ശശി തരൂർ
ശശി തരൂർ

'വാക്കുകള്‍ സംസ്‌കാരത്തെ സൃഷ്ടിക്കുമ്പോള്‍'- ഒരു തരൂര്‍ വായന

തരൂര്‍ ഓരോ പദത്തേയും പരിചയപ്പെടുത്തുന്നത് അതിന്റെ അര്‍ത്ഥം മാത്രം പറഞ്ഞുകൊണ്ടല്ല. ആ വാക്കിനെ, കാലികമായ പ്രയോഗത്തെ കാലപ്രവാഹം മെഴുകിയെടുത്ത കഥ പറഞ്ഞുകൊണ്ടൊക്കെയാണ്

വാക്കുകള്‍ കറന്‍സി പോലെയാണ്, കൃത്യമായ മൂല്യമുണ്ടാവണം. കറന്‍സിക്കു തുല്യവസ്തു ലഭിക്കുന്നതുപോലെ വാക്കുകള്‍ക്കു തുല്യമായ ബോധം പകര്‍ന്നുകിട്ടുക അപ്പോള്‍ മാത്രമാണ്. വിശ്വപൗരന്‍ എന്നു ലോകം ഒരാളെ വിശേഷിപ്പിക്കുക വിശ്വമാനവ സംസ്‌കാരത്തിന്റെ സുഗന്ധവും പ്രകാശവും അയാളിലൂടെ പ്രസരിക്കുമ്പോഴാണ്, ആ പരമ്പരയിലെ സമകാലികനാണ് തരൂര്‍. അദ്ദേഹം ഓരോ പദത്തേയും പരിചയപ്പെടുത്തുന്നത് അതിന്റെ അര്‍ത്ഥം മാത്രം പറഞ്ഞുകൊണ്ടല്ല. ആ വാക്കിനെ, കാലികമായ പ്രയോഗത്തെ കാലപ്രവാഹം മെഴുകിയെടുത്ത കഥ പറഞ്ഞുകൊണ്ടൊക്കെയാണ്. വാക്കുകള്‍ കടന്നുവന്ന വഴിയും കൈവരിച്ച പുതിയ രൂപഭാവവും അതിനിടയാക്കിയ മിത്തിലൂടെ, ചരിത്ര-സാംസ്‌കാരിക പശ്ചാത്തലങ്ങളിലൂടെ ഒക്കെയുള്ളൊരു തീര്‍ത്ഥാടനമാണ് തരൂര്‍ വായന. തരൂരോസോറസ് അങ്ങനെ ചില വാക്കുകളെ പരിചയപ്പെടുത്തുന്ന ഒന്നാണ്. ശരാശരിക്കാരെ വായിക്കുന്നതു കാലനഷ്ടമാവുമ്പോള്‍ പ്രതിഭകളെ വായിക്കുന്നത് കാലികമായ വളര്‍ച്ച സാധ്യമാവുന്നൊരു വ്യായാമമാണ്. സ്വന്തം വരികള്‍ക്കപ്പുറത്തേക്കു വായനക്കാരുടെ ബോധത്തെ കൊണ്ടുപോവുന്നവരാണ് പ്രതിഭകള്‍. 

അങ്ങനെ ചില പുതിയ ചിന്തകളിലേക്കാണ് വായന നയിച്ചത്. ഏതു ഭാഷയുടേയും വളര്‍ച്ച വാക്കുകളിലൂടെയാണ്. അനുനിമിഷം പുതിയ ലോകത്തേക്ക്, പുതിയ ബോധത്തിലേക്കു കുതിക്കുന്ന മാനവികതയ്ക്ക് സംവദിക്കാന്‍ കൃത്യമായ വാക്കുകള്‍ ഇല്ലാതാവുമ്പോള്‍ സ്വാഭാവികമായും ആ ഭാഷ ഉപയോഗിക്കുന്നവരുടെ എണ്ണം കുറയുന്നു. ആഗോള ബൗദ്ധിക മേഖലകളിലെ നൂതനമായ ചിന്തകളെ, സാങ്കേതികമായ നവീനവല്‍ക്കരണങ്ങളെ, സാഹിത്യലോകത്തെ അനുദിന വളര്‍ച്ചയെ ഒന്നും മൊഴിയിലേക്ക് ആവാഹിക്കാനോ അടയാളപ്പെടുത്താനോ വാക്കുകളില്ലാതാവുമ്പോള്‍, ഭാഷയിലെ സംവാദ-സംവേദ സാധ്യതകള്‍ മങ്ങുന്നു. സ്വാഭാവികമായും സങ്കീര്‍ണ്ണങ്ങളായ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന കൃതികള്‍ പോലും ഇല്ലാതായി വരുന്നു. അങ്ങനെയൊരു വളര്‍ച്ച ഭാഷയ്ക്കില്ലാതാവുമ്പോള്‍, മുരടിക്കുന്നതാണ് സംസ്‌കാരം. പുതിയ വാക്കുകള്‍ ഭാഷയ്ക്കു പുതുമഴയാണ്, പുതിയ സംസ്‌കാരം മുളപൊട്ടിക്കുന്ന അമൃതധാര. 

വാക്കില്‍നിന്നു സംസ്‌കാരവും സംസ്‌കാരത്തില്‍നിന്നു വാക്കും 

നമ്മുടെ റോഡുകള്‍ കൊലക്കളമാവുന്ന വര്‍ത്തമാനത്തില്‍നിന്നും ഒരു നൂറ്റാണ്ടു മുന്നേയുള്ള അമേരിക്കയുടെ റോഡുകളിലേക്കു നോക്കിയാല്‍ അന്നു രൂപമെടുത്ത രണ്ടു വാക്കുകളെ അദ്ദേഹം നമുക്കു പരിചയപ്പെടുത്തുന്നു. ഒന്നാണ് ജേവോക്കിങ് (Jaywalking), രണ്ട് ജേഡ്രൈവിങ് (Jaydriving). ജേ എന്നൊരു പക്ഷിയില്‍നിന്നാണ് വാക്കുത്ഭവം. ആദ്യകാലങ്ങളില്‍ 'ജേ' കേട്ടതെല്ലാം, കാണുന്നതെല്ലാം വിശ്വസിക്കുന്ന വേണ്ടത്ര ബോധവളര്‍ച്ചയില്ലാത്ത സാംസ്‌കാരികമായി ഏറെ മുന്നേറാത്ത, ഗ്രാമീണമായ, അപരിഷ്‌കൃതമായ രീതികളില്‍ അഭിരമിക്കൊന്നാരാളെ സൂചിപ്പിക്കുന്ന പദമായിരുന്നു. അടുത്തകാലം വരെ ജേ പേരുകളായി ഉപയോഗിച്ചിരുന്നില്ല. അങ്ങനെ ബോധമില്ലാതെ, റോഡു മുഴുവന്‍ തനിക്കാണെന്ന മട്ടില്‍ വണ്ടിയോടിക്കുന്ന ഡ്രൈവിങ്ങ് രീതിയെ 1900-'20 കാലങ്ങളില്‍ പത്രമാധ്യമങ്ങള്‍ വിശേഷിപ്പിച്ചത് ജേ ഡ്രൈവിങ് എന്നാണ്. ഇതേ രീതിയില്‍ ഒരിക്കലും ക്രോസുചെയ്യാന്‍ പാടില്ലാത്ത ഇടങ്ങളില്‍ റോഡു മുറിച്ചു നടക്കുന്നവരെ ജേവാക്കര്‍ എന്നും വിളിക്കുന്നു. ഒരു പദം ഒരു സംസ്‌കാരത്തെ സൃഷ്ടിക്കുന്നു. അങ്ങനെ ഒരു അശ്രദ്ധയുടെ പേരില്‍ വിഡ്ഢികളെന്നു വിളിക്കപ്പെടാന്‍ ആരും ആഗ്രഹിക്കുന്നില്ല. നിരന്തരം അത്തരം കൃത്യങ്ങളില്‍ വ്യാപരിക്കുന്നവര്‍ക്ക് അങ്ങനെയുള്ള വിളിപ്പേരുകള്‍ ഒരു ഭീഷണിയാണ്, ഒരോര്‍മ്മപ്പെടുത്തലാണ്, കൃത്യത്തില്‍നിന്നു പിന്തിരിയാനുള്ള താക്കീതുമാണ്. അങ്ങനെയുള്ള പദാവലികള്‍ നമുക്കില്ല, നമ്മുടെ റോഡുകള്‍ ജേഡ്രൈവിങ്ങിന്റെ, ജേവാക്കിങ്ങിന്റെ മായാപ്രപഞ്ചമാണ്. നമ്മുടെ റോഡുകളിന്നും കുരുതിക്കളമാവുന്നതിനു പിന്നില്‍ തരംതാണ നിര്‍മ്മിതിയും ബോധമില്ലാത്ത ഡ്രൈവര്‍മാരും മാത്രമല്ല, ആയൊരു സംസ്‌കാരം സൃഷ്ടിച്ചെടുക്കാനാവാത്ത ഭാഷയും കൂടിയാണ്. ഒരു ഭാഷ ശ്രേഷ്ഠമാവുന്നത് അത്തരം വാക്കുകളുടെ ആവിര്‍ഭാവത്തിലൂടെ തിന്മകളെപ്പറ്റി നിരന്തരം സമൂഹവുമായി സംവദിക്കുമ്പോഴും ഒരു തിരുത്തല്‍ ശക്തി ആവുമ്പോഴുമാണ്. ഒന്നാലോചിക്കാവുന്നതാണ്. ലക്കില്ലാപ്പോക്കിന് പൊലീസ് ഡ്രൈവര്‍ ഷിബുവിനെ അറസ്റ്റുചെയ്തു എന്നു വാര്‍ത്ത നാലാളു കണ്ടാല്‍ ഷിബുവിന്റെ പേരു മാറും. പേര് ലക്കില്ലാപ്പോക്കിനു കുടുങ്ങിയ ലക്കില്ലാപ്പൊക്കന്‍ എന്നായിക്കൂടെന്നില്ല. ഷിബു മാത്രമല്ല, ബാക്കി റോഡു നിറഞ്ഞോടി മറ്റുള്ളവരെ ഹലാക്കാക്കുന്ന മുഴുവന്‍ ഡ്രൈവര്‍മാരും മര്യാദക്കാരാവും.
 
കൃത്യമായ വാക്കുകള്‍ കൃത്യമായ ബോധം പകരുന്നതാവണം, അപ്പോഴേ അതു സമൂഹത്തെ മാറ്റുകയുള്ളൂ. സാമൂഹികബോധത്തെ പിന്നോട്ടു നയിക്കുന്ന ചില വാക്കുകള്‍ മതങ്ങളും ഫാസിസവും ഉപയോഗിക്കുന്നതു നോക്കൂ. കാഫിര്‍, റിനഗെയ്ഡ് അഥവാ നമ്മുടെ കുലംകുത്തി എന്നീ പദങ്ങള്‍ പകരുന്ന ബോധം നോക്കൂ. ആരെയാണ് ആ വാക്കുകളാല്‍ അടയാളപ്പെടുത്തുന്നത്, അവര്‍ കൊല്ലപ്പെടേണ്ടവരാണെന്ന ബോധം അതു പകരുന്നു. അത്തരം കൊലകളില്‍ ഭാഷ നിര്‍മ്മിച്ചെടുത്ത സംസ്‌കാരം കൂടി പങ്കുവഹിക്കുന്നുണ്ട്. എന്തുകൊണ്ട് പുതിയ നല്ല നാലു വാക്കുകളെക്കൊണ്ട് ആ സംസ്‌കാരം മാറ്റിയെടുക്കാനുള്ള പണി നമ്മളെടുക്കുന്നില്ല? ബോധരാഹിത്യമാണ് പ്രശ്‌നം. ബോധഹീനരെ അടയാളപ്പെടുത്തുന്ന, വിഡ്ഢിത്തത്തെ പരിഹസിക്കുന്ന പദാവലികള്‍ ഭാഷയിലേക്കു വന്നാല്‍ ആ പ്രയോഗത്തിന്റെ ഇരയാവാന്‍ ആരും തന്നെ ഇഷ്ടപ്പെടുകയില്ല. അപ്പോഴുള്ള വഴി സ്വയം തിരുത്തുക മാത്രമാണ്. അങ്ങനെ മനുഷ്യന് അഹിതമായ വാക്കുകള്‍ കൂടി ഭാഷയ്ക്കു നല്‍കി അഹിതമായ സംസ്‌കാരത്തെ സമൂഹത്തില്‍നിന്നു നിര്‍മ്മാര്‍ജ്ജനം ചെയ്യുമ്പോഴാണ് ഭാഷ ശ്രേഷ്ഠമാവുക. ജേവാക്കിങ്ങും ജേഡ്രൈവിങ്ങും അമേരിക്കന്‍ സംസ്‌കാരത്തിലേക്കും ഭാഷയിലേക്കും വന്നത് 100 വര്‍ഷം മുന്നേയാണ്. അത്തരം അനാശാസ്യമായ പ്രവണതകള്‍ക്കെതിരെയുള്ള പ്രചരണങ്ങളില്‍ ആ പദങ്ങള്‍ നിറഞ്ഞാടി. We fear Jay Walker than an Anarchist, ഒരു അരാജകവാദിയെക്കാള്‍ ഞങ്ങള്‍ ഭയക്കുന്നത് ഒരു ലക്കില്ലാപ്പൊക്കനെയാണ് എന്നര്‍ത്ഥം. ഇംഗ്ലീഷ് ലോകം കീഴടക്കിയതും, അതിന്റെ നിഴലില്‍നിന്നു മുരടിക്കുമ്പോള്‍ നാം ഭാഷ മരിക്കുന്നേയെന്ന് അലമുറയിടേണ്ടിവരുന്നതും ഭാഷ കാലികമായ വാക്കുകളെ പ്രാണവായുവായി എടുക്കാത്തതുകൊണ്ടാണ്, കാലഹരണപ്പെട്ട വാക്കുകളെ മൃതവായുവായി തള്ളാത്തതുകൊണ്ടുമാണ്. 

ഇന്ത്യന്‍ ജഗന്നാഥനില്‍നിന്നും ജര്‍മന്‍ ജഗര്‍നോട് 

ജര്‍മന്‍ പദമായ ജഗര്‍നോട്ടിനെ (Juggernaut) പരിചയപ്പെടുത്തുന്നുണ്ട് തരൂര്‍. വഴിയിലെ സകലം നശിപ്പിച്ചുകൊണ്ട് അപ്രതിരോധ്യമായി മുന്നേറുന്ന ഒന്നിനെയാണ് ജഗര്‍നോട് എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. നമ്മുടെ ജഗന്നാഥനെയാണ് ജര്‍മന്‍കാര്‍ ജഗര്‍നോട് ആക്കിയതെന്ന് അദ്ദേഹം എഴുതുന്നു. ജഗന്നാഥനേയും വഹിച്ചുകൊണ്ട് വെള്ളവും കരയും ഒരുപോലെ കടന്നുപോവുന്ന ഭക്തിസാന്ദ്രമായ രഥയാത്രയാണത്. ആ ജഗന്നാഥനെ സായിപ്പ് ആവാഹിച്ചപ്പോള്‍ ആ ഭാഷയുടെ പിഴിച്ചിലില്‍ ജഗന്നാഥന്‍ ജഗര്‍നോട്ടായി. നമ്മുടെ ഭാഷയിലേക്ക് അത്തരം വാക്കുകള്‍ പരീക്ഷിച്ചുനോക്കൂ. ധിക്കാരത്തിന്റേയും അധികാരത്തിന്റേയും കരുത്തിന്റേയുമൊക്കെ പ്രതീകങ്ങളായ വ്യക്തികളേയും വസ്തുതകളേയും ഭാഷയിലേക്ക് ആവാഹിക്കാന്‍ നമുക്ക് സാധ്യമാവണം. എഴുത്തുകാരെയല്ലാതെ എഴുത്തിനെ ആഘോഷിക്കുന്ന ഒരു സംസ്‌കാരം വളരുന്നിടത്തു മാത്രമേ, ഭാഷയുടെ തലവിധി മാറ്റിയെഴുതാന്‍ ഊക്കുള്ള അത്തരം എഴുത്തുകാര്‍ ഉയര്‍ന്നുവരികയുള്ളൂ.

ബുദ്ധനെ, വേദത്തെ, യോഗയെ, ഋഷിയെ, ഗാന്ധിയെ ലോകം ഏറ്റെടുത്തതുപോലെ, ഗാന്ധിയും അദ്ദേഹത്തിന്റെ കണ്ടുപിടിത്തമായ സത്യഗ്രഹവും ഭാഷയിലെ പൊതുമുതലായതുപോലെ, നമ്മില്‍ നിന്നുമെടുത്തു ആംഗലേയത്തില്‍ മുക്കിയ എത്രയെത്ര വാക്കുകളാണ് ഇന്ന് ഇംഗ്ലീഷിലുള്ളത്. സത്യഗ്രഹം ആത്മശുദ്ധീകരണവും പാപപരിഹാരമായി അനുഷ്ഠിക്കുന്ന തപശ്ചര്യയുമാണ് ലോകത്തിന്. ആത്മസഹനത്തിലൂടെ പരിഹാരങ്ങളും പരിഷ്‌കരണങ്ങളും സാധ്യമാക്കുന്നതാണ് സത്യഗ്രഹം. ഇംഗ്ലീഷില്‍ പലയിടത്തും സത്യഗ്രഹ, മെരിയം വെബ്സ്റ്റര്‍ വരെയും അര്‍ത്ഥം നല്‍കുക പാസീവ് റസിസ്റ്റന്‍സ് എന്ന മട്ടിലാണ്. ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം അതു പാസീവ് ആയിരുന്നില്ല, ആക്ടീവ് തന്നെയായിരുന്നു. ഗാന്ധിജി പദത്തിനു നല്‍കിയ അര്‍ത്ഥം പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ ഇംഗ്ലീഷിനായില്ല. സാങ്കേതികമായി ശരിയായതല്ല, കൃത്യമായതും ധാര്‍മ്മികമായി ശരിയായതുമാണ് ഗാന്ധിജിയുടെ ശരി. മാപ്പുനല്‍കുവാനുള്ള കഴിവിനെ ശിക്ഷിക്കുന്നതിനെക്കാള്‍ ധീരമായ നിലപാടായി ഗാന്ധിജി കാണുന്നു. ഒപ്പമുള്ള ഒരാളെങ്കിലും അക്രമത്തിന്റെ വഴി തിരഞ്ഞെടുത്താല്‍ ഗാന്ധിജി സത്യഗ്രഹം ഉടന്‍ പിന്‍വലിക്കുമായിരുന്നു. സത്യം വരുന്നത് സത് ല്‍ നിന്നാണ്, അസ്തിത്വമാണത്. ഏതാണോ അസ്തിത്വമുള്ളത് അതാണ് സത്യം. സത്യത്തിനപ്പുറം മറ്റൊരു യാഥാര്‍ത്ഥ്യമില്ല. അത്രയും സങ്കീര്‍ണ്ണമായ ഒരു അര്‍ത്ഥതലമാണ് സത്യഗ്രഹത്തിനുള്ളത്. അതുകൊണ്ടു തന്നെയാവണം ഇംഗ്ലീഷുകാര്‍ സത്യഗ്രഹത്തെ ഏറ്റെടുത്തത്, അതവരെ മുട്ടുകുത്തിച്ചെങ്കില്‍ കൂടിയും. സത്യത്തിനും അഹിംസയ്ക്കും ഗാന്ധി നല്‍കിയ വ്യാഖ്യാനമാണ് അദ്ദേഹത്തെ അസാധാരണനായൊരു ലോകനേതാവാക്കി ഉയര്‍ത്തിയത്. ആ രണ്ടു പദങ്ങളും ആഫ്രിക്കയിലും ഇന്ത്യയിലും ഉണ്ടാക്കിയ ചലനം വിപ്ലവകരമായിരുന്നു. ലോകത്തു വിജയം വരിച്ച ആദ്യ അഹിംസാ സമരമാര്‍ഗ്ഗമായി സത്യഗ്രഹം. നീതിപൂര്‍വ്വകമായ ലക്ഷ്യത്തിലേക്ക് അനീതിയുടെ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ചെത്തുക സാധ്യമല്ല എന്നദ്ദേഹം വിശ്വസിച്ചു. സത്യഗ്രഹത്തില്‍ ലക്ഷ്യവും മാര്‍ഗ്ഗവും ഇഴപിരിയാത്തവിധം ചേര്‍ന്നു നിന്നു. അഹിംസ മാര്‍ഗ്ഗവും സത്യം ലക്ഷ്യവുമായി. വെറുതേയല്ല, ആ പദങ്ങള്‍ക്ക് സാര്‍വ്വദേശീയ സ്വീകാര്യത ഉണ്ടാവുന്നത്. വെറുപ്പിന്റെ പദാവലികളെ ലോകം കുഴിച്ചുമൂടാന്‍ ശ്രമിക്കുന്ന കാലത്ത് അതു സ്വാഭാവികവുമാണ്. 

പ്രതിലോമാത്മക പദങ്ങളെ നോക്കൂ. ഒരു വിശ്വാസം ഉപേക്ഷിച്ച് മറ്റൊന്നിനെ പുല്‍കുന്നൊരാളെ യൂറോപ്പ് റെനിഗെയ്ഡ് എന്നു വിളിച്ചു, നമ്മുടെ കുലംകുത്തി തന്നെ. അധ:കൃത ജാതിക്കാരായി വരവുവെയ്ക്കപ്പെട്ട, ജാതിഭ്രഷ്ടിനു വിധേയരായ പറയ സമുദായത്തില്‍നിന്നാണ് ഇംഗ്ലീഷുകാരന്‍ പറൈയ (Pariah) കണ്ടെത്തിയത്; ബഹിഷ്‌കൃതരെന്ന അര്‍ത്ഥത്തില്‍, മുഖ്യധാരാസമൂഹത്തിന്റെ പുറമ്പോക്കിലുള്ളവരെ അടയാളപ്പെടുത്തിയ ഇംഗ്ലീഷ് വാക്ക്. വാക്കുകളില്ലാതെ വിനിമയം സാധ്യമാവാത്ത അവസ്ഥയിലേക്ക് മലയാളമെത്തിക്കൊണ്ടിരിക്കുന്നു. സ്വാഭാവികമാണത്. ഒരു കാല്‍നൂറ്റാണ്ടു മുന്നേ ജീവിതത്തിന് അനിവാര്യമായ പലതുംതന്നെ ഇന്നു നമ്മെ ബാധിക്കുന്നതേയില്ല. ഇന്നു നാം ചെലവിടുന്ന വലിയ തുകകളൊന്നും ഒരു കാല്‍നൂറ്റാണ്ടു മുന്നേ അനിവാര്യമായ ലിസ്റ്റുകളില്‍ ഉണ്ടായിരുന്നതുമല്ല. സ്വാഭാവികമായും ആഗോളമായി വന്ന മാറ്റമാണത്, അതിനനുസൃതമായ ഭാഷയെ നമ്മള്‍ അപ്ഡേറ്റ് ചെയ്തുവോ അപ്ഗ്രേഡ് ചെയ്തുവോ എന്ന ചോദ്യം പ്രസക്തമാണ്. 

യുക്തിക്കു നിരക്കാത്ത ഒരു ഭയമാണ് ഇംഗ്ലീഷുകാരുടെ ഫോബിയ. ഫോബിയ കൂടുതലും സ്ത്രീകളിലാണെന്ന് വൈദ്യശാസ്ത്രം പറയുന്നു. ആണിനെ പേടിയാണ് ആന്‍ഡ്രോഫോബിയ, വിവാഹത്തെ പേടി ഗാമോഫോബിയ, ഇനി സുന്ദരികളെ പേടിയാണ് വെനസ്ട്രാഫോബിയ, ലൈംഗികബന്ധത്തെ പേടിയുണ്ടെങ്കില്‍ അതാണ് ജീനോഫോബിയ. പെണ്ണിനെ തന്നെ പേടിയാണെങ്കില്‍ അത് ഗൈനോഫോബിയ. ലോകത്ത് എട്ടിലൊരാളെ ഏതെങ്കിലും ഫോബിയ പിടിച്ചിട്ടുണ്ടാവുമെന്ന് ശാസ്ത്രം. പക്ഷേ, അതു പറയുവാന്‍ നമുക്കു വാക്കുകളില്ല, വാക്കുകളുണ്ടാവണമെന്ന ബോധവും.
 
ദൗത്യങ്ങള്‍ നീട്ടിവെയ്ക്കുന്നത് നമുക്ക് സുപരിചിതമാണ്; കുറുക്കിവെയ്ക്കുന്നത് അല്ലതാനും. പോസ്റ്റ്പോണ്‍ ഏവര്‍ക്കും സുപരിചിതമാണ്. എന്നാല്‍, പ്രീപോണ്‍ പലര്‍ക്കും അലര്‍ജിയുമാണ്. അത് ക്വീന്‍സ് ഇംഗ്ലീഷല്ല, ഇന്ത്യന്‍ ഇംഗ്ലീഷിന്റെ ഭാഗമാണെന്നുമാണ് പലരുടേയും വാദം. തരൂര്‍ തന്നെ അതു ഒരു ട്വീറ്റില്‍ ഉപയോഗിച്ചപ്പോള്‍ ഭാഷാഭീകരര്‍ ചാടിവീണു തെറ്റു ചൂണ്ടിക്കാട്ടാന്‍ ക്യൂനിന്ന കാര്യം അദ്ദേഹം എഴുതിയിട്ടുണ്ട്. ഒരു വാക്ക് അതുപയോഗിക്കാന്‍ അത്രമേല്‍ സൗകര്യമുള്ളതാണെങ്കില്‍, കൃത്യമായ അര്‍ത്ഥം സാധ്യമാവുന്നതാണെങ്കില്‍ എന്തിനു മടിക്കണം? അതിന്റെ ഉപയോഗം തികച്ചും നിയമാനുസൃതം തന്നെയെന്ന് വാദിക്കുന്നു തരൂര്‍. ഇന്ന് ഇംഗ്ലീഷുകാര്‍ തന്നെ ധാരാളമായി ഉപയോഗിക്കുന്നുണ്ട് പ്രീപോണ്‍ - പരിപാടി കുറുക്കിവെയ്ക്കല്‍. 1913-ല്‍ ജെ ജെ ഡി ട്രെനര്‍ ന്യൂയോര്‍ക് ടൈംസിലാണ് ആ പദം കൊണ്ടുവരുന്നത്, അതിന്റെ ഉപയോഗത്തിനുള്ള സമ്മതം ചോദിച്ചുകൊണ്ട്. പിന്നീട് നമ്മളതേറ്റെടുത്തു വിജയിപ്പിച്ചു; ഇപ്പോള്‍ വ്യാപകമായി പ്രീപോണ്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. 

എന്താണ് ട്രോള്‍ സത്യത്തില്‍? 

സോഷ്യല്‍മീഡിയ സുപരിചിതമാക്കിയൊരു പദമാണ് ട്രോള്‍. നമ്മളെ സംബന്ധിച്ചിടത്തോളം കുഞ്ചന്റേയും സഞ്ജയന്റേയും അഭാവം തങ്ങളാലാവുംവിധം നികത്താന്‍ ശ്രമിക്കുന്നവരുടെ നര്‍മ്മവും പരിഹാസവും ശാസനയും നിഴലിക്കുന്ന, നര്‍മ്മത്തിനുതന്നെ മുന്‍തൂക്കമുള്ള വിമര്‍ശങ്ങളാണ് ട്രോളുകള്‍. ട്രോള്‍ എന്ന പദത്തിന്റെ അര്‍ത്ഥം പ്രലോഭനമാണ് അല്ലെങ്കില്‍ പ്രകോപനം. നോര്‍സ് (നോര്‍വീജിയന്‍) മിഥോളജിയില്‍നിന്നും ഇംഗ്ലീഷിലേക്കാവാഹിക്കപ്പെട്ട, അങ്ങേതോ പര്‍വ്വതശിഖരങ്ങളിലും ഗുഹാന്തരങ്ങളിലും പാറക്കെട്ടുകളിലും വസിക്കുന്ന ആകെ മൊത്തം വൃത്തികെട്ട, പലപ്പോഴും മനുഷ്യന്റെ ശത്രുപക്ഷത്തുള്ള ഒരു കഥാപാത്രമാണ് ട്രോള്‍. അതെങ്ങനെയാണ് വിശിഷ്യാ, ട്വിറ്റര്‍ കണ്ടുപിടിച്ചത് നോര്‍വീജിയക്കാരല്ലാതിരുന്നിട്ടും ട്വിറ്ററിലേക്ക് തികച്ചും വ്യത്യസ്തമായ ഒരു അര്‍ത്ഥതലവുമായി കയറിക്കൂടിയെന്ന് അത്ഭുതപ്പെടുന്നുണ്ട് തരൂര്‍. 

നിരവധി സ്‌കാന്‍ഡിനേവിയന്‍ നാടോടിക്കഥകളില്‍ അതിശക്തയായ, അല്പബുദ്ധിയായ, ചിലപ്പോഴെങ്കിലും നരഭോജികളായ, പ്രകാശമേറ്റാല്‍ ശിലകളായിപ്പോവുന്നവരാണ് ട്രോളുകള്‍. ആളെ തട്ടിക്കൊണ്ടുപോവുക, വസ്തുവകകള്‍ കയ്യേറുക, സഞ്ചാരികളെ കൊള്ളയടിക്കുക തുടങ്ങി സകല സാമൂഹിക തിന്മകള്‍ക്കും കയ്യും കാലും വച്ച കഥാപാത്രങ്ങളാണ് ട്രോളുകള്‍. 1100 വര്‍ഷങ്ങള്‍ മുന്നേയുള്ള ഈ പദത്തിന്റെ പ്രാഗര്‍ത്ഥം ഇന്നത്തെ പല ട്രോളുകളേയും നയിക്കുന്ന വെറുപ്പിനേയും വിദ്വേഷത്തേയും ശൈലി ന്യായീകരിക്കുന്നുണ്ടെന്ന് തരൂര്‍ നിരീക്ഷിക്കുന്നു. 1980-'90 കാലങ്ങളില്‍ ഇന്റര്‍നെറ്റ് ജനപ്രിയമായി തുടങ്ങുന്നതിന്റെ ആദ്യകാലങ്ങളില്‍ ഇന്‍ഫ്ലമേറ്ററി അഥവാ ക്ഷോഭജനകമായ കാര്യങ്ങളല്ലെങ്കില്‍ വിദ്വേഷജനകമായ എന്തെങ്കിലും പോസ്റ്റുചെയ്യുന്നതിനെ ലോകം ഫ്ലെയ്മിങ്ങ് അഥവാ തീയ്യാളിക്കുന്നത് എന്നു പറഞ്ഞു. ഈ ഫ്ലെയ്മിങ്ങാണ് പിന്നീട് ട്രോളായി സമ്പൂര്‍ണ്ണമായും കിടപ്പ് യഥാര്‍ത്ഥ അര്‍ത്ഥതലങ്ങളുടെ പുറമ്പോക്കിലാക്കിയതും. 

താങ്കളെ കുറിച്ച് മനോഹരമായ ഒരു ട്രോള്‍ വന്നിട്ടുണ്ടെന്നു സന്തോഷത്തോടെ സുഹൃത്തുക്കള്‍ പറയുമ്പോള്‍ ഇങ്ങനെയൊരു ഹ്യൂമര്‍ പരികല്പന മലയാളത്തില്‍ ട്രോളിനെങ്ങനെ കിട്ടി എന്നത്ഭുതപ്പെടുന്നുണ്ട് തരൂര്‍. പല വാക്കുകള്‍ക്ക് പല ഭാഷകളില്‍ പലപല അര്‍ത്ഥങ്ങള്‍ വന്നേക്കാം എന്നു നിരീക്ഷിക്കുകയും ചെയ്യുന്നു. ഈയൊരു പ്രക്രിയ മലയാളത്തില്‍ എന്തുകൊണ്ടുണ്ടാവുന്നില്ല. ഭാഷയെ മുന്നോട്ടു നയിക്കേണ്ടവര്‍ എന്തുകൊണ്ട് വാക്കുകള്‍ ഉണ്ടാക്കുന്നില്ല, മറ്റു ഭാഷകളിലെ വാക്കുകള്‍ നേരെ ഏറ്റെടുക്കുകയല്ലെങ്കില്‍ വെടക്കാക്കി തനിക്കാക്കുന്നെങ്കിലുമില്ല.

വാലെറ്റുഡ്നേറിയന്‍ (Valetudinarian) എന്നൊരു പദത്തെ തരൂര്‍ പരിചയപ്പെടുത്തുന്നു. ദുര്‍ബ്ബലമല്ലെങ്കില്‍ രോഗാതുരമായ ശരീരവും സ്ഥിരമായി സ്വന്തം അനാരോഗ്യത്തെപ്പറ്റി മാത്രം കാര്യമായ ആധിയുമുള്ള ഒരാളെ അടയാളപ്പെടുത്തുന്ന പദമാണത്. നമ്മുടെ നിത്യരോഗിയെന്നോ മറാരോഗിയെന്നോ കൂട്ടാനാവാത്ത ആരോഗ്യത്തിലുള്ള അമിതോല്‍ക്കണ്ഠയാണത്. ഇന്ത്യക്കാര്‍ ഏറെക്കുറെ അങ്ങനെയാണെന്നും നല്ലൊരു ശതമാനം അതുകൊണ്ടു തന്നെ വാസനാസിദ്ധ-വൈദ്യന്‍മാരാണെന്നും (Amateur Doctors) പറഞ്ഞുപോവുന്നുണ്ട് അദ്ദേഹം. വാസനാസിദ്ധ-വൈദ്യന്‍മാരാവുന്നത് വാലെറ്റുഡ്നേറിയന്‍ അഥവാ ദേഹാസുഖഭീതി കാരണമാണ്. ഇതെത്രമാത്രം ശരിയാണെന്നറിയാന്‍ ഒരുപക്ഷേ, നമ്മുടെ ജനപ്രതിനിധികളുടെ ചികിത്സാച്ചെലവിന്റെ കണക്കൊന്നെടുത്തു നോക്കിയാല്‍ മതിയാവും. പൊതുജനത്തിന്റെ പ്രതിനിധികളാണവര്‍; തീര്‍ച്ചയായും പൊതുബോധത്തെ പ്രതിനിധാനം ചെയ്തേ പറ്റൂ. അപ്പോള്‍ എന്തുകൊണ്ട് പൊതുജനം അങ്ങനെ ഭീമമായ തുകയ്ക്കു ചികിത്സിക്കുന്നില്ലെന്നു ചോദിച്ചാല്‍, അത്ര കാശ് ചെലവഴിക്കാനുള്ള മാര്‍ഗ്ഗമില്ലാത്തതുകൊണ്ട് എന്നേയുള്ളു. അങ്ങനെ വരുമ്പോള്‍ ഇത്തരം പദങ്ങള്‍ ഭാഷയില്‍ അനിവാര്യമാണ് - ദേഹാസുഖഭീതിയോ രോഗാതുരദേഹഭയമോ എന്തോ ആയിക്കോട്ടെ. കൃത്യമായ വാക്കുകളിലൂടെ സംവദിക്കപ്പെടുമ്പോഴാണ് ഭാഷ വളരുന്നത്. 

1787-ലെ ലണ്ടനിലെ ജന്റില്‍മാന്‍സ് മാഗസിനിലെ ഒരു ലേഖനത്തില്‍നിന്നും തരൂര്‍ ഉദ്ധരിക്കുന്നു - ദേഹാസുഖഭീതിക്കാരെ (വാലെറ്റുഡ്നേറിയന്‍) ചികിത്സിക്കുക എത്രമാത്രം ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ആര്‍ക്കാണറിയാത്തത്? സമാനമായ ഒരിന്ത്യന്‍ ചൊല്ലും അദ്ദേഹം ഉദ്ധരിക്കുന്നു - ഉറങ്ങുന്നവനെ ഉണര്‍ത്താം, ഉറക്കം നടിക്കുന്നവനേയോ? സ്വയം കല്പിത ഭയത്തിന്റെ ചളിക്കുണ്ടില്‍ കിടക്കുന്നവരാണ് ദേഹാസുഖഭീതിക്കാര്‍ അല്ലെങ്കില്‍ രോഗാതുരദേഹഭയക്കാര്‍. അമേരിക്കന്‍ പണ്ഡിതനും പ്രസിഡന്റുമായ തോമസ് ജഫേഴ്സണ്‍ പണ്ഡിതോചിതമായി പറഞ്ഞിവെച്ചിട്ടുണ്ട്-ഏറ്റവും ജ്ഞാനിയായ ദേഹാസുഖഭീതിക്കാരനെക്കാള്‍ സന്തോഷവാനായിരിക്കുക ആരോഗ്യമുള്ള ശരീരത്തില്‍ അതില്ലാത്ത മനസ്സുള്ളവരായിരിക്കും. 

നാലുവരി ഇംഗ്ലീഷിനെ മലയാളത്തിലേക്കു മൊഴിമാറ്റുമ്പോള്‍ ഒരു പേജ് വേണ്ടിവരുന്നത് ഭാഷയില്‍ കൃത്യമായ വാക്കുകള്‍ ഇല്ലാത്തതുകൊണ്ടാണ്. ഭാഷയില്‍ കൃത്യമായ വാക്കുകള്‍ സത്യം പോലെയാണ്. സത്യത്തിന് വിശദീകരണം ആവശ്യമില്ല. സത്യമല്ലെങ്കിലാണ് വിശദീകരണം വേണ്ടിവരിക. തരൂര്‍ പരിചയപ്പെടുത്തുന്ന വിജിലാന്റി (Vigilante) എന്ന വാക്കിനെയെടുക്കാം. വിജില്‍, വിജിലന്‍സ്, എല്ലാം നമുക്കു പരിചിതമാണ് - ജാഗ്രതയും കരുതലുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. ആ മൂലപദത്തെ ഒന്നു തിരുമ്മിയിട്ടതാണ് വിജിലാന്റി. വിജിലന്‍സിലെ കരുതലും കാവലും ജാഗ്രതയും ഒക്കെ സ്വന്തം വിവരക്കേടിനോടും ബോധരാഹിത്യത്തിനോടും ചേരുന്നതാണ് വിജിലാന്റി. അതായത് നിയമപരമായി യാതൊരു അധികാരവുമില്ലാതെ, തങ്ങള്‍ക്കു തോന്നുന്നത് നിയമമാക്കി, അതു നടപ്പിലാക്കുക തങ്ങളുടെ ബാധ്യതയാണെന്നു തന്നെ വിശ്വസിച്ചു നടക്കുന്ന, അതു നടപ്പിലാക്കുന്നതില്‍ ഹിംസയ്ക്കുപോലും തങ്ങള്‍ക്കു അധികാരമുണ്ടെന്നു വിശ്വസിക്കുന്ന ഒരു തെമ്മാടിക്കൂട്ടത്തിലെ അംഗമാണ് വിജിലാന്റി. വടക്കേയിന്ത്യയിലെ ഗോ-രക്ഷകരെ നോക്കൂ. ഗോ-രക്ഷകര്‍ ആരാണെന്നു വിശദീകരിക്കാന്‍ നമുക്ക് അരപ്പേജ് വേണ്ടിവരും. എന്നാല്‍, ഇംഗ്ലീഷിന് വിജിലാന്റി മതി. സ്വയം പ്രഖ്യാപിത നിയമവിരുദ്ധ സംഘങ്ങളാണവര്‍. നമ്മുടെ സദാചാരപ്പൊലീസുകാരും അതില്‍ വരുന്നവരാണ്. തിന്മകള്‍ക്കായി ചേരുന്ന ഗ്യാങ്ങാണത്, ഗ്യാങ്ങിനെ ഗണമാക്കി ജാഗ്രത ചേര്‍ത്തു നമുക്കു വേണമെങ്കില്‍ അതിനെ ജാഗ്രതാഗണങ്ങളോ ജാഗ്രതാസംഘങ്ങളോ ആക്കാം. 2014-നു ശേഷം ഈ ജാഗ്രതാഗണങ്ങളുടെ പുഷ്‌കലകാലമായി, കുറ്റവാളികളെന്നവര്‍ തീരുമാനിക്കുന്നവരെ തല്ലിക്കൊല്ലുന്ന ജാഗ്രതാഗണങ്ങളുടെ കാലമാണ്; അവര്‍ ഗോരക്ഷകരാവാം, സദാചാരപ്പൊലീസുകാരുമാവാം. 

അവിടെനിന്നുമൊന്നു തരൂരിനൊപ്പം നമുക്കു വിസില്‍ബ്ലോറുടെ (Whistleblower) ജാതകം പരിശോധിക്കാം. 19-ാം നൂറ്റാണ്ടിലെ നിലവിലുള്ള പദത്തെ ഇന്നിന്റെ പുതിയ അര്‍ത്ഥ പരികല്പനകളിലേക്ക് ഘടിപ്പിച്ചുകൊടുത്തത് റാള്‍ഫ് നാഡാര്‍ എന്ന അമേരിക്കന്‍ സിവില്‍ ആക്ടിവിസ്റ്റാണ്. ഒളിച്ചോടുന്ന കുറ്റവാളികള്‍ക്കുള്ള മുന്നറിയിപ്പായി, സമൂഹത്തെ ഉണര്‍ത്തുന്ന ചൂളമടിയായി, തങ്ങളുടെ തന്നെ സംഘബലം കൂട്ടാനായി യു.എസ്, ബ്രിട്ടീഷ് പൊലീസുകാര്‍ ഉപയോഗിച്ച വിസിലുവിളിയെ എത്ര മനോഹരമായാണ് പുതിയ പരികല്പനയിലേക്ക് ഭാവനാത്മകമായി വിളക്കിച്ചേര്‍ത്തത്! മലയാളത്തില്‍ ഇതു സംഭവിക്കാത്തതുകൊണ്ടാവണം ഭാഷ വളരാത്തത്. വിസില്‍, വിസിലടി ഒക്കെയും മലയാളീകരിക്കപ്പെട്ട പദങ്ങളാണ്; എന്തുകൊണ്ട് വിസില്‍ബ്ലോറെ അങ്ങനെ തന്നെ എടുക്കുന്നില്ലെങ്കില്‍ ചൂളംവിളിയാളാക്കിക്കൂട? ഭാഷ ശ്രേഷ്ഠമാവുന്നത് പഴക്കം കൊണ്ടല്ല, പുതുമകൊണ്ടാണ്, പ്രായം കീഴടക്കാത്ത ബോധം പ്രതിഫലിപ്പിക്കാന്‍ പറ്റിയ വാക്കുകള്‍ ഉണ്ടാവുമ്പോഴും. 

വൈദേശികമായ ഭയമാണ് സെനഫോബിയ (Xenophobia). എന്‍.ആര്‍.സി, വൈദേശിക ഭയമാണോ അതോ കേവല രാഷ്ട്രീയമോ എന്നു തീരുമാനിക്കുക എളുപ്പമല്ലെന്നു രസകരമായി പറഞ്ഞുപോവുന്നു തരൂര്‍. വിദേശം എന്നര്‍ത്ഥം വരുന്ന സെനൊ (Xeno) യും ഭയം എന്നര്‍ത്ഥം വരുന്ന ഫോബിയ (Phobia) യും ഗ്രീക്കുപദങ്ങളാണ്. ആ ഗ്രീക്കു പദങ്ങളില്‍നിന്നുമാണ് സായിപ്പിന്റെ നിത്യവ്യവഹാര പദമെന്നു തന്നെ പറയേണ്ട, ട്രംപുകാലം നമ്മള്‍ ധാരാളമായി കേട്ട സിനഫോബിയ വരുന്നത്. സംസ്‌കാരത്തിന്റെ കളിത്തൊട്ടില്‍ എന്നൊക്കെ പറയുന്ന ഗ്രീസ് സാംസ്‌കാരികമായി വീണ്ടും മുന്നോട്ടു പോയി ഭാഷയെ പരിഷ്‌കരിച്ചു. ടൂറിസം വ്യവസായത്തിനു പ്രോത്സാഹനമായി വിദേശി - ഫോറിന്‍ എന്ന വാക്കിനെ പരിഷ്‌കരിച്ചു അതിഥിയാക്കി മാറ്റി. നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭാഷയ്ക്ക് ചെയ്ത സംഭാവനയും അതുതന്നെയാണ് - അതിഥി തൊഴിലാളികളെന്ന വിളിയിലൂടെ. സെനൊമാനിയ (Xenomania) എന്നാല്‍, വൈദേശികമായതിനോടുള്ള ഭ്രമമാണ്. വാക്കുകള്‍ സംസ്‌കാരത്തെ മാറ്റിയെടുക്കുന്നു എന്നതു സത്യമാണ്. പുരാതന ഗ്രീസില്‍ വിദേശികള്‍ ബാര്‍ബേറിയന്‍സ് ആയിരുന്നു, അപരിഷ്‌കൃതര്‍, കിരാതര്‍ എന്നൊക്കെ. അവിടെനിന്നുമാണ് വിദേശിയെന്ന പദം പോലും കളഞ്ഞ് അതിഥിയിലേക്ക് അവര്‍ മാറുന്നത്. വാക്കുകള്‍ സംസ്‌കാരത്തെ സൃഷ്ടിക്കുക അങ്ങനെയാണ്. നമ്മള്‍ എന്തുപറയുന്നു, എന്തെഴുതുന്നു എന്നത് കൃത്യമായി നമ്മളെ വെളിപ്പെടുത്തുന്നുണ്ട്. 

എവിടെയാണ് നമ്മള്‍? 

യൂറോപ്യന്‍ നിലവാരം നമ്മള്‍ അവകാശപ്പെടുമ്പോഴും ബോധവും ഭാഷയും അളന്നാല്‍ കോലുകള്‍ താഴെയാണു നമ്മുടെ നിലവാരം. പിന്‍വലിക്കേണ്ട വാക്കുകളെ പിന്‍വലിക്കുകയും മുന്‍നിര്‍ത്തേണ്ടതിനെ കണ്ടെത്തുകയും ചെയ്യുന്ന ബോധമാണ് ഒരു ഭാഷയുടെ വളര്‍ച്ചയുടേയും ആധുനികവല്‍ക്കരണത്തിന്റേയും പിന്നില്‍. ദൈനംദിന വ്യവഹാര ഭാഷയിലെ വാക്കുകളും പ്രയോഗങ്ങളും അവയുടെ സമൃദ്ധിയും സംസ്‌കാരത്തിന്റെ കണ്ണാടിയാണ്. ഭാഷയിലെ വാക്കുകളുടെ ആധിക്യം ശൈലീപ്രയോഗങ്ങളും ഒക്കെയും ഉന്നതമായ ബോധത്തിന്റെ നിദര്‍ശനങ്ങളാണ്. അത്തരമൊരു വികസനം ഇല്ലാത്തതു കാരണമാണ് മികച്ച അക്കാദമിക ഗ്രന്ഥങ്ങളൊന്നും മലയാളത്തില്‍ വരാതെ പോവുന്നത്. അല്പം സങ്കീര്‍ണ്ണമായ മോഡേണ്‍ മെഡിസിന്‍, എന്‍ജിനീയറിങ് ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്കു മൊഴിമാറ്റാന്‍ നോക്കുമ്പോഴറിയാം വാക്കുകളില്ലെന്ന സത്യം. പല ഗ്രന്ഥങ്ങളിലേയും ആശയങ്ങളെ ഉള്‍ക്കൊള്ളാന്‍ പ്രാപ്തിയില്ലാത്ത വാക്കുകള്‍, വാക്കുകളുടെ അഭാവം ഒക്കെയും ലോകോത്തര നിലവാരത്തിലേക്കു വളരാത്ത ബോധത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഭാഷ സ്വയം ശ്രേഷ്ഠമാവുകയില്ല, ശ്രേഷ്ഠമാക്കാനുള്ള ബോധപൂര്‍വ്വ ഇടപെടലുകള്‍ ആവശ്യമാണ്. 

ജീവിതപങ്കാളി എന്ന ഉദാത്തമായ സങ്കല്പത്തിന്റെ നാലയലത്തു വരുന്നതല്ല ഭര്‍ത്താവ്, ഭാര്യ എന്നീ പദങ്ങള്‍. രണ്ടും ഭരണത്തില്‍നിന്നാണ്. വേരുകള്‍ മനുവിലാണ്. ഭര്‍ത്താ രക്ഷതി യൗവ്വനേ. രക്ഷിക്കുവാനുള്ള ബാധ്യത കൊണ്ടുവരുന്നത് ശിക്ഷിക്കാനുള്ള അധികാരം കൂടിയാണ്. ഭരിക്കാനുള്ള അധികാരമാണ് ഭര്‍ത്താവിനെങ്കില്‍ ഭരിക്കപ്പെടുവാനുള്ള കീഴ്പെടലാണു ഭാര്യാത്വം. ആ രണ്ടു വാക്കുകള്‍ എത്രകാലം നമ്മുടെ വിനിമയ ഭാഷയിലുണ്ടാവുന്നുവോ അത്രകാലത്തോളം ഭാര്യ ഭര്‍ത്താവിനു കീഴ്പെട്ടു ജീവിക്കേണ്ടതിന്റെ ആവശ്യകത ഉദ്ബോധിപ്പിക്കുന്ന വീഡിയോകളുമായി മതപ്രഭാഷകരും കാണും. സത്യത്തില്‍ കാരണം അവരല്ല, ആ വാക്കുകള്‍ സൃഷ്ടിക്കുന്ന യാഥാര്‍ത്ഥ്യലോകമാണ്, അപ്രത്യക്ഷമാവേണ്ടത് ആ വാക്കുകളാണ്. ആ വാക്കുകള്‍ അപ്രത്യക്ഷമാവുമ്പോള്‍ അതുണ്ടാക്കിയ ബോധവും ഇല്ലാതെയാവും. യൂറോപ്യന്‍ നിലവാരത്തെപ്പറ്റി പറയുന്ന നമ്മള്‍ അവരുടെ ഒറ്റ ഡോക്യൂമെന്റുകളിലും ഇന്ന് നെയിം ഓഫ് ഹസ്ബന്റ്/വൈഫ് എന്നു കാണില്ല, പകരം തുല്യതയുടെ പങ്കുവെയ്ക്കപ്പെടുന്ന ജീവിതങ്ങളുടെ നേര്‍സാക്ഷ്യമായ സ്പൌസ് അല്ലെങ്കില്‍ പാര്‍ട്നര്‍ എന്ന പദം കാണാം, നമ്മുടെ ഭാഷയില്‍ ജീവിതപങ്കാളി. ഈ പുസ്തകത്തില്‍ തരൂര്‍ പാര്‍വ്വതിയെപ്പറ്റി പറയുമ്പോള്‍ ഉപയോഗിച്ച പദം കണ്‍സോര്‍ട് എന്നാണ്. സഹകാരി, പങ്കാളി, ഇണ എന്നൊക്കെയും അര്‍ത്ഥം വരുന്ന പദം. ഒരര്‍ത്ഥത്തിലും ശിവനു കീഴ്പെട്ടവളല്ലതന്നെ, തുല്യതയാണതിന്റെ മുഖമുദ്ര. അവിവാഹിതകളെ മോശക്കാരികളായി, വിധവകളെ ലക്ഷണം കെട്ടവരായി കണ്ട ഒരു ഭൂതകാലം പേറുന്നുണ്ട് നമ്മള്‍. എന്തിനാണ് ഈ യുഗത്തിലും ഇങ്ങനെയുള്ള അബദ്ധജടിലമായ പദാവലികളുമായി, മ്ലേച്ഛഭാഷയുമായി മാവോയുടെ വാക്കുകളില്‍ ആകാശം പാതി താങ്ങുന്നവരെ നമ്മള്‍ അവഹേളിക്കുന്നത്? വ്യവഹാര ഭാഷകളില്‍നിന്നും ബോധഹീനപദങ്ങള്‍ അപ്രത്യക്ഷമാവാത്തിടത്തോളം കാലവും ആ ബോധരാഹിത്യം നമുക്കൊപ്പം ശയിക്കും. 

ഇംഗ്ലീഷിലെ റേപ് ബലാത്സംഗമാണ്, മലയാളിക്കത് മാനഭംഗമാണ്. അവിടെ മാനം പോവുന്നത് ബലാത്സംഗം നേരിടേണ്ടിവന്ന ആള്‍ക്കാണ്, ചെയ്തവനല്ല. വാക്കുകള്‍ സംസ്‌കാരത്തെ സൃഷ്ടിക്കുക മാത്രമല്ല, അളക്കുകയും ചെയ്യുന്നു. വാക്കുകള്‍ മാനഭംഗത്തെ അര്‍ത്ഥവ്യാപ്തിയുടെ തലത്തില്‍ മോഹഭംഗത്തിന്റെ സമീപത്തു കൊണ്ടുപോയി തളക്കുകയാണ്. ബലാത്സംഗത്തിന് ഇരയാവുക എന്നതില്‍ തന്നെ പ്രാകൃതമായ ഒരു വേട്ടമൃഗവും ഇരയും ഉണ്ട്. അവിടെ വേട്ടമൃഗത്തിന്റെ അവകാശമാണ് ഇര. പ്രയോഗങ്ങളിലേക്ക് സന്നിവേശിപ്പിക്കപ്പെടുന്നത് ആ പ്രാകൃതമായ ബോധമാണ്. സാംസ്‌കാരികമായി നമുക്ക് മുന്നേറാന്‍ ശ്രേഷ്ഠ ഭാഷയെന്നു പറഞ്ഞ് ഭാഷയെ കെട്ടിപ്പിടിച്ച് ഇരിക്കുകയല്ല, അതിനെ ഉടച്ചുവാര്‍ക്കുകയാണ്. ഇര എന്ന വാക്കിനെ എന്നേ അതിജീവിച്ചവര്‍ എന്നു മാറ്റിയതാണ് പടിഞ്ഞാറന്‍ ലോകം. വിക്ടിം അല്ല സര്‍വൈവര്‍.
ഭാഷയ്ക്കൊരു വാക്ക് ഇല്ലെങ്കിലും കുഴപ്പമില്ല ഭാഷയ്ക്കു വേണ്ടാ വാക്കുകള്‍ അപ്രത്യക്ഷമാവണം. ഭാഷ സംസ്‌കാരത്തെ നശിപ്പിക്കുകയും ചെയ്യും. മലയാളിയിലെ വൃത്തികെട്ട ജന്‍ഡര്‍ ഡിസ്‌ക്രിമിനേഷന്‍ ഏറെയും ഭാഷയിലെ വാക്കുകളുടെ സംഭാവനയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com