'യെസ് സാര്‍', 'യെസ് സാര്‍'; ... 'നോ സാര്‍'

നിയമത്തിന്റെ വഴി നീതി ലക്ഷ്യമാക്കിയാണ് നീങ്ങുന്നതെങ്കില്‍ ഉയര്‍ന്ന റാങ്കിലുള്ള പൊലീസുദ്യോഗസ്ഥര്‍ പോലും അതില്‍ ഇടപെടേണ്ടതില്ല
'യെസ് സാര്‍', 'യെസ് സാര്‍'; ... 'നോ സാര്‍'

പൊലീസ് സംവിധാനത്തില്‍ കോണ്‍സ്റ്റബിള്‍ മുതല്‍ ഡി.ജി.പി വരെ വിവിധ ശ്രേണിയിലുള്ളവര്‍ നിയമപരമായ അധികാരം കയ്യാളുന്നുണ്ട്. പ്രധാന അധികാരങ്ങളെല്ലാം തന്നെ പൊലീസ് സ്റ്റേഷന്‍ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനാണ് നിയമം മുഖേന നല്‍കിയിട്ടുള്ളത്. അതിനു മുകളിലോട്ടുള്ള ഉദ്യോഗസ്ഥര്‍ക്കും അതേ അധികാരം തങ്ങളുടെ പരിധിയില്‍ വിനിയോഗിക്കാം. ഭരണഘടനാ കോടതികള്‍പോലും അപൂര്‍വ്വം സാഹചര്യങ്ങളില്‍ മാത്രമേ ഈ അധികാര പ്രയോഗത്തില്‍ ഇടപെടാറുള്ളു. നിയമത്തിന്റെ വഴി നീതി ലക്ഷ്യമാക്കിയാണ് നീങ്ങുന്നതെങ്കില്‍ ഉയര്‍ന്ന റാങ്കിലുള്ള പൊലീസുദ്യോഗസ്ഥര്‍പോലും അതില്‍ ഇടപെടേണ്ടതില്ല. നേരെമറിച്ച് നിയമം നല്‍കുന്ന അധികാരം ദുര്‍വിനിയോഗം ചെയ്ത് നീതി നിര്‍വ്വഹണത്തിനു തടസ്സം നില്‍ക്കുകയാണെങ്കില്‍ അവിടെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഇടപെടുകതന്നെ വേണം. 

കുന്നംകുളം എ.എസ്.പി ആയിരിക്കുമ്പോള്‍ ഈ പ്രക്രിയകളുടെ സ്വഭാവം ചെറുതായി മനസ്സിലാക്കാന്‍ തുടങ്ങി. കൗതുകകരമായ ഒരനുഭവത്തിന്റെ ആരംഭം നഗരത്തിലുണ്ടായ ചെറിയൊരു തീവെയ്പ് കേസില്‍നിന്നാണ്. ഒരു സിനിമാ തിയേറ്ററിനാണ് തീപ്പിടിച്ചത്. വളരെ കുറച്ച് നാശനഷ്ടമേ ഉണ്ടായുള്ളു. എങ്കിലും ആ സംഭവത്തിനു സവിശേഷ പശ്ചാത്തലമുണ്ടായിരുന്നു. തീപ്പിടിത്തമുണ്ടായ തിയേറ്ററിന്റെ  ഉടമയും തൃശൂര്‍ ജില്ലയിലെ മറ്റു തിയേറ്റര്‍ ഉടമകളും തമ്മിലൊരു തര്‍ക്കം അന്നു നിലനിന്നിരുന്നു. സിനിമാ തിയേറ്റര്‍ ഉടമകളുടെ സംഘടന പൊതുവായ ചില ആവശ്യങ്ങള്‍ക്കുവേണ്ടി തിയേറ്ററുകള്‍  അടച്ചിടുന്ന സമരപരിപാടി തീരുമാനിച്ചിരുന്നു. തിയേറ്റര്‍ അടച്ചിട്ടുള്ള സമരത്തിന് എതിരായിരുന്നു കുന്നംകുളത്തുകാരന്‍. അദ്ദേഹത്തെ സമരവുമായി സഹകരിക്കുന്നതിനു പ്രേരിപ്പിക്കുവാനായി ജില്ലാതല ഭാരവാഹികള്‍ കുന്നംകുളത്ത് വന്ന് കണ്ട് സംസാരിച്ചിരുന്നു. സഹകരണം തേടിയുള്ള സംഭാഷണം സമ്പൂര്‍ണ്ണ നിസ്സഹകരണത്തിലാണ് അവസാനിച്ചത്. വാഗ്വാദവും വഴക്കും ഭീഷണിയുമെല്ലാമായാണ് അവര്‍ പിരിഞ്ഞത്. 

അതിന്റെ തൊട്ടടുത്ത ദിവസമാണ് തിയേറ്റര്‍ തീപ്പിടിത്തമുണ്ടായത്. സ്വഭാവികമായും തിയേറ്റര്‍ ഉടമ, സമരവുമായി സഹകരിക്കാതിരുന്നതിലുള്ള വിരോധം മൂലം ഉണ്ടായ സംഭവമാണതെന്ന് എഫ്.ഐ.ആറില്‍ത്തന്നെ ആരോപിച്ചു. സംഭവത്തിനല്പം പ്രാധാന്യം കൈവന്നത് നേരത്തെ തിയേറ്റര്‍ ഉടമയുമായുണ്ടായ രൂക്ഷഭിന്നതയാണ്. അന്വേഷണത്തിന്റെ ഭാഗമായി തീപ്പിടിത്തത്തിന്റെ തലേദിവസമുണ്ടായ വഴക്കിലെ പങ്കാളികളെക്കുറിച്ചും അതിന്റെ കാരണത്തെക്കുറിച്ചും എല്ലാം പരിശോധിക്കേണ്ടതുണ്ടായിരുന്നു. അക്കാര്യം എസ്.ഐയുടേയും  സി.ഐയുടേയും തലത്തില്‍ മുന്നോട്ടുപോയി. അതിനിടയില്‍ എന്നെ നേരിട്ട് തീവെയ്പ് കേസിലേയ്ക്ക് വലിച്ചിഴച്ച ഒരു സംഭവമുണ്ടായി. 

തികച്ചും അപ്രതീക്ഷിതമായ ഒരു ഫോണ്‍ കാള്‍ ആയിരുന്നു തുടക്കം. മറ്റേ തലയ്ക്കല്‍ ഒരു ഉയര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്നു. ആ സമയത്ത് അദ്ദേഹത്തിന് എറണാകുളത്ത് ഡി.ഐ.ജിയുടെ താല്‍ക്കാലിക ചുമതലകൂടി അധികമായി ഉണ്ടായിരുന്നു. സാധാരണയായി ഔദ്യോഗിക വിഷയങ്ങളില്‍ ജില്ലാ എസ്.പിയാണ് കൂടുതല്‍ വിളിക്കാറുണ്ടായിരുന്നത്. അന്ന് എസ്.പി ആയിരുന്നത് രമേഷ് ചന്ദ്രഭാനു സാറായിരുന്നു. അദ്ദേഹമാകട്ടെ, കാര്യമാത്രപ്രസക്തമായി മാത്രമേ സംസാരിച്ചിരുന്നുള്ളു. ഏതു വിഷയമായാലും വസ്തുതകള്‍ ശാന്തമായി കേട്ടശേഷം കൃത്യവും വ്യക്തവുമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും. അതാകട്ടെ, നിയമത്തിന്റെ നാല് അതിരുകള്‍ക്കുള്ളില്‍നിന്നുകൊണ്ടുള്ളതായിരിക്കുകയും ചെയ്യും. രാഷ്ട്രീയമോ മറ്റേതെങ്കിലും നിലയിലുള്ളതോ ആയ ഒരു സമ്മര്‍ദ്ദവും അദ്ദേഹത്തിന്റെ തീരുമാനങ്ങളേയോ നിര്‍ദ്ദേശങ്ങളേയോ സ്വാധീനിച്ചില്ല.

സംസ്ഥാന സര്‍ക്കാരിന്റെ തലവേദന
 
ഇപ്പോള്‍ വന്ന കോള്‍ വ്യത്യസ്ത സ്വഭാവത്തിലുള്ളതായിരുന്നു. 'Good morning Sir' എന്ന ഉപചാരവാക്കുകള്‍ ഞാന്‍  പറഞ്ഞുതീരും മുന്‍പേ മറ്റേ തലയ്ക്കല്‍നിന്ന് കേട്ടു, 'you have created a big problem.'  (നിങ്ങളൊരു വലിയ പ്രശ്‌നം സൃഷ്ടിച്ചിട്ടുണ്ട്) വലിയൊരു കുറ്റാരോപണത്തിലാണ് തുടക്കം. എന്തു പ്രശ്‌നമാണാവോ ഞാന്‍ സൃഷ്ടിച്ചത്? അതെങ്ങനെ ഇദ്ദേഹത്തിന്റെ അടുത്ത് മാത്രം എത്തി?  ഇങ്ങനെ ചിന്തിക്കുന്നതിനിടയില്‍ അടുത്ത ക്ഷണം വരുന്നു പുതിയ വെടിയുണ്ടകള്‍. ''അത് സര്‍ക്കാരിനു വലിയ തലവേദന ആയിരിക്കുകയാണ്.'' ''ഡി.ജി.പി എല്ലാം വളരെ upset  (അസ്വസ്ഥം) ആണ്.'' ഇങ്ങനെ പോയി ആ ഉണ്ടകള്‍. എനിക്കൊന്നും മനസ്സിലായില്ല. സര്‍ക്കാരുകള്‍ക്ക് 'തല'യുണ്ടോ 'തലവേദന'യുണ്ടോ എന്നൊന്നും ഞാനതുവരെ ചിന്തിച്ചിട്ടില്ലായിരുന്നുവെന്നതാണ് സത്യം. (പിന്നീട് അറിയാന്‍ ശ്രമിച്ചപ്പോഴും വ്യക്തമായ ഉത്തരമൊന്നും കിട്ടിയിട്ടില്ലെന്ന കാര്യം വേറെ!) ദശാനനനായ രാവണന് തലവേദന വന്നാല്‍ എന്ന് ഭാവന ചെയ്തിട്ടുണ്ട്, ഒരിക്കല്‍ കൂട്ടുകാരോടൊപ്പം. ഇവിടെ സംസ്ഥാന സര്‍ക്കാരിനാണത്രേ തലവേദന. അതും ഞാന്‍ കാരണം. വെടിയുണ്ടകള്‍ക്കു മുന്‍പില്‍ ഞാന്‍ നിസ്സഹായനായി നിന്നു, എന്തുചെയ്യണമെന്നറിയാതെ. വെറുതെ യാന്ത്രികമായി 'സാര്‍', 'സാര്‍' എന്ന് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു. നാഷണല്‍ പൊലീസ് അക്കാദമിയിലെ പരിശീലനകാലത്ത് പരേഡ് ഗ്രൗണ്ടില്‍നിന്നും ആര്‍ജ്ജിച്ച് ഒരു ശീലമായി തുടങ്ങിയിരുന്നു അത്.

അപ്പോഴും സര്‍ക്കാരിന് തലവേദന സൃഷ്ടിച്ച, ഡി.ജി.പിയുടെ സ്വസ്ഥത നശിപ്പിച്ച ആ ഘോരകൃത്യം എന്താണെന്നത് വെളിപ്പെട്ടില്ല. അങ്ങനെ ഉണ്ടകളേറ്റ്  ഞാന്‍ പരീക്ഷീണനായി കഴിഞ്ഞപ്പോള്‍  അതു കുറേശ്ശെ വെളിപ്പെട്ടു, അതെ, വളരെ കുറേശ്ശെ. ''അവിടെ ഒരു തിയേറ്റര്‍ തീവെയ്പ് കേസുണ്ടോ?'' എന്നു ചോദിച്ചപ്പോള്‍ എനിക്ക് സൂചന  കിട്ടി. ''ഉണ്ട് സാര്‍'', എന്നു ഞാന്‍. അപ്പോഴും അതെങ്ങനെ തലവേദനയാകുമെന്ന് മനസ്സിലായില്ല. പക്ഷേ, ഈ  കേസിലേയ്ക്ക് വന്നപ്പോള്‍ എനിക്ക് നേരത്തെ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്ന ആത്മവീര്യം കുറച്ചു തിരികെ വന്നു. കാരണം, അതിന്റെ വസ്തുതകള്‍ എനിക്ക് നന്നായി അറിയാമായിരുന്നു. കേസന്വേഷണവുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ചു്   വിശദമായി പറയാന്‍ എനിക്ക് കഴിഞ്ഞു. കൂട്ടത്തില്‍ തീവെയ്പിനു തലേദിവസം തിയേറ്റര്‍ ഉടമയും സംഘടനാ നേതാക്കളുമായുണ്ടായ വഴക്കും ഭീഷണിയുമെല്ലാം ഞാനവതരിപ്പിച്ചു. എഫ്.ഐ.ആറില്‍ പരാതിക്കാരന്‍  പരാമര്‍ശിച്ചിരുന്ന സംഘടനാ നേതാക്കളെ ചോദ്യം ചെയ്യാന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിളിപ്പിച്ചിരുന്നു. സംഭാഷണം ഇങ്ങനെ പുരോഗമിച്ചപ്പോള്‍ എനിക്കും കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമായി. പൊലീസ് വിളിപ്പിച്ചതില്‍ ഉള്‍പ്പെട്ട ഒരു ബിസിനസ്സ്‌കാരനായിരുന്നു 'സര്‍ക്കാരിന്റെ തലവേദന'യ്ക്കും 'ഡി.ജി.പിയുടെ അസ്വസ്ഥത'യ്ക്കും കാരണമെന്ന് എനിക്ക് മനസ്സിലായി.

രാജഗോപാല്‍ നാരായണന്‍
രാജഗോപാല്‍ നാരായണന്‍

രാജഗോപാല്‍ നാരായണന്‍ സാറായിരുന്നു അക്കാലത്ത് ഡി.ജി.പി. എന്റെ ജില്ലാ പരിശീലനം നടക്കുന്ന കാലത്ത് ഒരിക്കല്‍ കോഴിക്കോട് റേഞ്ച് ഡി.ഐ.ജിയുടെ ഓഫീസില്‍ വെച്ച്, ഡി.ജി.പി ഉദ്യോഗസ്ഥരുടെ മീറ്റിംഗ് നടത്തുമ്പോള്‍ അതില്‍ പങ്കെടുക്കാന്‍ എനിക്കും അവസരം കിട്ടിയിരുന്നു. ഞാനവിടെ  നിരീക്ഷകനായിരുന്നുവെന്നു മാത്രം. എന്റെ പരിശീലനത്തെപ്പറ്റി അന്ന് അദ്ദേഹം എന്നോട് ചോദിച്ച്  കൃത്യമായി കാര്യങ്ങള്‍ മനസ്സിലാക്കി. മീറ്റിംഗില്‍ ഉദ്യോഗസ്ഥര്‍ പറയുന്നത് നന്നായി ശ്രദ്ധിക്കുകയും ഇടയ്ക്ക്  ചെറു ചോദ്യങ്ങള്‍ ഉന്നയിക്കുകയും കാര്യമാത്രപ്രസക്തമായി അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്ന ആ രീതി വലിയ മതിപ്പുളവാക്കി. പ്രൊഫഷണല്‍ എന്ന നിലയിലും മൂല്യബോധമുള്ള ഉദ്യോഗസ്ഥനെന്ന നിലയിലും സഹപ്രവര്‍ത്തകരുടെ വിശ്വാസവും ആദരവും അദ്ദേഹം നേടിയിരുന്നു. വളരെ ചുരുങ്ങിയ അനുഭവത്തില്‍നിന്നുതന്നെ അദ്ദേഹം കുന്നംകുളത്തെ  തീവെയ്പ് കേസില്‍ ഇങ്ങനെ 'അസ്വസ്ഥ'നാകില്ലെന്ന് എനിക്കു തോന്നി. 

അപ്പോഴേയ്ക്കും ഡി.ഐ.ജിയുടെ  ആദ്യത്തെ 'മിന്നലാക്രമണ'ത്തിന്റെ ക്ഷീണത്തില്‍നിന്നും ഞാന്‍ ഏതാണ്ട് മുക്തനായി. ധൈര്യം സംഭരിച്ച് ഡി.ഐ.ജിയോട് ചോദിച്ചു: ''സാര്‍ ഞാന്‍ ഡി.ജി.പിയോട് കേസിന്റെ വസ്തുതകള്‍ നേരിട്ട് വിശദീകരിക്കണോ?'' അതു കേട്ട ഉടന്‍ അദ്ദേഹത്തില്‍ ഭാവമാറ്റവും ചുവടുമാറ്റവും സംഭവിച്ചു. ''അതെങ്ങനെ പറ്റും?'' എന്നിങ്ങനെ ആദ്യം അല്പം അക്രമണോത്സുകതയോടെ പ്രതികരിച്ചെങ്കിലും ക്രമേണ അല്ല, അതിവേഗം അക്രമണോത്സുകത അനുനയത്തിനു വഴിമാറി. പിന്നീട് അദ്ദേഹം തികച്ചും സൗഹാര്‍ദ്ദമായിട്ടാണ് സംസാരിച്ചത്. ചോദ്യം ചെയ്യുവാന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ പറഞ്ഞിരുന്ന ഒരു ബിസിനസ്സുകാരനെ അതില്‍നിന്നും ഒഴിവാക്കാനാകുമോ എന്നതായിരുന്നു അദ്ദേഹത്തിന്റെ താല്പര്യം. 'സര്‍ക്കാരിന്റെ തലവേദന'യെപ്പറ്റി പിന്നെയൊന്നും പറഞ്ഞില്ല. ഒഴിവാക്കുവാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് ഞാന്‍ പറഞ്ഞു. അവസാനം അക്കാര്യം ഒന്നുകൂടി പരിശോധിക്കുവാന്‍ നിര്‍ദ്ദേശിച്ചു.  വീണ്ടും എന്നെ വിളിക്കാമെന്നും പറഞ്ഞു.  ''എസ്സ്, സാര്‍'' എന്ന മറുപടിയോടെ ആ സംഭാഷണം അപ്പോള്‍ അവസാനിച്ചു. ഫോണ്‍ വെച്ചപ്പോള്‍ എനിക്ക് ആശ്വാസമായി. 

ഞാനുടനെ തീവെയ്പ് കേസന്വേഷണം നടത്തുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ ഓഫീസില്‍ വിളിപ്പിച്ചു. ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം പരിചയ സമ്പന്നനും പ്രാപ്തനുമായിരുന്നു. അല്പം പോലും മാനസികസംഘര്‍ഷം സി.ഐ പ്രകടിപ്പിച്ചില്ലെന്നു മാത്രമല്ല, ചെറുചിരിയോടെ അദ്ദേഹം പറഞ്ഞു: ''സര്‍ക്കാരിനു തലവേദന എന്നൊക്കെ പറയുന്നത് പുളുവാകാനാണ് സാധ്യത.'' അതിനു കാരണമായി അദ്ദേഹം പറഞ്ഞത്, രാഷ്ട്രീയമായി ആരും ആ സമയംവരെ കേസില്‍ ഒരു താല്പര്യവും എടുത്തിട്ടില്ല എന്നതാണ്.

ഡി.ജി.പി രാജഗോപാല്‍ നാരായണന്‍സാറും അനാവശ്യ കാര്യങ്ങളിലൊന്നും ഇടപെടുന്ന ഉദ്യോഗസ്ഥനല്ല എന്നതായിരുന്നു സി.ഐയുടേയും അഭിപ്രായം. ''സാര്‍, പുതിയ ആളായതുകൊണ്ട് ഇങ്ങനെയൊക്കെ പറഞ്ഞുനോക്കുകയാണ്.'' സി.ഐയുടെ കാഴ്ചപ്പാട് വ്യക്തമായിരുന്നു. ഇതെല്ലാം പറഞ്ഞശേഷം, ''വേണമെങ്കില്‍ ആ ബിസിനസ്സുകാരനെ വരുത്തുന്നത് ഒഴിവാക്കാം'' എന്നും സി.ഐ അഭിപ്രായപ്പെട്ടു. മറ്റുള്ളവരെല്ലാം അന്വേഷണവുമായി സഹകരിക്കുന്നുണ്ടല്ലോ. ഈ മനുഷ്യനെ മാത്രം എന്തിന് ഒഴിവാക്കണം? അതുവേണ്ട എന്നതായിരുന്നു എന്റെ നിലപാട്. 

തൊട്ടടുത്ത ദിവസം ഡി.ഐ.ജി എന്നെ വീണ്ടും ഫോണ്‍ ചെയ്തു. തലേദിവസത്തെ അനുഭവത്തില്‍നിന്നുള്ള ജാഗ്രത മനസ്സിലുണ്ടായിരുന്നു. പക്ഷേ, ഇക്കുറി തികച്ചും വ്യത്യസ്തമായ സമീപനമായിരുന്നു. മറ്റൊരാളായിരുന്നു തലേന്ന് സംസാരിച്ചത് എന്നു തോന്നും. ഇപ്പോള്‍ സൗഹൃദത്തിന്റേയും സ്‌നേഹത്തിന്റേയും തേന്‍ ചാലിച്ച വാക്കുകള്‍. അന്യായമായ അക്രമണോത്സുകതപോലെ കരുതല്‍ വേണ്ടതാണല്ലോ അകാരണമായ സ്‌നേഹപ്രകടനവും. കേസ് ഞാന്‍ സൂക്ഷ്മമായി അവലോകനം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞ ആളെ ചോദ്യം ചെയ്യുന്നതില്‍നിന്നും ഒഴിവാക്കാനാകില്ലെന്നും ഞാന്‍ പറഞ്ഞു. അതിന്മേല്‍ ചില ആശയവിനിമയങ്ങളൊക്കെ നടന്നു. പക്ഷേ, കാര്യകാരണസഹിതം ഞാന്‍ നിലപാടില്‍ ഉറച്ചുനിന്നു.  അവസാനം അദ്ദേഹം ഒരു നിര്‍ദ്ദേശം മുന്നോട്ട് വച്ചു. ആ ബിസിനസ്സുകാരന്‍ കുന്നംകുളത്തു വരും. പക്ഷേ, പൊലീസ് സ്റ്റേഷനില്‍ പോകുന്നതിനു പകരം എന്റെ ഓഫീസില്‍ വരും. ചോദിക്കുവാനുള്ള കാര്യങ്ങള്‍ ഞാന്‍ നേരിട്ട് ചോദിക്കണം; അതും എന്റെ ക്യാമ്പ് ഓഫീസില്‍വെച്ച്. ക്യാമ്പ് ഓഫീസ് എന്നാല്‍ എന്റെ താമസസ്ഥലം തന്നെ. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അടിയന്തര ജോലികള്‍ അവിടെയും നിര്‍വ്വഹിക്കേണ്ടതുണ്ട്. ആ നിര്‍ദ്ദേശത്തോടെല്ലാം ഞാനും സമ്മതിച്ചു. തലേന്ന് കടുത്ത മാനസികസംഘര്‍ഷം സൃഷ്ടിച്ചുകൊണ്ടാണ് ഫോണ്‍  സംഭാഷണം തുടങ്ങിയതെങ്കിലും  അത് അവസാനിച്ചത് വലിയ പ്രശ്നമില്ലാതെ ആയിരുന്നുവെന്ന് എനിക്കു തോന്നി.  
 
ഐ.പി.എസില്‍ ചേര്‍ന്ന ശേഷം പരിശീലനം പൂര്‍ത്തിയാക്കി സ്വതന്ത്ര ചുമതല ആദ്യമായി വഹിക്കുമ്പോള്‍ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനുമായുണ്ടായ ചില ആശയവിനിമയങ്ങളാണ് ഇവിടെ വിവരിച്ചത്. പൊലീസ് സംവിധാനത്തിനുള്ളില്‍ വ്യത്യസ്ത റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ തമ്മില്‍ നടക്കുന്ന സംഭാഷണത്തിന്റെ സ്വഭാവം സവിശേഷമാണ്. നിരന്തരമായി കടന്നുവരുന്ന ''സാര്‍'' ''സാര്‍'' എന്നും ''എസ് സാര്‍'' എന്നുമുള്ള പ്രയോഗം തുടക്കത്തില്‍ അല്പമെങ്കിലും അരോചകമായി തോന്നാം, പിന്നീടത് ശീലമായി മാറാമെങ്കിലും. പക്ഷേ, അതിനപ്പുറം മൗലികമായ ഒരു പ്രശ്‌നം ഇതില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. അതാകട്ടെ, പൊലീസ് പ്രവര്‍ത്തനത്തെ മൊത്തത്തില്‍ ബാധിക്കുന്നതുമാണ്.

കോണ്‍സ്റ്റബിള്‍ മുതല്‍ ഐ.പി.എസ് ഉദ്യോഗസ്ഥര്‍വരെ പൊലീസില്‍ അംഗമാകുന്നവര്‍ക്ക് നല്‍കുന്ന പരിശീലനത്തിന്റെ ഒരു പ്രധാന ഘടകം ഡ്രില്ലും കായിക പരിശീലനങ്ങളുമാണ്. ഉത്തരവുകള്‍ തികച്ചും യാന്ത്രികമായി പാലിക്കുക എന്നൊരു ശീലം ഇതിലൂടെ കൈവരുന്നുണ്ട്. ഈ പ്രക്രിയയിലൂടെ, പൊലീസ് സംവിധാനത്തിന്റെ അടിത്തറ എന്നത് മുകളില്‍നിന്നുള്ള ഉത്തരവുകള്‍ അപ്പടി അനുസരിക്കുകയാണ്  എന്ന മാനസികാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. ഇതിന്  ഗുണവും ദോഷവുമുണ്ട്. തീരുമാനങ്ങള്‍ വേഗം നടപ്പാക്കുന്നതില്‍ ഇത് കാര്യക്ഷമത വര്‍ദ്ധിപ്പിക്കും; പക്ഷേ, തീരുമാനങ്ങളെടുക്കുന്നതില്‍ സ്വതന്ത്രമായ ആശയവിനിമയത്തിന് ഇതു തടസ്സം സൃഷ്ടിക്കും.   അടിയന്തരാവസ്ഥയ്ക്കുശേഷം നിലവില്‍ വന്ന നാഷണല്‍ പൊലീസ് കമ്മിഷനിലൂടെ പൊലീസ് പരിഷ്‌കരണത്തിനു മഹത്തായ സംഭാവന നല്‍കിയിട്ടുള്ള സി.വി. നരസിംഹന്‍, പരിശീലനത്തിലെ ഈ പ്രശ്നം തിരിച്ചറിഞ്ഞ് പരിഹാരം നിര്‍ദ്ദേശിക്കുന്നുണ്ട്.  പ്രസക്തമായ ഒരു വാക്യം അദ്ദേഹത്തില്‍നിന്നും ഉദ്ധരിക്കട്ടെ: 'This in-built defect in the system has to be got over by the attitudes and conventions developed by the senior officers in later years of service.' (സംവിധാനത്തിനുള്ളിലെ ഈ ന്യൂനത പില്‍ക്കാലത്ത് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വികസിപ്പിക്കുന്ന മാനസികാവസ്ഥയിലൂടെയും രീതികളിലൂടെയും മറി കടക്കേണ്ടതാണ്.)  (Random Recollections of C.V. Narasimhan IPS (Rtd.) എന്ന ഗ്രന്ഥത്തില്‍ നിന്ന്).   

നിയമം ഓര്‍മിപ്പിച്ച രാഘവന്‍

പരേഡ് ഗ്രൗണ്ടില്‍ Left-turn, Right-turn എന്നിങ്ങനെ കമാണ്ടറുടെ വാക്കുകള്‍ക്കനുസൃതമായി ഇടത്തോട്ടും വലത്തോട്ടും തിരിയുന്നതുപോലെ യാന്ത്രികമായ അനുസരണം പാലിക്കുന്നതാണ് അച്ചടക്കം എന്നത് തെറ്റാണെന്നു മാത്രമല്ല, അതു നിയമവാഴ്ചയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് വിരുദ്ധവുമാണ്. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ നിയമാനുസൃതമുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ ആരാണ് പ്രതി, ആരാണ് നിരപരാധി എന്ന് തീരുമാനിക്കുന്നതിനു പകരം ഏതെങ്കിലും ഉയര്‍ന്ന അധികാര കേന്ദ്രത്തിന്റെ ആജ്ഞാനുവര്‍ത്തിയായി തീരുമാനമെടുക്കുന്ന അവസ്ഥയെ മറ്റെന്തു പേരിട്ടാലും 'അച്ചടക്കം' എന്ന ലേബല്‍ അതിലൊട്ടിക്കരുത്. ഈ പ്രക്രിയയിലൂടെ താഴെത്തട്ടിലെ ഉദ്യോഗസ്ഥനെ സമ്മര്‍ദ്ദത്തിലാക്കാന്‍ നമ്മള്‍ നേരത്തെ കണ്ട പോലെ 'സര്‍ക്കാരിന്റെ തലവേദന', 'ഡി.ജി.പിയുടെ അസ്വസ്ഥത' എന്നൊക്കെ പറഞ്ഞ് ഭയപ്പെടുത്തുകയും ചെയ്യും. അച്ചടക്കത്തെക്കുറിച്ചുള്ള അബദ്ധധാരണ നീതിബോധമില്ലാത്ത ഉദ്യോഗസ്ഥര്‍ ചൂഷണം ചെയ്യും.

എ.പി. ദുരൈ
എ.പി. ദുരൈ

നാഷണല്‍ പൊലീസ് അക്കാദമിയില്‍ ജോലി ചെയ്യുമ്പോള്‍ കേള്‍ക്കാനിടയായ ഒരനുഭവം ഓര്‍ക്കുന്നു. മുന്‍ കര്‍ണാടക ഡി.ജി.പി  ശ്രീ. എ.പി. ദുരൈ ആണത് പറഞ്ഞത്. കര്‍ണാടകയില്‍ ഡി.ജി.പി ആയിരിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ ചില നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അദ്ദേഹം 'No Sir' എന്നു പറഞ്ഞു, പലപ്പോഴും.  മുഖ്യമന്ത്രി ചോദിച്ചു: ''നിങ്ങള്‍ അച്ചടക്കമുള്ള ഒരു സേനയിലെ അംഗമല്ലേ?'' അദ്ദേഹത്തിന്റെ മറുപടി: 'Yes Sir.'  അപ്പോള്‍ അടുത്ത ചോദ്യം: ''ആ നിലയ്ക്ക് discipline എന്നാല്‍ മുകളില്‍നിന്നുള്ള നിര്‍ദ്ദേശം അതുപോലെ പാലിക്കലല്ലേ?''  എ.പി. ദുരൈയുടെ മറുപടി: 'No Sir,  അതല്ല അച്ചടക്കം.'' എന്താണ് അച്ചടക്കമെന്ന്  കൂടുതലറിയാന്‍ ചോദ്യകര്‍ത്താവിന് താല്പര്യമുണ്ടായില്ല. വൈകാതെ  അദ്ദേഹം സ്ഥാനഭ്രംശനായി, ചാര്‍ജെടുത്തിട്ട് 5 മാസമേ ആയുള്ളുവെങ്കിലും. ഉന്നത മൂല്യങ്ങള്‍ പുലര്‍ത്തുന്ന ഉദ്യോഗസ്ഥനേ ഉറച്ച നിലപാട്  സാധ്യമാകൂ.    'Yes Sir', 'Yes Sir' എന്ന് യാന്ത്രികമായി ഉരുവിടുകയല്ല അച്ചടക്കമെന്നും 'No Sir' എന്നു പറയേണ്ടിടത്ത് അത് പറയുന്നതുകൂടിയാണ് അച്ചടക്കം എന്ന തിരിച്ചറിവ്  പ്രധാനമാണ്. 
 
ആലപ്പുഴയില്‍ ഞാനാദ്യം എസ്.പി ആയിരുന്നപ്പോള്‍ അച്ചടക്കത്തിന്റെ ഈ പാഠം എന്നെ ഓര്‍മ്മിപ്പിച്ച ഒരു പൊലീസുകാരന്‍- രാഘവന്‍  മനസ്സിലുണ്ട്.

ഒരു പരാതിയുമായിട്ടാണ് രാഘവന്‍ എസ്.പി ഓഫീസില്‍ എന്നെ കാണാന്‍ വന്നത്. അയാളന്ന് ട്രാഫിക്കില്‍ ജോലി നോക്കുന്നു. യൂണിഫോമില്‍ രാഘവന്റെ ഓരോ ചലനവും  ആകര്‍ഷകമായിരുന്നു.  അറ്റന്‍ഷനില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ റിപ്പബ്ലിക്ക് ഡേ പരേഡില്‍ വി.വി.ഐ.പിയുടെ മുന്നില്‍ നില്‍ക്കുന്ന പരേഡ് കമാണ്ടറെ ഓര്‍മ്മിപ്പിച്ചു രാഘവന്‍. അയാള്‍ പറഞ്ഞു തുടങ്ങി. ''സാര്‍, എന്റെ ഭാര്യ ഗള്‍ഫില്‍ പോകാന്‍ വേണ്ടി ബോംബെയ്ക്ക് പോയി. അത്  ശരിയാകുന്നില്ല. ഇപ്പോള്‍ തിരികെപ്പോരാന്‍ ഞാന്‍ ആവശ്യപ്പെട്ടിട്ടും അവള്‍ വരുന്നില്ല. കത്തയച്ചപ്പോള്‍ ധിക്കാരമായിട്ടാണ് മറുപടി. താന്‍ തന്റെ പാട്ടിനു പൊയ്‌ക്കോ, ഞാന്‍ വരികയൊന്നുമില്ല എന്നാണവള്‍ എഴുതിയിരിക്കുന്നത്.'' ഒരു തമാശ മട്ടില്‍  ഞാന്‍ പറഞ്ഞു: ''രാഘവാ, ഭാര്യയ്ക്ക് തന്നെ വേണ്ടെന്നാണെങ്കില്‍ താനും അവളുടെ പാട്ടിനു പോകാന്‍ പറ'' ബന്ധം വിച്ഛേദിക്കലൊന്നും വിദൂരമായിപ്പോലും എന്റെ മനസ്സിലുണ്ടായിരുന്നില്ല. സന്ദര്‍ഭത്തിന്റെ പിരിമുറുക്കം ഒന്നു കുറയ്ക്കാം എന്നേ കരുതിയുള്ളൂ. പക്ഷേ, തമാശ അസ്ഥാനത്തായിപ്പോയി.  രാഘവന്‍ അതൊട്ടും ആസ്വദിച്ചില്ല. ശ്വാസം പിടിച്ച്  മസിലുകള്‍ ഒന്നു കൂടി മുറുക്കി അറ്റന്‍ഷനിലെ നില്‍പ്പ് കൂടുതല്‍ ഉറപ്പിച്ചുകൊണ്ട് പറഞ്ഞു: ''സാര്‍, അതല്ലല്ലോ നിയമം, അങ്ങനെ തോന്നുമ്പം വേണ്ടെന്നു വയ്ക്കാന്‍ പറ്റില്ലല്ലോ. ഇതിനൊക്കെ ചില വ്യവസ്ഥകളില്ലേ സര്‍,'' 

രാഘവന്റെ മറുപടി എന്നെ അല്പം ഞെട്ടിച്ചു. പൊലീസുകാരന്‍ ഐ.പി.എസ്‌കാരനെ നിയമം ഓര്‍മ്മിപ്പിക്കുകയാണല്ലോ. അതോടെ ഞാന്‍ തമാശ ഉപേക്ഷിച്ച് പ്രശ്‌നം ഗൗരവത്തോടെ കേട്ടു. 

സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാന്‍ ഭാര്യ ഗള്‍ഫില്‍ ജോലിക്കായി പോകാമെന്ന് സംയുക്തമായി യോജിച്ചു തീരുമാനിച്ചെങ്കിലും ബോംബെയിലെത്തിയ ശേഷം ഗള്‍ഫ് യാത്ര നീണ്ടുപോയി. ഈ ഘട്ടത്തില്‍ ഗള്‍ഫ് സ്വപ്നം ഉപേക്ഷിച്ച് തിരികെ പോരണമെന്ന് രാഘവനും അല്ല, കുറച്ചുനാള്‍ കൂടി ബോംബെയില്‍നിന്ന് ശ്രമം തുടരണമെന്ന് ഭാര്യയും. ഇതാണ് തര്‍ക്കം എന്ന് എനിക്കു മനസ്സിലായി. രാഘവന്‍ ബോംബെയില്‍നിന്ന് ഭാര്യ അയച്ച കത്ത് എന്റെ നേരെ നീട്ടി. അവരുടെ സ്വകാര്യത മാനിച്ച് ഞാനത് വാങ്ങിയില്ല. പിന്നീട് നിര്‍ബ്ബന്ധിച്ചപ്പോള്‍ വാങ്ങി വായിച്ചു. ഭാര്യയുടെ വാദം എനിക്ക് കൂടുതല്‍ ബോധ്യപ്പെട്ടു. ''രാഘവന്‍ രണ്ടാഴ്ച കൂടി ക്ഷമിക്കൂ, എല്ലാം ശരിയാകും.''  ഞാന്‍ പറഞ്ഞു. ഇത്തവണ രാഘവന്‍ എന്നോട് യോജിച്ചു. ഒരാഴ്ച കഴിഞ്ഞ് അയാള്‍ വീണ്ടും വന്നു. ''ശരിയായി സര്‍, ഇന്നലെ ഗള്‍ഫില്‍ പോയി''- രാഘവന്‍ സന്തോഷം പങ്കിട്ടു. ട്രാഫിക് ജോലിയില്‍ ഉത്തമ മാതൃകയായിരുന്നു അയാള്‍. യാന്ത്രികമായി ''എസ്സ് സര്‍'' എന്ന് പറയാതെ മാന്യമായി വിയോജിപ്പ് പ്രകടിപ്പിച്ച പ്രിയ രാഘവാ, നിങ്ങള്‍ എനിക്കെന്നും സന്തോഷകരമായ ഓര്‍മ്മയാണ്. 
      
നമുക്ക് വീണ്ടും പഴയ  തീവെയ്പിലേയ്ക്ക് മടങ്ങാം. ഡി.ഐ.ജിയുടെ ഫോണ്‍വിളി കഴിഞ്ഞ് അടുത്ത ദിവസം ഞാന്‍ ഓഫീസിലേയ്ക്ക് ഇറങ്ങാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ ക്യാമ്പ് ഓഫീസില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ മൂസ, ഒരാള്‍ കാണാന്‍ വന്നിരിക്കുന്നുവെന്ന് പറഞ്ഞു. ഞാനദ്ദേഹത്തോട് ഇരിക്കാന്‍ പറഞ്ഞു. ഡി.ഐ.ജി സൂചിപ്പിച്ച വ്യക്തിയായിരുന്നു അത്. കസേര അല്പം കൂടി പിന്നിലേയ്ക്ക് നീക്കിയിട്ടശേഷമാണ് അദ്ദേഹമിരുന്നത്. എന്നില്‍നിന്ന് കൂടുതല്‍ ദൂരേയ്ക്ക് നീക്കിയതെന്തിനെന്ന് എനിക്ക് പിടികിട്ടിയില്ല. അദ്ദേഹം ഇംഗ്ലീഷിലാണ് സംസാരിച്ചത്, അല്പം ബുദ്ധിമുട്ടിയാണെങ്കിലും. എന്തുകൊണ്ട് മലയാളം ഒഴിവാക്കിയെന്നതും ദുരൂഹമായിരുന്നു. വല്ലാതെ ഭയന്നമട്ടിലാണ് ആ മനുഷ്യന്‍ സംസാരിച്ചത്. ഏതാണ്ട് പൂച്ചയുടെ മുന്നില്‍പ്പെട്ട എലിയുടെ അവസ്ഥ. ഭയപ്പെടുത്താന്‍ ഞാനൊന്നും പറഞ്ഞില്ല. സത്യത്തില്‍ അദ്ദേഹം പറയുന്ന കാര്യങ്ങള്‍ ശാന്തമായി ശ്രദ്ധിക്കുന്നതിനപ്പുറം എന്റെ ഭാഗത്തുനിന്ന് ചോദ്യങ്ങള്‍പോലും കുറവായിരുന്നു. അധികം വൈകിക്കാതെ അദ്ദേഹത്തോട് പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു. അതിവേഗം 'Thank you' പറഞ്ഞൊപ്പിച്ച് ആള്‍  സ്ഥലം വിട്ടു. മൊത്തത്തില്‍ വിചിത്രമെന്നു തോന്നി ആ പെരുമാറ്റം.
 
വൈകുന്നേരം  ഓഫീസില്‍നിന്ന് തിരികെ വന്നപ്പോള്‍ മൂസ പതിവിലും ഉഷാറായിരുന്നു. ''സാറെ, രാവിലെ വന്ന ആളിനെ ഇവിടുത്തെ കടക്കാര്‍ ശരിക്കും പറ്റിച്ചു.'' മൂസ പറഞ്ഞു. എന്റെ വീടിനു തൊട്ടപ്പുറത്ത് ഒന്ന് രണ്ട് ചെറിയ കടകളുണ്ടായിരുന്നു. രാവിലെ നേരത്തെ വന്ന് ആ മനുഷ്യന്‍ അതിലൊരാളോട്, എന്നെപ്പറ്റി അന്വേഷിച്ചുവത്രേ. കടക്കാരനില്‍നിന്ന് ചില 'വിലപ്പെട്ട വിവരങ്ങള്‍' അയാള്‍ക്ക് കിട്ടി. ഒന്ന്, ഞാന്‍ മലയാളം അങ്ങനെ സംസാരിക്കാറില്ല. രണ്ടാമത്തേത് ആയിരുന്നു കൂടുതല്‍ അപകടകരം; പുള്ളിയങ്ങനെ ശാന്തനായി ഇരിക്കും, പക്ഷേ എപ്പോഴാണ് അടി വീഴുന്നതെന്ന് അറിയാന്‍ പറ്റില്ലത്രേ. എന്നെപ്പറ്റി ഏതാണ്ട് ഒരു 'ഭീകരജീവി'യുടെ ചിത്രമാണ് മനുഷ്യന് കിട്ടിയത്. മൂസ കാര്യം പറഞ്ഞപ്പോള്‍ രാവിലത്തെ ദുരൂഹത നീങ്ങി. ഇത് പറയുമ്പോള്‍, മൂസ ആദ്യമായി ചിരിക്കുന്നത് കണ്ടു. ഞാനും ചിരിച്ചു. പക്ഷേ, എന്തിന് അവരങ്ങനെ അസത്യം പറഞ്ഞ് ആ മനുഷ്യനെ വിരട്ടി? അത് ദുരൂഹമാണ്. ബെന്‍സ് കാറില്‍ വന്നിറങ്ങിയ ആളോട് സൈക്കിളുകാരന് തോന്നാനിടയുള്ള വല്ല വികാരവുമായിരിക്കുമോ? അതെനിക്ക് അറിയില്ല. പക്ഷേ, 'ഭീകരനായ ആ എ.എസ്.പി'യെ ഓര്‍ക്കുമ്പോള്‍  ഇപ്പോഴും ചിരിവരുന്നുണ്ട്, ചെറുതായെങ്കിലും.   

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com