ഇന്ത്യന്‍ ഭൂപടത്തെ തിളക്കമേറ്റിയത് ഈ ഒറ്റപ്പാലത്തുകാരന്റെ വിരലൊപ്പുകള്‍
By മുസാഫിര്‍ | Published: 07th November 2021 04:55 PM |
Last Updated: 07th November 2021 04:55 PM | A+A A- |

ഇന്ത്യന്‍ നയതന്ത്ര നഭസ്സില്‍ നക്ഷത്രങ്ങള്‍ വിരിയിച്ച ദേശമാണ് ഒറ്റപ്പാലം. അവിടെനിന്നാണ് വി.പി. മേനോന്‍ വിശ്വചരിത്രത്തിലേക്ക് നടന്നു കയറിയത്. ചുനങ്ങാട് ശങ്കരമേനോന്‍ എന്ന സ്‌കൂള്‍ അദ്ധ്യാപകന്റെ മകന്‍. വിശേഷിച്ച് കാരണമൊന്നുമില്ലാതെ ഒറ്റപ്പാലം ഹൈസ്‌കൂള്‍ ക്ലാസ്സില്‍നിന്ന് അദ്ധ്യാപകന്റെ ശകാരവും അപമാനവും. അദ്ധ്യാപകനുമായി വാക്കേറ്റമുണ്ടായി. വിട്ടുകൊടുത്തില്ല. രണ്ടും കല്പിച്ച് ക്ലാസ്സില്‍നിന്നു പുറത്തിറങ്ങി. അപ്പോഴെടുത്ത തീരുമാനമായിരുന്നു നാടുവിടുകയെന്നത്. പത്താംക്ലാസ്സുകാരന്‍ വാപ്പാലക്കളത്തില്‍ പങ്ങുണ്ണി, അന്ന് അര്‍ദ്ധരാത്രി വീട്ടില്‍നിന്നിറങ്ങി, പുസ്തകക്കെട്ട് അടുത്തുള്ള തോട്ടിലേക്കെറിഞ്ഞ്, റെയില്‍വെ സ്റ്റേഷനിലേക്കുള്ള നടത്തത്തിനിടെ സ്‌കൂളിന്റെ ഓലപ്പുരയ്ക്ക് തീവെച്ചു. പുലര്‍ച്ചെയുള്ള മദ്രാസ് മെയിലിന്റെ മൂന്നാംക്ലാസ്സ് കംപാര്‍ട്ടുമെന്റിലിരിക്കെ, ക്ലാസ്സ്മുറികളെ അഗ്‌നിവിഴുങ്ങിയ വാര്‍ത്ത സ്റ്റേഷനില്‍ പരന്നു. കൂകിപ്പാഞ്ഞ് വണ്ടി നീങ്ങി. പങ്ങുണ്ണിയുടെ കാഴ്ചയില്‍ ഒറ്റപ്പാലവും ഭാരതപ്പുഴയും പിറകോട്ട് പാഞ്ഞുമറഞ്ഞു.
ജീവിതംപോലെ പാളങ്ങള്‍ നീണ്ടുകിടന്നു. കോലാര്‍ സ്വര്‍ണ്ണഖനിയിലും ബോംബെ ചൗപ്പാട്ടി തെരുവിലെ റെഡിമെയ്ഡ് കടകളിലും ജോലിയെടുത്ത് വിശപ്പകറ്റിയ പങ്ങുണ്ണിയെന്ന ചെറുപ്പക്കാരന്‍. 21-ാം വയസ്സില്‍ ഡല്‍ഹിയിലെത്തുകയും കരുത്തുറ്റ ആത്മവിശ്വാസത്തിന്റേയും ഇച്ഛാശക്തിയുടേയും പിന്‍ബലത്തില്‍ അവിഭക്ത ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയത്തില്‍ ഗുമസ്തപ്പണി. ടൈപ്പ്റൈറ്റിംഗില്‍ അസാധാരണ വേഗത. ഒപ്പം ഷോര്‍ട്ട് ഹാന്റിലെ പ്രാവീണ്യം. ബോംബെ മാട്ടുംഗയിലെ പരിശീലനഫലമായിരുന്നു അത്. പങ്ങുണ്ണി മേനോന്‍ പില്‍ക്കാലത്ത് നെഹ്റു-പട്ടേല്‍-മൗണ്ട്ബാറ്റണ്‍ കാലത്തെ ഏറ്റവും മികച്ച രാജ്യതന്ത്രജ്ഞനായി ഉയര്‍ന്നത് ചരിത്രത്തിലെ ഉജ്ജ്വലമായ ഏടാണ്. തീര്‍ത്തും അവിശ്വസനീയമായ കഥകൂടിയാണത്. വാപ്പാല പങ്ങുണ്ണി മേനോന്‍, വി.പി. മേനോനായ കഥ. കഥയല്ല, പൊള്ളുന്ന ജീവിതം തന്നെ.
ഡല്‍ഹി ശീശ് ഗഞ്ച് ഗുരുദ്വാരയുടെ പടിക്കല്‍ ഒഴിഞ്ഞ വയറുമായി, കയ്യില്‍ കാശില്ലാതെ അലഞ്ഞുനടന്ന ക്ലേശഭരിതമായ കൗമാരമായിരുന്നു പങ്ങുണ്ണിയുടേത്. പക്ഷേ, സ്ഥിരോത്സാഹി, കഠിനാദ്ധ്വാനി. ഒരുപാട് പേരുടെ കാരുണ്യത്തില്‍ ഉപജീവനം. ഡല്‍ഹി സെന്‍ട്രല്‍ റെക്കാര്‍ഡ്സ് ഓഫീസില്‍ ക്ലാര്‍ക്ക് ജോലിക്കിടെ നിരന്തരമായ വായനയും പഠനവും. ഒഴിവു സമയങ്ങളില്‍ പരീക്ഷാ തയ്യാറെടുപ്പുകള്‍. അവിചാരിതമായി സര്‍ദാര്‍ പട്ടേലുമായി പരിചയം. ജീവിതത്തെ മാറ്റിമറിച്ച സൗഹൃദമായി മാറി അത്. ഇന്ത്യയുടെ ഉരുക്ക് മനുഷ്യനായ സര്‍ദാര്‍ പട്ടേലുമായി അഗാധമായ അടുപ്പം സ്ഥാപിച്ച വി.പി. മേനോന്‍ ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് ഏറ്റവും മികച്ച സംഭാവനകളാണ് നല്‍കിയത്. വി.പി. മേനോന്‍, പട്ടേലിന്റെ ഏറ്റവും വിശ്വസ്തനായ സെക്രട്ടറിയായി മാറി. പട്ടേലിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍.
പട്ടേലിന്റെ 'ഉരുക്കുഹസ്തം'
മേനോന്റെ അസാമാന്യ ബുദ്ധിശക്തിയില്‍ പട്ടേല്‍ അത്ഭുതം കൂറി. തുടര്‍ന്നു പടിപടിയായി ഉദ്യോഗക്കയറ്റങ്ങള്‍. മൗണ്ട്ബാറ്റന്റെ കാലത്ത് മേനോന്‍ റിഫോംസ് കമ്മിഷണറായി. ഇന്ത്യന്‍ ഭരണപരിഷ്‌കാരം സംബന്ധിച്ച വട്ടമേശാ സമ്മേളനത്തില്‍ ഇന്ത്യന്‍ ഡെലിഗേറ്റായി പാരീസിലേക്ക്. സ്വാതന്ത്ര്യ ശേഷം നാട്ടുരാജ്യങ്ങളുടെ ഏകീകരണം നിര്‍വ്വഹിക്കുന്നതിന് സര്‍ദാര്‍ പട്ടേലിന്റെ വലംകയ്യായി വി.പി. മേനോന്‍. വിരമിക്കുമ്പോള്‍ ഒറീസാ ഗവര്‍ണറായിരുന്നു. കശ്മീരിനുവേണ്ടിയുള്ള ഇന്ത്യ-പാക് തര്‍ക്കത്തില്‍ രാജാ ഹരിസിംഗിനെ സഹായിച്ചതും പെട്ടെന്നുള്ള പട്ടാള വിന്യാസത്തിലൂടെ ശ്രീനഗര്‍ ഇന്ത്യയ്ക്ക് നഷ്ടപ്പെടാതെ നോക്കിയ സ്ട്രാറ്റജിക്ക് പിറകിലും മേനോനായിരുന്നു. Transfer of power in India, The integration of Indian states എന്നീ രണ്ടു ആധികാരിക കൃതികളും രചിച്ചു.
നെഹ്റു മന്ത്രിസഭയില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഉപപ്രധാനമന്ത്രിയും പിന്നീട് ആഭ്യന്തര മന്ത്രിയുമായി ചുമതലയേറ്റു. യുദ്ധവും അക്രമവുംപോലെ രണ്ട് സങ്കീര്‍ണ്ണ പ്രശ്‌നങ്ങളാണ് അന്ന് മുളച്ചുപൊന്തിയത്. ഒന്നാമത് അറുന്നൂറിനടുത്തു വരുന്ന നാട്ടുരാജ്യങ്ങളെ ഇന്ത്യയുടെ കുടക്കീഴില്‍ കൊണ്ടുവരിക. രണ്ടാമത് പാകിസ്താനില്‍നിന്നെത്തിയ ലക്ഷക്കണക്കിന് അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കുക. ഒരിടത്ത് വിനാശത്തിന്റെ മുഖം, മറുഭാഗത്തു് ഹൃദയഭേദകമായ എല്ലാം നഷ്ടപ്പെട്ടവരുടെ ദീനരോദനങ്ങള്‍. ഇവിടെ സ്‌നേഹത്തിന്റെ, കരുത്തിന്റെ കര്‍ത്തവ്യബോധമുള്ള ഒരു ഭരണാധികാരിയെയാണ് പട്ടേലില്‍ കണ്ടത്. അധികാരത്തിന്റെ ഗര്‍വ്വും അമര്‍ഷവും കോപവുമായി കഴിഞ്ഞവരുടെ മനസ്സിലെ മുറിവുണക്കാനാണ് പട്ടേല്‍ ശ്രമിച്ചത്. ഈ തീരുമാനങ്ങള്‍ക്കു പിറകില്‍ വി.പി. മേനോനായിരുന്നുവെന്നത് ചരിത്രം. വൈസ്രോയിയായ വേവല്‍ പ്രഭുവിന്റെ ഉപദേഷ്ടാവ് കൂടിയായിരുന്നു വി.പി. മേനോന്‍. സ്വാതന്ത്ര്യലബ്ധിയെ തുടര്‍ന്ന് നാട്ടുരാജ്യവകുപ്പ് സെക്രട്ടറിയായി പട്ടേലിനൊപ്പം പ്രവര്‍ത്തിച്ചു.
ഓരോ നാട്ടുരാജാക്കന്മാരുമായി പട്ടേലും മേനോനും കൂടിക്കാഴ്ചകള്‍ നടത്തി. 1920-ല്‍ നാഗ്പൂരില്‍ നടന്ന കോണ്‍ഗ്രസ് വാര്‍ഷിക സമ്മളനത്തില്‍ എല്ലാ നാട്ടുരാജ്യങ്ങളിലും കോണ്‍ഗ്രസ് കമ്മിറ്റികള്‍ രൂപവല്‍ക്കരിക്കാന്‍ തീരുമാനമെടുത്തിരുന്നു. കേരളത്തിലും കമ്മിറ്റികളുണ്ടായി. അപ്പോഴാണ് സര്‍ സി.പി ഒരു വിളംബരം നടത്തിയത്. ''ഇന്ത്യ സ്വതന്ത്രമായാലും തിരുവിതാംകൂര്‍ ഒരു സ്വതന്ത്ര രാജ്യമായി നിലനില്‍ക്കും.'' സര്‍ സി.പിയുടെ ദുര്‍ഭരണത്തില്‍ അമര്‍ഷവുമായി കഴിഞ്ഞവര്‍ പ്രതിഷേധ പ്രകടനങ്ങളുമായി മുന്നോട്ട് വന്നു. അത് പുന്നപ്ര-വയലാര്‍ ലഹളയില്‍വരെ എത്തിച്ചു. തിരുവനന്തുപുരത്ത് സ്വാതിതിരുനാള്‍ അക്കാദമിയില്‍ വെച്ച് നടന്ന നവവത്സരാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ സര്‍ സി.പിക്ക് വെട്ടേറ്റു. അതോടെ സര്‍ സി.പി. നാടുവിട്ടു പോയി. ഇതുപോലുള്ള പല അനുഭവങ്ങളും ഇന്ത്യയിലെ നാട്ടുരാജാക്കന്മാര്‍ക്കുണ്ടായി. കൊച്ചി ഭരിച്ചിരുന്ന ദിവാന് ഈ ഗതിയുണ്ടായില്ല. അവിടെ ജനകീയ ഭരണത്തിനു തുടക്കം കുറിച്ചിരുന്നു. ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ ഏറ്റവും കൂടുതല്‍ വിസ്സമ്മതം പ്രകടിപ്പിച്ചത് ഹൈദ്രബാദ്, കശ്മീര്‍, തിരുവിതാകൂര്‍ രാജ്യങ്ങളായിരുന്നു.
ഇന്ത്യന്‍ ഭരണത്തിന് ഒട്ടും വഴങ്ങാതെ വെല്ലുവിളികള്‍ ഉയര്‍ത്തിക്കൊണ്ടിരുന്ന ഹൈദരാബാദിനെ ഒപ്പം കൂട്ടാന്‍ ശക്തമായ നിലപാടുകള്‍ പട്ടേലിന് എടുക്കേണ്ടിവന്നു. അദ്ദേഹം പാകിസ്താന്റെ സഹായത്തോടെ കലഹങ്ങള്‍ അഴിച്ചുവിടുന്ന ഹൈദരാബാദിനെ ഓപ്പറേഷന്‍ കാറ്റര്‍പില്ലര്‍ എന്ന സൈനിക നടപടിയിലൂടെ പട്ടേല്‍ കിഴടക്കി ഇന്ത്യയോട് ചേര്‍ത്തു. അതോടെ ഇന്ത്യയുടെ അടിത്തറ പട്ടേല്‍ അരക്കിട്ടുറപ്പിച്ചു. ഫ്രെഞ്ച് ഭരണത്തിലായിരുന്ന പോണ്ടിച്ചേരി 1954-ലും പോര്‍ച്ചുഗീസ് ഭരണത്തിലായിരുന്ന ഗോവ 1961-ലും ഇന്ത്യയ്‌ക്കൊപ്പം ചേര്‍ന്നു. പട്ടേലിന്റെ ഓരോ തീരുമാനത്തിന്റേയും രൂപരേഖ തയ്യാറാക്കിയത് വി.പി. മേനോനായിരുന്നു. അദ്ദേഹം നല്‍കിയ അമൂല്യസംഭാവനകളെക്കുറിച്ച് പക്ഷേ, ആധികാരികമായ ചരിത്രരേഖകളൊന്നും ഏറെയുണ്ടായില്ല. ഗവര്‍ണര്‍ സ്ഥാനത്തുനിന്നു പിരിഞ്ഞശേഷം ബാംഗ്ലൂരിലായിരുന്നു വിശ്രമജീവിതം. വളരെ അപൂര്‍വ്വമായി കോതക്കുര്‍ശ്ശിയിലെ തറവാട്ടുവീട്ടില്‍ വന്നിരുന്നതായി പഴയ തലമുറയിലെ ആളുകള്‍ ഓര്‍ത്തെടുക്കുന്നു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തില്‍നിന്നു റിട്ടയര്‍ ചെയ്ത വാപ്പാല ബാലചന്ദ്രനുള്‍പ്പെടെ നിരവധി പ്രമുഖര്‍ ഇന്നും ഈ തറവാടിന്റെ യശസ്സുയര്‍ത്തുന്നു. വ്യക്തിജീവിതത്തില്‍ ഏറെ ദുരന്തങ്ങള്‍ അനുഭവിക്കേണ്ടിവന്നയാളായിരുന്നു വി.പി. മേനോന്‍. ആദ്യഭാര്യ വിട്ടുപോയതിനു ശേഷം അദ്ദേഹം കടുത്ത ഏകാന്തതയിലായിരുന്നു. മകളുടെ പേരമകളായ നാരായണി ബസു വി.പി. മേനോനെക്കുറിച്ചെഴുതിയ ആധുനിക ഇന്ത്യയുടെ അറിയപ്പെടാത്ത ശില്പിയെന്ന പുസ്തകം മാത്രമാണ് അവലംബമായി അവശേഷിക്കുന്നത്. ഈ പുസ്തകത്തില്‍ത്തന്നെ, അതിസാധാരണമായ ജീവിതാന്തരീക്ഷത്തില്‍നിന്ന് അസാമാന്യ കരുത്തോടെ ഇന്ത്യന്‍ ഭൂപടത്തിന്റെ ഗതി നിര്‍ണ്ണയിച്ച മഹാമനീഷിയിലേക്കുള്ള ഉയര്‍ച്ചയുടെ വിശദമായ ചിത്രങ്ങളൊന്നും ലഭ്യമല്ല. അങ്ങനെ അലങ്കാരങ്ങളും ചമല്‍ക്കാരങ്ങളുമില്ലാത്ത ചരിത്രത്തിന്റെ കാണാപ്പുറങ്ങളിലാണ് വി.പി. മേനോന്റേയും സ്ഥാനമെന്നത് വള്ളുവനാട്ടുകാര്‍ക്ക് മാത്രമല്ല, സാമൂഹിക ബോധമുള്ള, അന്വേഷണകുതുകികളായ എല്ലാ കേരളീയരിലും നിരാശ പകരുന്നതാണ്. 1966 ഭോപ്പാലില്‍ വെച്ച് 73-ാം വയസ്സില്‍ വി.പി. മേനോന്‍ അന്തരിച്ചു. ഒറ്റപ്പാലം ചെര്‍പ്പുളശ്ശേരി റോഡിലെ കോതക്കുര്‍ശ്ശി ഗ്രാമത്തില്‍നിന്ന് ഔപചാരിക വിദ്യാഭ്യാസത്തിന്റെ കെട്ടുപാടുകള്‍ പൊട്ടിച്ചെറിഞ്ഞ് ലോകത്തിന്റെ തുറസ്സിലേക്ക് സുധീരം നടന്നുപോയ വാപ്പാല തറവാട്ടിലെ പങ്ങുണ്ണി എന്ന വി.പി. മേനോന്റെ ആവേശദായകമായ ചരിത്രം പുതിയ തലമുറയ്ക്ക് അറിവുകളുടെ കലവറ തുറന്നുതരുന്നതാണ്. റാവു ബഹദൂര്‍ എന്ന സ്ഥാനപ്പേരില്‍ വി.പി. മേനോന്‍, ചരിത്രത്തിന്റെ ചത്വരങ്ങളില്‍ പക്ഷേ, വിസ്മരിക്കപ്പെട്ടു കിടക്കുന്നു. ആധുനിക ഭാരതത്തിന്റെ അരങ്ങിലും അണിയറയിലും വല്ലഭായ് പട്ടേല്‍ എന്ന ഉരുക്കുമനുഷ്യന് ഉള്‍ക്കരുത്തിന്റെ ആത്മവീര്യം തെല്ലുപോലും ചോര്‍ച്ചയില്ലാത്ത ചേരുവയായി കുഴച്ചുകൊടുത്തത് വി.പി. മേനോനാണ്.
ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ മൂന്ന് വൈസ്രോയിമാരുടേയും ഭരണഘടനാ ഉപദേശകനായിരുന്നു വി.പി. മേനോന്‍. മൗണ്ട്ബാറ്റന്റെ അരമനരഹസ്യം അടുത്തറിഞ്ഞ ഏക ഇന്ത്യക്കാരന്‍. മൗണ്ട്ബാറ്റന്റെ രാഷ്ട്രീയ ഉപദേശക പദവിയിലിരിക്കെ, കൊളോണിയലിസത്തിന്റെ നുകം വലിച്ചെറിയാനുള്ള ആരംഭദശയില്‍ ഭാരതത്തിന്റെ അതിരുകളുടെ നിര്‍ണ്ണയത്തോടൊപ്പം തന്നെ യൂണിയന്‍ ജാക്ക് താഴേക്ക് പതിക്കുമ്പോള്‍, വിഭജനത്തിന്റെ മുറിവുകളെ എങ്ങനെ ഉണക്കാമെന്ന ചര്‍ച്ചയിലും പട്ടേലിന്റെ പദ്ധതിയുടെ മാസ്റ്റര്‍ബ്രെയിന്‍ വി.പി. മേനോനായിരുന്നു. ഇന്ത്യാ വിഭജനത്തിന്റെ വിവിധ ഘട്ടങ്ങളിലേയും ചര്‍ച്ചകളില്‍ സജീവ സാന്നിധ്യമായിരുന്നു മേനോന്‍. അതീവ നിര്‍ണ്ണായക ഘട്ടങ്ങളില്‍ അദ്ദേഹം വഹിച്ച പങ്ക് പക്ഷേ, പലപ്പോഴും ചരിത്രത്തില്‍നിന്നു തിരോഭവിക്കുകയായിരുന്നുവെന്നു വേണം കരുതാന്‍. ചരിത്രത്തില്‍നിന്നു വിസ്മൃതനായ ആധുനിക ഇന്ത്യയുടെ രാഷ്ട്രശില്പിയെന്നാണ് വി.പി. മേനോനെക്കുറിച്ച് പ്രമുഖ ചരിത്രകാരനും എഴുത്തുകാരനുമായ ആര്‍.പി. ഫെര്‍ണാണ്ടോ രചിച്ച പുസ്തകത്തിന്റെ ശീര്‍ഷകം. അറിയപ്പെടാതെ പോയ ആധുനിക ഇന്ത്യയുടെ ശില്പിയായിത്തന്നെയാണ് വി.പി. മേനോനെക്കുറിച്ച് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഗ്രന്ഥത്തില്‍ മേനോന്റെ പ്രപൗത്രി കൂടിയായ നാരായണി ബസു വിശേഷിപ്പിച്ചിട്ടുള്ളത്. സര്‍ദാര്‍ പട്ടേല്‍, കോണ്‍ഗ്രസ്സിനകത്തെ വലതുപക്ഷത്തെ പ്രതിനിധീകരിച്ചുകൊണ്ടാവാം, പട്ടേലിന്റെ വലംകയ്യായ വി.പി. മേനോനും ഇരുളിന്റെ നിഴലിലായതെന്ന് നാരായണി സംശയം പ്രകടിപ്പിക്കുന്നുണ്ട്. ''നെഹ്റുവിന്റെ മേനോന്‍ എന്നായിരുന്നു വി.കെ. കൃഷ്ണമേനോന്‍ കോണ്‍ഗ്രസ്സിനകത്തേയും പുറത്തേയും ഇടതുപക്ഷ-പുരോഗമനവാദികളില്‍ അറിയപ്പെട്ടതെങ്കില്‍, 'പട്ടേലിന്റെ മേനോന്‍' എന്നാണ് മറുപക്ഷത്ത് വി.പി. മേനോന്‍ അറിയപ്പെട്ടത്. മൗണ്ട്ബാറ്റണ്‍, ഇന്ത്യാ വിഭജനപദ്ധതി സംബന്ധിച്ച് ഒറ്റരാത്രികൊണ്ട് പുറത്തുവിട്ട 'മേനോന്‍ പദ്ധതി' ഏറെ പ്രസിദ്ധമാണ്. സ്ത്രീകള്‍ക്ക് വോട്ടവകാശമെന്നത്, മേനോന്‍ പദ്ധതിയുടെ ഏറ്റവും വലിയ ഹൈലൈറ്റായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഡെപ്യൂട്ടി പ്രധാനമന്ത്രിയായ തന്റെ നേതാവ് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സഹചാരിയായി തുടര്‍ന്നിരുന്നുവെങ്കില്‍ ഉയര്‍ന്ന ക്യാബിനറ്റ് പദവി വരെ മേനോനെ തേടിയെത്തുമായിരുന്നു. ബ്യൂറോക്രാറ്റിന്റെ വേഷമഴിച്ചു വെച്ച ശേഷം, ചക്രവര്‍ത്തി രാജഗോപാലാചാരിയുടെ സ്വതന്ത്രാ പാര്‍ട്ടിയിലാണ് മേനോന്‍ അവസാനകാലം പ്രവര്‍ത്തിച്ചത്. പേരമകളുടെ മകള്‍ നാരായണി ബസുവിന്റെ പുസ്തകം, മുത്തച്ഛന്റെ വ്യക്തിജീവിതത്തിലേക്കും രാഷ്ട്രീയ ജീവിതത്തിലേക്കും വെളിച്ചം വീശുന്നുണ്ട്. തെറ്റിദ്ധരിക്കപ്പെ്ട്ട വി.പി. മേനോനെക്കുറിച്ച് ചരിത്രത്തിന്റെ കരുത്തുള്ള വാസ്തവികതയുടെ വെട്ടം വീഴ്ത്തുന്നതാണ് തന്റെ ഗ്രന്ഥമെന്ന് നാരായണി ബസു പറയുന്നുണ്ട്. പുസ്തകത്തെക്കുറിച്ച് ഇതിനിടെ ചില വിവാദങ്ങളും ഉയര്‍ന്നിട്ടുണ്ട്. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, ശശി തരൂര്‍, ജയ്റാം രമേഷ് എന്നിവര്‍ക്കു പുറമെ, പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്രഗുഹയും നാരായണി ബസുവിന്റെ ചില വാദങ്ങളെ ഖണ്ഡിക്കുന്നുണ്ട്. പട്ടേലിനെക്കുറിച്ചുള്ള അഭിപ്രായങ്ങളിലാണ് ഗ്രന്ഥകാരിയോടുള്ള ഇവരുടെ വിയോജിപ്പെങ്കിലും പരോക്ഷമായെങ്കിലും വി.പി. മേനോന്റെ നിലപാടുകള്‍ക്കു നേരെയും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ആറുകൊല്ലം കൊണ്ടാണ് നാരായണി പുസ്തകം എഴുതിത്തീര്‍ത്തത്. വള്ളുവനാട്ടിലെ ജന്മഗ്രാമത്തിലെത്തി കുടുംബത്തില്‍ അവശേഷിക്കുന്നവരേയും ലോകമെങ്ങും ചിതറിക്കിടക്കുന്ന ബന്ധത്തില്‍പ്പെട്ട പഴയ ആളുകളില്‍ നിന്നുമൊക്കെയുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് പുസ്തകം പൂര്‍ത്തിയാക്കിയത്. അന്താരാഷ്ട്ര വിഷയങ്ങളില്‍ വൈദഗ്ദ്ധ്യം നേടിയ നാരായണി, ചൈനീസ് സബ്ജക്ടുകളിലും പ്രവീണയാണ്. ഡല്‍ഹി നെഹ്റു മ്യൂസിയത്തില്‍നിന്നും പട്ടേല്‍-മേനോന്‍ പദ്ധതികളുടെ പരമാവധി രേഖകള്‍ അവലംബിച്ചാണ് എഴുത്ത് മുന്നോട്ടുപോയതെന്ന് നാരായണി ആമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തില്‍ ഉയര്‍ന്ന പദവിയിലിരുന്നയാളും പ്രമുഖ കോളമിസ്റ്റുമായ വാപ്പാല ബാലചന്ദ്രന്‍, അമ്മാവനായ വി.പി. മേനോനെക്കുറിച്ച് ഏറെ എഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. നയതന്ത്രവിഷയങ്ങളില്‍ വിദഗ്ദ്ധനായ ബാലചന്ദ്രന്‍, എ.സി.എന്‍. നമ്പ്യാരെക്കുറിച്ച് (സുഭാഷ് ചന്ദ്രബോസിന്റെ ഉറ്റതോഴനും ദേശീയ സ്വാതന്ത്ര്യപ്രസ്ഥാന നേതാവുമായിരുന്നു തലശ്ശേരിക്കാരനായ നമ്പ്യാര്‍) 'എ ലൈഫ് ഇന്‍ ഷാഡോ' എന്ന പുസ്തകമെഴുതിയിട്ടുണ്ട്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രണ്ടു ഗ്രന്ഥങ്ങള്‍ക്കു പുറമെ കേതന്‍ മേത്ത സംവിധാനം ചെയ്ത 'സര്‍ദാര്‍' എന്ന സിനിമയില്‍ വി.പി. മേനോന്റെ ജീവിതമുണ്ട്. പാതി മലയാളിയായ പ്രമുഖ ബോളിവുഡ് നടന്‍ ആശിഷ് വിദ്യാര്‍ത്ഥിയാണ് വി.പി. മേനോനായി അഭിനയിച്ചിട്ടുള്ളത്. പഴയകാല നടനും ദൃശ്യകലാരംഗങ്ങളില്‍ ദേശീയ പ്രശസ്തിയാര്‍ജ്ജിച്ച പ്രതിഭയുമായിരുന്ന തലശ്ശേരി സ്വദേശി ഗോവിന്ദ് വിദ്യാര്‍ത്ഥിയുടേയും കഥക് ഗുരുവായ ബംഗാളി കലാകാരി രേബയുടേയും മകനായ ആശിഷ് വിദ്യാര്‍ത്ഥി, 1993-ല്‍ പുറത്തിറങ്ങിയ 'സര്‍ദാര്‍' എന്ന സിനിമയില്‍ വി.പി. മേനോനെ അനശ്വരനാക്കിയിട്ടുണ്ട്. പരേഷ് റാവലാണ് സര്‍ദാര്‍ പട്ടേലായി അഭിനയിച്ചത്.
സര്‍ദാര്‍ പട്ടേലിനെപ്പോലെ അധൃഷ്യനായ ഒരു രാഷ്ട്രീയ നേതാവിന്റെ കീഴില്‍ 100 ശതമാനം സമര്‍പ്പിത മനസ്‌കനായി ജോലി എടുക്കാന്‍ പറ്റിയതുകൊണ്ടുതന്നെയാണ് മേനോന്‍ ഇത്രയും ഉയരങ്ങളിലെത്തിയത് എന്ന കാര്യത്തില്‍ സംശയമില്ല. ബ്രിട്ടീഷ് രാജില്‍ ഐ.സി.എസ് പാസ്സായവരുടെ നീണ്ട ശ്രേണിയില്‍ അടിസ്ഥാന യോഗ്യതയൊന്നുമില്ലാതിരുന്ന, എന്നാല്‍ വേറെ പല ഗുണങ്ങളുമുണ്ടായിരുന്ന മേനോന്റെ സിദ്ധി സര്‍വ്വഥാ പൂത്തുലയുകയായിരുന്നു. ചരിത്രം ക്വാളിറ്റിയുള്ള ഒരു വ്യക്തിയെ എവ്വിധം ഡിസ്‌കവര്‍ ചെയ്ത് പരുവപ്പെടുത്തിയെടുക്കുന്നുവെന്നതിന്റെ യഥാര്‍ത്ഥ മാതൃക കൂടിയായിരുന്നു മേനോന്‍.
റിട്ടയര്‍മെന്റിനു ശേഷം വി.പി. മേനോന്‍ നിര്‍മ്മിച്ച ഒറ്റപ്പാലത്തെ വാപ്പാലക്കളം എന്ന വീട്ടില്‍ അദ്ദേഹത്തിന്റെ സഹോദരി കുഞ്ഞിമാളു അമ്മയായിരുന്നു താമസം. ലണ്ടനില്‍നിന്നു മടങ്ങിവന്ന ശേഷം, ആ പഴയ തറവാട്ട് വീടും കൃഷിയിടങ്ങളും പശുക്കളും ഒറ്റപ്പാലത്തെ ആദ്യ ഗോബര്‍ ഗ്യാസുമൊക്കെയായി മനോഹരമായി അതു സൂക്ഷിച്ചുവെച്ചിരുന്നു. ബാംഗ്ലൂരിലായിരുന്നു മേനോന്‍ വിശ്രമജീവിതം നയിച്ചത്. 1966-ല്‍ 73-ാം വയസ്സില്‍ ഭോപ്പാലിലായിരുന്നു അന്ത്യം.