ഒരു പൊലീസ് വെടിവെയ്പിന്റെ പുകിലുകള്‍ 

പതിനൊന്നു മണികഴിഞ്ഞപ്പോള്‍ പെട്ടെന്ന് മാരാരിക്കുളത്ത് വലിയ അക്രമവും പ്രശ്‌നങ്ങളുമാണെന്ന് കേട്ടു. പൊലീസ് സ്റ്റേഷനു നേരെ കനത്ത കല്ലേറ് നടക്കുന്നതായി വിവരം കിട്ടി
വിഎസ് അച്യുതാനന്ദൻ, ജയറാം പടിക്കൽ
വിഎസ് അച്യുതാനന്ദൻ, ജയറാം പടിക്കൽ

തികച്ചും അപ്രതീക്ഷിതമായി ആലപ്പുഴയില്‍ ഒരു പൊലീസ് വെടിവെയ്പുണ്ടായി. 1993 ജൂണില്‍ മാരാരിക്കുളത്തായിരുന്നു സംഭവം. ഓര്‍ത്തിരിക്കാന്‍ കാരണങ്ങള്‍ ഒരുപാടുണ്ട്. അക്കാലത്ത് പ്രതിപക്ഷ പ്രക്ഷോഭങ്ങള്‍  അക്രമാസക്തമാകുന്നതും പൊലീസ് ലാത്തിച്ചാര്‍ജ്ജിലേയ്ക്ക് പോകുന്നതും തീരെ അസാധാരണമായിരുന്നില്ല. സമരകാരണം എന്തായാലും അത് തീവ്രമാകുമ്പോള്‍ മിക്കവാറും പൊലീസുമായുള്ള സംഘര്‍ഷവും ഏറ്റുമുട്ടലുമൊക്കയാകും. മാധ്യമ ശ്രദ്ധയാകര്‍ഷിക്കാന്‍, അതിലൂടെ ജനശ്രദ്ധയാകര്‍ഷിക്കാന്‍ ഒക്കെയുള്ള ഒരു തന്ത്രം എന്നേ ഉള്ളു. ശ്രദ്ധ പിടിച്ചുപറ്റുക എന്നതും സംഘടനകളുടേയും നേതാക്കളുടേയും ഒരു അസ്തിത്വപ്രശ്നം കൂടിയാണല്ലോ. അതിനപ്പുറം പൊലീസിനോട് വിരോധമൊന്നുമില്ല. അതുകൊണ്ടാണല്ലോ 'പൊലീസ് ഞങ്ങള്‍ക്ക് പുല്ലാണേ' എന്ന് വികാരാവേശത്തോടെ മുദ്രാവാക്യം വിളിക്കുന്നവര്‍ പലരും പി.എസ്.സി നടത്തുന്ന പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ പങ്കെടുത്ത് റിസള്‍ട്ടിനായി കണ്ണുംനട്ട് കാത്തിരിക്കുന്നത്. കുറേ കഴിയുമ്പോള്‍ ഇവരില്‍ പലരും കാക്കി ധരിച്ച് ബാരിക്കേടിന്റെ പിന്നിലേയ്ക്ക് സ്ഥാനം മാറും. മിക്കപ്പോഴും സമരക്കാരും പൊലീസുദ്യോഗസ്ഥരും തമ്മില്‍ ചില ധാരണകളൊക്കെയുണ്ടാകും.
 
മാരാരിക്കുളത്തേത് ഏതെങ്കിലും പ്രാദേശിക വിഷയത്തില്‍ നടത്തിയ പ്രതിഷേധസമരമൊന്നുമായിരുന്നില്ല. ആ ദിവസം സംസ്ഥാന വ്യാപകമായി മുഖ്യപ്രതിപക്ഷ യുവജനസംഘടനയായിരുന്ന ഡി.വൈ.എഫ്.ഐ സര്‍ക്കിള്‍ ഓഫീസ് മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നു. വിഷയം ഞാനോര്‍ക്കുന്നില്ല. സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ,  പല സമരങ്ങളും സമരഭാഷയില്‍ പറഞ്ഞാല്‍ 'പോരാട്ടങ്ങളും' എന്തിനുവേണ്ടി ആയിരുന്നുവെന്ന് സമരനായകര്‍ തന്നെ പില്‍ക്കാലത്ത് ഓര്‍ക്കാന്‍ ഇഷ്ടപ്പെടില്ല. ഓര്‍മ്മയുടെ മനശ്ശാസ്ത്രം അങ്ങനെയാണ്.  ഓര്‍ത്താല്‍ അത് ഇന്നത്തെ അബ്കാരി മുതലാളി, ഇന്നലെ നടത്തിയ 'ധീരോദാത്തമായ' മദ്യഷോപ്പ് പിക്കറ്റിംഗിന്റെ സ്മരണ അയവിറക്കുന്നതുപോലെ ആയിപ്പോകും. 

സര്‍ക്കിള്‍ ഓഫീസ് മാര്‍ച്ച് എന്നാണ് പൊതുവേ പ്രഖ്യാപിച്ചിരുന്നതെങ്കിലും പ്രാദേശികമായി ചില മാറ്റങ്ങള്‍ അതില്‍ ഉണ്ടായി. ആലപ്പുഴയില്‍ മാര്‍ച്ച് ടൗണിലെ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കായിരുന്നു. ചേര്‍ത്തലയില്‍ ഒരുപക്ഷേ, അത് വലിയ സര്‍ക്കിള്‍ ആയിരുന്നതിനാലാകും, മാരാരിക്കുളം പൊലീസ് സ്റ്റേഷനിലേക്കും മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നു. പൊതുവായ  സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള മാര്‍ച്ച് എന്നതിനപ്പുറം ആലപ്പുഴ ജില്ലയില്‍ സവിശേഷ പ്രാധാന്യം ഇല്ലായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പൊലീസിനോട്  ശത്രുതാ മനോഭാവം അവിടെ ഉണ്ടായിരുന്നില്ല. ചില സന്ദര്‍ഭങ്ങളില്‍ ഏതെങ്കിലും ഉദ്യോഗസ്ഥനോടുള്ള വ്യക്തിപരമായ എതിര്‍പ്പ് സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്നതിനും ക്രമസമാധാന പ്രശ്നങ്ങള്‍ക്കും  ഇടയാകാം. അത്തരമൊരു സാഹചര്യം ആലപ്പുഴയില്‍  ഇല്ലായിരുന്നു. എങ്കിലും യുവജന സംഘടനകളുടെ പരിപാടികളില്‍ സംഘര്‍ഷം ഉണ്ടാകാം എന്ന സാദ്ധ്യത കണക്കിലെടുത്തു  തന്നെയാണ് പൊലീസ് തയ്യാറെടുപ്പ് നടത്തിയത്. 

മാരാരിക്കുളം പൊലീസ് സ്റ്റേഷന്റെ ചുമതല വഹിച്ചിരുന്നത് ആന്റണി എന്നൊരു സബ്ബ് ഇന്‍സ്പെക്ടറായിരുന്നു. അദ്ദേഹത്തിന്  അവിടെ പരിചയം കുറവായിരുന്നു. ചേര്‍ത്തലയില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറും ഡി.വൈ.എസ്.പിയും ഉണ്ടായിരുന്നു. രണ്ടുപേരും ക്രമസമാധാന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തരുമായിരുന്നു. അതുകൊണ്ട് ചേര്‍ത്തല ഡി.വൈ.എസ്.പി ജിനരാജനെക്കൂടി മാരാരിക്കുളത്ത്  ഡ്യൂട്ടിക്കായി നിയോഗിച്ചു. ധാരാളം വെല്ലുവിളി ഉയര്‍ത്തുന്ന ക്രമസമാധാന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്ത് പരിചയ സമ്പന്നനായിരുന്നു ജിനരാജന്‍. മാരാരിക്കുളത്ത് അദ്ദേഹമുണ്ടായത് വലിയ പ്രയോജനമായി എന്ന് പിന്നീടുള്ള സംഭവങ്ങള്‍ തെളിയിച്ചു. 

ഏതാണ്ട് പത്തരമണിയോടെ ആണ് ജാഥകളെല്ലാം തുടങ്ങിയത്. അതിന്റെ വിവരങ്ങള്‍ തത്സമയം വയര്‍ലെസ്സിലൂടെ ലഭിക്കുന്നുണ്ടായിരുന്നു. ആലപ്പുഴ എസ്.പി ഓഫീസില്‍ പരാതിക്കാരെ കാണുന്നതിനിടയില്‍ വയര്‍ലെസ്സിലും ശ്രദ്ധയുണ്ടായിരുന്നു. പതിനൊന്നു മണികഴിഞ്ഞപ്പോള്‍ പെട്ടെന്ന് മാരാരിക്കുളത്ത് വലിയ അക്രമവും പ്രശ്നങ്ങളുമാണെന്ന് കേട്ടു. പൊലീസ് സ്റ്റേഷനു നേരെ കനത്ത കല്ലേറ് നടക്കുന്നതായി വിവരം കിട്ടി. വയര്‍ലെസ്സില്‍ വിവരം പറഞ്ഞുകൊണ്ടിരുന്ന ഓപ്പറേറ്റര്‍ തന്നെ വല്ലാത്ത പരിഭ്രമത്തിലായിരുന്നുവെന്ന് വ്യക്തം. അടുത്ത് കേള്‍ക്കുന്നത് അവിടെ വെടിവെയ്പായി എന്നാണ്. അത്തരമൊരു സാഹചര്യം ഞങ്ങളുടെ എല്ലാ വിലയിരുത്തലുകള്‍ക്കുമപ്പുറം ആയിരുന്നു. അങ്ങേയറ്റം വന്നാല്‍ ഒരു ചെറിയ ലാത്തിച്ചാര്‍ജ്ജ്. അതും ആലപ്പുഴ പോലുള്ള ഹെഡ് ക്വാര്‍ട്ടേഴ്സില്‍ ആണ് പ്രതീക്ഷിച്ചത്. ഞാനുടനെ മാരാരിക്കുളത്തേയ്ക്ക് തിരിച്ചു. ദേശീയപാതയിലൂടെ ജംഗ്ഷനിലെത്തുമ്പോള്‍ അവിടവിടെ ചെറിയ ആള്‍ക്കൂട്ടം കണ്ടു. കുറെ വാഹനങ്ങള്‍ റോഡരുകില്‍ കിടക്കുന്നുണ്ടായിരുന്നു. ചില വാഹനങ്ങളുടെ ചില്ലുകള്‍ പൊട്ടിയിട്ടുണ്ട്. പൊലീസ് സ്റ്റേഷന്റെ മുന്നിലപ്പോള്‍ ജാഥയോ പ്രതിഷേധമോ ഒന്നും  കണ്ടില്ല. ഞാനെത്തുന്ന 15 മിനിറ്റിനുള്ളില്‍ അവരെല്ലാം പിരിഞ്ഞുപോയിരുന്നു; അല്ലെങ്കില്‍ പിരിച്ചുവിട്ടിരുന്നു. 

പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടിന്റെ ദൃശ്യം അമ്പരപ്പിക്കുന്നതായിരുന്നു. സാമാന്യം വിസ്തൃതമായ ആ മുറ്റം നിറയെ വലിയ ചരല്‍ക്കല്ലുകളും കുറേ കുറുവടികളും. അക്രമത്തിന്റെ രൂക്ഷത അതു കണ്ടപ്പോള്‍ത്തന്നെ മനസ്സിലായി. ചുമ്മാതല്ല വെടിവെയ്പൊക്കെ ഉണ്ടായത്; മനസ്സില്‍ തോന്നി. ഡി.വൈ.എസ്.പി ജിനരാജന്‍ എന്നെ സ്വീകരിക്കാനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ യൂണിഫോം ഷര്‍ട്ടിന്റെ കോളറിലും തൊട്ട് താഴെയും രക്തക്കറ. മുഖത്ത് ചെവിയിലും താഴെയും പരിക്കേറ്റിട്ടുണ്ട്. പക്ഷേ, അതൊന്നും അശേഷം ബാധിച്ചിട്ടില്ലെന്നു തോന്നും ആ ഭാവം കണ്ടാല്‍. മനസ്സില്‍ തോന്നി, പൊലീസുദ്യോഗസ്ഥനായാല്‍ ഇങ്ങനെ വേണം. അദ്ദേഹത്തിന്റെ വാക്കുകളില്‍ നേരിയ രോഷം പ്രകടമായിരുന്നു. ജനാധിപത്യരീതിയിലുള്ള പ്രതിഷേധത്തിനിടയ്ക്ക് ചിലപ്പോള്‍ വൈകാരികമായ പ്രകടനങ്ങളും ചെറിയ അക്രമവുമൊക്കെ ഉണ്ടാകുന്നത് മനസ്സിലാക്കാവുന്നതാണ്. പക്ഷേ, മാരാരിക്കുളം പോലൊരു സ്ഥലത്ത്, ഇത്ര രൂക്ഷമായ ഒരാക്രമണം പൊലീസിനു നേരെ നടത്താന്‍ പ്രകടമായ ഒരു ന്യായീകരണവുമുണ്ടായിരുന്നില്ല. ആലപ്പുഴ ടൗണിന്റെ പരിധിക്കു തൊട്ടപ്പുറത്താണെങ്കിലും താരതമ്യേന ഗ്രാമീണ സ്വഭാവമുള്ള ആ സ്ഥലത്ത് ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരുമൊക്കെ പരസ്പരം അറിയുന്നവരുമാണ്. അങ്ങനെയുള്ള ഒരു സ്ഥലത്ത് ജാഥയായി സ്റ്റേഷനടുത്തേയ്ക്ക് എത്തി പൊലീസുകാരുടെ നിരയോടടുക്കുമ്പോള്‍ത്തന്നെ കുറുവടികളും ചരല്‍ക്കല്ലുകളുംകൊണ്ട് വലിയ ആക്രമണമാണ് നടത്തിയത്. അത് തികച്ചും അപ്രതീക്ഷിതമായിരുന്നു. ആദ്യം പരിക്കേറ്റ പലരും കല്ലേറിന്റെ മുന്നില്‍ നില്‍ക്കക്കള്ളിയില്ലാതെ പിന്‍മാറുന്ന അവസ്ഥയുണ്ടായി. അക്കാലത്ത് ഇത്തരം സന്ദര്‍ഭങ്ങളില്‍ സംരക്ഷണത്തിനുതകുന്ന ഷീല്‍ഡുകളും ഹെല്‍മെറ്റും എല്ലാം പൊലീസിനു വളരെ കുറവായിരുന്നു. ഡി.വൈ.എസ്.പി ജിനരാജനും മറ്റുദ്യോഗസ്ഥരും മനസ്സാന്നിദ്ധ്യത്തോടെ മുന്നില്‍  നിന്നതുകൊണ്ടാണ് കുറേയെങ്കിലും ചെറുക്കാനായത്. അക്രമം രൂക്ഷമായപ്പോള്‍ ആകാശത്തേയ്ക്ക് ഏതാനും റൗണ്ടുകള്‍  വെടിവെയ്ക്കുകയും ചെയ്തു. അതേത്തുടര്‍ന്നാണ് അക്രമിസംഘം പിന്മാറിയത്. 

പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിനുള്ളില്‍ കയറുമ്പോള്‍ അവിടെ പലേടത്തുമായി നന്നായി പരിക്കേറ്റ് രക്തം വാര്‍ന്നിരുന്ന പൊലീസുകാരെ കണ്ടു. പലരും ശാരീരികമായും മാനസികമായും അവശരായിരുന്നു. മറ്റൊരിടത്തായി പ്രതിഷേധസമരക്കാരില്‍നിന്നും പൊലീസ് അറസ്റ്റുചെയ്ത കുറേ ആളുകളേയും കണ്ടു. അവരുടെ  ദേഹത്തും പരിക്കുണ്ടായിരുന്നു. അവര്‍ ഒരു മുറിയുടെ മൂലയില്‍ ഭിത്തിയോട് ചേര്‍ന്ന് കൂട്ടംകൂടി നില്‍ക്കുകയും ഇരിക്കുകയുമൊക്കെ ആയിരുന്നു. ഭിത്തിയില്‍ ചെറുതായി ചോരപ്പാടുകളുണ്ടായിരുന്നു. പൊലീസ് സ്റ്റേഷനകത്തെ അവസ്ഥ വളരെ അസ്വസ്ഥതയുണ്ടാക്കുന്നതും അതിലേറെ അപകടകരവുമായിരുന്നുവെന്നെനിക്കു തോന്നി. അറസ്റ്റിലായവരും അവശരാണ്. പൊലീസുകാരുടെ രോഷം അവരുടെ നേരെ തിരിയാനുള്ള സാദ്ധ്യതയും ആ അന്തരീക്ഷത്തില്‍ അവഗണിക്കാനാവില്ലല്ലോ. ഇതുപോലുള്ള സന്ദര്‍ഭങ്ങള്‍ വലിയ പരീക്ഷണമാണ്. നിയമം, യുക്തി, അച്ചടക്കം, വിവേകം തുടങ്ങിയതൊക്കെ അപ്രത്യക്ഷമായി; ആ സ്ഥാനം വികാരം പൂര്‍ണ്ണമായും കീഴടക്കുവാനിടയുണ്ട്. അതിന് കീഴ്പ്പെട്ടാല്‍ അനന്തരഫലം വിനാശകരമാകാം. അതുകൊണ്ട് പരിക്കേറ്റ പൊലീസുകാരേയും സമരക്കാരേയും ഉടന്‍ ആശുപത്രിയിലേയ്ക്ക് അയയ്ക്കാനുള്ള നടപടി സ്വീകരിക്കാന്‍ ഞാന്‍ നിര്‍ദ്ദേശം നല്‍കി. അതിനുള്ള എഴുത്തുകുത്തുകള്‍ വേഗം തയ്യാറാക്കാനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. 

ഈ ഘട്ടത്തില്‍ അവിടുത്തെ എം.എല്‍.എ കൂടിയായിരുന്ന അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പൊലീസ് സ്റ്റേഷനില്‍ വന്നു. അദ്ദേഹത്തിന് സ്റ്റേഷന്‍ പരിസരം  കണ്ടപ്പോള്‍ത്തന്നെ കല്ലേറിന്റെ രൂക്ഷത മനസ്സിലായിരുന്നിരിക്കണം. ഉള്ളില്‍ കടന്നപ്പോള്‍ പരിക്കേറ്റ പൊലീസുകാരേയും കസ്റ്റഡിയിലുണ്ടായിരുന്ന സമരക്കാരേയും കണ്ടു. സമരക്കാര്‍ക്കും നല്ല പരിക്കുണ്ടായിരുന്നു. അദ്ദേഹം എന്നോട് പരിക്കേറ്റവരെ ചികിത്സയ്ക്ക് അയയ്ക്കുന്ന കാര്യത്തെക്കുറിച്ച് സംസാരിച്ചു. അതിനുള്ള റിപ്പോര്‍ട്ട്   എഴുതുകയാണെന്നും ഉടനെ ആശുപത്രിയില്‍  അയയ്ക്കുമെന്നും ഞാന്‍ പറഞ്ഞു. അന്നുണ്ടായ സംഭവങ്ങളുടെ ശരിതെറ്റുകളെ പറ്റിയൊന്നും അദ്ദേഹം യാതൊന്നും അപ്പോള്‍ പറഞ്ഞില്ല. കുറേ സമയം കൂടി അദ്ദേഹം പൊലീസ് സ്റ്റേഷനിലിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ സാധാരണയായി ഉയര്‍ന്ന ഉദ്യോഗസ്ഥരെ കാണുമ്പോള്‍ പൊലീസ് നടപടികളില്‍ എന്തെങ്കിലും കുറ്റവും കുറവും കണ്ടുപിടിച്ച് വിമര്‍ശിക്കുന്ന രീതി നേതാക്കള്‍ക്കുണ്ട്. പക്ഷേ, അദ്ദേഹം അതിനൊന്നും മുതിര്‍ന്നില്ല. പുന്നപ്ര-വയലാര്‍ സമരകാലം മുതല്‍ സമരവും സംഘര്‍ഷവും പൊലീസ് നടപടിയുമെല്ലാം നേരിട്ടിട്ടുള്ള അനുഭവത്തിന്റെ ഉടമയാണല്ലോ അദ്ദേഹം. അന്നത്തെ സംഭവത്തില്‍ തന്റെ സഖാക്കളും പരിധിവിട്ട് പ്രവര്‍ത്തിച്ചുവെന്ന ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നിരിക്കണം. പരിക്കേറ്റ പൊലീസുകാരേയും സമരക്കാരേയും പെട്ടെന്ന്  പൊലീസ് വാഹനങ്ങളില്‍ ആശുപത്രിയിലേയ്ക്കയച്ചു.

എണ്ണം തികയ്ക്കാനുള്ള പ്രതികള്‍

പൊലീസ് സ്റ്റേഷനില്‍ ഞാനെത്തുമ്പോള്‍ അതിനു മുന്നിലെ ഹൈവേയിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. പ്രതിഷേധസമരക്കാരുടെ കല്ലേറിനെ പേടിച്ചായിരുന്നു അത്. അതുടന്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കി. സമരത്തിന്റെ പേരില്‍ ഇത്രയും അക്രമം നടത്തിയിട്ട് വീണ്ടും യാത്രക്കാരേയും നാട്ടുകാരേയും ഉപദ്രവിക്കാന്‍ പോയാല്‍ സമരത്തിലില്ലാത്ത സാധാരണ ജനങ്ങള്‍ അവര്‍ക്കെതിരാകും എന്നായിരുന്നു വിലയിരുത്തല്‍. സംഘര്‍ഷത്തിന്റെ അന്തരീക്ഷം ലഘൂകരിച്ച് സാധാരണ ജീവിതം പുന:സ്ഥാപിക്കുന്നതിനും അതാവശ്യമാണ്.

പരിക്കേറ്റ മറ്റുള്ളവരെയെല്ലാം ആശുപത്രിയിലേയ്ക്കയച്ചപ്പോഴും ഡി.വൈ.എസ്.പി ജിനരാജന്‍ പൊലീസ് സ്റ്റേഷനിലുണ്ടായിരുന്നു. മറ്റ് ഉദ്യോഗസ്ഥരെ ചുമതല ഏല്പിച്ച് അദ്ദേഹത്തേയുംകൊണ്ട് ആശുപത്രിയിലേയ്ക്ക് പോകാന്‍ തുടങ്ങുമ്പോള്‍ തിരുവനന്തപുരത്തുനിന്ന് ഡി.ജി.പി ജയറാം പടിക്കല്‍ പൊലീസ് സ്റ്റേഷന്‍ ഫോണില്‍ എന്നെ വിളിച്ചു. അദ്ദേഹം എന്നോട് സംഭവത്തിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞു. എല്ലാം കേട്ട ശേഷം അദ്ദേഹം ഒറ്റ കാര്യം മാത്രം ചോദിച്ചു, അവിടെ ടിയര്‍ ഗ്യാസ് ഉപയോഗിച്ചുകൂടായിരുന്നോ എന്ന്. വളരെ പെട്ടെന്നുള്ള അതിരൂക്ഷമായ ആക്രമണമായതിനാല്‍ ടിയര്‍ഗ്യാസ് ഉപയോഗിക്കുക പ്രായോഗികമല്ലായിരുന്നു. മാത്രമല്ല, കാറ്റിന്റെ അവസ്ഥയും പ്രതികൂലമായിരുന്നു എന്ന് ഞാന്‍ വിശദീകരിച്ചു. കഴിയുന്നിടത്തോളം വെടിവെയ്പ് ഒഴിവാക്കാന്‍ ശ്രമിക്കണം എന്നൊരു നിര്‍ദ്ദേശം മാത്രം അദ്ദേഹം നല്‍കി. കൂടുതല്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്ക അദ്ദേഹത്തിനുണ്ടായിരുന്നു.  മൊത്തത്തില്‍ അദ്ദേഹത്തിന്റെ സമീപനം ആ അവസരത്തില്‍ വളരെ ഗുണകരമായാണ് എനിക്കു തോന്നിയത്. തികച്ചും പ്രൊഫഷണല്‍ എന്നുതന്നെ അതിനെ വിശേഷിപ്പിക്കാം. 
ഫോണ്‍ വെച്ച ഉടനെ,  ഡി.വൈ.എസ്.പിയുമായി എന്റെ കാറില്‍ ചേര്‍ത്തല ഗവണ്‍മെന്റ് ആശുപത്രിയിലേയ്ക്ക് തിരിച്ചു. എന്റെ വാഹനം ആശുപത്രിയുടെ തൊട്ടടുത്തെത്തിയപ്പോള്‍ വയര്‍ലെസ്സില്‍ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ എന്നെ വിളിച്ചു. അദ്ദേഹത്തിന്റെ തുടക്കം തന്നെ കുറ്റപ്പെടുത്തുന്ന മട്ടിലായിരുന്നു. അത് മുഖവിലയ്ക്കെടുത്താല്‍ തോന്നുക വെടിവെയ്പുണ്ടായത് എസ്.പിയുടെ കുഴപ്പം കൊണ്ടാണെന്നാണ്. യാന്ത്രികമായി അത് കേട്ടു. പക്ഷേ, പൊട്ടിത്തെറി അവസാനിക്കുന്നില്ല. അദ്ദേഹം അറിയുന്നതിനു മുന്നേ ഡി.ജി.പി വെടിവെയ്പിനെപ്പറ്റി അറിഞ്ഞുവെന്നതാണ് മുഖ്യ പരാതിയെന്നെനിക്കു മനസ്സിലായി. അദ്ദേഹം സംഭാഷണം അവസാനിപ്പിക്കുന്ന മട്ടില്ലായിരുന്നു. അവസാനം നിവൃത്തിയില്ലാതെ പറഞ്ഞു: ''ഞാനിപ്പോള്‍ സംഭവത്തില്‍ പരിക്കേറ്റ ഡി.വൈ.എസ്.പിയെ ഡോക്ടറെ കാണിക്കാന്‍ കൊണ്ടുവന്നിരിക്കയാണ്. ചേര്‍ത്തല ആശുപത്രിക്കടുത്തെത്തി. അതാണ് അത്യാവശ്യം. അതു കഴിഞ്ഞ് വിശദമായി സംസാരിക്കാം'' എന്ന്. അതിന് അദ്ദേഹം വഴങ്ങി, ഉടന്‍ തിരികെ വിളിക്കണമെന്ന ശക്തമായ നിബന്ധനയോടെ. ഞങ്ങളുടനെ ഡോക്ടറെ കണ്ടു. ചെവിയുടെ കാര്‍ട്ടിലേജിന്റെ പരിക്കായിരുന്നു പ്രധാനം. അദ്ദേഹത്തെ അവിടെ കിടത്തി ചികിത്സിക്കേണ്ടതാണെന്ന് ഡോക്ടര്‍ അഭിപ്രായപ്പെട്ടതുകൊണ്ട് അങ്ങനെ ചെയ്തു. 

ഞാന്‍ തിരികെ മാരാരിക്കുളം  പൊലീസ് സ്റ്റേഷനില്‍ വന്ന് അവിടെ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ സഹപ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്തു. രാവിലെ ഉണ്ടായ അക്രമസംഭവത്തിന് എഫ്.ഐ.ആര്‍ എടുത്തിരുന്നു. കേസന്വേഷണത്തിന് കൂടുതല്‍  പൊലീസുദ്യോഗസ്ഥരടങ്ങുന്ന ഒരു സംഘത്തെ രൂപീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. സംഭവം ഗൗരവമായെടുത്ത് ശരിയാംവണ്ണം അന്വേഷിച്ച് യഥാര്‍ത്ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യണം എന്ന സമീപനമാണ് സ്വീകരിച്ചത്. തിരുവനന്തപുരത്തുനിന്ന് നേരത്തെ വയര്‍ലെസ്സില്‍ വിളിച്ച ഉദ്യോഗസ്ഥന്‍ വീണ്ടും വിളിച്ചു. ഇക്കുറി പൊലീസ് സ്റ്റേഷനിലെ ഫോണിലാണ് വിളിച്ചത്. നേരത്തെ വയര്‍ലെസ്സില്‍ സംസാരിച്ചതിനേക്കാള്‍ അല്പം കൂടി മയത്തിലായിരുന്നു സംസാരം. അതും ഒരുതരം തന്ത്രമാണെന്നാണെന്റെ തോന്നല്‍. വയര്‍ലെസ്സ്  മറ്റുള്ളവരും കേള്‍ക്കുന്നതാണല്ലോ, എന്റെ മറുപടിയും. അതുകൂടി കണക്കിലെടുത്തുതന്നെയായിരുന്നു. ഫോണില്‍ അല്പം ശാന്തത പ്രകടിപ്പിച്ചുവെങ്കിലും അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങളില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നു. എന്നോടാവശ്യപ്പെട്ട ഒരു കാര്യം അന്നുതന്നെ 150 മാര്‍ക്സിസ്റ്റുകാരെയെങ്കിലും അറസ്റ്റു ചെയ്യണമെന്നാണ്. മാര്‍ക്കറ്റില്‍ പോയി 150 കോഴിക്കുഞ്ഞുങ്ങളെ വാങ്ങണം എന്നു പറയുന്ന ലാഘവത്തോടെയാണ് പറയുന്നത്. ഈ രീതിയില്‍ കുറേയേറ കാര്യങ്ങള്‍ പറഞ്ഞു. അതെല്ലാം ഒരു ചെവിയിലൂടെ കയറി മറ്റെ ചെവിയിലൂടെ പുറത്തുപോയി; അപ്പോള്‍ത്തന്നെ. 

യഥാര്‍ത്ഥത്തില്‍ ഇത്തരം നടപടികളാണ് പൊലീസിനെ ദുര്‍ബ്ബലപ്പെടുത്തുന്നത്. അറസ്റ്റിന്റെ  എണ്ണം തികയ്ക്കാന്‍ ഉള്ള നിര്‍ദ്ദേശം താഴെത്തട്ടില്‍ ചെന്നാല്‍ അവര്‍ക്കതു നിയമപരമായി നടപ്പാക്കാന്‍ ബുദ്ധിമുട്ടാകും. അങ്ങനെ വരുമ്പോള്‍ കുറുക്കുവഴി തേടി ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട രാഷ്ട്രീയ നേതാവിനെത്തന്നെ സമീപിക്കും. അപ്പോള്‍, തെളിവുകളുടെ അടിസ്ഥാനത്തില്‍ ആരാണ് പ്രതി എന്നൊന്നും അന്വേഷണ ഉദ്യോഗസ്ഥന് തീരുമാനമെടുക്കാനാവില്ല. ഫലത്തില്‍ പ്രതികളെ തീരുമാനിക്കുന്നതും രാഷ്ട്രീയനേതാക്കള്‍ തന്നെയാകാം. അങ്ങനെ ഹാജരാക്കുന്ന വ്യക്തികളാകുമ്പോള്‍ അവരെ ചോദ്യം ചെയ്യുക, അവരില്‍നിന്നും കുറ്റകൃത്യം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നേടുക തുടങ്ങിയ കാര്യങ്ങളെല്ലാം അപ്രസക്തമാകുകയും ചെയ്യും. ഇതിന്റെയൊക്കെ അനന്തരഫലം പൊലീസ് ദുര്‍ബ്ബലപ്പെടുകയും ഇടനിലക്കാരനെപ്പോലെ നില്‍ക്കുന്ന നേതാവ് പ്രബലനാകുകയും ചെയ്യും. സങ്കുചിത ഉദ്യോഗസ്ഥ താല്പര്യവും സങ്കുചിത രാഷ്ട്രീയ താല്പര്യവും മാത്രം സംരക്ഷിക്കാന്‍ ഉതകുന്ന അവിശുദ്ധമായ  ഈ ഏര്‍പ്പാട് പൊലീസിന്റെ വിശ്വാസ്യത തകര്‍ക്കും. സമൂഹം അതിനു വലിയ വില നല്‍കുകയും ചെയ്യുന്നുണ്ട് .

നിയമത്തിന്റെ വഴിയിലൂടെയുള്ള പ്രയാണം

ഡി.ഐ.ജി ആയിരുന്ന രാജ്ബഹദൂര്‍ സാര്‍ അന്നുതന്നെ പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചിരുന്നു. 'മുകളില്‍'നിന്നുള്ള തെറ്റായ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് നിയമാനുസരണം മുന്നോട്ട് പോകാന്‍ അദ്ദേഹം നല്‍കിയ പിന്തുണ വലുതായിരുന്നു. ആ നീതിബോധം പ്രശംസനീയമായിരുന്നു. മാരാരിക്കുളം കേസിന്റെ അന്വേഷണം ചിട്ടയായി മുന്നോട്ട് പോയപ്പോള്‍ സമരക്കാരും നേതാക്കളും  പ്രതിരോധത്തിലായി. ആരാണ് അറസ്റ്റിലാകുക എന്ന മുന്‍ധാരണ ഇല്ലാത്ത സാഹചര്യത്തില്‍ പലരും പരിഭ്രാന്തിയിലായി. ഒരു ദിവസം വൈകുന്നേരം ചില സീനിയര്‍ നേതാക്കളെ പൊലീസ് ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ഒരു കിംവദന്തി പരന്നു. തിരുവനന്തപുരത്തായിരുന്ന പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ എന്നെ ഫോണ്‍ ചെയ്തു. അന്നു സന്ധ്യയ്ക്ക് പൊലീസ്, അവിടുത്തെ ചില പ്രധാന നേതാക്കളെ, അവര്‍ക്ക് സംഭവവുമായി ബന്ധമില്ലെങ്കിലും അറസ്റ്റുചെയ്യാന്‍ പോകുന്നുവെന്ന ഉറച്ച ധാരണയിലാണ് അദ്ദേഹം സംസാരിച്ചത്. അക്കാര്യത്തില്‍ അദ്ദേഹത്തിനു ലഭിച്ച അറിവ് തെറ്റാണ് എന്ന് ഞാന്‍ ഉറപ്പിച്ചു പറഞ്ഞു. സംഭാഷണത്തിനിടയില്‍ ''മിസ്റ്റര്‍ ഹേമചന്ദ്രന്‍ എസ്.പി. ആയിരിക്കുമ്പോള്‍ അങ്ങനെ  സംഭവിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല'' എന്ന് അദ്ദേഹം പറഞ്ഞതോര്‍ക്കുന്നു. 

മാരാരിക്കുളം സംഭവത്തിനു ശേഷം രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പൊലീസ് ആസ്ഥാനത്ത് നിന്ന് എനിക്കൊരു കത്തുവന്നു. അതില്‍ ആഭ്യന്തര  സെക്രട്ടറി ഡി.ജി.പിക്കെഴുതിയ ഒരു അര്‍ദ്ധ ഔദ്യോഗിക കത്ത് ഉള്ളടക്കം ചെയ്തിരുന്നു. സര്‍ക്കാര്‍ സംവിധാനത്തില്‍ ഈ അര്‍ദ്ധ ഔദ്യോഗിക കത്തുകള്‍ പലപ്പോഴും മാരകമാണ്. പിറകേ വരാനിരിക്കുന്ന അച്ചടക്കനടപടിയുടേയോ സ്ഥാനചലനത്തിന്റേയോ ഒക്കെ നാന്ദിയാകാം. പക്ഷേ, സര്‍ക്കാര്‍ ജീവികളല്ലാത്ത മനുഷ്യജീവികള്‍  വായിച്ചാല്‍ സംഗതി പിടികിട്ടില്ല. ഇത് വല്ല പ്രേമലേഖനവുമാണോ എന്ന് തെറ്റിദ്ധരിച്ചുപോകും. കത്ത് തുടങ്ങുന്നത് 'എന്റെ പ്രിയപ്പെട്ട' എന്നോ 'My dear' എന്നോ ഒക്കെയാകാം. പ്രണയപരവശയായ ശകുന്തള ദുഷ്യന്തനെ അഭിസംബോധന ചെയ്തിരിക്കാനിടയുള്ളതുതന്നെ. ഒരു വ്യത്യാസം മാത്രം. അവിടെ പ്രിയതരമായതിന്റെ എളിയ തുടക്കമാണ് ആ അഭിസംബോധന. സര്‍ക്കാരിലാകട്ടെ, അഭിസംബോധനയ്ക്കു ശേഷം വരുന്നത് വിഷം പുരണ്ട അമ്പുകളാകാം. Handle with care (സൂക്ഷിച്ച് കൈകാര്യം ചെയ്യണം) എന്നൊരു അപായസൂചന  നല്‍കേണ്ടുന്ന ഇനമാണ്. മാരാരിക്കുളത്ത് പൊലീസ് വെടിവെയ്പ് നടന്നതായി പത്രദ്വാരാ  അറിഞ്ഞുവെന്നാണ് അര്‍ദ്ധ ഔദ്യോഗിക കത്തിന്റെ ആരംഭം. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി ആഭ്യന്തരവകുപ്പ് അറിഞ്ഞിട്ടില്ല. അറിയിക്കേണ്ടത് ജില്ലാ പൊലീസ് മേധാവി ആണെന്നും അറിയിക്കാത്തത് ജില്ല എസ്.പിയുടെ വലിയ വീഴ്ച ആണെന്നും അത് മുന്നേറി.  അതിന്മേല്‍ ഡി.ജി.പിയുടെ വക booster dose (വീര്യം വര്‍ദ്ധിപ്പിക്കല്‍)  ഒന്നും ഉണ്ടായിരുന്നില്ല. വെറും അഭിപ്രായത്തിന്  (for remarks) എന്നു മാത്രമേ രേഖപ്പെടുത്തിയിരുന്നുള്ളു. 'പ്രണയ ലേഖനം' കിട്ടിയെങ്കിലും വലിയ ഉല്‍ക്കണ്ഠ ഒന്നുമുണ്ടായില്ല. കാരണം, ആഭ്യന്തരവകുപ്പിനെ അറിയിക്കേണ്ട ഉത്തരവാദിത്വം എസ്.പിയുടേതല്ല എന്ന അടിസ്ഥാന വിവരം എനിക്കുണ്ടായിരുന്നു. അതിനാധാരമായ ഉത്തരവ് തേടിപ്പിടിച്ചാല്‍ മാത്രം മതി. അത് കണ്ടെത്താം എന്ന് ഉറപ്പുണ്ടായിരുന്നു. അതങ്ങനെ മാറ്റിവച്ചപ്പോള്‍ വരുന്നു അടുത്ത അര്‍ദ്ധ ഔദ്യോഗിക കത്ത്. അതാകട്ടെ, വെടിവെയ്പ് ദിവസം വയര്‍ലെസ്സിലൂടെയും ഫോണിലൂടെയും എന്നെ 'ഗുണദോഷിച്ച' ഉന്നതന്റെ വക. ആദ്യത്തെ 'അര്‍ദ്ധ ഔദ്യോഗിക'ത്തോടൊപ്പം സ്വന്തം വക അതിശക്തമായ ഒരു കത്തും കൂട്ടിച്ചേര്‍ത്ത് വര്‍ദ്ധിതവീര്യമുള്ള ഒരുല്പന്നമാക്കി വിശദീകരണത്തിനായി എനിക്കു ലഭിച്ചു. കുറ്റപ്പെടുത്തലുകളും കര്‍ശന നിര്‍ദ്ദേശങ്ങളും ഒക്കെ ഒരുപാട് അതിലുണ്ടായിരുന്നു.  എല്ലാത്തിനും അടിസ്ഥാനം ക്രമസമാധാനപ്രശ്നം ആഭ്യന്തര വകുപ്പില്‍ അറിയിക്കാതിരുന്നത് ജില്ലാ എസ്.പിയുടെ വീഴ്ച ആയിരുന്നുവെന്ന സെക്രട്ടറിയുടെ അഭിപ്രായമായിരുന്നു. ഇത്രയുമായപ്പോള്‍ ഇക്കാര്യം സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി തന്നെ 1991-ല്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ ഞാന്‍ കണ്ടെത്തി. അതില്‍ ഇതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് ആരെയെല്ലാം അറിയിക്കണമെന്നും എങ്ങനെയാണ് അറിയിക്കേണ്ടതെന്നും കൃത്യമായി രേഖപ്പെടുത്തിയിരുന്നു. അതിന്‍പ്രകാരം എസ്.പി.എം.ആര്‍ എന്ന ചുരുക്കപ്പേരുള്ള സ്റ്റേറ്റ് പൊലീസ് മോണിട്ടറിംഗ് റൂം ആണ് ഇത്തരം വിവരങ്ങള്‍ ആഭ്യന്തര സെക്രട്ടറി ഉള്‍പ്പെടെ ഉള്ളവരെ അറിയിക്കേണ്ടത്. അക്കാര്യത്തില്‍ ജില്ലാ എസ്.പിക്കാണ് ഉത്തരവാദിത്വം എന്ന ആഭ്യന്തര സെക്രട്ടറിയുടെ ധാരണ തെറ്റായിരുന്നു. അതുകൊണ്ട് അര്‍ദ്ധ ഔദ്യോഗിക കത്തിനുള്ള മറുപടി എളുപ്പമായി. പ്രസക്തമായ സര്‍ക്കുലറിന്റെ പകര്‍പ്പും കൂടി അയച്ചുകൊടുത്തു. ഡി.ജി.പിയുടെ സര്‍ക്കുലറിനു വിരുദ്ധമാണ് ഇക്കാര്യത്തില്‍ എനിക്കു കിട്ടിയിരിക്കുന്ന 'കര്‍ശന നിര്‍ദ്ദേശം' എന്നും അതുകൊണ്ട് ഏതാണ് പിന്തുടരേണ്ടത് എന്നും  രേഖാമൂലം ചോദിച്ചു. അതോടെ 'കര്‍ശന നിര്‍ദ്ദേശം' പിന്‍വലിക്കപ്പെട്ടു. 

ഗൗരവമുള്ള എത്രയോ  ജനകീയ പ്രശ്നങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കു കൈകാര്യം ചെയ്യുവാനുണ്ട്. പക്ഷേ, പല ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരുടെപോലും  സമയവും ഊര്‍ജ്ജവും ധാരാളം അപഹരിക്കുന്നത് തികച്ചും ബാലിശമായ സംഗതികളോ എവിടേയും എങ്ങനേയും കുറ്റം കണ്ടുപിടിക്കുന്നതിനുള്ള വ്യഗ്രതയോ ആണ് എന്ന് പറയാതെ വയ്യ. ഇങ്ങനെ സൃഷ്ടിക്കുന്ന 'ജോലിഭാരം' ഒഴിവാക്കിയാല്‍ത്തന്നെ ഉദ്യോഗസ്ഥ സംവിധാനം എത്രയോ ജനോപകാരപ്രദമാകും. പക്ഷേ, അതെളുപ്പമല്ല. കാരണം, ഏതാണ്ടൊരു ജനിതക സ്വഭാവം ഇതിനുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com