസ്വസ്ഥതകളും നിറഞ്ഞതായിരുന്നു. എങ്കിലും അതൊരു 'ഭാര'മായോ 'തലവേദന'യായോ തോന്നിയിട്ടില്ല. ഉറക്കം നഷ്ടമായത് ഒരിക്കല്‍ മാത്രം എന്നു കൃത്യമായോര്‍ക്കുന്നു. അന്നു രാത്രി ഹരിപ്പാടിനപ്പുറം ഒരു സി.പി.എം-ആര്‍.എസ്.എസ് ഏറ്റുമുട്ടല്‍ നടന്നു. അവിടെ രണ്ട് മാര്‍ക്‌സിസ്റ്റ് അനുഭാവികള്‍ വെട്ടേറ്റ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലായിരുന്നു. സംഭവസ്ഥലത്ത് നല്ല പൊലീസ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. രാത്രി വൈകി ഉറങ്ങാന്‍ കിടന്നപ്പോള്‍ മനസ്സില്‍ ആ സംഭവം മാറാതെ നിന്നു; ഉറക്കത്തിന് തടസ്സവുമായി. അത് സാധാരണമല്ല. ഉടനെ എഴുന്നേറ്റ് റെഡിയായി ഹരിപ്പാടിനു തിരിച്ചു. വെട്ടുനടന്ന സ്ഥലത്ത് ഡി.വൈ.എസ്.പി നടരാജനും സി.ഐ ജോര്‍ജ് വര്‍ഗ്ഗീസും മറ്റു ഉദ്യോഗസ്ഥരും ആ അര്‍ദ്ധരാത്രിയിലും ഉണ്ട്. സംഭവം നടന്ന കടയുടെ മുന്നില്‍ രക്തം കട്ടപിടിച്ചു കിടപ്പുണ്ട്. അല്പസമയം അവിടെ പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ച് സ്ഥിതി വിലയിരുത്തിയ ശേഷം ഞാന്‍ ആലപ്പുഴയ്ക്ക് മടങ്ങി. പിന്നെ സുഖമായി ഉറങ്ങി. ഏത് സംഘര്‍ഷത്തിലും സാധ്യമായതെല്ലാം ചെയ്തു എന്നു ബോദ്ധ്യം വന്നാല്‍പ്പിന്നെ നിദ്ര എന്നോട് പിണങ്ങാറില്ല. പൊലീസുകാര്‍ മുതല്‍ മുകളിലോട്ടുള്ള സഹപ്രവര്‍ത്തകരാണ് ആലപ്പുഴയില്‍ എന്നെക്കാള്‍ കൂടുതല്‍ ഉറക്കമിളച്ചത്. ജീവിതത്തെക്കുറിച്ചും സമൂഹം, രാഷ്ട്രീയം, പൊലീസ്, അധികാരം, നിയമപ്രക്രിയ, ഇങ്ങനെ പലതിനെക്കുറിച്ചും ഒരുപാടറിയാന്‍ കഴിഞ്ഞ കാലം കൂടിയായിരുന്നു അത്. അസാധാരണമായ അനുഭവങ്ങള്‍, മനുഷ്യസ്വഭാവത്തിന്റെ നന്മയും തിന്മയും വൈചിത്ര്യങ്ങളും എല്ലാം വിളിച്ചോതുന്ന സംഭവങ്ങള്‍ പലതുമുണ്ട്. വിടപറയും മുന്‍പേ, മനസ്സിന്റെ അടിത്തട്ടില്‍നിന്ന് ഉപരിതലത്തിലേയ്ക്ക് വരുന്ന ചിലതെങ്കിലും കൂടി പറയേണ്ടതുണ്ട്. അക്കാലത്ത് ആലപ്പുഴയില്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ച ഒന്നായിരുന്നു സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഞങ്ങള്‍ ആരംഭിച്ച വായനശാല. അവിശ്വസനീയമാണെന്നു തോന്നാമെങ്കിലും അത് സംഭവിച്ചു. അന്നവിടെ എസ്.ഐ ആയിരുന്ന സാലി എന്ന ചെറുപ്പക്കാരനായിരുന്നു അതിന്റെ കാരണക്കാരന്‍. ഒരു ദിവസം സാലി എന്നോട് വായനശാലയുടെ കാര്യം പറഞ്ഞു. കേട്ടപാടെ ഞാനതിനെ പ്രോത്സാഹിപ്പിച്ചു. എങ്ങനെയാണ് ഈ ആശയം ഉടലെടുത്തതെന്ന് സാലിയോട് ചോദിച്ചു. ആലപ്പുഴയിലെ ഏറ്റവും വലിയ പൊലീസ് സ്റ്റേഷനായിരുന്നു അത്. കളക്ട്രേറ്റ് ഉള്‍പ്പെടെ പ്രധാനപ്പെട്ട ഓഫീസുകളെല്ലാം സൗത്ത് പൊലീസ് സ്റ്റേഷന്റെ പരിധിയിലായിരുന്നു. അതുകൊണ്ടുതന്നെ ക്രമസമാധാനപാലനത്തിനും മറ്റും അവിടെ ധാരാളം പൊലീസുകാര്‍ ഉണ്ടാകും. എപ്പോഴാണ് ഡ്യൂട്ടിക്കായി പുറത്തു പേകേണ്ടിവരുന്നത് എന്നറിയാതെ അവര്‍ക്ക് ഏറെ സമയം പൊലീസ് സ്റ്റേഷനില്‍ കാത്തിരിക്കേണ്ടിവരും. അങ്ങനെ കാത്തിരിക്കുന്നവര്‍ എങ്ങനെയാണവരുടെ സമയം വിനിയോഗിക്കുന്നത്? വിശ്രമവേളയിലെ വിനോദമായി ചിലര്‍ രഹസ്യമായി ചീട്ടുകളിക്കുന്നുണ്ടായിരുന്നു. ഈ പ്രശ്‌നം എസ്.ഐ പൊലീസുകാരുമായി സംസാരിച്ചപ്പോള്‍ ഉരുത്തിരിഞ്ഞു വന്ന ആശയമായിരുന്നു വായനശാല. അങ്ങനെ ഒരു ചെറിയ ചടങ്ങില്‍ ഞാന്‍ വിളക്കുകൊളുത്തി; ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനില്‍ വായനശാല ആരംഭിച്ചു. മാധ്യമങ്ങളിലൂടെ പുറംലോകമറിഞ്ഞപ്പോള്‍ പലരും പുസ്തകം നല്‍കാന്‍ മുന്നോട്ടു വന്നു. അങ്ങനെ, അക്കാലത്ത് അത് നന്നായി മുന്നോട്ടുപോയി. വിശ്രമവേളകളില്‍ പൊലീസുകാര്‍ വായിച്ചതുകൊണ്ട് കുഴപ്പമൊന്നുമുണ്ടായതായി അറിയില്ല. എങ്കിലും പില്‍ക്കാലത്ത് എപ്പോഴോ ആ സംരംഭം നിലച്ചു. പൊലീസുകാര്‍, വായിക്കുന്നതിനേക്കാള്‍ നല്ലത് ചീട്ടുകളിക്കുന്നതാണെന്ന് ആരെങ്കിലും കരുതിയോ എന്തോ? വായനശാലയ്ക്ക് മുഖ്യകാരണക്കാരനായ സാലിയും സര്‍വ്വീസിലിരിക്കെ അകാലത്തില്‍ ജീവിതത്തോട് വിടവാങ്ങി. നിഷ്‌കളങ്കമായ പുഞ്ചിരിയായി ആ മുഖം മനസ്സിലുണ്ട്. 

ആലപ്പുഴയിലെ സാത്വികന്‍

നേരിട്ട് വിപുലമായ അധികാരം കേന്ദ്രീകരിച്ചിട്ടുള്ള തസ്തികയാണ് ജില്ലാ എസ്.പിയുടേത്. ഡി.ഐ.ജി, ഐ.ജി തുടങ്ങിയ റാങ്കുകളെല്ലാം അധികാര ശ്രേണിയില്‍ എസ്.പിയുടെ മേലെയാണ്. അവരുടെ അധികാരപരിധി എസ്.പിയുടേതിനേക്കാള്‍ വിശാലവുമാണ്. എങ്കിലും അധികാരത്തിന്റെ സ്വഭാവത്തില്‍ ഒരടിസ്ഥാന വ്യത്യാസം നിലനില്‍ക്കുന്നു. ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ അധികാര നിര്‍വ്വഹണത്തിന് അപ്പീല്‍ സ്വഭാവമാണ് കൂടുതല്‍; നേരിട്ടുള്ള സമ്പര്‍ക്കം കുറയും. എസ്.പിയുടേത് മിക്കവാറും നേരിട്ടോ അല്ലെങ്കില്‍ അനുദിനം ഇടപഴകുന്ന ഉദ്യോഗസ്ഥരിലൂടെയോ വിനിയോഗിക്കാവുന്ന അധികാരമാണ്. അങ്ങനെ ആകുമ്പോള്‍ മാനുഷികമായ ഘടകങ്ങള്‍ കൂടുതലായി കടന്നുവരും.

ടൗണിലെ ക്വാര്‍ട്ടേഴ്‌സില്‍ സകുടുംബം താമസിച്ചിരുന്ന ഒരു പൊലീസുകാരന്റെ കാര്യം ഞാനോര്‍ക്കുന്നു. അയാള്‍ക്ക് മദ്യപാനശീലം കാര്യമായി ഉണ്ടായിരുന്നു. വീട്ടിലത് വലിയ പ്രശ്‌നമായിരുന്നു; ചിലപ്പോള്‍ നാട്ടിലും. അച്ചടക്ക നടപടിയും സസ്പെന്‍ഷനും അയാള്‍ക്ക് സാധാരണമായിരുന്നു. അയാളുടെ ഭാര്യ, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പറഞ്ഞ് ഭര്‍ത്താവിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കുന്ന കാര്യത്തിന് എന്നെ കണ്ടിട്ടുണ്ട്. അത്തരം ഒരു പരിഗണന സര്‍വ്വീസ് ചട്ടങ്ങള്‍ പ്രതിപാദിക്കുന്നില്ല. ദുരിതം നിറഞ്ഞ ജീവിതമായിരുന്നു അവരുടേതെന്ന് വ്യക്തമായിരുന്നു. അയാളെ വരുത്തി കുറെ സംസാരിച്ച് ശരിയായ വഴിയേ നീങ്ങണമെന്നൊക്കെ ഉപദേശിച്ച് സര്‍വ്വീസില്‍ തിരികെ എടുത്തു. അങ്ങനെ ഇരിക്കെ അയാളുടെ ഭാര്യ മരണമടഞ്ഞു. ദൈവത്തിന്റെ കണക്ക് പുസ്തകത്തില്‍, ഒരു മനുഷ്യന്‍ ജീവിതത്തില്‍ സഹിക്കേണ്ട ദുഃഖം മുഴുവന്‍ അവര്‍ വേഗം അനുഭവിച്ച് തീര്‍ത്തിരിക്കണം. പൊലീസുകാരന്റെ മദ്യാസക്തി പിന്നെയും പ്രശ്‌നമായി. അങ്ങനെ ആയപ്പോള്‍ അച്ചടക്ക നടപടിയില്‍ അയാളെ പിരിച്ചുവിടാതിരിക്കാന്‍ ഞാന്‍ അയാള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ആ അവസരത്തില്‍ അയാളുടെ മകന്‍ എന്നെ കണ്ടു. ആ കുട്ടി ഹൈസ്‌കൂളിലേയ്ക്ക് കഷ്ടിച്ച് കടന്നിരുന്നുവെന്നു തോന്നുന്നു. അച്ഛനുവേണ്ടി അപേക്ഷയുമായി വരുന്ന മകനെ അഭിമുഖീകരിക്കുക എനിക്കത്ര എളുപ്പമായിരുന്നില്ല. എന്റെ തീരുമാനം ന്യായീകരിക്കണമെങ്കില്‍ ആ കുട്ടിയോട് പറയേണ്ടി വരിക അയാളുടെ അച്ഛന്റെ തെറ്റായ പ്രവൃത്തിയെക്കുറിച്ചാണ്. അയാളുടെ സ്‌കൂളിനെക്കുറിച്ചൊക്കെ അല്പം സംസാരിച്ച ശേഷം തല്‍ക്കാലം ഒരവസരം കൂടി അച്ഛനു നല്‍കാം എന്നു പറഞ്ഞ് ആ കുട്ടിയെ യാത്രയാക്കി. പിന്നീട് ആ പൊലീസുകാരനെ വിളിച്ചുവരുത്തി. മേലില്‍ അയാള്‍ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കില്ലെന്നും മദ്യം തന്നെ ഉപേക്ഷിക്കുകയാണെന്നും അതുകൊണ്ട് സര്‍വ്വീസില്‍നിന്നും പിരിച്ചുവിടരുതെന്നും അപേക്ഷിച്ചു. അങ്ങനെയാണെങ്കില്‍ പ്രശ്‌നമൊന്നുമുണ്ടാകില്ലെന്നു ഞാനും പറഞ്ഞു. പക്ഷേ, ഒരു വ്യവസ്ഥ മുന്നോട്ടുവച്ചു. അയാളെ സര്‍വ്വീസില്‍നിന്നും പിരിച്ചുവിടുക എന്ന താല്‍ക്കാലിക തീരുമാനത്തിന്മേലാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നത്. അതിന്റെ മറുപടി കിട്ടിയശേഷമാണ് അന്തിമതീരുമാനം എടുക്കേണ്ടത്. അന്തിമതീരുമാനം എടുക്കാതെ ഫയല്‍ സജീവമായി നിലനിര്‍ത്തും എന്നു ഞാനയാളോട് പറഞ്ഞു. ''മേലില്‍ എപ്പോഴെങ്കിലും ഡ്യൂട്ടിയില്‍ മദ്യപിച്ചു പ്രശ്‌നമുണ്ടാക്കിയെന്നറിഞ്ഞാല്‍, ആ നിമിഷം നിങ്ങളുടെ ഫയലെടുത്ത് താല്‍ക്കാലിക തീരുമാനം സ്ഥിരപ്പെടുത്തും. അതായത് അന്നു നിങ്ങള്‍ പൊലീസില്‍നിന്നു പുറത്താകും.'' ഇതായിരുന്നു എന്റെ ഉറപ്പ്. ചുരുക്കത്തില്‍ ''നിങ്ങള്‍ പൊലീസില്‍ തുടരുമോ ഇല്ലയോ എന്നു തീരുമാനിക്കുന്നത് നിങ്ങള്‍ തന്നെയായിരിക്കും.'' എന്റെ നിര്‍ദ്ദേശം കൊള്ളാനും തള്ളാനും വയ്യാത്ത അവസ്ഥയിലായിരുന്നു അയാള്‍. ഏതാനും മാസങ്ങള്‍ ആ നിയന്ത്രണം ഫലിച്ചു. പക്ഷേ, പിന്നീടൊരു ദിവസം അയാള്‍ വീണ്ടും പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ച് പ്രശ്‌നം സൃഷ്ടിച്ചു എന്നു വിവരം ലഭിച്ചു. അന്നുതന്നെ അയാളെ പൊലീസില്‍നിന്നും പുറത്താക്കി. ഒട്ടും സന്തോഷത്തോടെയല്ല അത് ചെയ്യേണ്ടിവന്നത്. കുറേ വര്‍ഷങ്ങള്‍ക്കുശേഷം എനിക്കൊരു ചരമ അറിയിപ്പ് ലഭിച്ചു. ആ മുന്‍ പൊലീസുകാരന്റെ മകന്‍ തന്നെയാണ് തിരുവനന്തപുരത്ത് എന്നെ അതറിയിച്ചത്. ഏറെ സന്തോഷം തോന്നിയ കാര്യം, ആ കുട്ടി വിദ്യാഭ്യാസംകൊണ്ട് വളരുകയും സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തനാകുകയും ചെയ്തുവെന്നതാണ്. പിന്നീട് സമാന്യം നല്ല നിലയില്‍ നടന്ന അയാളുടെ വിവാഹത്തിനു നേരിട്ട് എന്നെ ക്ഷണിക്കുകയും ചെയ്തു. അതൊരു നല്ല അനുഭവമായി. എസ്.പി എന്ന നിലയിലെ എന്റെ പ്രവൃത്തിക്കും ചില ന്യായങ്ങളുണ്ടായിരുന്നു എന്നയാള്‍ക്ക് തോന്നിയിരിക്കണം.

എന്നാല്‍, തീരുമാനങ്ങളില്‍ ചിലപ്പോള്‍ തെറ്റ് സംഭവിക്കാം. ആലപ്പുഴ വിട്ട ശേഷം ഏതാണ്ട് അഞ്ചു വര്‍ഷം കഴിഞ്ഞ് ചേര്‍ത്തലയ്ക്കടുത്ത് പഴയൊരു സഹപ്രവര്‍ത്തകന്‍ മരണമടഞ്ഞപ്പോള്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ തൃശൂരില്‍നിന്ന് ഞാന്‍ അവിടെ വന്നു. മരണപ്പെട്ട ഉദ്യോഗസ്ഥന്‍, വെങ്കിടേശ്വരപൈ ആ സമയം കൊല്ലത്ത് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്നു. ഹൃദ്രോഗം മൂലം മരണപ്പെടുന്ന ദിവസം, അതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ്, അയാള്‍ തൃശൂര്‍ എസ്.പി ആയിരുന്ന എന്നെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കൊല്ലത്തുനിന്നും തൃശൂര്‍ ജയിലില്‍ കൊണ്ടുവന്നിരുന്ന ഒരു വലിയ കുറ്റവാളി രക്ഷപ്പെടുവാന്‍ ശ്രമിക്കുന്നതു സംബന്ധിച്ച രഹസ്യവിവരം അറിയിക്കാനാണ് എന്നെ വിളിച്ചത്. ആ മികച്ച പൊലീസുദ്യോഗസ്ഥന്റെ മരണാനന്തര ചടങ്ങില്‍ വച്ച് പഴയ പല സഹപ്രവര്‍ത്തകരേയും കണ്ടു. അവിടെ വച്ച്, സര്‍വ്വീസില്‍നിന്നും വിരമിച്ചിരുന്ന ഒരു ഹെഡ്‌കോണ്‍സ്റ്റബിള്‍ അയാളുടെ പഴയൊരു സ്ഥലംമാറ്റത്തെപ്പറ്റി എന്നോട് പരാതി പറഞ്ഞു. അയാളേയും സ്ഥലത്തെ ഒരു റേഷന്‍ ഷോപ്പുടമയേയും ബന്ധിപ്പിച്ച് തെറ്റായ വിവരം അവിടുത്തെ ഡി.വൈ.എസ്.പി എന്നെ ധരിപ്പിച്ചുവെന്നും അതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ അയാളെ സ്ഥലം മാറ്റിയെന്നുമാണ് പറഞ്ഞത്. ഡി.വൈ.എസ്.പി എന്നോട് പറഞ്ഞ കാര്യം കളവായിരുന്നുവത്രെ. സംഭവം എനിക്കോര്‍മ്മ വന്നു. മരണവീടാണെന്ന ഔചിത്യം ഇല്ലാതെ അല്പം വ്യഗ്രതയോടെയാണ് അയാള്‍ പറഞ്ഞത്. അങ്ങനെ ചിലപ്പോള്‍ തെറ്റ് സംഭവിക്കാം എന്നു ഞാന്‍ പറഞ്ഞപ്പോള്‍ അയാള്‍ക്ക് സമാധാനമായപോലെ തോന്നി. സ്ഥലംമാറ്റത്തേക്കാളുപരി അയാളെപ്പറ്റി ഒരു തെറ്റായ ധാരണ എസ്.പിക്കുണ്ടായി എന്നതാണ് ആ ഉദ്യോഗസ്ഥനെ അസ്വസ്ഥതപ്പെടുത്തിയതെന്നു തോന്നുന്നു. അധികാരം വിനിയോഗിക്കുന്നതില്‍ ചിലപ്പോള്‍ ഇത്തരത്തിലുള്ള തെറ്റുകള്‍ സംഭവിക്കാം.

എന്നാല്‍, തികച്ചും വ്യക്തിപരമായി ആരുടെയെങ്കിലും താല്പര്യത്തിന്റേയോ സ്വാധീനത്തിന്റേയോ സമ്മര്‍ദ്ദത്തിന്റേയോ പേരില്‍ ആര്‍ക്കെങ്കിലുമെതിരെ നിയമപരമായ അധികാരം പ്രയോഗിക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തിയിട്ടുണ്ട്. ഒരവസരത്തില്‍ ഉയര്‍ന്ന ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എന്നെ വിളിച്ചു. അദ്ദേഹത്തിന് ചേര്‍ത്തലയ്ക്കടുത്തൊരു സുഹൃത്തുണ്ടായിരുന്നു. പ്രമാണിയായിരുന്ന ആ സുഹൃത്തും ആ പരിസരത്ത് ചെറിയൊരു റെസ്റ്റോറന്റ് നടത്തി ജീവിച്ചിരുന്ന ഒരു വ്യക്തിയുമായി എന്തോ സിവില്‍ തര്‍ക്കം നിലവിലിരുന്നു. പൊലീസിന് അതില്‍ കാര്യമായ പങ്കൊന്നുമില്ലായിരുന്നു. എന്നെ വിളിച്ച ഉയര്‍ന്ന ഉദ്യോഗസ്ഥനോട് നിയമാനുസരണം സാദ്ധ്യമായ സഹായം ചെയ്യാം എന്ന് ഞാനുറപ്പ് കൊടുത്തു. രാഷ്ട്രീയമായും സ്വാധീനം അദ്ദേഹത്തിന്റെ കക്ഷിക്കായിരുന്നു. അയാള്‍ എന്നെ കണ്ടിരുന്നു. തന്റെ എതിര്‍കക്ഷിയെ ഒരു 'പാഠം പഠിപ്പിക്കണ'മെന്ന് അയാള്‍ക്കുണ്ടായിരുന്നുവെന്നു തോന്നി. അതിനൊന്നും പൊലീസ് മുതിര്‍ന്നില്ല. ഏതാനും ദിവസം കഴിഞ്ഞ് ഒരു ദിവസം എറണാകുളത്തുനിന്ന് ഡി.ഐ.ജി എന്നെ വിളിച്ചു. ഡി.ജി.പിയുടെ നിര്‍ദ്ദേശ പ്രകാരം ചേര്‍ത്തലയ്ക്കടുത്തൊരു വീട്ടില്‍ റെയ്ഡ് നടത്താന്‍ എറണാകുളത്തുനിന്നൊരു പൊലീസ് പാര്‍ട്ടിയെ അയയ്ക്കുന്നുണ്ടത്രെ. കൗതുകം കലര്‍ന്നൊരു ജിജ്ഞാസ തോന്നി. ഏത് ഭീകരനെയാണോ ഡി.ജി.പി നേരിട്ട് പിടിക്കാന്‍ പോകുന്നത്? അടുത്ത ദിവസം രാവിലെ എറണാകുളത്തുനിന്ന് പ്രത്യേകസംഘം എസ്.ഐ എന്നെ കണ്ടു. റെയ്ഡ് കഴിഞ്ഞ് വന്നതാണ്. ''സാറെ, ഇതെന്ത് കോമഡിയാണെന്ന് എനിക്ക് മനസ്സിലായില്ല.'' മുകളില്‍ സൂചിപ്പിച്ച 'പാഠം പഠിപ്പിക്കലിന്റെ' ഭാഗമായിരുന്നു ആ 'ഓപ്പറേഷന്‍ റെയ്ഡ്.' എന്നാല്‍, ഏതോ 'വ്യഭിചാര കേന്ദ്രം' എന്ന നിലയിലാണ് അയാളെ അയച്ചത്. വീടും ചായക്കടയും ചേര്‍ന്ന ആ പാവത്തിന്റെ അവസ്ഥ എസ്.ഐയ്ക്ക് മനസ്സിലായി. അയാളോടുള്ള ഒരു നാട്ടുപ്രമാണിയുടെ വിരോധവും അയാളുടെ ഉന്നത ബന്ധങ്ങളും ഞാന്‍ പറഞ്ഞു. എസ്.ഐയ്ക്കു് കാര്യം പിടികിട്ടി. അയാള്‍ ധാര്‍മ്മിക രോഷത്തിലായി, വെറുതെ വിഡ്ഢിവേഷം കെട്ടിച്ചതില്‍. സ്വാധീനത്തിന്റേയും അധികാര ദുര്‍വ്വിനിയോഗത്തിന്റേയും ഫലം തന്നെയായിരുന്നു ആ റെയ്ഡ് എന്നതില്‍ എനിക്ക് അശേഷം സംശയമുണ്ടായിരുന്നില്ല. നിയമപരമായി എനിക്കതില്‍ ഉത്തരവാദിത്വം ഉണ്ടായിരുന്നില്ലെങ്കിലും അതിന്റെ ശരിതെറ്റുകളെക്കുറിച്ച് എസ്.പി എന്ന നിലയില്‍ ഡി.ജി.പിക്ക് ഒരു കത്ത് എഴുതിയാലോ എന്ന് ആലോചിച്ചു. വേണമോ വേണ്ടയോ എന്ന മനസ്സിലെ തര്‍ക്കം പരിഹരിക്കും മുന്‍പേ എനിക്ക് മാറ്റം വന്നു; തിരുവനന്തപുരത്ത് വിജിലന്‍സ് ആസ്ഥാനത്തേയ്ക്ക്. മാറ്റവും ഈ സംഭവവും തമ്മില്‍ ബന്ധമുണ്ടെന്നു കരുതുന്നില്ല. പൊലീസിന്റെ അധികാര പ്രയോഗത്തിലെ വിവേചനപരമായ ഒരംശം ഇവിടെ പ്രകടമാണ്. വ്യക്തിയുടെ സമ്പത്ത്, സമൂഹത്തിലെ സ്ഥാനം, ജാതി, മതം, രാഷ്ട്രീയം തുടങ്ങിയ ഘടകങ്ങളെല്ലാം 'നിയമ പാലന'ത്തെ സ്വാധീനിക്കുന്നുണ്ട്. പക്ഷേ, നിയമം എല്ലാപേര്‍ക്കും തുല്യമാണ്. ആ തുല്യത മിക്കവാറും നിയമപുസ്തകത്തില്‍ ഒതുങ്ങുന്നു. നിയമപാലനത്തിലെ ഇത്തരം പ്രശ്‌നങ്ങള്‍ പൊലീസ് സംവിധാനത്തിനുള്ളില്‍ ചര്‍ച്ചാവിഷയം പോലും ആകുന്നില്ല എന്ന യാഥാര്‍തഥ്യം നിലനില്‍ക്കുന്നു. 

ഒരു യഥാര്‍ത്ഥ 'പഞ്ചനക്ഷത്ര വ്യഭിചാര കേന്ദ്രം' ഇതിനോടടുത്ത പ്രദേശത്ത് വേരോടാന്‍ ശ്രമിച്ചതിന് ഒരു അധികാരകേന്ദ്രവും എതിരായിരുന്നില്ലെന്നു തോന്നുന്നു. അതേക്കുറിച്ച് രഹസ്യ വിവരം എനിക്ക് ലഭിച്ചത് വിശ്വസ്തരായ ചില പൊലീസുദ്യോഗസ്ഥരില്‍ കൂടിയാണ്. അവരുടെ തൊഴില്‍പരമായ സത്യസന്ധത പ്രശംസനീയമാണ്. കാരണം ഈ വിവരം വേണമെങ്കില്‍ അവര്‍ക്ക് 'വലിയ തുക'യ്ക്കും മറ്റ് 'ആനുകൂല്യങ്ങള്‍'ക്കും വില്‍ക്കാമായിരുന്നു. അങ്ങനെ സ്വയം വില്‍പ്പനച്ചരക്കായി മാറിയ ഒരു മിടുക്കന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറിന്റെ മൂക്കിനു താഴെയായിരുന്നു ഈ 'നക്ഷത്ര മാംസ വ്യാപാരം,' മുന്‍പൊരിക്കല്‍ അയാളുടെ വ്യക്തിപരമായ ചില അസാന്മാര്‍ഗ്ഗിക നടപടികള്‍ സംബന്ധിച്ച് ഒരു വിവരം എന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ആ സന്ദര്‍ഭത്തില്‍ ഞാന്‍ ആ ഉദ്യോഗസ്ഥനെ നേരിട്ട് വിളിച്ചു സംസാരിച്ചിരുന്നു. അസാധാരണ വാക്ചാതുര്യമുണ്ടായിരുന്ന ആ ഉദ്യോഗസ്ഥന്‍ അതെല്ലം ഉപയോഗിച്ച് പ്രതിരോധിച്ച് സ്വയം സദാചാരത്തിന്റെ കൊടുമുടിയില്‍ പ്രതിഷ്ഠിച്ചു. ഇത്രയും വലിയ മഹാനുഭാവനെയാണോ സംശയിച്ചത് എന്ന കുറ്റബോധം തോന്നിപ്പോകാം, പറഞ്ഞതെല്ലാം സത്യമെങ്കില്‍. എനിക്ക് വലിയ സന്തോഷമാണെന്നും ഏതായാലും ഭാവിയില്‍ ഇത്തരമൊരു ആരോപണമുണ്ടായാല്‍ അത് പ്രശ്‌നമാകും എന്നു സൗമ്യമായി പറഞ്ഞു. ഈ 'സാത്വികന്റെ' രക്ഷാകര്‍ത്തൃത്വത്തിലായിരുന്നു 'നക്ഷത്ര വ്യവസായം' അരങ്ങേറിയത്. സമര്‍ത്ഥരായ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ 'വ്യവസായി' തൊണ്ടിസഹിതം പിടിക്കപ്പെട്ടു. ഇത്തരം 'വ്യവസായികള്‍' പൊലീസ് കസ്റ്റഡിയിലായാല്‍പ്പിന്നെ ടേപ്പ് റെക്കാര്‍ഡര്‍ ഓണ്‍ ചെയ്താലെന്നപോലെ 'കഥ'കളെല്ലാം പറയും. അവര്‍ ചെറുത്തുനില്‍ക്കില്ല; സഹകരിക്കും. സഹകരണമാണല്ലോ നക്ഷത്ര വ്യവസായത്തില്‍ വിജയത്തിന്റെ ആധാരശില. അധികാരം, അഴിമതി, സമ്പന്നത, അസാന്മാര്‍ഗ്ഗികത ഇവയൊക്കെ ഐക്യപ്പെടുന്ന ഒരു അധോലോകത്തിന്റെ കിളിവാതില്‍ അയാള്‍ തുറന്നു. കേരളീയ സമൂഹത്തിന്റെ ഒരശ്ലീല മുഖം ഞാനവിടെ കണ്ടു. ആ ലോകത്ത് അഭിരമിച്ചിരുന്ന അപൂര്‍വ്വം ചിലര്‍ക്ക് സ്വന്തം ജീവിതം തന്നെ പിന്നീട് അതിനു വിലയായി നല്‍കേണ്ടിവന്നുവെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. പാവം 'സഹകാരി' മാത്രം അകത്തായി. സഹകാരിയുടെ വ്യവസായത്തിന്റെ രക്ഷാധികാരിയായിരുന്ന 'സാത്വിക' സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എല്ലാ 'ആനുകൂല്യങ്ങളും' പറ്റിയിരുന്നു. ആലപ്പുഴയോട് വിടപറയും മുന്‍പ് സാത്വികനെതിരെ ഒരു റിപ്പോര്‍ട്ട് ഡി.ജി.പിക്ക് അയച്ചിരുന്നു. അതിന്മേല്‍ നടപടി ഉണ്ടായതായി പിന്നീടറിഞ്ഞു. എന്നു മാത്രമല്ല, ഏറെ കഴിവുണ്ടായിരുന്ന അയാളുടെ ജീവിതത്തിലെ ഈ പാളിച്ചകള്‍ കുടുംബ ജീവിതത്തിന്റേയും ഔദ്യോഗിക ജീവിതത്തിന്റേയും ഒക്കെ താളം തെറ്റിച്ചതായി പിന്നീടറിഞ്ഞു.

നന്ദി വാക്കുകളുമായി മടക്കം

അല്പം ധാര്‍മ്മികരോഷത്തോടെ പൊലീസ് അധികാര പ്രയോഗത്തിന് മുതിര്‍ന്ന ഒരു സംഭവം ഓര്‍ക്കുന്നു. ഉയര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ജില്ല സന്ദര്‍ശിക്കുമ്പോള്‍ അവരെ ശരിയാംവണ്ണം സ്വീകരിക്കേണ്ടുന്നതിനെക്കുറിച്ച് അന്നത്തെ ഡി.ജി.പി സൂചിപ്പിച്ചിരുന്നു. ഒരു അവധി ദിവസം അങ്ങനെ ഒരു ഉദ്യോഗസ്ഥന്‍ ജില്ലയില്‍ വരുന്നതായറിഞ്ഞപ്പോള്‍ അദ്ദേഹത്തെ പ്രതീക്ഷിച്ച് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്‌പെക്ടറും ടൗണ്‍ സി.ഐയും കാത്തുനിന്നു. അവിടെ ഒരു ഗാര്‍ഡും ഇട്ടിരുന്നു. ആ ഉദ്യോഗസ്ഥനാകട്ടെ, നേരെ പോയത് അവിടെ ബീച്ച് ഭാഗത്തുണ്ടായിരുന്ന ഒരു ക്ലബ്ബിലേക്കാണ്. അവിടെ എന്ത് പരിപാടി എന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് മുഖേന അന്വേഷിച്ചപ്പോള്‍ അവിടെ വലിയ ചീട്ടുകളി മത്സരം. കേരളത്തില്‍ പലഭാഗത്തുനിന്നും കളിക്കാര്‍ വന്നിട്ടുണ്ടത്രേ. ലഭ്യമായ വിവരം വെച്ച് അത് ചൂതാട്ടത്തിന്റെ പരിധിയില്‍ വരുന്നതാകാനിടയില്ല. അങ്ങനെയാണെങ്കില്‍ അവിടെ പൊലീസ് ഇടപെടല്‍ നിയമപരമായി ശരിയല്ല. ബോദ്ധ്യം വരാതെ വെറുതെ പബ്ലിസിറ്റിക്കുവേണ്ടി പൊലീസ് അവിടെ കയറി കളവായി കേസെടുക്കുന്നതിനോട് എനിക്ക് യോജിപ്പില്ലായിരുന്നു. പക്ഷേ, അന്നുരാത്രി വൈകി ക്ലബ്ബില്‍നിന്നും പുറത്തുപോയ വാഹനങ്ങള്‍ ഓടിച്ചിരുന്നവര്‍ മദ്യപിച്ചിരുന്നുവോ എന്നു പരിശോധന നടത്തി. അതില്‍ പലരും നിയമനടപടിക്കു വിധേയരായി. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യം കൊണ്ടാണ് ക്ലബ്ബ് അംഗങ്ങളുടെ പ്രവര്‍ത്തനം പൊലീസിന്റെ ശ്രദ്ധയില്‍ വന്നത്. ക്ലബ്ബുമായി ബന്ധപ്പെട്ടല്ലെങ്കിലും മദ്യപിച്ചുള്ള ഡ്രൈവിംഗ് മൂലം ഒരു കാറപകടത്തില്‍ രണ്ടുപേര്‍ മരണമടഞ്ഞ സംഭവവും അന്നു രാത്രിയിലുണ്ടായി. പൊലീസ് നടപടിയില്‍ അല്പം അമിതാവേശമുണ്ടോ എന്നു നേരിയ സംശയമുണ്ടായിരുന്നത് അതോടെ പമ്പ കടന്നു. 

സ്ഥലം മാറ്റത്തോടനുബന്ധിച്ച് സ്‌നേഹനിര്‍ഭരമായ രണ്ടു ചടങ്ങുകള്‍ പ്രത്യേകം ഓര്‍ക്കുന്നു. ഒന്ന്, ആലപ്പുഴ ബിഷപ്പ്, അഭിവന്ദ്യനായ പീറ്റര്‍ ചേനപ്പറമ്പില്‍ തിരുമേനി പൗരപ്രമുഖരുടെ സാന്നിദ്ധ്യത്തില്‍ ബിഷപ്പ് ഹൗസില്‍ വെച്ച് നല്‍കിയത്. ഇത്തരം ചടങ്ങുകളുടെ സ്വഭാവം പരക്കെ അറിയാവുന്നതാണല്ലോ. ഒരു കാര്യം പ്രത്യേകം ഓര്‍ക്കുന്നു. എന്റെ മറുപടി പ്രസംഗത്തില്‍ ഒരാശയം കടന്നുവന്നു. വലിയ ആലോചനയില്ലാതെ പുറത്തുവന്നതാണ്. ''എന്റെ ജീവിതം എങ്ങോട്ടാണ് എന്നെ നയിക്കുന്നത് എന്നൊന്നും അറിയില്ല. ഭാവിയില്‍ ഉയര്‍ച്ചയോ, താഴ്ചയോ എന്തുമാകട്ടെ? അതെന്തായാലും ജീവിതത്തില്‍ ഇരുണ്ട അവസ്ഥ ഉണ്ടായാല്‍ ആലപ്പുഴയുടെ ഓര്‍മ്മ മനസ്സില്‍ അല്പം വെളിച്ചം തരും.'' എന്റെ ഈ വാക്കുകള്‍ നന്ദി പ്രസംഗത്തില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു. ആ വാക്കുകള്‍ ഒരു സ്ഥിതപ്രജ്ഞന്റെ വ്യക്തിത്വമാണ് സൂചിപ്പിക്കുന്നത് എന്നൊക്കെ ഭാര്യയുടെ കൂടി സാന്നിദ്ധ്യത്തില്‍ പറഞ്ഞ് കേട്ടപ്പോള്‍ ലേശം സന്തോഷം തോന്നി. 'സ്ഥിതപ്രജ്ഞനും' സന്തോഷിക്കാമല്ലോ.

അതിനുശേഷം ആലപ്പുഴയിലെ എന്റെ സഹപ്രവര്‍ത്തകര്‍ നല്‍കിയ യാത്ര അയപ്പ് സ്‌നേഹോഷ്മളമായിരുന്നു. അവിടെപ്പറഞ്ഞ രണ്ടു കാര്യങ്ങള്‍ പ്രത്യേകം ഓര്‍ക്കുന്നു. ഒരു സി.ഐ പറഞ്ഞു: ''ഇതുവരെ ഞങ്ങള്‍ മറ്റ് ജില്ലകളിലെ സഹപ്രവര്‍ത്തകരെ കാണുമ്പോള്‍ ആലപ്പുഴയിലാണ് ജോലിചെയ്യുന്നത് എന്നു പറയുന്നതില്‍ വല്ലാത്തൊരു അഭിമാനം തോന്നിയിരുന്നു.'' അതിന്റെ ക്രെഡിറ്റ് അദ്ദേഹം എനിക്കാണ് തന്നത്. മറ്റൊരു ഡി.വൈ.എസ്.പി പറഞ്ഞത് ഇങ്ങനെയാണ്: ''പലരും പറയും എസ്.പി ഒരു പാവമാണെന്ന്. പക്ഷേ, ഞാന്‍ പറയും അദ്ദേഹം ഒരിക്കലും ഒരു പാവമൊന്നുമല്ല. അങ്ങനെ ആരെങ്കിലും ധരിച്ചാല്‍ അതൊരു തെറ്റിദ്ധാരണയാണ്.'' അതെനിക്ക് കൗതുകം പകര്‍ന്നു.
 
അടുത്ത ദിവസം ആലപ്പുഴനിന്ന് യാത്രയാകുമ്പോള്‍ പലരും എന്നെ കാണാന്‍ വന്നിരുന്നു. ഏറെ സന്തോഷം തോന്നിയത് ചില ഘട്ടങ്ങളില്‍ എന്റെ നടപടികളെ ശക്തിയായി വിമര്‍ശിക്കുകയും എന്നെ മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ചില പൊതുപ്രവര്‍ത്തകരുടെ സാന്നിദ്ധ്യമാണ്. യാതൊരു പരിഭവവും മനസ്സില്‍ സൂക്ഷിക്കരുതെന്ന് സ്‌നേഹപൂര്‍വ്വം അവര്‍ പറഞ്ഞു. അതൊന്നും സൂക്ഷിക്കാനുള്ളതല്ലല്ലോ മനസ്സ്. ആലപ്പുഴയില്‍ പലരോടും ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട്, മാനസികമായി. പലപ്പോഴും തീരുമാനങ്ങളുടെ ശരിതെറ്റുകളെക്കുറിച്ച് വലിയ ആത്മസംഘര്‍ഷങ്ങളും അനുഭവിച്ചിട്ടുണ്ട്. കാരണം, അതൊക്കെ മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കുന്നതാണല്ലോ. മൊത്തത്തില്‍ വിലയിരുത്തുമ്പോള്‍ മനുഷ്യന്‍ എന്ന പ്രതിഭാസത്തെ അല്പം കൂടി അറിയാന്‍ കഴിഞ്ഞെന്നു തോന്നുന്നു. അക്കൂട്ടത്തില്‍ 'ഹേമചന്ദ്രന്‍' എന്ന മനുഷ്യനും പെടും. 

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com