'മദ്യപാനികള്‍ സംതൃപ്തര്‍; സര്‍ക്കാരിനു വരുമാനം; അങ്ങനെ  സര്‍വ്വത്ര ആനന്ദം'

രാഷ്ട്രീയം, ഉദ്യോഗം, പണം എന്നിവ അധികാരത്തിന്റെ പ്രഭവകേന്ദ്രങ്ങളാണ്. ഇവ മൂന്നും കൂടി ചേരുന്ന കോക്ക്‌ടെയിലാണ് മദ്യമേഖലയെ നിയന്ത്രിക്കുന്നത്
'മദ്യപാനികള്‍ സംതൃപ്തര്‍; സര്‍ക്കാരിനു വരുമാനം; അങ്ങനെ  സര്‍വ്വത്ര ആനന്ദം'

ദ്യം മനുഷ്യന് ലഹരി പകരും. ശരീരശാസ്ത്രപരമായ യാഥാര്‍ത്ഥ്യമാണത്. അധികാരവും പലര്‍ക്കും ലഹരിയാണ്. അത് മനശ്ശാസ്ത്രപരമായ സത്യം. അധികാരത്തിന് പല ഉറവിടങ്ങളുണ്ട്. രാഷ്ട്രീയം, ഉദ്യോഗം, പണം എന്നിവ അധികാരത്തിന്റെ പ്രഭവകേന്ദ്രങ്ങളാണ്. ഇവ മൂന്നും കൂടി ചേരുന്ന കോക്ക്‌ടെയിലാണ് മദ്യമേഖലയെ നിയന്ത്രിക്കുന്നത്. സര്‍വ്വവ്യാപിയും സര്‍വ്വ ശക്തവുമാണ് ഈ ത്രിമൂര്‍ത്തികളടങ്ങുന്ന അധികാര ബലതന്ത്രം. കേരളം പോലെ രാഷ്ട്രീയ പ്രബുദ്ധതയും ജനാധിപത്യബോധവും അവകാശപ്പെടുന്ന സമൂഹത്തില്‍ അതെങ്ങനെ നടക്കും? ജനാധിപത്യമെന്നാല്‍ നിയമവാഴ്ച എന്നാണല്ലോ അര്‍ത്ഥം. നിയമം നിയമത്തിന്റെ വഴിയേ പോകേണ്ടതാണല്ലോ. തത്ത്വത്തില്‍ അത് ശരിയാണ്. പക്ഷേ, പ്രയോഗത്തില്‍, നിയമം ഏത് വഴിയേ നീങ്ങുമെന്നു് തീരുമാനിക്കുന്നതും 'വേണ്ടാത്ത' വഴിക്ക് പോയാല്‍ ഉടന്‍ തടയിടുന്നതും ചെവിക്കു പിടിച്ച് തിരികെ വിടുന്നതും എല്ലാം ആദ്യം പറഞ്ഞ ത്രിമൂര്‍ത്തികളുടെ അധികാര ബലതന്ത്രം തന്നെയാണ്. അധികാരത്തിന്റെ ഈ സമവാക്യങ്ങള്‍ ഞാന്‍ കണ്‍മുന്നില്‍ കണ്ടത് ആലപ്പുഴയില്‍ എസ്.പി ആയി ജോലി നോക്കുമ്പോഴാണ്. അതിനുമുന്‍പ് നെയ്യാറ്റിന്‍കരയില്‍ ജോയിന്റ് എസ്.പി ആയിരിക്കുന്ന അവസരത്തില്‍ ഈ വിഷയത്തില്‍ അല്പം അറിവ് ലഭിച്ചു. വെറും അറിവല്ല ഉള്‍ക്കാഴ്ചയെന്നോ ജ്ഞാനമെന്നോ ബോധോദയമെന്നോ ഒക്കെ ഉള്ള ഗണത്തില്‍ പെടുത്തേണ്ടതാണത്. 

അവിടെവച്ച് ചില ഇന്‍സ്പെക്ഷന്‍ റപ്പോര്‍ട്ടുകള്‍ വായിക്കാനിടയായി. ഒരേ എസ്.പി തന്നെ സമീപകാലത്ത്   ജോലിചെയ്ത രണ്ട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ പ്രവര്‍ത്തനത്തെക്കുറിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍. ഒന്നില്‍ ആദ്യത്തെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ കുറ്റപ്പെടുത്തി. വ്യാജമദ്യത്തിനും അനധികൃത സ്പിരിറ്റിനും  അവിടം കുപ്രസിദ്ധമായിരുന്നുവെങ്കിലും അതിനെതിരെ നിയമനടപടി സ്വീകരിക്കുന്നതില്‍ ആ ഉദ്യോഗസ്ഥന്‍ സമ്പൂര്‍ണ്ണ പരാജയമായിരുന്നുവെന്ന രൂക്ഷമായി വിമര്‍ശിച്ചു. അതേ എസ്.പി തന്നെ അടുത്ത  ഇന്‍സ്പെക്ഷന്‍ റിപ്പോര്‍ട്ടില്‍ എഴുതിയത് അന്നത്തെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഒരു എക്സൈസ് ഇന്‍സ്പെക്ടറെപ്പോലെയാണ് പ്രവര്‍ത്തിച്ചിരുന്നത് എന്നാണ്. നിയമ നടപടികളുടെ  സാമൂഹ്യമായ ആവശ്യകത, പൊലീസിന്റെ നിയമപരമായ ഉത്തരവാദിത്വം തുടങ്ങിയതൊന്നും പ്രസക്തമായിക്കണ്ടില്ല. അടിത്തട്ടില്‍ നിയമം നടപ്പാക്കേണ്ടുന്ന ഉദ്യോഗസ്ഥര്‍ക്ക് എന്ത് സന്ദേശമാണിവ നല്‍കുന്നത്?  എപ്പോള്‍ നിയമം സജീവമാകണം, എപ്പോള്‍ കണ്ണടയ്ക്കണം എന്നൊക്കെ 'ഞങ്ങള്‍' തീരുമാനിക്കും. നിയമപരമായ അധികാരത്തിന്റെ കടിഞ്ഞാണ്‍ മറ്റെവിടെയോ ആയിരുന്നു. 

ഈ അഭ്യാസങ്ങള്‍ക്കിടയിലും നെയ്യാറ്റിന്‍കരയില്‍ മനസ്സിനെ സന്തോഷിപ്പിച്ച കാര്യം, വ്യാജമദ്യത്തിനെതിരായി ശക്തമായി പ്രവര്‍ത്തിക്കുന്ന കുറെ ആളുകള്‍ അവിടെ ഉണ്ടായിരുന്നുവെന്നതാണ്. സാധാരണക്കാരായ വീട്ടമ്മമാരും മറ്റും ഇതില്‍ സജീവ താല്പര്യമെടുത്തു. വ്യാജമദ്യത്തിനെതിരായി നല്ല നിലയില്‍ നിയമനടപടി സ്വീകരിച്ച ചില എസ്.ഐമാര്‍ക്കു്   നാട്ടുകാരുടെ ഇടയില്‍ നല്ല പ്രതിച്ഛായ ഉണ്ടായിരുന്നു. എസ്.ഐ. രാമചന്ദ്രന്‍ അന്ന് വെള്ളറടക്കാരുടെ ഹീറോ ആയിരുന്നു. 

മദ്യവ്യവസായികളുടെ രാഷ്ട്രീയ സ്വാധീനം

ആലപ്പുഴ എസ്.പി ആയെത്തുമ്പോള്‍ മദ്യമേഖലയെ സംബന്ധിച്ച് ഇങ്ങനെ കുറച്ച് അനുഭവങ്ങളും അറിവും മാത്രമേ ഉണ്ടായിരുന്നുള്ളു. അക്കാലത്ത് ചാരായമായിരുന്നു സാധാരണക്കാരായ മദ്യപന്മാരുടെ ദാഹമകറ്റിയിരുന്ന മുഖ്യപാനീയം. വരേണ്യവര്‍ഗ്ഗം  അന്ന് കൂടുതലും ബാര്‍ ഹോട്ടലുകളെയാണ് ആശ്രയിച്ചിരുന്നത്. അങ്ങനെ നോക്കിയാല്‍ ബാര്‍ ഹോട്ടലുകളില്‍ ഇപ്പോള്‍ കുറേക്കൂടി സ്ഥിതിസമത്വം വന്നിട്ടുണ്ട്. കേരളം 'വളരുക'യാണല്ലോ. ഈ മേഖലകളിലെല്ലാം തന്നെ പലവിധ നിയമലംഘനങ്ങളും ഗുരുതരമായ കുറ്റകൃത്യങ്ങളും കാലകാലങ്ങളായി നിലനില്‍ക്കുന്നുണ്ടായിരുന്നു. തുടക്കത്തില്‍, ഇതൊന്നും എസ്.പി എന്ന നിലയില്‍ എന്റെ സജീവശ്രദ്ധ ആകര്‍ഷിച്ചിരുന്നില്ല. കൊലപാതകം, മോഷണം പോലുള്ള ധാരാളം കുറ്റകൃത്യങ്ങളും ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട ഗുരുതര വിഷയങ്ങളുമാണ് പൊലീസിന്റെ സമയം അപഹരിച്ചിരുന്നത്. മദ്യമേഖലയിലെ പ്രശ്‌നങ്ങള്‍ മാധ്യമ വാര്‍ത്തകളിലൂടെയോ ജനകീയ പരാതികളിലൂടെയോ വലിയൊരു സാമൂഹ്യപ്രശ്‌നമായി ആലപ്പുഴയില്‍ ആ സമയത്ത്  ഉയര്‍ന്നുവന്നിരുന്നില്ല. നിയമപരമായി പൊലീസിന് ഉത്തരവാദിത്വമുണ്ടായിരുന്നുവെങ്കിലും ഫലത്തില്‍ അത് എക്സൈസ് വകുപ്പിന്റെ മാത്രം സാമ്രാജ്യമായിരുന്നു. പൊലീസിന്  ഇന്ത്യന്‍ പീനല്‍കോഡിന്റെ അഞ്ഞൂറിലധികം വകുപ്പുകളുള്ളപ്പോള്‍ എന്തിനാണ് എക്സൈസുകാര്‍ക്ക് ആകെയുള്ള ഒരു അബ്കാരി നിയമത്തില്‍ കൈകടത്തുന്നത്? ഇങ്ങനെ ഒരു തത്ത്വശാസ്ത്രം പിന്നീട് കേട്ടു. മാത്രവുമല്ല, മദ്യമേഖലയിലെ പ്രശ്‌നങ്ങള്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അബ്കാരികളും അടങ്ങുന്ന ത്രിമൂര്‍ത്തികള്‍ എത്ര ഭംഗിയായാണ് മുന്നോട്ടു കൊണ്ടുപൊയ്‌ക്കൊണ്ടിരിക്കുന്നത്? ഉപഭോക്താക്കള്‍, അതായത് മദ്യപാനികള്‍ സംതൃപ്തര്‍; സര്‍ക്കാരിനു വരുമാനം; അങ്ങനെ  സര്‍വ്വത്ര ആനന്ദം. 

ആലപ്പുഴ എസ്.പിയായി ഒരു മാസത്തിനുള്ളില്‍ നെഹ്‌റു ട്രോഫി വള്ളംകളി നടന്നു. അതേത്തുടര്‍ന്ന് മദ്യലോബിയുടെ ദുഃസ്വാധീനത്തെക്കുറിച്ച് മാധ്യമവാര്‍ത്തകളുണ്ടായി. വാര്‍ത്തകളിലെ വിമര്‍ശനം നേരിട്ട് പൊലീസിനെതിരായിരുന്നില്ലെങ്കിലും, ഇങ്ങനെ ചില സംഭവങ്ങള്‍ മദ്യലോബിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പൊലീസിന്റെ റഡാറില്‍ കൊണ്ടുവന്നു. ചാരായ ഷോപ്പുകള്‍ ലേലം പിടിക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ ചട്ടങ്ങളനുസരിച്ചുള്ള ഷോപ്പുകള്‍ക്ക് പുറമേ അനധികൃതമായി ഷോപ്പുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. അവ നിയമവിരുദ്ധമായിരുന്നെങ്കിലും അവയ്ക്ക് രാഷ്ട്രീയ ഉദ്യോഗസ്ഥ സംവിധാനത്തിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടായിരുന്നു. ടൗണില്‍ പൊലീസ് സ്റ്റേഷനില്‍നിന്നും വലിയ അകലമില്ലാത്ത സ്ഥലത്തുതന്നെ അത്തരം ഷോപ്പുകളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ എനിക്കു ലഭിച്ച ചില പരാതികള്‍  നിയമനടപടി എടുക്കാന്‍ നിര്‍ദ്ദേശിച്ച്  ആലപ്പുഴ ടൗണിലെ ഒരു എസ്.ഐയ്ക്കു നല്‍കി. പക്ഷേ, ഒന്നും സംഭവിച്ചില്ല.  ഒരു ദിവസം വൈകിട്ട് ഞാന്‍ നേരിട്ടു പോയി നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ അത്തരം ഒരു ഷോപ്പിനെതിരെ നടപടിയെടുത്തു. അത് അസാധാരണമായിരുന്നെന്നു തോന്നുന്നു. എസ്.പി. ചാരായഷാപ്പില്‍ പോകുകയോ? പക്ഷേ, പിന്നീടുണ്ടായത് രസകരമായിരുന്നു. തൊട്ടടുത്ത ദിവസം രാവിലെ വീടിനു മുന്നില്‍ ഒരു ബെന്‍സ്‌കാര്‍ വന്നുനിന്നു. അക്കാലത്ത് ആഡംബര കാറുകള്‍ കുറവായിരുന്നു. ഒരു ഭരണകക്ഷി നേതാവ് അതില്‍നിന്നിറങ്ങി. ക്യാമ്പ് ഓഫീസില്‍ ഇരുന്ന എന്നെ വന്നു കണ്ടു. തലേ ദിവസം വൈകിട്ട് മദ്യഷാപ്പിനെതിരെ കേസെടുത്ത കാര്യം സൂചിപ്പിച്ചു. നിയമം നിയമത്തിന്റെ വഴി ശൈലിയില്‍ സാങ്കേതികത്വത്തിലൂന്നി, എന്നാല്‍ സൗഹൃദത്തോടെ മറുപടി നല്‍കി.  നിയമവിരുദ്ധമായ ആ ഷാപ്പ് ഇനി തുറക്കാനാവില്ല എന്നു വ്യക്തമാക്കി; മൃദുഭാവേ തന്നെ. ആ വിഷയം അധികം മുന്നോട്ടുപോയില്ല. അല്പസമയം ടൗണിലെ ട്രാഫിക്ക് പ്രശ്‌നങ്ങളെക്കുറിച്ചൊക്കെ സംസാരിച്ചിട്ട് അദ്ദേഹം പോയി. ബെന്‍സ് കാറില്‍ ഒരു അബ്കാരി കോണ്‍ട്രാക്ടറും ഉണ്ടായിരുന്നുവെന്ന് പൊലീസുകാര്‍ എന്നോട് പറഞ്ഞു.

മദ്യലോബിയുടെ ശക്തി പ്രകടമായ ഒരു സംഭവമുണ്ടായി. കായംകുളത്തിനടുത്ത് ഒരു ബാര്‍ ഹോട്ടലുമായി ബന്ധപ്പെട്ടായിരുന്നു അത്. എന്തോ പ്രശ്‌നമുന്നയിച്ച് അവിടെ ഒരു ട്രേഡ് യൂണിയന്‍ സമരം പ്രഖ്യാപിച്ചു. ഹോട്ടലുടമ ഹൈക്കോടതിയെ സമീപിച്ച്  പൊലീസ് സംരക്ഷണത്തിനുള്ള ഉത്തരവ് വാങ്ങി. ബാര്‍ ഹോട്ടലില്‍ ഉപഭോക്താക്കള്‍ ഉള്ളില്‍ കടക്കുന്നതിനും പുറത്തേയ്ക്ക് പോകുന്നതിനും തടസ്സം ചെയ്യരുത്. അതിനാവശ്യമായ പൊലീസ് സംരക്ഷണം നല്‍കണം. അത് പൊലീസ് ഏര്‍പ്പാടാക്കുകയും ചെയ്തു. ഒരു ദിവസം ആ ബാറിന്റെ ഉടമ ഓഫീസില്‍ വന്ന് എന്നെ കണ്ടു. അയാള്‍ കോട്ടയം ജില്ലക്കാരനായിരുന്നു. തോമസ് എന്ന് അയാളെ വിളിക്കാം. ഏതാണ്ട് 40-45 വയസ്സ് തോന്നിക്കുന്ന ഊര്‍ജ്ജസ്വലനായ ഒരു മനുഷ്യന്‍. അയാളുടെ ബാറിനോട് എതിര്‍പ്പുള്ള പ്രബലരായ മദ്യവ്യവസായികളുടെ രാഷ്ട്രീയ സ്വാധീനമാണ് ആ സമരത്തിന് പിന്നില്‍ എന്നാണ് അയാള്‍ പറഞ്ഞത്. കോടതി ഉത്തരവ് പൊലീസ് പാലിക്കുന്നുണ്ടായിരുന്നു. പക്ഷേ, പുറത്ത് സമരം നടക്കുന്ന ബാറില്‍ എത്രപേര്‍ കയറും? അയാളുടെ സ്ഥാപനം തകരുകയായിരുന്നു. വലിയ കടത്തിലും പലിശയിലും ഒക്കെ ആയിരുന്നു അയാള്‍. രണ്ടുമൂന്ന് പ്രാവശ്യം ആ മനുഷ്യന്‍ പിന്നെയും എന്നെ കാണാന്‍ വന്നു. മിക്കവാറും സന്ധ്യയ്ക്കാണ് വരിക. ഓരോ തവണ കാണുമ്പോഴും അയാളുടെ സംഘര്‍ഷം ഇരട്ടിച്ചപോലെ തോന്നി. ശത്രുത കൊണ്ടയാളെ തകര്‍ക്കുന്നതിനാണ് സമരം എന്നയാള്‍ ആവര്‍ത്തിച്ചു. അയാള്‍ അവിടുത്തെ സ്ഥാപനം പൂട്ടി പോകണമത്രേ. പൊലീസിനു കൂടുതലായൊന്നും ചെയ്യാനില്ലെന്ന് തോമസിനറിയാമായിരുന്നു. എങ്കിലും അയാളുടെ ദുരിതാവസ്ഥ പറഞ്ഞിട്ട് അയാള്‍ പോകും. സമരം തുടരുന്നുണ്ടായിരുന്നുവെങ്കിലും പിന്നെ തോമസ് വന്നില്ല. അങ്ങനെ ഇരിക്കേ ഒരു പത്രത്തില്‍ അവസാന പേജില്‍ തോമസിന്റെ ഫോട്ടോ കണ്ടു. 'ഏഴാം ചരമദിനം' എന്ന കുറിപ്പോടെ. ഹാര്‍ട്ട് അറ്റാക്ക് വന്ന് പെട്ടെന്ന് മരിച്ചുവത്രേ. മദ്യമേഖലയെ നിയന്ത്രിക്കുന്ന സര്‍വ്വശക്തരായ ആ ത്രിമൂര്‍ത്തികളുടെ അപ്രീതിയും ആ മനുഷ്യന്റെ ദുരന്തത്തിനു പിന്നിലുണ്ടായിരുന്നോ എന്ന സംശയം മനസ്സില്‍ ബാക്കിയായി. ജീവിതത്തില്‍ ചില സംശയങ്ങള്‍ ഉത്തരമില്ലാതെ കൊണ്ടുനടക്കുന്നതു നല്ലതാണ് എന്ന് അയ്യപ്പപ്പണിക്കര്‍ സാര്‍ തികച്ചും വ്യത്യസ്തമായ ഒരു വിഷയത്തില്‍ എന്നോട് പറഞ്ഞത് ഇപ്പോഴോര്‍ക്കുന്നു. 

ഇങ്ങനെ ചില അനുഭവങ്ങളുമായി മുന്നോട്ട് പോയപ്പോള്‍ ഒരു കാര്യം മനസ്സിലായി. അന്നത്തെ അവസ്ഥയില്‍ പൊലീസ് സ്റ്റേഷനിലൂടെ മദ്യ മേഖലയിലെ നിയമലംഘനത്തിനെതിരെ നടപടി സ്വീകരിക്കുക അത്ര എളുപ്പമല്ല.   ബ്രിട്ടണിലെ  ഭരണരംഗത്തെ രാഷ്ട്രീയ ഉദ്യോഗസ്ഥ ബന്ധങ്ങളെ പരിഹാസത്തിന്റെ ഭാഷയില്‍ രൂക്ഷമായി വിമര്‍ശിക്കുന്ന ഒരു സീരിയലുണ്ട്, ബി.ബി.സിയിലൂടെ പ്രശസ്തമായ 'യെസ്, മിനിസ്റ്റര്‍.' അതിലെ ഒരു ഭാഗം ഓര്‍മ്മവന്നു. ബ്രിട്ടീഷ് ബ്യൂറോക്രസിയുടെ വലിപ്പം എങ്ങനെ കുറയ്ക്കാം എന്നതായിരുന്നു വിഷയം. ആവശ്യമായ  ശുപാര്‍ശ നല്‍കാന്‍ വിരമിച്ച ക്യാബിനറ്റ് സെക്രട്ടറിയെ നിയോഗിക്കാമെന്ന് നിര്‍ദ്ദേശം. അതിന്റെ പ്രതികരണം മറക്കാവതല്ല. ''വാറ്റുകേന്ദ്രം തകര്‍ക്കാന്‍ മുഴുക്കുടിയനെത്തന്നെ ഏല്പിക്കുന്നതുപോലെയാണത്.''

വല്ലാത്തൊരാത്മബന്ധം അന്ന് പൊലീസും അബ്കാരികളും തമ്മില്‍ നിലനിന്നിരുന്നു. പല  പൊലീസ് സ്റ്റേഷനുകളും അവിടുത്തെ പല ചെലവുകള്‍ക്കും മദ്യ കോണ്‍ട്രാക്ടര്‍മാരെ ആശ്രയിക്കുന്ന അവസ്ഥയുണ്ടായിരുന്നു. അതിനപ്പുറമുള്ള ബന്ധവും പല ഉദ്യോഗസ്ഥര്‍ക്കും ഉണ്ടായിരുന്നിരിക്കണം. ഇതൊക്കെയായാലും നമ്മുടെ  പൊലീസ് സംവിധാനത്തിന് അടിസ്ഥാനപരമായി ചില ശക്തികളുണ്ട്. ഒരു ജില്ലയിലെ എസ്.പി. അവിശുദ്ധ ബന്ധത്തിന്റെ ഭാഗമാകാതെ, അഴിമതിക്കെതിരായി നിലപാടെടുക്കുകയാണെങ്കില്‍ ധാരാളം സഹപ്രവര്‍ത്തകരെ അത് സ്വാധീനിക്കും. ഒറ്റക്കാര്യം മാത്രം, അത് വെറും ആരംഭശൂരത്വം ആകാതെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള നിലപാടായിരിക്കണം. ആ ബോദ്ധ്യം വന്നാല്‍   നേരത്തെ പ്രലോഭനങ്ങള്‍ക്കു വിധേയരായിരുന്നവര്‍പോലും ജില്ലാ എസ്.പിയുടെ സമീപനം മനസ്സിലാക്കി ശരിയായ പാതയില്‍ വരും. ആലപ്പുഴയില്‍ അബ്കാരി മേഖലയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ പൊതുവെ നല്ല സഹകരണം എന്റെ കീഴിലുള്ള ഉദ്യോഗസ്ഥരില്‍നിന്നും ലഭിച്ചു. അങ്ങനെ മുന്നോട്ടുപോയപ്പോള്‍ ചില പ്രശ്‌നങ്ങളുണ്ടായി.

പക്ഷേ, അത് സംഭവിച്ചത് താഴെ നിന്നല്ല. മുകളില്‍നിന്നാണ്. ആദ്യ ഇടപെടല്‍ അത്ര പ്രശ്‌നമായി എനിക്കു തോന്നിയില്ല. എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട ഒരു ഉയര്‍ന്ന പൊലീസുദ്യോഗസ്ഥന്‍ എന്നെ വിളിച്ചു. അദ്ദേഹം മുഖ്യമായും പറഞ്ഞത് മദ്യവ്യവസായത്തിന്റെ  പൊതു അവസ്ഥയെക്കുറിച്ചാണ്.  അതിന്‍പ്രകാരം അന്നത്തെ  അബ്കാരി നിയമവും ചട്ടവും പാലിച്ച് മദ്യക്കച്ചവടം നടത്താനാവില്ല. അങ്ങനെ ചെയ്താല്‍ ലേലം വിളിച്ച കോണ്‍ട്രാക്ടര്‍മാരെല്ലാം വലിയ നഷ്ടത്തിലാകും. അവര്‍ ''എവിടെനിന്നോ എങ്ങനെയോ എന്തൊക്കെയോ കൊണ്ടുവന്ന് കലക്കിക്കൊടുക്കുന്നു. ഇതെല്ലാം എല്ലാപേര്‍ക്കും അറിയാം.'' എല്ലാപേരും എന്നാല്‍ അറിയേണ്ട എല്ലാപേരും എന്നായിരുന്നിരിക്കണം ഉദ്ദേശിച്ചത്. ആലപ്പുഴ ജില്ലയില്‍ പൊലീസിന്റെ ഇടപെടലുകളെക്കുറിച്ച് കുറെ പരാതികള്‍ വരുന്നു എന്നും സൂചിപ്പിച്ചു. ഭീഷണിയുടെ ലാഞ്ഛന പോലുമില്ലാതെ തികഞ്ഞ സൗമ്യതയോടെയായിരുന്നു  സംഭാഷണം. ബഹുമാനത്തോടെ എല്ലാം കേട്ടെങ്കിലും അതിന്മേല്‍ എനിക്കൊന്നും ചെയ്യാനില്ലായിരുന്നു. എങ്കിലും അദ്ദേഹം ആ വിഷയത്തില്‍ പിന്നെ വിളിച്ചില്ല. പൊലീസ് നടപടികള്‍ നിയമാനുസരണമായിരുന്നുവെന്നു മാത്രമല്ല, അതിനു വലിയ സാമൂഹ്യ പിന്തുണയുമുണ്ടായിരുന്നു.

അധിക ദിവസം കഴിയും മുന്‍പ് തലസ്ഥാനത്തുനിന്ന് എന്റെ ഒരു മേലുദ്യോഗസ്ഥന്‍ വിളിച്ചു. നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ എസ്.ഐ എടുത്ത ചില അബ്കാരി കേസുകളുടെ കാര്യം പറഞ്ഞ്, ഇനി കേസെടുക്കരുത് എന്നദ്ദേഹം പറഞ്ഞു. ഞാനതു കേട്ടു; ബഹുമാനപുരസരം. പക്ഷേ, ഒന്നും ചെയ്തില്ല. എസ്.ഐ ചെയ്തത് ശരിയായ നിയമനടപടി ആയിരുന്നുവെന്ന് മാത്രമല്ല, എന്റെ പ്രേരണയും പിന്തുണയുമുണ്ടായിരുന്നു അതിന്റെ പിന്നില്‍. തൊട്ടടുത്ത ദിവസം അദ്ദേഹം വീണ്ടും വിളിച്ചു. പക്ഷേ, ഇത്തവണ അദ്ദേഹം പൊട്ടിത്തെറിക്കുകയായിരുന്നു. വളരെ ഉന്നതനായ ഒരു നേതാവ് അദ്ദേഹത്തെ വിളിച്ചിരുന്നുവെന്നും പറഞ്ഞു. പൊട്ടിത്തെറിയും കുറ്റപ്പെടുത്തലുമൊക്കെ ആയപ്പോള്‍ പ്രതികരണം എന്നിലുമുണ്ടായി. ''നിയമപരമായി ശരിയായ നടപടി മാത്രമേ എടുത്തിട്ടുള്ളു. എസ്.ഐയോട് അത് പാടില്ലെന്നു പറയാന്‍ എനിക്കാവില്ല.'' മാത്രമല്ല, ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്ന് രേഖാമൂലം നിര്‍ദ്ദേശങ്ങള്‍ തിരുവനന്തപുരത്തുനിന്ന് പുറപ്പെടുവിച്ചിരുന്നത് ചൂണ്ടിക്കാണിച്ചു. ''രേഖാമൂലം ഒരു നിര്‍ദ്ദേശം നല്‍കിയിട്ട് വാക്കാല്‍ അതിനു വിരുദ്ധമായി പറയുക. ഇത് ശരിയല്ല.'' ഇങ്ങനെ പോയി മറുപടി. എന്റേത് പ്രതിരോധമായിരുന്നില്ല, പ്രത്യാക്രമണം തന്നെയായിരുന്നു. അതാകട്ടെ, ആലോചിച്ചുറച്ചതൊന്നുമായിരുന്നില്ല, ഉള്ളില്‍നിന്ന് പെട്ടെന്നങ്ങ് പുറത്തുചാടുകയായിരുന്നു. പക്ഷേ, ഒരു കാര്യം ഇവിടെ രേഖപ്പെടുത്തേണ്ടതുണ്ട്. നിയമനടപടികള്‍ ആലപ്പുഴയില്‍ തുടര്‍ന്നുവെങ്കിലും പിന്നീടൊരിക്കലും അദ്ദേഹം തടസ്സം നിന്നില്ല. മാത്രവുമല്ല, ഈ സംഭാഷണം ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ദോഷകരമായി ബാധിച്ചുമില്ല. അദ്ദേഹമൊരിക്കലും അതൊന്നും എനിക്കെതിരായി മനസ്സില്‍ സൂക്ഷിച്ചില്ല എന്ന് നല്ല ബോദ്ധ്യമുണ്ട്. അത്തരം വിശാലമനസ്‌കത   കേരളത്തിലെ പല ഉയര്‍ന്ന  ഐ.പി.എസ് ഉദ്യോഗസ്ഥരില്‍നിന്നും എനിക്ക് ലഭിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ അബ്കാരി മേഖലയില്‍ നിയമനടപടിയുമായി പൊലീസ് മുന്നോട്ട് പോയപ്പോള്‍ അത് സ്ഥാപിത താല്പര്യക്കാരുടെ സ്വസ്ഥത ഇല്ലാതാക്കിയെങ്കിലും ജില്ലയിലെ വന്‍കിട മദ്യലോബിയെ ശരിക്കും പിടിച്ചുകുലുക്കിയത് അനധികൃത സ്പിരിറ്റിനെതിരായ പൊലീസ് നടപടിയാണ്. അന്തര്‍ സംസ്ഥാന സ്പിരിറ്റ് കടത്ത് മാഫിയ അക്കാലത്ത് കേരളത്തില്‍ പ്രബലമായിരുന്നു. രാഷ്ട്രീയ-ഉദ്യോഗസ്ഥ-മാഫിയ കൂട്ടുകെട്ട്  വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. ജില്ലയിലെ അനധികൃത സ്പിരിറ്റ് കടത്തിനെതിരായ പൊലീസ് നടപടിയുടെ കുന്തമുന കണ്‍ട്രോള്‍ റൂമില്‍ നിയമിച്ചിരുന്ന എസ്.ഐ പി.എം. വര്‍ഗീസ് ആയിരുന്നു. ജില്ലയിലെ പല അബ്കാരി കോണ്‍ട്രാക്ടര്‍മാരുടേയും സ്പിരിറ്റ് ശേഖരം കണ്ടെത്തി, റെയ്ഡ് നടത്തി കേസെടുക്കാന്‍ അന്നു കഴിഞ്ഞു. നിയമത്തിന്റെ കരങ്ങള്‍ അതേവരെ കടന്നുചെല്ലാന്‍ ഭയപ്പെട്ട പല ഇടങ്ങളും പൊലീസ് പിടിയിലായി. ഇതിന്റെ നടത്തിപ്പുകാര്‍ പലരും സാമ്പത്തികമായി മാത്രമല്ല, സാമൂഹ്യമായും സ്വാധീനമുള്ളവരായിരുന്നു. പലരും ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും നിയമനവും ഒക്കെ നിയന്ത്രിക്കാനുള്ള പ്രാപ്തിയുള്ളവര്‍.

രാത്രി അസമയത്ത് ടൗണിനുള്ളില്‍ ഒരു ഗോഡൗണ്‍ റെയ്ഡ് നടക്കുമ്പോള്‍ ഞാനും അവിടെ ഉണ്ടായിരുന്നു. വിവരമറിഞ്ഞവിടെയെത്തിയ അതിന്റെ ഉടമ, ''എന്താണ് സാറെ ഇതൊക്കെ'' എന്ന് ചോദിച്ച് അല്പം ധാര്‍മ്മികരോഷത്തോടെയാണ് കടന്നുവന്നത്. ''എസ്.പിയോട് ചോദിച്ചാല്‍ അറിയാം'' എന്നു പറഞ്ഞ് എസ്.ഐ ഒഴിഞ്ഞു. എന്റെ സാന്നിധ്യം പ്രതീക്ഷിക്കാതിരുന്ന ആ മനുഷ്യന്‍ പെട്ടെന്ന് നിശ്ശബ്ദനായി. അങ്ങനെ ബുദ്ധിമുട്ടാതെ തൊണ്ടി മുതല്‍  കൂടാതെ പ്രതിയേയും കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞു. എസ്.ഐ വര്‍ഗ്ഗീസും സംഘവും അതികഠിനമായ അദ്ധ്വാനമാണ് ഇതിനു പിന്നില്‍ നടത്തിയത്. പലപ്പോഴും അനധികൃത ഗോഡൗണ്‍ പരിസരത്ത് രാത്രികാലം മുഴുവന്‍ ഒളിവിലിരുന്നും മറ്റുമാണ് സ്പിരിറ്റിന്റെ നീക്കം മനസ്സിലാക്കിയത്. 

ഇങ്ങനെ നടപടി സ്വീകരിക്കാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ക്ക് കൂടുതല്‍ രഹസ്യവിവരങ്ങള്‍ കിട്ടാന്‍ തുടങ്ങി. അങ്ങനെ, ഒരു തൊഴിലാളിയുടെ മരണത്തിനു പിന്നില്‍ സ്പിരിറ്റുമായി  ബന്ധപ്പെട്ട കുറ്റകൃത്യം ആണെന്ന സൂചന കിട്ടി. ആ തൊഴിലാളി തീപ്പൊള്ളലേറ്റ് ചികിത്സയിലിരിക്കെ  മരിച്ചതാണ്. വീട്ടിലുണ്ടായ ഒരപകടം എന്ന നിലയിലാണത് റിപ്പോര്‍ട്ട് ചെയ്തു മുന്നോട്ടുപോയത്. രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, സത്യം മറ്റൊന്നായിരുന്നു. കുട്ടനാട്ടില്‍ ഒരിടത്തൊരു രഹസ്യകേന്ദ്രത്തില്‍ സ്പിരിറ്റ് മിക്സ് ചെയ്ത് ചാരായമാക്കി മാറ്റുന്നുണ്ടായിരുന്നു. രാത്രി അസമയത്താണത് ചെയ്തിരുന്നത്. മോട്ടോര്‍ കൊണ്ട് പമ്പ് ചെയ്താണ് മിക്സിംഗ് നടത്തിയിരുന്നത്. അതിനിടയില്‍ എങ്ങനെയോ അവിടെയുണ്ടായിരുന്ന ഇലക്ട്രിക്ക് ബള്‍ബ് അണഞ്ഞു. വെളിച്ചത്തിനായി ഒരാള്‍ തീപ്പെട്ടി ഉരച്ചു. അതേത്തുടര്‍ന്നുണ്ടായ തീപ്പിടുത്തത്തിലാണ് പരിക്കേറ്റത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അയാള്‍ മരിച്ചു. ആ അനധികൃത കേന്ദ്രത്തിന്റെ ഉടമ കൊലപാതകക്കേസില്‍ പ്രതിയായി. അല്പം ജനപ്രിയമായ ഒരു സിനിമയുടെ നിര്‍മ്മാതാവുകൂടിയായിരുന്ന ആ മനുഷ്യന്‍ കുറേക്കാലം ഒളിവില്‍ പോയിരുന്നു.  

ഓരോ സ്പിരിറ്റ് കേസ് പിടിക്കുമ്പോഴും അതിനു പിന്നിലുള്ള രാഷ്ട്രീയ ഉദ്യോഗസ്ഥ സാമ്പത്തിക ശക്തികളെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. ചില നേതാക്കള്‍ ഇടപെട്ടേക്കും എന്ന സൂചനയും കിട്ടും. ഒരിക്കല്‍മാത്രം  ഒരു ഭരണകക്ഷി നേതാവ് വിളിച്ചു. പ്രതീക്ഷയ്ക്ക് വിപരീതമായി അദ്ദേഹം എന്നെ അഭിനന്ദിച്ചു. അതേ  വ്യക്തി സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ വിളിച്ച് പ്രതികള്‍ക്ക് ''പറ്റുന്ന സഹായം ചെയ്യണം'' എന്നും പറഞ്ഞു. രാഷ്ട്രീയത്തിലെ 'മാജിക്കല്‍ റിയലിസം' ഞാന്‍ കുറേ കണ്ടിട്ടുണ്ട്.  

അക്കാലത്ത് വ്യക്തിപരമായി ചില ഭീഷണിക്കത്തുകള്‍ കിട്ടിയിരുന്നു. നടപടിക്കിരയായ ചില വ്യക്തികള്‍ വല്ലാതെ പൊട്ടിത്തെറിച്ച് ''ശല്യം എന്നെന്നത്തേയ്ക്കുമായി അവസാനിപ്പിക്കുന്നതിന്'' ചില ഉപായങ്ങള്‍ പ്രഖ്യാപിച്ചത് സ്പെഷ്യല്‍ ബ്രാഞ്ചുകാര്‍ എന്നെ അറിയിച്ചിരുന്നു. അവര്‍ക്ക് പൊട്ടിത്തെറിക്കാന്‍ കാരണമുണ്ടല്ലോ. പെട്ടെന്നുള്ള വികാരപ്രകടനക്കാരെ വലുതായി ഭയക്കേണ്ടതില്ല. എന്നാല്‍, സര്‍വ്വശക്തരായ ത്രിമൂര്‍ത്തിസംഘം വെറുതെ ഇരുന്നില്ല. അതിലെ ചില സമചിത്തര്‍ എസ്.പിയെക്കൊണ്ടുള്ള ശല്യം ഒഴിവാക്കാന്‍ തികച്ചും സമാധാനപരമായ മാര്‍ഗ്ഗങ്ങള്‍ തേടി. ഗവേഷണമായിരുന്നു ഒരു മാര്‍ഗ്ഗം. എനിക്കെതിരെ  ആരോപണം ഉന്നയിക്കാന്‍ എന്തെങ്കിലും കണ്ടെത്താനാകുമോ എന്നതായിരുന്നു ഗവേഷണ വിഷയം. ഒരു സന്ദര്‍ഭത്തില്‍ അവര്‍ ആര്‍ക്കിമെഡീസിനെപ്പോലെ 'യൂറേക്കാ' എന്നു വിളിച്ചതാണ്. എറണാകുളത്തുനിന്ന് സ്വന്തം മാരുതി കാറിന് ടയര്‍ വാങ്ങിയതായി ഗവേഷകര്‍ കണ്ടെത്തി. അതിനു പിന്നില്‍ എന്തെങ്കിലും സൗജന്യമോ അവിഹിത ആനുകൂല്യമോ ഉണ്ടാകും എന്നായിരുന്നു സങ്കല്പം.  

എനിക്കെതിരായി നടന്നിട്ടുള്ള ഇതുപോലുള്ള നീക്കങ്ങളെക്കുറിച്ച് മിക്കപ്പോഴും കൃത്യമായ വിവരം ലഭിക്കുന്നുണ്ടായിരുന്നു. പലതും ലഭിച്ചതാകട്ടെ, പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളില്‍ നിന്നും. രാഷ്ട്രീയ-ഉദ്യോഗസ്ഥ-മാഫിയ പ്രമുഖരുടെ  ചുറ്റുവട്ടത്തുള്ള സാധാരണക്കാരായ മനുഷ്യര്‍ എന്നെ സഹായിച്ചിട്ടുണ്ട്. അതെന്നെ സന്തോഷിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു. സത്യത്തില്‍ അതൊരു പ്രചോദനമായിരുന്നു. അവരെന്തിനെന്നെ സഹായിക്കണം? അവര്‍ക്ക് നേട്ടമൊന്നുമില്ല എന്നു മാത്രമല്ല, അപകടങ്ങളും പതിയിരിപ്പുണ്ടല്ലോ. പൊലീസ് നടപടികള്‍ ശരിയാണെന്നും അതിനെ പിന്തുണയ്ക്കണമെന്നുമുള്ള സാമൂഹ്യബോധം അവര്‍ക്കുണ്ടായിരുന്നിരിക്കണം. അതുപോലെ ഏറ്റവും താഴെത്തട്ടിലുള്ള പൊലീസുകാരില്‍നിന്നൊക്കെ ലഭിച്ച പിന്തുണ അഭിമാനകരമായിരുന്നു. നേരിട്ടറിയുന്നവരും അല്ലാത്തവരുമായ എത്രയോ സഹപ്രവര്‍ത്തകര്‍. ആത്മാര്‍ത്ഥ സേവനംകൊണ്ടെന്നെ സ്പര്‍ശിച്ച സ്പെഷ്യല്‍ ബ്രാഞ്ചില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ആയിരുന്ന വെങ്കടേശ്വര പൈ. അദ്ദേഹം അകാലത്തില്‍ മരണമടയുമ്പോള്‍ ഞാന്‍ തൃശൂര്‍ എസ്.പി ആയിരുന്നു. ചേര്‍ത്തലയില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍, ആ പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിനു വളരെ സൗന്ദര്യമുണ്ടായിരുന്നു എന്നെനിക്കു തോന്നി.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com