'നിയമ നടപടി ആരുടെ പേരില്‍ സ്വീകരിക്കണം, ആരുടെ പേരില്‍ സ്വീകരിക്കരുത് എന്ന് നിര്‍ദ്ദേശിക്കാന്‍ ഒരു മന്ത്രിക്കും അധികാരമില്ല'

'നിയമ നടപടി ആരുടെ പേരില്‍ സ്വീകരിക്കണം, ആരുടെ പേരില്‍ സ്വീകരിക്കരുത് എന്ന് നിര്‍ദ്ദേശിക്കാന്‍ ഒരു മന്ത്രിക്കും അധികാരമില്ല'
എ. ഹേമചന്ദ്രന്‍ ഐ.പി.എസ് (റിട്ട.)
എ. ഹേമചന്ദ്രന്‍ ഐ.പി.എസ് (റിട്ട.)

യിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാന്‍ പാടില്ല. നീതിന്യായ ചരിത്രത്തില്‍ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഈ തത്ത്വം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. നിരപരാധികള്‍ ശിക്ഷിക്കപ്പെടാന്‍ പാടില്ല എന്നതില്‍ രണ്ടഭിപ്രായമുണ്ടാകില്ല. ശിക്ഷ, മിക്കപ്പോഴും  വര്‍ഷങ്ങള്‍ നീളുന്ന പ്രക്രിയയുടെ അന്ത്യത്തില്‍ സംഭവിക്കുന്നതാണ്. ഏതെങ്കിലും കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട  വ്യക്തി വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞ ശേഷം കോടതി പൂര്‍ണ്ണമായും കുറ്റവിമുക്തനാക്കിയാല്‍ അതിന്റെ പ്രയോജനം പരിമിതമാണ്. ഫലത്തില്‍ അയാള്‍ ശിക്ഷിക്കപ്പെട്ടു കഴിഞ്ഞു. ഈ ദുരന്തം ഒഴിവാക്കണമെങ്കില്‍ നിരപരാധി ക്രിമിനല്‍ കേസില്‍ പ്രതിയാക്കപ്പെടരുത്; നിരപരാധി അറസ്റ്റ് ചെയ്യപ്പെടരുത്. പക്ഷേ, യാഥാര്‍ത്ഥ്യം അതല്ല. ക്രിമിനല്‍ കേസില്‍ നിരപരാധികളെ പ്രതിയാക്കാന്‍ എന്റെ മേലും സമ്മര്‍ദ്ദമുണ്ടായിട്ടുണ്ടല്ലോ. കേസന്വേഷണത്തിനുള്ള നിയമപരമായ അധികാരം ഞാനാദ്യം കയ്യാളിയത് പൊലീസ് സ്റ്റേഷന്‍ പരിശീലനകാലത്ത് വടകരയിലാണ്. ഇല്ല, അവിടെ വച്ച് അങ്ങനെയുണ്ടായിട്ടില്ല. നിരപരാധിയെ കള്ളക്കേസില്‍ പ്രതിയാക്കാന്‍ ആരും അവിടെ എന്നോട് ആവശ്യപ്പെട്ടിട്ടില്ല. പരിശീലനമല്ലേ, പയ്യന്‍ പഠിച്ച് 'പരുവപ്പെട്ട്' വരട്ടെ എന്ന് കരുതിയതാണോ എന്നറിയില്ല. 

പക്ഷേ, ക്രിമിനല്‍ കേസുകളില്‍ അന്വേഷണം വഴിതെറ്റുന്ന അവസ്ഥ  പൊലീസ് സ്റ്റേഷനിലുണ്ട് എന്ന് ഞാനന്നേ അറിഞ്ഞു. ആദ്യം  ആ വിജ്ഞാനം എനിക്ക് പകര്‍ന്നുകിട്ടിയത് അവിടുത്തെ ഒരു ഗുണ്ടയില്‍നിന്നാണ്. കൃത്യമായി പറഞ്ഞാല്‍ അയാളന്ന് റൗഡിയാണ്; ഗുണ്ടയല്ല. റൗഡി ഗുണ്ടയാകുന്ന ഭാഷാപരിണാമം പിന്നീട് സംഭവിച്ചതാണ്. ഒരു ദിവസം എവിടെയൊക്കെയോ കറങ്ങിയിട്ട് ഞാന്‍ സ്റ്റേഷനിലെത്തുമ്പോള്‍ അവിടെ സൂക്ഷിച്ചിരുന്ന റൗഡി വലിയ കരച്ചിലും ബഹളവും. അതേ, റൗഡിയും കരയും. അയാളുടെ പരിദേവനം ഇങ്ങനെ പോയി; ''സാറെ, എന്നെ പിടിച്ചത് ചീട്ട് കളി നടത്തിയതിനാണ്. അവിടുന്ന് പിടിച്ച രൂപയും സ്വര്‍ണ്ണവും എല്ലാം ശരിയാണ്. പക്ഷേ, കഞ്ചാവ് പൊതി അവിടുന്ന് കിട്ടിയിട്ടില്ല. കഞ്ചാവ് കണ്ടാല്‍ പിന്നെ ആ അശോകന്‍ മജിസ്ട്രേട്ട് ജാമ്യം തരത്തില്ല സാര്‍.'' റൗഡിക്കവിടുത്തെ ചുമതലക്കാരനായ ജൂഡിഷ്യല്‍ ഓഫീസറിന്റെ കുറ്റകൃത്യങ്ങളോടുള്ള സമീപനം പോലും അറിയാം. 

ഹെഡ് കോണ്‍സ്റ്റബിള്‍ ശങ്കരനാണ് അയാളെ പിടിക്കാന്‍ നേതൃത്വം നല്‍കിയത്. ഏത് ഗുണ്ടയേയും ശാരീരികമായി കീഴടക്കാനുള്ള ആരോഗ്യവും ധൈര്യവും ഉള്ള ആളായിരുന്നു ഈ ശങ്കരന്‍. പൊലീസ് സ്റ്റേഷനില്‍നിന്നും അധികം അകലെ അല്ലാതെയുള്ള ലോഡ്ജില്‍  ചീട്ടുകളി നടത്താന്‍ റൗഡിക്കെങ്ങനെ ധൈര്യം വന്നു? അതിലാണ് ശങ്കരന്റെ ധാര്‍മ്മികരോഷം മുഴുവന്‍. അത് പൊലീസിനോടുള്ള വെല്ലുവിളിയാണ്. അങ്ങനെ ചില പൊലീസുകാര്‍ പണ്ടുണ്ടായിരുന്നു. അവരുടെ സ്വന്തം പീനല്‍കോഡില്‍, കൃത്യസ്ഥലവും പൊലീസ് സ്റ്റേഷനും തമ്മിലുള്ള ദൂരം കുറയും തോറും കുറ്റകൃത്യത്തിന്റെ തീവ്രത വര്‍ദ്ധിക്കും. പ്രതി സ്റ്റേഷന്‍ റൗഡി കൂടി ആകുമ്പോള്‍ തീവ്രത പിന്നെയും കൂടും. പീനല്‍കോഡ് തയ്യാറാക്കുമ്പോള്‍ മെക്കാളെ പ്രഭു പരിഗണിക്കാന്‍ വിട്ടുപോയ മാനദണ്ഡങ്ങളാണത്. പ്രഭുവിന് പ്രഭുവിന്റെ യുക്തി. ശങ്കരന് ശങ്കരന്റെ യുക്തി. തല്‍ക്കാലം നമുക്ക് മെക്കാളെയെ ബഹുമാനിക്കാമെന്ന് ശങ്കരന്‍, അവസാനം  എന്നോട് സമ്മതിച്ചു. അയാള്‍ക്ക് എന്നെ വളരെ ഇഷ്ടമായിരുന്നു. എങ്കിലും ഒരു പരാതി എന്നെപ്പറ്റി  ഉണ്ടായിരുന്നു. ഉള്ള സമയത്ത് ശരീരത്തില്‍ കുറേക്കൂടി മസില്‍ വളര്‍ത്താന്‍ ശ്രദ്ധിക്കുന്നില്ലത്രേ. 

ശങ്കരനില്‍നിന്ന് മടങ്ങും മുന്‍പ് ഒരു സംഭവം കൂടി പറയാം. ഒരു ദിവസം ഉച്ചകഴിഞ്ഞ നേരത്ത് പൊലീസ് സ്റ്റേഷനില്‍ ഫോണ്‍ വന്നു. വടകര റെയില്‍വേ സ്റ്റേഷനു സമീപം ഒരാള്‍ ട്രെയിനിനു മുന്നില്‍ ചാടി, കയ്യറ്റു കിടക്കുന്നു. ഉടന്‍  ഞങ്ങളെല്ലാം കൂടി ജീപ്പില്‍ അങ്ങോട്ട് തിരിച്ചു. റെയില്‍വേ സ്റ്റേഷനടുത്ത് ട്രാക്കില്‍ ഒരാള്‍ക്കൂട്ടം വട്ടമിട്ടുനില്‍ക്കുന്നു. വേഗം അവിടെ ചെന്നുനോക്കുമ്പോള്‍, ആള്‍ക്കൂട്ടത്തിനു നടുവില്‍ ട്രെയിനടിയില്‍പ്പെട്ട്  കൈമുറിഞ്ഞുപോയ ഒരു മനുഷ്യന്‍ രക്തത്തില്‍ കുളിച്ച്  അവിടെ കിടന്നു പിടയുന്നു. ജനം വട്ടമിട്ട് നോക്കിനില്‍ക്കുന്നു. അടുത്ത ക്ഷണം, ഹെഡ് കോണ്‍സ്റ്റബിള്‍ ശങ്കരന്‍, നേരെ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ആ യുവാവിനെ രണ്ടു കൈകൊണ്ടും അനായാസം പൊക്കിയെടുത്ത് നെഞ്ചോട് ചേര്‍ത്തുപിടിച്ച് പൊലീസ് ജീപ്പിലേയ്‌ക്കോടുന്നു. അതിനിടയില്‍, കാഴ്ചക്കാരായി നിന്ന ആളുകളെ ഉച്ചത്തില്‍ അയാള്‍ വഴക്കുപറയുന്നുമുണ്ട്; ശ്രേഷ്ഠ മലയാളത്തിലല്ലെന്നു മാത്രം. ജീപ്പ് നേരെ ഗവണ്‍മെന്റ് ആശുപത്രിയിലേയ്ക്ക്. അയാളെ ഡോക്ടര്‍മാരുടെ അടിയന്തര പരിചരണത്തിലാക്കി. ശങ്കരന്റെ കാക്കി യൂണിഫോം മുഴുവന്‍ രക്തം. എവിടെ എന്താണോ വേണ്ടത് അവിടെ ചാടിവീണതു ചെയ്യും. അതിനപ്പുറം സ്വാര്‍ത്ഥമായ കണക്കുകൂട്ടലില്ല; മറ്റൊരു പരിഗണനയുമില്ല. അതായിരുന്നു ആ ഹെഡ്‌കോണ്‍സ്റ്റബിള്‍. കേസ് അന്വേഷണത്തില്‍ അയാള്‍ നിയമംവിട്ട് സഞ്ചരിക്കാന്‍ ശ്രമിച്ചത് ഏതെങ്കിലും ബാഹ്യപ്രേരണയാലോ സമ്മര്‍ദ്ദത്താലോ ഒന്നും ആയിരുന്നില്ല. അതാണ് ശരി എന്ന വ്യക്തിനിഷ്ഠമായ ബോധ്യം മാത്രം. 
    
കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇങ്ങനെ പലതും അക്കാലത്തുതന്നെ ശ്രദ്ധയില്‍ പെട്ടിരുന്നു. പരിശീലനകാലത്ത് പൊലീസ് സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുമ്പോഴും പിന്നീട് സബ്ബ് ഡിവിഷന്റെ ചുമതല വഹിക്കുമ്പോഴും അന്വേഷണവുമായി ബന്ധപ്പെട്ട് മനസ്സിലാക്കിയ ചില വസ്തുതകള്‍ അവിശ്വസനീയമായിരുന്നു. അന്വേഷണപ്രക്രിയയില്‍ പൊലീസുദ്യോഗസ്ഥന്‍ ധാരാളം രേഖകള്‍ എഴുതി തയ്യാറാക്കുന്നുണ്ട്. അത്യന്തം ശ്രമകരമായ ജോലിയാണത്. അന്വേഷണത്തില്‍ ശരിയായ പ്രവൃത്തി ചെയ്യുന്നതുപോലെ പ്രധാനമാണ് അത് ശരിയായി എഴുതി തയ്യാറാക്കുന്നതും. ഉദാഹരണത്തിന്, അസാധാരണ മരണം സംബന്ധിച്ച കേസില്‍ മൃതദേഹം പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന കാര്യം എടുക്കുക. സംഭവസ്ഥലവും മൃതദേഹവും അന്വേഷണ ഉദ്യോഗസ്ഥന്‍ സൂക്ഷ്മമായി  പരിശോധിച്ച് വിശദാംശങ്ങള്‍ അവിടെവച്ച് തന്നെ എഴുതി  സാക്ഷികളുടെ ഒപ്പും ആ സ്ഥലത്തുവച്ച് തന്നെ വാങ്ങേണ്ടതാണ്. 

എന്നാല്‍, അക്കാലത്ത് ഞാന്‍ കണ്ട ഒരു കുറുക്കുവഴി അമ്പരപ്പിക്കുന്നതായിരുന്നു. സംഭവസ്ഥലത്തുവച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി ഒപ്പിടീക്കുന്നതിനു പകരം അവിടെവച്ച് സാക്ഷികളുടെ ഒപ്പ്, എഴുതാത്ത വെള്ള പേപ്പറില്‍ എടുക്കും. പിന്നീട് എപ്പോഴെങ്കിലും റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കിയ ശേഷം ഒപ്പ് അതുപോലെ പകര്‍ത്തിവെയ്ക്കും. കുറുക്കുവഴി തേടലിന് ന്യായീകരണങ്ങള്‍ പലതും ഉണ്ടാകും. ചിലപ്പോള്‍,  റിപ്പോര്‍ട്ട് തയ്യാറാക്കുന്ന ഉദ്യോഗസ്ഥന്റെ പ്രാപ്തിക്കുറവ് ഒരു പ്രശ്‌നമാകാം. ചിലപ്പോള്‍ സംഭവസ്ഥലത്തുവച്ച് റിപ്പോര്‍ട്ട് എഴുതാനുള്ള സൗകര്യം തീരെ ഉണ്ടാകില്ല.  വാഹനാപകടം പോലുള്ള  സംഭവത്തില്‍ മരണം സംബന്ധിച്ച് ആര്‍ക്കും സംശയമുണ്ടാകില്ല. അപ്പോള്‍ പൊലീസിന്റെ റിപ്പോര്‍ട്ട്  ഒഴിച്ചുകൂടാനാവാത്ത ഒരു ഔപചാരികത മാത്രമായി പലരും കരുതും. അത്തരം സന്ദര്‍ഭങ്ങളില്‍ പൊലീസ് നടപടി വേഗത്തിലാക്കാന്‍ സമ്മര്‍ദ്ദമുണ്ടാകാം. ചില അന്വേഷണ ഉദ്യോഗസ്ഥര്‍  അതിനു വഴങ്ങും. ഇങ്ങനെ പലവിധ കാരണങ്ങള്‍കൊണ്ടാകാം, പൊതുമദ്ധ്യത്തില്‍ ചിന്തിക്കാനാവാത്ത ക്രമവിരുദ്ധത പല ഉദ്യോഗസ്ഥരും ശീലിച്ചുവരുന്നതായി കണ്ടിട്ടുണ്ട്. ഇന്നലത്തെ 'അബദ്ധം' പിന്നീട് 'ആചാര'വും  'ശാസ്ത്ര'വും ഒക്കെ ആയതാകാം. 

കാരണമെന്തായാലും  തെറ്റായ ഇത്തരം ശീലങ്ങള്‍ ചില ഉദ്യോഗസ്ഥരെ വലിയ ബുദ്ധിമുട്ടുകളില്‍ കൊണ്ടു ചാടിച്ചിട്ടുണ്ട്. ഇങ്ങനെ വരുമ്പോള്‍ തെറ്റായ ഒരു പ്രവൃത്തി ദുരുദ്ദേശ്യത്തിന്റെ ഫലമാണോ അതോ തെറ്റായ ശീലത്തിന്റെ ഉല്പന്നമാണോ എന്ന് കണ്ടെത്തുക പ്രയാസമാണ്. രേഖകള്‍ക്കു വലിയ പ്രാധാന്യം കല്പിക്കപ്പെടുന്ന നീതിന്യായ സംവിധാനത്തില്‍ ക്രമരഹിതമായ രേഖ അതു തയ്യാറാക്കിയ ഉദ്യോഗസ്ഥനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാകാം. പൊലീസിന്റെ ഉപസംസ്‌കാരത്തില്‍ ആഴത്തില്‍ വേരോടിയിട്ടുള്ള ഇത്തരം  തെറ്റായ ശീലങ്ങള്‍  ചില കേസുകളില്‍, പ്രഗത്ഭരായ പ്രതിഭാഗം വക്കീലന്മാര്‍ സമര്‍ത്ഥമായി ചൂഷണം ചെയ്തു് നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഗുരുതരമായ ഈ പ്രശ്‌നം മനസ്സിലാക്കുന്നതിന066ും പരിഹരിക്കുന്നതിനും ഐ.പി.എസ്  ഉദ്യോഗസ്ഥരും വിജയിച്ചിട്ടില്ല എന്ന അപ്രിയ സത്യം പറയാതെ വയ്യ. കുറ്റാന്വേഷണത്തെ ഇതില്‍നിന്നും മുക്തമാക്കാന്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂടെ ചില ചുവടുവെയ്പുകള്‍ നടത്തുന്നതില്‍ ഞാനും പങ്കാളിയായിട്ടുണ്ട്. അതിനിയും ശ്രദ്ധിക്കേണ്ട ഒരു മേഖലയാണ്.

കുറ്റാന്വേഷണങ്ങളിലെ കുറ്റങ്ങളും കുറവുകളും

കുറ്റാന്വേഷണത്തിലെ ഇത്തരം കുറ്റങ്ങളും കുറവുകളും എല്ലാം നിലനില്‍ക്കുമ്പോള്‍ത്തന്നെ ഏതെങ്കിലും ഒരു കേസില്‍ ചില വ്യക്തികളെ ഉന്നമിട്ട് മനപ്പൂര്‍വ്വം പ്രതിയാക്കാന്‍ ഉള്ള സമ്മര്‍ദ്ദം പരിശീലനകാലത്തോ എ.എസ്.പിയായും ജോയിന്റ് എസ്.പിയായും പ്രവര്‍ത്തിക്കുന്ന കാലത്തോ ഉണ്ടായിട്ടില്ല. ആദ്യം അതുണ്ടായത് ആലപ്പുഴയില്‍ എസ്.പി ആയിരിക്കുമ്പോഴാണ്.  തിരുവനന്തപുരത്ത് എ.കെ.ജി സെന്റര്‍  വെടിവെയ്പിനെ തുടര്‍ന്ന്  സംസ്ഥാനത്തുടനീളം പ്രശ്നങ്ങളുണ്ടായി. ആലപ്പുഴയിലും കുറെ അക്രമസംഭവങ്ങളും ക്രിമിനല്‍ കേസുകളും ഉണ്ടായിരുന്നു. എല്ലാ അക്രമസംഭവങ്ങള്‍ക്കും കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് നേരാംവണ്ണം അന്വേഷിച്ച് യഥാര്‍ത്ഥ പ്രതികളെ കഴിയുന്നതും വേഗം അറസ്റ്റു ചെയ്യണം എന്നതായിരുന്നു സമീപനം. അതനുസരിച്ച് കുറേയേറെ കേസും അറസ്റ്റും എല്ലാം നടക്കുകയും ചെയ്തു. അങ്ങനെ രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഒരു ദിവസം അപ്രതീക്ഷിതമായി എനിക്കൊരു ഫോണ്‍ വന്നു. ആലപ്പുഴ പി.ഡബ്ല്യു.ഡി റസ്റ്റ്ഹൗസില്‍ ഉണ്ടായിരുന്ന ഒരു മന്ത്രിയായിരുന്നു വിളിച്ചത്. അദ്ദേഹം ഹരിപ്പാട് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലുള്ള ഒരു സംഭവം എന്നു  പറഞ്ഞാണ് വിളിച്ചത്. പ്രതിപക്ഷ ഹര്‍ത്താല്‍ ദിവസം വൈകുന്നേരം ഹരിപ്പാട് വലിയൊരക്രമം ഉണ്ടായെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍പ്പെട്ട ഒരാള്‍ക്ക് വെട്ടേറ്റെന്നും പറഞ്ഞു. അങ്ങനെ ഒരു വെട്ടുകേസ് എന്റെ ശ്രദ്ധയില്‍ വന്നിരുന്നില്ല. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും വിവരങ്ങള്‍ നേരിട്ടറിയിക്കാന്‍ ബന്ധപ്പെട്ടവര്‍ എന്നെ വന്നു കാണുമെന്നും പറഞ്ഞു. അങ്ങനെ ആ സംഭാഷണം അവസാനിച്ചു. അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് ആലപ്പുഴയില്‍ കാര്യമായ സ്വാധീനമൊന്നും  ഉണ്ടായിരുന്നില്ല. എന്നിട്ടും ഇങ്ങനെ ഒരു സംഭവത്തെപ്പറ്റി കേട്ടപ്പോള്‍ അത്ഭുതം തോന്നി. എന്താണ് സംഭവമെന്ന് മനസ്സിലാക്കാന്‍ വേണ്ടി ഹരിപ്പാട് എസ്.ഐയെ വിളിച്ച് അന്വേഷിച്ചു. മന്ത്രിയുടെ പാര്‍ട്ടിയില്‍പ്പെട്ട ആരെയെങ്കിലും ഹര്‍ത്താല്‍ ദിവസം ആക്രമിച്ചതായി എസ്.ഐയ്ക്കും അറിവില്ല.  അങ്ങനെ എന്തെങ്കിലുമുണ്ടോ എന്ന് ഒരിക്കല്‍ക്കൂടി അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചു.

ആ ദിവസം തന്നെ മന്ത്രി പറഞ്ഞപ്രകാരം  രണ്ടുപേര്‍ എന്നെ വന്നു കണ്ടു. ഹര്‍ത്താല്‍ ദിവസം അതിന്റെ അനുകൂലികള്‍ സന്ധ്യകഴിഞ്ഞ സമയത്ത് ഒരു കൊലപാതകശ്രമം നടത്തി എന്നാണവരുടെ പരാതി. അത് ഗൗരവമായെടുത്ത് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് അവരുടെ ആവശ്യം.  അന്നേ  ദിവസം, പരിക്കേറ്റ വ്യക്തി ഒരു സ്‌കൂട്ടറില്‍ ഒറ്റയ്ക്ക് ടൗണിലേയ്ക്ക് വരികയായിരുന്നത്രേ. ടൗണിലെത്തും മുന്‍പ് റോഡില്‍ ചെറിയ വളവുള്ള ഭാഗത്തുവെച്ച് മൂന്ന് പേര്‍ ചേര്‍ന്ന് ആക്രമിച്ചു. അവരുടെ കൈവശം വടിവാള്‍ ഉണ്ടായിരുന്നു. അതുപയോഗിച്ച് വെട്ടി പരിക്കേല്പിച്ചു എന്നാണവര്‍ പറഞ്ഞത്. വടിവാള്‍കൊണ്ട് തലയ്ക്കാണ് വെട്ടിയതെന്നും അത് കൊലപാതക ശ്രമമായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റയാള്‍ ആശുപത്രിയിലെങ്ങാനും പോയിരുന്നോ എന്ന് ചോദിച്ചപ്പോള്‍ ഹരിപ്പാട് ഗവണ്‍മെന്റ് ആശുപത്രിയില്‍ പോയതായി പറഞ്ഞു. ആക്രമിച്ച പ്രതികളെ മൂന്ന് പേരെയും അറിയാമെങ്കിലും ഹരിപ്പാട് പൊലീസ് അവരെ അറസ്റ്റുചെയ്യുന്നതില്‍ അനാസ്ഥ കാണിക്കുകയാണത്രേ. ആ മൂന്ന് പേരും അവിടുത്തെ അറിയപ്പെടുന്ന മാര്‍ക്സിസ്റ്റ്  പ്രവര്‍ത്തകരാണെന്നും അറിയിച്ചു. ഹര്‍ത്താലിന്റെ മറവില്‍ നടത്തിയ ആസൂത്രിതമായൊരു കൊലപാതക ശ്രമം എന്ന നിലയിലാണ് അവതരിപ്പിച്ചത്. കേസ് ഗൗരവമായിത്തന്നെ അന്വേഷിക്കാം എന്നുറപ്പു നല്‍കി അവരെ അയച്ചു.

അവര്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെങ്കില്‍ അവിടെ നടന്നത് ഗുരുതരമായ കുറ്റകൃത്യം തന്നെയാണ്. അങ്ങനെ  ആസൂത്രിത സ്വഭാവമുള്ള ഒരു ആക്രമണം ഇതിനേക്കാള്‍ തീവ്രമായി പ്രതിഷേധം അരങ്ങേറിയ സ്ഥലങ്ങളില്‍പ്പോലും ഉണ്ടായിട്ടില്ല. അങ്ങനെയിരിക്കെ താരതമ്യേന പ്രശ്‌നരഹിതമായ ഹരിപ്പാട് പോലുള്ള ഒരു സ്ഥലത്ത് ഇത്തരം ഒരു സംഭവമുണ്ടെങ്കില്‍ അതിന്റെ പിന്നില്‍ മറ്റെന്തെങ്കിലും ഉണ്ടാകും എന്ന് വ്യക്തമായിരുന്നു. ഏതായാലും സംസ്ഥാനത്തെ ഒരു മന്ത്രി നേരിട്ട് ജില്ലാ എസ്.പിയുടെ ശ്രദ്ധയില്‍പ്പെടുത്തിയ കാര്യമല്ലേ. സൂക്ഷ്മമായിത്തന്നെ അന്വേഷണം നടത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കി. 

പ്രാഥമികമായ പരിശോധനയില്‍ത്തന്നെ വടിവാള്‍കൊണ്ട് തലയ്ക്ക് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് പറഞ്ഞത് സംശയകരമാണെന്നു തോന്നി.  മുറിവുകളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തി ഡോക്ടര്‍ തയ്യാറാക്കിയ  സര്‍ട്ടിഫിക്കറ്റ് നോക്കിയതില്‍  അത്തരം മുറിവുകളൊന്നും കണ്ടില്ല. അതിലാകെ ഉണ്ടായിരുന്നത് മുഖത്തൊരു ഉരഞ്ഞ ചെറിയ പാട് മാത്രം. ആ  മുറിവ് വടിവാള്‍കൊണ്ട് വെട്ടിയാല്‍ ഉണ്ടാകില്ലെന്നു മനസ്സിലാക്കാന്‍ ഫോറന്‍സിക്ക് മെഡിസിന്‍ വൈദഗ്ദ്ധ്യമൊന്നും ആവശ്യമില്ല. മുറിവിന്റെ ചരിത്രം ആശുപത്രിയില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരുന്നതിലും വടിവാളൊന്നും കണ്ടില്ല. എന്നു മാത്രമല്ല, സംഭവദിവസം അയാള്‍  ആശുപത്രിയില്‍ പോയിട്ടില്ല. തൊട്ടടുത്തുള്ള ആശുപത്രിയില്‍ പോയിരിക്കുന്നത് ഒരു ദിവസം വൈകി മാത്രമാണ്. കൗതുകകരമായ വസ്തുത, ഈ വെട്ടേറ്റുവെന്ന് പറയുന്ന വ്യക്തി പൊലീസ് സ്റ്റേഷനില്‍ അപരിചിതനൊന്നുമായിരുന്നില്ല എന്നതാണ്. പലരുടെ കൂടെയും പൊലീസ് സ്റ്റേഷനില്‍ വന്നിരുന്ന, ഏതാണ്ടൊരു സഹായിയെന്നോ അധികാര ദല്ലാളെന്നോ ഒക്കെ വിളിക്കാവുന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന മനുഷ്യനാണ്. ആ നിലയ്ക്ക് തനിക്കു നേരെ ഗുരുതരമായ ഒരാക്രമണമുണ്ടായാല്‍ യഥാസമയം പൊലീസ് സഹായം തേടുന്നതിനു യാതൊരു ബുദ്ധിമുട്ടുമില്ല. സംഭവം കഴിഞ്ഞ് അടുത്ത ദിവസം മാത്രമാണ്  കൊലപാതക ശ്രമമെന്ന നിലയില്‍ പുതിയ കഥയുണ്ടായത്. ആ കഥ ശരിയാകാനിടയില്ല എന്നതിന് ധാരാളം സാഹചര്യങ്ങളുമുണ്ടായിരുന്നു.

അന്വേഷണം ഇങ്ങനെ മുന്നോട്ടുപോയപ്പോള്‍ മന്ത്രി  പറഞ്ഞപോലല്ല കാര്യങ്ങള്‍ എന്ന നിലയിലായിരുന്നു  തെളിവുകള്‍. അതിനിടയില്‍ മന്ത്രി വീണ്ടും  ഫോണ്‍ ചെയ്തു. അദ്ദേഹം പറഞ്ഞ കേസിന്റെ കാര്യം എന്തായി എന്ന് ചോദിച്ചു. അതിന്മേല്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്ന്  പറഞ്ഞു. എന്നാല്‍, പരാതിക്കാരനും കൂട്ടുകാരും പറയുന്നതുപോലെ മൂന്ന്എതിരാളികള്‍ ചേര്‍ന്ന് വടിവാള്‍കൊണ്ട് വെട്ടി എന്നതിന് വിശ്വസനീയ തെളിവുകള്‍ ഇതുവരെ കിട്ടിയിട്ടില്ല എന്നുമാത്രം പറഞ്ഞുനിര്‍ത്തി. ആദ്യത്തേതിനേക്കാള്‍ കുറച്ചുകൂടി ബലം പിടിക്കുന്ന ശൈലിയിലാണ് ഇത്തവണ സംസാരിച്ചത്. അവസാനം എന്തായാലും അവരെ വേഗം അറസ്റ്റ് ചെയ്യണം എന്നു പറഞ്ഞ് അദ്ദേഹം നിര്‍ത്തി.  അന്വേഷണത്തില്‍ മനസ്സിലായ എല്ലാ കാര്യവും ഞാന്‍ മനപ്പൂര്‍വ്വം പറഞ്ഞില്ല. കാരണം അദ്ദേഹത്തിന്റെ ഇടപെടല്‍ പക്ഷപാതപരമായിരുന്നു. ഒത്തുവന്ന ഒരവസരം രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ പ്രയോഗിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത്. പൊലീസിനു ലഭിച്ച തെളിവുകളുടെ സ്വഭാവം കൃത്യമായി മനസ്സിലാക്കിയാല്‍  ആ അറിവ് തന്റെ രാഷ്ട്രീയലക്ഷ്യത്തിനുവേണ്ടി ദുരുപയോഗം ചെയ്‌തേക്കാം. 

സംഭാഷണം കഴിഞ്ഞപ്പോള്‍ മന്ത്രി സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയാണ് എന്ന് സുവ്യക്തമായിരുന്നു. എങ്കിലും എന്റെ സമീപനം അന്നും തികഞ്ഞ മര്യാദയോടെ ആയിരുന്നു. സാധാരണയായി, കുറച്ചൊക്കെ നിലവാരം പുലര്‍ത്തുന്ന രാഷ്ട്രീയനേതാക്കള്‍ തങ്ങള്‍ ഇടപെടുന്ന വിഷയം തീരെ ശരിയല്ലെന്നു ബോദ്ധ്യമായാല്‍ പിന്നെ പിന്മാറും. മന്ത്രിയും ഉദ്യോഗസ്ഥനും തമ്മില്‍ ഭാസ്‌ക്കര പട്ടേലരും തൊമ്മിയും (ഭാസ്‌ക്കര പട്ടേലരും എന്റെ ജീവിതവും എന്ന സക്കറിയായുടെ പ്രസിദ്ധ നോവെല്ലായിലെ കഥാപാത്രങ്ങള്‍) പോലുള്ള ബന്ധമാണെങ്കില്‍ എന്തു വൃത്തികെട്ട കാര്യങ്ങളിലും ഇടപെടും എന്നതു വേറെ കാര്യം. ഒരുപക്ഷേ, മന്ത്രി ഇനി വിളിക്കില്ലായിരിക്കും എന്നു ഞാന്‍ കരുതി. പക്ഷേ, എനിക്കു തെറ്റി. ഈ മന്ത്രി പിന്നെയും വിളിച്ചു. ഇക്കുറി അദ്ദേഹം കൂടുതല്‍ രൂക്ഷമായിട്ടാണ് സംസാരിച്ചത്. പൊലീസ് അന്വേഷണത്തെ കുറ്റപ്പെടുത്തുന്ന രീതിയില്‍ എന്തൊക്കെയോ പറഞ്ഞു. അവസാനം ''നിങ്ങളാ മൂന്നു പേരെ അറസ്റ്റ് ചെയ്യണം'' എന്ന് അദ്ദേഹം കാര്‍ക്കശ്യത്തോടെ പറഞ്ഞു. പെട്ടെന്ന് നിയന്ത്രണം വിട്ടപോലെ  വാക്കുകള്‍ പുറത്തുവന്നു: ''അത് പറ്റില്ല സാര്‍, അവര്‍ പ്രതികളൊന്നുമല്ല.''  മറുപടി  ഹ്രസ്വമായിരുന്നെങ്കിലും അല്പം  തീക്ഷ്ണമായിരുന്നു  എന്നെനിക്കു തോന്നി. ചെറിയൊരു ഇടവേളയ്ക്കു ശേഷം അദ്ദേഹം പറഞ്ഞു. ''അല്ല, ഞങ്ങള് പറയുന്നോരല്ല പ്രതികളെങ്കില്‍ നിങ്ങള്‍ കണ്ടുപിടിക്കണം.'' ഒറ്റനോട്ടത്തില്‍ അതിലൊരു യുക്തിയുണ്ടെന്നു തോന്നാമെങ്കിലും മറുപടി ഉരുളയ്ക്കുപ്പേരിപോലെ  മനസ്സില്‍ തിങ്ങി വന്നു. എന്റെ ഉള്ളിലെ അടിസ്ഥാന വികാരം കടുത്ത രോഷം തന്നെയായിരുന്നു. എങ്കിലും അപ്പോഴേയ്ക്കും മനസ്സിന്റെ കടിഞ്ഞാണ്‍ ഞാന്‍ വീണ്ടെടുത്തിരുന്നു. അതുകൊണ്ട് കൂടുതല്‍  ഒന്നും  പറഞ്ഞില്ല. മൗനം അല്പം നീണ്ടു. അവസാനം മന്ത്രി  ചോദിച്ചു: ''എന്നാല്‍ വയ്ക്കട്ടൊ?''  ''ശരി സാര്‍'' എന്ന് ഞാന്‍. മൗനത്തിന്റെ അര്‍ത്ഥം അദ്ദേഹം മനസ്സിലാക്കിയിരിക്കണം. മന്ത്രി, പിന്നെ വിളിച്ചില്ല.

പൊലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ പല സന്ദര്‍ഭങ്ങളിലും കേസന്വേഷണവുമായി ബന്ധപ്പെട്ട് കക്ഷിഭേദമന്യേ ജനപ്രതിനിധികളും ഭരണപ്രതിപക്ഷ രാഷ്ട്രീയനേതാക്കളും എന്നെ ബന്ധപ്പെട്ടിട്ടുണ്ട്. അത് പൊതുവേ നല്ല നിലയിലുള്ള ഇടപെടലുകളായിരുന്നു. താഴെ തട്ടില്‍, അന്വേഷണം വഴിതെറ്റുന്നുവെന്നുള്ള പരാതികളും ജനശ്രദ്ധയാകര്‍ഷിച്ച വലിയ കുറ്റകൃത്യത്തില്‍ അന്വേഷണം കാര്യക്ഷമമാക്കണമെന്ന അഭ്യര്‍ത്ഥനകളും ഒക്കെ ഒരുപാടുണ്ടായിട്ടുണ്ട്. അത്തരം സാമൂഹ്യ, രാഷ്ട്രീയ ജാഗ്രത ഗുണകരമാണെന്നതില്‍ എനിക്കു സംശയമില്ല. പക്ഷേ, ഇവിടെ സംഭവിച്ചത് അതല്ല. പൊതുവായ ഒരു പ്രതിഷേധത്തില്‍ ചില അക്രമസംഭവങ്ങളുണ്ടായി. ആ അവസരം ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ക്രിമിനല്‍ കേസില്‍ കളവായി പ്രതിചേര്‍ത്ത് അറസ്റ്റിനും  മറ്റ് നടപടികള്‍ക്കും വിധേയമാക്കാന്‍ ശ്രമിക്കുകയാണുണ്ടായത്. അങ്ങനെയൊക്കെ പ്രവര്‍ത്തിക്കുന്ന മന്ത്രിമാരും നമുക്കുണ്ട്; എല്ലാ കാലത്തും.  അവരും ജനാധിപത്യത്തിന്റെ ഉല്പന്നങ്ങള്‍ തന്നെ.

ജനാധിപത്യത്തില്‍ എല്ലാ അധികാരങ്ങള്‍ക്കും  കൃത്യമായ പരിധിയുണ്ട്. ഭരണ നിര്‍വ്വഹണത്തിന്റെ രാഷ്ട്രീയ മേല്‍നോട്ടം വഹിക്കുന്ന മന്ത്രിമാര്‍ക്ക് വലിയ അധികാരവും ഉത്തരവാദിത്വവുമുണ്ട്. സംശയമില്ല. പക്ഷേ, കേസന്വേഷണം, അതിനുള്ള നിയമപരമായ ചുമതലയും തൊഴില്‍പരമായ വൈദഗ്ദ്ധ്യവും ഉള്ള പൊലീസ് ഉദ്യോഗസ്ഥന്റെ ഉത്തരവാദിത്വമാണ്. ആ അധികാരത്തിലിടപെട്ട് നിയമനടപടി ആരുടെ പേരില്‍ സ്വീകരിക്കണം, ആരുടെ പേരില്‍ സ്വീകരിക്കരുത് എന്ന് നിര്‍ദ്ദേശിക്കാന്‍ ഒരു മന്ത്രിക്കും അധികാരമില്ല. ജനാധിപത്യ ഭരണസമ്പ്രദായത്തിലെ ഈ തത്ത്വം ലണ്ടന്‍ മെട്രൊപൊളിറ്റന്‍  കമ്മിഷണര്‍ കക്ഷിയായ ഒരു കേസിന്റെ വിധിയില്‍  ലോര്‍ഡ് ഡെന്നിംഗ്  എടുത്തുപറയുന്നുണ്ട്. വിഖ്യാതമായ ഈ  വിധിയിലെ പ്രസക്തമായ വാചകങ്ങള്‍ വലുതായി എഴുതി ഫ്രെയിം ചെയ്ത് ആലപ്പുഴ എസ്.പിയുടെ ഓഫീസില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. നേരത്തെ അവിടെ എസ്.പി  ആയിരുന്ന ആര്‍.എന്‍. രവി (ഇപ്പോള്‍ അദ്ദേഹം നാഗലാന്റ് ഗവര്‍ണ്ണറാണ്) ആണത് ചെയ്തത്. പിന്നീട് ആ ബോര്‍ഡ് അവിടെനിന്നും മാറ്റിയിരുന്നു. ആലപ്പുഴയില്‍ ഞാനത് പുനഃസ്ഥാപിച്ചു. പിന്നീട് തിരുവനന്തപുരം സിറ്റിയില്‍ ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ആയപ്പോള്‍ ആ ഓഫീസിലും ഞാന്‍  ലോര്‍ഡ് ഡെന്നിംഗിന്റെ ഈ വാചകങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പിന്നീട് രണ്ടിടത്തും  ലോര്‍ഡ് ഡെന്നിംഗ് പുറത്തായി.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com