ഓര്‍മ്മകളുടെ തൊട്ടില്‍

കാറ്റില്‍ പറന്നുവന്ന ശബ്ദം ഗൃഹാതുരമായ ഓര്‍മ്മകളിലേക്ക് വളരെ പെട്ടെന്നുതന്നെ മനസ്സിനെ കൊണ്ടുപോയി. മലബാര്‍ മുസ്ലിം ബാല്യം നബിദിന സ്മൃതിയെ തൊടാതെ കടന്നുപോകുമായിരുന്നില്ല
ഓര്‍മ്മകളുടെ തൊട്ടില്‍

യാസീന്‍ പള്ളിയില്‍നിന്നുള്ള മന്‍ഖൂസ് മൗലൂദ് (സുന്നികള്‍ വിശേഷ സന്ദര്‍ഭങ്ങളില്‍ പള്ളികളിലും പുരകളിലും ആലപിക്കാറുള്ള നേര്‍ച്ച) കേട്ടാണ് ഉണര്‍ന്നത്.

കാറ്റില്‍ പറന്നുവന്ന ശബ്ദം ഗൃഹാതുരമായ ഓര്‍മ്മകളിലേക്ക് വളരെ പെട്ടെന്നുതന്നെ മനസ്സിനെ കൊണ്ടുപോയി. മലബാര്‍ മുസ്ലിം ബാല്യം നബിദിന സ്മൃതിയെ തൊടാതെ കടന്നുപോകുമായിരുന്നില്ല. ആണ്‍/പെണ്‍ ഭേദമന്യേ പലരും ആ ഓര്‍മ്മയുടെ ഘോഷയാത്രയില്‍ വരിചേര്‍ന്നു നില്‍ക്കുന്നുണ്ടാവണം. കെ.ഇ.എന്നും ഹമീദ് ചേന്നമംഗല്ലൂരും എം.എന്‍. കാരശ്ശേരിയും തുടങ്ങി പലരും ഓര്‍മ്മയിലെ ആ ഘോഷയാത്രയില്‍ നില്‍ക്കുന്നുണ്ടാവണം. പുതിയ വരികളില്‍ ഒപ്പം ചേര്‍ന്നവരും ആ ഓര്‍മ്മയെ തൊടുന്നുണ്ടാവണം.

'മുത്തു നബി' എന്നത് മലബാര്‍ മാപ്പിള ബാല്യത്തെ അഗാധമായി സ്പര്‍ശിക്കുന്ന ഒരു സൂചകമാണ്. ഓര്‍മ്മയുടെ പല അറ്റങ്ങള്‍ ആ പേരില്‍ ചെന്നുതൊടുന്നുണ്ട്. ഇതില്‍ ശ്രദ്ധേയമായ കാര്യം 'മുത്തു നബി' എന്നല്ലാതെ ഉപ്പുമ്മ ഒരിക്കലും പറഞ്ഞിരുന്നില്ല. സ്ത്രീകള്‍ക്ക് ഏറ്റവും അടുത്തുനില്‍ക്കുന്ന ഒരു പ്രവാചകന്‍ എന്ന സ്നേഹം 'മുത്തു നബി' എന്ന വിളിയിലുണ്ട്. ഉമ്മയുടെ കാല്‍ക്കീഴിലാണ് സ്വര്‍ഗ്ഗം, ഉപ്പയേക്കാള്‍ മൂന്നിരട്ടി സ്നേഹം  ഉമ്മയോടു വേണം - ഇങ്ങനെ സ്ത്രീക്ക് ആത്മവിശ്വാസം പകരുന്ന ഒരുപാട് കാര്യങ്ങള്‍ നബി പറഞ്ഞിട്ടുണ്ട്. സ്ത്രീകള്‍ക്ക് പ്രവാചകന്‍ 'മുത്തു നബി'യാവുന്നത് അങ്ങനെയാണ്.

നബിദിനത്തില്‍ പള്ളിയില്‍ നേര്‍ച്ചച്ചോറുണ്ടാവും. മന്‍ഖൂസ് മൗലൂദിന് ശേഷം ചോറ് വിളമ്പും. ബീഫ് വിശേഷമായി കുറുക്കിയെടുത്ത കറി. പള്ളിയിലെ ചോറിനും കറിക്കും വീട്ടില്‍ വെക്കുന്ന നെയ്ച്ചോറിന്റെ മണമല്ല, കറിക്കുമതെ. വാട്ടിയ നാക്കിലയില്‍ ചൂടോടെ വിളമ്പുന്ന ഗന്ധമാണ്. ബക്കറ്റുകളില്‍ നേര്‍ച്ചച്ചോറുമായി വീട്ടുകാര്‍ മടങ്ങും.

മാപ്പിള മുസ്ലിങ്ങളുടെ 'ഗ്രെയ്റ്റ് മാപ്പിള' കിച്ചന്‍ ഒരുനേരമെങ്കിലും അടച്ചിടുന്നത് നബി ദിനത്തിനാണ്. ആ നിലയില്‍ പള്ളിയിലെ ചോറ് ഒരു വിമോചകധര്‍മ്മം നിറവേറ്റുന്നുണ്ട്. സ്ത്രീ വെക്കാത്ത നെയ്ച്ചോറും കറിയുമാണത്. വെക്കുന്നതും വിളമ്പുന്നതും പുരുഷന്മാര്‍. പള്ളിമുറ്റം ആ ദിവസം അടുപ്പിന്റെ ചൂടറിയുന്നു. മുസ്ലിം സ്ത്രീ പുരുഷന്‍ വെച്ച ഭക്ഷണം കഴിക്കുന്ന ദിവസം, മലബാറിലെങ്കിലും നബിദിനമാണ്. അതുകൊണ്ടുകൂടി പ്രവാചകന്‍ അവര്‍ക്ക് 'മുത്തു നബി.'

നേര്‍ച്ചച്ചോറ് വെക്കുന്നതും വിളമ്പുന്നതും 'ശിര്‍ക്ക്' (ദൈവത്തില്‍ പങ്കുചേര്‍ക്കല്‍) ആണെണ വാദം പിന്നെ പ്രബലമാവുന്നുണ്ട്. 'പള്ളിമുറ്റത്തെ പാചകം' എന്ന വിമോചകധര്‍മ്മം  പരിഷ്‌കരണവാദികള്‍ കണ്ടില്ല. വീട്ടില്‍ വെക്കുന്നത് പള്ളിയിലും വെക്കാം; പുരുഷന്‍ പാചകം ചെയ്ത് സ്ത്രീക്കു നല്‍കാം. ഒരു ദിവസമെങ്കിലും അങ്ങനെ സംഭവിക്കുന്നുണ്ട്.

ഇന്ത്യന്‍ മാപ്പിള കിച്ചനെ ആധുനീകരിച്ചുകൊണ്ട് കൂടുതല്‍ ഭക്ഷണപ്രിയനായി മാറുന്ന ആണ്‍ മുസ്ലിമിനെയാണ് നാം കാണുന്നത്. ഒരു ദിവസത്തെ നേര്‍ച്ചച്ചോറ്‌കൊണ്ട് ഒലിച്ചുപോകുന്നതല്ല ഒരു സാധാരണ മുസ്ലിമിന്റെ മതവിശ്വാസം. 

നബിദിനം മധുരം, ചോറ്, ബീഫ് - ഇങ്ങനെ പല കൂട്ടുകളാണ്. മതത്തിന്റെ പേരില്‍ ക്ഷിപ്രകോപിയായി ഇറങ്ങുന്നവര്‍ എന്ന പേരുദോഷം മുസ്ലിങ്ങള്‍ പേറുന്നുണ്ട്. നബിദിനം പക്ഷേ, മുന്നില്‍വെയ്ക്കുന്നത് മധുരത്തോടൊപ്പം ഉള്ള പലതരം രുചികളാണ്. മലബാര്‍ മുസ്ലിം എന്നത് ആ നിലയില്‍ ഘോഷയാത്രയിലെ ഒരു ഓര്‍മ്മയാണ്. മതരഹിതരായിരിക്കുമ്പോഴും കെ.ഇ.എന്‍, ഹമീദ് ചേന്നമംഗല്ലൂര്‍ എന്നിവര്‍ ബാല്യത്തിലെ ആ ഘോഷയാത്രയിലുണ്ടാവണം.

ചരിത്രം ഓര്‍മ്മയുടെ പല വഴികളിലൂടെയുള്ള അവതരണങ്ങളാണ്. നബിയെ പഠിക്കുമ്പോള്‍, മലബാറിലെ നേര്‍ച്ചച്ചോറ് കൂടി ആ ധാരയിലേക്ക് കടന്നുവരാതിരിക്കില്ല.

മൂസ എരഞ്ഞോളി
മൂസ എരഞ്ഞോളി

രണ്ട്:

എരഞ്ഞോളി മൂസയും വി.എം. കുട്ടിയുമൊക്കെ മധുരിതമാക്കിയത്, മാപ്പിള പെണ്‍രാവുകള്‍ കൂടിയാണ്.

മാപ്പിള കലാപം/മലബാര്‍ കലാപം എന്നത്, നാം ഇപ്പോള്‍ കേള്‍ക്കുന്ന ബ്രിട്ടീഷ് വിരുദ്ധ കലാപം മാത്രമായി ചുരുക്കേണ്ട ഒന്നല്ല. അത് ബ്രിട്ടീഷ് വിരുദ്ധവും ജന്മിത്തവിരുദ്ധവുമായ കാര്‍ഷിക സമരം/ കലാപം/ ലഹള - എന്നൊക്കെ പല ചരിത്രവ്യാഖ്യാനങ്ങളിലൂടെ കടന്നുപോകുന്നു. എന്നാല്‍, ആയുധമെടുക്കാത്ത ഒരു 'സര്‍ഗ്ഗാത്മക കലാപം' മാപ്പിളമാര്‍ക്കിടയില്‍ നടന്നത്, മാപ്പിളപ്പാട്ടുകളിലൂടെയാണ്. മോയിന്‍കുട്ടി വൈദ്യരിലൂടെ തുടക്കമിട്ട കലാപം. 'പാട്ടു കെട്ടി'യതിന് അന്നത്തെ മുസ്ലിം പൗരോഹിത്യം മോയിന്‍കുട്ടി വൈദ്യരെ 'വിചാരണ' ചെയ്തിരുന്നു. എന്നിട്ടും, വൈദ്യര്‍ 'കെട്ടിയ' പാട്ടൊന്നും പില്‍ക്കാലത്തും ആരും അത്ര താളത്തോടെ, മുറുക്കത്തോടെ എഴുതിയിട്ടുമില്ല. പാട്ടില്‍ പുലര്‍ന്ന സമൂഹമാണ്, മലബാര്‍ മാപ്പിളമാര്‍. വി.എം. കുട്ടി അതിന്റെ മുന്നില്‍ത്തന്നെ നിന്നു. പാട്ടു പാടി മാപ്പിളമാരെ പാട്ടിലാക്കി.

മുസ്ലിം ലീഗ് എന്ന രാഷ്ടീയപ്പാര്‍ട്ടി, എത്രയോ കാലമായി അധികാരം കയ്യാളുന്ന, മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം പേറുന്ന മുസ്ലിം ലീഗ് ചെയ്തതിനേക്കാള്‍ വലിയ സാമൂഹ്യ സേവനം മാപ്പിളപ്പാട്ടുകാര്‍ ചെയ്തിട്ടുണ്ട്. അവരാണ് 'സ്ത്രീ'കളെ സ്റ്റേജിലേക്ക് കൊണ്ടുവന്നത്. മൈക്കിനു മുന്നില്‍ നില്‍ക്കുന്ന/പാടുന്ന സ്ത്രീ - ഒരു യഥാര്‍ത്ഥ്യമായി പുലരുന്നത് മാപ്പിളപ്പാട്ട് വേദികളിലാണ്. വി.എം കുട്ടി/വിളയില്‍ ഫസീല പാട്ടുവേദികള്‍ ഓര്‍മ്മയില്‍ ഇശല്‍ മധുരമായി സൂക്ഷിക്കുന്ന എത്രയോ പേരുണ്ട്. ഗള്‍ഫിലേക്ക് മതപ്രഭാഷണമല്ല, മാപ്പിളപ്പാട്ടാണ് ആദ്യം മലയാളികള്‍ കയറ്റി വിട്ടത്. പാട്ടില്‍ നിറയെ വിരഹങ്ങള്‍, അപ്പത്തരങ്ങള്‍. ഒപ്പം, പഴയ ബദര്‍പ്പാട്ടുകളും മാലപ്പാട്ടുകളും കേട്ടു. പാട്ടിലേക്ക് പല കാലങ്ങള്‍ ഒച്ചയോടൊരുമിച്ചു ചേര്‍ന്നു വന്നു. 

അപ്പോള്‍ത്തന്നെ മാപ്പിളമാര്‍ ഒഴുകിപ്പരന്ന 'മൈതാനങ്ങള്‍' മാപ്പിളപ്പാട്ടു നടക്കുന്ന ഇടങ്ങളായി. 'വമ്പിച്ച ഗാനമേള' എന്നത് ഒരു സത്യമായിരുന്നു. സ്ത്രീകളും പുരുഷന്മാരും കുട്ടികളും പാട്ടിലൂടെ രാത്രികളെ മായികമാക്കി.

രാത്രിയില്‍ മാപ്പിളപ്പാട്ട് കേള്‍ക്കാന്‍ വീട്ടില്‍ നിന്നിറങ്ങുന്ന സ്ത്രീ ഒരു യാഥാര്‍ത്ഥ്യമായിരുന്നു. 'അഴകേറും രാവെല്ലാം പാട്ടില്‍' അവളുടേതായി.
മാപ്പിള ചരിത്രത്തെ മറ്റൊരു വിധത്തില്‍ അത് ഏറെ മുന്നോട്ടു കൊണ്ടുപോയി. പാട്ടുകേട്ട ആ പെണ്‍കാലങ്ങള്‍ ഇതാ, ഇപ്പോള്‍ പര്‍ദ്ദയാല്‍ മൂടി നടക്കുന്നു. 

എരഞ്ഞോളി മൂസയും വി.എം. കുട്ടിയുമൊക്കെ മധുരിതമാക്കിയത്, മാപ്പിള പെണ്‍ രാവുകള്‍ കൂടിയാണ്.

ആണും പെണ്ണും തുറന്ന മൈതാനങ്ങളില്‍ ഒന്നിച്ച് ഒരേ വേദിയില്‍ പാടി, നാമത് കേട്ടു രസിച്ചു. ഇപ്പോള്‍ എവിടെയും പര്‍ദ്ദകള്‍, പര്‍ദ്ദകള്‍. മതപ്രഭാഷകര്‍ സ്ത്രീകളെ നരകത്തിലേക്ക് കൂട്ടത്തോടെ അയക്കുന്നു. പാട്ടില്‍ പുലര്‍ന്ന മനോഹര കാലങ്ങള്‍ അവസാനിച്ചു.

അങ്ങനെ 'സ്വതന്ത്ര പാട്ടു' കാലം അവസാനിച്ചുതുടങ്ങിയപ്പോള്‍ മറ്റുപല വിസ്മയങ്ങള്‍ പിടിമുറുക്കി തുടങ്ങി.

വി.എം. കുട്ടി
വി.എം. കുട്ടി

വി.എം. കുട്ടിക്ക് ഒരു ഇശല്‍ മുത്തം. ഞങ്ങളുടെ മദ്രസാ കാലത്ത് വി.എം. കുട്ടി ആന്‍ഡ് പാര്‍ട്ടി നാട്ടില്‍ ഒരു ഗാനമേളയുമായി വന്നു. മദ്രസയില്‍ ഞാന്‍ നോട്ടമിട്ട പെണ്‍കുട്ടിയെ ആദ്യമായി ഏറ്റവും അഴകില്‍ കണ്ടത്, ആ രാവിലാണ്. ഹൊ, എന്തൊരു സൗന്ദര്യമായിരുന്നു ആ രാവില്‍ അവള്‍ക്ക്!

മൂന്ന്:

ഓര്‍മ്മകളുടെ തൊട്ടില്‍ 

അമ്മത്തൊട്ടില്‍ 'ആരുടെ ഉദരമാണ്?' മുലപ്പാല്‍ നുണയാത്ത ഹതാശ ബാല്യങ്ങള്‍. തങ്ങള്‍ സ്വയം തീരുമാനിക്കാത്ത 'അജ്ഞാത വിധികള്‍' ഏറ്റുവാങ്ങേണ്ടിവരുന്ന വിശുദ്ധികളാണ് ആ തൊട്ടിലില്‍ വന്നുവീഴുന്നത്. കുട്ടികളെ കിടത്തുന്നതിനെക്കാള്‍ ഭീതിദമാണ് ഓര്‍മ്മകളുടെ കുറ്റമുനകള്‍.

ഓര്‍മ്മകളെ ഒരു തൊട്ടിലിലും ഉപേക്ഷിക്കാനാവില്ല. അവ നിലവിളിച്ചുകൊണ്ട് പിറകെ വരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com