'പൊലീസ് നടപടി ആവശ്യമായിവരും എന്ന ഘട്ടമുണ്ടായപ്പോള്‍ അതിനെതിരായ ഒരു യോഗത്തിലും മദനി പ്രസംഗിച്ചിരുന്നു'

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം പൂര്‍ണ്ണമായും കുടത്തിലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും നമുക്ക് കുറേയൊക്കെ മെരുക്കാന്‍ കഴിഞ്ഞ ദുര്‍ഭൂതമായിരുന്നു വര്‍ഗ്ഗീയത
മദനി
മദനി

ന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം പൂര്‍ണ്ണമായും കുടത്തിലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും നമുക്ക് കുറേയൊക്കെ മെരുക്കാന്‍ കഴിഞ്ഞ ദുര്‍ഭൂതമായിരുന്നു വര്‍ഗ്ഗീയത. എണ്‍പതുകളുടെ അവസാനം മുതലാണല്ലോ പൊലീസുദ്യോഗസ്ഥനായി എന്റെ പ്രവര്‍ത്തനം തുടങ്ങുന്നത്. വര്‍ഗ്ഗീയതയുടെ ദുര്‍ഭൂതം തുടലുകള്‍ ഒന്നൊന്നായി പൊട്ടിച്ചെറിയാന്‍ അക്ഷമയോടെ പരിശ്രമിച്ച്  തുടങ്ങിയ കാലം കൂടിയാണത്.  ഈ ദുര്‍ഭൂതത്തിന്റെ വളര്‍ച്ച കണ്‍മുന്നില്‍ അരങ്ങേറിയെങ്കിലും പലരും അത് കണ്ടില്ല. ദേശീയ, അന്തര്‍ദ്ദേശീയ സംഭവങ്ങള്‍ ആ വളര്‍ച്ചയ്ക്ക് പ്രചോദനവും ഊര്‍ജ്ജവും നല്‍കി. കേരളവും ഇതിന് അപവാദമായിരുന്നില്ല. 1990-ല്‍ നെയ്യാറ്റിന്‍കര ജോയിന്റ് എസ്.പി ആയിരിക്കുമ്പോള്‍ വര്‍ഗ്ഗീയ സംഘര്‍ഷത്തിന്റെ ചരിത്രമുണ്ടായിരുന്ന വിഴിഞ്ഞം പോലുള്ള തീരപ്രദേശത്തിന്റെ  അവസ്ഥ നേരിട്ട് പഠിക്കാനും മനസ്സിലാക്കാനും എനിക്ക് അവസരം ലഭിച്ചിരുന്നു. ഉപജീവനവുമായി ബന്ധപ്പെട്ട അവിചാരിതമായ തര്‍ക്കങ്ങള്‍ അവിടെ ചിലപ്പോള്‍ വര്‍ഗ്ഗീയ സംഘട്ടനമായി മാറിയിരുന്നു. ഇങ്ങനെ ഒറ്റപ്പെട്ട ചില സംഘര്‍ഷ മേഖലകളല്ലാതെ കേരളത്തിന്റെ പൊതു അന്തരീക്ഷം വര്‍ഗ്ഗീയത മലീമസമാക്കുന്നുണ്ടായിരുന്നില്ല. പക്ഷേ, ഈ അവസ്ഥ അതിവേഗം മാറുകയായിരുന്നു. ആലപ്പുഴയില്‍ അതെനിക്ക് അനുഭവപ്പെട്ടു; സാമാന്യം രൂക്ഷമായിത്തന്നെ. 

അന്ന് കേരളത്തില്‍  ചില സാമൂഹ്യസംഘടനകള്‍ നടത്തിയിരുന്ന പൊതുയോഗങ്ങളിലെ പ്രസംഗങ്ങളുടെ ഉള്ളടക്കത്തിലും  ശൈലിയിലും കാതലായ മാറ്റം സംഭവിക്കുന്നുണ്ടായിരുന്നു. മതവുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്ന  പ്രഭാഷണങ്ങളില്‍ മുന്‍കാലങ്ങളില്‍ പൊതുവേ പുലര്‍ത്തിയിരുന്ന മിതത്വം  അപ്രത്യക്ഷമായി തുടങ്ങി. പൊതുവേ മിതഭാഷികള്‍ക്ക് ഡിമാന്‍ഡ് കുറഞ്ഞു. തീപ്പൊരികള്‍ക്ക് പ്രസംഗവേദികളില്‍ മാര്‍ക്കറ്റ് വര്‍ദ്ധിച്ചു; ഏതാണ്ട് എല്ലാ മതങ്ങളുടെ കാര്യത്തിലും. മതവികാരം വളര്‍ത്താനുതകുന്ന രീതിയില്‍ അതിവൈകാരികത കുത്തിനിറച്ചുള്ള പ്രസംഗങ്ങളുടെ കാര്യത്തില്‍ ഒരുതരം മത്സരബുദ്ധിയും ചില അവസരങ്ങളില്‍  ദൃശ്യമായി. ശരാശരി മനുഷ്യന്റെ ഉള്ളില്‍ തീവ്ര മതവികാരം ഉണര്‍ത്തുകയും അവന്റെ മുന്നില്‍ യഥാര്‍ത്ഥമോ സാങ്കല്പികമോ ആയ ഒരു ശത്രുവിന്റെ ചിത്രം വരച്ചുകാട്ടുകയും കൂടി ചെയ്താല്‍ അതിന്റെ അപകടസാദ്ധ്യതകള്‍ അചിന്ത്യമാണ്. മുന്‍പും സാമുദായിക സംഘര്‍ഷങ്ങള്‍ക്കടിസ്ഥാനമായ വിഷയങ്ങളുണ്ടാകുമ്പോള്‍ താല്‍ക്കാലികമായി ചില 'തീപ്പൊരി' പ്രഭാഷണങ്ങള്‍ ഉണ്ടാകാറുണ്ട്. എങ്കിലും ഇത്രയ്ക്ക് വ്യാപകമായി ആ പ്രവണത വളര്‍ന്നിരുന്നില്ലെന്നു തോന്നുന്നു.  

ഇത്തരം പ്രഭാഷകരില്‍ ഒരപൂര്‍വ്വ പ്രതിഭാസം തന്നെ ആയിരുന്നു അക്കാലത്ത് കേരളത്തില്‍ വ്യാപകമായി കേട്ട് തുടങ്ങിയ അബ്ദുള്‍ നാസര്‍ മദനി. മതപരമായ പാണ്ഡിത്യം, പൊതുവിജ്ഞാനം, ഭാഷാപ്രാവീണ്യം, പ്രസംഗശൈലി, അതിവൈകാരികത ഇവയിലെല്ലാം അദ്വിതീയനായിരുന്ന മദനിയെ വലിയൊരു വിഭാഗം ആളുകളുടെ, പ്രത്യേകിച്ച് കുറേ മുസ്ലിം യുവാക്കളുടെ ആവേശമായി മാറി എന്നതാണ് സത്യം. അക്കാലത്തെ ദേശീയ സംഭവ വികാസങ്ങളും മദനിയെപ്പോലൊരു തീപ്പൊരി പ്രാസംഗികന് കത്തിപ്പടരാന്‍ അനുകൂലമായിരുന്നു. മതാധിഷ്ഠിത വികാരം ആളിക്കത്തിക്കുന്ന വാക്കുകള്‍ ഇങ്ങനെ ആരാധകരെ സൃഷ്ടിച്ചപ്പോള്‍ സമൂഹത്തില്‍ അത്  എതിര്‍പ്പും വിമര്‍ശനവും ശത്രുതയും ഉണ്ടാക്കി. ഇത്തരത്തില്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ക്കെതിരെ നിയമനടപടി എടുക്കണം എന്ന ആവശ്യവും ഉയര്‍ന്നുവന്നു. ഇവയുടെ വിവരങ്ങള്‍ എല്ലാം തന്നെ പൊലീസ് സംവിധാനത്തിലൂടെ സര്‍ക്കാരിലെത്തും. പ്രകോപനപരമായ പ്രസംഗങ്ങള്‍ ഇങ്ങനെ സംസ്ഥാനത്ത് പല ഭാഗത്തും അരങ്ങേറിയെങ്കിലും നിയമനടപടി സ്വീകരിക്കുന്നതിനുള്ള പൊതു നിര്‍ദ്ദേശങ്ങളൊന്നും വന്നില്ല. 

ചില ചട്ടപ്പടി നിര്‍ദേശങ്ങള്‍

അവസാനം, ഏതാനും മാസങ്ങള്‍ കഴിഞ്ഞ് പൊലീസ് ആസ്ഥാനത്തുനിന്നും സര്‍ക്കാരിന്റെ പൊതു നിര്‍ദ്ദേശം വന്നു. വിവിധ ജില്ലകളില്‍ നടത്തിയ കുറേയേറെ പ്രസംഗങ്ങള്‍ പരാമര്‍ശിച്ച് പൊതുവായി അവ പരിശോധിച്ച്, നിയമാനുസരണം കേസ് രജിസ്റ്റര്‍ ചെയ്യണം എന്നായിരുന്നു അത്. ഒരുതരം 'ചട്ടപ്പടി' നിര്‍ദ്ദേശം പോലെ തോന്നി.  എന്നാല്‍ വിചിത്രമായി തോന്നിയത്, ഈ നിര്‍ദ്ദേശം എത്തുംമുന്‍പേ തന്നെ മറ്റൊരു നിര്‍ദ്ദേശം വാക്കാലെത്തി. അതായത്, ''കേസെടുത്താല്‍ മാത്രം മതി, തല്‍ക്കാലം മറ്റൊന്നും ചെയ്യേണ്ട.'' പൊലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ എനിക്കത് അരോചകമായി തോന്നി.   കേസെടുത്താല്‍ അന്വേഷണം അനാവശ്യമായ കാലതാമസം കൂടാതെ പൂര്‍ത്തിയാക്കണം എന്നാണ് ക്രിമിനല്‍ ചട്ടങ്ങള്‍ എടുത്തു പറയുന്നത്. അന്വേഷണം നടത്തുമ്പോള്‍ കുറ്റാരോപിതന്റെ  അറസ്റ്റുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ തീരുമാനമെടുക്കേണ്ടതാണ്. കേസ് എടുക്കുകയും നിയമാനുസരണം  തുടര്‍നടപടികള്‍ എടുക്കാതിരിക്കുകയും ചെയ്യുമ്പോള്‍  അതിന്റെ സന്ദേശം എന്താണ്? പ്രസംഗം  പ്രകോപനപരമാണോ അല്ലയോ എന്ന് പരിശോധന നടത്തി, അതിന്റെ വെളിച്ചത്തിലാണ് കേസെടുക്കേണ്ടതാണോ എന്ന് തീരുമാനിക്കേണ്ടത്. പ്രകോപനം നിയമാനുസരണം കുറ്റകൃത്യത്തിന്റെ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ടോ എന്ന് സൂക്ഷ്മമായി വിലയിരുത്തണം. ആ വിലയിരുത്തല്‍ യാന്ത്രികമല്ല. ഒരുതരം 'തൊട്ടാവാടി'മനസ്സിന്റെ പ്രതികരണമാകാനും പാടില്ല. വ്യക്തിനിഷ്ഠമായ വീക്ഷണങ്ങള്‍  കടന്നുവരുന്നത് പൂര്‍ണ്ണമായും ഒഴിവാക്കാനാവില്ല. പ്രസംഗമായാലും ലേഖനമായാലും പുസ്തകമായാലും അതിനെ സമഗ്രതയില്‍ പരിശോധിച്ച് പരിപൂര്‍ണ്ണ ബോദ്ധ്യമുണ്ടെങ്കില്‍ മാത്രം നിയമനടപടി എന്നതായിരുന്നു എന്റെ പൊതുസമീപനം. അതുതന്നെയാണ് ശരി എന്നാണ് ഇന്നും എന്റെ ബോദ്ധ്യം. പക്ഷേ, നിയമ നടപടി സ്വീകരിക്കേണ്ടിടത്ത് ഉറപ്പോടെ അത് സ്വീകരിക്കുകയും വേണം. കേസെടുക്കുകയും തുടര്‍ന്ന് അന്വേഷണം നടത്താതിരിക്കുകയും ചെയ്യുന്നത് പൊലീസിനെ പരിഹാസ്യമാക്കുന്ന ഏര്‍പ്പാടായിട്ടാണ് എനിക്കു തോന്നിയത്. ആലപ്പുഴയിലെ പ്രോസിക്യൂഷന്‍  ഡെപ്യൂട്ടി ഡയറക്ടര്‍ രാജഗോപാലപിള്ള പരിചയസമ്പന്നനായ അഭിഭാഷകനായിരുന്നു. ഞാന്‍ അദ്ദേഹവുമായും വിഷയം ചര്‍ച്ച ചെയ്തു. ആലപ്പുഴയിലെ ചില പ്രസംഗങ്ങള്‍ ഉണ്ടായിരുന്നത് അദ്ദേഹം പരിശോധിച്ച് കേസ്  നിലനില്‍ക്കില്ലെന്ന് അഭിപ്രായപ്പെട്ടു. അത് സ്വീകരിക്കുകയും ചെയ്തു. അങ്ങനെ കേസെടുത്ത് നിസ്സഹായമായിരിക്കുന്ന സാഹചര്യം ആലപ്പുഴയില്‍  ഒഴിവായി. സംസ്ഥാനത്ത് ചില ജില്ലകളില്‍ കേസെടുത്തെങ്കിലും ഒരിടത്തും അറസ്റ്റ് പോലുള്ള നടപടിയിലേയ്ക്ക് പോയില്ല. എന്നുമാത്രമല്ല, പൊലീസിനേയും ഗവണ്‍മെന്റിനേയും എല്ലാം വെല്ലുവിളിക്കുന്ന രീതിയിലാണ് പിന്നെയും പ്രസംഗങ്ങളുമായി മുന്നോട്ടു പോയത്. പൊലീസിനേയും കേസിനേയും ഒന്നും ഭയക്കുന്ന വ്യക്തിയല്ല താന്‍ എന്ന പ്രതിച്ഛായ അനുയായികളുടെ ഇടയില്‍ വളര്‍ത്താന്‍ അത് സഹായിക്കുകയും ചെയ്തു എന്ന് തോന്നുന്നു.  പില്‍ക്കാലത്ത് ശിവഗിരിയിലെ ഹൈക്കോടതി വിധി നടപ്പാക്കാന്‍ പൊലീസ് നടപടി ആവശ്യമായിവരും എന്ന ഘട്ടമുണ്ടായപ്പോള്‍ അതിനെതിരായ ഒരു യോഗത്തിലും മദനി പ്രസംഗിച്ചിരുന്നു. തനിക്കെതിരെ നിലവിലുള്ള കേസുകളുടെ കൂട്ടത്തില്‍ ശിവഗിരിയുടെ പേരില്‍ പുതിയ ഒരു കേസ് കൂടി വരുന്നത് അഭിമാനമായി കരുതും എന്നാണ് അദ്ദേഹം സംസാരിച്ചത്.

ഒരു വശത്ത് സമൂഹത്തില്‍ വര്‍ഗ്ഗീയത വളര്‍ത്തുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമം പല രീതിയിലും നടക്കുമ്പോഴും മറുവശത്ത് സാധാരണ ജനങ്ങളുടെ ഭാഗത്തുനിന്ന് മത സൗഹാര്‍ദ്ദത്തിന്റെ ജാഗ്രത വെളിവാക്കുന്ന സംഭവങ്ങളും ഉണ്ടായി. അമ്പലപ്പുഴയ്ക്കടുത്ത് കക്കാഴം എന്ന പ്രദേശത്ത് ഒരു സംഭവമുണ്ടായി. അവിടെ ഒരു ക്ഷേത്ര കോമ്പൗണ്ടിലുണ്ടായിരുന്ന ഊട്ടുപുരയ്ക്ക് ഒരു രാത്രി തീ പിടിച്ചു. വലിയ നാശനഷ്ടമുണ്ടായില്ലെങ്കിലും ആ പ്രദേശത്ത് അത് വളരെ ശ്രദ്ധിക്കേണ്ട പ്രശ്‌നമായിരുന്നു. അമ്പലത്തിനടുത്ത പ്രദേശത്ത് ധാരാളം മുസ്ലിം കുടുംബങ്ങള്‍ പാര്‍ത്തിരുന്നു. അവരുടെമേല്‍ സംശയം ആരോപിച്ചാല്‍ അതൊരു വര്‍ഗ്ഗീയ പ്രശ്‌നമായി മാറിയേക്കാം എന്ന് ഞങ്ങള്‍ സംശയിച്ചു. പക്ഷേ, അവിടെ സംഭവിച്ചത് നേരെ മറിച്ചാണ്. അമ്പലത്തിനോട് ചേര്‍ന്ന കെട്ടിടത്തിന് തീപിടിച്ച വിവരമറിഞ്ഞ് പ്രദേശവാസികളായ മുസ്ലിങ്ങളും  അമ്പലത്തിന്റെ ഭാരവാഹികളും തമ്മില്‍ ബന്ധപ്പെട്ടു. ഇരു കൂട്ടരും തമ്മില്‍ സംസാരിച്ച് ഒരു പൊതുധാരണയിലെത്തി. അതായത് ആ പ്രദേശത്ത് ബോധപൂര്‍വ്വം ഹിന്ദുക്കളേയും മുസ്ലിങ്ങളേയും തമ്മില്‍ അകറ്റുന്നതിനുവേണ്ടി ഏതോ സാമൂഹ്യവിരുദ്ധര്‍ മനപ്പൂര്‍വ്വം നടത്തിയതാണ് തീവെയ്പ്. അതുകൊണ്ട് ആ ശ്രമത്തെ പരാജയപ്പെടുത്തണം. അതിനുവേണ്ടി തീപിടിത്തത്തില്‍ സംഭവിച്ച നാശനഷ്ടം ആ പ്രദേശത്തെ ഹിന്ദുക്കളും മുസ്ലിങ്ങളും ഉള്‍പ്പെടെ നാട്ടുകാര്‍  ഒരുമിച്ച് വഹിക്കും. 

ഇങ്ങനെ ഒരു ഐക്യം സൃഷ്ടിക്കുന്നതില്‍ നേതൃത്വം വഹിച്ചതാകട്ടെ, അമ്പലപ്പുഴ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എബ്രഹാം മാത്യു. രാവിലെ വലിയൊരു സംഘര്‍ഷത്തിലേയ്ക്ക് നീങ്ങുമോ എന്ന് ഞങ്ങള്‍ ഉല്‍ക്കണ്ഠപ്പെട്ട ആ പ്രശ്‌നം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സാധാരണക്കാരായ നാട്ടുകാര്‍ തന്നെ ഒരുമയോടെ പരിഹരിച്ചു.

സിവി പത്മരാജൻ
സിവി പത്മരാജൻ

പക്ഷേ, അമ്പല കോമ്പൗണ്ടിലെ തീപിടിത്തം തലസ്ഥാനത്തെത്തിയപ്പോള്‍ അത് വളരെ ഗൗരവമായിട്ടാണ് എല്ലാപേരും കണ്ടത്. കാരണം, അക്കാലത്ത്, തലസ്ഥാനത്തും മറ്റും വര്‍ഗ്ഗീയ പ്രശ്‌നങ്ങള്‍ വലിയ സംഘട്ടനത്തിലേയ്ക്കും പൊലീസ് വെടിവെയ്പിലേയ്ക്കും ഒക്കെ നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലായിരിക്കണം, അന്നു വൈകുന്നേരം പൊലീസ് ആസ്ഥാനത്തുനിന്ന് ഐ.ജി ജോസഫ് തോമസ് സാര്‍ എന്നെ വിളിച്ചു. അദ്ദേഹം അന്ന് മുഖ്യമന്ത്രിയുടെ ചുമതല വഹിച്ചിരുന്ന മന്ത്രി സി.വി. പത്മരാജനുമായി ചര്‍ച്ച ചെയ്തിരുന്നു. കളക്ടറും എസ്.പിയും കൂടി അമ്പലം സന്ദര്‍ശിച്ച് അവിടെ ഉണ്ടായ മുഴുവന്‍ നഷ്ടവും സര്‍ക്കാര്‍ പരിഹരിക്കാമെന്ന് വാക്ക് നല്‍കണം എന്നാണ് അദ്ദേഹം പറഞ്ഞത്. നാട്ടുകാര്‍ പ്രശ്‌നമെല്ലാം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറിന്റെ നേതൃത്വത്തില്‍ പരിഹരിച്ചുകഴിഞ്ഞുവെന്നും ഇനി കളക്ടറും എസ്.പിയുമെല്ലാം അവിടെ ചെന്ന് നാട്ടുകാര്‍ക്കില്ലാത്ത ആവശ്യം അനുവദിക്കുന്നത് അനാവശ്യമായിരിക്കും എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അവസാനം അദ്ദേഹമത് സമ്മതിച്ചു. അത് വലിയ ആശ്വാസമായി. വളര്‍ന്നു വലുതാകാമായിരുന്ന ഒരു പ്രശ്‌നം നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ മുളയില്‍ തന്നെ നുള്ളിയതില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചത് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എബ്രഹാം മാത്യുവാണ്. 'ജാട'കളൊന്നുമില്ലാതിരുന്ന ആ 'ശരാശരി'ക്കാരന്റെ സംഭാവന അഭിമാനകരമായിരുന്നു. അടുത്തകാലത്തൊരു തെരഞ്ഞെടുപ്പിന്റെ ചുവരെഴുത്തു കണ്ടു. ''നാടിന്റെ സ്പന്ദനം അറിയുന്ന കുട്ടപ്പന്‍, നാട്യങ്ങളില്ലാത്ത കുട്ടപ്പന്‍.'' കുട്ടപ്പന്റെ യഥാര്‍ത്ഥ്യം എനിക്കറിയില്ല. പക്ഷേ, നേരെ ചൊവ്വേ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനാണെങ്കില്‍ ഒരു പ്രദേശത്തിന്റെ 'സ്പന്ദനം' നന്നായറിയാന്‍ കഴിയുന്നത് ജനങ്ങളോട് ഇടപഴകി പ്രവര്‍ത്തിക്കേണ്ടുന്ന സബ്ബ് ഇന്‍സ്പെക്ടര്‍ക്കും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കും ഒക്കെയാണ്. അതുകൊണ്ട് തന്നെ ഒരു പ്രശ്‌നം നാട്ടിലുണ്ടാകുമ്പോള്‍ പ്രശ്‌നപരിഹാരത്തിന് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം കണ്ടെത്തുന്നതില്‍ അവരുടെ പങ്ക് നിര്‍ണ്ണായകമാണ്. എന്റെ അനുഭവം അതാണ്. പക്ഷേ, പൊലീസിലെ അധികാര ശ്രേണിയില്‍ ഏറ്റവും ദുര്‍ബ്ബലമായ ശബ്ദം ഇവരുടേതാണ്, പലപ്പോഴും. 

മുന്നോടി ഭ​ഗവതി ക്ഷേത്രം
മുന്നോടി ഭ​ഗവതി ക്ഷേത്രം

ആരാധനാലയവുമായി ബന്ധപ്പെട്ട തര്‍ക്കവിഷയങ്ങള്‍ വര്‍ഗ്ഗീയ ശക്തികള്‍ക്കു വിഹരിക്കാന്‍ പറ്റിയ മേഖലയാണ്. ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ അത്തരമൊരു പ്രശ്‌നം അന്നവിടെ നിലനിന്നിരുന്നു. പ്രശ്‌നം സൃഷ്ടിച്ചെടുത്തു എന്നു പറയുന്നതാകും കുറേക്കൂടി കൃത്യം എന്നു തോന്നുന്നു. അവിടെ ഉണ്ടായിരുന്നത് ചെറിയൊരു ക്ഷേത്രമാണ്. മുന്നോടി ഭഗവതി ക്ഷേത്രം എന്നായിരുന്നു പേര്, ആലപ്പുഴ കനാല്‍ വാര്‍ഡില്‍. ആ പരിസരങ്ങളിലെ മത്സ്യബന്ധനം ഉപജീവനമാക്കിയ പാവപ്പെട്ട മനുഷ്യരാണ് ഈ ഭഗവതിയില്‍ വിശ്വാസം അര്‍പ്പിച്ചത്. അവര്‍ മുഖ്യമായും ധീവരരായിരുന്നു. എന്നാല്‍ മറ്റുള്ളവരും ഈ ക്ഷേത്രത്തില്‍ വഴിപാടുകള്‍ ചെയ്യുമായിരുന്നത്രേ. ഭഗവതിയുടെ അനുഗ്രഹമുണ്ടെങ്കില്‍ കടലമ്മ കനിയും എന്നൊരു ധാരണ ജാതിമത വ്യത്യാസമില്ലാതെ മത്സ്യബന്ധന തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന പലരുടേയും ഇടയില്‍ ഉണ്ടായിരുന്നുവത്രേ. ഒരോലപ്പുരയായിരുന്നു ക്ഷേത്രം. പാവം മത്സ്യത്തൊഴിലാളികളുടെ പാവം ക്ഷേത്രം. ഈ കൊച്ചു ക്ഷേത്രം അധികം കഴിയാതെ ആലപ്പുഴയിലെ 'അയോദ്ധ്യ'യായി മാറി. ഈ അത്ഭുതം ദൈവസൃഷ്ടിയായിരുന്നില്ല. ആ പരിണാമത്തിനു പിന്നില്‍ ചെകുത്താനായിരുന്നുവെന്ന് പറയാം; വര്‍ഗ്ഗീയതയുടെ ചെകുത്താന്‍. 

അഡ്വ. എ പൂക്കുഞ്ഞ്
അഡ്വ. എ പൂക്കുഞ്ഞ്

വിരോധത്തിന്റെ അന്തരീക്ഷം

ഒരു പരാതിയിലൂടെയാണ് അതെന്റെ ശ്രദ്ധയില്‍ വന്നത്. സംസ്ഥാന ജമാഅത്ത് കൗണ്‍സില്‍ ഭാരവാഹി  ആയിരുന്ന അഡ്വക്കേറ്റ് പൂക്കുഞ്ഞിന്റെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ പരാതിയുമായി എസ്.പി ഓഫീസില്‍ വന്ന് എന്നെ കണ്ടു. പരാതിയില്‍ മുഖ്യമായും പറഞ്ഞിരുന്നത് വഖഫ് വക വസ്തുവില്‍ നടക്കുന്ന കയ്യേറ്റത്തെക്കുറിച്ചായിരുന്നു. മുന്നോടി ക്ഷേത്രം സ്ഥിതിചെയ്തിരുന്നത് വഖഫ് ഭൂമിയിലായിരുന്നു. ഇപ്പോള്‍ ക്ഷേത്ര ഭാരവാഹികള്‍ കൂടുതല്‍ സ്ഥലം കയ്യേറി ക്ഷേത്രം വികസിപ്പിക്കുന്നു എന്നായിരുന്നു ആരോപണം. ആ പ്രദേശത്ത്  പുതിയൊരു സംഭവവികാസമുണ്ടായി.  ക്ഷേത്രത്തിന്റെ തൊട്ടു മുന്നിലായി കുറച്ച്  സ്ഥലം ക്ഷേത്ര കമ്മിറ്റിക്കാര്‍ സിമന്റിട്ടു. വളരെ ചെറിയ സ്ഥലത്താണ് തറയില്‍ സിമന്റിട്ടത്. തൊട്ടുമുന്നിലുള്ള ആ സ്ഥലം ആരാധനയ്ക്കും മറ്റ് ക്ഷേത്രാവശ്യങ്ങള്‍ക്കും പണ്ടേ ഉപയോഗിച്ചിരുന്നത്രേ. ആ സിമന്റിടീല്‍ അത്രയ്ക്കും നിര്‍ദ്ദോഷകരമായിരുന്നോ, അതോ സ്ഥലം വ്യാപിപ്പിക്കാനുള്ള ഉദ്ദേശ്യം ഉണ്ടായിരുന്നോ  എന്ന്  വ്യക്തമായിരുന്നില്ല. രേഖകള്‍ പ്രകാരം വഖഫ് ബോര്‍ഡിന് അവകാശപ്പെട്ട ഭൂമിയില്‍ തന്നെയായിരുന്നു ആ ക്ഷേത്രം നിലനിന്നിരുന്നത്. വഖഫ് വക സ്ഥലം അവിടെ കുറേ അന്യാധീനപ്പെട്ട അവസ്ഥയിലായിരുന്നു. കുറേ സ്ഥലത്ത് വര്‍ഷങ്ങളായി ആളുകള്‍ കുടില്‍വെച്ച് കുടുംബസമേതം താമസിച്ചുവരികയായിരുന്നു. പലരുടേയും കൈവശം അത് വന്നത് മുന്‍ തലമുറയില്‍ നിന്നാണ്. അതിന്റെ പേരില്‍ ചില സിവില്‍ കേസുകളൊക്കെ നിലവിലുണ്ടായിരുന്നുവെങ്കിലും ക്രമസമാധാന പ്രശ്‌നങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോകുന്ന അവസ്ഥയാണ് അവിടെ നിലനിന്നിരുന്നത്. 

പക്ഷേ, അതിവേഗം ആ അവസ്ഥ മാറി. ഇരുഭാഗത്തും നിലപാടുകള്‍ കടുപ്പിച്ചു തുടങ്ങിയിരുന്നു. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ക്ഷേത്രത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നുവെന്നാരോപിച്ച് അമ്പലക്കമ്മിറ്റിക്കാരും പരാതി നല്‍കി. എന്നു മാത്രമല്ല, വഖഫ് ബോര്‍ഡിന്റെ ചുമതലപ്പെട്ടവര്‍ അവിടെയുണ്ടായിരുന്ന ഫലവൃക്ഷങ്ങളില്‍നിന്നും ആദായം എടുക്കാന്‍ വന്ന അവസരത്തില്‍ അത് തടസ്സപ്പെടുത്തുന്ന സാഹചര്യവുമുണ്ടായി. അതേത്തുടര്‍ന്ന് പൊലീസ് സംരക്ഷണത്തിലാണ് തേങ്ങാ ഇടീലും മറ്റും നടന്നത്. ക്രമേണ ആ പ്രദേശത്ത് നേരത്തെ നിലനിന്നിരുന്ന പരസ്പര വിശ്വാസവും സമാധാനവും നഷ്ടമാകാന്‍ തുടങ്ങി. പകരം സംശയത്തിന്റേയും വിരോധത്തിന്റേയും അന്തരീക്ഷം ശക്തിപ്രാപിച്ചു വന്നു. ക്ഷേത്രഭാരവാഹികളുടേയും വഖഫ് ഭൂമിയില്‍ ദീര്‍ഘകാലമായി താമസിക്കുന്നവരുടേയും ഭാഗത്തും മറുഭാഗത്തും സങ്കുചിത വര്‍ഗ്ഗീയ ആശയങ്ങള്‍ വെച്ചു പുലര്‍ത്തിയിരുന്നവര്‍ കടന്നുകയറാന്‍ തുടങ്ങി. ഇരുഭാഗത്തും നേതൃത്വത്തിന്റെ സ്വഭാവത്തില്‍ ഗുണകരമല്ലാത്ത മാറ്റം പ്രകടമായി  തുടങ്ങിയിരുന്നു. എന്നിരിക്കിലും നേതൃത്വം പൂര്‍ണ്ണമായും തീവ്ര ചിന്താഗതിക്കാരുടെ കൈകളിലേയ്ക്ക് മാറിയിട്ടുണ്ടായിരുന്നില്ല. സമാധാനപ്രിയരും പരസ്പര സഹകരണത്തില്‍ വിശ്വസിച്ചിരുന്ന ചില വിശാലമനസ്‌കരും അതിലുണ്ടായിരുന്നു. വര്‍ഗ്ഗീയവല്‍ക്കരണത്തിന്റെ  ഫലമായിട്ടായിരിക്കണം ഇരുഭാഗത്തുനിന്നുമുള്ള പരാതികളുടെ എണ്ണം കൂടിവന്നു. പൊലീസ് ഇടപെടലിന്റെ ആവശ്യകതയും ക്രമാനുഗതമായി വര്‍ദ്ധിച്ചു. ആ കൊച്ചുക്ഷേത്രം  പൊതുമണ്ഡലത്തിലും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ചില നേതാക്കള്‍ പ്രസ്താവനകളിലും പ്രസംഗങ്ങളിലും ഈ വിഷയത്തെ, അക്കാലത്ത് ദേശീയതലത്തില്‍ അശാന്തി വളര്‍ത്തിയ ബാബറി മസ്ജിദ്-രാമജന്മഭൂമി പ്രശ്‌നവുമായി താരതമ്യം ചെയ്തു തുടങ്ങി. ആലപ്പുഴയിലെ 'അയോദ്ധ്യ' എന്നും ചിലരതിനെ വിളിക്കാന്‍ തുടങ്ങി. അക്കാലത്ത് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ ഇത് നിരീക്ഷിച്ചു തുടങ്ങിയിരുന്നു. 

പരാതികളും തര്‍ക്കങ്ങളും അടിക്കടി ഉണ്ടായെങ്കിലും അതൊന്നും തന്നെ ഏറ്റുമുട്ടലുകളിലേയ്ക്ക് നീങ്ങാതിരിക്കുന്നതിന് പൊലീസ് വലിയ ജാഗ്രത പുലര്‍ത്തി. നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ എസ്.ഐ വര്‍ഗ്ഗീസും ടൗണ്‍ സി.ഐ സോമനും അക്കാര്യത്തില്‍ മികവുറ്റ പ്രവര്‍ത്തനം നടത്തി. അതിനിടയില്‍ തികച്ചും അപ്രതീക്ഷിതവും ദൗര്‍ഭാഗ്യകരവുമായ ഒരു സംഭവമുണ്ടായി. തര്‍ക്കത്തിലുണ്ടായിരുന്ന ആ പ്രദേശത്ത് ചില വിഗ്രഹങ്ങള്‍ പ്രത്യക്ഷപ്പെട്ടു. തര്‍ക്കത്തിലായിരുന്ന ഭൂമിയിന്മേലുള്ള അവകാശം ഉറപ്പിക്കുന്നതിനുള്ള കുതന്ത്രം ആയിരുന്നിരിക്കണം അത്. ഭൂമികയ്യേറ്റക്കാരുടെ മുഖ്യ ആയുധമാണല്ലോ വിശ്വാസത്തിന്റേയും മതത്തിന്റേയും ചിഹ്നങ്ങള്‍. ഇവിടെ തര്‍ക്കം രൂക്ഷമായ ഉടന്‍ തന്നെ ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ സമാധാന ലംഘനത്തിനിടയാകുന്നത് തടയാന്‍ വേണ്ടി ക്രിമിനല്‍ പ്രൊസീഡിയര്‍ കോഡിലെ 145 വകുപ്പ് പ്രകാരം പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ എക്സിക്യൂട്ടീവ് മജിസ്‌ട്രേട്ട് കേസ് എടുത്തിരുന്നു. പുതുതായി വിഗ്രഹങ്ങള്‍ സ്ഥാപിക്കുന്നതുപോലുള്ള കുതന്ത്രങ്ങള്‍ സംബന്ധിച്ച വസ്തുത സത്യസന്ധമായിത്തന്നെ കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിഷ്‌കര്‍ഷിച്ചു. 

ഇങ്ങനെ ആലപ്പുഴയിലെ 'അയോദ്ധ്യ പ്രശ്‌നം' മുന്നോട്ടു പോയപ്പോള്‍ എല്ലാ പരാതികള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ആധാരമായ തര്‍ക്കം പൊലീസിന്റെ മദ്ധ്യസ്ഥതയിലൂടെ പരിഹരിക്കണമെന്ന ആവശ്യം ഇരുഭാഗത്തുമുള്ള സമാധാനപ്രിയരായ ചില വ്യക്തികളുടെ ഭാഗത്തുനിന്നുമുണ്ടായി. ഇരു ഭാഗത്തും ചില ഉല്‍ക്കണ്ഠകളുണ്ടായിരുന്നു. വഖഫുകാരുടെ കൈവശം ഭൂമിയുടെ രേഖയുണ്ടായിരുന്നുവെങ്കിലും പല തലമുറകളായി നല്ലൊരു ഭാഗവും കുറെ താമസക്കാരുടേയും കുറച്ച് ഭാഗം മുന്നോടി ക്ഷേത്രത്തിന്റേയും ഉപയോഗത്തിലായിരുന്നു. അവിടുത്തെ താമസക്കാരെ സംബന്ധിച്ചിടത്തോളം തലമുറകളായി ഭൂമി കൈവശം വെയ്ക്കുകയാണെങ്കിലും രേഖകളൊന്നും ആര്‍ക്കും ഉണ്ടായിരുന്നില്ല. ആ സമയത്ത് പൊലീസിന്റെ നിലപാട് തല്‍ക്കാലം നിലവിലെ സ്ഥിതി തുടരട്ടെ എന്നതായിരുന്നു. നിയമപരമായി മറ്റു പ്രശ്‌നങ്ങള്‍ സിവില്‍ കോടതിയില്‍ തീരുമാനമാകേണ്ടതാണ്. അത് മിക്കവാറും എത്ര മനുഷ്യജന്മം പിടിക്കും എന്നു ആര്‍ക്കും പറയാനാവില്ലല്ലോ.

വഖഫിന്റെ ഭാരവാഹിയും ലജനത്തില്‍ മുഹമ്മദീയ എന്ന സംഘടനയുടെ നേതാവുമായ സേട്ട് എന്ന് വിളിച്ചിരുന്ന ഒരു വ്യക്തിയുണ്ടായിരുന്നു. അദ്ദേഹവും ഏതാനും വ്യക്തികളും എന്നെ കണ്ടു. സേട്ട് ആറടിയെങ്കിലും ഉയരമുള്ള മനുഷ്യനായിരുന്നു. അദ്ദേഹത്തിന്റെ ഔന്നത്യം പ്രശ്‌നങ്ങളോടുള്ള വീക്ഷണത്തിലും പ്രകടമായി. വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന മുന്നോടി ക്ഷേത്രത്തിനും തലമുറകളായി താമസിക്കുന്നവര്‍ക്കും അര്‍ഹതയുള്ള ഭൂമി നല്‍കാം. ബാക്കിയുള്ള ഭൂമി സുരക്ഷിതമായി വഖഫിന്റെ കൈവശത്തില്‍ കൊണ്ടുവരണം എന്നതില്‍ അവര്‍ തത്ത്വത്തില്‍ യോജിച്ചു. അക്കാലത്ത് ഒരു നിയമസഭാ കമ്മിറ്റി, പൊലീസ് വിഷയങ്ങള്‍ പഠിക്കുന്നതിനായി ജില്ല സന്ദര്‍ശിച്ചിരുന്നു. പി.എം. അബുബേക്കര്‍ അദ്ധ്യക്ഷനായ കമ്മിറ്റിയില്‍ വി.എം. സുധീരന്‍, പി.എം. ഇസ്മയില്‍ തുടങ്ങിയവരൊക്കെ ഉണ്ടായിരുന്നു. കമ്മിറ്റിയുടെ ഉദ്യോഗസ്ഥരുമായുള്ള പൊതുചര്‍ച്ചയ്ക്ക് ശേഷം 'അയോദ്ധ്യപ്രശ്‌നം' ജില്ലാ കളക്ടറോടും എന്നോടും  മാത്രമായി സംസാരിച്ചു. തര്‍ക്കം ഞങ്ങള്‍ തന്നെ വേഗം ഇരുകൂട്ടരുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കണം എന്ന് ചെയര്‍മാന്‍ നിര്‍ദ്ദേശിച്ചു. യഥാര്‍ത്ഥത്തില്‍ തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാനാകും എന്നാണ് എന്റെയും വിശ്വസം എന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ ഇരുപക്ഷത്തും ചില തീവ്ര ചിന്താഗതിക്കാര്‍, പൊതു അന്തരീക്ഷം വഷളാക്കിയിട്ടുണ്ടെന്നും അതിനാല്‍ ആ അവസ്ഥയില്‍ ചര്‍ച്ച നടത്തിയാല്‍ ഫലപ്രദമാകില്ല. പൊതു അന്തരീക്ഷം അല്പം കൂടി മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ഇരുഭാഗത്തുമുള്ള വിശാലവീക്ഷണമുള്ള നേതൃത്വത്തെ വിശ്വാസത്തിലെടുക്കാനും ശക്തിപ്പെടുത്താനും കഴിഞ്ഞാല്‍ പ്രശ്‌നം തീരും എന്നും വ്യക്തമാക്കി.

ഏതാണ്ട് ആ രീതില്‍ത്തന്നെയാണ് ഞങ്ങള്‍ മുന്നോട്ടുപോയത്. വിഗ്രഹങ്ങള്‍ സ്ഥാപിച്ച് പുതിയ അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിച്ചത് അനുവദിച്ചില്ല. ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചിരുന്ന ക്ഷേത്രത്തിന്റെ സ്ഥലവും തലമുറകളായി താമസിച്ചു വന്നിരുന്ന പാവപ്പെട്ട മനുഷ്യരുടെ സ്ഥലവും തിട്ടപ്പെടുത്തി അവര്‍ക്ക് നല്‍കാമെന്നും ധാരണയിലെത്തിക്കാന്‍ കഴിഞ്ഞു. അതിന്റെ വെളിച്ചത്തില്‍ വിശദാംശങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ ഡി.വൈ.എസ്.പി ആയിരുന്ന ചന്ദ്രന്‍ വലിയ സംഭാവന നല്‍കി. എല്ലാ കക്ഷികളേയും വിശ്വാസത്തിലെടുക്കാന്‍ കഴിഞ്ഞതു കൊണ്ട് മാത്രമാണ് 'ആലപ്പുഴയിലെ അയോധ്യ'യായി വളര്‍ത്താന്‍ ശ്രമിച്ച പ്രശ്നം രമ്യമായി പരിഹരിക്കാന്‍ കഴിഞ്ഞത്. പ്രശ്നം സജീവമായി ഉയര്‍ന്നുവന്ന ശേഷം രണ്ടു വര്‍ഷം കൊണ്ടാണത് സാദ്ധ്യമായത്. ഒരു തന്ത്രവും കുതന്ത്രവും പ്രശ്നപരിഹാരത്തിന് ഞങ്ങള്‍ അവിടെ പ്രയോഗിച്ചില്ല. ഈ കാലഘട്ടത്തില്‍ ഉയര്‍ന്നുവന്ന അനവധി വിഷയങ്ങളില്‍ പൊലീസ് സ്വീകരിച്ച ശക്തവും പക്ഷപാതരഹിതവുമായ നിലപാട് ഇരുകൂട്ടരുടേയും വിശ്വാസം ആര്‍ജ്ജിക്കാന്‍ സഹായിച്ചുവെന്ന് തോന്നുന്നു. അത് നിര്‍ണ്ണായകമായിരുന്നു. സദുദ്ദേശ്യത്തോടെ, അധികാരം നേരെ ചൊവ്വേ വിനിയോഗിക്കുക എന്നതുതന്നെയാണ് ഏതു പ്രശ്നവും പരിഹരിക്കാനുള്ള ഏറ്റവും വലിയ ഭരണതന്ത്രജ്ഞത എന്നെനിക്കു തോന്നുന്നു. 

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com