'കാലമിനിയുമുരുളും;' ശ്രീകൃഷ്ണ ജയന്തിയും നബിദിനവും എല്ലാം ഇനിയും വരും

കാലചക്രം തിരിയുന്നതോടൊപ്പം കഥ ഇപ്പോഴും മാറിക്കൊണ്ടിരിക്കുന്നു. കഥയുടെ ഗതി എങ്ങോട്ടാണ്?
'കാലമിനിയുമുരുളും;' ശ്രീകൃഷ്ണ ജയന്തിയും നബിദിനവും എല്ലാം ഇനിയും വരും

ന്റെ കണ്‍മുന്നില്‍ കാലം മാറി, കഥ മാറി. പക്ഷേ ഞാനതറിഞ്ഞില്ല. 1989-ല്‍ എ.എസ്.പി ആയി കുന്നംകുളത്ത് ജോലി ചെയ്തിരുന്ന കാലത്ത് ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ പൊലീസ് ക്രമീകരണം എന്റെ സജീവ ശ്രദ്ധയില്‍ വന്നിരുന്നില്ല. അന്നതിന്റെ ആവശ്യമുണ്ടായിരുന്നില്ല. രണ്ടു വര്‍ഷം കഴിഞ്ഞ് ആലപ്പുഴയില്‍ എസ്.പി  ആയെത്തുമ്പോഴേയ്ക്കും അതായിരുന്നില്ല അവസ്ഥ. ജില്ലാ പൊലീസ് സൂപ്രണ്ട് നേരിട്ട് നിര്‍ദ്ദേശങ്ങള്‍ നല്‍കി ക്രമസമാധാനപാലനത്തിനു വിപുലമായ പൊലീസ് സന്നാഹം ആവശ്യമായ ഒന്നായി അതു മാറി. ഈ വലിയ മാറ്റം ഒരു ആഘോഷത്തിന്റെ കാര്യത്തില്‍ മാത്രം ആകസ്മികമായി സംഭവിച്ചതല്ല. 1980-കളുടെ അന്ത്യം മുതല്‍ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും മതവിശ്വാസങ്ങളുടെ  അടിസ്ഥാനത്തില്‍ പരമ്പരാഗതമായി നടന്നുവന്നിരുന്ന പല ആഘോഷങ്ങളുടേയും  വ്യാപ്തിയും തീവ്രതയും ക്രമാനുഗതമായി  വര്‍ദ്ധിച്ചുവന്നു. രാമജന്മഭൂമി-ബാബ്റി മസ്ജിദ് പ്രക്ഷോഭം ഉള്‍പ്പെടെ കാരണങ്ങള്‍ പലതായിരുന്നിരിക്കണം. അതിലേയ്ക്ക് ഇവിടെ കടക്കുന്നില്ല. സമൂഹത്തിലുണ്ടായിക്കൊണ്ടിരുന്ന വലിയ  മാറ്റം പൊലീസിന്റെ പ്രവര്‍ത്തനങ്ങളെ ഗണ്യമായി സ്വാധീനിച്ചു. മുന്‍കാലങ്ങളില്‍ പൊലീസ് അവഗണിച്ചിരുന്നതോ പൊലീസിന്റെ സജീവമായ ജാഗ്രതയും ഇടപെടലും ആവശ്യമില്ലാതിരുന്നതോ ആയ പല ആഘോഷങ്ങളും ആരാധനാലയങ്ങളിലെ ഉത്സവങ്ങളും ക്രമേണ പൊലീസിനു വലിയ തലവേദനയായി തുടങ്ങി. അനുഭവങ്ങള്‍ അത് കൂടുതല്‍ ബോദ്ധ്യപ്പെടുത്തി. പൊലീസിന്റെ ജാഗ്രതകൊണ്ടും സമയോചിതമായ ഇടപെടലുകള്‍കൊണ്ടും വലിയ പ്രശ്‌നങ്ങള്‍ ആയി മാറാന്‍ സാദ്ധ്യതയുള്ള പലതും മുളയിലേ നുള്ളാന്‍ കഴിഞ്ഞു.

ആലപ്പുഴയില്‍ അക്കാലത്ത്   അത്തരം എത്ര   സന്ദര്‍ഭങ്ങളാണുണ്ടായത്? ആലപ്പുഴ നഗരത്തില്‍  ശ്രീകൃഷ്ണജയന്തി ഘോഷയാത്ര നടക്കുമ്പോള്‍ ഞാന്‍ ഓഫീസിലുണ്ടായിരുന്നു. എ.എസ്.പി പത്മകുമാറും ടൗണ്‍ സി.ഐ വി.സി. സോമനും എല്ലാം യാത്രയ്ക്കൊപ്പമുണ്ടായിരുന്നു. തളരാത്ത ഊര്‍ജ്ജത്തിന്റെ പ്രതീകം പോലെ ടൗണ്‍ സൗത്ത്, നോര്‍ത്ത് സ്റ്റേഷനുകളുടെ ചുമതലയുണ്ടായിരുന്ന യുവാക്കളായ എസ്.ഐമാര്‍ സാലിയും വര്‍ഗ്ഗീസും എല്ലായിടത്തും ഓടിനടന്നു. അതിവിപുലമായ ഘോഷയാത്ര വളരെ സുഗമമായി നഗരവീഥികളില്‍ എല്ലാപേരുടേയും ശ്രദ്ധയാകര്‍ഷിച്ച് മുന്നോട്ടുപോയി. സന്ധ്യ കഴിഞ്ഞ് ഘോഷയാത്ര ഏതാണ്ട് അവസാനിക്കാറായപ്പോള്‍ വ്യക്തിപരമായ ഒരത്യാവശ്യം ഉണ്ടായിരുന്നതുകൊണ്ട് ഞാന്‍ പെട്ടെന്ന്  വീട്ടില്‍ പോയി. അവിടെയും വയര്‍ലെസ്സിന്റെ ഹാന്‍ഡ്‌സെറ്റ് എല്ലായിടത്തും കൂടെ ഉണ്ടായിരുന്നു. എല്ലായിടത്തുമെന്നാല്‍ കുളിമുറിയില്‍പ്പോലും എന്നതാണ് സത്യം. അതില്‍ ആലപ്പുഴ നഗരത്തിലെ പൊലീസ് കമ്മ്യൂണിക്കേഷന്‍ ശ്രദ്ധിക്കാന്‍ കഴിയും. 

വളരെ ശാന്തമായി മുന്നോട്ട് പോകുന്നതിനിടയില്‍ പെട്ടെന്ന് വയര്‍ലെസ്സില്‍ വാക്കുകളുടെ വേഗവും ഒച്ചയും കൂടുന്നു. ഉല്‍ക്കണ്ഠ പ്രകടമാണ്. ശ്രീകൃഷ്ണജയന്തി ഘോഷയാത്രയുടെ അവസാന ഭാഗത്ത് യാത്രയിലുള്ള കുട്ടികളുടെ ഇടയില്‍ എവിടെനിന്നോ ചില കല്ലുകള്‍ വന്നുവീണു. ഉണ്ണിക്കണ്ണന്റെ വേഷമൊക്കെ ധരിച്ച് വാദ്യഘോഷങ്ങളോടെ ആഹ്ലാദപൂര്‍വ്വം നീങ്ങുന്ന വര്‍ണ്ണശബളമായ ആ കൂട്ടായ്മക്കിടയില്‍ അത് സൃഷ്ടിക്കുന്ന ഭീതി, സംഘാടകരുടെ പ്രതികരണം എല്ലാം പ്രവചനാതീതമാണ്. അതിലുപരി ഇത്തരം ഒരു സംഭവം ബാഹ്യലോകം അറിയുക, ശ്രീകൃഷ്ണജയന്തി ഘോഷയാത്രയില്‍ അക്രമണം എന്നാണല്ലോ. അതിന്റെ സംഘര്‍ഷ സാദ്ധ്യതകള്‍ എത്ര വലുതാണ്. അന്നത്തെ അസുഖകരമായ വര്‍ഗ്ഗീയാന്തരീക്ഷത്തില്‍ ഒരു വൈകാരിക മാനം കൈവന്നാല്‍ അത് സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് പൊലീസ് സ്റ്റേഷന്‍, ജില്ല തുടങ്ങിയ പരിധികള്‍ ഒന്നുമില്ലല്ലോ. ഞാനുടന്‍ വയര്‍ലെസ്സില്‍  പത്മകുമാറിനെ ബന്ധപ്പെട്ടു. എ.എസ്.പിയും സി.ഐയും എല്ലാം സജീവമായി രംഗത്തുണ്ടായിരുന്നു. വളരെ പെട്ടെന്ന് അവരും കല്ലുകള്‍ വീണ സ്ഥലത്തെത്തി. പെട്ടെന്നുള്ള പൊലീസ് ഇടപെടല്‍ മൂലം ഘോഷയാത്രയിലുണ്ടായിരുന്ന കുട്ടികളില്‍ ഭീതിയുടെ ഒരന്തരീക്ഷം പടരുന്നത് ഒഴിവാക്കാന്‍ കഴിഞ്ഞു. ഒറ്റപ്പെട്ട രീതിയിലാണ് കല്ലുകള്‍ വന്നുവീണത്. ഭാഗ്യവശാല്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. സത്വരമായ പൊലീസ് ഇടപെടല്‍കൊണ്ടും സംഘാടകരുടെ സഹകരണം കൊണ്ടും ശ്രീകൃഷ്ണജയന്തി ഘോഷയാത്ര അല്പം പോലും അലങ്കോലപ്പെടാതെ മുന്നോട്ടുപോയി. എങ്കിലും അക്രമണം നടത്തിയതാരെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യേണ്ടതുണ്ട്. അല്ലെങ്കില്‍ അഭ്യൂഹങ്ങള്‍ പരക്കും. അത് വര്‍ഗ്ഗീയ സംഘര്‍ഷങ്ങളിലേയ്ക്ക് നയിക്കാം. ശ്രീകൃഷ്ണജയന്തി ആഘോഷത്തിലെ അനിഷ്ടസംഭവത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കപ്പെട്ടാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ എത്ര വലുതായിരിക്കും? അധികം കഴിയും മുന്‍പേ സംഭവസ്ഥലത്തിനടുത്തു നിന്ന് പത്മകുമാര്‍ എന്നെ വയര്‍ലെസ്സില്‍ ബന്ധപ്പെട്ട് ആരാണിത് ചെയ്തത് എന്നതില്‍ നിര്‍ണ്ണായക വിവരം കിട്ടിയിട്ടുണ്ടെന്ന് സൂചിപ്പിച്ചു. അത് വലിയ ആശ്വാസമായിരുന്നു. അക്കാര്യത്തില്‍ ഞങ്ങളെ സഹായിച്ചത് ചെറുപ്പക്കാരനായ ഒരു നല്ല സാമൂഹ്യപ്രവര്‍ത്തകനായിരുന്നു. രക്തദാനത്തിന് സമൂഹത്തില്‍ സ്വീകാര്യത കുറവായിരുന്ന അക്കാലത്ത് രക്തദാനം ഉള്‍പ്പെടെ പല സാമൂഹ്യവിഷയങ്ങളിലും ഇടപെട്ടിരുന്ന ആ യുവാവ് കല്ലേറുനടത്തിയ വ്യക്തിയെക്കുറിച്ച് പൊലീസിനു വിലപ്പെട്ട വിവരം നല്‍കി.
 
ഘോഷയാത്രയുടെ സംഘാടകരെ വിശ്വാസത്തിലെടുക്കുന്നതിന് അത് സഹായകമായി. അക്രമിയെക്കുറിച്ച് പൊലീസിനു വ്യക്തമായ ധാരണയുണ്ടെന്നും പ്രതിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും ഉറപ്പു ലഭിച്ചത് അവരെ തൃപ്തരാക്കി. ഘോഷയാത്രയില്‍ കല്ലുകള്‍ വന്നുവീണ ഉടന്‍ തന്നെ പൊലീസ് ഇടപെട്ട് പരിപാടിക്ക് ഒരുതരത്തിലുള്ള വിഘ്‌നവുമുണ്ടാകാതെ മുന്നോട്ട് കൊണ്ടു പോകാനായതുകൊണ്ട് അതിന് വാര്‍ത്താപ്രാധാന്യവും കൈവന്നില്ല. തക്കസമയത്ത് കിട്ടിയ വിവരം കുറ്റവാളിയെ അധികം വൈകാതെ അറസ്റ്റു ചെയ്യുന്നതിന് വളരെ പ്രയോജനകരമായി. ചില വ്യക്തിത്വ പ്രശ്നങ്ങളും സമൂഹത്തില്‍ വളര്‍ന്നുകൊണ്ടിരുന്ന വര്‍ഗ്ഗീയതയും   ഒത്തു ചേര്‍ന്നതാണ് ആ ഒറ്റയാനെ ഈ കുറ്റകൃത്യത്തിലേക്ക് നയിച്ചത്. അപകടം പിടിച്ച ആ പ്രവൃത്തി അങ്ങനെ അതിജീവിച്ചു.   

പികെ കുഞ്ഞാലിക്കുട്ടി
പികെ കുഞ്ഞാലിക്കുട്ടി

വര്‍ഗ്ഗീയതയുടെ അടിയൊഴുക്കുകള്‍

മാറിയ കാലത്തിന്റെ മറ്റൊരു വലിയ വെല്ലുവിളി  ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു; 1993-ല്‍ നബിദിനാഘോഷത്തോടനുബന്ധിച്ചായിരുന്നു അത്. മുസ്ലിം ലീഗിന്റെ നേതാവും സംസ്ഥാന വ്യവസായ മന്ത്രിയുമായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി ആയിരുന്നു ആഘോഷത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിലെ മുഖ്യാതിഥി. രണ്ടോ മൂന്നോ വര്‍ഷം മുന്‍പ് ആണെങ്കില്‍ ഈ  സമ്മേളനം ഒരു പൊലീസ് പ്രശ്‌നമേ അല്ല. പരമാവധി, പരിപാടി നടക്കുന്ന ലജനത്തുള്‍  മുഹമ്മദീയ സ്‌കൂള്‍ സ്ഥിതിചെയ്തിരുന്ന ആലപ്പുഴ സൗത്ത് സ്റ്റേഷന്‍ എസ്. ഐ  തലത്തില്‍ എന്തെങ്കിലും ചെറിയ ക്രമീകരണമേ ഉണ്ടാകൂ. സംസ്ഥാനമന്ത്രി കൂടിയായ ഒരു മതവിശ്വാസിയുടെ സാന്നിദ്ധ്യം ചടങ്ങില്‍ സംബന്ധിക്കുന്നവര്‍ സന്തോഷത്തോടെ സ്വാഗതം ചെയ്യുകയേ ഉള്ളു. പക്ഷേ, ഇപ്പോഴത്തെ അവസ്ഥ അതായിരുന്നില്ല. തുടക്കത്തില്‍ അപായസൂചനകള്‍ വ്യക്തമായിരുന്നില്ല. എന്നാല്‍, നബിദിനം അടുത്തുവരുംതോറും, മന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ എന്തോ പന്തികേടുണ്ട് എന്ന നിലയില്‍ ചില സൂചനകള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നുവരാന്‍ തുടങ്ങി. യോഗത്തിനു വരുന്ന മന്ത്രിയെ ആരെങ്കിലും വഴിയില്‍ തടയുമെന്നോ, അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കുന്നതില്‍ പ്രതിഷേധമുണ്ടെന്നോ ഒന്നും  ഒരു സംഘടനയും പ്രഖ്യാപിച്ചിരുന്നുമില്ല, മാത്രവുമല്ല, ഒരു പുണ്യദിനത്തില്‍ സാധാരണയായി നടക്കുന്ന മതപരമായ ചടങ്ങിനെ എന്തിനെതിര്‍ക്കണം? ''എന്തു കുഴപ്പമാണ് ഉണ്ടാകാന്‍ പോകുന്നത്?'', ''ആരാണ് കുഴപ്പം സൃഷ്ടിക്കാന്‍ പോകുന്നത്?'' തുടങ്ങിയ ചോദ്യങ്ങള്‍ക്ക് വ്യക്തമായ  ഉത്തരമില്ലായിരുന്നു. എന്നാല്‍, ചില 'അടിയൊഴുക്കുകള്‍' ഉണ്ടത്രേ. തെരഞ്ഞെടുപ്പ് കാലത്ത് ഒരു പ്രദേശത്ത് ജനങ്ങള്‍ എങ്ങനെ ചിന്തിക്കുന്നു എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാതെ  ഇരുട്ടില്‍ തപ്പുന്ന വിദഗ്ദ്ധര്‍ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് 'അടിയൊഴുക്കുകള്‍ നിര്‍ണ്ണായകം.' എന്താണ് സംഭവിക്കുന്നതെന്ന് എനിക്കൊന്നും മനസ്സിലാകുന്നില്ല എന്ന് ലളിതമായി പറഞ്ഞാല്‍ പിന്നെന്ത് വൈദഗ്ദ്ധ്യം? സമാനമായ വൈദഗ്ദ്ധ്യം കൊണ്ട്  നബിദിനാഘോഷത്തിന് ക്രമസമാധാനം  പാലിക്കാനാകില്ലല്ലോ. മന്ത്രിയുടെ സുരക്ഷയും ഉറപ്പുവരുത്താനാവില്ല. അതുകൊണ്ട് കൂടുതല്‍ കൃത്യതയോടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചിലേയും ലോക്കല്‍ പൊലീസിലെയും ഉദ്യോഗസ്ഥരെ നിയോഗിച്ചു. എതിര്‍പ്പിന്റെ മുഖ്യ സ്രോതസ്സ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി) എന്ന പാര്‍ട്ടിയുമായി ബന്ധപ്പെട്ടായിരുന്നു. മാറിയ കാലത്തിന്റെ ഉല്പന്നമായിരുന്നു സമീപകാലത്ത് മാത്രം നിലവില്‍ വന്ന ഈ പാര്‍ട്ടിയും. എന്നാല്‍  പാര്‍ട്ടി പരിപാടി എന്ന നിലയില്‍ പ്രതിഷേധം പ്രഖ്യാപിച്ചിരുന്നില്ല. നബിദിനാഘോഷവുമായി ബന്ധപ്പെട്ട സമ്മേളനത്തെ തടസ്സപ്പെടുത്തുന്നതിന് ഔപചാരികമായി തീരുമാനിക്കുക എളുപ്പമല്ലല്ലോ. പക്ഷേ,  പി.ഡി.പിയുടെ ചില  ഭാരവാഹികള്‍ ചടങ്ങില്‍ കുഞ്ഞാലിക്കുട്ടിയെ ക്ഷണിക്കുന്നതിനെ തടയാന്‍ ശ്രമിച്ചിരുന്നുവെന്ന് വ്യക്തമായി. അവരുടെ എതിര്‍പ്പിനേയും ഭീഷണിയേയും വകവയ്ക്കാതെയാണത്രെ അദ്ദേഹത്തെ മുഖ്യാതിഥിയായി ക്ഷണിച്ചത്. 

ആലപ്പുഴ കളക്ട്രേറ്റിനു സമീപം ലജനത്തില്‍ മുഹമ്മദീയ സ്‌കൂളിന്റെ കോമ്പൗണ്ടില്‍ ആയിരുന്നു പൊതുയോഗം നടത്താന്‍ തീരുമാനിച്ചിരുന്നത്. അതാകട്ടെ, ഫലത്തില്‍ മതിലുകളാല്‍ ചുറ്റപ്പെട്ട ഒരു  ഗ്രൗണ്ട് ആയിരുന്നു. റോഡിന്റെ അരികിലായി മുന്നിലും പിന്നിലും മൈതാനത്തിലേയ്ക്ക് ഒരോ പ്രവേശനകവാടം ഉണ്ടായിരുന്നു. അത്തരം ഒരു പ്രദേശത്ത് നടക്കുന്ന സമ്മേളനത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ആളുകള്‍ക്ക് സുരക്ഷിതമായി വേഗത്തില്‍ പുറത്ത് കടക്കുക സുഗമമായിരുന്നില്ല. മാത്രവുമല്ല, മതപരമായ ചടങ്ങായതിനാല്‍ അതിനുള്ളില്‍ പൊലീസിനെ വലിയ തോതില്‍ വിന്യസിപ്പിക്കുന്നതിനും പ്രായോഗിക പരിമിതികളുണ്ടായിരുന്നു. സമ്മേളനത്തിന്റെ സംഘാടകര്‍ പൊതുവേ സമാധാനപ്രിയരും പൊലീസുമായി സഹകരിക്കുന്നവരുമായിരുന്നു. പക്ഷേ, മതവിശ്വാസികള്‍ക്കു  പങ്കെടുക്കാവുന്ന ചടങ്ങില്‍  മന്ത്രിയോട് എതിര്‍പ്പുള്ളവര്‍ക്കും കയറാമല്ലോ. അതുകൊണ്ട് യോഗസ്ഥലത്ത് യൂണിഫോമില്‍ പൊലീസിനെ വിന്യസിപ്പിച്ചാല്‍ അതുതന്നെ പ്രകോപനം സൃഷ്ടിക്കാന്‍ തല്പരരായവര്‍ക്ക് ഒരവസരം നല്‍കും എന്ന് ഞങ്ങള്‍ വിലയിരുത്തി. അതിനൊരു പശ്ചാത്തലവുമുണ്ട്. 1982-ല്‍, ഇതുപോലെ നബിദിനാഘോഷത്തിനിടയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത് അവിടുത്തെ ഒരു സബ്ബ് ഇന്‍സ്പെക്ടറുമായുണ്ടായ ചെറിയ തര്‍ക്കത്തെ തുടര്‍ന്നാണ്. അത് പിന്നീട് പൊലീസ് വെടിവയ്പും മരണവും സംസ്ഥാനതല ക്രമസമാധാന പ്രശ്‌നങ്ങളുമായി മാറിയിരുന്നു. അന്ന് മുഖ്യാതിഥിയെപ്പറ്റി പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. എല്ലാം കൂടി കണക്കിലെടുത്ത് സ്‌കൂള്‍ കോമ്പൗണ്ടിനുള്ളില്‍ യോഗസ്ഥലത്ത് യൂണിഫോമില്‍ പൊലീസിനെ ഇടേണ്ട എന്ന് തീരുമാനിച്ചു. മന്ത്രിയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സിവില്‍ വേഷത്തില്‍ പ്രത്യേകം തെരഞ്ഞെടുത്ത പത്തോളം ഉദ്യോഗസ്ഥരെ നിയമിച്ചു. ആ ഉദ്യോഗസ്ഥരോട് എന്റെ ഓഫീസില്‍ വെച്ച് അവരില്‍നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്നും ഓരോ സാഹചര്യത്തിലും എന്തെല്ലാം ചെയ്യണമെന്നും ഞാന്‍ നേരിട്ട് നിര്‍ദ്ദേശങ്ങള്‍ നല്‍കി. പ്രശ്‌നമുണ്ടായാല്‍ മന്ത്രിയുടെ സുരക്ഷ അവരുടെ കയ്യിലാണെന്നും അപകടമെന്ന് തോന്നിയാല്‍ അപ്പോള്‍ തന്നെ മന്ത്രിയുമായി പുറത്ത് കടക്കണമെന്നും പ്രത്യേകം പറഞ്ഞു. അദ്ദേഹത്തെ നേരെ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ കൊണ്ട്‌പോകുക എന്നും നിര്‍ദ്ദേശിച്ചു. ഇതുപോലുള്ള മര്‍മ്മപ്രധാനമായ ചുമതല നിര്‍വ്വഹിക്കേണ്ട ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ നിര്‍ദ്ദേശം നല്‍കുന്നത്  പ്രധാനമാണ്. അത് അവരുടെ കാര്യക്ഷമത മാത്രമല്ല,  ആത്മവിശ്വാസവും  വര്‍ദ്ധിപ്പിക്കും.   ടൗണ്‍ നന്നായറിയാവുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.സി. സോമനും അവരെ വിശദമായി കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി. 

അങ്ങനെ നബിദിനം വന്നു. നബിദിനറാലി ക്രമസമാധാന പ്രശ്‌നമൊന്നുമില്ലാതെ കഴിഞ്ഞു. പക്ഷേ, പതിവില്‍ കവിഞ്ഞ ആവേശപ്രകടനം വരാനിരിക്കുന്ന പ്രശ്‌നങ്ങളുടെ സൂചനയാണെന്നു തോന്നി. സ്‌കൂള്‍ വളപ്പിനു വെളിയില്‍ യൂണിഫോമില്‍ വലിയ പൊലീസ് സാന്നിദ്ധ്യമുണ്ടായിരുന്നു. ഞാനും അവിടെ മറ്റുദ്യോഗസ്ഥരോടൊപ്പം നിലയുറപ്പിച്ചു. ഉള്ളില്‍, നേരത്തേ തീരുമാനിച്ചപോലെ പൊലീസിനെ വിന്യസിച്ചിരുന്നില്ല. രാത്രി 8 മണിയോടെ മന്ത്രി എറണാകുളത്തുനിന്ന് നേരെ യോഗസ്ഥലത്തെത്തി. ഗേറ്റിനു വെളിയില്‍ കാര്‍നിര്‍ത്തി അദ്ദേഹം കോമ്പൗണ്ടിനുള്ളിലേയ്ക്ക് പോയി. കൂടെ ഞങ്ങളേര്‍പ്പാട് ചെയ്തിരുന്ന സിവില്‍ വേഷത്തിലുള്ള പൊലീസുദ്യോഗസ്ഥര്‍ മാത്രം. യൂണിഫോമില്‍ പുറത്ത് ഞങ്ങള്‍ ആകാംക്ഷയോടെ നില്‍ക്കുമ്പോള്‍, പെട്ടെന്ന് ഉള്ളില്‍നിന്ന് വലിയ ബഹളം. കൂകലും ഒച്ചയെടുക്കലും എല്ലാം കേള്‍ക്കാം. ഉള്ളില്‍ എന്താണ് സംഭവിക്കുന്നതെന്നു വ്യക്തമല്ല. എന്നോടൊപ്പം എ.എസ്.പി പത്മകുമാറും സി.ഐ.  സോമനുമുണ്ട്. ഉള്ളില്‍ ഇരച്ചുകയറാന്‍ പൊലീസ് റെഡിയാണ്. കയറണമോ, വേണ്ടയോ? അതാണ് ചോദ്യം. ഞങ്ങള്‍ പരസ്പരം നോക്കി. എന്റെ മനസ്സിലൂടെ 'ജാലിയന്‍വാലാ ബാഗു' വരെ കടന്നുപോയി. ഉള്ളിലെ ബഹളത്തില്‍ വയര്‍ലെസ്സില്‍ പോലും വിവരം നല്‍കാനവര്‍ക്ക് കഴിയുന്നില്ല. യൂണിഫോമിട്ട് ഉള്ളില്‍ കയറിയാല്‍ ജനക്കൂട്ടം പൊലീസിന് നേരെ തിരിയും എന്നുറപ്പാണ്. പിന്നെ കാര്യങ്ങള്‍ ആരുടേയും നിയന്ത്രണത്തിലായിരിക്കില്ല. ചിലപ്പോളത് വെടിവെയ്പിലേയ്ക്ക് നയിക്കും. പക്ഷേ,  മന്ത്രിയുടെ സുരക്ഷ? അനിശ്ചിതത്വം അപകടം പിടിച്ചതായിരുന്നു. ഏതു നിമിഷവും എന്റെ സിഗ്‌നല്‍ വരും എന്ന്  പ്രതീക്ഷിച്ചു നില്‍ക്കുകയാണ് ഉദ്യോഗസ്ഥര്‍.  ഉള്ളില്‍ ആക്രോശവും കോലാഹലവും അടങ്ങുന്നില്ല. വരുന്നതുവരട്ടെ, ഉള്ളില്‍ കടക്കാം എന്ന് കരുതുമ്പോള്‍ പെട്ടെന്നൊരാരവം, ''ദേ, മന്ത്രി ഇറങ്ങുന്നു.'' പുറത്തും നല്ല  തിരക്കുണ്ട്. പെട്ടെന്ന് ഞങ്ങള്‍ അങ്ങോട്ട് നീങ്ങുമ്പോള്‍ ഒരു പൊലീസ് ജീപ്പ് മുന്നോട്ടുപോകുന്നു. മന്ത്രി അതില്‍ കയറിയിരുന്നു. ഞാന്‍ കാറില്‍ പിന്തുടര്‍ന്നു. നേരത്തെ പറഞ്ഞിരുന്ന പ്രകാരം അവര്‍ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിലേയ്ക്കാണ് പോയത്. അതിനിടയില്‍ സിവില്‍ വേഷത്തിലുണ്ടായിരുന്ന പൊലീസുകാരോട് മന്ത്രി ''നിങ്ങള്‍ എങ്ങോട്ട് പോകുന്നു, എന്നെ ഇവിടെ വിട്ടേക്ക്'' എന്ന് പറഞ്ഞു. കൂടെ ഉണ്ടായിരുന്നവരെ യോഗസ്ഥലത്ത് മാത്രം കണ്ടതുകൊണ്ട് അവര്‍ സുരക്ഷാ  ഉദ്യോഗസ്ഥരാണോ എന്നദ്ദേഹം സംശയിച്ചിരിക്കണം. അവര്‍ ''പിറകില്‍ എസ്.പി''യുമുണ്ടെന്നും ''സാറിനെ റെസ്റ്റ് ഹൗസില്‍ ആക്കണമെന്ന് പറഞ്ഞിട്ടുണ്ടെ''ന്നും അറിയിച്ചു.

റെസ്റ്റ് ഹൗസില്‍ എത്തുമ്പോള്‍ അദ്ദേഹത്തിന്റെ ഷര്‍ട്ടിലും ദേഹത്തും കുറേ മണ്ണും മണലും എല്ലാം പറ്റിയിരുന്നു. അതെല്ലാം തട്ടി മാറ്റുന്നതിനിടയില്‍, യൂണിഫോമിലുള്ളവരെ ബോധപൂര്‍വ്വം യോഗസ്ഥലത്ത് ഒഴിവാക്കിയതാണെന്ന് ഞാന്‍  സൂചിപ്പിച്ചു. അത് വളരെ നന്നായെന്നും പൊലീസ് ഏറ്റവും നന്നായാണ് സിറ്റുവേഷന്‍ കൈകാര്യം ചെയ്തതെന്നും ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. എനിക്ക് വലിയ ആശ്വാസമായിരുന്നു ആ വാക്കുകള്‍. നിസ്സാര കാര്യങ്ങളുടെ പേരില്‍ പ്രകോപിതരാകുന്ന മന്ത്രിമാരേയും കണ്ടിട്ടുണ്ട്. എനിക്ക് അദ്ദേഹത്തെ നേരത്തേ പരിചയം ഇല്ലായിരുന്നു.    തുടര്‍ന്ന് അദ്ദേഹം പറഞ്ഞു: ''എസ്.പി, ഇന്നത്തെ ദിവസം നിങ്ങള്‍ക്കറിയാമല്ലോ. അതനുസരിച്ച്, പൊലീസ് ഇതുവരെ നല്ല സംയമനം കാണിച്ചിട്ടുണ്ട്. ഇനിയും അത് എസ്.പി  ശ്രദ്ധിക്കണം.'' യോഗം അലങ്കോലപ്പെട്ടതും ദേഹത്ത് മണ്ണ് വാരിയെറിഞ്ഞതും ഒന്നും അദ്ദേഹത്തെ അല്പം പോലും ബാധിച്ചതായി കണ്ടില്ല. നബിദിനം എന്ന ഉല്‍ക്കണ്ഠ മന്ത്രിക്കുണ്ടായിരുന്നു.   സംസാരിക്കുന്നതിനിടയില്‍ അദ്ദേഹത്തിന്റെ ഇടത്തേ ചെവിയുടെ ഏറ്റവും താഴെ അറ്റത്തായി ചെറുതായി രക്തം പൊടിഞ്ഞതായി ഞാന്‍ കണ്ടു. അത് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍, ഇടത്തെ കൈകൊണ്ട് അത്  ചെറുതായി തട്ടിക്കൊണ്ട്, ''ഇതൊന്നും കാര്യമാക്കേണ്ട'' എന്നാണ് അദ്ദേഹം പറഞ്ഞത്. വൈകാതെ മന്ത്രി  എറണാകുളത്തേയ്ക്ക് തിരിച്ചു. കാറില്‍ കയറുമ്പോഴും, ആ പുണ്യദിനത്തിന്റെ  പ്രാധാന്യം അദ്ദേഹം എന്നെ ഒന്നുകൂടി ഓര്‍മ്മിപ്പിച്ചിട്ട് പൊലീസ് സംയമനം തുടരണമെന്ന് പ്രത്യേകം പറഞ്ഞു. അദ്ദേഹത്തിന്റെ  പക്വമായ സമീപനം ഞങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു.  

ഒഴിഞ്ഞുപോയ ദുരന്തം

തുടര്‍ന്ന് ഞാന്‍ ക്യാമ്പ് ഓഫീസിലെത്തി എ.എസ്.പി പത്മകുമാറുമായും സി.ഐ സോമനുമായും ഉണ്ടായ സംഭവങ്ങള്‍ വിലയിരുത്തുകയും അടുത്ത നടപടികള്‍ ആലോചിക്കുകയും ചെയ്തു. കൃത്യമായി കേസെടുത്ത് കുറ്റവാളികളെ വേഗം അറസ്റ്റ് ചെയ്യണം എന്ന് തീരുമാനിച്ചു. അന്ന് രാത്രി റെയിഡ്  ഒഴിവാക്കാമെന്നും എന്നാല്‍ വലിയ ജാഗ്രത ആവശ്യമാണെന്നും വിലയിരുത്തി. അതിനിടയില്‍  എറണാകുളത്തുനിന്ന് ഡി.ഐ.ജി സുകുമാരന്‍ നായര്‍ സാര്‍ എന്നെ വിളിച്ചു. അദ്ദേഹം മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി സംസാരിച്ചിരുന്നു. ആദ്യം മന്ത്രിയോടൊപ്പം അതിഥിയായി  ചടങ്ങില്‍ സംബന്ധിച്ചിരുന്ന ഒരു പൊലീസുദ്യോഗസ്ഥനോട് സംസാരിച്ചപ്പോള്‍ ആ ഉദ്യോഗസ്ഥന്‍ പൊലീസ് നടപടികളെ വിമര്‍ശിക്കുകയായിരുന്നു എന്ന് പറഞ്ഞു. പൊലീസ് ബലം പ്രയോഗിച്ച് പ്രശ്നം സൃഷ്ടിച്ചവരെ നിയന്ത്രിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം.   എന്നാല്‍, മന്ത്രിയുടെ നിലപാട് പൊലീസ് ഏറ്റവും പ്രശംസനീയമാം വണ്ണം ആ സാഹചര്യം കൈകാര്യം ചെയ്തു എന്നായിരുന്നു. മറിച്ചായിരുന്നുവെങ്കില്‍ നബിദിനത്തില്‍ വലിയ ഒരു ദുരന്തം അവിടെ സംഭവിക്കുമായിരുന്നു എന്നും  പറഞ്ഞു. മാത്രവുമല്ല, ഒരിക്കല്‍ക്കൂടി ആലപ്പുഴ എസ്.പിയെ വിളിച്ച്  സംയമനം പാലിക്കണം എന്ന് ഓര്‍മ്മിപ്പിക്കാനും പറഞ്ഞു. അന്ന് ഡി.ജി.പിയുടെ ചുമതല വഹിച്ചിരുന്ന കൃഷ്ണന്‍നായര്‍ സാറും എന്നെ ഫോണില്‍ വിളിച്ച് പൊലീസ് നടപടികള്‍ ഒരു വലിയ പ്രശ്‌നം ഒഴിവാക്കി എന്ന് മന്ത്രി അദ്ദേഹത്തേയും അറിയിച്ചതായി പറഞ്ഞു.

കെ കരുണാകരൻ
കെ കരുണാകരൻ

ഈ സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി കെ. കരുണാകരന്‍ പ്രസ്താവനയിറക്കി. കുറ്റവാളികളുടെ പേരില്‍ ശരിയായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏതാനും ദിവസത്തിനു ശേഷം മുഖ്യമന്ത്രി എന്നെ ഫോണില്‍ വിളിച്ചു. ഈ സംഭവത്തില്‍ കൊലപാതക ശ്രമത്തിന്റെ വകുപ്പ് ചേര്‍ത്ത് കേസെടുത്തില്ല എന്ന് ഒരാക്ഷേപം  ആരോ അദ്ദേഹത്തോട് പറഞ്ഞിരുന്നു. ഞാനദ്ദേഹത്തോട് വസ്തുതകള്‍ കാര്യകാരണസഹിതം വിശദീകരിച്ചു. കുറ്റവാളികള്‍ക്കെതിരെ പൊലീസ് സ്വീകരിച്ചതും സ്വീകരിക്കാന്‍ ഉദ്ദേശിച്ചതുമായ നടപടികള്‍ വ്യക്തമാക്കിയ ശേഷം ഒരു വസ്തുത പ്രത്യേകം എടുത്തുപറഞ്ഞു.  ഒരുപക്ഷേ, മന്ത്രി ഉള്‍പ്പെടെ കോടതിയില്‍ സാക്ഷിയായി മൊഴി നല്‍കേണ്ട ഒരു കേസെന്ന നിലയില്‍ അനുചിതമായി എന്തെങ്കിലും ചെയ്യുന്നത് അദ്ദേഹത്തിനും ബുദ്ധിമുട്ടുണ്ടാക്കുകയേ ഉള്ളു എന്ന് ഞാന്‍ വിശദീകരിച്ചു. വളരെ ആലോചിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ടല്ലോ എന്ന്  എടുത്തു പറഞ്ഞു കൊണ്ടാണ് അദ്ദേഹം ആ സംഭാഷണം അവസാനിപ്പിച്ചത്. 
 
ഈ സംഭവത്തിന് കൗതുകകരമായ ഒരനുബന്ധം കൂടിയുണ്ട്. ഏതാനും മാസം കഴിഞ്ഞ് ഇതുമായി ബന്ധപ്പെട്ട് പൊലീസ് ആസ്ഥാനത്തുനിന്നും ഒരു കത്ത് കിട്ടി. മന്ത്രിയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വലിയ സംഭാവന നല്‍കിയ ഒരുദ്യോഗസ്ഥന് പ്രത്യേക റിവാര്‍ഡ് എന്ന നിലയില്‍ മുന്‍കൂട്ടി പ്രൊമോഷന്‍ നല്‍കുന്നതിന് ശുപാര്‍ശ ചെയ്യണമെന്നായിരുന്നു ആവശ്യം. പ്രശ്‌നമുണ്ടായ സ്ഥലത്തും സമയത്തും അയാളെ ഞാന്‍ കണ്ടില്ലായിരുന്നു. ഞാന്‍   സുരക്ഷയ്ക്കായി സിവില്‍ വേഷത്തില്‍ നിയോഗിച്ചിരുന്ന പൊലീസുദ്യോഗസ്ഥരോട് ഇക്കാര്യം നേരിട്ട് ചോദിച്ചു. ''സാര്‍, അങ്ങനെ ഒരാള്‍ ആ പരിസരത്തൊന്നും ഉണ്ടായിരുന്നില്ല'' എന്നാണവര്‍ പറഞ്ഞത്. ഇങ്ങനെ ചില 'സമര്‍ത്ഥര്‍' പൊലീസിലുണ്ട്. ഏതായാലും ഈ 'സാമര്‍ത്ഥ്യ'ത്തെ ഞാന്‍ പ്രോത്സാഹിപ്പിച്ചില്ല. ഈ സംഭവത്തില്‍ നിര്‍ണ്ണായകമായ സംഭാവന നല്‍കി ഗുരുതരമായ ഒരു സാഹചര്യം ഒഴിവാക്കിയത് ഞങ്ങള്‍ സിവില്‍ വേഷത്തില്‍ നിയോഗിച്ചിരുന്ന പൊലീസുദ്യോഗസ്ഥരാണ്. ആ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഐവാന്‍ രത്തിനം, മുഹമ്മദ് കബീര്‍, സാംസണ്‍, കമറുദീന്‍ തുടങ്ങി പലരേയും ഞാനിപ്പോഴുമോര്‍ക്കുന്നു. നബിദിനാഘോഷ ചടങ്ങിനിടയില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചപ്പോള്‍ ചടങ്ങില്‍ അതിഥിയായി പങ്കെടുത്ത ഒരു ഉദ്യോഗസ്ഥന്‍ 'ഫയര്‍', 'ഫയര്‍' എന്നൊക്കെ  പറഞ്ഞതായി ഞങ്ങള്‍ നിയോഗിച്ചിരുന്ന പൊലീസുദ്യോഗസ്ഥര്‍ എന്നോട് പറഞ്ഞു. അതു കേട്ട് അവര്‍ ഫയര്‍ ചെയ്തിരുന്നുവെങ്കില്‍ അതിന്റെ പരിണതഫലം ചിന്തിക്കാനാവാത്തതാണ്. ഒരുപക്ഷേ, എന്റെ ഔദ്യോഗിക ജീവിതവും 'പുക'യായി പോകാനത് മതിയാകുമായിരുന്നു. നല്ലവരായ സഹപ്രവര്‍ത്തകര്‍ എല്ലായ്‌പ്പോഴും എന്നെ സഹായിച്ചിട്ടുണ്ട്.

'കാലമിനിയുമുരുളും;' ശ്രീകൃഷ്ണ ജയന്തിയും നബിദിനവും എല്ലാം ഇനിയും വരും. കാലചക്രം തിരിയുന്നതോടൊപ്പം  കഥ ഇപ്പോഴും  മാറിക്കൊണ്ടിരിക്കുന്നു. കഥയുടെ ഗതി എങ്ങോട്ടാണ്?

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com